സന്ദീപ് സലിം
രാഷ്ട്രീയത്തിന്റെ വെള്ളിത്തിരയില്‍ നിന്നു മുത്തുവേല്‍ കരുണാനിധി മരണത്തിന്റെ തിരശീലയ്ക്കു പിന്നിലേക്കു മടങ്ങുന്‌പോള്‍ നഷ്ടമാകുന്നതു രാഷ്ട്രീയത്തിലെ അതികായനെ. എല്ലാ രാഷ്ട്രീയക്കാരന്റെയും ഏറ്റവും വലിയ അഭിലാഷമാണ് മത്സരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിക്കുകയെന്നത്. അത്യപൂര്‍വമെന്നു പറയാനാവില്ലെങ്കിലും ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ കരുണാനിധിയെ തെരഞ്ഞെടുപ്പു ഗോദായില്‍ വീഴ്ത്താന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഒരിക്കലും സാധിച്ചില്ല.
ഡിഎംകെ എന്ന ദ്രാവിഡ പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും കേന്ദ്രഭരണത്തില്‍ നിര്‍ണായക സ്വാധീനം വഹിക്കുകയും ചെയ്യുന്ന തരത്തിലേക്ക് വളര്‍ത്തിയതും തമിഴ്‌നാട് കലൈഞ്ജര്‍ എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന എം. കരുണാനിധിയാണ്. സിനിമ, ഭാഷ, വംശം തുടങ്ങിയ സാംസ്‌കാരിക അസ്തിത്വങ്ങള്‍ പിണഞ്ഞു കിടക്കുന്ന രാഷ്ട്രീയമാണ് തമിഴകത്തേത്. അമ്പതു വര്‍ഷത്തെ ദ്രാവിഡ രാഷ്ട്രീയത്തില്‍ നിരവധി സിനിമാക്കാര്‍ തമിഴ്‌നാടിനെ ഭരിച്ചു. 1969 ല്‍ ഡിഎംകെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.
കരുണാനിധി അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദത്തില്‍ ഇരുന്നിട്ടുണ്ട് 196971, 197174, 198991, 19962001 , 20062011 എന്നിങ്ങനെ അഞ്ച് തവണ. ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹം റിക്കാര്‍ഡ് ഭൂരിപക്ഷം നേടിക്കൊണ്ടിരുന്നു. അദ്ദേഹത്തിനുമാത്രം അവകാശപ്പെട്ട ഈ നേട്ടം അദ്ദേഹത്തിന് രാഷ്ട്രീയ ശത്രുക്കള്‍ക്കിടയില്‍പ്പോലും ആരാധന നേടിക്കൊടുത്തിരുന്നു.
മരണം ഈ അതുല്യ പ്രതിഭയെ കൂട്ടിക്കൊണ്ടു പോകുന്‌പോഴും അദ്ദേഹം സൃഷ്ടിച്ച റിക്കാര്‍ഡ് അഭേദ്യമായി നിലനില്‍ക്കുന്നു. 1969 ജൂലൈ 27നാണു കരുണാനിധി ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. അതായത് കൃത്യം നാല്‍പ്പത്തി ഒന്പതു വര്‍ഷം മുന്പ്. ഇത്രയും കാലം ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ഒരാള്‍ തുടരുന്നതു ലോകത്തുതന്നെ അപൂര്‍വമായിരിക്കാം. 2016 അവസാനം ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാന വാക്ക് കലൈഞ്ജറുടേതായിരുന്നു. രണ്ടുപതിറ്റാണ്ടായി കേന്ദ്രത്തില്‍ നിര്‍ണായക ശക്തിയായിരുന്നു ഡിഎംകെ. പക്ഷേ, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍വീഴ്ചയാണ് ഡിഎംകെ യ്ക്കുണ്ടായത്. ഒരു സീറ്റുപോലും പാര്‍ട്ടിക്ക് നേടാനായില്ല. അഴിമതിയും കുടുംബ രാഷ്ട്രീയവും കൂടിയായതോടെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീണു. 2016ല്‍ ജയലളിത ഭരണത്തുടര്‍ച്ച നേടിയെങ്കിലും ഡിഎംകെ സ്വാധീനം നിലനിര്‍ത്തി. തമിഴ് മനസില്‍ കരുണാനിധി ഇപ്പോഴും രാഷ്ട്രീയത്തെ കലയാക്കി മാറ്റിയ കലൈഞ്ജര്‍ തന്നെയാണ്.
കലയില്‍ തിളങ്ങിയ ബാല്യം
1924 ല്‍ നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെയും അഞ്ജുകം അമ്മി യാരുടെയും മകനായാണ് കരുണാനിധി ജനിച്ചത്. ദക്ഷിണാമൂര്‍ത്തിയെന്നാണ് മാതാപിതാക്കള്‍ അദ്ദേഹത്തിനു നല്‍കിയ പേര്. സ്‌കൂള്‍ പഠനകാലത്തു തന്നെ നല്ലൊരു കലാകാരനാണെന്ന് അദ്ദേഹം തെളിയിച്ചു. നാടകം, കവിത, സാഹിത്യം എന്നിവയിലൊക്കെ അദ്ദേഹം പഠനകാലത്തു തിളങ്ങി. കലാപ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വലിയ താത്പര്യമുണ്ടായിരുന്നു. ഈ താത്പര്യമാണ് അദ്ദേഹത്തെ ദേശീയരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന രാഷ്ട്രീയക്കാരനിലേക്കു വളര്‍ത്തിയത്. അദ്ദേഹത്തിന്റെ സ്‌കൂള്‍ കാലത്തു നിലവിലുണ്ടായിരുന്ന ജസ്റ്റീസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായിരുന്ന അഴഗിരി സാമിയുടെ പ്രഭാഷണങ്ങളിലും തത്പരനായ കരുണാനിധി തന്റെ പതിമൂന്നാം വയസില്‍ത്തന്നെ പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങി.
വിദ്യാര്‍ഥി സംഘടനയിലേക്ക്
പിന്നീട്, വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ സാഹിത്യകലാ പരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു സംഘടന രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ കരുണാനിധി ഇളൈഞ്ചര്‍ മറുമലര്‍ച്ചി എന്ന ഒരു സംഘടന സ്ഥാപിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം വഹിച്ചതോടെ കരുണാനിധിയെന്ന വ്യക്തി തമിഴ്‌നാട്ടില്‍ അറിയപ്പെട്ടു തുടങ്ങി. പിന്നീട് ഇളൈഞ്ചര്‍ മറുമലര്‍ച്ചിയെന്ന സംഘടന എല്ലാ അര്‍ഥത്തിലും വിദ്യാര്‍ഥി സംഘടനയായി രൂപപ്പെട്ടു. പിന്നീട് വിദ്യാര്‍ഥികഴകമായി അത് രൂപപ്പെട്ടു.
പത്രമുതലാളിയാകുന്നു
കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണാനിധി ഹിന്ദിവിരുദ്ധ സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു. പിന്നീട്, പെരിയോരുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ജസ്റ്റീസ് പാര്‍ട്ടി പിന്നീടു ദ്രാവിഡ കഴകമായി മാറുകയുണ്ടായി. ഡിഎംകെയുടെ ആദ്യ സംഘടനാരൂപവും ദ്രാവിഡ കഴകമായിരുന്നു. അദ്ദേഹം കുറച്ചുകാലം കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. ഈറോഡില്‍ നിന്നായിരുന്നു കുടിയരശ് പ്രസിദ്ധീകരിച്ചിരുന്നത്. അതില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഒരു പത്രംതന്നെ അദ്ദേഹം സ്ഥാപിച്ചു.
ദ്രാവിഡ ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ആ പത്രത്തിന് അദ്ദേഹം നല്‍കിയ പേര് മുരശൊലിയെന്നായിരുന്നു. സി.എന്‍. അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ഡിഎംകെ പിറന്നപ്പോള്‍ മുഖപത്രമായതും മുരശൊലിതന്നെയാണ്.
വെള്ളിത്തിരയിലേക്ക്
കരുണാനിധിയെ സിനിമയില്‍ എത്തിച്ചത് കോയന്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സാണ്. രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സ് കരുണാനിധിയെ സമീപിക്കുകയായിരുന്നു. കലയോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്ന കരുണാനിധിക്ക് സഹകരിക്കണമെന്നുണ്ടായിരുന്നെങ്കിലും പെരിയോരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.
പിന്നീട്, ഈ സിനിമയില്‍ മുഖ്യ വേഷം ചെയ്ത എംജിആറുമായി അന്ന് കരുണാനിധിക്ക് ഉണ്ടായ സൗഹൃദമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചത്. ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഇഷ്ടപ്പെട്ടിരുന്ന എംജിആറിനെ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചതും കരുണാനിധിയായിരുന്നു.
പിന്നീട്, അഭിമന്യു എന്ന പുരാണ ചിത്രത്തിനായി കരുണാനിധി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തില്‍ ഒരിടത്തും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതേയില്ല. ഇത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. രാഷ്ട്രീയത്തില്‍ നിന്നു വന്ന കരുണാനിധിക്ക് സിനിമയിലെ പരാജയം ഒരു പ്രശ്‌നമായിരുന്നില്ല. അല്പം നിരാശനായ അദ്ദേഹം തിരിച്ച് രാഷ്ട്രീയത്തിലേക്കുതന്നെ മടങ്ങി.
രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടിലായ അദ്ദേഹം സേലം മോഡേണ്‍ തിയറ്റേഴ്‌സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്റെ ശിപാര്‍ശയില്‍ 1949 ല്‍ മോഡേണ്‍ തിയറ്റേഴ്‌സില്‍ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തില്‍ ജോലിക്ക് ചേര്‍ന്നു. അവിടെവച്ചാണ് കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി അദ്ദേഹം പരിചയപ്പെടുന്നതും സൗഹൃദത്തിലാവുന്നതും.
മോഡേണ്‍ തിയറ്റേഴ്‌സ് ഉടമയായിരുന്ന ടി.ആര്‍. സുന്ദരം നിര്‍മിച്ച മന്ത്രികുമാരി സിനിമയ്ക്ക് അദ്ദേഹം തിരക്കഥയും സംഭാഷണവും രചിച്ചു. എല്ലിസ്.ആര്‍. ഡങ്കണായിരുന്നു സംവിധായകന്‍. ജാതി-മത ശക്തികളുടെ ശക്തമായ എതിര്‍പ്പിനിടയിലും ചിത്രം പ്രദര്‍ശന വിജയം നേടി. അതോടെ കരുണാനിധി സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
1952ല്‍ ഇറങ്ങിയ പരാശക്തിയാണ് ദ്രാവിഡ രാഷ്ട്രീയം ഇതിവൃത്തമായി ഇറങ്ങിയ ആദ്യത്തെ തമിഴ് സിനിമ. ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായ സിനിമയ്ക്ക് തിരക്കഥ എഴുതിയതും മറ്റാരുമല്ല. അദ്ദേഹം എഴുതിയ പൊന്നര്‍ സംഘര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി 2011ല്‍ ത്യാഗരാജന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത സിനിമയ്ക്ക് എണ്‍പത്തി ഏഴാം വയസില്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി, തന്നിലെ കലാകാരനെ പ്രായം തളര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം തെളിയിച്ചിരുന്നു.
No comments:
Post a Comment