Saturday, June 11, 2022

ഭരണചക്രം തിരിക്കുന്ന മസൂറി

 

                                                        ഗ്യാന്‍ശില - ക്ലാസ് റൂമുകള്‍

താങ്കള്‍ സിവില്‍ സര്‍വീസിനു പഠിക്കുവാണോ എന്നത് അര്‍ഥമുള്ള ചോദ്യമാണ്. സര്‍വീസ് തീരുന്നതുവരെ തുടരുന്നതാണ് ഇന്ത്യയില്‍ സിവില്‍ സര്‍വീസുകാരുടെ പഠനവും പരിശീലനവും.     

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഏറ്റവും ഉന്നതമായ പരീക്ഷയാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. ദേശീയതലത്തില്‍ പത്തു ലക്ഷത്തോളം പേര്‍ അപേക്ഷിക്കുകയും നാലര ലക്ഷം പേര്‍ പ്രിലിമിനറി എഴുതുകയും ചെയ്യുന്ന പരീക്ഷ. ഒന്നാം ഘട്ടം കടക്കുന്നവര്‍ക്കു മെയിന്‍ പരീക്ഷ എഴുതാം. ഇതിലെ മിടുക്കരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഈ കടമ്പകള്‍ കടന്ന് മുന്നിലെത്തുന്ന എണ്ണൂറോളം പേരെയാണ് സിവില്‍ സര്‍വീസിലേക്ക് തെരെഞ്ഞെടുക്കുക. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആര്‍എസ് എന്നിവയിലൊന്നു നേടുക ഏറെ യുവതീയുവാക്കളുടെയും സ്വപ്നമാണ്. പദവിയിലും പെരുമയിലും രാജ്യത്തെ നയിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥനിര. സിവില്‍ സര്‍വീസിലെത്തുന്നവരെ ജനങ്ങളുടെ സിവില്‍ സെര്‍വന്റുമാരായി മാറ്റുക സമഗ്രമായ പരിശീലനത്തിലൂടെയാണ്. കോടിക്കണക്കിനു രൂപ ചെലവഴിച്ചാണു പരിശീലനം. ഇത്തരത്തില്‍  സിവില്‍ സര്‍വീസുകാരെ ചുമതലകളില്‍ പ്രാപ്തരാക്കുന്ന പരിശീലന സ്ഥാപനമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിനു സമീപം മസൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (എല്‍ബിഎസ്എന്‍എഎ). 

ഡയറക്ടേഴ്‌സ് ബില്‍ഡിംഗ്

 അക്കാഡമിയുടെ തുടക്കം

1958 ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്താണു സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ ലോകോത്തര സ്ഥാപനം എന്ന ആശയം മുന്നോട്ടുവച്ചത്. ഡല്‍ഹി ഐഎഎസ് ട്രെയിനിംഗ് സ്‌കൂളും സിംല ഐഎഎസ് സ്റ്റാഫ് കോളജും സംയോജിപ്പിച്ച്  മസൂറിയില്‍ നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പല കാരണങ്ങളാല്‍ വൈകി 1972 ലാണ് മസൂറിയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ യാഥാര്‍ഥ്യമായത്. 1973 ജൂലൈയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ എന്നായി പേര്. 

   എല്‍ബിഎസ്എന്‍എഎയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസുകാര്‍ക്കു മാത്രമല്ല ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ സിവില്‍ സര്‍വീസുകാര്‍ക്കും പരിശീലനം നല്‍കുന്നുവെന്നത് അധികമാര്‍ക്കും അറിവില്ലാത്ത വസ്തുതയാവാം. അയല്‍രാജ്യങ്ങളിലെ സിവില്‍ സര്‍വീസുകാര്‍ക്ക്  ഫൗണ്ടേഷന്‍ കോഴ്‌സ് പരിശീലനമാണു മസൂറിയില്‍ നല്‍കുന്നത്.

സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ക്കു വിവിധ ഘട്ടങ്ങളായാണു പരിശീലനം. നാലു മാസം വരെ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ട പരിശീലനം എല്ലാവരും നിര്‍ബന്ധമായി പൂര്‍ത്തിയാക്കണം. വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികളാണു പരിശീലകര്‍. ഇക്കാലത്തും പിന്നീടും വിവിധ പരീക്ഷകളെ ഉദ്യോഗാര്‍ഥികള്‍ നേരിടേണ്ടതുണ്ട്. ഇതില്‍ ലഭിക്കുന്ന സ്‌കോര്‍ ഒരോ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും പില്‍ക്കാല സര്‍വീസില്‍ സര്‍ക്കാര്‍ പരിഗണിക്കും. രാവിലെ ആറിന് ആരംഭിക്കുന്ന കായിക പരിശീലനമാണ് ആദ്യ ഘട്ടം. 

   മസൂറി പോലൊരു ഹില്‍ സ്റ്റേഷനില്‍ കൊടുംതണുപ്പുള്ള പ്രഭാതത്തില്‍ രാവിലെ ആറിന് പതിവായി എഴുന്നേല്‍ക്കുകയെന്നത് അല്‍പം കഠിനമാണ്. ഹാജര്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തിയാല്‍ ശിക്ഷയ്ക്കു വിധേയരാകേണ്ടിവരും. ചില ദിവസങ്ങളില്‍ മൈതാനത്ത് ഓട്ടവും ചാട്ടവുമായിരിക്കും. അതല്ലെങ്കില്‍ രണ്ടു മുന്നു കിലോമീറ്റര്‍ മലമ്പ്രദേശത്തുകൂടി നടത്തം. 8.45ന് കായിക പരിശീലനം പൂര്‍ത്തിയാക്കി വൈകാതെ കുളിച്ചൊരുങ്ങി മെസ് ഹാളിലെത്തണം. പറയുമ്പോള്‍ നിസാരമെന്നു തോന്നാം. ഹോസ്റ്റലുകള്‍ താഴ്വരകളിലാണെങ്കില്‍ ക്ലാസ് മുറികളും മെസ് ഹാളും കുന്നിന്‍ മുകളിലാണ്. 

   തുടര്‍ച്ചയായ ഓട്ടവും നടത്തവും നല്ല വ്യായാമമാണ്. കായിക ക്ഷമത മാത്രമല്ല സമയ നിഷ്ഠ പാലിക്കുന്നതിനുള്ള പരിശീലനവും ഇതില്‍പ്പെടും. മെസ് ഹാളില്‍ കത്തിയും ഫോര്‍ക്കും കൊണ്ടുവേണം കഴിക്കാന്‍. 9.15 ന് മണി മുഴങ്ങിയാല്‍ ആ നിമിഷം മെസ് അടയ്ക്കും. കൃത്യം 9.20 ന് ക്ലാസിലെത്തണം. ക്ലാസില്‍ താമസിച്ച് വരുന്നവരേയും വരാത്തവരേയും നിരീക്ഷിക്കാന്‍ ചുമതലക്കാരുണ്ട്. 

   തിങ്കള്‍ മുതല്‍ ശനിവരെ കൃത്യമായ ടൈം ടേബിളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍. വൈകുന്നേരം കലാ സാംസ്‌കാരിക പരിപാടികള്‍. ഞായറാഴ്ച വിശ്രമിക്കാമെന്നു കരുതേണ്ട. അന്നാണു ട്രെക്കിംഗ് ഡേ. അതായത് ഇരുപതും മുപ്പതും കിലോമീറ്റര്‍ മസൂറിയിലെ കുന്നുകളും താഴ്വരകളും താണ്ടിയുള്ള നടത്തം. 

കാളിന്ദി ഗസ്റ്റ് ഹൗസ്


ഹിമാലയന്‍ ട്രെക്കിംഗ്

പത്തു ദിവസം നീളുന്ന ഹിമാലയയാത്ര ഏവര്‍ക്കും അനുഭവങ്ങളുടേതായിരിക്കും. ഹിമാലയ യാത്രയെന്നു കേള്‍ക്കുമ്പോള്‍ തീര്‍ഥാടനമോ വിനോദയാത്രയോ ആണെന്നു കരുതരുത്. സംഗതി ലേശം പ്രയാസമുള്ള കാര്യമാണ്. ദിവസവും 25 ലധികം കിലോമീറ്റര്‍ താണ്ടിയുള്ള ട്രെക്കിംഗ്. കോച്ചിവിറയ്ക്കുന്ന തണുപ്പില്‍ വിവിധ ഗ്രൂപ്പുകളായി ടെന്റുകെട്ടിയുള്ള താമസം. കാര്‍ക്കശ്യതയും ഉത്തരവാദിത്വവുമുള്ള ജോലിയില്‍ കൈക്കരുത്തും മനക്കരുത്തും ഒരുപോലെ പ്രധാനമാണല്ലോ. ഏതു പ്രതിബന്ധത്തെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം വളര്‍ത്തുകയെന്നത് ഹിമാലയം ട്രെക്കിംഗിനു പിന്നിലെ ലക്ഷ്യമാണ്. നൃത്തം, സംഗീതം, പ്രസംഗം, ഡിബേറ്റ്, വാദ്യോപകരണങ്ങള്‍, അഭിനയം തുടങ്ങി നിരവധി മത്സരങ്ങളും അവതരണങ്ങളും  പരിശീലനത്തിന്റെ ഭാഗമാണ്. 

 

കാമ്പസിലെ വിശ്രമ സ്ഥലം

ഗ്രാമ സന്ദര്‍ശനം

പ്രദേശങ്ങളെയും ജീവിതത്തെയും അടുത്തറിയാന്‍ വിവിധ സംസ്ഥാനങ്ങളിലെ  ഗ്രാമങ്ങളിലേക്ക് ഗ്രൂപ്പുകളായി ആഴ്ചകള്‍ നീളുന്ന യാത്രയും ഇതില്‍പ്പെടും. എത്ര ദൂരം പോകണമെങ്കിലും ട്രെയിനിലോ ബസിലോ മാത്രമേ യാത്ര പാടുള്ളു. വികസനം തെല്ലുമില്ലാത്ത ഉള്‍ഗ്രാമങ്ങളിലേക്കായിരിക്കും യാത്ര, താമസവും. കാഴ്ചകള്‍ ആസ്വദിച്ചാല്‍ പോരാ നീരീക്ഷിച്ചും പഠിച്ചും റിപ്പോര്‍ട്ടുകള്‍ തയാറാക്കി അവതരിപ്പിക്കുകയും വേണം. ഈ റിപ്പോര്‍ട്ടുകള്‍ ഓരോരുത്തരുടെ പ്രാപ്തി അളക്കുന്നതില്‍ പ്രധാനമാണ്.

   പരിശീലനകാലത്തു മസൂറി അക്കാഡമിയിലെ ഏറ്റവും വര്‍ണശബളമായ ചടങ്ങുകളിലൊന്നാണ് ഇന്ത്യ ഡേ സെലിബ്രേഷന്‍. ഒരോരുത്തരും മാതൃസംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ദിവസം. അതതു സംസ്ഥാനങ്ങളുടെ തനിമ വിളിച്ചോതുന്ന റാലിയോടെയാണു സെലിബ്രേഷന്‍ ആരംഭിക്കുന്നത്. ഉച്ചഭക്ഷണം ആ സംസ്ഥാനത്തെ തനതു വിഭവങ്ങളാല്‍ സമൃദ്ധമായിരിക്കും. വൈകുന്നേരം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഷോയുണ്ടാകും. ഒറ്റ വാക്കില്‍ മികച്ചൊരു കലാവിരുന്ന്.  

   ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാഡമിയുടെ ഔദ്യോഗിക ഗാനത്തിന്റെ രചയിതാവ് ബംഗാളി സംഗീത സംവിധായകന്‍ അതുല്‍ പ്രസാദ് സെന്നാ (1871-1934) ണ്. 1973 മേയ് 11 മുതല്‍ 1977 ഏപ്രില്‍ 11 വരെ രാജേശ്വര്‍ പ്രസാദ് അക്കാഡമിയുടെ ഡയറക്ടറായിരിക്കെയാണു സിവില്‍ സര്‍വീസുകാരുടെ ഔദ്യോഗിക ഗാനമായത്. ചില വരികള്‍ ഹിന്ദി, തമിഴ്, മറാത്തി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു ഗാനം പരിഷ്‌കരിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു നിരന്തരമായ പ്രചോദനമാണ് ഈ ഗാനം.




                        ഹോസ്റ്റല്‍ സില്‍വര്‍ വുഡ്- ഒരു മഞ്ഞുകാല ദൃശ്യം


ഡ്രസ്‌കോഡ് നിര്‍ബന്ധം

മസൂറി കാമ്പസില്‍ ഔപചാരിക വസ്ത്രമേ ധരിക്കാനാകൂ. ബാത്ത് റൂം സ്ലിപ്പറോ സാദാ ചെരിപ്പോ ധരിച്ച് സ്വകാര്യ മുറിയുടെ പുറത്തേക്കിറങ്ങാന്‍ പാടില്ല. വീഴ്ച വരുത്തിയാല്‍ പിഴയടയ്‌ക്കേണ്ടി വരും. പുരുഷന്‍മാര്‍ക്കു വേനല്‍ക്കാലത്ത് ഫുള്‍ സ്ലീവ് ഷര്‍ട്ടും പാന്റും ധരിക്കാം. ശൈത്യകാലത്ത് ഫുള്‍ സ്ലീവ് ഷര്‍ട്ടും ജാക്കറ്റും പാന്റും ടൈയും. ലെതര്‍ ഷൂസ് നിര്‍ബന്ധം. വനിതകള്‍ക്ക് സാരി, സാല്‍വാര്‍-കമീസ്, ചുരിദാര്‍കുര്‍ത്ത എന്നിവയോ പാശ്ചാത്യ ബിസിനസ് സ്യൂട്ടുകളോ ധരിക്കാം. മെസിലും ഡ്രസ് കോഡ് പാലിക്കണം.

   മസൂറി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാഡമി തന്ത്രപ്രധാന സുരക്ഷാ മേഖലയായതിനാല്‍ സുരക്ഷാ ചുമതല ഐടിബിപിബിഎസ്എഫ് സൈനികര്‍ക്കാണ്. സാധാരണക്കാര്‍ക്കും സഞ്ചാരികള്‍ക്കും പ്രവേശനമില്ല. ക്ലാസുകളെടുക്കാന്‍ വരുന്നവര്‍ക്കും സിവില്‍ സര്‍വീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ കാമ്പസില്‍ പ്രവേശനം. 

 


കാമ്പസിലെ വിശ്രമ സ്ഥലം- മഞ്ഞുകാല ദൃശ്യം


പരിശീലന ശേഷം

ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥര്‍ മസൂറി അക്കാഡമിയില്‍ തന്നെ പ്രഫഷണല്‍ പരിശീലനം തുടരും. മറ്റു സര്‍വീസുകളിലേക്കുള്ളവര്‍ പ്രഫഷണല്‍ പരിശീലനത്തിന് അനുയോജ്യ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള നിശ്ചിത സ്ഥാപനങ്ങളിലേക്കു പോകും. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസുകാര്‍ (ഐഎഫ്എസ്) ന്യൂഡല്‍ഹിയിലെ സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസിലും ഇന്ത്യന്‍ പോലീസ് സര്‍വീസുകാര്‍ (ഐപിഎസ്) ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയിലും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസുകാര്‍(ഐഎഫ്എസ്) ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാഡമിയിലും ഇന്ത്യന്‍ റവന്യൂ സര്‍വീസുകാര്‍ (ഐആര്‍എസ്) ഫരീദാബാദിലെ നാഷണല്‍ അക്കാഡമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് നാര്‍ക്കോട്ടിക്‌സിലുമാണ് തുടര്‍പരിശീലനം നടത്തുക. സര്‍വീസിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് റിഫ്രഷര്‍ കോഴ്‌സുകളും എല്‍ബിഎസ്എന്‍എഎയില്‍ നടക്കാറുണ്ട്. 



കാമ്പസിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ശില്പം മഞ്ഞുകാല ദൃശ്യം

മസൂറി: മലകളുടെ രാജ്ഞി

ഏറ്റവും മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷന്‍ ഏതെന്നു സഞ്ചാരികളോടു ചോദിച്ചാല്‍ ഏറെപ്പേരുടെയും ഉത്തരം മസൂറി എന്നായിരിക്കും. മലകളുടെ രാജ്ഞിയാണു മസൂറി. ഡെറാഡൂണില്‍നിന്ന് 35 കിലോമീറ്റര്‍ മാറി, ഗര്‍വാള്‍ ഹിമാലയന്‍ പര്‍വതനിരകളുടെ താഴ്വരയിലുള്ള ഈ പ്രദേശത്ത് ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ശേഷിപ്പുകള്‍  ശേഷിക്കുന്നുണ്ട്. ശീതകാലത്ത് മസൂറി ഏതൊരു യൂറോപ്യന്‍ നഗരത്തേക്കാളും സൗന്ദര്യവതിയാവും. വനവൃക്ഷങ്ങളും പൂന്തോട്ടങ്ങളും തടാകങ്ങളും ചോലകളും മഞ്ഞില്‍ പൊതിഞ്ഞ പ്രകൃതിയുമൊക്കെയായി അതിമനോഹരമായ പ്രദേശം. ശൈത്യകാലത്ത് ഹിമകണങ്ങള്‍ നിറയും. ഒരു വശത്ത് ഹരിതാഭമായ താഴ്വാരങ്ങളും മറുവശത്ത് ചെറിയ കടകളും. വീശിയടിക്കുന്ന കാറ്റിനും കൈവെള്ളയില്‍ കോരുന്ന വെള്ളത്തിനും ഒന്നുപോലെ തണുപ്പ്. പുരാതന ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്കെല്ലാം ഇവിടം പ്രശസ്തം. മസൂറിയിലെ ഏറ്റവും ഉയരമുള്ള കുന്നാണ് 7700 അടി ഉയരത്തിലുള്ള ലാല്‍ ഡിബ്ബ. ഇവിടെ നില്‍ക്കുമ്പോള്‍ വടക്കേ ചെരുവില്‍ ഹിമാലയ കൊടുമുടികളുടെ സുന്ദര കാഴ്ചകള്‍ ആസ്വദിക്കാം. ബദരിനാഥും  കേദാര്‍നാഥും വിദൂരക്കാഴ്ചയില്‍ ദൃശ്യമാണ്. 



ശൈത്യകാലത്ത് കാമ്പസ് മഞ്ഞു മൂടിയപ്പോള്‍


മസൂറിയെ സ്‌നേഹിച്ച പ്രഗത്ഭര്‍

പ്രശസ്തരായ പല വ്യക്തികളും മസൂറിയെ അവരുടെ ഭവനമാക്കിയിട്ടുണ്ട്. അവരില്‍ ലോകപ്രശസ്ത എഴുത്തുകാരായ റസ്‌കിന്‍ ബോണ്ടും ബില്‍ എയ്റ്റ്‌കെനും. ചലച്ചിത്രതാരം വിക്ടര്‍ ബാനര്‍ജി മസൂറിയിലാണ് താമസിക്കുന്നത്, അന്തരിച്ച ചലച്ചിത്രതാരം ടോം ആള്‍ട്ടര്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. 1960-കളില്‍ ദേവ് ആനന്ദിന്റെ മകന്‍ വുഡ്സ്റ്റോക്ക് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചലച്ചിത്രതാരം പ്രേംനാഥിന് ഒരു വീട് ഇവിടെ ഉണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും മഹേന്ദ്ര സിംഗ് ധോണിയും ഈ ഹില്‍ റിസോര്‍ട്ടില്‍ പതിവായി സന്ദര്‍ശകരാണ്. റുഡ്യാര്‍ഡ് കിപ്ലിംഗ്, പേള്‍ എസ് ബക്ക്, ജവഹര്‍ലാല്‍ നെഹ്റു, അരവിന്ദ് അഡിഗ, പങ്കജ് മിശ്ര തുടങ്ങി നിരവധിയാളുകള്‍ക്ക് മസൂറി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നിരവധി എഴുത്തുകാര്‍ മസൂറിയിലെ സ്ഥിര താമസക്കാരാണ്. ഗണേഷ് സൈലി, സ്റ്റീഫന്‍ ആള്‍ട്ടര്‍, അദ്ദേഹത്തിന്റെ കസിന്‍ ടോം ആള്‍ട്ടര്‍ എന്നിവരും മസൂറിയില്‍ നിന്നുള്ള ശ്രദ്ധേയരായ എഴുത്തുകാരാണ്. ഓസ്ട്രേലിയയിലെ ആദ്യത്തെ നോവലിസ്റ്റായ ജോണ്‍ ലാങ് താമസിച്ചിരുന്നതും മസൂറിയിലാണ്. 1864-ല്‍ അദ്ദഹം മരിച്ചു, അദ്ദേഹത്തെ മസൂറിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ മസൂറി നഗരത്തെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. റുഡ്യാര്‍ഡ് കിപ്ലിംഗ് തന്റെ കിം എന്ന പുസ്തകത്തില്‍ 'ദി ഗ്രേറ്റ് റാംപ് ഓഫ് മസൂറി'യെ ചിത്രീകരിച്ചിട്ടുണ്ട്. മസൂറിയിലെ പഹാരി വില്‍സണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് രാജാവ് ആകാന്‍ പോകുന്ന മനുഷ്യന്‍ എന്ന കഥ എഴുതിയത്. 1926-ല്‍ മസൂറി സന്ദര്‍ശിച്ച സഞ്ചാരസാഹിത്യകാരന്‍ ലോവല്‍ തോമസ്, ലാന്‍ഡ് ഓഫ് ദി ബ്ലാക്ക് പഗോഡ (1930) എഴുതിയതും മസൂറിയിലിരുന്നാണ്. നോവലിസ്റ്റ് അനിത ദേശായി ജനിച്ചതും ഇവിടെയാണ്.


1 comment:

Anonymous said...

വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗ് പോസ്റ്റ് വായിയ്ക്കുന്നു 😍

FACEBOOK COMMENT BOX