Sunday, November 1, 2026

മലയാള സാഹിത്യത്തിലെ ഒറ്റയാൻ വിസ്മയം

 


''സൂര്യന്‍റെ അഗ്നിഫണം രാത്രിയുടെ മാളത്തില്‍നിന്ന് വിടര്‍ന്നുവരുന്നു. സൂര്യന്‍ ആകാശത്തിന്‍റെ സ്ഫടിക നിലത്തിലൂടെ ഇഴഞ്ഞുവന്ന് മഞ്ഞവിഷം കക്കുന്നു. സൂര്യന്‍ വെളുത്ത വിഷപല്ലുകൊണ്ട് ഭൂമിയുടെ പച്ചമാംസത്തില്‍ കൊത്തുന്നു.''    -സൂര്യവംശം

......................................

മലയാള സാഹിത്യത്തിലെ ആധുനികാനന്തര ഘട്ടത്തിലെ  വേറിട്ടതും സങ്കീർണവുമായ ശബ്ദങ്ങളിലൊന്നാണ് മേതിൽ രാധാകൃഷ്ണന്‍റേത്. മലയാള സാഹിത്യത്തിന്‍റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ഈ വർഷം പ്രഖ്യാപിച്ചതും ഈ "ഒറ്റയാൻ" ശബ്ദത്തിനാണ്. ജനപ്രിയ ആഖ്യാനരീതികളോട് സന്ധിചെയ്യാതെ, ചിന്തയുടെയും ഭാഷയുടെയും പരീക്ഷണങ്ങളിലൂടെ മുന്നോട്ടുപോയ മേതിൽ മലയാള സാഹിത്യത്തിലെ വിസ്മയ പ്രതിഭയാണ്. പരമ്പരാഗത കഥാകഥന രീതികളെയും ആഖ്യാന മാതൃകകളെയും പൂർണമായും ഉടച്ചുവാർത്ത്, പുതിയൊരു ദർശനവും ഭാഷയും മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരനാണ് അദ്ദേഹം. കേവലമായൊരു കഥ പറയുന്നതിനപ്പുറം മനുഷ്യാനുഭവങ്ങളെയും യുക്തികളെയും വേറിട്ടൊരു തലത്തിലേക്ക് ഉയർത്താൻ മേതിലിന്‍റെ രചനകൾക്കായിട്ടുണ്ട്.  ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം എന്നിവ സർഗാത്മകമായി സമന്വയിപ്പിച്ച് സ്വന്തം ശൈലി വെട്ടിത്തുറന്ന എഴുത്തുകാരനെന്ന നിലയിലാണ് മേതിലിനെ എഴുത്തച്ഛൻ പുരസ്കാരത്തിനു പരിഗണിച്ചതെന്നു ജൂറിയുടെ വിലയിരുത്തൽ. 

ശാസ്ത്രവും തത്ത്വചിന്തയും ഇഴചേർന്ന ആഖ്യാനത്തിലൂടെ പരമ്പരാഗത ശൈലികളെ നിരാകരിച്ചുകൊണ്ടാണു മേതിൽ സാഹിത്യരംഗത്തേക്ക് പ്രവേശിക്കുന്നത്. കാലഗണനയെയും കാര്യകാരണ ബന്ധങ്ങളെയും കാറ്റിൽപ്പറത്തുന്ന ഒരു സവിശേഷ ആഖ്യാന ശൈലിയാണു മലയാളത്തിന് അദ്ദേഹം പരിചയപ്പെടുത്തിയത്. ഭൗതികശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത എന്നിവയുടെ സ്വാധീനം അദ്ദേഹത്തിന്‍റെ കൃതികളെ വേറിട്ടതാക്കി. മേതിലിന്‍റെ ഭാഷ അദ്ദേഹത്തിനു മാത്രം എഴുതാൻ കഴിയുന്നതായിരുന്നു.  അതുമറ്റാർക്കും പകർത്താൻ പോലുമാവില്ല. അതിനു ശ്രമിച്ചു പരാജയപ്പെട്ടു പോയ എഴുത്തുകാർ നിരവധി. ലളിതമായ ആഖ്യാനത്തിനു പകരം വായനക്കാരെ ചിന്തിപ്പിക്കുകയും ബൗദ്ധികമായി വെല്ലുവിളിക്കുകയും ചെയ്യുന്ന ഗൗരവമേറിയ ഭാഷയാണ് മേതിലിന്‍റെത്. കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ മലയാള സാഹിത്യത്തെ ഭൗതിക ശാസ്ത്രത്തിന്‍റെയും മാത്തമാറ്റിക്സിന്‍റെയും ലബോറട്ടറിയാക്കി അദ്ദേഹം മാറ്റി എന്നു പറയാം. അദ്ദേഹം തന്‍റെ രചനകളിലൂടെ മനുഷ്യരെയും അവരുടെ സങ്കീർണമായ പ്രശ്നങ്ങലെയും അടയാളപ്പെടുത്താൻ ശ്രമിച്ചു. എല്ലാ എഴുത്തുകാരും ചെയ്യുന്നതുപോലെതന്നെ. പക്ഷേ, ഇവിടെ അദ്ദേഹം അതിനായി പിന്തുടർന്നത് സാഹിത്യ യുക്തിയായിരുന്നില്ല, മറിച്ച് ശാസ്ത്രയുക്തിയായിരുന്നു എന്നുമാത്രം. 


1944 ജൂലൈ 24-ന് പാലക്കാട്ട് ജനിച്ച മേതിൽ, ചിറ്റൂർ ഗവൺമെന്‍റ് കോളജിലും തൃശൂർ കേരളവർമ കോളജിലും പഠിച്ചു. പിന്നീട് നോർവീജിയൻ ഷിപ്പിംഗ് കമ്പനിയുടെ കംപ്യൂട്ടർ വിഭാഗത്തിലും ചെന്നൈയിൽ സാങ്കേതിക ലേഖകനായും ജോലി ചെയ്തു. ജന്തുസ്വഭാവശാസ്ത്ര നിരീക്ഷണങ്ങൾ ബ്രിട്ടനിലെ എന്‍റമോളജിക്കൽ സൊസൈറ്റി ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ കംപ്യൂട്ടര്‍ സഹായത്തോടെയുള്ള ഡിസൈന്‍ ആന്‍ഡ് ഡ്രാഫ്റ്റിംഗ് കേന്ദ്രവും അദ്ദേഹം നടത്തി. ജീവശാസ്ത്രവും കംപ്യൂട്ടറും സാഹിത്യവും ഒരേ വ്യക്തിയില്‍ സംഗമിച്ചതിന്‍റെ ഫലം അദ്ദേഹത്തിന്‍റെ രചനകളിലുടനീളം കാണാം. കംപ്യൂട്ടര്‍ മുതല്‍ പ്രാണികള്‍ വരെയുള്ള, പരസ്പരബന്ധമില്ലാത്തതെന്നു തോന്നുന്ന അനുഭവങ്ങളുടെ പ്രപഞ്ചം മേതിലിന്‍റെ രചനകളിൽ നിറഞ്ഞതിന്‍റെ കാരണവും മറ്റൊന്നല്ല. 

മലയാള സാഹിത്യത്തിൽ അതുവരെയുണ്ടായിരുന്ന സൗന്ദര്യ ബോധങ്ങളെ  മേതിൽ പൊളിച്ചെഴുതി. ശരിക്കുംപറഞ്ഞാൽ അട്ടിമറിച്ചു എന്നുപറയാം. ശരിക്കും പറഞ്ഞാൽ ഭ്രാന്തമായ ചിന്തകളിലൂടെയും ഭാവനകളിലൂടെയുമാണ് അദ്ദേഹം അതു ചെയ്തത്. നിലവിലുണ്ടായിരുന്ന സൗന്ദര്യശാസ്ത്രം തകർക്കുക മാത്രമല്ല അദ്ദഹം ചെയ്തത്. മറ്റൊന്നിനെ നിർമിക്കുകയും ചെയ്തു. അദ്ദേഹത്തിനുമാത്രം സാധിക്കുന്ന ഒന്നാണത്. അതിനായി അദ്ദേഹം തന്‍റേതുമാത്രമായ ഒരു രീതിശാസ്ത്രം പ്രയോഗിച്ചു.    താന്‍ പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങള്‍ എഴുത്തിലേക്കു കൊണ്ടുവരിക എന്നതായിരുന്നു അത്. 

മേതിലിന്‍റെ എഴുത്തിലേക്കുള്ള വരവ് ഒരു വിമർശനലേഖനത്തിലൂടെയായിരുന്നു. പത്താംക്ലാസ് പരീക്ഷയെഴുതി റിസൾട്ട് കാത്തിരിക്കുന്ന സമയത്താണ് വിഖ്യാത കഥാകാരൻ പൊൻകുന്നം വർക്കിയുടെ എന്‍റെ വഴിത്തിരിവ് എന്ന ആത്മകഥ മേതിൽ വായിക്കുന്നത്. തുടർന്ന് എന്‍റെ വഴിത്തിരിവിനെ വിമർശിച്ചുകൊണ്ട് ഒരു ലേഖനമെഴുതി. ആദ്യം അതു പ്രസിദ്ധീകരിക്കാൻ താത്പര്യപ്പെട്ടില്ലെങ്കിലും പിന്നീട് മനസുമാറി അദ്ദേഹം അതു നവയുഗം വാരികയ്ക്ക് അയച്ചുകൊടുക്കുകയും അതു പ്രസിദ്ധീകരിച്ചുവരികയും ചെയ്തു. അതും വലിയ പ്രാധാന്യത്തോടെ.  പൊൻകുന്നം വർക്കിയെന്നഅതികായനെ വിമർശിക്കാൻ ധൈര്യം കാട്ടിയതിലൂടെ മേതിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പിന്നീട്, മേതിൽ രാധാകൃഷ്ണൻ എന്നപേര് മലയാള സാഹിത്യത്തിലവെ നെടുംതൂണായി മാറിയെന്നത് ചരിത്രം.   


പതിനെട്ടാം വയസിൽ എഴുതിയ 'ഒക്ടോപ്പസിന്‍റെ ശവം' എന്ന കഥ പ്രസിദ്ധീകരിച്ചതോടെ മേതിൽ അത്യാവശ്യം അറിയപ്പെട്ടുതുടങ്ങിയെന്നു പറയാം. പരമ്പരാഗതമായ കഥാകഥന രീതികളിൽനിന്നു പൂർണമായും മാറി ചിന്തിക്കാനും പുതിയൊരു ആഖ്യാന വഴി വെട്ടിത്തുറക്കാനും അദ്ദേഹത്തിന് ആ പ്രായത്തിൽത്തന്നെ കഴിഞ്ഞു എന്നതിന്‍റെ തെളിവാണ് ഈ രചന. കടലിന്‍റെ അടിത്തട്ടിൽ ജീവിക്കുന്ന ഒക്ടോപ്പസ് എന്നജീവിയുടെ മൃതദേഹം , അതായത് മരണം പ്രമേയമാക്കുക വഴി ഒരു മനുഷ്യന്‍റെ ഉള്ളിലെ അവസ്ഥകളെയും (inner states of human being  എന്നതാണ് മനസിൽ അതിനു ഇതല്ലാതെ മറ്റൊരു പദം കിട്ടുമോയെന്നു നോക്കുക!!!)  അസ്തിത്വ ബോധങ്ങളെയുമാണ് മേതിൽ വരച്ചിടാൻ ശ്രമിച്ചത്. ഈ കഥയുടെ പശ്ചാത്തലത്തിലൂടെ സങ്കീർണമായ ഒരു അനുഭൂതി സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ അനുഭൂതിയിലൂടെ വായനക്കാരെ ആകർഷിക്കാൻ അദ്ദേഹത്തിനായി എന്നുപറയാം. പരമ്പരാഗത ശൈലികളെ നിരാകരിച്ചുകൊണ്ട്, മലയാള കഥാലോകത്ത് തികച്ചും അപരിചിതമായൊരു 'പ്രതിഭാഷ' (അല്ലെങ്കിൽ ആഖ്യാനരീതി രൂപപ്പെടുത്താനാണു താൻ ശ്രമിക്കുന്നതെന്ന് ഒരിക്കൽ അദ്ദഹംതന്നെ പറയുകയുണ്ടായി. അതു തന്‍റെ ആദ്യകാല രചനയിലൂടെത്തന്നെ ശ്രമിച്ചിരുന്ന എന്നതിന്‍റെ തെളിവാണ് 'ഒക്ടോപ്പസിന്‍റെ ശവം' എന്ന കഥ.

കഥപറച്ചിലിന്‍റെ പരമ്പരാഗതമായ ചട്ടക്കൂടുകളെയും ഘടനകളെയും കാറ്റിൽപ്പറത്തിക്കൊണ്ടാണ് മേതിലിന്‍റെ ആദ്യ നോവലായ 'സൂര്യവംശം' പുറത്തുവരുന്നത്. അതുവരെ മലയാളിക്ക് പരിചിതമല്ലാത്ത നോൺ-ലീനിയർ ആഘഖ്യാന രീതിയാണ് മേതിൽ പരീക്ഷിച്ചത്. അതായത് കൃത്യമായ തുടക്കവും മധ്യവും ഒടുക്കവുമുള്ള പരമ്പരാഗത കഥാരീതിക്ക് പകരം ചിതറിനിൽക്കുന്ന ദൃശ്യങ്ങളിലൂടെയും ആശയങ്ങളിലൂടെയുമാണ് സൂര്യംവശം വായനക്കാരനോടു സംവദിക്കുന്നത്. മനുഷ്യന്‍റെ  അസ്തിത്വപരമായ അന്വേഷണങ്ങൾ തന്നെയാണ് സൂര്യവംശത്തിന്‍റെ കാതൽ. അതോടൊപ്പം ചരിത്രവും മിത്തും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങൾളും മാനസിക വ്യാപാരങ്ങളും നോവൽ വായനക്കാരനു മുന്നിലെത്തിക്കുന്നു.  ഒരു കുടുംബ ചരിത്രമോ വംശാവലിയോ വിവരിക്കുന്ന പരന്പരാഗത നോവൽ രചനാ ശൈലിയിൽനിന്നു പുറത്തിറങ്ങി മനുഷ്യരാശിയുടെയും സംസ്കാരങ്ങളുടെയും തുടർച്ചയെയും വീഴ്ചകളെയും തത്ത്വചിന്താപരമായ തലത്തിൽക്കൂടി വിശദീകരിക്കാനാണ്മേതിൽ രാധാകൃഷ്ണൻ ഈ നോവലിൽ ശ്രമിച്ചിരിക്കുന്നത്. 

രണ്ടാമത്തെ നോവലായ 'ബ്രാ'യിലേക്കെത്തുന്പോൾ പരമ്പരാഗത കഥാഘടനകളെയും വായനാശീലങ്ങളെയും ബോധപൂർവം തച്ചുടയ്ക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന മേതിലിനെയാണു കാണാനാവുക. ആധുനികാനന്തര മലയാള സാഹിത്യത്തിലെ ഏറ്റവും വേറിട്ട ആഖ്യാന പരീക്ഷണങ്ങളിലൊന്നാണ്   'ബ്രാ' യെന്ന ചെറുനോവലെന്ന് നിസംശയം പറയാം. സ്ത്രീയുടെ അടിവസ്ത്രം എന്നതിലുപരി, 'ബ്രാ' ഇവിടെ സാമൂഹികവും സാംസ്കാരികവുമായ ആവരണമായും മനഃശാസ്ത്രപരമായ വസ്തുവായും മേതിൽ അടയാളപ്പെടുത്തുന്നു. മനുഷ്യന്‍റെ ഉത്കണ്ഠകളെയും കാമനകളെയും ശാസ്ത്ര-തത്ത്വചിന്താപരമായ കാഴ്ചപ്പാടിലൂടെ പരിശോധിക്കുകയാണ് മേതിൽ ബ്രായിലൂടെ ചെയ്യുന്നത്. തന്‍റെ രചനകളിൽ ഉടനീളം കണ്ടെത്താൻ കഴിയുന്ന ഭൗതികശാസ്ത്ര പദാവലികളും ഗണിതശാസ്ത്രപരമായ സങ്കേതങ്ങളും കഥാസന്ദർഭങ്ങളിലേക്ക് ഇണക്കിച്ചേർക്കുന്ന 'മേതിൽ സ്റ്റൈലി'ന്‍റെ ആദ്യ രൂപം നമുക്ക് ബ്രായിൽ കാണാനാവും. കൽപറ്റ നാരായണൻ ഇതിനെ "മുൻപിൻപില്ലാത്ത നോവൽ മാതൃക" എന്നാണ് വിശേഷിപ്പിച്ചത്. പതിവ് നോവൽസങ്കൽപ്പങ്ങളെ മറികടന്നുള്ള യാത്രയായി ഇന്നും ഇത് പരാമർശിക്കപ്പെടുന്നു.


മേതിൽ രാധാകൃഷ്ണൻ കഥകളിലൂടെയും നോവലുകളിലൂടെയും മാത്രമല്ല, കവിതകളിലൂടെയും സാഹിത്യലോകത്ത് സവിശേഷമായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. പരമ്പരാഗത കവിതാ സങ്കല്പങ്ങളെയും വരികളുടെ താളക്രമങ്ങളെയും പൂർണമായി ഉടച്ചുകളയുന്നതാണ് മേതിലിന്‍റെ കാവ്യലോകം. നോവലുകളിലും കഥകളിലും കാണുന്ന മേതിൽ സ്റ്റൈൽ കവിതകളിലും കാണാനാവും. സാധാരണ കവിതകളിൽനിന്നു തികച്ചും വ്യത്യസ്തവുമായ ദാർശനിക തലങ്ങളാണ് മേതിൽ കവിതകളുടെ കാതൽ. ശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത, പ്രപഞ്ച രഹസ്യങ്ങൾ എന്നിവയൊക്കെ അദ്ദേഹത്തിന്റെ കവിതകളിൽ പ്രധാന പ്രമേയങ്ങളായി കടന്നുവരുന്നു. സാധാരണ കവിതകൾക്കു പ്രമേയമാവുന്ന കേവലമായ വികാരപ്രകടനങ്ങൾക്കോ പ്രകൃതി വർണനകൾക്കോ അപ്പുറം മനുഷ്യന്‍റെ അസ്തിത്വപരമായ ഏകാന്തതയെയും പ്രപഞ്ചത്തിലെ അവന്‍റെ നിസാരതയെയും കുറിച്ചുള്ള തീക്ഷ്ണമായ അന്വേഷണങ്ങളാണ് ഈ കവിതകളിൽ കാണാൻ കഴിയുന്നത്. ലളിതമായ ഈണങ്ങൾക്കോ ആസ്വാദനങ്ങൾക്കോ മേതിലിന്‍റെ കവിതകൾ വഴങ്ങില്ല. അദ്ദേഹത്തിന്‍റെ കവിതകൾ വായനക്കാരനെ ബൗദ്ധികമായി വെല്ലുവിളിക്കുകയും ആഴത്തിലുള്ള ചിന്തയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്.  കവിതയുടെ ഘടനയെക്കുറിച്ചും ആഖ്യാനത്തെക്കുറിച്ചും ഓർമിപ്പിക്കുന്ന തരത്തിൽ,

"ആകത്തുകകളിലേ നിങ്ങൾക്കു കഴിയൂ അർഥങ്ങൾ അറിയാൻ; അംശങ്ങളുടെയും ശിഷ്ടങ്ങളുടെയും കവി ഞാൻ, സൂക്ഷ്മങ്ങളുടെയും വിശദാംശങ്ങളുടെയും കവി ഞാൻ"
എന്ന് മേതിൽ തന്‍റെ കാവ്യലോകത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കേവലം ശബ്ദങ്ങൾക്കപ്പുറം അർഥത്തിന്‍റെ അനന്തമായ സാധ്യതകളാണ് അദ്ദേഹത്തിന്‍റെ ഓരോ കവിതയും തുറന്നിടുന്നത്.

മേതിൽ രധാകൃഷ്ണൻ ഒരിക്കലും എഴുത്തിനെ ഒരു ലളിതവിനോദമായി കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യ കൃതിയിലൂടെ കൊണ്ടുവരാൻ ശ്രമിച്ച രചനാശൈലിയിൽനിന്ന് അണുവിടെ മാറാൻ അദ്ദേഹം തയാറായില്ല.  തുടക്കക്കാർക്ക് അല്പം പ്രയാസകരമെന്ന് തോന്നാമെങ്കിലും ആഴത്തിലുള്ള വായന ആഗ്രഹിക്കുന്നവർക്ക് എക്കാലത്തും അവിസ്മരണീയമായ അനുഭവമാണ് മേതിലിന്‍റെ രചനകൾ നൽകുന്നത്. ശാസ്ത്രവും കലയും സാഹിത്യവും ഒരുപോലെ സംഗമിക്കുന്ന അദ്ദേഹത്തിന്‍റെ കൃതികൾ മലയാള ആധുനിക സാഹിത്യ ചരിത്രത്തിൽ സവിശേഷമായ ഒരു ഏടായി നിലകൊള്ളുന്നു.

FACEBOOK COMMENT BOX