Tuesday, June 16, 2026

സിനിമാറ്റിക് വിപ്ലവത്തിനു സാക്ഷിയായി മലയാള സിനിമ


***സിനിമാ വ്യവസായം മാറ്റത്തിന്റെ പാതയില്‍

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയൊരു പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ മലയാള സിനിമാ വ്യവസായം കേവലം പ്രാദേശികമായ വ്യവസായം മാത്രമായിരുന്നു. ഇന്ന് മലയാള സിനമ ഒരു ആഗോള ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു. ഇന്നലെവരെ തിയറ്ററുകളിലെ പ്രകടനം മാത്രമായിരുന്നു സിനിമാ വ്യവസായത്തിന്റെ ഉയര്‍ച്ച താഴ്ചകളെ നിശ്ചയിച്ചിരുന്നതെങ്കില്‍ ഇന്ന് ഓവര്‍സീസ് റിലീസും ആഗോള ഒടിടി പ്ലാറ്റ്‌ഫോമുകളിലെ സ്വീകാര്യതയുംവരെ മുന്നേറ്റ ഘടകമായി മാറിക്കഴിഞ്ഞു. പ്രാദേശിക-ആഗോള വിപണി സാധ്യതകളെ ഉപയോഗിക്കാന്‍ സാധിക്കുന്നതരത്തിലേക്കു നമ്മുടെ സിനിമ വ്യവസായം മാറിക്കഴിഞ്ഞു.

100-200 കോടി ക്ലബ്ബുകള്‍ 

ഒരുകാലത്ത് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകള്‍ക്ക് മാത്രം അവകാശപ്പെടാനുണ്ടായിരുന്ന 100 കോടി, 200 കോടി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഇപ്പോള്‍ മലയാള സിനിമകളും വളരെ സുരക്ഷിതമായി സ്വന്തമാക്കുന്നു. കൃത്യമായിപ്പറഞ്ഞാല്‍ 2013ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രമായ ദൃശ്യമാണു മലയാള സിനിമാ വ്യവസായത്തിന്റെ തലവര മാറ്റിയതെന്നു വിശേഷിപ്പിക്കാം. 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായി ദൃശ്യം മാറി. ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് എടുക്കുമ്പോള്‍ കോടിയിലധികം കളക്ഷന്‍ ചിത്രം നേടി. കൂടാതെ 150 ദിവസത്തിലധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. 125 ദിവസം ഓടിക്കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ദൃശ്യം മാറി. രണ്ടു വര്‍ഷത്തോളം കളക്ഷന്‍ റിക്കാര്‍ഡ് ദൃശ്യം കാത്തു സൂക്ഷിച്ചു. പിന്നീട്, 2015 ല്‍ പുറത്തിറങ്ങിയ പ്രേമമാണ് റിക്കാര്‍ഡ് ഭേദിച്ചത്. 2016ല്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ആദ്യ നൂറുകോടി കളക്ഷന്‍ നേടി ചരിത്രമായി. പിന്നീട്, ലോക (300 കോടി), എംപുരാന്‍ (268 കോടി), മഞ്ഞുമ്മല്‍ ബോയ്‌സ് (243 കോടി), വാഴ (234 കോടി), 2018 (177 കോടി) തുടങ്ങിയ സിനിമകളുടെ വന്‍വിജയം മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലെത്തിച്ചു. ഇത്തരം വിജയങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ധൈര്യം സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കുകയും ചെയ്യുന്നു എന്നതാണ് വലിയ നേട്ടം.


 പാന്‍-ഇന്ത്യന്‍ സ്വീകാര്യത

 മലയാള സിനിമ ഇന്ന് ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ഇന്ത്യയിലുടനീളം  വലിയ സ്വീകാര്യതയാണ് നേടുന്നത്. ലോകത്താകമാനം മലയാളികള്‍ മാത്രം കണ്ടിരുന്ന മലയാള സിനിമ മറ്റു സംസ്ഥാനങ്ങളിലെ സിനിമാ പ്രേമികള്‍ക്കിടയില്‍ സബ്ടൈറ്റിലുകളോടെ കാണുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ഇന്ന് ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമെല്ലാം മലയാള ചിത്രങ്ങള്‍ക്ക് വലിയ കളക്ഷന്‍ ലഭിക്കുന്നു. ഇത്തരത്തില്‍ കേരളത്തിനു പുറത്ത് റിക്കാര്‍ഡ് കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മുന്‍നിരയിലുള്ളത് ഉണ്ണിമുകുന്ദന്‍ ചിത്രമായ മാര്‍ക്കോയാണ്. കേവലം 30 കോടി രൂപ ബജറ്റിലിറങ്ങിയ ചിത്രം 100 കോടിയിലേറെ കളക്ഷന്‍ നേടി. മലയാളത്തിനു പുറമെ ഹിന്ദി പതിപ്പാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, 2018, ആടുജീവിതം തുടങ്ങിയ ചിത്രങ്ങള്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ ബോക്സോഫീസിലും വലിയ വിജയം കൊയ്തു.

ഒടിടി വിപ്ലവം

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ രാജ്യാന്തര ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാള സിനിമകളോടു പുറംതിരിഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, ഇന്നു കാലംമാറി മിക്ക ഒടിടി പ്ലാറ്റ്‌ഫോമുകളും മലയാള സിനിമകള്‍ക്കു പ്രാധാന്യം നല്‍കിത്തുടങ്ങി. 

തിയറ്ററുകളില്‍ വലിയ റിലീസ് ഇല്ലാതിരുന്ന വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ഉള്ള പ്രേക്ഷകരിലേക്ക് മലയാള സിനിമകള്‍ ഒരേസമയം എത്തിച്ചേരാന്‍ ഒടിടി സഹായിച്ചു. വിദേശ സിനിമകള്‍ക്കു ലഭിക്കുന്നത് പോലെ, സബ്ടൈറ്റിലുകളുടെ സഹായത്തോടെ അന്യഭാഷാ പ്രേക്ഷകരും ഇന്ന് മലയാള സിനിമകളെ നെഞ്ചിലേറ്റുന്നുണ്ട്. ഇതിലൂടെ ആഗോളതലത്തില്‍ വലിയൊരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കാന്‍ മലയാള സിനിമയ്ക്കു സാധിച്ചു. 

കോവിഡ് കാലത്തു തിയറ്ററുകള്‍ അടഞ്ഞുകിടന്നപ്പോള്‍ മലയാള സിനിമയെ ജീവനോടെ നിര്‍ത്തിയത് ഒടിടിയാണ്. സീ യൂ സൂണ്‍, ദൃശ്യം 2, ജോജി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ നേരിട്ട് ഒടിടിയിലാണു റിലീസ് ചെയതത്. നമ്മുടെ നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലെ കഥയോ, അവിടുത്തെ പ്രാദേശിക സംസ്‌കാരമോ പറയുന്ന സിനിമകള്‍ പോലും ഒടിടിയിലൂടെ ലോകശ്രദ്ധ നേടുന്നതു നമ്മള്‍ കണ്ടു. കുമ്പളങ്ങി നൈറ്റ്‌സ്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ചുരുളി തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. മലയാളിയുടെ ജീവിതവും രാഷ്ട്രീയവും ആഗോള സിനിമാ ചര്‍ച്ചകളുടെ ഭാഗമായി മാറിയതില്‍ ഒടിടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മികച്ച പ്രമേയവും തിരക്കഥയുമുള്ള സിനിമകള്‍ നിര്‍മിച്ചാല്‍ അതിന് ലോകമെമ്പാടും മാര്‍ക്കറ്റ് ഉണ്ടെന്ന വലിയ ആത്മവിശ്വാസമാണ് ഒടിടി യുഗം മലയാള സിനിമ വ്യവസായത്തിനു നല്‍കിയിരിക്കുന്നത്. വലിയ കാന്‍വാസില്‍ ചെയ്യേണ്ട ചിത്രങ്ങള്‍  തിയേറ്ററുകളില്‍തന്നെ വിജയിക്കുമ്പോള്‍, ചെറുകിട-ഇമോഷണല്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഒടിടിയില്‍ വരാന്‍ കാത്തിരിക്കുന്ന പ്രവണത കൂടിവരുന്നതുതന്നെ മലയാളി പ്രേഷകരുടെ ഇടയില്‍ ഒടിടിക്കുണ്ടായ സ്വീകാര്യതയാണു കാണിക്കുന്നത്. വന്‍ താരനിരയോ, ഫൈറ്റോ, മാസ് ഡയലോഗുകളോ, പാട്ടുകളോ ഇല്ലാതെതന്നെ മികച്ചൊരു കഥയുണ്ടെങ്കില്‍ ഒടിടിയില്‍ സിനിമ ഹിറ്റാക്കാം എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തിയറ്ററില്‍ പരാജയമായ ഭരതനാട്യം എന്ന സിനിമയ്ക്ക് ഒടിടി റിലീസിനു ശേഷമുണ്ടായ സ്വീകാര്യത. ഈ ചിത്രത്തിന്റെ രണ്ടാഭാഗമായ മോഹിനിയാട്ടം തിയറ്ററില്‍ 50 കോടി കളക്ഷന്‍ നേടുകയും ചെയ്തു. 


പ്രമേയങ്ങളിലെ വൈവിധ്യവും പരീക്ഷണങ്ങളും 

റിയലിസ്റ്റിക് സിനിമകളില്‍നിന്നുള്ള മാറ്റം കുറച്ചുകാലമായി മലയാള സിനിമയെ ഭരിച്ചിരുന്ന പ്രകൃതി / നന്മമരം അല്ലെങ്കില്‍ അമിത റിയലിസ്റ്റിക് സിനിമകളില്‍നിന്ന് മാറി, എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന മാസ്-കൊമേര്‍ഷല്‍ സിനിമകളായി മാറി. സര്‍വൈവല്‍ ത്രില്ലറുകള്‍, ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍, ഹൊറര്‍/വയലന്റ്/സൈക്കോളജിക്കല്‍ ത്രില്ലറുകള്‍, പരീക്ഷണാത്മക സിനിമകള്‍ എന്നിവയിലേക്ക് ഇന്‍ഡസ്ട്രി വഴിമാറിക്കഴിഞ്ഞു. ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകളാണ് മലയാള സിനിമയുടെ ദൃശ്യ ഭാഷയെ മാറ്റുന്നതില്‍ തുടക്കമിട്ടതെന്നു പറയാം. പ്രത്യേകിച്ച് ഇയ്യോബിന്റെ പുസ്തകം (2014), ജെല്ലിക്കെട്ട് (2019), നന്‍പകല്‍നേരത്തു മയക്കം (2022), ചുരുളി (2021), മലൈക്കോട്ടൈ വാലിബന്‍ (2024) തുടങ്ങിയ സിനിമകള്‍. പിന്നീട്, ഭൂതകാലം (2022), ഭ്രമയുഗം (2024), മാര്‍ക്കോ (2024), ഡീയെസ് ഇറ (2025) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമ ഇതുവരെ കാണാത്ത ജോണറുകളും കണ്ടു.  

സാങ്കേതിക മികവ്

മലായാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റം സംഭവിച്ച മേഖല സാങ്കേതിക മേഖലയിലാണ്. കുറഞ്ഞ ചിലവില്‍ മികച്ച സിനിമകള്‍ എന്ന രീതിയില്‍നിന്ന് മാറി, വന്‍ ബഡ്ജറ്റില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള സിനിമകള്‍ എന്ന നിലയിലേക്ക് സിനിമ മാറി. പ്രത്യേകിച്ച് വിഎഫ്എക്‌സ്, ഹൈ എന്‍ഡ് സൗണ്ട് ഡിസൈന്‍ തുടങ്ങയ മേഖലയില്‍. ലോകയും എംപുരാനും മലൈക്കോട്ടൈ വാലിബനും പേട്രിയട്ടും മേക്കിംഗ് ക്വാളിറ്റികൊണ്ട് ചലച്ചിത്ര പ്രേഷകര്‍ക്കു പുത്തന്‍ കാഴ്ചാനുഭവം നല്‍കി. ഹോളിവുഡ് പോലെ കോടികള്‍ മുടക്കാന്‍ കഴിയില്ലെങ്കിലും പരിമിതമായ ബജറ്റില്‍ അതിശയിപ്പിക്കുന്ന വിഎഫ്എക്‌സ് എഫക്ടുകള്‍ മലയാള സിനിമകള്‍ ഒരുക്കുന്നുണ്ട്. കായംകുളം കൊച്ചുണ്ണി, മാമാങ്കം, 2018 തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണങ്ങളാണ്. കോവിഡ് കാലത്ത് ഒരേയൊരു ലൊക്കേഷനില്‍ മൊബൈല്‍ ഫോണില്‍ പോലും ഷൂട്ട് ചെയ്ത് അന്താരാഷ്ട്ര നിലവാരത്തില്‍ എഡിറ്റ് ചെയ്ത സീ യൂ സൂണ്‍ (2020) പോലുള്ള ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണു നല്‍കിയത്. റസൂല്‍ പൂക്കുട്ടിയെപ്പോലുള്ള പ്രതിഭകള്‍ ഓസ്‌കാര്‍ വേദിയില്‍ വരെ എത്തിയതോടെ ശബ്ദലേഖനത്തിന് മലയാളത്തില്‍ വലിയ പ്രാധാന്യം ലഭിച്ചു. സിങ്ക് സൗണ്ട് (കഥാപാത്രങ്ങളുടെ സംഭാഷണം ഷൂട്ടിംഗ് സെറ്റില്‍വച്ചുതന്നെ നേരിട്ട് റെക്കോര്‍ഡ് ചെയ്യുന്നരീതി) ഇന്ന് മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പുതുമുഖങ്ങളുടെ കടന്നുവരവ്

വന്‍ താരമൂല്യമുള്ള സൂപ്പര്‍താരങ്ങളെ മാത്രം ആശ്രയിക്കാതെ, കഥയ്ക്കും പുതുമയുള്ള ആവിഷ്‌കാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന യുവസംവിധായകരും എഴുത്തുകാരും സിനിമയെ നയിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന മാറ്റം. അവരുടെ സിനിമകള്‍ സൂപ്പര്‍താര ചിത്രങ്ങളെക്കാള്‍ തിയറ്ററില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നുമുണ്ട്. മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് എന്നും വലിയ പ്രാധാന്യമുണ്ട്. കഥയുടെ വൈവിധ്യവും റിയലിസ്റ്റിക് സമീപനങ്ങളും മുന്‍നിര്‍ത്തി നിരവധി യുവതാരങ്ങളും സംവിധായകരുമാണ് ഓരോ വര്‍ഷവും സിനിമയിലേക്കു് കടന്നുവരുന്നത്. പ്രത്യേകിച്ച്, പുതുമുഖങ്ങള്‍ അണിനിരന്ന പ്രേമം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു, വാഴ, വാഴ 2 തുടങ്ങിയ ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുണ്ട്. പിന്നെ കാസ്റ്റിംഗ് രീതിയിലുണ്ടായ മാറ്റമാണു പ്രത്യേകം എടുത്തു പറയേണ്ടത്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ പുതുമുഖങ്ങളെ കണ്ടെത്താനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ വളരെ സാധാരണമാണ്. ഇത് അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കും വലിയ അവസരങ്ങള്‍ നല്‍കുന്നു. മുന്‍കാലങ്ങളില്‍ മിമിക്രി വേദികളില്‍നിന്നായിരുന്നു സിനിമയിലേക്ക് പുതിയ ആളുകള്‍ വന്നിരുന്നതെങ്കില്‍, ഇന്ന് ആ സ്ഥാനം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൈക്കലാക്കിയിരിക്കുകയാണ്. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ കഴിവ് തെളിയിക്കുന്ന ഒട്ടനവധി പേര്‍ ഇപ്പോള്‍ മികച്ച സിനിമകളില്‍ നായകന്മാരും സഹതാരങ്ങളുമായി തിളങ്ങുന്നു. അനു കെ അനിയന്‍ (അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഭീഷ്മ പര്‍വം, നെയ്മര്‍, വാലാട്ടി), അല്‍ അമീന്‍ (പ്രകമ്പനം), ഹാഷിര്‍, ജോമോന്‍ ജ്യോതിര്‍, അലന്‍ ബിന്‍ സിറാജ് (വാഴ, വാഴ 2), പ്രണവ് രാജ്, മിഥുന്‍ വിജയ് ശങ്കര്‍ (ഇരുവരും ആവേശം) എന്നിവര്‍ ഇത്തരത്തില്‍ സിനിമയിലെത്തിയവരാണ്. 

കാല്പനികത ഔട്ട്; റാപ് ഇന്‍

മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമായത് ഗാനങ്ങള്‍ക്കാണെന്നു പറയാം. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടെ സംഗീതസംസ്‌കാരംതന്നെ മാറിക്കഴിഞ്ഞു. പുതിയതലമുറയുടെ പാട്ടുകള്‍ പെട്ടെന്ന് ആളുകളിലേക്ക് എത്തുകയും വലിയ ആവേശം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. പഴയകാലത്തെ ഗാനങ്ങളിലുണ്ടായിരുന്ന കല്‍പനകളോ ആഴത്തിലുള്ള സാഹിത്യഭാഷയോ ഇന്നത്തെ പാട്ടുകളില്‍ തുലോംകുറവാണ്. പകരം, പുതിയ തലമുറ നിത്യജീവിതത്തില്‍ സംസാരിക്കുന്ന ഭാഷയും ഇംഗ്ലീഷ് വാക്കുകളുടെ സ്വാഭാവികമായ കൂട്ടിച്ചേര്‍ക്കലുകളും പുത്തന്‍തലമുറ ഗാനങ്ങളെ വ്യത്യസ്തമാക്കുന്നു. ഈയടുത്ത് സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസ് നേടിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. യുവാക്കള്‍ക്കിടയില്‍ ഇന്ന് ഏറ്റവും തരംഗമായ ഹിപ്-ഹോപ്, റാപ് ഗാനങ്ങളുടെ സ്വാധീനവും ചലച്ചിത്രഗാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലെ പ്രാദേശിക ഭാഷാശൈലിയിലുള്ള റാപ്പ് പാട്ടുകള്‍ ചലച്ചിത്രഗാനങ്ങളില്‍ ഇന്നു ധാരാളമായി കടന്നുവരുന്നുണ്ട്. ജിത്തു മാധവന്‍-ഫഹദ് ഫാസില്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശത്തിലെ പാട്ടുകളും വലിയ പ്രശസ്തി നേടിയിരുന്നു. സോഷ്യല്‍മീഡിയ റീലുകള്‍ക്ക് അനുയോജ്യമായ രീതിയില്‍, പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഹുക്ക് സ്റ്റെപ്പുകളോട് കൂടിയ പാട്ടുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പുതിയ മാറ്റങ്ങള്‍ ധാരാളമായുണ്ടാവുന്നെങ്കിലും പഴയ പാട്ടുകളെപ്പോലെ കാലങ്ങളോളം പ്രേഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന മെലഡികളുടെ എണ്ണം കുറവാണെന്നൊരു വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. എങ്കിലും, മലയാള സംഗീതത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പുതിയ മാറ്റങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

തിരക്കഥയാണു താരം 

മലയാള സിനിമയുടെ നട്ടെല്ല് അല്ലെങ്കില്‍ കരുത്ത് എന്നത് അതിന്റെ ശക്തമായ തിരക്കഥ തന്നെയാണ്. വലിയ ബഡ്ജറ്റുകളോ ആഡംബര സെറ്റുകളോ വന്‍തോതിലുള്ള വിഷ്വല്‍ എഫക്ട്‌സോ ഇല്ലെങ്കില്‍പ്പോലും മികച്ചൊരു കഥയും കരുത്തുറ്റ തിരക്കഥയുമുള്ള ചിത്രങ്ങള്‍ മറ്റെന്തൊക്കെ കുറവുകളുണ്ടായാലും പ്രേഷകര്‍ രണ്ടുകൈയുംനീട്ടി സ്വീകരിക്കുംമെന്നു ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി), അഞ്ജലി മേനോന്‍ (ബാംഗ്ലൂര്‍ ഡേയ്‌സ്), മുഹ്‌സിന്‍ പരാരി (സുഡാനി ഫ്രം നൈജീരിയ, തല്ലുമാല), മിഥുന്‍ മാനുവല്‍ തോമസ് (ഓം ശാന്തി ഓശാന, ആട്, അഞ്ചാംപാതിര) തുടങ്ങിയ പുതിയ തലമുറയിലെ തിരക്കഥാകൃത്തുക്കള്‍ തെളിയിച്ചു കഴിഞ്ഞു.

******************


Monday, June 8, 2026

ഓര്‍മകളുടെ വീണ്ടെടുപ്പ്



ഫ്രഞ്ച് സാഹിത്യത്തിലെ നെടുംതൂണാണ് പാട്രിക് മൊഡിയാനോ. ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍ അതികായരുടെ പട്ടികയിലും പ്രഥമസ്ഥാനത്തിന് അര്‍ഹതയുള്ളതും അദ്ദേഹത്തിനാണ്. അതുല്യമായ എഴുത്തുശൈലി കൊണ്ടും രചനകള്‍ക്കായി തെരഞ്ഞെടുത്ത പ്രമേയങ്ങളുടെ വൈവിധ്യത്താലും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച എഴുത്തുകാരനായ മൊഡിയാനോയുടെ ജീവിതം അദ്ദേഹത്തിന്റെ നോവലുകള്‍ പോലെതന്നെ സങ്കീര്‍ണവും നാടകീയവുമായിരുന്നു. മൊഡിയാനോയുടെ രചനകളില്‍ മിക്കവയിലും ഓര്‍മയും മറവിയും ഭൂതകാലവും നിറഞ്ഞുനില്‍ക്കുന്നതായി കാണാം. ഭൂതകാലത്തില്‍ മരിച്ചുപോയ മനുഷ്യരെയും നഷ്ടപ്പെട്ടുപോയ കാലത്തെയും വീണ്ടെടുക്കുകയെന്ന ദൗത്യമാണ് അദ്ദേഹം തന്റെ രചനകളിലൂടെ നടത്തുന്നത്. ഇത്തരത്തിലുള്ള വീണ്ടെടുപ്പിനായുള്ള ഒരു നിരന്തരശ്രമം തന്റെ എഴുത്തിലുടനീളം അദ്ദേഹം നടത്തി. ഭൂതകാലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല കൃതികള്‍ക്കും പ്രചോദനമായത് സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം അറിയാന്‍ ശ്രമിക്കുന്നവര്‍ക്കു മനസിലാവും. 

ഭാഷയിലെ ലാളിത്യവും കാവ്യാത്മക എഴുത്തും

കാവ്യാത്മകമായി എഴുതുമ്പോഴും ഭാഷയില്‍ വലിയ ലാളിത്യം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കഠിനവും പാണ്ഡിത്യം പ്രകടമാക്കുന്നതുമായ വാക്കുകളൊന്നുംതന്നെ അദ്ദേഹം പൊതുവേ രചനകളില്‍ ഉപയോഗിക്കാറില്ല. തന്റെ രചനകളിലൂടെ വായനക്കാരനില്‍ ശൂന്യതയും നഷ്ടബോധവും സൃഷ്ടിക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനായി അദ്ദേഹം വലിയ നോവലുകളല്ല എഴുതുക. മറിച്ച് അദ്ദേഹത്തിന്റെ നോവലുകളെല്ലാം സമകാലികരായ എഴുത്തുകാരുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പം കുറഞ്ഞവയാണ്. പക്ഷേ, വായനക്കാരില്‍ നിഗൂഡതയും ഗൃഹാതുരത്വവും നിറയ്ക്കാന്‍ ഈ കുഞ്ഞന്‍ നോവലുകളിലൂടെ മൊഡിയാനോയ്ക്കായി. 

ഫ്രഞ്ച് സാഹിത്യലോകം കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ രചനാശൈലിയുമായായിരുന്നു മൊഡിയാനോയുടെ സാഹിത്യ അരങ്ങേറ്റം. പാട്രിക് മൊഡിയാനോയുടെ എഴുത്തുജീവിതത്തിന് അടിത്തറയിട്ടതും ആദ്യ രചനയാണ്. 1968ല്‍ തന്റെ 22-ാമത്തെ വയസിലാണ് ആദ്യനോവലായ 'ലാ പ്ലേസ് ഡി ലോട്ടോയില്‍' (നക്ഷത്രത്തിന്റെ സ്ഥാനം) മൊഡിയാനോ പ്രസിദ്ധീകരിക്കുന്നത്. ആദ്യ നോവലിലൂടെത്തന്നെ അദ്ദേഹം രണ്ടു പ്രധാന പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഫ്രാന്‍സിലെ പ്രശസ്തമായ റോജര്‍ നിമിയര്‍ പുരസ്‌കാരവും ഫെനിയോന്‍ പുരസ്‌കാരവും. പിന്നീട് ദ പ്ലേസ് ഓഫ് 

അധിനിവേശ ഫ്രാന്‍സിനെ വരച്ച് ആദ്യ നോവല്‍

'ലാ പ്ലേസ് ഡി ലോട്ടോയില്‍' റാഫേല്‍ ഷ്‌ലെമിലോവിച്ച് എന്ന യഹൂദ യുവാവിന്റെ ജീവിതം വരച്ചിടുന്നതിലൂടെ മൊഡിയാനോ രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി അധിനിവേശ ഫ്രാന്‍സിനെയാണ് വായനക്കാരനു മുന്നിലെത്തിച്ചത്. യുദ്ധം ഒരു സമൂഹത്തിനുമേല്‍ പടര്‍ത്തുന്ന ഭീതിയെ വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം നോവലിലൂടെ വായനക്കാര്‍ക്കു നല്‍കിയത്. അന്നത്തെ യഹൂദ വിരുദ്ധതയും നോവലില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിനായി. ഇവയ്ക്കിടയില്‍ സ്വന്തം വ്യക്തിത്വവും സ്വത്വവും കണ്ടെത്താന്‍ ശ്രമിക്കുന്ന കേന്ദ്രകഥാപാത്രമായ റാഫേലിന്റെ മാനസിക വ്യാപാരങ്ങളെ വായനക്കാരുടെ മനസിനെ പിടിച്ചുലയ്ക്കും വിധം അവരിപ്പിച്ചതിലൂടെ 'ലാ പ്ലേസ് ഡി ലോട്ടോയില്‍' വലിയ നിരൂപക പ്രശംസയ്ക്കും പാത്രമായി. അധിനിവേശ കാലത്ത് ഫ്രാസിലെ യഹൂദര്‍ നേരിട്ട വംശീയമായ വിദ്വേഷങ്ങളെയും അക്കാലത്തെ വളരെ സങ്കീര്‍ണമായ മനുഷ്യ ബന്ധങ്ങളെയും റാഫേലിന്റെ വേഷപ്പകര്‍ച്ചകളിലൂടെ മൊഡിയാനോ അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ക്കു ലഭിച്ചത് ഒരു പുത്തന്‍ വായനാനുഭവമായിരുന്നു.


കുറ്റാന്വേഷണ ശൈലിയും ദാര്‍ശനിക കാഴ്ചപ്പാടുകളും

പാട്രിക് മൊഡിയാനോയുടെ രചനകളില്‍ ഏറ്റവും ശ്രദ്ധേയവും ആഗോള പ്രശസ്തവുമായ കൃതി ഏതെന്നു ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ ലഭിക്കും. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുക മിസിംഗ് പേഴ്‌സണ്‍ എന്ന നോവലായിരിക്കും. 1978ല്‍ പുറത്തിറങ്ങിയ ഈ നോവലില്‍ ഒരു കുറ്റാന്വേഷണ നോവലിന്റെ ഘടനയാണ് അദ്ദേഹം പിന്തുടര്‍ന്നിരിക്കുന്നത്. സൂക്ഷമമായി നിരീക്ഷിച്ചാല്‍ മൊഡിയാനോയുടെ മിക്ക രചനകളിലും ഈ ഒരു ശൈലി കണ്ടെത്താനാവും. പലപ്പോഴും ഒരു വ്യക്തിയേയോ അല്ലെങ്കില്‍ തന്റെ തന്നെയോ ഭൂതകാലത്തെയോ തേടിപ്പോകുന്ന കേന്ദ്ര കഥാപാത്രങ്ങളെ അദ്ദേഹത്തിന്റെ ഒന്നിലേറെ രചനകളില്‍ കണ്ടെത്താനാവും. മിസിംഗ് പേഴ്‌സണിലാണ് അദ്ദേഹം ഈ രീതി ആദ്യ പരീക്ഷച്ചത്. പിന്നീട് പുറത്തിറങ്ങിയ ഡോറാ ബ്രൂഡര്‍ എന്ന കൃതിയിലും സമാനമായ ശൈലി അദ്ദേഹം പിന്തുടര്‍ന്നു. മിസിംഗ് പേഴ്‌സണിന്റെ രചനാ ശൈലി കുറ്റാന്വേഷണ നോവലിന്റേതാണെങ്കിലും ഈ നോവല്‍ ഒരിക്കലും കേവലം കുറ്റാന്വേഷണ കഥയല്ല. മറിച്ച് വളരെ ആഴമുള്ള ദാര്‍ശനിക ചിന്തകളാണ്. അതില്‍ ഒരു ശരാശരി മനുഷ്യന്റെ നിലനില്‍പ്പ്, ഓര്‍മ, വ്യക്തിത്വം തുടങ്ങിയവയെക്കുറിച്ചുള്ള ദാര്‍ശനികമായ കാഴ്ചപ്പാടുകള്‍ ലോക വ്യാപകമായി ഈ നോവല്‍ ചര്‍ച്ച ചെയ്യാന്‍ ഇടയാക്കുകയും ചെയ്തു. താന്‍ ആരാണ് എന്ന വലിയ ദാര്‍ശനിക ചോദ്യം ഉയര്‍ത്തിയ നിരവധി കൃതികളുണ്ടെങ്കിലും വായനക്കാരന്റെ ചിന്തകളെ ഉണര്‍ത്തുന്നതിലും താന്‍ മുന്നോട്ടുവച്ച ദാര്‍ശനികതയോടൊപ്പം വായനക്കാരെ കൂടെക്കൂട്ടാനും കഴിഞ്ഞ ടോള്‍സ്‌റ്റോയ്ക്കും ഡോസ്‌റ്റോവ്‌സ്‌കിക്കൊപ്പവുമാണ് പാട്രിക് മൊഡിയാനോയെ നിരൂപകരും വായനക്കാരും പ്രതിഷ്ഠിക്കുന്നത്. ലോകസാഹിത്യത്തിലെ സമാനതകളില്ലാത്ത ഒരു ക്ലാസിക് കൃതിയായി 'മിസിംഗ് പേഴ്സണ്‍' മാറിയതിന്റെ കാരണവും ഇതാണ്.

മിസിംഗ് പേഴ്‌സണിലെ കേന്ദ്ര കഥാപാത്രമായ ഗൈ റോളണ്ട് ഓര്‍മ ശക്തി നഷ്ടമായ സ്വകാര്യ ഡിറ്റക്ടീവാണ്. തന്റെ യഥാര്‍ത്ഥ ഭൂതകാലവും വ്യക്തിത്വവും തേടി ഗൈ റോളണ്ട് നടത്തുന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. കാരണം ഗൈ റോളണ്ട് എന്ന പേര് അദ്ദേഹത്തിനു നല്‍കിയത് ഒരു ഡിറ്റക്ടീവ് ഏജന്‍സി ഉടമയാണ്. തന്റെ ഭൂതകാലം തെരയാനായി പഴയ ഫോട്ടോകളും ഫോണ്‍ ഡയറക്ടറികളുമാണ് അദ്ദേഹം ആശ്രയിക്കുന്നത്. കൂടാതെ താന്‍ കാണുകയും പരിചയപ്പടുകയും ചെയ്ത മനുഷ്യര്‍ പറഞ്ഞ കാര്യങ്ങളും വിലയിരുത്തുകയാണ് ഗൈ റോളണ്ട് ചെയ്യുന്നത്. അദ്ദേഹം നടത്തുന്ന അന്വേഷണങ്ങള്‍ എത്തിക്കുന്നത് 'ലാ പ്ലേസ് ഡി ലോട്ടോയിലേതിനു സമാനമായ ഭൂമികയിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മനിയുടെ അധിനിവേശത്തലമര്‍ന്ന അതേ ഫ്രാന്‍സില്‍ത്തന്നെ. ഒടുവില്‍ തന്റെ യഥാര്‍ഥ പേര് ജിമ്മി പെഡ്രോയെന്നാണെന്നും യുദ്ധ സമയത്ത് അതിര്‍ത്തികടക്കാന്‍ ശ്രമിച്ചയാളായിരുന്നെന്നും അദ്ദേഹം കണ്ടെത്തുന്നു. ഈ കണ്ടെത്തലില്‍ എത്തുമ്പോഴും വായനക്കാരുടെ മനസില്‍ പല ചോദ്യങ്ങളും അവശേഷിപ്പിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. കുറ്റാന്വേഷണ നോവലിന്റെ ശൈലി പിന്‍പറ്റിയെങ്കിലും നിഗൂഡതകളെ ഒളിപ്പിച്ചുകൊണ്ടാണ് മിസിംഗ് പേഴ്‌സണ്‍ അവസാനിക്കുന്നത്. 

ആദ്യ നോവലായ 'ലാ പ്ലേസ് ഡി ലോട്ടോയിലും മിസിംഗ് പേഴ്‌സണിലുമടക്കം മിക്ക നോവലുകളുടെയും പശ്ചാത്തലം നാസി ജര്‍മനിയുടെ അധിനിവേശത്തിലായിരുന്ന ഫ്രാന്‍സാണ്. സത്യത്തില്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷമാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍, ആ കാലത്തെ യുദ്ധഭീതിയും അധിവേശത്തിന്റെ ഭീകരതയും ആവിഷ്‌കരിക്കുന്നതില്‍ അദ്ദഹത്തിനു അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഫ്രഞ്ച് സാഹിത്യത്തിലിറങ്ങിയ നിരവധി നോവലുകളില്‍ യുദ്ധവും അധിനിവേശവും ഇടംപിടിച്ചിരുന്നെങ്കിലും  ആ സമയത്തെ യുദ്ധഭീതിയും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതയും അനിശ്ചിതാവസ്ഥയും വായനക്കാരന്റെ മനസിനെ ഉലയ്ക്കുന്നതരത്തില്‍ എഴുതുന്നതില്‍ മൊഡിയാനോയോളം ആരും വിജയിച്ചില്ല. 


ഡോറാ ബ്രൂഡറും ആത്മകഥനവും

ബയോഗ്രാഫിക്കല്‍ ഫിക്ഷനിലും സ്വന്തം കൈയൊപ്പു ചാര്‍ത്താന്‍ മൊഡിയാനോയ്ക്കായി. പറഞ്ഞുവരുന്നത് 1997 ല്‍ പുറത്തിറങ്ങിയ ഡോറാ ബ്രൂഡര്‍ എന്ന നോവലിനെക്കുറിച്ചാണ്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ത്തന്നെയാണ് ഈ നോവലും അദ്ദേഹം വാര്‍ത്തിരിക്കുന്നത്. സംശയിക്കണ്ട, കുറ്റാന്വേഷണ ശൈലിയില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെയാണ് ഈ നോവലിന്റെ കഥയും വികസിക്കുന്നത്. ഈ നോവലിലും ഓര്‍മയും മറവിയും പ്രമേയത്തിന്റെ ഭാഗമാകുന്നുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ സാധാരണക്കാരെക്കുറിച്ചാണ് നോവല്‍ സംസാരിക്കുന്നത്. അതായത് നാസി അധിനിവേശ കാലത്ത് ആരും അറിയാതെപോയ, വിലാസങ്ങളില്ലാതെ കൊലചെയ്യപ്പെട്ട ലക്ഷക്കണക്കിന് സാധാരണക്കാരില്‍ ഒരാളായ ഡോറാ ബ്രൂഡറെന്ന പതിനഞ്ചു വയസുകാരിയാണ് നോവലിലെ കേന്ദ്രകഥാപാത്രം.  

ഒരു പത്രപ്പരസ്യത്തില്‍നിന്നാണ് ഈ നോവലിന്റെ ബീജം തന്നില്‍ പ്രവേശിച്ചതെന്നാണ് മൊഡിയാനോ ഒരിക്കല്‍ വെളിപ്പെടുത്തിയത്. അതും നോവല്‍ പുറത്തിറങ്ങുന്നതിന് 56 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ചത്. 1941 ഡിസംബര്‍ 31 ലെ 'പാരീസ്-സോയ്ര്‍' എന്ന ഫ്രഞ്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം കാണാനിടയായതാണ് ഈ നോവലിനു പ്രചോദനമായത്. അന്നു പാരീസ് നാസികളുടെ അധിനിവേശത്തിലായിരുന്നു. അക്കാലത്താണ് ഒരു കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ഡോറാ ബ്രൂഡര്‍ എന്ന ജൂത പെണ്‍കുട്ടിയെ കാണാതാവുന്നത്. ഡോറയെ കാണാനില്ലെന്നു കാണിച്ച് അവളുടെ മാതാപിതാക്കള്‍ നല്‍കിയ പരസ്യമായിരുന്നു അത്. ഈ പരസ്യത്തിലെ പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് മൊഡിയാനോ അന്വേഷിച്ചിറങ്ങി. അദ്ദഹം കണ്ടെത്തിയത് വളരെ ക്രൂരമായ ചരിത്രമായിരുന്നു. പാരീസിലെ പഴയ തെരുവുകളിലും പോലീസ് റിക്കാര്‍ഡുകളിലും ഔദ്യോഗിക രേഖകളിലുമായി ആ പെണ്‍കുട്ടിയെ തേടി മൊഡിയാനോ അലഞ്ഞു നടന്നത് വര്‍ഷങ്ങളായിരുന്നു. ഒടുവില്‍ അദ്ദഹം കണ്ടെത്തിയ സത്യം വളരെ വളരെ സങ്കടകരമായിരുന്നു. ജൂത വേട്ടയ്ക്കു നേതൃത്വം നല്‍കിയുന്ന നാസിപ്പോലീസിന്റെ പിടിയില്‍പ്പെട്ട ഡോറ ബ്രൂഡറെ പാരീസിനടുത്തുള്ള ഒരു തടങ്കല്‍പ്പാളയത്തിലേക്ക് പോലീസ് മാറ്റി. പിന്നീട്, ഡോറയെ അവിടെനിന്ന് 1942-ല്‍ ഓഷ്‌വിറ്റ്‌സ് എന്ന നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാവമ്പിലേക്ക് മാറ്റിയെന്നും മൊഡിയാനോ കണ്ടെത്തി. പിന്നീടെന്തു സംഭവിച്ചെന്നു പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ. 

ഡോറ ബ്രൂഡറെ കേന്ദ്ര കഥാപാത്രമാക്കി നോവലെഴുതുന്നതിനിടെ പല രാത്രികളിലും താന്‍ ആരുമറിയാതെ കരഞ്ഞിരുന്നതായി മൊഡിയാനോ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ഒരിക്കല്‍ മൊഡിയാനോ ഈ നോവല്‍ ആത്മകഥാ സ്പര്‍ശമുള്ളതാണെന്നും പറയുകയുണ്ടായി. '' ഇത് ഡോറയുടെ മാത്രം കഥയല്ല. കൗമാരത്തില്‍ ഞാന്‍ നടന്ന പാരീസ് തെരുവുകളുണ്ട്. എന്റെ അച്ഛനുമായുണ്ടായിരുന്ന ബന്ധമുണ്ട്. എന്റെ കൗമാരകാലമുണ്ട്. ഒരു പക്ഷേ, വൈകാരികമായി ഞാന്‍ ഈ നോവലുമായി ബന്ധപ്പെട്ടരിക്കുന്നു. ഡോറയുടെ അനുഭവങ്ങളില്‍നിന്ന് എന്റെ അനുഭവങ്ങളെ പെട്ടന്നു വേര്‍പിരിച്ചെടുക്കാനാവില്ല. ചിലയിടങ്ങളില്‍ അവ പരസ്പരം പിണഞ്ഞാണു കിടക്കുന്നത്.'' മൊഡിയാനോ ഒരിക്കല്‍ പറഞ്ഞു. 

ഡോറ ബ്രൂഡറെ കാണാതായതിനു ശേഷമുള്ള എല്ലാ വിവരങ്ങളും തനിക്ക് കണ്ടെത്താനായില്ലെന്നുപറഞ്ഞ മൊഡിയാനോ ആ ഭാഗം ഒരിക്കലും ഭാവനയില്‍നിന്ന് എഴുതാന്‍ ആഗ്രഹിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഈ നോവല്‍ വായിക്കുന്ന വായനക്കാരന് എഴുത്തുകാരന്‍ നിശബ്ദനായത് എവിടെയാണെന്നു വളരെ വേഗത്തില്‍ വ്യക്തമാകും. അവള്‍ സ്‌കൂളില്‍നിന്ന് ഓടിപ്പോയ ആ ഏതാനും മാസങ്ങളില്‍ എവിടെയായിരുന്നു, എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് വെളിച്ചം വീശുന്ന ഒരു രേഖയുമില്ല. അവിടെയാണ് മൊഡിയാനോയും നിശബ്ദനായത്. പക്ഷേ, ആ നിശബ്ദതയാണ് യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ക്രൂരതകളെ വായനക്കാരന് അനുഭവവേദ്യമാക്കുന്നത്. 'അവള്‍ എവിടെയായിരുന്നു, ആ തണുപ്പുകാലത്ത് എങ്ങനെയാണ് ഒളിച്ചുജീവിച്ചത് എന്ന് ആര്‍ക്കും അറിയില്ല. അവളുടെ ആ രഹസ്യം നാസികള്‍ക്കോ അവരുടെ കൂട്ടാളികള്‍ക്കോ തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല. അത് അവളുടേത് മാത്രമായി അവശേഷിക്കുന്നു' എന്നു മാത്രമാണ് നോവലില്‍ അദ്ദേഹമെഴുതിയത്. നിരവധി വായനക്കാരാണ് ഈ നോവല്‍ തങ്ങളില്‍ സൃഷ്ടിച്ച ആഘാതവും വിങ്ങലും എത്രമാത്രമുണ്ടായിരുന്നുവെന്നും ഈ നോവല്‍ വായിച്ച് കരഞ്ഞതിനെക്കുറിച്ചും ലോകത്തോടു പറഞ്ഞത്. ഇത് വെറുമൊരു ജീവചരിത്ര നോവല്‍ മാത്രമല്ല, മനുഷ്യന്‍ തന്റെ സഹജീവികളോട് കാട്ടിയ ക്രൂരതയ്ക്കും അതുമറന്ന സമൂഹത്തിന്റെ നിസംഗതയ്ക്കുമെതിരായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. 

നൊബേല്‍ പുരസ്‌കാര നിറവില്‍

മനുഷ്യജീവിതത്തിന്റെ അര്‍ഥമില്ലായ്മയും നിസഹായതയും ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നതില്‍ അഗ്രഗണ്യനായ മൊഡിയാനോയെത്തേടി സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ നൊബേല്‍ സമ്മാനമെത്തിയത് 2014 ലാണ്. ഗ്രഹിക്കാന്‍ ഏറ്റവും പ്രയാസമുള്ള മനുഷ്യവിധികളെ ഓര്‍മപ്പെടുത്തലുകളിലൂടെ പുറത്തുകൊണ്ടുവന്നതിനും നാസി അധിനിവേശകാലത്തെ ജീവിതങ്ങളെ അടയാളപ്പെടുത്തിയതിനുമാണ് തങ്ങള്‍ നൊബേല്‍ പുരസ്‌കാരം മൊഡിയാനോയ്ക്കു സമ്മാനിക്കുന്നതെന്നാണ് സ്വീഡിഷ് അക്കാദമി അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിക്കൊണ്ട് പ്രഖ്യാപിച്ചത്. പാട്രിക് മൊഡിയാനോയെന്ന എഴുത്തുകാരനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ നിരീക്ഷണവും ഇതാണ്. പ്രശസ്തിയില്‍നിന്നും മാധ്യമങ്ങളില്‍നിന്നും എക്കാലവും അകലംപാലിച്ചിട്ടുള്ള അദ്ദേഹം എണ്‍പതാം വയസിലേക്കു കടക്കുകയാണ്. അപ്പോഴും എഴുത്തിനെ ഒരു സപര്യയായി കണ്ട് തുടരുന്നുമുണ്ട്. '' എഴുത്തിനെ മാറ്റി നിര്‍ത്തി എനിക്കു ജീവിതമുണ്ടെന്നു തോന്നുന്നില്ല. അതാണെന്റെ ശ്വാസം. എന്നെ സംബന്ധിച്ച് അത് നിര്‍ത്തുകയെന്നാല്‍ നിത്യനിദ്രയിലേക്കുള്ള പ്രവേശനമാണ്.'' എന്നാണ് 79ാം പിറന്നാളിന് അദ്ദേഹം പറഞ്ഞത്.


FACEBOOK COMMENT BOX