ഴാങ് ലൂക് ഗൊദാര്‍ദ് ഒരു ചലച്ചിത്ര ഇതിഹാസമാണ്. ഫ്രഞ്ച് സിനിമയുടെമാത്രമല്ല, ലോകസിനിമയുടെ തന്നെ ആചാര്യന്മാരില് ഒരാള്‍. അദ്ദേഹം നവതരംഗ സിനിമയുടെ വക്താവ് എന്ന നിലയിൽ അറിയപ്പെടുന്പോഴും തന്റെ സിനിമയിലെ രാഷ്ട്രീയത്തിലൂടെ നവതരംഗ സിനിമയുടെ വക്താവ് എന്നതിനപ്പുറം അദ്ദേഹം വളർന്നു. അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതിനാൽത്തന്നെയാവണം അത്രമേൽ രാഷ്ട്രീയവത്കരിക്കപ്പെട്ട സിനിമകളും അദ്ദേഹത്തിൽനിന്നു പിറന്നതും. ആദ്യചിത്രത്തിലൂടെത്തന്നെ സിനിമയിൽ തന്റെ സ്ഥാനം രേഖപ്പെടുത്താൻ അദ്ദേഹത്തിനായി. എല്ലാ സിനിമയിലും പുതിയ പരീക്ഷണങ്ങൾക്കു മുതിർന്ന അദ്ദേഹത്തിന്റെ സിനിമകൾ വരുംതലമുറയ്ക്കും പാഠപുസ്തകമാണ്.
പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽനിന്ന് സിനിമയിലേക്ക്
1930ൽ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് ഗൊദാര്‍ദിന്റെ ജനനം. സോര്‍ബോൺ യൂണിവേഴ്സിറ്റിയിലെ ബിരുദപഠനത്തിനു ശേഷമാണ് അദ്ദേഹം സിനിമയെക്കുറിച്ചു ചിന്തിക്കുന്നതും ചലച്ചിത്രകാരനാവുകയാണ് തന്റെ നിയോഗമെന്നു തിരിച്ചറിയുന്നതും. എന്നാൽ കുടുംബത്തിൽനിന്ന് അദ്ദേഹത്തിന് ഒരു പിന്തുണയും ലഭിച്ചില്ലെന്നു മാത്രമല്ല കടുത്ത എതിർപ്പും നേരിടേണ്ടിവന്നു. ചലച്ചിത്ര നിരൂപണങ്ങൾ എഴുതുന്നതിനായി അദ്ദേഹം ആരംഭിച്ച ഗസ്റ്റെ സിനിമ എന്ന മാസിക കുടുംബത്തിന്റെ എതിര്‍പ്പുകാരണം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ജീവിക്കാൻ വരുമാന മാർഗം തേടി അദ്ദേഹം ഫ്രാൻസിൽനിന്നു സ്വിറ്റ്സർലൻഡിലേക്കു പോയി. അവിടെ അദ്ദേഹം ഗ്രാൻഡെ ഡിക്സൻസ് എന്ന ഡാമിന്റെ പ്രോജക്ട് ഓഫീസറായി. അക്കാലത്തും അദ്ദേഹത്തിന്റെ മനസിൽ സിനിമയുണ്ടായിരുന്നു. എങ്ങനെയും സനിമ ചെയ്യുകയെന്ന ചിന്ത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. അക്കാലത്ത് ഡാമുമായി ബന്ധപ്പെട്ട് ഓപറേഷൻ കോൺക്രീറ്റ് എന്ന പേരിൽ അദ്ദേഹം ഒരു ഡോക്യുമെന്ററി ചെയ്തു.
ചലച്ചിത്ര ഭ്രാന്ത് ഉച്ചസ്ഥായിലെത്തിയപ്പോൾ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ചലച്ചിത്രകാരനാവാൻ തീരുമാനിച്ചത്. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ജീവിതം പ്രതിസന്ധിയിലായപ്പോൾ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചുനില്ക്കാന് ശ്രമിച്ചു. തുടര്‍ന്നാണ് ബ്രത്ലെസ് എന്ന സിനിമയുമായി അദ്ദേഹം അരങ്ങേറുന്നത്.
കാഴ്ചാനുഭവങ്ങളെ അട്ടിമറിച്ച കലാകാരൻ
എല്ലാത്തരത്തിലും ബ്രത്ലെസ് ചലച്ചിത്ര പ്രേക്ഷകരെ ഞെട്ടിച്ചു. നിയമത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടോടുന്ന പ്രണയിനികളുടെ കഥയാണ് ഈ ചിത്രത്തിലൂടെ അദ്ദേഹം പറഞ്ഞത്. സാങ്കേതികമായി സിനിമ വളരെ മികവുറ്റതായിരുന്നു. ഈ സിനിമയിൽ അദ്ദേഹം പരീക്ഷിച്ച ജംപ് കട്ട്സ് അതുവരെയുണ്ടായിരുന്ന ചലച്ചിത്രകാഴ്ചയെ കീഴ്മേൽമറിച്ചുകൊണ്ട് പുതിയ കാഴ്ചാനുഭവം സമ്മാനിച്ചു. കൈയിൽവച്ചു ചിത്രീകരിക്കുന്ന കാമറ ഉപയോഗിച്ച് അദ്ദേഹം നടത്തിയ ചിത്രീകരണം ഫ്രഞ്ച് സിനിമ പ്രേമികൾക്ക് പുതിയ അനുഭവമാണു നൽകിയത്.
അരാജകവാദിയും കാർ മോഷ്ടാവുമായ മൈക്കേൽ പൊയ്ക്കാർഡാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തന്നെ പിന്തുടർന്ന പോലീസുകാരനെ അദ്ദേഹം വെടിവച്ചുകൊല്ലുന്നതോടെ അദ്ദേഹം കൊലപാതകിയാകുന്നു. പാരീസിൽ ഒളിവു ജീവിതം നയിക്കുന്ന അയാൾ തന്റെ പ്രണയിനിയായ പാട്രീഷ്യയോടൊപ്പം ഇറ്റലിയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നു. പട്രീഷ്യയുടെ ആഗ്രഹം വലിയൊരു കഥാകാരിയാവണം എന്നതായിരുന്നു. എന്നാൽ പട്രീഷ്യ അദ്ദേഹത്തെ പോലീസിന് ഒറ്റിക്കൊടുക്കുന്നു. ഒടുവിൽ പോലീസിന്റെ വെടിയേറ്റ് അദ്ദേഹം മരിക്കുന്നു. സിനിമ അവിടെത്തീരുമെന്ന് കരുതിയ കാണികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കഥ പിന്നെയും നീളുകയാണ്. മൈക്കേലിന്റെ ജീവിതം ഒരു കഥയായി പട്രീഷ്യ എഴുതുന്നിടത്താണ് ഈ ചിത്രം അവസാനിക്കുന്നത്. തനിക്ക് എഴുതാൻ ഒരു കഥയ്ക്കായാണോ പട്രീഷ്യ മൈക്കേലിന്റെ പ്രണയിനിയായെതെന്ന് കാഴ്ചക്കാരനെ സംശയത്തിന്റെ മുനയിൽ നിർത്തിയാണ് ചിത്രം അവസാനിക്കുന്നത്.
ഗോദാര്‍ദിന്റെ രണ്ടാമത്തെ ചിത്രമായ ‘ലെ പെറ്റിറ്റ് സോള്ഡറ്റി’ലൂടെ അദ്ദേഹം ഭരണകൂടവുമായി യുദ്ധത്തിനിറങ്ങുകയായിരുന്നു. ഫ്രഞ്ച് ഗവണ്മെന്റുമായുള്ള ചില രാഷ്ട്രീയ വിവാദങ്ങളെത്തുടര്‍ന്ന് (അൾജീരിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചില രംഗങ്ങളിലെ വിയോജിപ്പുമൂലം) ഈ സിനിമ നിരോധിക്കുകയുണ്ടായി. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഫ്രാൻസിൽ പ്രദർശനാനുമതി ലഭിച്ചത്. നടിയും വീട്ടമ്മയുമായ ഒരു സ്ത്രീ സാന്പത്തിക പ്രതിസന്ധികളിൽനിന്നു തന്റെ കുടുബത്തെ രക്ഷിക്കാൻ വേശ്യയായി മാറിയ കഥപറയുന്ന മൈ ലൈഫ് ടു ലിവ് എന്ന ചിത്രവും നവതരംഗ സിനിമകളുടെ പട്ടികയിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നു.
പരിപൂർണ ചലച്ചിത്രകാരനിലേക്ക്
രണ്ടാമത്തെ ചിത്രമായ ‘ലെ പെറ്റിറ്റ് സോള്ഡറ്റി’ലൂടെയാണ് അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന കരീനയുമായി പ്രണയത്തിലാവുന്നതും ഇരുവരും വിവാഹിതരാവുന്നതും. ചലച്ചിത്ര ആഖ്യാനത്തിൽ അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ പ്രത്യേകിച്ച് രാഷ്ട്രീയം പറയുന്നതിലെ കൗശലം പരിപൂര്‍ണ രാഷ്ട്രീയ ചലച്ചിത്രകാരനെന്ന വിശേഷണത്തിന് അദ്ദേഹത്തെ യോഗ്യനാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം ‘സൂപ്പര്‍ ഇംപോസിഷനു’കള്‍കൊണ്ട് (ഒരു ഇമേജിന് മുകളില്‍ മറ്റൊരു ഇമേജ് വയ്ക്കുന്ന ഇഫക്ട്) അദ്ദേഹം വീണ്ടും ചലച്ചിത്രലോകത്തെ ഞെട്ടിച്ചു. 1967ൽ പുറത്തിറങ്ങിയ ലാ ഷിന്വാസ് എന്ന ഗൊദാര്‍ദ് ചിത്രത്തെ ലോകം വാഴ്ത്തുന്നത് ഏറ്റവും കൃത്യമായി രാഷ്ട്രീയം പറഞ്ഞ സിനിമ എന്നു വിശേഷിപ്പിച്ചു കൊണ്ടാണ്. ഫ്രാൻസിൽ നടന്ന വിദ്യാർഥി പ്രക്ഷോഭമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
പരീക്ഷണമല്ല, ഭ്രാന്താണെന്ന് വിമർശനം
സിനിമയിലൂടെ ഉത്തരം നൽകാത്തതോ സമൂഹത്തിന് ഒരിക്കലും ഉത്തരം കണ്ടാത്താനാവാത്തതോ ആയ സംഭവങ്ങളെ സിനിമയിലൂടെ അവതരിപ്പിക്കുകയാണ് ഗോദാർദ് ചെയ്തത്. അതിനെ പരീക്ഷണങ്ങളെന്നല്ല മറിച്ച് ശുദ്ധ ഭ്രാന്ത് എന്നാണു വിളിക്കേണ്ടതെന്നുമാണ് അക്കാലത്ത് ഗൊദാര്‍ദിന്റെ വിമർശകർ വാദിച്ചത്. എന്നാൽ ഈ വിമർശനങ്ങളെ ഒരു വാക്കുകൊണ്ടുപോലും പരിഗണിക്കാതെ സിനിമയുടെ സർവമേഖലയിലും കാമറയിലും എഡിറ്റിംഗിലും എന്തിന് ഉള്ളടക്കത്തിലും ആരും നടത്താത്ത, സമാനതകളില്ലാത്ത പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മുതിർന്നു. പലതും ഭ്രാന്തായിരുന്നെന്ന് അദ്ദേഹംതന്നെ വിലയിരുത്തിയിരുന്നു.
1985ൽ പുറത്തിറങ്ങിയ ഹെയ്ൽ മേരിയെന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പരീക്ഷണ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം. കന്യക ദിവ്യഗർഭം ധരിച്ച എല്ലവർക്കും പരിചിതമായ ബൈബിൾ കഥയുടെ പുതുക്കിയെഴുത്താണ് അദ്ദേഹം ഈ ചിത്രത്തിലൂടെ നടത്തിയത്. 1970 -80 കളിലെ ആധ്യാത്മിക ജീവിതത്തിന്റെ ഒരു ക്രോസ് സെക്ഷനായാണ് ഈ ചിത്രം നിരൂപകരാൽ വിശേഷിപ്പിക്കപ്പെട്ടത്. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രവും മറ്റൊന്നായിരുന്നില്ല.
ലഘുവായ കഥ, സങ്കീർണമായ സിനിമ
തന്റെ സിനിമയ്ക്കായി ഗൊദാര്‍ദ് തെരഞ്ഞെടുക്കുക ലഘുവായ കഥകളായിരിക്കും. എന്നാൽ, ആ കഥ പറയാൻ അദ്ദേഹം തെരഞ്ഞെടുക്കുന്ന ആഖ്യാനരീതികൾ അസാധാരണവും. അതിസങ്കീർണമായ കഥാസന്ദർഭങ്ങൾ കൊണ്ട് സന്പന്നമായിരിക്കും സിനിമ പുറത്തിറങ്ങുന്പോൾ ഉണ്ടാവുക. ലളിതമായി സൃഷ്ടിക്കപ്പെടേണ്ടതെന്ന് സാധാരണക്കാരൻ കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യാവസ്ഥകളുടെ വിഭ്രമാത്മകമായ ചിന്തകൾ പേറുന്നവരായിട്ടാവും ഗൊദാർദ് അവതരിപ്പിക്കുക.
ബഹുമതികൾക്കു പിന്നാലെ പോകാത്ത പ്രതിഭ
ബഹുമതികളുടെ പിറകെ പോകേണ്ടവനല്ല കലാകാരൻ എന്നു കരുതുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്ത വ്യക്തിത്വമാണ് ഗൊദാർദിന്റേത്. എന്നാൽ അദ്ദേഹത്തെ തേടി ബഹുമതികൾ നിരവധിയെത്തി. 1965ല്‍ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പരമോന്നത പുരസ്കാരമായ ഗോള്‍ഡണ്‍ ബെയര്‍, 1983ല്‍ വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡണ്‍ ലയണ്‍, 2010ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കര് പുരസ്കാരം എന്നിവ പുരസ്കാരങ്ങളിൽ ചിലതുമാത്രം.
2 comments:
വിശദം.... സമഗ്രം... അഭിനന്ദനങ്ങൾ... 🌹
ഇത്രയും വിശദമായി അദ്യം വായിക്കുന്നു
Post a Comment