Friday, January 6, 2017

ഓംപുരി: നടന വൈഭവത്തിന്റെ പ്രതിരൂപം

മഹത്തായ പ്രകടനങ്ങളില്‍ നിന്നും മഹാന്‍മാരായ കലാകാരന്‍മാരിനിന്നും പ്രചോദനം ഉള്‍ക്കൊള്ളുക. അവരെ അനുകരിക്കരുത്. പ്രചോദനമെന്നാല്‍ കൂടുതലും ഒരു മാതൃകയാണ്. നോക്കികാണാനുള്ള ഒരു നിലവാരമാണ്. എങ്ങനെ അഭിനയിക്കണമെന്നതിനുള്ള ഉദാഹരണമല്ല.
                           - ഓംപുരി


കലാകാരന്‍ അറിയപ്പെടേണ്ടത് പ്രതിഭ കൊണ്ടാണ്. അത് ജന്മസിദ്ധമായി മാത്രം ലഭിക്കുന്നതല്ല. അടങ്ങാത്ത ആഗ്രഹവും കഠിനമായ അധ്വാനവും വേണം. ഈ പറഞ്ഞ മൂന്ന് ഘടകങ്ങളാണ് ഒരു കലാകാരനെ അടയാളപ്പെടുത്തുക. അത്തരത്തില്‍ അടയാളപ്പെടുത്തപ്പെട്ട കലാകാരനാണ് ഓംപുരി. അദ്ദേഹം വെള്ളിവെളിച്ചത്തില്‍ നിന്ന് പുറത്താകുമ്പോള്‍ നഷ്ടപ്പെടുന്നത് മഹാനായ ഒരു കലാകാരനെ മാത്രമല്ല എല്ലാ അര്‍ഥത്തിലും നല്ല മനുഷ്യനെക്കൂടിയാണ്.
   ബാല്യത്തിലും കൗമാരത്തിലും അന്തര്‍മുഖനായിരുന്ന ഓം ലോകം അറിയുന്ന നടനാവുമെന്ന് കരുതിയവര്‍ ചുരുക്കം. പക്ഷേ, കാലം അദ്ദേഹത്തിനു വേണ്ടി കാത്തുവച്ചിരുന്നത് നല്ല നടന്റെ കസേരയായിരുന്നു. അന്തര്‍മുഖത്വമാണ് തന്നെ നടനാക്കിയതെന്ന് പില്‍ക്കാലത്ത് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. "" ഞാന്‍ ഒരു അന്തര്‍മുഖനാണ്. ചെറുപ്പത്തില്‍ മാത്രമല്ല. എല്ലായിപ്പോഴും. പക്ഷേ, ആ അന്തര്‍മുഖത്വമാണ് എന്നെ നടനാക്കിയതെന്നു പറയാം. എന്റെ ചുറ്റിലും നടനാക്കുന്ന കാര്യങ്ങള്‍ വളരെ വേഗത്തില്‍ തന്നെ എന്നെ സ്വാധീനിക്കുമായിരുന്നു. മാത്രവുമല്ല, മറ്റുള്ളവര്‍ക്ക് സില്ലിയെന്നു തോന്നുന്ന കാര്യങ്ങള്‍പോലും എന്നെ വൈകാരികമായി സ്വാധീനിക്കുമായിരുന്നു. എന്റെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ ഒരു മാധ്യമം തേടിയുള്ള യാത്രയില്‍ എനിക്കു ലഭിച്ചത് നാടകത്തെയാണ്.''
   ജീവിതവഴിയായി നാടകത്തെ തെരഞ്ഞെടുത്ത അദ്ദേഹത്തിന്റെ തീരുമാനം തെറ്റിയില്ലെന്നു കാലം തെളിയിച്ചു. പാട്യാലയിലെ കോളജില്‍ പഠിക്കുന്ന സമയത്ത് യൂത്ത്‌ഫെസ്റ്റിവലില്‍ അദ്ദേഹം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടു. അന്ന് ആ നാടകം കാണാത്തിയ പാട്യാല കോടതിയിലെ ഒരു ജഡ്ജിക്ക് ഓംപുരിയുടെ നാടകം ഇഷ്ടപ്പെടുകയും അദ്ദേഹം കൂടി അംഗമായ പഞ്ചാബ് കലാ മഞ്ച് എന്ന നാടക സംഘത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ആ ക്ഷണമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായാത്. ക്യാമ്പസിന്റെ പുറത്ത് അദ്ദേഹത്തെ ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയത് പഞ്ചാബ് കലാ മഞ്ചിലൂടെയായിരുന്നു. ഓമിന്റെ ഞരമ്പുകളില്‍ ഒരു ലഹരിപോലെ നാടകം പടര്‍ന്നുകയറുകയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഒരു കാര്യത്തില്‍ അഭിപ്രയവ്യത്യാസമില്ലായിരുന്നു. ലോകമറിയുന്ന ഒരു കലാകാരനായി ഓം മാറുമെന്നകാര്യത്തില്‍.
   നാടകത്തെ ജീവിതമാര്‍ഗമായി തെരഞ്ഞെടുക്കാന്‍ ഓം തീരുമാനിച്ച കാലം. അദ്ദേഹത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളവര്‍ നാടകത്തിനു പിന്നാലെ പോകാന്‍ അദ്ദേഹത്തെ ഉപദേശിക്കില്ലല്ലോ. പക്ഷേ, നാടകമെന്ന ലഹരിക്ക് അടിമപ്പെട്ട ഓമിനെ മോചിപ്പിക്കാന്‍ അവരുടെ ഉപദേശങ്ങള്‍ക്ക് കഴിഞ്ഞില്ല. അദ്ദേഹം നേരെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം തെരഞ്ഞെടുത്തത് അഭിനയമായിരുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. പക്ഷേ, അവിടത്തെ പഠനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. ഭാഷയായിരുന്നു വലിയ വില്ലന്‍. അദ്ദേഹത്തിന്് ഇംഗ്ലീഷ് ഭാഷ അത്ര വശമില്ലായിരുന്നു. ശരിക്ക് അറിയാവുന്നത് പഞ്ചാബിയും ഹിന്ദിയുംമാത്രം. പഠനം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും അദ്ദേഹം ചിന്തിച്ചിരുന്നതായി സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനുവഴങ്ങിയാണ് അദ്ദേഹം തീരുമാനം മാറ്റിയത്. 20 ലേറെ ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിക്കുകയെന്ന അനുപമമായ നേട്ടം കാലം അദ്ദേഹത്തിനു വേണ്ടി കാത്തുവച്ചിരുന്നുവെന്നത് ചരിത്രം.
   തെക്ചന്ദ് പുരിയുടെയും താരാദേവിയുടെയും ഇളയമകനായാണ് ഓം പ്രകാശ് പുരി ജനിച്ചത്. എട്ട് സഹോദരന്‍മാരും സഹോദരിമാരുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അവരില്‍ ഓമും മൂത്ത സഹോദരന്‍ വേദ് പുരിയുമൊഴിച്ചുള്ളവര്‍ ചെറു പ്രായത്തില്‍ തന്നെ അസുഖം ബാധിച്ചും ശരിയായ ചികിത്സയും മരുന്നും ലഭിക്കാതെയും മരണപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരങ്ങളെ കുറിച്ച് അദ്ദേഹത്തിനു പോലും അറിയാവുന്നത് അമ്മ പറഞ്ഞു കേട്ട ചില പേരുകള്‍ മാത്രമാണ്. ദാരിദ്ര്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും. നാടകത്തിലും പിന്നീട് സിനിമയിലും അദ്ദേഹത്തിന്റെ അഭിനയത്തിന്് പൂര്‍ണത നല്‍കിയത് ജീവിതത്തില്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്ന അനുഭവങ്ങളുടെ തീവ്രതയായിരുന്നുവെന്ന് മിക്ക ചലച്ചിത്ര നിരൂപകരും വിലയിരുത്തി.
   സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഓംപുരി വലിയ ധര്‍മ്മസങ്കടത്തിലായി. കച്ചവട സിനിമയിലേക്കിറങ്ങി താരമാകണോ സമാന്തര സിനിമയുടെ ഭാഗമായിക്കൊണ്ട്് തന്റെ പ്രതിഭയോട് നീതി പുലര്‍ത്തണോ. ഒടുവില്‍ 1970-80 കാലഘട്ടത്തില്‍ സജീവമായ സമാന്തര സിനിമയുടെ ധാരയോടു ചേരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അത് തെറ്റിയില്ലെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്തു. അമോല്‍ പലേക്കര്‍, നസറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടീല്‍ എന്നിവര്‍ക്കൊപ്പം ഓംപുരിയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.
   ആക്രോശ്, അര്‍ധസത്യ, ദ്രോഹ്കാല്‍, മാച്ചിസ്, ഗിദ്ദ്, മിര്‍ച്ച് മസാല, ആരോഹണ്‍...ഓമിന്റെ നൈസര്‍ഗികമായ നടനവൈഭവം കൊണ്ട് പ്രേഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങള്‍ അനവധി. ഓസ്കര്‍ പുരസ്കാരത്തിന് അര്‍ഹമായ വിഖ്യാത ചലച്ചിത്രകാരന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയിലും അദ്ദേഹം അഭിനയിച്ചു. വളരെ ചെറിയ റോളായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. പക്ഷേ, നിഹാരിയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാന്‍ അദ്ദേഹത്തിനായി .
   1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വല്‍ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. 1990കളുടെ മധ്യത്തോടെ ഓംപുരി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയെന്നു പറഞ്ഞാലും അത് അതിശയോക്തിയാവില്ല. അദ്ദേഹത്തിന്റെ നടന} വൈഭവം അദ്ദേഹത്തെ ഹോളിവുഡ് സിനിമകളിലും എത്തിച്ചു. അന്ന് സിനിമയില്‍ താരപ്രഭകൊണ്ട്് തിളങ്ങി നിന്നിരുന്ന താരങ്ങള്‍ക്കു പോലും അപ്രപ്യമായിരുന്ന നേട്ടമായിരുന്നു അത്. സിറ്റി ഓഫ് ജോയ് (1992), വോള്‍ഫ് (1994), ദി ഗോസ്റ്റ് ആന്‍ഡ് ദി ഡാര്‍ക്‌നെസ്് (1996) എന്നിവയാണ് അദ്ദേഹത്തിനു ഹോളിവുഡിലും നല്ല നടനെന്ന പേരു നേടിക്കൊടുത്ത ചിത്രങ്ങള്‍. തുടര്‍ന്ന് അദ്ദേഹം ധാരാളം ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ചു. മൈ സണ്‍ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോള്‍ ഓഫീസര്‍ (2001) എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലതാണ്.
   ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത പുരാവൃത്തം എന്ന സിനിമയിലൂടെ ഓം മലയാളത്തിലും സാന്നിധ്യമായി. പിന്നീട് കെ. സി. സത്യന്റെ സംവത്സരങ്ങള്‍ കണ്ണന്‍ താമരക്കുളത്തിന്റെ ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ശ്യാം ബെനഗലിന്റെയും ഗോവിന്ദ് നിഹ്‌ലാനിയുടെയും ചിത്രങ്ങളിലൂടെ രണ്ടു തവണ ഓംപുരി ഏറ്റവും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. 1982 ല്‍ ആരോഹണിലൂടെയും 1983 ല്‍ അര്‍ധസത്യയിലൂടെയും. ആരോഹണിലെ കര്‍ഷകനായ ഹരി മൊണ്‍ഡലിനെ} അദ്ദേഹം അനശ്വരനാക്കി. ഗോവിന്ദ് നിഹലാനിയുടെ അര്‍ധ സത്യത്തില്‍ കൂടെ അഭിനയിച്ച നസറുദ്ദീന്‍ ഷായോട് പോരാടിയാണ് അദ്ദേഹം മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ആ വര്‍ഷം അവാര്‍ഡ് കമ്മിറ്റിയെ പ്രതിസന്ധിയിലാക്കിയത് ഇവരില്‍ ആരെ മികച്ച നടനായി തെരഞ്ഞെടുക്കും എന്ന കാര്യത്തിലായിരുന്നു. ഒടുവില്‍ നറുക്കു വീണത് ഓമിനായിരുന്നു. നസറുദ്ദീന്‍ ഷാ സ്കൂള്‍ ഓഫ് ഡ്രാമയിലും ഓമിന്റെ സഹപാഠിയായിരുന്നു.  ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന്് ബാഫ്റ്റ പുരസ്കാരവും ഓംപുരിയെ തേടിയെത്തി.
ഒരു ഹാസ്യ}നടന്‍ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്്. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോര്‍ മചായെ ഷോര്‍ (2002), മാലാമാല്‍ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യ നടന്‍ എന്ന നിലയില്‍ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. കച്ചവട സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും നിറസാന്നിദ്ധ്യമായിരുന്നു ഓംപുരി.
  നവസിനിമാ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒംപുരിയുടെ പേരുണ്ടാവും. സ്വതസിദ്ധമായ അഭിനയ ശൈലിയും, ഗാംഭീര്യമുള്ള ശബ്ദവും എല്ലാ കാലഘട്ടത്തിലെയും സിനിമാ പ്രേമികളെ ഹരം കൊള്ളിച്ചിരുന്നു. പരുക്കന്‍ മുഖവും അതിനേക്കാള്‍ പരുക്കന്‍ ശബ്ദവുമായി ഇന്ത്യന്‍ സിനിമയുടെ, പ്രത്യേകിച്ച് മുഖ്യധാരാ സിനിമയുടെ നടുമുറ്റത്ത് കസേരയിട്ടിരുന്ന നടനാണ് ഓംപുരി.  രൂപംകൊണ്ടും ശബ്ദംകൊണ്ടും മാത്രമല്ല നൈസര്‍ഗികമായ നടനവൈഭവംകൊണ്ടും അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ ഒറ്റയാനായിരുന്നു.  നമ്മുടെ  സാമൂഹിക ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ അഭ്രപാളികളില്‍ ജീവന്‍ നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച അനുഗൃഹീത കലാകാരനും ഓംപുരിയാണ്.  വര്‍ത്തമാനകാലത്തെ ആശങ്കകളിലും സാമൂഹിക വിഷയങ്ങളിലും ധീരമായ നിലപാടെടുക്കാനുള്ള അസാമാന്യധൈര്യം ഓംപുരി പ്രകടിപ്പിച്ചിരുന്നു.  തന്റെ രാജ്യത്ത് നടക്കുന്ന അനീതികളോട് പ്രതികരിച്ചതിന് രാജ്യദ്രോഹിയായിവരെ അദ്ദേഹം മുദ്രകുത്തപ്പെട്ടിരുന്നു.
  അഭിനയത്തിന്് നാടകമെന്നോ സിനിമയെന്ന വ്യത്യാസമില്ലെന്നു വിശ്വസിച്ചിരുന്ന അദ്ദേഹം സിനിമയിലെ തിരക്കിനിടയിലും നാടകത്തിനായി സമയം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹത്തോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ നാടകത്തെ തഴഞ്ഞുവോയെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. "എല്ലാ കലാരൂപങ്ങളുടെയും മാതാവാണ് നാടകമെന്നു ഞാന്‍ കരുതുന്നു. കലാമാധ്യമം എന്നനിലയിലാണ് ഞാന്‍ സിനിമയെ തെരഞ്ഞെടുത്തിരിക്കുന്നത്. നാടകം എന്റെ ശ്വാസമാണ്. നാടകത്തില്‍ എങ്ങനെ അഭിനയിക്കണമെന്നാണോ ഞാന്‍ ആഗ്രഹിച്ചിരുന്നത് അത് എനിക്കു സിനിമയിലും ചെയ്യാന്‍ സാധിക്കുന്നുണ്ട്്.'' ഈ വാക്കുകള്‍ മാത്രം മതി അദ്ദേഹത്തിന് നാടകവും സിനിമയും എന്താണെന്നു മനസിലാക്കാന്‍.
   അഭിനേതാവിനുമപ്പുറം അഭിനയം പഠിക്കാനെത്തിയിരുന്ന കുട്ടികള്‍ക്ക് ഒരു നല്ല അധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. 2008 ല്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ അദ്ദേഹം പറഞ്ഞത് പിന്‍പറ്റാന്‍ തയാറായാല്‍ അഭിനയത്തോടു താത്പര്യമുള്ള ആര്‍ക്കും നല്ല നടനാവാന്‍ കഴിയും. അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു്. " ഒരു നടന്റെ പ്രധാനഉപകരണം നിരീക്ഷണമാണ്. തന്റെ ചുറ്റുപാടുകളെ നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയും മാത്രമല്ല ഒരു നടന്‍ ചെയ്യേണ്ടത്. താന്‍ നിരീക്ഷിക്കുന്ന കാര്യങ്ങളില്‍ ആഴമുള്ള താത്പര്യമുണ്ടാവുകയും വേണം. നൈസര്‍ഗികമായ അഭിനയത്തിനൊപ്പം നല്ല വായനയും നല്ല അറിവും നിങ്ങള്‍ക്കു വേണം.'' 
ഓംപുരിയെന്ന കലാകാരനെ മരണം കൂട്ടിക്കൊണ്ടു പോകുമ്പോള്‍ അദ്ദേഹം അവശേഷിപ്പിക്കുന്നത് കാമറക്കു മുന്നിലും പിന്നിലുമായി അവശേഷിപ്പിച്ച ജീവിത മാതൃകയാണ്.





No comments:

FACEBOOK COMMENT BOX