Monday, August 13, 2018

നയ്‌പോള്‍: എഴുത്തില്‍ നാടുകടത്തപ്പെട്ടവന്റെ അസ്തിത്വം




സന്ദീപ് സലിം

അടിച്ചമര്‍ത്തപ്പെടുന്ന ചരിത്രഗതികളുടെ സാന്നിധ്യം എഴുത്തില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരനാണ് വി. എസ്. നയ്‌പോള്‍. കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ മറഞ്ഞുപോകുന്ന ചരിത്രസത്യങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാന്‍ അസാധാരണമായ കഴിവാണ് അദ്ദേഹത്തിന്റെ എഴുത്തിനെ വ്യത്യസ്തമാക്കിയത്. ദി എനിഗ്മ ഓഫ് അറൈവല്‍ എന്ന പുസ്തകത്തിലൂടെ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ നൊബേല്‍ പുരസ്‌കാരം നയ്‌പോളിനു നല്‍കപ്പെട്ടതും ഈ ശൈലിയെ അംഗീകരിച്ചുകൊണ്ടാണ്. വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ അവതരിപ്പിച്ചതില്‍ മാത്രമല്ല, വായനക്കാരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ കൃത്യമായി ചേര്‍ക്കുന്നതിലും അദ്ദേഹം തന്റെ അനന്യത പ്രകടമാക്കി. എഴുത്തില്‍ നയ്‌പോള്‍  ഒരു ഒറ്റയാനായിരുന്നു. രചന ആരംഭിക്കുന്ന അന്പതുകളുടെ അവസാനത്തില്‍ നിലനിന്നിരുന്ന രചനാശൈലികള്‍ പിന്തുടരാന്‍ അദ്ദേഹം ശ്രമിച്ചില്ല. മാത്രവുമല്ല അന്നു നിലനിന്നിരുന്ന സാഹിത്യചേരിയുടെ ഭാഗമാകാനും നയ്‌പോള്‍ തയാറായില്ല. ഈ കാലഘട്ടത്തിന്റെ സന്ദിഗ്ദ്ധതകള്‍ അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. ഈ സന്ദിഗ്ദ്ധതകള്‍ വായനക്കാരനെ പിന്തുടരുകയും വേട്ടയാടുകയും ചെയ്യുന്നുണ്ടെന്നും പറയാം.  എല്ലാവരും കാണുകയും കേള്‍ക്കുകയും 'ചെയ്യുന്ന/ചെയ്ത' കാര്യങ്ങളെക്കുറിച്ചാണ് നായ്‌പോള്‍ തന്റെ രചനകള്‍ നടത്തിയത്.  എന്നാല്‍ മേല്‍പറഞ്ഞ കാഴ്ചകളെക്കുറിച്ച് ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.  നേരത്തേ പറഞ്ഞതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എഴുതിയതിനാല്‍തന്നെ നായ്‌പോളിന്റെ പുസ്തകങ്ങള്‍ ചരിത്രരേഖകളായും മാറുന്നു. ആത്മകഥയുടെയും സ്വന്തം അനുഭവങ്ങളുടെയും സ്പര്‍ശം നായ്‌പോളിന്റെ രചനകളില്‍ നമുക്ക് ധാരാളമായി കണ്ടെത്താനാവും. അദ്ദേഹത്തിന്റെ കൃതികളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍, വായനക്കാരനെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന രചനാവൈഭവം നമുക്ക് കണ്ടെത്താനായി എന്നുവരില്ല.

ചരിത്രരചനയുടെ സങ്കേതങ്ങള്‍ നോവല്‍ രചനയില്‍ ഉപയോഗിച്ചതിലൂടെയും ചരിത്രത്തില്‍ ആരും ചോദിക്കാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയതിലൂടെയും ലോകസാഹിത്യത്തില്‍ വി.എസ്. നായ്‌പോളിന്റെ സ്ഥാനത്തിന് ഇളക്കംതട്ടില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാം.  എന്നാല്‍, വായനക്കാരെ ഒരിക്കലും താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഏറ്റെടുപ്പിക്കാന്‍ മാത്രം കരുത്തുള്ള രചനാവൈഭവം അദ്ദേഹത്തിനില്ലാതെപോയി.



1932 ല്‍ വെസ്റ്റ്ഇന്‍ഡീസ് രാജ്യമായ ട്രിനിഡാഡിലാണ് (1976 ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി) മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ശിവ്പ്രസാദ് നയ്‌പോളിന്റെ മകനായി വി. എസ്. നയ്‌പോള്‍ ജനിച്ചത്. 1880 ലാണ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയില്‍നിന്നു കരീബിയന്‍ ദ്വീപിലേക്കു കുടിയേറുന്നത്. ഈ കുടിയേറ്റത്തിലൂടെ അദ്ദേഹത്തിന് ഇന്തോട്രിനിഡാഡിയന്‍ പാരന്പര്യവും ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ഭൂമിഹാര്‍ ബ്രാഹ്മണപാരന്പര്യവും അവകാശപ്പെടാനായി. തന്റെ പതിനെട്ടാമത്തെ വയസില്‍ അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പോടെ ലണ്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. ലണ്ടനിലെ ജീവിതം പക്ഷേ, അദ്ദേഹത്തിന് ഏകാന്തതയും വിഷാദരോഗവുമാണു സമ്മാനിച്ചത്. അക്കാലത്ത്  കൂട്ടുകാരിയായെത്തിയ പട്രീഷയെന്ന പാറ്റ് ആണ് അദ്ദേഹത്തെ സാന്ത്വനിപ്പിച്ചത്. പിന്നീട്, പട്രീഷയെ തന്റെ ജീവിതപങ്കാളിയാക്കി.

1954 ല്‍ അദ്ദേഹം ബിബിസിയുടെ കരീബിയന്‍ വോയ്‌സ് എന്ന പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഒരിക്കല്‍ ലാങ്ങാം ഹോട്ടലിലെ ബിബിസിയുടെ ഫ്രീലാന്‍സേഴ്‌സ് റൂമിലിരുന്ന് അദ്ദഹം എഴുതിയ കഥയാണ് ബൊഗാര്‍ട്ട്.  യാദൃച്ഛികമായ എഴുത്ത്. ബാല്യത്തില്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍വച്ച് പരിചയപ്പെട്ട അയല്‍ക്കാരന്റെ ജീവിതത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാതാണ് ഈ കഥ. ആ കഥവായിച്ച നിരവധി സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തെ വളരെ പ്രശംസിക്കുകയുണ്ടായി. അന്നാണ് തന്നിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞതെന്നാണ് നയ്‌പോള്‍ പിന്നീട് പറഞ്ഞത്. ബൊഗാര്‍ട്ട് അടക്കം ബിഗുല്‍ സ്ട്രീറ്റ് എന്നപേരില്‍ ഒരു കഥാസമാഹാരം അദ്ദേഹത്തിന്റേതായി പുറത്തുവരികയുണ്ടായി. അവിടെ ഒരു പുതിയ എഴുത്തുകാരന്‍ ജനിക്കുകയായിരുന്നു. ആന്ദ്രെ ഡെച്ച് എന്ന പ്രസാധക കന്പനിയിലെ എഡിറ്റര്‍ ഡയാന അതിലാണ് നയ്‌പോളിനോട് ഒരു നോവല്‍ എഴുതുന്നതിന്റെ സാധ്യതകള്‍ ആരായുന്നത്. അതുവരെ ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചതും അവരുടെ ഇടപെടലാണ്. ആ ചിന്തയാണ് ആദ്യ നോവലായ ദ മിസ്റ്റിക് മസൂര്‍.



നാടുകടത്തപ്പെട്ടവന്റെ അസ്തിത്വം

അറുപതുകളുടെ തുടക്കത്തിലാണു നയ്‌പോള്‍ തന്റെ യാത്രകള്‍ ആരംഭിക്കുന്നത്.  വേരുകള്‍ തേടിയുള്ള യാത്രകളായിരുന്നുവെന്നാണ് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്. ശരിക്കും കരീബിയന്‍ ദ്വീപാണോ ഇന്ത്യയാണോ അതോ താമസിക്കാന്‍ യോഗ്യമെന്നുകരുതി തെരഞ്ഞെടുത്ത ലണ്ടനാണോ തന്റെ നാടെന്ന കാര്യത്തില്‍ അദ്ദേഹം സംശയാലുവായിരുന്നിരിക്കണം. ഇത്തരത്തില്‍ ജീവിച്ചതുകൊണ്ടാവാം അദ്ദേഹം നാടില്ലാത്തവനായിരുന്നു. ഏതൊരു യാത്രക്കാരനും ഒരു മടക്കമുണ്ട്. അത് സ്വന്തം നാട്ടിലേക്കായിരിക്കും. എന്നാല്‍, നയ്‌പോളിനെ സംബന്ധിച്ച് അത് വലിയ പ്രശ്‌നമായിരുന്നിരിക്കണം. ഒരിക്കല്‍ അദ്ദേഹം തന്നെ പറഞ്ഞത് സ്വന്തം വീട് നഷ്ടപ്പെടാതെ തന്നെ നാടുകടത്തപ്പെട്ടവനാണ് താനെന്നാണ്. ഇതാണ് താന്‍ നേരിടുന്ന വലിയ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞത് നാടുകടത്തപ്പെട്ടവന്റെ അസ്തിത്വമാണ് തനിക്ക് എഴുത്തില്‍ സത്യവും യാഥാര്‍ഥ്യവും ചിത്രീകരിക്കാന്‍ സ്വാതന്ത്ര്യവും ധൈര്യവും തന്നതെന്നാണ്.

ഇന്ത്യയോടെന്നും പ്രിയം; എഴുത്തില്‍ രോഷം

തന്റെ പ്രപിതാമഹന്മാരുടെ ദേശം എന്ന നിലയില്‍ നയ്‌പോളിന് ഇന്ത്യയുമായുള്ള ബന്ധം ഒഴിവാക്കാനാവില്ല. അക്കാരണത്താല്‍ അദ്ദേഹം മൂന്നു തവണ ഇന്ത്യയിലെത്തി. മൂന്നു പുസ്തകങ്ങളും പിറവിയെടുത്തു. ആദ്യ പുസ്തകം ആന്‍ ഏരിയ ഓഫ് ഡാര്‍ക്‌നെസ്, ഇന്ത്യ ദ വൂണ്ടഡ് സിവിലൈസേഷന്‍, ഇന്ത്യഎ മില്യണ്‍ മ്യൂ ട്ടിനീസ് നൗ എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ഇന്ത്യയെ കുറിച്ചെഴുതിയത്.   തന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം എഴുതിയ ആന്‍ ഏരിയ ഓഫ് ഡാര്‍ക്‌നെസ് കുറച്ചൊന്നുമല്ല ഇന്ത്യക്കാരെ അസ്വസ്ഥമാക്കിയത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത രാജ്യമെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. ഇന്ത്യയി  ലെ പട്ടിണിയെയും തൊഴിലില്ലായ്മയെയും ഏറ്റവും മോശം പദങ്ങളിലൂടെ വിശേഷിപ്പിച്ച തും വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. 'ഇന്ത്യയിലുണ്ടായിരുന്ന കാലം എന്നെ വേദനിപ്പിച്ചിരുന്നു. പട്ടിണി, നിരാശ, മനുഷ്യരുടെ ഇതികര്‍ത്തവ്യതാമൂഢത... ഇന്ത്യയെക്കുറിച്ചുള്ള ആദ്യത്തെ കൃതിയായ ആന്‍ ഏരിയ ഓഫ് ഡാര്‍ക്‌നെസ് എന്റെ വേദനയുടെ പ്രകടനമായിരുന്നു 'എന്നാണ് അദ്ദേഹം പ്രതികരിച്ചത്. പക്ഷേ, എഴുതുന്ന സമയത്ത് താന്‍ കണ്ട കാഴ്ചകളും മനസിലാക്കിയ കാര്യങ്ങളും തെറ്റായിരുന്നുവെന്നു പിന്നീട് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. '1962 ല്‍ എനിക്ക് പലതും മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. പലതും ശരിക്കു ദഹിക്കാതെ തന്നെ സ്വാംശീകരിക്കുകയായിരുന്നു. 'നയ്‌പോള്‍ പറഞ്ഞു.

പതിമ്മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയെ കുറിച്ചുള്ള രണ്ടാമത്തെ പുസ്‌കത്തിലേക്കെത്തിയപ്പോള്‍ അദ്ദേഹത്തിലെ എഴുത്തുകാരന്‍ കൂടുതല്‍ ക്രൂരനായിയെന്നാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യ ദ വൂണ്ടഡ് സിവിലൈസേഷന്‍ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയുള്ള അപക്വവും ക്രൂരവുമായ എഴുത്തിന്റെ ഉത്തമ ഉദാഹരണമാണെന്നു ലോകം മുഴുവന്‍ വിമര്‍ശിക്കപ്പെട്ടു. നൊബേല്‍ പുരസ്‌കാര ജേതാവുകൂടിയായ ഡെറിക് വാല്‍ക്കോട്ട് നയ്‌പോളിനെ മനുഷ്യത്വമില്ലാത്ത എഴുത്തുകാരന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. നവകോളനിവത്കൃത മൂന്നാം ലോകസമൂഹത്തോടുള്ള അനുതാപവും മര്യദയും ഈ കൃതിയിലില്ലെന്നും അവജ്ഞയാണ് ഈ കൃതിയുടെ മുഖമുദ്രയെന്നും പ്രശസ്ത പലസ്തീനിയന്‍ ചിന്തകനും എഴുത്തുകാരനുമായ എഡ്വേര്‍ഡ് സെയ്ദ് എഴുതി.

1990 ല്‍ അദ്ദേഹം വീണ്ടും ഇന്ത്യയില്‍ വന്നു; മൂന്നാമത്തെ പുസ്തകത്തിന്റെ രചനയ്ക്കായി.  ആറുമാസത്തിലധികം അദ്ദേഹം ഇന്ത്യയില്‍ സഞ്ചരിച്ചു. സിക്ക് തീവ്രവാദികള്‍, തമിഴ് പുലികള്‍, തീവ്ര കമ്യൂണിസ്റ്റുകള്‍, ശിവസേനക്കാര്‍, മുസ്‌ലിം മതമൗലികവാദികള്‍ തുടങ്ങിയവര്‍ക്കൊപ്പം താമസിക്കുകയും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുകയും ചെയ്തു. അതിനു ശേഷം എഴുതിയ ഇന്ത്യ എ മില്യണ്‍ മ്യൂട്ടിനീസ് നൗ പുറത്തിറങ്ങിയ ദിവസംതന്നെ അദ്ദേഹം പുസ്തകത്തില്‍ തന്റെ കാഴ്ചപ്പാടല്ല ഉള്ളതെന്നും ഇവിടെ ജീവിച്ചിരിക്കുന്നവരുടെ കാഴ്ചപ്പാടാണുള്ളതെന്നും വ്യക്തമാക്കിയിരുന്നു. ഇത് മുന്‍കൂര്‍ ജാമ്യമായി പരിഗണിച്ചതുകൊണ്ടാണോ എന്നറിയില്ല ഈ പുസ്തകത്തിന്റെ പേരില്‍ നയ്‌പോളിനെ വിമര്‍ശകര്‍ മിക്കവരും വെറുതെ വിടുകയുണ്ടായി.

ദി എനിഗ്മാ ഓഫ് അറൈവല്‍ മാസ്റ്റര്‍ പീസ്

യാത്രകളുടെ ഒടുവില്‍ സ്വന്തം വീടുതേടിപ്പോകുന്ന ഒരുവന്റെ, ശരിക്കു പറഞ്ഞാല്‍ ഒരു കരീബിയനായ എഴുത്തുകാരന്റെ കഥയാണ് 1987 ല്‍ പുറത്തിറങ്ങിയ ദ എനിഗ്മ ഓഫ് അറൈവല്‍ എന്ന നോവല്‍. അത് അദ്ദേഹത്തിന്റെ ആത്മകഥ തന്നെയാണെന്നു വിലയിരുത്താം. അവസാനിക്കാത്ത അലച്ചിലുകളില്‍ വീട് സ്വപ്‌നം കാണുന്ന നാടോടിയായി അദ്ദേഹം സ്വംയംമാറി സൃഷ്ടിച്ച കഥാപാത്രമാണ് നോവലിലെ നായകന്‍.

ജീവിച്ചിരുന്നപ്പോള്‍ എല്ലായിടത്തു നിന്നും അന്യവത്കരിക്കപ്പെട്ടവനായിരുന്നു നയ്‌പോള്‍. വീടുകളില്ലാത്ത അവസ്ഥയില്‍ താമസിക്കുന്ന ഓരോ വീടും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നു പറഞ്ഞിരുന്ന നയ്‌പോള്‍ വീടുകളില്ലാത്ത ലോകത്തേക്കു മടങ്ങുന്‌പോള്‍ സാഹിത്യ ലോകത്തിനു നഷ്ടമാകുന്നത് എഴുത്തില്‍ കലാപം സൃഷ്ടിച്ച എഴുത്തുകാരനെയാണ്.

No comments:

FACEBOOK COMMENT BOX