ഗോവയിലെ രാഷ്ട്രീയ നാടകങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും മനോഹര്‍ പരീക്കറിന്റെ മരണത്തോടെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. ഗോവയിലെ ബിജെപിയുടെ കിംഗ് മേക്കറായിരുന്നു മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍. ചടുലവും അപ്രതീക്ഷിതവുമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ് മനോഹര്‍ പരീക്കര്‍ ബിജെപി രാഷ്ട്രീയത്തില്‍ മുന്‍നിരയിലെത്തിത്. ഒരുവശത്തു ശക്തനും മറുവശത്തു സൗമ്യനുമായിരുന്നു മനോഹര്‍ പരീക്കര്‍. 1955 ഡിസംബര്‍ 13ന് ഗോവയില്‍ മപുസയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണു മനോഹര്‍ പരീക്കര്‍ ജനിച്ചത്. പഠനത്തില്‍ അസാധാരണ മികവു പുലര്‍ത്തിയിരുന്ന പരീക്കര്‍ ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കില്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടി. സ്‌കൂള്‍ പഠനകാലത്തു തന്നെ ആര്‍എസ്എസിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും ബിരുദ പഠനത്തിന് മുംബൈയില്‍ എത്തിയതോടെയാണ് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി മാറിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവു കണ്ട് നോര്‍ത്ത് ഗോവയില്‍ സംഘടനയെ വളര്‍ത്തുകയെന്ന വലിയ ദൗത്യം ആര്‍എസ്എസ് അദ്ദേഹത്തെ ഏല്‍പ്പിച്ചു. നോര്‍ത്ത് ഗോവയില്‍ അദ്ദേഹം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിക്കാന്‍ ആര്‍എസ്എസിനെ പ്രാപ്തമാക്കിയത്. അയോധ്യയിലെ രാമജന്‍മഭൂമി പ്രക്ഷോഭത്തില്‍ സംഘപരിവാറിന്റെ ആശയ ഉപദേശകരില്‍ ഒരാളായും പരീക്കര്‍ മാറി.
25 വര്‍ഷം മുന്പ് എംഎല്‍എ
1994 ലാണ് പരീക്കര്‍ ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് അദ്ദേഹത്തെ കൂടാതെ മൂന്നു എംഎല്‍എമാര്‍ കൂടിയേ ബിജെപിക്കുണ്ടായിരുന്നുള്ളൂ. ഇന്ത്യയില്‍ ഐഐടി ബിരുദധാരിയായ ഒരാള്‍ എംഎല്‍എ ആകുന്നത് ആദ്യമായിട്ടായിരുന്നു. പിന്നീട്, 1999 ല്‍ അദ്ദേഹം പ്രതിപക്ഷനേതാവായി. പ്രതിപക്ഷത്തിരുന്ന് അദ്ദേഹം നടത്തിയ നീക്കങ്ങളാണു തൊട്ടടുത്തവര്‍ഷം തന്നെ ബിജെപിയെ ഗോവയില്‍ അധികാരത്തിലെത്തിച്ചത്. അന്നു മുഖ്യമന്ത്രിപദത്തിനു പരീക്കറല്ലാതെ മറ്റൊരു പേര് മുന്നോട്ടുവയ്ക്കാന്‍ ബിജെപിക്ക് ഇല്ലായിരുന്നു.
പിന്നീടു സംസ്ഥാനം നിരവധി രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു സാക്ഷ്യംവഹിച്ചു. 2005 ല്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ചു. 2007ല്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തിയതോടെ ബിജെപിയും പരീക്കറും പ്രതിരോധത്തിലായി.
2012ല്‍ വന്‍ ഭൂരിപക്ഷത്തോടെ പരീക്കറുടെ നേതൃത്വത്തില്‍ ബിജെപി ഗോവയില്‍ തിരിച്ചുവന്നു. അന്നു മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പരീക്കര്‍ ഇന്ത്യയൊട്ടാകെ ബിജെപി അധികാരത്തില്‍ വരുമെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ സാധൂകരിച്ചുകൊണ്ട് 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബിജെപി അധികാരത്തിലെത്തിയതു ചരിത്രം.
പ്രതിരോധമന്ത്രിപദത്തിലേക്ക്
2014ല്‍ മുഖ്യമന്ത്രി പദം രാജിവച്ച് കേന്ദ്രമന്ത്രി പദമേറ്റെക്കണമെന്നു പരീക്കറോടു പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. കേന്ദ്രത്തില്‍ അദ്ദേഹത്തെ കാത്തിരുന്നതു പ്രതിരോധ മന്ത്രിയെന്ന സുപ്രധാന പദവിയും. ഉത്തര്‍പ്രദേശില്‍ നിന്നു രാജ്യസഭയിലെത്തിച്ചാണ് അദ്ദേഹത്തെ ബിജെപി കേന്ദ്രമന്ത്രിയാക്കിയത്. യുപിഎ ഭരണകാലത്തെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടങ്ങി. മോദി മന്ത്രിസഭയുടെ നയപരമായ തീരുമാനങ്ങളില്‍ പലതിലും പങ്കാളിയായി പരീക്കര്‍ മാറി.
2017 ല്‍ വീണ്ടും ഗോവയിലേക്ക്
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. തെരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസ് മാറി. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഭരണത്തിലെത്തിക്കാന്‍ ബിജെപി നേതൃത്വം വഴികള്‍ തേടി. പരീക്കര്‍ മുഖ്യമന്ത്രിയായി മടങ്ങിയെത്തിയാല്‍ പിന്തുണയ്ക്കാമെന്നു ഘടകകക്ഷികള്‍ പറഞ്ഞു. ബിജെപി പരീക്കറോട് ഗോവയിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വീണ്ടും
ഗോവയിലെത്തി മുഖ്യമന്ത്രിയായി. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനാകാതെ പോയത് കോണ്‍ഗ്രസിന് ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി. 40 അംഗ സഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് 17 സീറ്റ് നേടിയിരുന്നു. എന്നാല്‍, സഖ്യ കക്ഷികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണ ഉറപ്പിക്കാന്‍ പരീക്കര്‍ നടത്തിയ നീക്കങ്ങള്‍ ഫലം കാണുകയായിരുന്നു.
അര്‍ബുദ രോഗത്തിന്റെ പിടിയില്‍
മുഖ്യമന്ത്രി പദത്തിലിരിക്കെയാണ് അദ്ദേഹത്തെ അര്‍ബുദം പിടികൂടുന്നത്. മുംബൈയിലും പിന്നീട് അമേരിക്കയിലും ചികിത്സ കഴിഞ്ഞ് ഗോവയില്‍ മടങ്ങിയെത്തിയ അദ്ദേഹം രോഗക്കിടക്കയില്‍ കിടന്നാണു ഭരണം നിര്‍വഹിച്ചത്. കോണ്‍ഗ്രസിന്റെയും എന്‍ഡിഎ കക്ഷികളുടെയും കണക്കുകൂട്ടലുകളെ തകിടം മറിച്ച് പരീക്കര്‍തന്നെ മുഖ്യമന്ത്രി സ്ഥാനത്തു തുടര്‍ന്നു.
റഫാല്‍ ഭയം
മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാല്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും പുറത്തുവന്നേക്കാമെന്ന് മോദിയും അമിത് ഷായും ഭയന്നിരുന്നതായി കോണ്‍ഗ്രസ് ആരോപിച്ചതോടെ പരീക്കര്‍ വിവാദ പുരുഷനുമായി. പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ ബ്ലാക്ക് മെയില്‍ ചെയ്യുമെന്ന ഭയത്താലാണു മുഖ്യമന്ത്രിസ്ഥാനം ബിജെപി മറ്റാര്‍ക്കും നല്‍കാതിരുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റഫാല്‍ ഇടപാടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അനാരോഗ്യത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പരീക്കര്‍ പോകുമെന്ന് നേതൃത്വത്തിന് ഭയമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം
പരീക്കര്‍ മരണത്തിനു കീഴടങ്ങിയതോടെ ഗോവ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ബിജെപിയുമായി ആശയപരമായി വിയോജിക്കുന്നവര്‍ക്കുപോലും സ്വീകാര്യനായ നേതാവായിരുന്നു മനോഹര്‍ പരീക്കര്‍. പ്രാദേശിക പാര്‍ട്ടികളായ ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ കൂടെക്കൂട്ടിയായിരുന്നു പരീക്കറുടെ ഭരണം. പരീക്കറെ മുഖ്യമന്ത്രി പദത്തില്‍ നിന്നു മാറ്റിയാല്‍ സഖ്യം തകരുമെന്ന ഭയത്താലാണ് ആരോഗ്യനില തീര്‍ത്തും വഷളായിട്ടും പരീക്കറെ മാറ്റാന്‍ ബിജെപി തയാറാകാതിരുന്നത്. സഖ്യകക്ഷികളെക്കൂടി തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു നേതാവിനു മാത്രമേ ഗോവയില്‍ പരീക്കറിന് പകരക്കാരനാവാന്‍ സാധിക്കൂ. മനോഹര്‍ പരീക്കറിന് പകരം മറ്റാരാള്‍ മുഖ്യമന്ത്രിയായാല്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ പുനരാലോചന നടത്തേണ്ടി വരുമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായ് നേരത്തെ പറഞ്ഞിരുന്നു. സഖ്യകക്ഷികളുടെ ഈ നിലപാട് അവസരമാക്കി മാറ്റാനാണു കോണ്‍ഗ്രസിന്റെ നീക്കം.
No comments:
Post a Comment