വൈദികരായ ഫാ. സുനില്‍ ജോസ് സിഎംഐ, സിസ്റ്റര്‍ സാന്ദ്ര സോണിയ എസ്എഫ്എം, ഫാ. ജോയ്‌സണ്‍ ഒഎഫ്എം കപ്പൂച്ചിന്‍, ഫാ. കെ. എം. ജോര്‍ജ്, ഫാ. റോയ് എം. തോട്ടം എസ്‌ജെ, അതുല്യപ്രിയ, ജിതിന്‍ പി. വിത്സണ്‍ തുടങ്ങിയവര്‍ |
''വിഭജനങ്ങളില്ലാത്ത വൈവിധ്യങ്ങളുടെ സൗന്ദര്യവും അതിരുകളില്ലാത്ത പാരസ്പര്യവും കാപട്യരഹിതവും തനിമയുള്ള സൗഹൃദത്തിന്റെ ഈര്‍പ്പം നിറഞ്ഞതുമായ ഒരു ലോകം.' ഇ വരികള്‍ അത്ര എളുപ്പമല്ലാത്ത, വളരെ ദീര്‍ഘകാലയളവ് വേണ്ടിവരുന്ന ഒരു ദൗത്യത്തിന്റെ പേരിനു താഴെ എഴുതപ്പെട്ടതാണ്. കലാപ്രവര്‍ത്തനങ്ങളിലൂടെ സമാധാനത്തിന്റെ സന്ദേശവാഹകരാവുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാര്‍പ് (company of artists for radiance of peace) എന്ന കൂട്ടായ്മയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കലാകാരന്മാരായ എട്ടു വൈദികരും ഒരു സന്യാസിനിയുമാണ് കാര്‍പ്പിന്റെ പിന്നിലുള്ളത്. ''ദയയുടെയും ലാവണ്യബോധത്തിന്റെയും ഭാവനാത്മകതയിലേക്കുള്ള പ്രയാണത്തിന്റെ അനിവാര്യത കലയിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുകയും സമാനഹൃദയരെ അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു. കല, കലഹങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമാണ്. ഹിംസയ്‌ക്കെതിരേയുള്ള സമാധാനത്തിന്റെ നിലപാടുകളാണ്. മനുഷ്യരുടെ മനസുകളെ ശുദ്ധീകരിക്കുന്ന സ്വച്ഛതയാണ്.'' എന്നാണ് കാര്‍പ്പിന്റെ ദൗത്യത്തെക്കുറിച്ചു സ്ഥാപകാംഗം ഫാ. റോയ് തോട്ടത്തില്‍ പറയുന്നത്.
അടുത്തിരിക്കുന്നവരില്‍ ദൈവത്തെ കാണണം എന്ന ഭാരതീയ ദര്‍ശനത്തില്‍നിന്ന് അപരനെ നരകമായി കാണുന്ന വര്‍ത്തമാന കാലത്ത് ''കാര്‍പ്'' എന്ന കൂട്ടായ്മയ്ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്രകൃതിയെ തങ്ങളുടെ നിലനില്പിനുവേണ്ടി പ്രയോജനപ്പെടുത്തുന്നതിനു പകരം സ്വാര്‍ഥതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവാണ് പ്രകൃതിചിത്രരചനാ ക്യാമ്പുകളിലേക്കുകൂടി തങ്ങളെ എത്തിച്ചതെന്നു കാര്‍പ്പിലെ അംഗവും തൃശൂര്‍ സെന്റ് അലോഷ്യസ് കോളജിലെ മലയാളം അധ്യാപകനുമായ ഫാ. സുനില്‍ ജോസ് സിഎംഐ പറഞ്ഞു. പ്രകൃതിഭംഗിക്ക് പേരുകേട്ട വാഗമണിലെ പാലറ്റ് പീപ്പിള്‍ ആര്‍ട്ട് റസിഡന്‍സിയില്‍ നടന്ന ചിത്രകലാ ക്യാമ്പ് മുതലാണ് ''കാര്‍പ്പി''നെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. വാഗമണ്‍ ക്യാമ്പിലെ ചിത്രങ്ങള്‍ ''ദയാതുഷാരങ്ങള്‍'' എന്ന പേരില്‍ കൊച്ചി ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
കഴിഞ്ഞയാഴ്ച കോട്ടയം ഞാലിയാകുഴിയിലെ മാര്‍ ബസേലിയോസ് ദയറയില്‍ നടന്ന ത്രിദിന ചിത്രരചനാ ക്യാമ്പിന്റെ സംഘാടകന്‍ അന്താരാഷ്ട്ര പ്രശസ്തനായ തത്വ ചിന്തകനും അധ്യാപകനും ചിത്രകാരനുമായ ഫാ. കെ. എം. ജോര്‍ജായിരുന്നു. മാര്‍ ബസേലിയോസ് ദയറയില്‍ അദ്ദേ ഹം ഡയറക്ടറായ സോപാന അക്കാഡമിയിലായിരു ന്നു ക്യാന്പ് വൈദികരായ ഫാ. സുനില്‍ ജോസ് സിഎംഐ, ഫാ. റോയ് എം. തോട്ടം എസ്‌ജെ, ഫാ. കെ. എം. ജോര്‍ജ്, ഫാ. ജോയ്‌സണ്‍ ഒഎഫ്എം കപ്പൂച്ചിന്‍, സിസ്റ്റര്‍ സാന്ദ്ര സോണിയ എസ്എഫ്എം, അതുല്യപ്രിയ, ജിതിന്‍ പി. വിത്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രകൃതി മനുഷ്യന് ജീവിക്കാനുള്ള ഇടം മാത്രമല്ല ഒരുക്കുന്നതെന്നും, മറിച്ച് മാനവരാശിക്ക് നന്മയുടെ വലിയ സന്ദേശങ്ങളും നല്കുന്നുണ്ടെന്ന് ഫാ. ജോയ്‌സണ്‍ തന്റെ ചിത്രങ്ങളിലൂടെ ലോകത്തിനു കാണിച്ചുകൊടുക്കുന്നു. വാഗമണ്ണിലെ മലനിരകളില്‍നിന്നു ശേഖരിച്ച പച്ചപ്പുല്ല് ചിത്രത്തിനോടൊപ്പം ക്യാന്‍വാസില്‍ ഒട്ടിച്ച് ചേര്‍ത്താണ് അദ്ദേഹം തന്റെ ചിത്രം പൂര്‍ത്തിയാക്കിയത്. പ്രകൃതിയും മനുഷ്യനും വേറിട്ട് നില്‍ക്കേണ്ടവരെല്ലെന്നും രണ്ടും പരസ്പരം ലയിച്ചു ചേരേണ്ടതാണെന്നും അദ്ദേഹം തന്റെ ചിത്രത്തിലൂടെ കാഴ്ചക്കാരോട് വിളിച്ചുപറയുന്നു. കേരളം നേരിട്ട പ്രളയം ഈ ലയിച്ചുചേരലില്‍ നിന്നുള്ള പിന്നോട്ടുപോക്കുമൂലമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി മനുഷ്യനു നല്കുന്ന നന്മകളെ തിരികെപ്പിടിക്കുകയെന്ന മഹത്തായ സന്ദേശമാണ് ജോയ്‌സണ്‍ തന്റെ ചിത്രത്തിലൂടെ മാനവരാശിക്കു നല്കുന്നത്. സ്ഥാപിത താത്പര്യങ്ങളോടുള്ള മനുഷ്യരുടെ ഇടപെടലുകളെ നിയന്ത്രിക്കാന്‍ നമ്മള്‍ തയാറാവാത്തപക്ഷം, പ്രകൃതി ജൈവ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നടത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണ് കേരളത്തിലുണ്ടായ പ്രളയമെന്നും ഫാ. ജേയ്‌സണ്‍ തന്റെ പരീക്ഷണ ചിത്രത്തിലൂടെ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞുവയ്ക്കുന്നു.
ഫാ. റോയ് എം. തോട്ടത്തെ സംബന്ധിച്ച് ഓരോ ചിത്രവും സ്വത്വാന്വേഷണമാണെന്നു പറയാം. ''ആര്‍ദ്രം'' എന്നു പേരിട്ട ചിത്രത്തിലൂടെ അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ആര്‍ദ്രതയാണു കാഴ്ചക്കാരനിലേക്കെത്തിക്കുന്നത്. ദയറയിലെ ചാപ്പലിലുണ്ടായിരുന്ന ഒരു ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആര്‍ദ്രം പൂര്‍ത്തിയാക്കിയതെന്നു ഫാ. റോയ് വ്യക്തമാക്കുന്നു. ''മാതാവിന്റെ മടിയിലിരിക്കുന്ന യേശു ക്രിസ്തുവിന്റെ ചിത്രത്തില്‍നിന്നാണ് മനുഷ്യര്‍ തമ്മിലുള്ള ആര്‍ദ്രമായ ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നത്. അത് പിന്നീട് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലേക്കെത്തുകയായിരുന്നു. അങ്ങനെയാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആര്‍ദ്രമായ അനുഭവത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതും ചിത്രം പൂര്‍ത്തിയാക്കുന്നതും.'' ഫാ. റോയ് പറഞ്ഞു. ഒരു മരത്തിനുള്ളിലിരിക്കുന്ന അമ്മയും കുഞ്ഞുമാണ് ചിത്രത്തിലുള്ളത്. പ്രകൃതിയുടെ കരുതലിന്റെ പ്രതീകമായാണ് മരം ചിത്രീകരിച്ചിരിക്കുന്നത്.
മനുഷ്യന്‍ എന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. ചിലപ്പോള്‍ സാമൂഹ്യജീവിയായിരിക്കുന്ന മനുഷ്യന്‍ ചില സനയങ്ങളിലെങ്കിലും സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങാറുമുണ്ട്. പരസ്പരവിരുദ്ധമായ മനുഷ്യന്റെ മനോനിലയെ ആണ് ഫാ. സുനില്‍ ജോസ് സിഎംഐ തന്റെ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. നീലാകാശത്ത് ഒറ്റയ്്ക്കു നില്‍ക്കുന്ന ഒരു തുണ്ടു ഭൂമിയില്‍ നില്‍ക്കുന്ന ഒരു വീടും മരവുമാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. ആ ഇടത്തിലേക്ക് പറന്നെത്തുന്ന രണ്ടു മനുഷ്യരും ചിത്രത്തിലുണ്ട്. വിഭാഗീയമായ ചിന്തകളുടെ പിന്നാലെ പോയി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ചിത്രീകരണമായും; വര്‍ത്തമാനകാലത്തിന്റെ പോക്കില്‍ മനംമടുത്ത് സ്വന്തം ചിന്തകളിലേക്കു മാത്രമായി ഒതുങ്ങുന്ന മനുഷ്യരുടെ ചിത്രീകരണമായും വ്യാഖ്യാനിക്കാന്‍ ഇടനല്കുന്ന ചിത്രമാണ് ഫാ. സുനില്‍ ജോസിന്റേത്.
തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ ചിത്രകലാ വിദ്യാര്‍ഥിയായ സിസ്റ്റര്‍ സാന്ദ്ര സോണിയ വരച്ച ചിത്രം വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടിയാണ്. കൊളോസിയത്തിലേക്കു വീഴുന്ന ഒരു മത്സ്യത്തെയാണ് സിസ്റ്റര്‍ ചിത്രീകരിച്ചിരിക്കുന്നത്. പതിനായിരക്കണക്കിനു ജനങ്ങളുടെ ആവേശവും ആര്‍പ്പുവിളികളും ഗ്ലാഡിയേറ്ററുകളുടെ ആക്രോശങ്ങളും കുതിരക്കുളമ്പടികളും വന്യമൃഗങ്ങളുടെ ഗര്‍ജനങ്ങളും നിറഞ്ഞ കൊളോസിയത്തിലേക്കു വീഴുന്ന മത്സ്യം ക്രിസ്തുവിനെയും സഭയെയും പ്രതിനിധീകരിക്കുന്നു. സമകാലിക ലോകത്ത് സഭ നേരിടുന്ന വെല്ലുവിളികളെയാണ് സിസ്റ്റര്‍ സാന്ദ്ര സോണിയ ചിത്രീകരിച്ചത്. അധികാരവും അഹംബോധവും പിടിമുറുക്കുന്നതിലൂടെ അധര്‍മവും തിന്മയും അഴിഞ്ഞാടുന്ന വേദിയില്‍ മനുഷ്യത്വവും മാനവികതയും വെറും കാഴ്ചക്കാരായി മാറുന്നതിന്റെ വേദന സാന്ദ്രസോണിയ തന്റെ ചിത്രത്തിലൂടെ വരച്ചിടുന്നു. സമകാലിക വിഷയങ്ങളിലെ സൂക്ഷ്മ രാഷ്ട്രീയം പറയുന്ന സാന്ദ്രസോണിയ ജീവിതത്തിലും പ്രകൃതിയോടും മനുഷ്യര്‍ പുലര്‍ത്തേണ്ട കരുണയുടെയും നന്മയുടെയും വക്താവാകുന്നു.
വാസ്തുവിദ്യാ ഗുരുകുലത്തിലടക്കം ശ്രദ്ധേയമായ മ്യൂറല്‍ പെയിന്റിംഗുകള്‍ വരച്ചിട്ടുള്ള ജിതിന്‍ പി. വിത്സന്‍രെ ചിത്രം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇന്നു നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതരത്വത്തിന്റെ ഉദാത്തമായ സന്ദേശമാണ് ഒരു വള്ളത്തില്‍ സഞ്ചരിക്കുന്ന ശ്രീകൃഷ്ണന്റെയും ക്രിസ്തുവിന്റെയും ചിത്രത്തിലൂടെ അദ്ദേഹം കാഴ്ചക്കാരിലെത്തിക്കുന്നത്. ക്യാമ്പ് നടന്ന സ്ഥലത്തു കണ്ട പുഷ്പത്തിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ ക്യാന്‍വാസിലേക്കു പകര്‍ത്തിയ അതുല്യപ്രിയയും പന്ത്രണ്ടുവയസുകാരി ആഞ്ജലിറ്റയും ചിത്രരചനാ ക്യാമ്പിനെ സജീവമാക്കി.
കാര്‍പ്പില്‍ സഹകരിക്കാന്‍ സമാന മനസ്‌കരായ പുതുതലമുറ കലാകാരന്‍മാര്‍ വരുന്നത് വലിയ പ്രതീക്ഷയാണു നല്‍കുന്നതെന്നു ഫാ. റോയ് എം തോട്ടം പറയുന്നു. ' ചിത്രരചനയില്‍ പ്രാഗത്ഭ്യം തെളിയിച്ച വൈദികരുടെയും സന്യാസിനികളുടെയും കൂട്ടായ്മയെന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും. ഇന്ന് അത് സമാന ആശയങ്ങള്‍ പിന്തുടരുന്നവരുടെ കൂട്ടമായി വളര്‍ന്നത് ഞങ്ങള്‍ മുന്നോട്ടുവച്ച ആശയത്തിന്റെ സ്വീകാര്യതയും സത്യസന്ധതയുമാണ് കാണിക്കുന്നത്. കാര്‍പ് ലോകത്തോടു പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എത്തേണ്ടത് പുതിയ തലമുറയിലാണ്. അതു കൊണ്ടുതന്നെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സാപ് (സ്റ്റുഡന്റ് ആര്‍ട് ഫോര്‍ പീസ്) എന്ന കൂട്ടാമയും ആരംഭിക്കുന്നത്. കലയോടു കൂട്ടു ചേര്‍ന്ന കുട്ടികളുടെ കൂട്ടായ്മയാണ് സാപ്. 'സര്‍ഗാത്മകതയുടെ ആനന്ദത്തില്‍ ലയിച്ച്, കുട്ടിത്തത്തിന്റെ നന്മകളെ വളര്‍ത്തിയെടുക്കാനും കാത്തുസൂക്ഷിക്കാനും ഉതകുന്നവിധത്തില്‍ കുട്ടികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയാണു സാപ്പിന്റെ ലക്ഷ്യം. പാലാ രിവട്ടം പിഒസിയിലും കൊല്ലം മുഖത്തലയിലും നടന്ന ക്യാമ്പില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയുണ്ടായി. അത് വലിയ പ്രതീക്ഷകളാണു ഞങ്ങള്‍ക്കു നല്‍കുന്നത്. ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ നിരവധിയാളുകള്‍ മുന്നോട്ടു വരുന്നുണ്ട്. ഏറ്റെടുത്തിരിക്കുന്നത് വളരെ വലിയ ദൗത്യമാണെന്നു ഞങ്ങള്‍ക്കറിയാം. അതില്‍ പരമാവധി മുന്നോട്ടു പോവുകയാണു ഞങ്ങളുടെ ലക്ഷ്യം'' ഫാ. റോയി പറഞ്ഞു നിര്‍ത്തി.
2 comments:
Well done, Sandeep.
Great initiative! Bless you all...
Post a Comment