എണ്‍പതുകളില്‍ കൗമാരവും യൗവനവും കൊണ്ടാടിയ തലമുറയുടെ കള്‍ട്ട് സ്റ്റാര്‍ ആയിരുന്നു പ്രതാപ് പോത്തന്‍. മലയാള സിനിമയിലും സാഹിത്യത്തിലും ഭാവുകത്വ മാറ്റത്തിനു തുടക്കം കുറിച്ചത് എണ്‍പതുകളിലായിരുന്നു. മലയാള സിനിമയിലുണ്ടായ മാറ്റത്തിന്റെ പ്രതിനിധിയായാണ് പ്രതാപ് പോത്തന്‍ സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. ഒരേസമയം അദ്ഭുതവും കൗതുകവും നിറഞ്ഞ നോട്ടത്തിലൂടെ കാഴ്ചക്കാരെ ഭ്രമിപ്പിക്കുകയും തൊട്ടടുത്ത നിമിഷം രൗദ്രമായ പുരുഷലൈംഗികതയുടെ പ്രതിരൂപമായി വിസ്മയിപ്പിക്കുകയും ചെയ്തു അദ്ദേഹം. മലയാളിയുടെ സഹജഭാവമായ പകല്‍മാന്യതയെയും കപടസദാചാര ബോധത്തെയും കുത്തിക്കീറിക്കളഞ്ഞ കഥാപാത്രങ്ങളായിരുന്നു പോത്തന്റേത്. തനിനാടന്‍ കഥാപാത്രങ്ങളെ ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ കഴിവുണ്ടായിരുന്നു. ആരവത്തിലെ കൊക്കരക്കോ, തകരയിലെ തകര, ലോറിയിലെ ദാസപ്പന്‍, ഒന്നുമുതല്‍ പൂജ്യംവരെയിലെ ജോസുകുട്ടി, ചാമരത്തിലെ വിനോദ്... അനുപമമായ അഭിനയ ശൈലികൊണ്ട് പ്രതാപ് പോത്തന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധി. പദ്മരാജനു സംഭവിച്ചതുപോലെ മരണം അദ്ദേഹത്തെയും ഉറക്കത്തില്‍ കൂട്ടിക്കൊണ്ടു പോയപ്പോള്‍ മലയാള സിനിമയ്ക്കു നഷ്ടമായത് പ്രതിഭയുടെ മിന്നലാട്ടംകൊണ്ട് മലയാളസിനിമാ ലോകത്തെ അമ്പരപ്പിച്ച അതുല്യ നടനെയാണ്.
തീവ്രഭാവങ്ങളില്‍ നിറഞ്ഞാടിയ വിപ്ലവകാരി
പ്രണയത്തിന്റെ നനുത്ത ചൂടും രതിയുടെ പൊള്ളലും വിഷാദത്തിന്റെ മരവിപ്പും ഉന്മാദത്തിന്റെ തരിപ്പും യുവത്വത്തിന്റെ പ്രസരിപ്പും മലയാളികള്‍ അനുഭവിച്ചറിഞ്ഞത് പ്രതാപ് പോത്തന്‍ നിറഞ്ഞാടിയ കഥാപാത്രങ്ങളുടെ തീവ്രഭാവങ്ങളിലൂടെയായിരുന്നു. യഥാര്‍ഥത്തില്‍ പ്രതാപ് പോത്തന്‍ വിപ്ലവകാരിയായിരുന്നു. എഴുപതുകളുടെ അവസാനംവരെ മലയാളിയുടെ മനസില്‍ നിലനിന്നിരുന്ന കാല്പനികതയില്‍ പൊതിഞ്ഞ സൗന്ദര്യസങ്കല്പത്തെ അപ്പാടെ തച്ചുതകര്‍ത്ത, പ്രണയ നായകന്റെ ശരീരഭാഷകളെ പൊളിച്ചെഴുതിയ ഒരു വിപ്ലവകാരി. വിവിധ ഭാവങ്ങള്‍ സ്ഫുരിക്കുന്ന വലിയ കണ്ണുകള്‍ക്കും സ്‌ത്രൈണതയുടെ ഛായകലര്‍ന്ന ചുണ്ടുകള്‍ക്കും ചിലപ്പോള്‍ പതിഞ്ഞും മറ്റുചിലപ്പോള്‍ രൗദ്രവുമായി മാറുന്ന ശബ്ദത്തിനും അലസമായി പാറിപ്പറന്ന ചുരുണ്ട മുടിയിഴകള്‍ക്കും ഇടയില്‍ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ നമ്മോടു സംസാരിക്കുന്നു.
ത്രസിപ്പിച്ച തകര
പ്രതാപ് പോത്തന്‍ എന്ന നടന്റെ ചലച്ചിത്ര ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണു തകര. 1979ല്‍ പദ്മരാജന്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത തകരയിലെ പോത്തന്റെ പ്രകടനം മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ, മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ തകരയ്ക്കു സ്ഥാനമുണ്ട്. മാനസിക വളര്‍ച്ചയില്ലാത്ത തകര എന്ന അനാഥനായാണു പ്രതാപ് പോത്തന്‍ ഈ ചിത്രത്തില്‍ എത്തിയത്. പ്രതാപ് പോത്തന്‍ എന്ന നടന്റെ ചലച്ചിത്ര ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് തകര. 1979 ല്‍ പദ്മരാജന്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത തകരയിലെ പോത്തന്റെ പ്രകടനം മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്‌ളാസിക് ചിത്രങ്ങളുടെ പട്ടികയില്‍ തകരയ്ക്കു സ്ഥാനമുണ്ട്. മാനസിക വളര്‍ച്ചയില്ലാത്ത തകര എന്ന അനാഥനായാണ് പ്രതാപ് പോത്തന്‍ ഈ ചിത്രത്തില്‍ എത്തിയത്. സുഭാഷിണി എന്ന പെണ്‍കുട്ടിയുമായി തകര പ്രണയത്തിലാവുന്നു. നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പനാശാരിയെന്ന കഥാപാത്രത്തിന്റെ പ്രേരണയാല്‍ തകര സുഭാഷിണിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നു. ഈ വിവരമറിഞ്ഞ സുഭാഷിണിയുടെ അച്ഛന്‍ തകരയെ മര്‍ദിച്ചു ബോധം കെടുത്തുകയും അതിനെത്തുടര്‍ന്ന് തകര നാടുവിട്ടു പോവുകയും ചെയ്യുന്നു. പിന്നീട് മനസിലൊളിപ്പിച്ച പകയുമായി തിരിച്ചെത്തുന്ന തകര സുഭാഷിണിയുടെ അച്ഛനെ കൊല്ലുന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ പ്രണയം സുഭാഷിണി നിരസിച്ചതോടെ ട്രെയിനിനു മുന്നില്‍ച്ചാടി തകര ആത്മഹത്യ ചെയ്യുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഒരേ സമയം മാനസിക വളര്‍ച്ചയില്ലാത്ത വ്യക്തിയുടെ നിഷകളങ്കതയും പെണ്‍ശരീരത്തോട് തോന്നുന്ന കാമവും ജ്വലിക്കുന്ന പകയും ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും ചിരിയിലൂടെയും അവതരിപ്പിക്കാന്‍ പ്രതാപ് പോത്തനായി. ഒരേ സമയം മാനസിക വളര്‍ച്ചയില്ലാത്ത വ്യക്തിയുടെ നിഷകളങ്കതയും പെണ്‍ശരീരത്തോട് തോന്നുന്ന കാമവും ജ്വലിക്കുന്ന പകയും ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും ചിരിയിലൂടെയും അവതരിപ്പിക്കാന്‍ പ്രതാപ് പോത്തനായി.
ചാമരത്തിലെ കാമുകന്‍
ചാമരത്തിലെ വിനോദ് എന്ന കഥാപാത്രം പ്രതാപ് പോത്തന്റെ അഭിനയമികവിന്റെ റേഞ്ച് വ്യക്തമാക്കി. ഒരു വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള പ്രക്ഷുബ്ധമായ ബന്ധം കൈകാര്യം ചെയ്യുക വഴി ചാമരം മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായി. സെറീനാ വഹാബ് അവതരിപ്പിച്ച ഇന്ദു എന്ന അധ്യാപികയ്ക്കു തന്റെ വിദ്യാര്‍ഥിയായ വിനോദിനോടു തോന്നുന്ന പ്രണയവും അവരുടെ വിവാഹവും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനവുമാണ് ജോണ്‍പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചാമരം എന്ന സിനിമ ചര്‍ച്ച ചെയ്തത്. അധ്യാപകരും വിദ്യാര്‍ഥികളും എല്ലാ മനുഷ്യസഹജമായ വികാരങ്ങള്‍ക്കും വിധേയരാണെന്നു പറഞ്ഞുവയ്ക്കുന്നതിലൂടെ ആദര്‍ശവത്കരിക്കപ്പെട്ട അധ്യാപക ജോലിയെ, ശ്ലീലത്തിന്റെ അതിര്‍വരന്പുകളെ ലംഘിക്കാതെ സര്‍ഗാത്മകമായി തകര്‍ത്തുകളയാന്‍ ഇന്ദു-വിനോദ് ബന്ധത്തിലൂടെ സംവിധായകനായി. ഈ ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രത്തെ വളരെ കൈയൊതുക്കത്തോടെ അവതരിപ്പിച്ച പ്രതാപ് പോത്തന്‍ നാടന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല നാഗരിക ജീവിതം പിന്‍പറ്റുന്ന കഥാപാത്രവും തനിക്കു വഴങ്ങുമെന്നു തെളിയിച്ചു. യൗവനയുക്തനായ യുവാവിന്റെ കുറുന്പും പ്രണയവും നിറഞ്ഞ കാമുകവേഷത്തില്‍ പ്രതാപ് പോത്തന്‍ അക്ഷരാര്‍ഥത്തില്‍ മലയാളികളെ ഞെട്ടിച്ചു.
ബിസിനസ് കുടുംബത്തില്‍ നിന്നൊരു കലാകാരന്‍
1952ല്‍ തിരുവനന്തപുരത്തെ മികച്ച ബിസിനസ് കുടുംബത്തില്‍ ജനിച്ച പ്രതാപ് പോത്തന്‍ ചെറിയപ്രയത്തില്‍തന്നെ ചിത്രകലയില്‍ താത്പര്യം കാണിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ കുടുംബം അദ്ദേഹത്തെ ഊട്ടിയിലെ പ്രശസ്തമായ ബോര്‍ഡിംഗ് സ്‌കൂളായ ലോറന്‍സ് സ്‌കൂളില്‍ ചേര്‍ത്തു. അവിടെ അദ്ദേഹം ചിത്രകലയിലും പരിശീലനം നേടി. 1968ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നു. കോളജില്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ സഹായിച്ചു. ചിത്രകലയില്‍ നിന്ന് അഭിനയത്തിലേക്ക് അദ്ദേഹത്തിന്റെ താല്പര്യം തിരിഞ്ഞത് അക്കാലത്താണ്. പഠന ശേഷം മുംബൈയിലെ പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായി ജോലി ആരംഭിച്ചു പിന്നീട് ഒരു വര്‍ഷത്തിനുശേഷം, സിസ്റ്റാസ് പരസ്യ ഏജന്‍സിയില്‍ ചേര്‍ന്നു. അവിടെനിന്ന് ഹിന്ദുസ്ഥാന്‍ തോംസണിലും ജോലി ചെയ്തു.
വെള്ളിവെളിച്ചത്തിലേക്ക്
1978ല്‍ സംവിധായകന്‍ ഭരതന്‍ ബര്‍ണാഡ് ഷായുടെ 'ആന്‍ഡ്രോക്കിള്‍സ് ആന്‍ഡ് ദ ലയണ്‍' എന്ന നാടകത്തിലെ പോത്തന്റെ പ്രകടനം കണ്ടതോടെയാണു പ്രതാപ് പോത്തന്‍ ചലച്ചിത്രകാരനായത് എന്നു പറയാം. തന്റെ അടുത്ത ചിത്രമായ 'ആരവ'ത്തില്‍ അഭിനയിക്കാന്‍ ഭരതന്‍ പ്രതാപിനെ ക്ഷണിച്ചു. പ്രതാപ് പോത്തന്‍ എന്ന പ്രതിഭാശാലിയായ നടന്റെ ജനനമായിരുന്നു അത്.
തമിഴിലും കൈയൊപ്പു ചാര്‍ത്തി
മലയാളത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് പ്രതാപ് പോത്തന്‍ എന്ന നടന്‍ തമിഴകത്തും വെന്നിക്കൊടി പാറിച്ചു. നെഞ്ചത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, മൂടുപണി, വരുമയിന്‍ നിറം ശിവപ്പ് തുടങ്ങിയ ചിത്രങ്ങള്‍ തമിഴിലും പോത്തനെ പ്രശസ്തനാക്കി. മലയാളത്തേക്കാള്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് തമിഴിലാണ്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'വരുമയിന്‍ നിറം ശിവപ്പ്' എന്ന ചിത്രത്തിലായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ വേഷം.
സംവിധായകന്റെ മേലങ്കിയിലും
നടനെന്ന ലേബലില്‍ നിന്ന് അദ്ദേഹം സംവിധായകന്റെ മേലങ്കിയും അണിഞ്ഞു. അവിടെയും അദ്ദേഹം പരന്പരാഗത ചലച്ചിത്ര സങ്കല്‍പ്പങ്ങളില്‍നിന്നു മാറിനടന്നു. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രം തമിഴിലായിരുന്നു. 'മീണ്ടും ഒരു കാതല്‍ കഥൈ'. മാനസിക അസ്വാസ്ഥ്യമുള്ള ദമ്പതികളുടെ കഥപറഞ്ഞ ആ ചിത്രം ആവര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കരവും നേടി. കമലഹാസനൊപ്പം ഒന്നിച്ച 'വെട്രിവിഴ' കമലഹാസന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. മൂന്നു മലയാള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. എംടി യുടെ രചനയിലൊരുക്കിയ, ഒരു യാചകന്റെ ജീവിതം അഭ്രപാളികളില്‍ വരച്ചിട്ട 'ഋതുഭേദം', കൗമാരപ്രണയത്തിന്റെ തീക്ഷണഭാവങ്ങള്‍ അനുഭവിപ്പിച്ച, പ്രണയ തരംഗംതന്നെ സൃഷ്ടിച്ച 'ഡെയ്‌സി', വെറുപ്പും പ്രതികാരവും മനസില്‍ സൂക്ഷിച്ച് അജ്ഞാതനായ അച്ഛനെ തേടി അലയുന്ന മകന്റെ കഥപറഞ്ഞ 'ഒരു യാത്രാ മൊഴി' എന്നിവയാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്.
No comments:
Post a Comment