Tuesday, February 18, 2020

ചിത്രകല പഠിപ്പിക്കുന്ന പാഠം

A Lesson in drawing - 
ചിത്രകല പഠിപ്പിക്കുന്ന പാഠം
Nizar Qabbani/ നിസാര്‍ ഖബ്ബാനി (സിറിയ) 
വിവര്‍ത്തനം: സന്ദീപ് സലിം

എന്റെ മുന്നില്‍
ചായപ്പെട്ടി നിരത്തിയിട്ട്
മകന്‍ ചോദിച്ചു.
അവനായൊരു പക്ഷിയെ വരയ്ക്കാന്‍
ഞാന്‍ ബ്രഷ്മുക്കിയത് ചാരവര്‍ണത്തില്‍

വരച്ചതാവട്ടെ,
താഴിട്ടു പൂട്ടിയ അഴികള്‍ നിറഞ്ഞൊരു സമചതുരവും
അവന്റെ കണ്ണുകളില്‍ അദ്ഭുതം നിറഞ്ഞു.
പക്ഷേ, അച്ഛാ ഇതൊരു തടവറയല്ലേ
പക്ഷിയെ വരയ്ക്കാന്‍ അറിയില്ലെന്നുണ്ടോ?
മാപ്പുതരിക,
മകനെ, പക്ഷികളുടെ രൂപം ഞാന്‍ മറന്നുപോയിരിക്കുന്നു.

എന്റെ മുന്നില്‍,
ചിത്രപുസ്തകം തുറന്നിട്ട്
മകന്‍ ചോദിച്ചത്
കച്ചിത്തുരുമ്പ് വരയ്ക്കാന്‍
പേനയെടുത്ത്
ഞാന്‍ വരച്ചതൊരു തോക്കായിരുന്നു.
'അച്ഛന്, കച്ചിയും തോക്കും
തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നുണ്ടോ'
എന്റെ അറിവില്ലായ്മയെ
അവന്‍ പരിസഹിച്ചു.

'മകനെ എനിക്കറിയാമായിരുന്നു
കച്ചിയുടെ രൂപം
ബ്രഡിന്റെയും റോസാപ്പൂവിന്റെയും രൂപം
പക്ഷേ, ഈ ക്ലേശകരമായ ദിനങ്ങളില്‍
കാട്ടിലെ മരങ്ങള്‍ പൗരസേനയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്നു.
റോസാപ്പൂവുകള്‍ ശോഭകെട്ട് ക്ഷീണിതമായിരിക്കുന്നു.
കച്ചിത്തുരുമ്പും
പക്ഷികളും
സംസ്‌കാരവും
എന്തിന് മതം വരെ
ആയുധമണിഞ്ഞിരിക്കുന്ന ഈ കാലത്ത്
ഒരു കഷണം റൊട്ടിപോലും
ഉള്ളിലൊരു തോക്കില്ലാതെ
നിനക്കു വാങ്ങാനാവില്ല.
കവിളില്‍ കൂര്‍ത്ത മുള്ളിന്റെ പോറലേല്‍ക്കാതെ
ഒരു റോസപ്പൂവും നിനക്ക് ഇറുത്തെടുക്കാനാവില്ല
വിരലുകള്‍ക്കിടയില്‍ പൊട്ടിത്തെറിക്കാത്ത
ഒരു പുസ്തകവും
നിനക്ക് വാങ്ങാനാവില്ല.


മകന്‍ എന്റെ കിടയ്ക്കക്കരികില്‍ വന്നിരുന്ന്
ഒരു കവിത ചൊല്ലാന്‍ പറയുന്നു
എന്റെ മിഴികള്‍ നിറയുന്നു
തലയിണയില്‍ വീണ
എന്റെ കണ്ണുനീര്‍ തുള്ളിയിലവന്‍ ചുംബിക്കുന്നു.

'അച്ഛാ, ഇതു കണ്ണുനീരല്ലേ, കവിതയല്ലല്ലോ.'
അവന്‍ ചോദിക്കുന്നു
'നീ വളര്‍ന്നു വലുതാവുമ്പോള്‍
നമ്മുടെ അറബി മഹാകാവ്യങ്ങള്‍ വായിക്കുമ്പോള്‍
നീ കണ്ടെത്തും
വാക്കും കണ്ണീരും ഇരട്ടകളാണെന്ന്
അറബി കാവ്യങ്ങളെല്ലാം
കവികളുടെ വിരലുകളുടെ വിലാപത്തില്‍ നിന്നുതിര്‍ന്ന
കണ്ണുനീരാണെന്നും.

ബ്രഷും ചായപ്പെട്ടിയും
എന്റെ മുന്നില്‍ നിരത്തിയിട്ട്
മകന്‍ ചോദിക്കുന്നത്
അവനായി മാതൃരാജ്യം വരയ്ക്കാന്‍
എന്റെ വിരലുകള്‍ക്കിടയിലിരുന്ന്
ബ്രഷ് ഞെട്ടി വിറയ്ക്കുന്നു.
ഞാന്‍ പൊട്ടിക്കരച്ചിലിലേക്ക് മുങ്ങിപ്പോകുന്നു.

No comments:

FACEBOOK COMMENT BOX