Friday, September 17, 2021

ഭൗതികശാസ്ത്രത്തിലെ വഴികാട്ടി

 


ഭാതികശാസ്ത്രത്തിലെ ക്വാണ്ടം ഗ്രാവിറ്റിയിലും കോസ്മോളജിയിലും മൗലികമായ സംഭാവനകള്‍ കൊണ്ട് ശാസ്ത്രലോകത്തെ സ്വാധീനിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ താണു പദ്മനാഭന്‍ ഓര്‍മയാവുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് സര്‍ ഐസക് ന്യൂട്ടനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഒപ്പം പേരെഴുതിച്ചേര്‍ത്ത പ്രതിഭാശാലിയെയയാണ്.  ഭൗതികശാസ്ത്രത്തില്‍ അദ്ദേഹം ഒരു സൈദ്ധ്യാന്തികന്‍ കൂടിയായിരുന്നു.  തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പത്താംക്ളാസുവരെ പഠിച്ച താണു പദ്മനാഭന്‍ ഭൂഗുരുത്വം, ഘടനാരൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി തുടങ്ങി തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനത്തിലും തന്റേതായ സംഭാവന നല്‍കി. അസ്ട്രേ ഫിസിക്സില്‍ ലോകത്തിലെ തന്നെ പ്രമുഖ ഗവേഷണ കേന്ദ്രമായ പൂനയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സില്‍ പ്രഫസറായിരിക്കെയാണ് അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടു പോകുന്നത്. ലോകമെങ്ങുമുള്ള സര്‍വകലാശാലകളിലും അസ്‌ട്രോണമി സ്ഥാപനങ്ങളിലും അധ്യക്ഷനായും പ്രഭാഷകനായും അംഗമായുമൊക്കെ അദ്ദേഹം പലനിലയില്‍ സേവനമനുഷ്ഠിച്ചു. 

ചെറുപ്പത്തിലേ ഗണിതം കൂടെക്കൂടി

വളരെ ചെറുപ്പത്തില്‍ത്തന്നെ ഗണിതശാസ്ത്രം പഠിക്കാന്‍ അദ്ദേഹത്തിനായി. 1957 ല്‍ തിരുവനന്തപുരത്ത്  താണു അയ്യരുടെയും ലക്ഷമിയുടെയും മകനായാണ് താണു പദ്മനാഭന്‍ ജനിച്ചത്. പിതാവ് താണു അയ്യരുടെയും ഇഷ്ടവിഷയമായിരുന്നു ഗണിതശാസ്ത്രം. എന്നാല്‍, അക്കാലത്തെ ജീവിത സാഹചര്യം അദ്ദേഹത്തെ ഗണിതശാസ്ത്രത്തില്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ അനുവദിച്ചില്ല എന്നുപറയാം. അക്കാരണത്താല്‍ തന്നെ വനംവകുപ്പില്‍ ഒരു ഉദ്യോഗസ്ഥനായി ഒതുങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. തനിക്ക് സാധിക്കാതെപോയത് തന്റെ മകനിലൂടെ സാധിക്കണമെന്ന് ഒരുപക്ഷേ, ആ അച്ഛന്‍ ചിന്തിച്ചിരിക്കാം. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദഹം തന്റെ മകനെ ഗണിതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയുണ്ടായി. അച്ഛന്റെ കുടുബത്തിലെ നിരവധി ആളുകള്‍ ഗണിതത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ഒരിക്കല്‍ താണു പദ്മനാഭന്‍തന്നെ പറഞ്ഞത്. തന്നില്‍ ഗണിതത്തോട് ഇഷ്ടം രൂപപ്പെടുത്തിയെടുത്തവരില്‍ നീലകണ്ഠശര്‍മയെന്ന അച്ഛന്റെ ബന്ധുവിന്റെ സ്വാധീനത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇരുവരുമാണ് താണു പദ്മനാഭനില്‍ ശാസ്ത്രപഠനത്തിന്റെ അടിത്തറപാകിയത്. പിന്നീട് ഒരിക്കല്‍ കുടുംബം തനിക്കു നല്‍കിയ പിന്തുണയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്  ''എന്റെ ബാല്യത്തില്‍ മാത്രമല്ല, എല്ലാക്കാലത്തും കുടുംബത്തില്‍ ദാരിദ്യം നിലനിന്നിരുന്നു. അത് ഒരു വസ്തുതയാണ്. എന്നിരുന്നാലും കുടുബം എന്നെ എല്ലാക്കാലത്തും ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രേരക ശക്തിയായിരുന്നു. മികവ് എന്നത് ഒരിക്കലും വിലപേശലിന് വിധേയമാക്കപ്പെടുന്ന ഒന്നല്ല എന്ന വലിയ ബോധമാണ് കുടുംബം എനിക്കു നല്‍കിയത്.'' എന്നാണ്.

ഗണിതശാസ്ത്രത്തില്‍ നിന്ന് സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തിലേക്ക്

കരമനയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് താണു പദ്മനാഭന്‍ പഠിച്ചത്. അക്കാലത്ത് കണക്കില്‍ അദ്ദേഹം മികച്ച നിലവാരം പുലര്‍ത്തിയിരുന്നുവെങ്കിലും അദ്ദേഹത്തോടൊപ്പമോ അദ്ദേഹത്തെക്കാളോ കണക്കില്‍ മാര്‍ക്കു ലഭിച്ചിരുന്ന രണ്ടോ മൂന്നോ പേര്‍കൂടി ഉണ്ടായിരുന്നു. പിന്നീട് പ്രീ ഡിഗ്രിക്ക് ചേരുമ്പോഴും ഗണിതത്തില്‍ പഠനം തുടരണം എന്ന ആഗ്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീടെങ്ങനെ അദ്ദേഹം ഗണിതശാസ്ത്രം വിട്ട് ഭൗതികശാസത്രത്തിലേക്കെത്തിയെന്ന ചോദ്യം അവശേഷിച്ചിരുന്നു. അതിന് അദ്ദേഹംതന്നെ ഒരിക്കല്‍ ഉത്തരം തന്നു. ''1973 ലാണ് ഞാന്‍ ഗവണ്‍മെന്റ് ആര്‍ട്സ് കോളജില്‍ പ്രീഡിഗ്രിക്ക് ചെരുന്നത്. ഇഷ്ടപ്പെട്ട വിഷയം മാത്തമാറ്റിക്സ് തന്നെയായിരുന്നു. ആ സമയത്താണ് ഞാന്‍ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന റിച്ചാര്‍ഡ് ഫിലിപ് ഫെയ്ന്‍മാന്റെ ലക്ചേഴ്സ് ഓണ്‍ ഫിസിക്സ് വായിക്കുന്നത്. അത് എന്നെ വളരെ സ്വാധീനിച്ചു എന്നു പറയാം. ആ വായനയെ തുടര്‍ന്നുള്ള ചിന്തകളാണ് ഗണിതശാസ്ത്രം ഉപേക്ഷിച്ച് സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തിലേക്ക് വഴിമാറിയാലോ എന്ന ചിന്ത എന്നില്‍ ജനിക്കുന്നതും വഴിമാറുന്നതും''.

  20 ാം വയസില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രബന്ധം

പ്രീ ഡിഗ്രി പഠനം കഴിഞ്ഞ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഫിസ്‌ക്സ് ബിരുദ പഠനത്തിന് താണു പദ്മനാഭന്‍ ചേര്‍ന്നു. കോളജിലെ സിലബസിനു പുറമെ സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തില്‍ ആഴത്തിലുള്ള വായനയ്ക്കായി അദ്ദേഹം സമയം കണ്ടെത്തി. റഷ്യന്‍ ഭൗതികശാസ്ത്രജ്ഞരായ ലാന്‍ഡാവുവും ലിഫ്ഷിറ്റ്സും ചേര്‍ന്നെഴുതിയ കോഴ്സ് ഓഫ് തിയററ്റിക്കല്‍ ഫിസിക്സ് എന്ന 10 വാല്യം വരുന്ന ഗ്രന്ഥം ആഴത്തില്‍ പഠിക്കാനാണ് ഈ കാലത്ത് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത്.  1977 ല്‍, 20 ാം  വയസില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസില്‍ (ജേണല്‍ ഓഫ് ഫിസിക്സ് വിഭാഗത്തില്‍) ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അന്ന് അദ്ദേഹം ബിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ അധ്യാപകര്‍ പോലും അദ്ദേഹത്തിന്റെ പ്രബന്ധത്തെ ഒരു വിദ്യാര്‍ഥിയുടെ എഴുത്ത് മാത്രമായാണ് കണക്കാക്കിയത്. എന്നാല്‍, അന്ന് ജനിച്ചത് ലോപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു. പിന്നീട്, അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ക്കും പഠനങ്ങള്‍ക്കും വേണ്ടി ലോകം കാത്തിരുന്നത് ചരിത്രം. 

ബിഎസ്‌സിക്കും എംഎസ്‌സിക്കും ഗോള്‍ഡ് മെഡല്‍

ഗണിതശാസ്ത്രത്തില്‍ നിന്നും ഭൗതികശാസ്ത്രത്തിലേക്കു വഴിമാറി നടന്ന താണുപദ്മനാഭന് പിഴച്ചില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നു ബിരുദബിരുദാനന്തര കോഴ്സുകള്‍ ഒന്നാം റാങ്കോടെയാണ് അദ്ദഹം പാസായത്. എംഎ സിക്ക് രണ്ടാം റാങ്ക് നേടിയ ആളിനെക്കാള്‍ 152 മാര്‍ക്ക് കൂടുതല്‍ നേടിയാണ് താണു പദ്മനാഭന്‍ ഒന്നാം റാങ്ക് കരസ്തമാക്കിയതെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് നമുക്ക് മനസിലാക്കാനാവുക.  പിന്നീട്, സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം നേരെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലേക്കു പോയി. അവിടെ നിന്നു പിഎച്ച്ഡി പൂര്‍ത്തിയാക്കിയെങ്കിലും അദ്ദേഹത്തിലെ ശാസ്ത്രകുതുകിക്ക് തൃപ്തി ലഭിച്ചില്ല. പിന്നീട് അദ്ദേഹം ഗവേഷണത്തിനായി തെരഞ്ഞെടുത്തത് കേംബ്രിജ് സര്‍വകലാശാല. 1986 ല്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിനായി അദ്ദേഹം കേബ്രിജിലെത്തി. അവിടെ ഗവേഷകനായിരിക്കെയാണ് ഭൗതികശാസ്ത്രിലും ജ്യോതിശാസ്ത്രത്തിലും അദ്ദേഹത്തിന്റേതായി ഗ്രന്ഥങ്ങള്‍ പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് കേംബ്രിജ് സര്‍വകലാശാല തന്നെയാണെന്നത് താണു പദ്മനാഭന്റെ പ്രതിഭയ്ക്കു മാറ്റുകൂട്ടി.

 ഗ്രാവിറ്റിയോടൊപ്പം യാത്രചെയ്ത സഞ്ചാരി

ആസ്ട്രോഫിസിക്സിലും പ്രപഞ്ചപഠനത്തിലും താണു പദ്മനാഭന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം എന്നും സഞ്ചരിച്ചത് ഗ്രാവിറ്റിയോടൊപ്പമാണ്. പ്രത്യേകിച്ച് ക്വാണ്ടം ഗ്രാവിറ്റിയില്‍. ക്വാണ്ടം ഭൗതികത്തില്‍ ഗ്രാവിറ്റിയെ എങ്ങനെ അവതരിപ്പിക്കും എന്നതും ക്വാണ്ടം സിദ്ധാന്തത്തിന്റെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ഏകീകരണം എങ്ങനെ സാധ്യമാക്കാം എന്നതുമായിരുന്നു താണു പദ്മനാഭന്‍ എല്ലാക്കാലത്തും ചിന്തിച്ചിരുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുപോലും സാധിക്കാത്ത കാര്യമായിരുന്നു അതെന്നോര്‍ക്കണം.  അതില്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും മൗലികമാണെന്ന് ലോകം അംഗീകരിക്കുന്നു. എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. ഈ മേഘലയില്‍ ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞര്‍ പറയുന്ന ഒരു കാര്യമുണ്ട്. ഭാവിയില്‍ ആരൊക്കെ ഗ്രാവിറ്റിയെ ഏതൊക്കെ ആംഗിളുകളില്‍ വിശദീകരിക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് താണു പദ്മനാഭനെ പിന്‍പറ്റാതിരിക്കാനാവില്ല. കാരണം അദ്ദേഹം തെളിച്ചിട്ട വഴികള്‍ അത്രവേഗം മാഞ്ഞുപോകില്ല. അക്കാര്യംത്തില്‍ ഒരു സംശയത്തിനും ഇടമില്ല. 2020 ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ സര്‍വേയില്‍ സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തിലെ മികച്ച 25 ശാസ്ത്രജ്ഞരുടെ പട്ടികയില്‍ താണുപദ്മനാഭനും ഉള്‍പ്പെട്ടു. 2007 -ല്‍ പത്മശ്രീ ലഭിച്ച പദ്മനാഭന്‍ 300 -ലധികം ഗവേഷണ പ്രബന്ധങ്ങളും ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഗുരുത്വാകര്‍ഷണം, പ്രപഞ്ചത്തിന്റെ ഘടന/രൂപീകരണം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിജ് സര്‍വകലാശാല തുടങ്ങി നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ അദ്ദേഹം വിസിറ്റിംഗ് പ്രഫസറായിരുന്നു. 

ഡോക്ടറേറ്റുകാരുടെ കുടുംബം

താണു പദ്മനാഭന്റെ കുടുംബം പിഎച്ച്ഡി കുടുംബമാണ്. ടാറ്റ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് തന്നോടൊപ്പമുണ്ടായിരുന്ന വാസന്തിയെയാണ് താണു പദ്മനാഭന്‍ തന്റെ ജീവിത സഖിയാക്കിയത്. താണു പദ്മനാഭന്റെ ഗവേഷണ ജീവിതത്തിലും വാസന്തിയുടെ ഇടപെടല്‍ വലിയ സ്വാധീനം ചെലുത്തി. പോപ്പുലര്‍ സയന്‍സില്‍ ഇരുവരും ചേര്‍ന്നെഴുതിയ ഡോണ്‍ ഓഫ് സയന്‍സ് എന്ന ഗ്രന്ഥം ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്.  ഇവരുടെ ഏകമകളായ ഹംസയും മാതാപിതാക്കളുടെ വഴിയെതന്നെയാണു തെരഞ്ഞെടുത്തത്. ഹംസയും ആസ്ട്രേഫിസിക്സില്‍ ഡോക്ടറേറ്റ് നേടുകയുണ്ടായി.

തേടിയെത്തിയ പുരസ്‌കാരങ്ങള്‍

കേരള ശാസ്ത്ര പുരസ്‌കാരം- 2021 

എം.പി. ബിര്‍ള മെമ്മോറിയല്‍ അവാര്‍ഡ്- 2019 

യുകെയിലെ ഹോമി ഭാഭ ലക്ചറര്‍ അവാര്‍ഡ്- 2014

ഫിസിക്കല്‍ സയന്‍സസിനുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ സമ്മാനം- 2009

ജെസി ബോസ് നാഷണല്‍ ഫെലോഷിപ്പ് -2008 

പത്മശ്രീ - 2007

മീഗുണ ഫെലോഷിപ്പ് അവാര്‍ഡ് (യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, ഓസ്‌ട്രേലിയ) - 2004

ഹോമി ഭാഭ ഫെലോഷിപ്പ് - 2003

ശാസ്ത്ര ഗവേഷണത്തിനുള്ള ജിഡി ബിര്‍ള അവാര്‍ഡ് -2003

അല്‍-ഖവാരിസ്മി ഇന്റര്‍നാഷണല്‍ അവാര്‍ഡ് - 2002

മില്ലേനിയം മെഡല്‍  (സിഎസ്‌ഐആര്‍) - 2000

ശാന്തി സ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡ്- 1996

ബിര്‍ള സയന്‍സ് പ്രൈസ് - 1991

യംഗ് സയന്റിസ്റ്റ് അവാര്‍ഡ് (ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി)- 1984






4 comments:

arun madappally said...

Good 👍

The Editor said...
This comment has been removed by the author.
ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ said...

മികച്ച ലേഖനം

J.L RAJAN said...

Very good tribute to a great scientist.

FACEBOOK COMMENT BOX