സന്ദീപ് സലിം
അടിച്ചമര്‍ത്തപ്പെടുന്ന ചരിത്രഗതികളുടെ സാന്നിധ്യം എഴുത്തില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരനാണ് വി. എസ്. നയ്‌പോള്‍. കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ മറഞ്ഞുപോകുന്ന ചരിത്രസത്യങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാന്‍ അസാധാരണമായ കഴിവാണ് അദ്ദേഹത്തിന്റെ എഴുത്തിനെ വ്യത്യസ്തമാക്കിയത്. ദി എനിഗ്മ ഓഫ് അറൈവല്‍ എന്ന പുസ്തകത്തിലൂടെ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ നൊബേല്‍ പുരസ്‌കാരം നയ്‌പോളിനു നല്‍കപ്പെട്ടതും ഈ ശൈലിയെ അംഗീകരിച്ചുകൊണ്ടാണ്. വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ അവതരിപ്പിച്ചതില്‍ മാത്രമല്ല, വായനക്കാരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ കൃത്യമായി ചേര്‍ക്കുന്നതിലും അദ്ദേഹം തന്റെ അനന്യത പ്രകടമാക്കി. എഴുത്തില്‍ നയ്‌പോള്‍ ഒരു ഒറ്റയാനായിരുന്നു. രചന ആരംഭിക്കുന്ന അന്പതുകളുടെ അവസാനത്തില്‍ നിലനിന്നിരുന്ന രചനാശൈലികള്‍ പിന്തുടരാന്‍ അദ്ദേഹം ശ്രമിച്ചില്ല. മാത്രവുമല്ല അന്നു നിലനിന്നിരുന്ന സാഹിത്യചേരിയുടെ ഭാഗമാകാനും നയ്‌പോള്‍ തയാറായില്ല. ഈ കാലഘട്ടത്തിന്റെ സന്ദിഗ്ദ്ധതകള്‍ അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. ഈ സന്ദിഗ്ദ്ധതകള്‍ വായനക്കാരനെ പിന്തുടരുകയും വേട്ടയാടുകയും ചെയ്യുന്നുണ്ടെന്നും പറയാം. എല്ലാവരും കാണുകയും കേള്‍ക്കുകയും 'ചെയ്യുന്ന/ചെയ്ത' കാര്യങ്ങളെക്കുറിച്ചാണ് നായ്‌പോള്‍ തന്റെ രചനകള്‍ നടത്തിയത്. എന്നാല്‍ മേല്‍പറഞ്ഞ കാഴ്ചകളെക്കുറിച്ച് ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. നേരത്തേ പറഞ്ഞതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എഴുതിയതിനാല്‍തന്നെ നായ്‌പോളിന്റെ പുസ്തകങ്ങള്‍ ചരിത്രരേഖകളായും മാറുന്നു. ആത്മകഥയുടെയും സ്വന്തം അനുഭവങ്ങളുടെയും സ്പര്‍ശം നായ്‌പോളിന്റെ രചനകളില്‍ നമുക്ക് ധാരാളമായി കണ്ടെത്താനാവും. അദ്ദേഹത്തിന്റെ കൃതികളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍, വായനക്കാരനെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന രചനാവൈഭവം നമുക്ക് കണ്ടെത്താനായി എന്നുവരില്ല.
ചരിത്രരചനയുടെ സങ്കേതങ്ങള്‍ നോവല്‍ രചനയില്‍ ഉപയോഗിച്ചതിലൂടെയും ചരിത്രത്തില്‍ ആരും ചോദിക്കാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയതിലൂടെയും ലോകസാഹിത്യത്തില്‍ വി.എസ്. നായ്‌പോളിന്റെ സ്ഥാനത്തിന് ഇളക്കംതട്ടില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാം. എന്നാല്‍, വായനക്കാരെ ഒരിക്കലും താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഏറ്റെടുപ്പിക്കാന്‍ മാത്രം കരുത്തുള്ള രചനാവൈഭവം അദ്ദേഹത്തിനില്ലാതെപോയി.