''ആയിരം കാതം നീണ്ട യാത്ര ആരംഭിക്കുന്നതും ഒരു ചുവടു വച്ചു കൊണ്ടാണ്''
ഐഎസ്ആര്‍ഒ ആ നേട്ടം കൈവരിച്ചിരിക്കുന്നു. ഒറ്റ റോക്കറ്റില്‍ നൂറിലേറെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക. ചരിത്രമായ ആ ദൗത്യം ഐഎസ്ആര്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. ലോകത്തെ മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്കു പോലും ഇതുവരെ സാധിക്കാത്ത വലിയൊരു ദൗത്യമാണ് ഐഎസ്ആര്‍ഒ ഇന്നലെ പൂര്‍ത്തിയാക്കിയത്. 104 ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി സി 37 ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇത് ഒരു രാത്രി കൊണ്ടുണ്ടാക്കിയ നേട്ടമല്ല. തദ്ദേശീയ സാങ്കേതികവിദ്യയില്‍ ചന്ദ്രനും കടന്ന് ചൊവ്വവരെ എത്തിയ ദൗത്യത്തിന്റെ, അന്തരീക്ഷവായു സ്വീകരിച്ച് ജ്വലിക്കുന്നതും ഭാരംകൂടിയ ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുമുള്ള റോക്കറ്റിന്റെ, ശുക്രനെ കീഴടക്കാനുള്ള തയാറെടുപ്പുകളുടെ, പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഗവേഷണലക്ഷ്യങ്ങളുടെയൊക്കെ തുടര്‍ച്ചയാണ് ഇന്നലത്തെ നേട്ടം.
ആഗോള സാങ്കേതികരംഗം അതിവേഗം കുതിക്കുകയാണ്. ബഹിരാകാശ രംഗവും അതോടൊപ്പമാണ്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഐഎസ്ആര്‍ഒ ആണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇന്നലെവരെ ബഹിരാകാശ ഗവേഷണ രംഗത്ത് മുന്‍പന്തിയിലായിരുന്ന അമേരിക്കയെയും റഷ്യയെയും പിന്നിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുന്നു. 2014ല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ നേട്ടമാണ് ഇന്നലെ ഐസ്ആര്‍ഒ സ്വന്തം പേരിലാക്കിയത്. റഷ്യയെക്കാള്‍ മൂന്നിരട്ടി ഉപഗ്രഹങ്ങളാണ് ഇന്ത്യ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്. അമേരിക്കയുടെ നാസയ്ക്ക് ഇതുവരെ 29 ഉപഗ്രഹങ്ങളെ മാത്രമേ ഒരു വിക്ഷേപണത്തില്‍ ഉള്‍പ്പെടുത്താനായിട്ടുള്ളൂ. എന്നല്‍, ഇവയെല്ലാം മറിച്ചിട്ടാണ് ഇന്ത്യയുടെ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു.
റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വര്‍ധിപ്പിക്കുന്ന ഗവേഷണങ്ങളാണ് ബഹിരാകാശ രംഗത്ത് എല്ലാ ഏജന്‍സികളും ചെയ്യുന്നത്. ഐഎസ്ആര്‍ഒ വ്യത്യസ്തരാവുന്നത് നിര്‍മാണ ചെലവു കുറയ്ക്കാന്‍ നടത്തുന്ന പ്രയത്‌നങ്ങളിലൂടെയാണ്. അതാണ് ചുരുങ്ങിയ ബജറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യന്‍ ഏജന്‍സിയെ സഹായിക്കുന്നത്. അമേരിക്കന്‍ കന്പനിയായ സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഒരു വിക്ഷേപണത്തിനു വേണ്ടിവരുന്നത് 380 കോടി രൂപയാണെങ്കില്‍ റഷ്യയുടെ പ്രോട്ടോണിന്റെ വിക്ഷേപണത്തിനു ചെലവഴിക്കേണ്ടത് 455 കോടിരൂപയാണ്. ചൈനയുടെ ലോംഗ് മാര്‍ച്ച്, അമേരിക്കയുടെ തന്നെ അറ്റ്ലസ് 5, യൂറോപ്യന്‍ യൂണിയന്റെ അരിയന്‍ 5 എന്നിവയുടെ ഒരു വിക്ഷേപണത്തിനു 670 കോടി രൂപയോളം ചെലവാക്കണം. ഇവരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് വെറും നൂറു കോടി രൂപചെലവില്‍ ഐഎസ്ആര്‍ഒ 104 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ചിരിക്കുന്നത്.
പ്രവര്‍ത്തന മികവിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉപഗ്രഹങ്ങളാണ് നമ്മുടേത്. വിവരങ്ങള്‍ ശേഖരിച്ച് പിഴവുകളില്ലാതെ ക്രോഡീകരിച്ച് എടുക്കുന്നതില്‍ ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ മുന്നിലാണ്. അതിന്റെ ഏറ്റവും വലിയ പ്രയോജനം നമ്മള്‍ ഈ അടുത്ത നാളില്‍ നേരിട്ട് അനുഭവിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലും ആന്ധ്രാതീരങ്ങളിലുമായി പതിനായിരക്കണക്കിന് ആളുകളുടെ ജീവനു ഭീഷണിയാകുമായിരുന്ന വര്‍ധ ചുഴലിക്കാറ്റില്‍ നിന്ന് ആളുകളെ രക്ഷിച്ചത് ഐഎസ്ആര്‍ഒയുടെ പ്രകൃതിദുരന്ത മുന്നറിയിപ്പുസംവിധാനത്തിന്റെ പിഴവറ്റ പ്രവര്‍ത്തനമാണ്. കനത്ത നാശനഷ്ടം വിതച്ച് 140 കി. മീറ്റര്‍ വേഗത്തില്‍ പാഞ്ഞുപോയ വര്‍ധ ചുഴലിക്കാറ്റിന്റെ വേഗവും ദിശയും മറ്റും സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്ആര്‍ഒ ശേഖരിച്ചതും അത് ബന്ധപ്പെട്ട വകുപ്പുകളുടെ നടപടികള്‍ക്കായി കൈമാറിയതും ഇന്‍സാറ്റ് 3ഡിആര്‍, സ്‌കാറ്റ്സാറ്റ് 1 എന്നീ ഉപഗ്രഹങ്ങളിലൂടെയാണ് .
ജനകീയമായ പദ്ധതികളാണ് ഐഎസ്ആര്‍ഒയെ വ്യത്യസ്ഥമാക്കുന്നത്. ധാതുസമ്പത്തുകള്‍ കണ്ടെത്തുക, പിഴവില്ലാത്ത വാര്‍ത്താവിനിമയ സംവിധാനം നടപ്പിലാക്കുക, പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, വിദ്യാഭ്യസവും മികച്ച ചികിത്സയും ഉറപ്പുവരുത്തി രാജ്യത്തെ കുഗ്രാമങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്കുവഹിക്കുക, വിമാനങ്ങളെ സുഗമമായി ഇറങ്ങാന്‍ സഹായിക്കുക, 'നാവിക്' ഉള്‍പ്പടെയുള്ള ഗതിനിര്‍ണയ സംവിധാനമുപയോഗിച്ച് യാത്രകളെ ശരിയായ ദിശയിലേക്ക് നയിക്കുക എന്നിങ്ങനെയുള്ള ജനകീയപദ്ധതികളാണ് ഐഎസ്ആര്‍യെ ജനകീയമാക്കുന്നത്. ഇവയ്ക്കു പുറമെ മംഗള്‍യാന്‍ വഴി ചൊവ്വയെ കൈപ്പിടിയിലൊതുക്കിയ ഇന്ത്യ ശുക്രനേയും കീഴടക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. ഭൂമിയുമായി ഏറെ സമാനതകളുള്ള ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യത്തിനും ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ ഈ നേട്ടം 2020 ന് ശേഷമുള്ള ശാസ്ത്രലോകം ഇന്ത്യയുടേതാവും എന്ന സൂചനയാണു നല്‍കുന്നത്. 2022ല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ യന്ത്രമനുഷ്യനെ ഇറക്കുകയെന്ന വലിയ സ്വപ്നവും ഇന്ത്യയക്കുണ്ട്.
ബഹിരാകാശ ഗവേഷണ ഏജന്‍സികളുടെ ചരിത്രം ആരംഭിക്കുന്നത് പഴയ സോവ്യറ്റ് യൂണിയനില്‍ നിന്നാണെന്നു പറയാം. അക്ഷരാര്‍ഥത്തില്‍ ലോകത്തെ ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത സംഭവമാണ് 1957ലെ സ്പുട്നിക് വിക്ഷേപണം. സ്പുട്‌നിക്കിന്റെ വിക്ഷേപണം ബഹിരാകാശ ശാസ്ത്രജ്ഞരെയെല്ലാം പ്രചോദിപ്പിച്ച സംഭവമായിരുന്നു. അതില്‍ ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞനുമുണ്ടായിരുന്നു. വിക്രം സാരാഭായ്. സോവിയറ്റ് യൂണിയനെപ്പോലെ ഒരു ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുന്നതിനെ കുറിച്ച് അദ്ദേഹം സ്വപ്നം കാണുകയുണ്ടായി. അതിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഓണ്‍ സ്പേസ് റിസര്‍ച്ച് എന്ന സംഘടന അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ തുമ്പയില്‍നിന്ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് രോഹിണി വിക്ഷേപിക്കപ്പെട്ടു. പിന്നീട്, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ഷന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു.
1969 ലെ സ്വാതന്ത്ര്യദിനത്തിലാണ് ഇന്നത്തെ ഐഎസ്ആര്‍ഒ രൂപമെടുക്കുന്നത്. ഇതിനോടൊപ്പം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്‌പേസ്, സ്‌പേസ് കമ്മീഷന്‍ തുടങ്ങിയ സംവിധാനങ്ങളും സര്‍ക്കാര്‍തലത്തില്‍ രൂപംകൊണ്ടു. ഐഎസ്ആര്‍ഒയുടെ കീഴില്‍ തിരുവനന്തപുരത്തുകൂടാതെ ശ്രീഹരിക്കോട്ട, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രധാന സ്ഥാപനങ്ങള്‍ നിലവില്‍വന്നു.
ഇന്ത്യന്‍ ബഹിരാകാശവാഹനങ്ങള്‍ രോഹിണിയില്‍ നിന്ന് എസ്എല്‍വി, എഎസ്എല്‍വി, പിഎസ്എല്‍വി എന്നിവയും കടന്ന് ജിഎസ്എല്‍വി വരെ എത്തി നില്‍ക്കുന്നു. ഇന്‍സാറ്റ്, ജി സാറ്റ്, ഐആര്‍എസ് എന്നിങ്ങനെ വിവിധ ഉപഗ്രഹങ്ങളുടെ വിവിധ ശ്രേണികള്‍ തന്നെ ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിച്ചു കഴിഞ്ഞു. വിക്ര സാരാഭായിയില്‍ തുടങ്ങി കിരണ്‍കുമാര്‍ വരെ ഈ നേട്ടങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചവരാണ്. അതിനുള്ള പരിശ്രമം തുടരുകയാണ്.
ഏതു സ്ഥാപനത്തിന്റെയും തലപ്പത്തുള്ള ഏതാനും ചിലരുടെ പേരുകള്‍ മാത്രമേ മിക്കപ്പോഴും പുറംലോകം അറിയാറുള്ളൂ. ഓരോ ദൗത്യത്തിന്റെയും അണിയറയില്‍ പ്രവര്‍ത്തിക്കുന്ന അജ്ഞാതരായ നിരവധി ഭാവനാസമ്പന്നരായ ശാസ്ത്രജ്ഞരുടെ കഠിനപ്രയത്‌നത്തിന്റെ ഫലം കൂടിയാണ് ഈ വിജയം
No comments:
Post a Comment