ഫ്രഞ്ച് സാഹിത്യത്തിലെ നെടുംതൂണാണ് പാട്രിക് മൊഡിയാനോ. ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍ അതികായരുടെ പട്ടികയിലും പ്രഥമസ്ഥാനത്തിന് അര്‍ഹതയുള്ളതും അദ്ദേഹത്തിനാണ്. അതുല്യമായ എഴുത്തുശൈലി കൊണ്ടും രചനകള്‍ക്കായി തെരഞ്ഞെടുത്ത പ്രമേയങ്ങളുടെ വൈവിധ്യത്താലും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച എഴുത്തുകാരനായ മൊഡിയാനോയുടെ ജീവിതം
അദ്ദേഹത്തിന്റെ നോവലുകള്‍ പോലെതന്നെ സങ്കീര്‍ണവും നാടകീയവുമായിരുന്നു. മൊഡിയാനോയുടെ രചനകളില്‍ മിക്കവയിലും ഓര്‍മയും മറവിയും ഭൂതകാലവും നിറഞ്ഞുനില്‍ക്കുന്നതായി കാണാം. ഭൂതകാലത്തില്‍ മരിച്ചുപോയ മനുഷ്യരെയും നഷ്ടപ്പെട്ടുപോയ കാലത്തെയും വീണ്ടെടുക്കുകയെന്ന ദൗത്യമാണ് അദ്ദേഹം തന്റെ രചനകളിലൂടെ നടത്തുന്നത്. ഇത്തരത്തിലുള്ള വീണ്ടെടുപ്പിനായുള്ള ഒരു നിരന്തരശ്രമം തന്റെ എഴുത്തിലുടനീളം അദ്ദേഹം നടത്തി. ഭൂതകാലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല കൃതികള്‍ക്കും പ്രചോദനമായത് സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം അറിയാന്‍ ശ്രമിക്കുന്നവര്‍ക്കു മനസിലാവും.
ഭാഷയിലെ ലാളിത്യവും കാവ്യാത്മക എഴുത്തും
കാവ്യാത്മകമായി എഴുതുമ്പോഴും ഭാഷയില്‍ വലിയ ലാളിത്യം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. കഠിനവും പാണ്ഡിത്യം പ്രകടമാക്കുന്നതുമായ വാക്കുകളൊന്നുംതന്നെ അദ്ദേഹം പൊതുവേ രചനകളില്‍ ഉപയോഗിക്കാറില്ല. തന്റെ രചനകളിലൂടെ വായനക്കാരനില്‍ ശൂന്യതയും നഷ്ടബോധവും സൃഷ്ടിക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിനായി അദ്ദേഹം വലിയ നോവലുകളല്ല എഴുതുക. മറിച്ച് അദ്ദേഹത്തിന്റെ നോവലുകളെല്ലാം സമകാലികരായ എഴുത്തുകാരുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പം കുറഞ്ഞവയാണ്. പക്ഷേ, വായനക്കാരില്‍ നിഗൂഡതയും ഗൃഹാതുരത്വവും നിറയ്ക്കാന്‍ ഈ കുഞ്ഞന്‍ നോവലുകളിലൂടെ മൊഡിയാനോയ്ക്കായി.
ഫ്രഞ്ച് സാഹിത്യലോകം കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ രചനാശൈലിയുമായായിരുന്നു മൊഡിയാനോയുടെ സാഹിത്യ അരങ്ങേറ്റം. പാട്രിക് മൊഡിയാനോയുടെ എഴുത്തുജീവിതത്തിന് അടിത്തറയിട്ടതും ആദ്യ രചനയാണ്. 1968ല്‍ തന്റെ 22-ാമത്തെ വയസിലാണ് ആദ്യനോവലായ 'ലാ പ്ലേസ് ഡി ലോട്ടോയില്‍' (നക്ഷത്രത്തിന്റെ സ്ഥാനം) മൊഡിയാനോ പ്രസിദ്ധീകരിക്കുന്നത്. ആദ്യ നോവലിലൂടെത്തന്നെ അദ്ദേഹം രണ്ടു പ്രധാന പുരസ്‌കാരങ്ങളും സ്വന്തമാക്കി. ഫ്രാന്‍സിലെ പ്രശസ്തമായ റോജര്‍ നിമിയര്‍ പുരസ്‌കാരവും ഫെനിയോന്‍ പുരസ്‌കാരവും. പിന്നീട് ദ പ്ലേസ് ഓഫ്
അധിനിവേശ ഫ്രാന്‍സിനെ വരച്ച് ആദ്യ നോവല്‍
'ലാ പ്ലേസ് ഡി ലോട്ടോയില്‍' റാഫേല്‍ ഷ്‌ലെമിലോവിച്ച് എന്ന യഹൂദ യുവാവിന്റെ ജീവിതം വരച്ചിടുന്നതിലൂടെ മൊഡിയാനോ രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി അധിനിവേശ ഫ്രാന്‍സിനെയാണ് വായനക്കാരനു മുന്നിലെത്തിച്ചത്. യുദ്ധം ഒരു സമൂഹത്തിനുമേല്‍ പടര്‍ത്തുന്ന ഭീതിയെ വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം നോവലിലൂടെ വായനക്കാര്‍ക്കു നല്‍കിയത്. അന്നത്തെ യഹൂദ വിരുദ്ധതയും നോവലില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്താന്‍ അദ്ദേഹത്തിനായി. ഇവയ്ക്കിടയില്‍ സ്വന്തം വ്യക്തിത്വവും സ്വത്വവും കണ്ടെത്താന്‍ ശ്രമിക്കുന്ന കേന്ദ്രകഥാപാത്രമായ റാഫേലിന്റെ മാനസിക വ്യാപാരങ്ങളെ വായനക്കാരുടെ മനസിനെ പിടിച്ചുലയ്ക്കും വിധം അവരിപ്പിച്ചതിലൂടെ 'ലാ പ്ലേസ് ഡി ലോട്ടോയില്‍' വലിയ നിരൂപക പ്രശംസയ്ക്കും പാത്രമായി. അധിനിവേശ കാലത്ത് ഫ്രാസിലെ യഹൂദര്‍ നേരിട്ട വംശീയമായ വിദ്വേഷങ്ങളെയും അക്കാലത്തെ വളരെ സങ്കീര്‍ണമായ മനുഷ്യ ബന്ധങ്ങളെയും റാഫേലിന്റെ വേഷപ്പകര്‍ച്ചകളിലൂടെ മൊഡിയാനോ അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ക്കു ലഭിച്ചത് ഒരു പുത്തന്‍ വായനാനുഭവമായിരുന്നു.
കുറ്റാന്വേഷണ ശൈലിയും ദാര്‍ശനിക കാഴ്ചപ്പാടുകളും
പാട്രിക് മൊഡിയാനോയുടെ രചനകളില്‍ ഏറ്റവും ശ്രദ്ധേയവും ആഗോള പ്രശസ്തവുമായ കൃതി ഏതെന്നു ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ ലഭിക്കും. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുക മിസിംഗ് പേഴ്‌സണ്‍ എന്ന നോവലായിരിക്കും. 1978ല്‍ പുറത്തിറങ്ങിയ ഈ നോവലില്‍ ഒരു കുറ്റാന്വേഷണ നോവലിന്റെ ഘടനയാണ് അദ്ദേഹം പിന്തുടര്‍ന്നിരിക്കുന്നത്. സൂക്ഷമമായി നിരീക്ഷിച്ചാല്‍ മൊഡിയാനോയുടെ മിക്ക രചനകളിലും ഈ ഒരു ശൈലി കണ്ടെത്താനാവും. പലപ്പോഴും ഒരു വ്യക്തിയേയോ അല്ലെങ്കില്‍ തന്റെ തന്നെയോ ഭൂതകാലത്തെയോ തേടിപ്പോകുന്ന കേന്ദ്ര കഥാപാത്രങ്ങളെ അദ്ദേഹത്തിന്റെ ഒന്നിലേറെ രചനകളില്‍ കണ്ടെത്താനാവും. മിസിംഗ് പേഴ്‌സണിലാണ് അദ്ദേഹം ഈ രീതി ആദ്യ പരീക്ഷച്ചത്. പിന്നീട് പുറത്തിറങ്ങിയ ഡോറാ ബ്രൂഡര്‍ എന്ന കൃതിയിലും സമാനമായ ശൈലി അദ്ദേഹം പിന്തുടര്‍ന്നു. മിസിംഗ് പേഴ്‌സണിന്റെ രചനാ ശൈലി കുറ്റാന്വേഷണ നോവലിന്റേതാണെങ്കിലും ഈ നോവല്‍ ഒരിക്കലും കേവലം കുറ്റാന്വേഷണ കഥയല്ല. മറിച്ച് വളരെ ആഴമുള്ള ദാര്‍ശനിക ചിന്തകളാണ്. അതില്‍ ഒരു ശരാശരി മനുഷ്യന്റെ നിലനില്‍പ്പ്, ഓര്‍മ, വ്യക്തിത്വം തുടങ്ങിയവയെക്കുറിച്ചുള്ള ദാര്‍ശനികമായ കാഴ്ചപ്പാടുകള്‍ ലോക വ്യാപകമായി ഈ നോവല്‍ ചര്‍ച്ച ചെയ്യാന്‍ ഇടയാക്കുകയും ചെയ്തു. താന്‍ ആരാണ് എന്ന വലിയ ദാര്‍ശനിക ചോദ്യം ഉയര്‍ത്തിയ നിരവധി കൃതികളുണ്ടെങ്കിലും വായനക്കാരന്റെ ചിന്തകളെ ഉണര്‍ത്തുന്നതിലും താന്‍ മുന്നോട്ടുവച്ച ദാര്‍ശനികതയോടൊപ്പം വായനക്കാരെ കൂടെക്കൂട്ടാനും കഴിഞ്ഞ ടോള്‍സ്‌റ്റോയ്ക്കും ഡോസ്‌റ്റോവ്‌സ്‌കിക്കൊപ്പവുമാണ് പാട്രിക് മൊഡിയാനോയെ നിരൂപകരും വായനക്കാരും പ്രതിഷ്ഠിക്കുന്നത്. ലോകസാഹിത്യത്തിലെ സമാനതകളില്ലാത്ത ഒരു ക്ലാസിക് കൃതിയായി 'മിസിംഗ് പേഴ്സണ്‍' മാറിയതിന്റെ കാരണവും ഇതാണ്.
മിസിംഗ് പേഴ്‌സണിലെ കേന്ദ്ര കഥാപാത്രമായ ഗൈ റോളണ്ട് ഓര്‍മ ശക്തി നഷ്ടമായ സ്വകാര്യ ഡിറ്റക്ടീവാണ്. തന്റെ യഥാര്‍ത്ഥ ഭൂതകാലവും വ്യക്തിത്വവും തേടി ഗൈ റോളണ്ട് നടത്തുന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. കാരണം ഗൈ റോളണ്ട് എന്ന പേര് അദ്ദേഹത്തിനു നല്‍കിയത് ഒരു ഡിറ്റക്ടീവ് ഏജന്‍സി ഉടമയാണ്. തന്റെ ഭൂതകാലം തെരയാനായി പഴയ ഫോട്ടോകളും ഫോണ്‍ ഡയറക്ടറികളുമാണ് അദ്ദേഹം ആശ്രയിക്കുന്നത്. കൂടാതെ താന്‍ കാണുകയും പരിചയപ്പടുകയും ചെയ്ത മനുഷ്യര്‍ പറഞ്ഞ കാര്യങ്ങളും വിലയിരുത്തുകയാണ് ഗൈ റോളണ്ട് ചെയ്യുന്നത്. അദ്ദേഹം നടത്തുന്ന അന്വേഷണങ്ങള്‍ എത്തിക്കുന്നത് 'ലാ പ്ലേസ് ഡി ലോട്ടോയിലേതിനു സമാനമായ ഭൂമികയിലാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മനിയുടെ അധിനിവേശത്തലമര്‍ന്ന അതേ ഫ്രാന്‍സില്‍ത്തന്നെ. ഒടുവില്‍ തന്റെ യഥാര്‍ഥ പേര് ജിമ്മി പെഡ്രോയെന്നാണെന്നും യുദ്ധ സമയത്ത് അതിര്‍ത്തികടക്കാന്‍ ശ്രമിച്ചയാളായിരുന്നെന്നും അദ്ദേഹം കണ്ടെത്തുന്നു. ഈ കണ്ടെത്തലില്‍ എത്തുമ്പോഴും വായനക്കാരുടെ മനസില്‍ പല ചോദ്യങ്ങളും അവശേഷിപ്പിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. കുറ്റാന്വേഷണ നോവലിന്റെ ശൈലി പിന്‍പറ്റിയെങ്കിലും നിഗൂഡതകളെ ഒളിപ്പിച്ചുകൊണ്ടാണ് മിസിംഗ് പേഴ്‌സണ്‍ അവസാനിക്കുന്നത്.
ആദ്യ നോവലായ 'ലാ പ്ലേസ് ഡി ലോട്ടോയിലും മിസിംഗ് പേഴ്‌സണിലുമടക്കം മിക്ക നോവലുകളുടെയും പശ്ചാത്തലം നാസി ജര്‍മനിയുടെ അധിനിവേശത്തിലായിരുന്ന ഫ്രാന്‍സാണ്. സത്യത്തില്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷമാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍, ആ കാലത്തെ യുദ്ധഭീതിയും അധിവേശത്തിന്റെ ഭീകരതയും ആവിഷ്‌കരിക്കുന്നതില്‍ അദ്ദഹത്തിനു അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഫ്രഞ്ച് സാഹിത്യത്തിലിറങ്ങിയ നിരവധി നോവലുകളില്‍ യുദ്ധവും അധിനിവേശവും ഇടംപിടിച്ചിരുന്നെങ്കിലും ആ സമയത്തെ യുദ്ധഭീതിയും മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതയും അനിശ്ചിതാവസ്ഥയും വായനക്കാരന്റെ മനസിനെ ഉലയ്ക്കുന്നതരത്തില്‍ എഴുതുന്നതില്‍ മൊഡിയാനോയോളം ആരും വിജയിച്ചില്ല.
ഡോറാ ബ്രൂഡറും ആത്മകഥനവും
ബയോഗ്രാഫിക്കല്‍ ഫിക്ഷനിലും സ്വന്തം കൈയൊപ്പു ചാര്‍ത്താന്‍ മൊഡിയാനോയ്ക്കായി. പറഞ്ഞുവരുന്നത് 1997 ല്‍ പുറത്തിറങ്ങിയ ഡോറാ ബ്രൂഡര്‍ എന്ന നോവലിനെക്കുറിച്ചാണ്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ത്തന്നെയാണ് ഈ നോവലും അദ്ദേഹം വാര്‍ത്തിരിക്കുന്നത്. സംശയിക്കണ്ട, കുറ്റാന്വേഷണ ശൈലിയില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെയാണ് ഈ നോവലിന്റെ കഥയും വികസിക്കുന്നത്. ഈ നോവലിലും ഓര്‍മയും മറവിയും പ്രമേയത്തിന്റെ ഭാഗമാകുന്നുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ സാധാരണക്കാരെക്കുറിച്ചാണ് നോവല്‍ സംസാരിക്കുന്നത്. അതായത് നാസി അധിനിവേശ കാലത്ത് ആരും അറിയാതെപോയ, വിലാസങ്ങളില്ലാതെ കൊലചെയ്യപ്പെട്ട ലക്ഷക്കണക്കിന് സാധാരണക്കാരില്‍ ഒരാളായ ഡോറാ ബ്രൂഡറെന്ന പതിനഞ്ചു വയസുകാരിയാണ് നോവലിലെ കേന്ദ്രകഥാപാത്രം.
ഒരു പത്രപ്പരസ്യത്തില്‍നിന്നാണ് ഈ നോവലിന്റെ ബീജം തന്നില്‍ പ്രവേശിച്ചതെന്നാണ് മൊഡിയാനോ ഒരിക്കല്‍ വെളിപ്പെടുത്തിയത്. അതും നോവല്‍ പുറത്തിറങ്ങുന്നതിന് 56 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ചത്. 1941 ഡിസംബര്‍ 31 ലെ 'പാരീസ്-സോയ്ര്‍' എന്ന ഫ്രഞ്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം കാണാനിടയായതാണ് ഈ നോവലിനു പ്രചോദനമായത്. അന്നു പാരീസ് നാസികളുടെ അധിനിവേശത്തിലായിരുന്നു. അക്കാലത്താണ് ഒരു കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ഡോറാ ബ്രൂഡര്‍ എന്ന ജൂത പെണ്‍കുട്ടിയെ കാണാതാവുന്നത്. ഡോറയെ കാണാനില്ലെന്നു കാണിച്ച് അവളുടെ മാതാപിതാക്കള്‍ നല്‍കിയ പരസ്യമായിരുന്നു അത്. ഈ പരസ്യത്തിലെ പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് മൊഡിയാനോ അന്വേഷിച്ചിറങ്ങി. അദ്ദഹം കണ്ടെത്തിയത് വളരെ ക്രൂരമായ ചരിത്രമായിരുന്നു. പാരീസിലെ പഴയ തെരുവുകളിലും പോലീസ് റിക്കാര്‍ഡുകളിലും ഔദ്യോഗിക രേഖകളിലുമായി ആ പെണ്‍കുട്ടിയെ തേടി മൊഡിയാനോ അലഞ്ഞു നടന്നത് വര്‍ഷങ്ങളായിരുന്നു. ഒടുവില്‍ അദ്ദഹം കണ്ടെത്തിയ സത്യം വളരെ വളരെ സങ്കടകരമായിരുന്നു. ജൂത വേട്ടയ്ക്കു നേതൃത്വം നല്‍കിയുന്ന നാസിപ്പോലീസിന്റെ പിടിയില്‍പ്പെട്ട ഡോറ ബ്രൂഡറെ പാരീസിനടുത്തുള്ള ഒരു തടങ്കല്‍പ്പാളയത്തിലേക്ക് പോലീസ് മാറ്റി. പിന്നീട്, ഡോറയെ അവിടെനിന്ന് 1942-ല്‍ ഓഷ്‌വിറ്റ്‌സ് എന്ന നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാവമ്പിലേക്ക് മാറ്റിയെന്നും മൊഡിയാനോ കണ്ടെത്തി. പിന്നീടെന്തു സംഭവിച്ചെന്നു പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ.
ഡോറ ബ്രൂഡറെ കേന്ദ്ര കഥാപാത്രമാക്കി നോവലെഴുതുന്നതിനിടെ പല രാത്രികളിലും താന്‍ ആരുമറിയാതെ കരഞ്ഞിരുന്നതായി മൊഡിയാനോ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ഒരിക്കല്‍ മൊഡിയാനോ ഈ നോവല്‍ ആത്മകഥാ സ്പര്‍ശമുള്ളതാണെന്നും പറയുകയുണ്ടായി. '' ഇത് ഡോറയുടെ മാത്രം കഥയല്ല. കൗമാരത്തില്‍ ഞാന്‍ നടന്ന പാരീസ് തെരുവുകളുണ്ട്. എന്റെ അച്ഛനുമായുണ്ടായിരുന്ന ബന്ധമുണ്ട്. എന്റെ കൗമാരകാലമുണ്ട്. ഒരു പക്ഷേ, വൈകാരികമായി ഞാന്‍ ഈ നോവലുമായി ബന്ധപ്പെട്ടരിക്കുന്നു. ഡോറയുടെ അനുഭവങ്ങളില്‍നിന്ന് എന്റെ അനുഭവങ്ങളെ പെട്ടന്നു വേര്‍പിരിച്ചെടുക്കാനാവില്ല. ചിലയിടങ്ങളില്‍ അവ പരസ്പരം പിണഞ്ഞാണു കിടക്കുന്നത്.'' മൊഡിയാനോ ഒരിക്കല്‍ പറഞ്ഞു.
ഡോറ ബ്രൂഡറെ കാണാതായതിനു ശേഷമുള്ള എല്ലാ വിവരങ്ങളും തനിക്ക് കണ്ടെത്താനായില്ലെന്നുപറഞ്ഞ മൊഡിയാനോ ആ ഭാഗം ഒരിക്കലും ഭാവനയില്‍നിന്ന് എഴുതാന്‍ ആഗ്രഹിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഈ നോവല്‍ വായിക്കുന്ന വായനക്കാരന് എഴുത്തുകാരന്‍ നിശബ്ദനായത് എവിടെയാണെന്നു വളരെ വേഗത്തില്‍ വ്യക്തമാകും. അവള്‍ സ്‌കൂളില്‍നിന്ന് ഓടിപ്പോയ ആ ഏതാനും മാസങ്ങളില്‍ എവിടെയായിരുന്നു, എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് വെളിച്ചം വീശുന്ന ഒരു രേഖയുമില്ല. അവിടെയാണ് മൊഡിയാനോയും നിശബ്ദനായത്. പക്ഷേ, ആ നിശബ്ദതയാണ് യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ക്രൂരതകളെ വായനക്കാരന് അനുഭവവേദ്യമാക്കുന്നത്. 'അവള്‍ എവിടെയായിരുന്നു, ആ തണുപ്പുകാലത്ത് എങ്ങനെയാണ് ഒളിച്ചുജീവിച്ചത് എന്ന് ആര്‍ക്കും അറിയില്ല. അവളുടെ ആ രഹസ്യം നാസികള്‍ക്കോ അവരുടെ കൂട്ടാളികള്‍ക്കോ തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല. അത് അവളുടേത് മാത്രമായി അവശേഷിക്കുന്നു' എന്നു മാത്രമാണ് നോവലില്‍ അദ്ദേഹമെഴുതിയത്. നിരവധി വായനക്കാരാണ് ഈ നോവല്‍ തങ്ങളില്‍ സൃഷ്ടിച്ച ആഘാതവും വിങ്ങലും എത്രമാത്രമുണ്ടായിരുന്നുവെന്നും ഈ നോവല്‍ വായിച്ച് കരഞ്ഞതിനെക്കുറിച്ചും ലോകത്തോടു പറഞ്ഞത്. ഇത് വെറുമൊരു ജീവചരിത്ര നോവല്‍ മാത്രമല്ല, മനുഷ്യന്‍ തന്റെ സഹജീവികളോട് കാട്ടിയ ക്രൂരതയ്ക്കും അതുമറന്ന സമൂഹത്തിന്റെ നിസംഗതയ്ക്കുമെതിരായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
നൊബേല്‍ പുരസ്‌കാര നിറവില്‍
മനുഷ്യജീവിതത്തിന്റെ അര്‍ഥമില്ലായ്മയും നിസഹായതയും ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നതില്‍ അഗ്രഗണ്യനായ മൊഡിയാനോയെത്തേടി സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ നൊബേല്‍ സമ്മാനമെത്തിയത് 2014 ലാണ്. ഗ്രഹിക്കാന്‍ ഏറ്റവും പ്രയാസമുള്ള മനുഷ്യവിധികളെ ഓര്‍മപ്പെടുത്തലുകളിലൂടെ പുറത്തുകൊണ്ടുവന്നതിനും നാസി അധിനിവേശകാലത്തെ ജീവിതങ്ങളെ അടയാളപ്പെടുത്തിയതിനുമാണ് തങ്ങള്‍ നൊബേല്‍ പുരസ്‌കാരം മൊഡിയാനോയ്ക്കു സമ്മാനിക്കുന്നതെന്നാണ് സ്വീഡിഷ് അക്കാദമി അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിക്കൊണ്ട് പ്രഖ്യാപിച്ചത്. പാട്രിക് മൊഡിയാനോയെന്ന എഴുത്തുകാരനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ നിരീക്ഷണവും ഇതാണ്. പ്രശസ്തിയില്‍നിന്നും മാധ്യമങ്ങളില്‍നിന്നും എക്കാലവും അകലംപാലിച്ചിട്ടുള്ള അദ്ദേഹം എണ്‍പതാം വയസിലേക്കു കടക്കുകയാണ്. അപ്പോഴും എഴുത്തിനെ ഒരു സപര്യയായി കണ്ട് തുടരുന്നുമുണ്ട്. '' എഴുത്തിനെ മാറ്റി നിര്‍ത്തി എനിക്കു ജീവിതമുണ്ടെന്നു തോന്നുന്നില്ല. അതാണെന്റെ ശ്വാസം. എന്നെ സംബന്ധിച്ച് അത് നിര്‍ത്തുകയെന്നാല്‍ നിത്യനിദ്രയിലേക്കുള്ള പ്രവേശനമാണ്.'' എന്നാണ് 79ാം പിറന്നാളിന് അദ്ദേഹം പറഞ്ഞത്.



No comments:
Post a Comment