Friday, July 28, 2017

നവാസ് ഷെരീഫ്: ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു

 പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവച്ച പശ്ചാത്തലത്തിലെഴുതിയ ലേഖനം

പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന സിയ ഉള്‍ ഹക്കിന്റെ ആശീര്‍വാദത്തോടെ രാഷ്ട്രീയത്തിലിറങ്ങിയ നവാസ് ഷെരീഫിനെ കാത്തിരുന്നത് അപ്രതീക്ഷിത ദുരന്തം. പാനമ അഴിമതിക്കേസില്‍ പാക് സുപ്രീംകോടതി കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെ പഞ്ചാബ് സിംഹം എന്നു കൂടി വിളിപ്പേരുള്ള നവാസ് ഷെരീഫിന് രാജി വയ്‌ക്കേണ്ടിവന്നിരിക്കുന്നു. മൂന്നു തവണ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി കസേരയില്‍ ഇരുന്നിട്ടുള്ള നവാസിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ കരിനിഴലാണ് ഈ സംഭവം വീഴിച്ചിരിക്കുന്നത്. മൂന്നാം തവണ അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങുന്‌പോള്‍, ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. മൂന്നു തവണ പ്രധാനമന്ത്രി ആയെങ്കിലും ഒരിക്കല്‍ പോലും കാലാവധി പൂര്‍ത്തിയാക്കാനായില്ലെന്ന സ്വന്തം ചരിത്രം.



പിതാവിന്റെ ബിസിനസില്‍ നേതൃ സ്ഥാനം വഹിച്ചിരുന്ന കാലത്താണ് നവാസ് ഷെരീഫിലെ രാഷ്ട്രീയക്കാരനെ സിയ ഉള്‍ഹക്ക് കണ്ടെത്തുന്നത്. പഞ്ചാബ് ജില്ലാ ഉപദേശക സമിതിയില്‍ അംഗമായിക്കൊണ്ടാണ് ഷെരീഫ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് പഞ്ചാബിലെ ധനകാര്യ മന്ത്രിപദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. 1985 ല്‍ പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറാന്‍ ലാഹോറിലെ വ്യവസായ പ്രമുഖനായ മുഹമ്മദ് ഷരീഫിന്റെ സീമന്തപുത്രന് അധികം ആയാസപ്പെടേണ്ടിവന്നില്ല. ജനറല്‍ സിയ ഉള്‍ഹക്ക് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന  പൊതുതെരഞ്ഞെടുപ്പിലും (1988) വിജയം നവാസിനൊപ്പമായിരുന്നു. നവാസ് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. ഇതേ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിപദത്തിലെത്തിയ ബേനസീര്‍ ഭൂട്ടോയാണ് നവാസിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ശത്രു. തന്റെ പിതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് വധശിക്ഷ വിധിച്ച പ്രസിഡന്റ് സിയ ഉള്‍ ഹക്കിന്റെ വലം കൈയെന്ന നിലയില്‍ ബേനസീറിന്റെ കണ്ണിലെ കരടുതന്നെയായിരുന്നു നവാസ്. പക്ഷാ, ഭാഗ്യം അദ്ദേഹത്തോടൊപ്പമായിരുന്നു. അഴിമതി ആരോപണങ്ങളുടെ പേരില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പടിയിറങ്ങേണ്ടിവന്ന ബേനസീറിനു പകരം ആ കസേരയില്‍ ഇരുന്നതും മറ്റാരുമായിരുന്നില്ല. പക്ഷേ, പ്രധാനമന്ത്രി പദത്തില്‍ അദ്ദേഹത്തിനും ബേനസീറിന്റെ വിധിയായിരുന്നു. അഴിമതി തന്നെയായിരുന്നു ഷെരീഫിനും വില്ലന്‍.  മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, 1993 ഏപ്രില്‍ 18-ന്  അഴിമതി ആരോപണങ്ങളുടെ പേരില്‍ നവാസിനെ പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാന്‍  പുറത്താക്കി. പ്രസിഡന്റിന്റെ നടപടിക്കെതിരേ പാക്കിസ്ഥാന്‍ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു നവാസിന്റെ തീരുമാനം. ആ തീരുമാനം തെറ്റായിരുന്നില്ല. ഒന്നര മാസത്തിനുള്ളില്‍ നവാസിനെ പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍, തിരിച്ചുവരവ് അദ്ദേഹത്തിന് അത്ര സുഖകരമായിരുന്നില്ല. പ്രസിഡന്റ് ഇസ്ഹാഖ് ഖാനുമായുള്ള ഭിന്നത വളരെ രൂക്ഷമായി. ഒടുവില്‍ 1993 ജൂലൈ 18-ന് നവാസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

അടുത്ത പൊതു തെരഞ്ഞെടുപ്പിലും ജനങ്ങള്‍ നവാസിനുതന്നെ വോട്ട് ചെയ്തു. 1997 ല്‍ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അഭൂതപൂര്‍വമായ ജനപിന്തുണയാണ് അദ്ദേഹത്തിന് 1997 ല്‍ ലഭിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 90 ശതമാനവും അദ്ദേഹത്തിനു നേടാനായി. അതോടെ, അദ്ദേഹം കൂടുതല്‍ കരുത്തനായി. പിന്നീട്, അദ്ദേഹം നടത്തിയ ചില ഭരണഘടനാ ഭേദഗതികള്‍ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്.  ആദ്ദേഹം നടപ്പിലാക്കിയ പതിമൂന്നാം ഭേദഗതി പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള പ്രസിഡന്റിന്റെ അധികാരം എടുത്തുകളയുകയെന്നതാണ്. അടുത്ത ഭേദഗതി പാര്‍ട്ടി പ്രപവര്‍ത്തകരുടെ അച്ചടക്ക ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതായിരുന്നു. ഫലത്തില്‍ അദ്ദേഹം അച്ചടക്കം പാര്‍ട്ടിപ്രവര്‍ത്തകരില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

സാധാരണ പാക്കിസ്ഥാനിലെ സൈനിക നേതൃത്വവുമായി പ്രധാനമന്ത്രിമാര്‍ ഇണങ്ങി പോവാറാണ് പതിവ്. എന്നാല്‍, തനിക്കു ലഭിച്ച വലിയ വോട്ടിന്റെ പിന്‍ബലത്തില്‍ സൈനിക നേതൃത്വവുമായും അദ്ദേഹം ഇടഞ്ഞു. നിരവധി കരസേനാ മേധാവികളുടെ കസേര ഷെരീഫ് തെറിപ്പിച്ചിട്ടുണ്ട്. 1998 ഒക്ടോബറില്‍  നവാസിന്റെ അനുഗ്രാഹാസിസുകളോടെ പര്‍വേസ് മുഷാറഫ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തലവനായി. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ പരാജയത്തിന്റെ പേരില്‍ നവാസും മുഷാറഫും തമ്മില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടു. ഇത് വലിയ ശത്രുതയിലേക്കു വളര്‍ന്നു. തനിക്കെതിരേ ഒരു പട്ടാള അട്ടിമറിക്ക് മുഷാറഫ് കോപ്പുകൂട്ടുന്നതറിഞ്ഞ ഷെരീഫ് 1999 ഒക്ടോബറില്‍ മുഷാറഫിനെ പുറത്താക്കി. എന്നാല്‍ ഏറെ നാടകീയമായ ഒരു പട്ടാള  അട്ടിമറിയിലൂടെ നവാസിനെ പുറത്താക്കി മുഷാറഫ് പാക്കിസ്ഥാന്റെ അധികാരം പിടിച്ചെടുത്തു. പിന്നീട് നവാസ് ഷെരീഫിനെ കാത്തിരുന്നത് ദുരിതകാലമായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവുമടക്കം വിവിധ കേസുകളിലായി നവാസിന് 14 വര്‍ഷം തടവും  21 വര്‍ഷം ഏതെങ്കിലും ഭരണ സ്ഥാപനത്തിന്റെ മേധാവിത്വം വഹിക്കുന്നതില്‍  വിലക്കും ഭരണകൂടം ഏര്‍പ്പെടുത്തി. ഈ ഘട്ടത്തില്‍ സൗദി ഭരണകൂടം നവാസിനു വേണ്ടി ഇടപെട്ടു. രാജകുടുംബത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായി നവാസിന് സൗദിഅറേബ്യയില്‍ രാഷ്ട്രീയ അഭയം ലഭിക്കുകയുണ്ടായി.

പിന്നീട്, രണ്ടു വലിയ ശത്രുക്കളുടെ ഒന്നാകലിനാണ് ലോകം സാക്ഷ്യം വഹിച്ചത്. അവര്‍ മറ്റാരുമായിരുന്നില്ല, തുല്യദുഖിതരായ ബേനസീര്‍ ഭൂട്ടോയും നവാസ് ഷെരീഫുമായിരുന്നു. രാജ്യത്തിന്റെ പൊതുതാത്പര്യത്തിനായി ഒരുമിച്ച ഇവര്‍ 2006 മേയ് 14-ന് ലണ്ടനില്‍ വച്ച് ഒരു ജനാധിപത്യ ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഇതില്‍ നിന്ന് പിന്നീട് ബേനസീര്‍ ഭൂട്ടോ പിന്‍മാറുകയുണ്ടായി.

നവാസ് ഷെരീഫിന് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള  വിധിന്യായം സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, 2007 സെപ്റ്റംബര്‍  10-ന് അദ്ദേഹം  ഇസ്ലാമാബാദില്‍ എത്തിയെങ്കിലും മുഷാറഫ് ഭരണകൂടം അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ാന്‍ അനുവദിച്ചില്ല. ഒടുവില്‍ അതേ വിമാനത്തില്‍ തന്നെ അദ്ദേഹം സൗദിയിലേക്കു മടങ്ങുകയായിരുന്നു.
പ്രസിഡന്റായ മുഷാറഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ഈ  സാഹചര്യത്തില്‍ ബേനസീറും ഷെരീഫും വീണ്ടും ഒന്നിക്കുകയുണ്ടായി. 2008  ജനുവരിയിലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്  അടിയന്തരാവസ്ഥ റദ്ദാക്കുക എന്ന അജന്‍ഡ മുന്‍ നിര്‍ത്തി ഇരുവരും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചെങ്കിലും 2007 ഡിസംബര്‍ 27-ന് ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതോടെ പാക്കിസ്ഥാനിലെ രാഷ്ട്രീയ കാലാവസ്ഥ ആകെ മാറി. ബേനസീറിന്റെ മരണത്തെ തുടര്‍ന്ന് തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുമെന്ന് ഷെരീഫ് പ്രഖ്യാപിച്ചെങ്കിലും ബേനസീറിന്റെ ഭര്‍ത്താവ് ആസിഫ് അലിസര്‍ദാരിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ ഇദ്ദേഹത്തിന്റെ  പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പക്ഷേ, വീണ്ടും പ്രധാന മന്ത്രിയുടെ കസേരയിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് 2013 ലെ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവന്നു. ആ പദവിയില്‍ ഒരു വര്‍ഷം കൂടി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നെങ്കില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രി എന്ന പദവി അദ്ദേഹത്തിനു സ്വന്തമാകുമായിരുന്നു. പക്ഷേ, കാലം അദ്ദേഹത്തിനുവേണ്ടി കാത്തുവച്ചിരുന്നത് മറ്റൊന്നായിരുന്നു. മൂന്നാം തവണയും കാലാവധി തികയ്ക്കാതെ പുറത്താവാന്‍.

No comments:

FACEBOOK COMMENT BOX