സന്ദീപ് സലിം
അമിതാവ് ഘോഷ് എന്ന നോവലിസ്റ്റിനെ വായിക്കുന്നവര്‍ക്ക് ഒരു സര്‍ഗ സൃഷ്ടിവായിക്കുന്‌പോള്‍ ലഭിക്കുന്ന സംതൃപ്തി മാത്രമല്ല ലഭിക്കാറ്. വളരെ ദീര്‍ഘമായ ഗവേഷണത്തിലൂടെ തയാറാക്കുന്ന ചരിത്ര ഗ്രന്ഥത്തിന്റെ വായനയിലൂടെ ലഭിക്കുന്ന അറിവുകളും ലഭിക്കുന്നു. അമിതാവ് ഘോഷില്‍ ചരിത്രകാരനും നോവലിസ്റ്റും തമ്മിലുള്ള അന്തരം വളരെ നേര്‍ത്തതാണ്. കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ അമിതാവ് പുലര്‍ത്തുന്ന സൂക്ഷ്മത അദ്ദേഹത്തിലെ നരവംശ ശാസ്ത്രജ്ഞനെക്കൂടി വായനക്കാരനു കാട്ടിക്കൊടുക്കുന്നു. ഈ പറഞ്ഞ പ്രത്യേകതകളാണാണ് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠത്തിന് അര്‍ഹനാക്കിയിരിക്കുന്നതും.
തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നയിടത്തു നിന്നാണ് അമിതാവ് ഘോഷിന്റെ നോവലുകളുടെ പരിസരങ്ങള്‍ രൂപപ്പെട്ടുവരുന്നത്. അത്തരം നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളെ ചരിത്രകാരന്റെ സൃഷ്ടിയാണോ എന്നു തോന്നിപ്പിക്കുന്നതും. എന്നാല്‍, അമിതാവ് പലപ്പോഴും ഇതിനോടു വിയോജിക്കാറുണ്ട്. 'നിരീക്ഷണമില്ലെങ്കില്‍ എഴുത്ത് മാത്രമല്ല ഒരു കലയും സാധ്യമാവില്ല. പക്ഷേ, നിരൂപകരും വായനക്കാരും പറയുന്നതിനോടു ഞാന്‍ വിയോജിക്കുന്നു. അത് വളരെ ജനറലായ ഒരു നിരീക്ഷണമാണ്. എനിക്കുതോന്നുന്നത് മറിച്ചാണ്. നിരീക്ഷണമാണ് നോവലിനെ ചരിത്രത്തില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ചരിത്രത്തിന് നിരീക്ഷണത്തിന്റെ ആവശ്യമില്ലല്ലോ. അതിനു ഗവേഷണത്തിന്റെ ആവശ്യമല്ലേ ഉള്ളൂ. ഒരാളുടെ ജീവിതം മറ്റൊരാളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നു എന്ന നിരീക്ഷണമാണ് നോവലിനെ അനുവാചകരുടെ ഹൃദയത്തില്‍ അടയാളപ്പെടുത്തുന്നത്.'' എന്നാണ് അദ്ദേഹം നിരൂപകരോടും വായനക്കാരോടും ഒരിക്കല്‍ പറഞ്ഞത്.