Sunday, December 30, 2018

അമിതാവ് ഘോഷ്: ഭാവനയും ചരിത്രവും അലിഞ്ഞു ചേരുമ്പോള്‍


സന്ദീപ് സലിം

അമിതാവ് ഘോഷ് എന്ന നോവലിസ്റ്റിനെ വായിക്കുന്നവര്‍ക്ക് ഒരു സര്‍ഗ സൃഷ്ടിവായിക്കുന്‌പോള്‍ ലഭിക്കുന്ന സംതൃപ്തി മാത്രമല്ല ലഭിക്കാറ്. വളരെ ദീര്‍ഘമായ ഗവേഷണത്തിലൂടെ തയാറാക്കുന്ന ചരിത്ര ഗ്രന്ഥത്തിന്റെ വായനയിലൂടെ ലഭിക്കുന്ന അറിവുകളും ലഭിക്കുന്നു. അമിതാവ് ഘോഷില്‍ ചരിത്രകാരനും നോവലിസ്റ്റും തമ്മിലുള്ള അന്തരം വളരെ നേര്‍ത്തതാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ അമിതാവ് പുലര്‍ത്തുന്ന സൂക്ഷ്മത അദ്ദേഹത്തിലെ നരവംശ ശാസ്ത്രജ്ഞനെക്കൂടി വായനക്കാരനു കാട്ടിക്കൊടുക്കുന്നു. ഈ പറഞ്ഞ പ്രത്യേകതകളാണാണ് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠത്തിന് അര്‍ഹനാക്കിയിരിക്കുന്നതും.

തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയിടത്തു നിന്നാണ് അമിതാവ് ഘോഷിന്റെ നോവലുകളുടെ പരിസരങ്ങള്‍ രൂപപ്പെട്ടുവരുന്നത്. അത്തരം നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളെ ചരിത്രകാരന്റെ സൃഷ്ടിയാണോ എന്നു തോന്നിപ്പിക്കുന്നതും. എന്നാല്‍, അമിതാവ് പലപ്പോഴും ഇതിനോടു വിയോജിക്കാറുണ്ട്. 'നിരീക്ഷണമില്ലെങ്കില്‍ എഴുത്ത് മാത്രമല്ല ഒരു കലയും സാധ്യമാവില്ല. പക്ഷേ, നിരൂപകരും വായനക്കാരും പറയുന്നതിനോടു ഞാന്‍ വിയോജിക്കുന്നു. അത് വളരെ ജനറലായ ഒരു നിരീക്ഷണമാണ്. എനിക്കുതോന്നുന്നത് മറിച്ചാണ്. നിരീക്ഷണമാണ് നോവലിനെ ചരിത്രത്തില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ചരിത്രത്തിന് നിരീക്ഷണത്തിന്റെ ആവശ്യമില്ലല്ലോ. അതിനു ഗവേഷണത്തിന്റെ ആവശ്യമല്ലേ ഉള്ളൂ. ഒരാളുടെ ജീവിതം മറ്റൊരാളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നു എന്ന നിരീക്ഷണമാണ് നോവലിനെ അനുവാചകരുടെ ഹൃദയത്തില്‍ അടയാളപ്പെടുത്തുന്നത്.'' എന്നാണ് അദ്ദേഹം നിരൂപകരോടും വായനക്കാരോടും ഒരിക്കല്‍ പറഞ്ഞത്.



അമിതാവ് ഘോഷ് എങ്ങനെയൊക്ക വിശദീകരിച്ചാലും അനുവാചകരും നിരൂപകരും ഉറപ്പിച്ചുപറയുന്നു, അദ്ദേഹം നിരീക്ഷണത്തിലൂടെ മാത്രമല്ല മറിച്ച് ഗവേഷണത്തിലൂടെ കൂടിയാണ് തന്റെ നോവലുകള്‍ സൃഷ്ടിക്കുന്നത് എന്ന്. കാരണം അദ്ദേഹം തന്റെ കൃതികളില്‍ 1800കളിലെ കപ്പല്‍ യാത്രകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതു വളരെ കൃത്യമായി പഠിച്ച് ഭാവനകൂടി ചേര്‍ത്താണ് സൃഷ്ടിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ സീ ഓഫ് പോപ്പീസ് പറയുന്ന 1830 കളില്‍ നടന്ന കറുപ്പു യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ്. പിന്നീട് വന്ന റിവര്‍ ഓഫ് സ്‌മോക്കില്‍ നെപ്പോളിയന്‍ കടന്നുവരുന്നുണ്ട്. യഥാര്‍ഥ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അമിതാവ് നെപ്പോളിയനെ ചിത്രീകരിച്ചിരിക്കുന്നത്. അത് ഒരിക്കലും ഭാവനയില്‍ നിന്നു സൃഷ്ടിക്കാനാവില്ലല്ലോ എന്നാണു നിരൂപകര്‍ നിരീക്ഷിച്ചത്. ഇതിനോടു പ്രതികരിക്കവെ അദ്ദേഹം തന്റെ ആദ്യ നിലപാട് മയപ്പെടുത്തുകയുണ്ടായി. 'വളരെ ആഴത്തിലുള്ള ഗവേഷണങ്ങള്‍ ഞാന്‍ നടത്താറുണ്ടെന്നതു സത്യമാണ്. പക്ഷേ, ഗവേഷണങ്ങളില്‍ നിന്നല്ല ഞാന്‍ എഴുത്ത് രൂപപ്പെടുത്തുന്നത്. മറിച്ച് എഴുതാന്‍ വേണ്ടിയുള്ള ഗവേഷണമാണു ഞാന്‍ നടത്താറ്. സെന്റ് ഹെലനയില്‍വച്ച് നെപ്പോളിയനെ കണ്ട ഒരു യാത്രികന്റെ കുറിപ്പുകളാണ് ഇതിനു പ്രചോദനമായത്. അത് പഠിച്ചത് എഴുതാന്‍ വേണ്ടിയാണ്. അല്ലാതെ ചരിത്രരചന നടത്താന്‍ വേണ്ടിയല്ല.'എന്നാണ് അദ്ദേഹം അല്പം നീരസത്തോടെയാണെങ്കിലും പ്രതികരിച്ചത്. കാരണം, അദ്ദേഹം ഒരിക്കലും തന്റെ രചനകള്‍ ചരിത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.

പിന്നീട്, അദ്ദേഹം ഈ നിലപാടുകളാണ് തന്റെ രചനകളുടെ കരുത്തെന്ന് അംഗീകരിക്കുകയുണ്ടായി. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരത്തിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നതും ഇതേ സവിശേഷതകളെ മുന്‍ നിര്‍ത്തിയാണ്. അമിതാവ് ഘോഷിന്റെ നോവലുകളില്‍ നിന്ന് ഭാവനയും ചരിത്രവും ഇഴപിരിച്ചെടുക്കുക അസാധ്യമാണ്. അത്രമാത്രം നൈസര്‍ഗികവും അനുപമവുമായ രചനാശൈലിയാണ് അദ്ദേഹത്തിന്റെ കൃതികളില്‍ കണ്ടെത്താനാവുക എന്നാണ് ജ്ഞാനപീഠ പുരസ്‌കാരസമിതി വിലയിരുത്തിയിരിക്കുന്നത്.

ഐബിസ് ത്രയം എന്നറിയപ്പെടുന്ന സീ ഓഫ് പോപ്പീസ്, റിവര്‍ ഓഫ് സ്‌മോക്, ഫ്‌ലഡ് ഓഫ് ഫയര്‍ എന്നീ മൂന്നു ചരിത്ര നോവലുകളാണ് അമിതാവ് ഘോഷിന്റെ മാസ്റ്റര്‍ പീസ് ആയി വിലയിരുത്തപ്പെടുന്നത്. 1838 മുതല്‍ 42 വരേയുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. കറുപ്പ് എന്ന  ലഹരിപദാര്‍ഥം ഇന്ത്യയിലെ വിളനിലങ്ങളില്‍ നിന്ന് ചൈനയിലെ വിപണിയിലെത്തുന്ന  പ്രക്രിയയും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ഈ മൂന്നു നോവലുകളിലൂടെ അമിതാവ് ഘോഷ് ചിത്രീകരിച്ചിരിക്കുന്നത്.

1956 ല്‍ കോല്‍ക്കത്തയിലാണ് അമിതാവ് ഘോഷ് ജനിച്ചത്. പ്രശസ്തമായ ഡൂണ്‍ സ്‌കൂളില്‍ നിന്നും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നുമായി വിദ്യാഭ്യാസം നേടിയ ശേഷം ഓക്‌സ്ഫഡില്‍ നിന്നു സോഷ്യല്‍ ആന്ത്രപ്പോളജിയില്‍ ഡോക്‌റേറ്റ് കരസ്ഥമാക്കി.  കുറച്ചുകാലം ഇന്ത്യന്‍ എക്‌സ്പ്രസില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപു രത്ത് സിഡിഎസില്‍ ഗവേഷകനായും ജോലിചെയ്യുകയുമുണ്ടായി. അക്കാലത്ത് അടൂര്‍ ഗോപാലകൃഷ്ണനുമായുണ്ടായ സൗഹൃദം അദ്ദേഹം പിന്നീട് പല വേദികളിലും പറഞ്ഞിട്ടുമുണ്ട്.

പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അമിതാവ് ഘോഷിനെ ആദരിച്ചിട്ടുണ്ട്. 2008 ലെ ബുക്കര്‍ പ്രൈസിന് പരിഗണിക്കപ്പെട്ട കൃതികളില്‍ ഒന്ന് സീ ഓഫ് പോപ്പീസ് ആയിരുന്നു.

No comments:

FACEBOOK COMMENT BOX