മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകര്‍ഷകമായ ഒരു പരിവര്‍ത്തനം ആവിര്‍ഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പരിവര്‍ത്തനത്തിനു ചുക്കാന്‍പിടിച്ച കവികളില്‍ ആദ്യ പേരുകാരന്‍ പ്രഭാവര്‍മയാണ്. ബാലാമണിയമ്മയിലൂടെയും അയ്യപ്പപ്പണിക്കരിലൂടെയും സുഗതകുമാരിയിലൂടെയും മലയാളത്തിലെത്തിയ സരസ്വതി സമ്മാന്‍ വീണ്ടും മലയാളത്തിലേക്കെത്തിച്ചിരിക്കുകയാണ് പ്രഭാവര്‍മ. മലയാള കവിതയില്‍ പ്രഭാവര്‍മ ഒറ്റയ്ക്കു തീര്‍ത്ത ഒരു കാവ്യ വഴിയുണ്ട്. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നു വീണ കവിതകള്‍ എല്ലാക്കാലത്തും മുഖ്യധാരയില്‍നിന്നു പുറത്ത് ഓരംചേര്‍ന്നുനിന്ന മനുഷ്യരെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് എല്ലാ അധികാര ശ്രേണിയില്‍നിന്നും പുറന്തള്ളപ്പെട്ട സാധാരണ മനുഷ്യരുടെ വിയര്‍പ്പും കണ്ണീരും അദ്ദേഹത്തിന്റെ കവിതകളില്‍നിന്നു നമുക്കു തൊട്ടെടുക്കാനാവും.
തന്റെ മുന്നിലൂടെ കടന്നുപോകുന്ന മനുഷ്യരോടുള്ള സ്‌നേഹവും മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ പ്രകൃതിയോടുള്ള പ്രണയവും അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാം. എന്തുകൊണ്ട്് അദ്ദേഹത്തിന്റെ കവിതകള്‍ ഇങ്ങനെയെല്ലാം ആവുന്നു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചിട്ടുള്ള ഏതൊരു വായനക്കാരനും പറയുന്ന ഒരു ഉത്തരമുണ്ട്. അദ്ദേഹത്തിന്റെ കാവ്യ ഭാഷയില്‍ പുലര്‍ത്തുന്ന സത്യസന്ധതയാണത്. ഈ സത്യസന്ധത കൈമോശം വരാതിരിക്കാന്‍ അദ്ദേഹം പുലര്‍ത്തുന്ന ജാഗ്രത പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതാകട്ടെ സത്യത്തിന്റെയും സമൂഹത്തിന്റെയും സഞ്ചാരപാതകൂടിയാണെന്നു പറയാം.
അറിവുകള്‍ക്കു നാഥനില്ലെന്നും അത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നും വിശ്വസിക്കുന്ന കവിയാണ് പ്രഭാവര്‍മ. സൗഭാഗ്യങ്ങളും അങ്ങനെതന്നെ. അക്കാരണത്താലാണ് ലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് പുറത്താക്കപ്പെടുന്നവരെക്കുറിച്ച് അദ്ദേഹത്തിന്റെ കവിത എപ്പോഴും സംസാരിക്കുന്നത്. ഖണ്ഡകാവ്യം, കാവ്യാഖ്യായിക എന്നീ രൂപശില്പങ്ങളിലായി പ്രഭാവര്‍മ മലയാള കവിതയ്ക്കു നല്‍കിയ സംഭാവനകളെ വിലയിരുത്തിയാല്‍ നമുക്കു പറയാനാവുന്ന ഒരു കാര്യം ഇതാണ് മലയാള കവിതയ്ക്കു ലഭിച്ച അനുഗ്രഹമാണ് ഈ കവി.
''എന്റെയാകാശം വെട്ടി-
പ്പിളര്‍ക്കാന്‍ നിനക്കാവ-
തെങ്ങനെ, മിന്നല്‍പ്പിണ-
രിന്റെ വാളിളക്കിക്കൊ-
ണ്ടണയും നിന്നോടൊരു
കിളി ചോദിച്ചു''
ഈ ആറുവരിക്കവിത മാത്രം മതി പ്രഭാ വര്‍മയെന്ന കവിയുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകളെ മനസിലാക്കാന്‍. ഈ വരികളില്‍ കവി മനഷ്യരെയും പക്ഷികളടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെത്തന്നെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ചിത്രീകരണമാകട്ടെ ഹൃദയത്തില്‍നിന്നുതിര്‍ന്ന കാവ്യഭാഷയിലും.
മരണത്തെക്കുറിച്ച് കവി മുന്നോട്ടു വയ്ക്കുന്ന ദാര്‍ശനികത ഈ വരികളിലുണ്ട്.
'ഭൂമിയില്‍ നിന്നു
പോകേണ്ടതുണ്ടീ-ഭൂമി
യാകെ നരച്ചു വയോവൃദ്ധയായ്'
ഇവിടെ കവി മരണത്തെക്കുറിച്ച് കേവലമായി പറഞ്ഞു പോവുകയല്ല ചെയ്യുന്നത് മറിച്ച് മനുഷ്യ വംശത്തിന്റെ ആത്യന്തികമായ ദുരന്തത്തെക്കുറിച്ചു കൂടിയാണു പറയുന്നത്. യുദ്ധങ്ങളാല്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത് ഏറ്റവും പ്രസക്തമായ വരികളായി ഇത് മാറുമ്പോള്‍ നമ്മള്‍ മനസിലാക്കേണ്ടത് പ്രഭാ വര്‍മയെന്ന കവിയും കവിതയും കാലത്തിനുമുന്നേ നടക്കുന്നു എന്നതാണ്.
മനുഷ്യ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ദാര്‍ശനിക ബോധം ഉള്ളില്‍ പേറുന്ന കവിയാണു പ്രഭാവര്‍മ.
'ഒന്നിനുമല്ലാതൊരു പൂവിനെ സ്‌നേഹിച്ചവന്‍
എന്തിനാകിലും കൊല്ലുകില്ലൊരു മനുഷ്യനെ''
എന്ന വരികള്‍ വായനക്കാരന്റെ ഹൃദയത്തില്‍ പതിപ്പിക്കുന്ന സന്ദേശം മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമാണ്. ഇത്രമായ സ്ഫുടമായ ഭാഷയില്‍ ജീവിതത്തെക്കുറിച്ച് എഴുതുന്ന കവി മലയാളത്തിന്റെ പുണ്യമാണെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല.
'ക്രൂശില്‍ പിടയുന്ന നേരത്തിടംവലം
നോക്കിലങ്ങാരാരുമില്ല.
പിന്നീടിറക്കിക്കിടത്താന്‍ മടിത്തടം
നീര്‍ത്താനുമാരാരുമില്ല''
ഇവിടെ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യമാണ് കവി വരയ്ക്കുന്നത്. കവിക്കു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം മനുഷ്യപക്ഷമാണെന്നു പറയാതെ പറയുകയാണ് കവി. ഈ വരികളില്‍ പറഞ്ഞിരിക്കുന്നതിനു മുകളില്‍ എന്തു രാഷ്ട്രീയമാണ് ഒരു കവിക്കുണ്ടാവേണ്ടത്.
കവിത ഇന്ന് അതിവേഗത്തില്‍ പരിണാമവിധേയമാവുകയും അനുദിനം വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സര്‍ഗാത്മകപരിണാമ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും രൂപത്തിലും ഇത്രമാത്രം മാറ്റങ്ങള്‍ക്കു വിധേയമായ കവിതകള്‍ മലയാളത്തിലാവാനാണു സാധ്യത. മലയാള കവിതയില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ വളരെ വേഗത്തില്‍ തിരിച്ചറിയാനാവും. കവിത ഇന്ന് തുറന്നെഴുത്തിന്റെ വഴിയിലൂടെയാണു സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളുടെയൊക്കെ കാലത്തും അര്‍ക്കപൂര്‍ണിമയും ശ്യാമമാധവവും രൗദ്രസാത്വികവും മലയാളത്തിനു നല്‍കിയ പ്രഭാവര്‍മ മലയാള കവിതയുടെ പൂമുഖത്ത് തന്റേതുമാത്രമായ കാവ്യഭാഷയാല്‍ പണിത സിംഹാസനത്തില്‍ ഉപവിഷ്ഠനായിരിക്കും.
No comments:
Post a Comment