Tuesday, February 18, 2020

ചിത്രകല പഠിപ്പിക്കുന്ന പാഠം

A Lesson in drawing - 
ചിത്രകല പഠിപ്പിക്കുന്ന പാഠം
Nizar Qabbani/ നിസാര്‍ ഖബ്ബാനി (സിറിയ) 
വിവര്‍ത്തനം: സന്ദീപ് സലിം

എന്റെ മുന്നില്‍
ചായപ്പെട്ടി നിരത്തിയിട്ട്
മകന്‍ ചോദിച്ചു.
അവനായൊരു പക്ഷിയെ വരയ്ക്കാന്‍
ഞാന്‍ ബ്രഷ്മുക്കിയത് ചാരവര്‍ണത്തില്‍

വരച്ചതാവട്ടെ,
താഴിട്ടു പൂട്ടിയ അഴികള്‍ നിറഞ്ഞൊരു സമചതുരവും
അവന്റെ കണ്ണുകളില്‍ അദ്ഭുതം നിറഞ്ഞു.
പക്ഷേ, അച്ഛാ ഇതൊരു തടവറയല്ലേ
പക്ഷിയെ വരയ്ക്കാന്‍ അറിയില്ലെന്നുണ്ടോ?
മാപ്പുതരിക,
മകനെ, പക്ഷികളുടെ രൂപം ഞാന്‍ മറന്നുപോയിരിക്കുന്നു.

എന്റെ മുന്നില്‍,
ചിത്രപുസ്തകം തുറന്നിട്ട്
മകന്‍ ചോദിച്ചത്
കച്ചിത്തുരുമ്പ് വരയ്ക്കാന്‍
പേനയെടുത്ത്
ഞാന്‍ വരച്ചതൊരു തോക്കായിരുന്നു.
'അച്ഛന്, കച്ചിയും തോക്കും
തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നുണ്ടോ'
എന്റെ അറിവില്ലായ്മയെ
അവന്‍ പരിസഹിച്ചു.

'മകനെ എനിക്കറിയാമായിരുന്നു
കച്ചിയുടെ രൂപം
ബ്രഡിന്റെയും റോസാപ്പൂവിന്റെയും രൂപം
പക്ഷേ, ഈ ക്ലേശകരമായ ദിനങ്ങളില്‍
കാട്ടിലെ മരങ്ങള്‍ പൗരസേനയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്നു.
റോസാപ്പൂവുകള്‍ ശോഭകെട്ട് ക്ഷീണിതമായിരിക്കുന്നു.
കച്ചിത്തുരുമ്പും
പക്ഷികളും
സംസ്‌കാരവും
എന്തിന് മതം വരെ
ആയുധമണിഞ്ഞിരിക്കുന്ന ഈ കാലത്ത്
ഒരു കഷണം റൊട്ടിപോലും
ഉള്ളിലൊരു തോക്കില്ലാതെ
നിനക്കു വാങ്ങാനാവില്ല.
കവിളില്‍ കൂര്‍ത്ത മുള്ളിന്റെ പോറലേല്‍ക്കാതെ
ഒരു റോസപ്പൂവും നിനക്ക് ഇറുത്തെടുക്കാനാവില്ല
വിരലുകള്‍ക്കിടയില്‍ പൊട്ടിത്തെറിക്കാത്ത
ഒരു പുസ്തകവും
നിനക്ക് വാങ്ങാനാവില്ല.


മകന്‍ എന്റെ കിടയ്ക്കക്കരികില്‍ വന്നിരുന്ന്
ഒരു കവിത ചൊല്ലാന്‍ പറയുന്നു
എന്റെ മിഴികള്‍ നിറയുന്നു
തലയിണയില്‍ വീണ
എന്റെ കണ്ണുനീര്‍ തുള്ളിയിലവന്‍ ചുംബിക്കുന്നു.

'അച്ഛാ, ഇതു കണ്ണുനീരല്ലേ, കവിതയല്ലല്ലോ.'
അവന്‍ ചോദിക്കുന്നു
'നീ വളര്‍ന്നു വലുതാവുമ്പോള്‍
നമ്മുടെ അറബി മഹാകാവ്യങ്ങള്‍ വായിക്കുമ്പോള്‍
നീ കണ്ടെത്തും
വാക്കും കണ്ണീരും ഇരട്ടകളാണെന്ന്
അറബി കാവ്യങ്ങളെല്ലാം
കവികളുടെ വിരലുകളുടെ വിലാപത്തില്‍ നിന്നുതിര്‍ന്ന
കണ്ണുനീരാണെന്നും.

ബ്രഷും ചായപ്പെട്ടിയും
എന്റെ മുന്നില്‍ നിരത്തിയിട്ട്
മകന്‍ ചോദിക്കുന്നത്
അവനായി മാതൃരാജ്യം വരയ്ക്കാന്‍
എന്റെ വിരലുകള്‍ക്കിടയിലിരുന്ന്
ബ്രഷ് ഞെട്ടി വിറയ്ക്കുന്നു.
ഞാന്‍ പൊട്ടിക്കരച്ചിലിലേക്ക് മുങ്ങിപ്പോകുന്നു.

Thursday, February 6, 2020

ആധുനിക മലയാള കവിതയുടെ പരിഛേദം

സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായത്തെ കുറിച്ച് സമാന്തര മാസിക പിറവി ന്യൂസിന്റെ എഡിറ്റര്‍ ഉല്ലല ബാബു കുറിച്ചത്...
.........................................................

പന്ത്രണ്ട് സ്വതന്ത്ര കവിതകളും പതിനാല് വിവര്‍ത്തന കവിതകളും ചേര്‍ന്നുള്ള കവിതാ സമാഹാരമാണ് സന്ദീപ് സലിമിന്റെ സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം.
ആധുനിക മലയാള കവിതയുടെ പരിച്ഛേദനമാണ് ഈ പന്ത്രണ്ടു കവിതകളും. മലയാള കവിതയുടെ രൂപവും ഭാവവും മാറുന്ന കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. ഭാവുകത്വം മാറുന്നു എന്ന് വളരെ നേരത്തെ തന്നെ നരേന്ദ്രപ്രസാദ് പറഞ്ഞുവച്ചത് ഈ കാവ്യലോകത്ത് അന്വര്‍ഥമാകുകയാണ്. നവീനമായ ഭാവുകത്വം സൃഷ്ടിച്ചു കൊണ്ടാണ് മലയാള കവിത കടന്നുപോകുന്നത്. അതു കാണുമ്പോള്‍ ചില ആസ്വാദകര്‍ക്കും രസിച്ചെന്നു വരില്ല. ഇതെന്ത് കവിത എന്ന് നെറ്റി ചുളിച്ചു പലരും ചോദിച്ചേക്കാം.
വായിച്ചുകഴിയുമ്പോള്‍ വായനക്കാരനെ അസ്വസ്ഥനാക്കുന്നതായിരിക്കണം ഉദാത്തമായ കവിതയും നോലവും കഥയും ഒക്കെ. ഈ കവിതകള്‍ വായിച്ചു കഴിയുമ്പോള്‍ ഇവിടെ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ സമാഹാരനത്തിലെ ഒട്ടുമിക്ക കവിതകളും മനോഹരങ്ങളാണെന്ന് പറയാന്‍ സന്തോഷമുണ്ട്.
സമകാലീക സംഭവങ്ങളൊക്കെ സന്ദീപിന്റെ രചനയ്ക്കു വിഷയമാകുന്നു എന്നതും ശ്രദ്ധേയമാണ്. ഈ കവിതാ ലോകത്തെ മിക്ക കവിതകളും അനുവാചകമനസില്‍ അസ്വസ്ഥതയുടെ തീ കോരിയിടുന്നു. മനുഷ്യന്റെ അസ്തിത്വത്തെ അന്വേഷിച്ചു പോകുന്ന കവിതകളാണ് ഇതില്‍ ഏറിയ കൂറും. അതില്‍ കവി വിജയിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. ചില ഭാഷകളിലെ പ്രസിദ്ധങ്ങളായ കവിതകള്‍ വിവര്‍ത്തനം ചെയ്ത് അനുബന്ധമായി ചേര്‍ന്നിത്തിരിക്കുന്നു. അതും നല്ലതുതന്നെ. എന്തു കൊണ്ടും ശ്രദ്ധേയമായ ഒരു കാവ്യഗ്രന്ഥം.
യു.ബി.

ഉഷ്ണഗീതം

സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായത്തെ കുറിച്ച് ഏറ്റുമാനൂര്‍കാവ്യവേദി ചെയര്‍മാന്‍ പി പി നാരായണന്‍സാര്‍ എഴുതുന്നു


പി.പി. നാരായണന്‍

പുതിയ എഴുത്തിന്റെ സുഭദ്രമായ രചനയാണ് സന്ദീപ് സലിമിന്റെ 'സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം' എന്ന കൃതി വര്‍ത്തമാനത്തിലേക്കും ഭാവിയിലേയും ഭൂപടത്തിലെ രാജ്യങ്ങളും ആ രാജ്യവാസികളും ഉഷ്ണശീതനിറങ്ങളില്‍ വരക്കപ്പെടുന്നു. വെളുപ്പുകളെ കറുപ്പായും കറുപ്പുകളെ വെറുപ്പായും ചുവന്ന മഷികളാല്‍ രേഖിതമാക്കിയിരിക്കുന്നു. ശബ്ദിക്കാത്ത അനുഭവങ്ങളുടെ പുറത്തിറങ്ങാത്ത തേങ്ങലുകള്‍ ഇതിന്റെ പ്രകമ്പനങ്ങളെ വായനക്കാരനില്‍ വിസ്‌ഫോടനാത്മകമായ അവസ്ഥകള്‍ ജ്വലിപ്പിക്കുന്നു. ആ കറുത്ത ജ്വാലയില്‍ പ്രേതങ്ങളുടെ പ്രണയഗാനം ആലിംഗനം ചെയ്യുന്നു. ഇരമ്പിയൊലിക്കുന്ന അസ്വസ്ഥതകള്‍. പൊള്ളിക്കുന്ന പച്ചപ്പുകള്‍ മൃതതാളത്തില്‍ ലയിച്ചുയരുന്ന വിരൂപരംഗങ്ങള്‍ സൃദൃഡമായ ഗളനാളം ഛര്‍ദിക്കുന്ന പൊട്ടിയ നാദച്ചീന്തുകള്‍ ഉലഞ്ഞ താളം. അലഞ്ഞലിയുന്ന ഗര്‍ഭം ധരിച്ച വികാരങ്ങള്‍. നഗ്‌നതയെ വെറുക്കുന്ന കാമം. ലിംഗം ഭക്ഷിക്കുന്നവളുടെ തീരാത്ത മടുപ്പ്. സ്വാതന്ത്ര്യം കൊണ്ടു സ്വാതന്ത്ര്യത്തെ ബലാത്സംഗം ചെയ്യുന്ന പുരുഷ അധിനിവേശം. കാലം വിസര്‍ജിച്ച മലമൂത്രങ്ങള്‍ ഭക്ഷിച്ചു നേടുന്ന സുഭിഷത. കരുത്തുറ്റ മനസിന്റെ പ്രേതശേഷി നേടിയ രതിപ്രവാഹം. പെണ്‍ ശരീരത്തിനുമേല്‍ ആണ്‍ അവയവത്തിന്റെ അധിനിവേശം. സ്വാതന്ത്ര്യഭാരത്തിന്റെ ചിതലരിച്ച് നാറുന്ന സ്‌നേഹത്തിന്റെ ആക്രോശം. മകള്‍, പെങ്ങള്‍, അമ്മ ഈ പെണ്ണവസ്ഥയെ ലിംഗാഗ്രത്തു കോര്‍ത്തിട്ട് ആവേശമടക്കുന്ന ഭാരത യുവത്വം. അങ്ങനെ നന്മയും ശാന്തിയും കൈമോശം വന്ന വര്‍ത്തമാന മനുഷ്യരാശിയുടെ തീകത്തുന്ന ഭൂപടം. അതാണ് സന്ദീപ് സലിമിന്റെ കവിതകള്‍ എല്ലാം പറഞ്ഞുതീര്‍ക്കുമ്പോള്‍ ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നുയരുന്ന നിസഹായ ബോധത്തിന്റെ മിസൈലുകള്‍ പൊട്ടാതെ സൃഷ്ടിക്കുന്ന തീരാത്ത അസ്വസ്ഥതകള്‍ മിച്ചം.

'മരം' ഈ കവിത എത്ര വായിച്ചിട്ടും വലിച്ചെറിയാന്‍ കഴിയുന്നില്ല. മനസില്‍ വിട്ടുവപിരിയാതെ അള്ളിപ്പിടിച്ചിരിക്കുന്നു. മാന്തിക്കീറുന്ന പാരപോലെ നീണ്ട നഖത്തുമ്പുകള്‍ വാളാലെ ആഞ്ഞു വെട്ടുന്നു. കുന്തം പോലെ മേലാകെ മുറിക്കുന്നു. ചോരചത്ത ധമനികളില്‍ നിന്നും പ്രവഹിക്കുന്നത് പഴുത്തു ദുര്‍ഗന്ധമാര്‍ന്ന തിളക്കുന്ന ചലം. ഭാരം താങ്ങി മടുത്ത മരം. അതിനെ പ്രേതം കൊണ്ടു സമ്പന്നമാക്കുന്നവന്റെ അന്ത്യം.
ഈ പുസ്തകത്തിലെ കവിതകള്‍ ആശായങ്ങളുടെ അനന്തമായ പ്രവാഹമാണ്. അത് സിരകളിലേക്ക് അനിയന്ത്രിതമായി ഇടിച്ച് കയറുന്നു. മാറിയ ചിന്തയുടെ അഗ്‌നികുണ്ഡലങ്ങള്‍ രൂപപ്പെടുന്നു. തീക്കടലില്‍ പെട്ട മാന്‍ കിടാവിന്റെ അരക്ഷിതാവസ്ഥയിലേക്ക് വായനക്കാരന്‍ നിപതിക്കുന്നു. കാലത്തിന്റെയും മനുഷ്യന്റെയും രുചിക്കൂട്ടുകള്‍ കൊണ്ടു കെട്ടിയുണ്ടാക്കിയ ഒരു കാട്ടുതീ പോലെ അതു സര്‍വ്വത്ര പടരട്ടെ.

FACEBOOK COMMENT BOX