Every art is propaganda, but every propaganda is not art. - Mrinal Sen
ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം ബിരുദ പഠനത്തിനായി കല്‍ക്കത്തയിലെത്തിയ സെന്‍ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ഇപ്റ്റയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുണ്ടായി. അതിലൂടെ ലഭിച്ച വലിയ ബന്ധങ്ങളാണ് പില്‍ക്കാലത്ത് അദ്ദേഹത്തിലെ ചലച്ചിത്രകാരനെ പുറത്തെത്തിച്ചത്. കലാലയപഠനത്തിനു ശേഷം കോല്‍ക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയില്‍ സൗണ്ട് ടെക്‌നീഷനായ അദ്ദേഹം സിനിമയാണു തന്റെ തട്ടകമെന്നു തിരിച്ചറിയുകയായിരുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായ മൃണാള്‍, ലോക സിനിമയിലെ പൊളിറ്റിക്കല്‍ ഫിലിം മേക്കേഴ്‌സ് എന്ന അപൂര്‍വം കാറ്റഗറിയില്‍ ഉള്‍പ്പെടാന്‍ യോഗ്യനാണ്.
കോല്‍ക്കത്ത നഗരത്തിലെ സാധാരണക്കാരുടെ രാഷ്ട്രീയമാണ് സെന്‍ തന്റെ ആദ്യകാലചലച്ചിത്രങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. സാധാരണക്കാരുടെ ജീവിതത്തിലെ സംഘര്‍ഷവും വൈകാരിക പ്രക്ഷുബ്ധതയുമാണ് അദ്ദേഹം അഭ്രപാളികളില്‍ ചിത്രീകരിച്ചത്. തന്നിലെ രാഷ്ട്രീയക്കാരനു കലാകാരനു മുകളില്‍ സ്ഥാനം നല്‍കിയ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ കോല്‍ക്കത്ത 71, കോറസ്, പഥാദിക്ക് എന്നിവ. 1973ലെ പതാദിക് ബംഗാളിലെ നക്‌സല്‍ പ്രസ്ഥാനത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ മുദ്രാവാക്യങ്ങളെ സിനിമയാക്കിയവനെന്ന് അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ചലച്ചിത്ര നിരൂപകര്‍തയാറായി. ഒരു പക്ഷേ, ഈ വിമര്‍ശനങ്ങളാവാം അദ്ദേഹത്തിലെ കലാകാരനെ കരുത്തനാക്കിയതെന്നു പറഞ്ഞാലും തെറ്റില്ല. കൂടുതല്‍ സാമൂഹ്യ പ്രസക്തിയും കരുത്തുമുള്ള സിനിമകളിലേക്ക് അദ്ദേഹം മാറിയത് വേഗത്തിലായിരുന്നു. ആ മാറ്റം പിന്നീടു വന്ന ചിത്രങ്ങളില്‍ നിന്നു വളരെ വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. സ്വാഭാവികമായി വിമര്‍ശിച്ച ചലച്ചിത്ര നിരൂപകര്‍തന്നെ അദ്ദേഹത്തെ വാഴ്ത്തുകയും ചെയ്തു. ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, ഏക് ദിന്‍ അചാനക് തുടങ്ങി സാമൂഹികമായും രാഷ്ട്രീയമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന ചിത്രങ്ങള്‍ പുറത്തുവന്ന കാലത്ത് മാറിയ നിലപാടിനെ കുറിച്ചും ചലച്ചിത്ര സങ്കല്‍പങ്ങളെ കുറിച്ചും ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ''എന്റെ ശത്രുവിനെ ഞാന്‍ എന്റെ മനസില്‍ തന്നെയാണു തെരയുന്നത്. എന്റെ എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ട്. അതു പറയുകയെന്നതാണ് എന്റെ ദൗത്യം. അതു സമൂഹത്തോടുള്ള എന്റെ കടമയാണ്. ചിലരാഷ്ട്രീയ നിലപാടുകള്‍ നിങ്ങള്‍ക്ക് (നിരൂപകര്‍ക്ക്) പ്രതിലോമകരമായും പരാജയപ്പെട്ടതായും തോന്നിയേക്കാം. സാരമില്ല, അതു ഞാന്‍ പറയുക തന്നെ ചെയ്യും'''' എന്നാണ്. സിനിമയെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന ആളായിരുന്നു മൃണാള്‍ സെന്‍. വിമര്‍ശനങ്ങളെ അദ്ദേഹം ഒരിക്കലും അസഹിഷ്ണുതയോടെ കണ്ടിട്ടില്ല. കഴന്പില്ലാത്ത വിമര്‍ശനങ്ങളോടു പോലും അദ്ദേഹം എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ല. കാന്പുള്ള വിമര്‍ശനങ്ങളോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല, അവ ഉള്‍ക്കൊണ്ട് സ്വയം തിരുത്തിയിരുന്നെങ്കിലും. ആ മനോഭാവത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ''ഉയര്‍ന്ന ജനാധിപത്യ ബോധം'' എന്നു മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ഒരു ഗ്രാമീണ ബംഗാളി കുടുംബത്തെ മുന്‍നിര്‍ത്തി 1943ലെ ബംഗാള്‍ ക്ഷാമത്തിന്റെ ദുരിത ചിത്രം വരച്ചുകാണിച്ച 1960 ല്‍ റിലീസ് ചെയ്ത ബയ്‌ഷേ ശ്രാവണാണ് അദ്ദേഹത്തിലെ ചലച്ചിത്രകാരനെ ലോകത്തിനു കാണിച്ചു കൊടുത്തത്. ചലച്ചിത്രത്തിന്റെ വാണിജ്യ വിജയത്തിനു വേണ്ടി അദ്ദേഹം ഒരിക്കലും ആശയത്തിലും സാങ്കേതിക വിദ്യയിലും കോംപ്രമൈസ് ചെയ്തിരുന്നില്ല. 1969ല്‍ പുറത്തിറങ്ങിയ ഭുവന്‍ഷോം, വേട്ടയ്ക്കിറങ്ങിപ്പുറപ്പെട്ട ഉദ്യോഗസ്ഥനെ അതിജീവനത്തിനുള്ള കഴിവുകള്‍ പഠിപ്പിച്ചു കൊടുക്കുന്ന ഗ്രാമീണയുവതിയുടെ കഥ ആക്ഷേപഹാസ്യത്തിലൂടെ പറയുന്നതായിരുന്നു. ഈ ചിത്രമായിരുന്നു സെന്നിന് ആദ്യമായി വാണിജ്യവിജയം നേടിക്കൊടുത്തത്.
അടിയന്തരാവസ്ഥക്കെതിരേ ശക്തമായ നിലപാടെത്ത സംവിധായകരിലും മൃണാള്‍ സെന്‍ മുന്നിലുണ്ടായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്‌പോള്‍ സെന്‍ ജര്‍മനിയിലാണ്. അദ്ദേഹത്തോട് പുതിയ സിനിമയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദഹം പറഞ്ഞത്. ''ഞാന്‍ ഇന്ത്യയിലേക്കു തിരിച്ചു പോവുകയാണ്. തിരിച്ചുപോകുന്നത് സിനിമയെടുക്കുകയെന്ന ഉദ്ദേശത്തോടെയല്ല. അടിയന്തരാവസ്ഥയെ എതിര്‍ക്കാനാണ്. അടിയന്തരാവസ്ഥ പിന്‍വലിക്കട്ടെ അതിനുശേഷമേ അടുത്ത പടത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ' എന്നാണ്.
മാതൃഭാഷയായ ബംഗാളിയില്‍ കൂടാതെ ഹിന്ദിയിലും (ഭുവന്‍ഷോം, മൃഗയ) ഒറിയയിലും (മതീര്‍ മനിഷ), തെലുഗുവിലും (ഒക ഉരി കഥ) ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസിന്റെ പ്രസിഡന്റായും, കാന്‍, വെനീസ്, ബെര്‍ലിന്‍, മോസ്‌കോ, കാര്‍ലോവി വാറി, ടോക്യോ, ടെഹ്‌റാന്‍, മാന്‍ഹീം,ന്യൊണ്‍, ഷിക്കാഗോ, ഘെന്റ്, ടുനീസ്, ഓബര്‍ഹോസന്‍ ചലച്ചിത്രമേളകളില്‍ ജൂറിയംഗമായും സെന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള സിനിമയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കയ്യൂരിന്റെ ചരിത്രം സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍, ആ പ്രോജക്ട് പലകാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു.
സത്യജിത്ത് റേയ്‌ക്കൊപ്പം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം മൃണാല്‍ സെന്നും അഞ്ച് തവണ നേടിയിട്ടുണ്ട്. 2002 ലാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം പുറത്തിറങ്ങുന്നത്. അതിനു ശേഷം ലക്ഷണമൊത്ത ഒരു പൊളിറ്റിക്കല്‍ സിനിമയും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. ഈ ഒരോറ്റക്കാരണം മതി മൃണാള്‍ സെന്നിന്റെ പ്രതിഭ തിരിച്ചറിയാന്‍. മൃണാള്‍ സെന്‍ ഓര്‍മയാകുന്‌പോള്‍ നഷ്ടമാകുന്നത് ലോകസിനിമയിലെ തന്നെ പോളിറ്റിക്കല്‍ സിനിമയുടെ ശക്തനായ വക്താവിനെയാണ്.
No comments:
Post a Comment