Tuesday, June 16, 2026

സിനിമാറ്റിക് വിപ്ലവത്തിനു സാക്ഷിയായി മലയാള സിനിമ


***സിനിമാ വ്യവസായം മാറ്റത്തിന്റെ പാതയില്‍

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയൊരു പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പുവരെ മലയാള സിനിമാ വ്യവസായം കേവലം പ്രാദേശികമായ വ്യവസായം മാത്രമായിരുന്നു. ഇന്ന് മലയാള സിനമ ഒരു ആഗോള ബ്രാന്‍ഡ് ആയി മാറിക്കഴിഞ്ഞു. ഇന്നലെവരെ തിയറ്ററുകളിലെ പ്രകടനം മാത്രമായിരുന്നു സിനിമാ വ്യവസായത്തിന്റെ ഉയര്‍ച്ച താഴ്ചകളെ നിശ്ചയിച്ചിരുന്നതെങ്കില്‍ ഇന്ന് ഓവര്‍സീസ് റിലീസും ആഗോള ഒടിടി പ്ലാറ്റ്ഫോമുകളിലെ സ്വീകാര്യതയുംവരെ മുന്നേറ്റ ഘടകമായി മാറിക്കഴിഞ്ഞു. പ്രാദേശിക-ആഗോള വിപണി സാധ്യതകളെ ഉപയോഗിക്കാന്‍ സാധിക്കുന്നതരത്തിലേക്കു നമ്മുടെ സിനിമ വ്യവസായം മാറിക്കഴിഞ്ഞു.

100-200 കോടി ക്ലബ്ബുകള്‍ 

ഒരുകാലത്ത് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകള്‍ക്ക് മാത്രം അവകാശപ്പെടാനുണ്ടായിരുന്ന 100 കോടി, 200 കോടി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഇപ്പോള്‍ മലയാള സിനിമകളും വളരെ സുരക്ഷിതമായി സ്വന്തമാക്കുന്നു. കൃത്യമായിപ്പറഞ്ഞാല്‍ 2013ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രമായ ദൃശ്യമാണു മലയാള സിനിമാ വ്യവസായത്തിന്റെ തലവര മാറ്റിയതെന്നു വിശേഷിപ്പിക്കാം. 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായി ദൃശ്യം മാറി. ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് എടുക്കുമ്പോള്‍ കോടിയിലധികം കളക്ഷന്‍ ചിത്രം നേടി. കൂടാതെ 150 ദിവസത്തിലധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. 125 ദിവസം ഓടിക്കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ദൃശ്യം മാറി. രണ്ടു വര്‍ഷത്തോളം കളക്ഷന്‍ റിക്കാര്‍ഡ് ദൃശ്യം കാത്തു സൂക്ഷിച്ചു. പിന്നീട്, 2015 ല്‍ പുറത്തിറങ്ങിയ പ്രേമമാണ് റിക്കാര്‍ഡ് ഭേദിച്ചത്. 2016ല്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ആദ്യ നൂറുകോടി കളക്ഷന്‍ നേടി ചരിത്രമായി. പിന്നീട്, ലോക (300 കോടി), എംപുരാന്‍ (268 കോടി), മഞ്ഞുമ്മല്‍ ബോയ്‌സ് (243 കോടി), വാഴ (234 കോടി), 2018 (177 കോടി) തുടങ്ങിയ സിനിമകളുടെ വന്‍വിജയം മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലെത്തിച്ചു. ഇത്തരം വിജയങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ധൈര്യം സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കുകയും ചെയ്യുന്നു എന്നതാണ് വലിയ നേട്ടം.


 പാന്‍-ഇന്ത്യന്‍ സ്വീകാര്യത

 മലയാള സിനിമ ഇന്ന് ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ഇന്ത്യയിലുടനീളം  വലിയ സ്വീകാര്യതയാണ് നേടുന്നത്. ലോകത്താകമാനം മലയാളികള്‍ മാത്രം കണ്ടിരുന്ന മലയാള സിനിമ മറ്റു സംസ്ഥാനങ്ങളിലെ സിനിമാ പ്രേമികള്‍ക്കിടയില്‍ സബ്ടൈറ്റിലുകളോടെ കാണുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ഇന്ന് ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമെല്ലാം മലയാള ചിത്രങ്ങള്‍ക്ക് വലിയ കളക്ഷന്‍ ലഭിക്കുന്നു. ഇത്തരത്തില്‍ കേരളത്തിനു പുറത്ത് റിക്കാര്‍ഡ് കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മുന്‍നിരയിലുള്ളത് ഉണ്ണിമുകുന്ദന്‍ ചിത്രമായ മാര്‍ക്കോയാണ്. കേവലം 30 കോടി രൂപ ബജറ്റിലിറങ്ങിയ ചിത്രം 100 കോടിയിലേറെ കളക്ഷന്‍ നേടി. മലയാളത്തിനു പുറമെ ഹിന്ദി പതിപ്പാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, 2018, ആടുജീവിതം തുടങ്ങിയ ചിത്രങ്ങള്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ ബോക്സോഫീസിലും വലിയ വിജയം കൊയ്തു.

ഒടിടി വിപ്ലവം

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ രാജ്യാന്തര ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാള സിനിമകളോടു പുറംതിരിഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, ഇന്നു കാലംമാറി മിക്ക ഒടിടി പ്ലാറ്റ്‌ഫോമുകളും മലയാള സിനിമകള്‍ക്കു പ്രാധാന്യം നല്‍കിത്തുടങ്ങി. 

തിയറ്ററുകളില്‍ വലിയ റിലീസ് ഇല്ലാതിരുന്ന വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ഉള്ള പ്രേക്ഷകരിലേക്ക് മലയാള സിനിമകള്‍ ഒരേസമയം എത്തിച്ചേരാന്‍ ഒടിടി സഹായിച്ചു. വിദേശ സിനിമകള്‍ക്കു ലഭിക്കുന്നത് പോലെ, സബ്ടൈറ്റിലുകളുടെ സഹായത്തോടെ അന്യഭാഷാ പ്രേക്ഷകരും ഇന്ന് മലയാള സിനിമകളെ നെഞ്ചിലേറ്റുന്നുണ്ട്. ഇതിലൂടെ ആഗോളതലത്തില്‍ വലിയൊരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കാന്‍ മലയാള സിനിമയ്ക്കു സാധിച്ചു. 

കോവിഡ് കാലത്തു തിയറ്ററുകള്‍ അടഞ്ഞുകിടന്നപ്പോള്‍ മലയാള സിനിമയെ ജീവനോടെ നിര്‍ത്തിയത് ഒടിടിയാണ്. സീ യൂ സൂണ്‍, ദൃശ്യം 2, ജോജി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ നേരിട്ട് ഒടിടിയിലാണു റിലീസ് ചെയതത്. നമ്മുടെ നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലെ കഥയോ, അവിടുത്തെ പ്രാദേശിക സംസ്‌കാരമോ പറയുന്ന സിനിമകള്‍ പോലും ഒടിടിയിലൂടെ ലോകശ്രദ്ധ നേടുന്നതു നമ്മള്‍ കണ്ടു. കുമ്പളങ്ങി നൈറ്റ്‌സ്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ചുരുളി തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. മലയാളിയുടെ ജീവിതവും രാഷ്ട്രീയവും ആഗോള സിനിമാ ചര്‍ച്ചകളുടെ ഭാഗമായി മാറിയതില്‍ ഒടിടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മികച്ച പ്രമേയവും തിരക്കഥയുമുള്ള സിനിമകള്‍ നിര്‍മിച്ചാല്‍ അതിന് ലോകമെമ്പാടും മാര്‍ക്കറ്റ് ഉണ്ടെന്ന വലിയ ആത്മവിശ്വാസമാണ് ഒടിടി യുഗം മലയാള സിനിമ വ്യവസായത്തിനു നല്‍കിയിരിക്കുന്നത്. വലിയ കാന്‍വാസില്‍ ചെയ്യേണ്ട ചിത്രങ്ങള്‍  തിയേറ്ററുകളില്‍തന്നെ വിജയിക്കുമ്പോള്‍, ചെറുകിട-ഇമോഷണല്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഒടിടിയില്‍ വരാന്‍ കാത്തിരിക്കുന്ന പ്രവണത കൂടിവരുന്നതുതന്നെ മലയാളി പ്രേഷകരുടെ ഇടയില്‍ ഒടിടിക്കുണ്ടായ സ്വീകാര്യതയാണു കാണിക്കുന്നത്. വന്‍ താരനിരയോ, ഫൈറ്റോ, മാസ് ഡയലോഗുകളോ, പാട്ടുകളോ ഇല്ലാതെതന്നെ മികച്ചൊരു കഥയുണ്ടെങ്കില്‍ ഒടിടിയില്‍ സിനിമ ഹിറ്റാക്കാം എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തിയറ്ററില്‍ പരാജയമായ ഭരതനാട്യം എന്ന സിനിമയ്ക്ക് ഒടിടി റിലീസിനു ശേഷമുണ്ടായ സ്വീകാര്യത. ഈ ചിത്രത്തിന്റെ രണ്ടാഭാഗമായ മോഹിനിയാട്ടം തിയറ്ററില്‍ 50 കോടി കളക്ഷന്‍ നേടുകയും ചെയ്തു. 


പ്രമേയങ്ങളിലെ വൈവിധ്യവും പരീക്ഷണങ്ങളും 

റിയലിസ്റ്റിക് സിനിമകളില്‍നിന്നുള്ള മാറ്റം കുറച്ചുകാലമായി മലയാള സിനിമയെ ഭരിച്ചിരുന്ന പ്രകൃതി / നന്മമരം അല്ലെങ്കില്‍ അമിത റിയലിസ്റ്റിക് സിനിമകളില്‍നിന്ന് മാറി, എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന മാസ്-കൊമേര്‍ഷല്‍ സിനിമകളായി മാറി. സര്‍വൈവല്‍ ത്രില്ലറുകള്‍, ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍, ഹൊറര്‍/വയലന്റ്/സൈക്കോളജിക്കല്‍ ത്രില്ലറുകള്‍, പരീക്ഷണാത്മക സിനിമകള്‍ എന്നിവയിലേക്ക് ഇന്‍ഡസ്ട്രി വഴിമാറിക്കഴിഞ്ഞു. ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകളാണ് മലയാള സിനിമയുടെ ദൃശ്യ ഭാഷയെ മാറ്റുന്നതില്‍ തുടക്കമിട്ടതെന്നു പറയാം. പ്രത്യേകിച്ച് ഇയ്യോബിന്റെ പുസ്തകം (2014), ജെല്ലിക്കെട്ട് (2019), നന്‍പകല്‍നേരത്തു മയക്കം (2022), ചുരുളി (2021), മലൈക്കോട്ടൈ വാലിബന്‍ (2024) തുടങ്ങിയ സിനിമകള്‍. പിന്നീട്, ഭൂതകാലം (2022), ഭ്രമയുഗം (2024), മാര്‍ക്കോ (2024), ഡീയെസ് ഇറ (2025) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമ ഇതുവരെ കാണാത്ത ജോണറുകളും കണ്ടു.  

സാങ്കേതിക മികവ്

മലായാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റം സംഭവിച്ച മേഖല സാങ്കേതിക മേഖലയിലാണ്. കുറഞ്ഞ ചിലവില്‍ മികച്ച സിനിമകള്‍ എന്ന രീതിയില്‍നിന്ന് മാറി, വന്‍ ബഡ്ജറ്റില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള സിനിമകള്‍ എന്ന നിലയിലേക്ക് സിനിമ മാറി. പ്രത്യേകിച്ച് വിഎഫ്എക്‌സ്, ഹൈ എന്‍ഡ് സൗണ്ട് ഡിസൈന്‍ തുടങ്ങയ മേഖലയില്‍. ലോകയും എംപുരാനും മലൈക്കോട്ടൈ വാലിബനും പേട്രിയട്ടും മേക്കിംഗ് ക്വാളിറ്റികൊണ്ട് ചലച്ചിത്ര പ്രേഷകര്‍ക്കു പുത്തന്‍ കാഴ്ചാനുഭവം നല്‍കി. ഹോളിവുഡ് പോലെ കോടികള്‍ മുടക്കാന്‍ കഴിയില്ലെങ്കിലും പരിമിതമായ ബജറ്റില്‍ അതിശയിപ്പിക്കുന്ന വിഎഫ്എക്‌സ് എഫക്ടുകള്‍ മലയാള സിനിമകള്‍ ഒരുക്കുന്നുണ്ട്. കായംകുളം കൊച്ചുണ്ണി, മാമാങ്കം, 2018 തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണങ്ങളാണ്. കോവിഡ് കാലത്ത് ഒരേയൊരു ലൊക്കേഷനില്‍ മൊബൈല്‍ ഫോണില്‍ പോലും ഷൂട്ട് ചെയ്ത് അന്താരാഷ്ട്ര നിലവാരത്തില്‍ എഡിറ്റ് ചെയ്ത സീ യൂ സൂണ്‍ (2020) പോലുള്ള ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണു നല്‍കിയത്. 

റസൂല്‍ പൂക്കുട്ടിയെപ്പോലുള്ള പ്രതിഭകള്‍ ഓസ്‌കാര്‍ വേദിയില്‍ വരെ എത്തിയതോടെ ശബ്ദലേഖനത്തിന് മലയാളത്തില്‍ വലിയ പ്രാധാന്യം ലഭിച്ചു. സിങ്ക് സൗണ്ട് (കഥാപാത്രങ്ങളുടെ സംഭാഷണം ഷൂട്ടിംഗ് സെറ്റില്‍വച്ചുതന്നെ നേരിട്ട് റെക്കോര്‍ഡ് ചെയ്യുന്നരീതി) ഇന്ന് മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പുതുമുഖങ്ങളുടെ കടന്നുവരവ്

വന്‍ താരമൂല്യമുള്ള സൂപ്പര്‍താരങ്ങളെ മാത്രം ആശ്രയിക്കാതെ, കഥയ്ക്കും പുതുമയുള്ള ആവിഷ്‌കാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന യുവസംവിധായകരും എഴുത്തുകാരും സിനിമയെ നയിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന മാറ്റം. അവരുടെ സിനിമകള്‍ സൂപ്പര്‍താര ചിത്രങ്ങളെക്കാള്‍ തിയറ്ററില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നുമുണ്ട്. മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് എന്നും വലിയ പ്രാധാന്യമുണ്ട്. കഥയുടെ വൈവിധ്യവും റിയലിസ്റ്റിക് സമീപനങ്ങളും മുന്‍നിര്‍ത്തി നിരവധി യുവതാരങ്ങളും സംവിധായകരുമാണ് ഓരോ വര്‍ഷവും സിനിമയിലേക്കു് കടന്നുവരുന്നത്. പ്രത്യേകിച്ച്, പുതുമുഖങ്ങള്‍ അണിനിരന്ന പ്രേമം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു, വാഴ, വാഴ 2 തുടങ്ങിയ ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടിയിട്ടുണ്ട്. പിന്നെ കാസ്റ്റിംഗ് രീതിയിലുണ്ടായ മാറ്റമാണു പ്രത്യേകം എടുത്തു പറയേണ്ടത്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ പുതുമുഖങ്ങളെ കണ്ടെത്താനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ വളരെ സാധാരണമാണ്. ഇത് അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കും വലിയ അവസരങ്ങള്‍ നല്‍കുന്നു. മുന്‍കാലങ്ങളില്‍ മിമിക്രി വേദികളില്‍നിന്നായിരുന്നു സിനിമയിലേക്ക് പുതിയ ആളുകള്‍ വന്നിരുന്നതെങ്കില്‍, ഇന്ന് ആ സ്ഥാനം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൈക്കലാക്കിയിരിക്കുകയാണ്. യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ കഴിവ് തെളിയിക്കുന്ന ഒട്ടനവധി പേര്‍ ഇപ്പോള്‍ മികച്ച സിനിമകളില്‍ നായകന്മാരും സഹതാരങ്ങളുമായി തിളങ്ങുന്നു. അനു കെ അനിയന്‍ (അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഭീഷ്മ പര്‍വം, നെയ്മര്‍, വാലാട്ടി), അല്‍ അമീന്‍ (പ്രകമ്പനം), ഹാഷിര്‍, ജോമോന്‍ ജ്യോതിര്‍, അലന്‍ ബിന്‍ സിറാജ് (വാഴ, വാഴ 2), പ്രണവ് രാജ്, മിഥുന്‍ വിജയ് ശങ്കര്‍ (ഇരുവരും ആവേശം) എന്നിവര്‍ ഇത്തരത്തില്‍ സിനിമയിലെത്തിയവരാണ്. 

തിരക്കഥയാണു താരം 

മലയാള സിനിമയുടെ നട്ടെല്ല് അല്ലെങ്കില്‍ കരുത്ത് എന്നത് അതിന്റെ ശക്തമായ തിരക്കഥ തന്നെയാണ്. വലിയ ബഡ്ജറ്റുകളോ ആഡംബര സെറ്റുകളോ വന്‍തോതിലുള്ള വിഷ്വല്‍ എഫക്ട്‌സോ ഇല്ലെങ്കില്‍പ്പോലും മികച്ചൊരു കഥയും കരുത്തുറ്റ തിരക്കഥയുമുള്ള ചിത്രങ്ങള്‍ മറ്റെന്തൊക്കെ കുറവുകളുണ്ടായാലും പ്രേഷകര്‍ രണ്ടുകൈയുംനീട്ടി സ്വീകരിക്കുംമെന്നു ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി), അഞ്ജലി മേനോന്‍ (ബാംഗ്ലൂര്‍ ഡേയ്‌സ്), മുഹ്‌സിന്‍ പരാരി (സുഡാനി ഫ്രം നൈജീരിയ, തല്ലുമാല), മിഥുന്‍ മാനുവല്‍ തോമസ് (ഓം ശാന്തി ഓശാന, ആട്, അഞ്ചാംപാതിര) തുടങ്ങിയ പുതിയ തലമുറയിലെ തിരക്കഥാകൃത്തുക്കള്‍ തെളിയിച്ചു കഴിഞ്ഞു.

******************


No comments:

FACEBOOK COMMENT BOX