Tuesday, March 24, 2009

അവള്‍


ആളൊഴിഞ്ഞ ബസ്‌റ്റാന്റു പോലെ


അവളുടെ കണ്ണുകളില്‍ വികാരശൂന്യത


തളംകെട്ടിനിന്നിരുന്നു


അവളുടെ കവിളുകളില്‍


ആരോടൊക്കെയോ തോന്നിയ


പകയുടെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു


എന്നിട്ടും, അത്താഴത്തിന്‌ അരവയര്‍ നിറയ്‌ക്കാന്‍


അവള്‍ തന്റെ കവിളുകളും ചുണ്ടുകളും മാറിടങ്ങളും


ചായം പൂശി മനോഹരമാക്കിയിരുന്നു


പരപുരുഷനായി മടിക്കുത്തഴിക്കുമ്പോഴും


അവള്‍ക്ക്‌ ജീവിതത്തോട്‌ വിരക്തി തോന്നിയിരുന്നു


രതിമൂര്‍ച്ഛയുടെ പാരമ്യത്തിലും


അവള്‍ തന്റെ കുഞ്ഞിന്റെ മുഖം സ്വപ്‌നം കണ്ടിരുന്നു


അതെ, അവളൊരു തെരുവ്‌ വേശ്യയായി മാറിയിരുന്നു.

Sunday, March 22, 2009

കാലത്തിന്റെ ഒറ്റവര ബുക്കില്‍ എഴുതപ്പെട്ടത്‌

എനിക്കു ചുറ്റിലും തണുപ്പാണ്‌
സിരകളില്‍ രക്തം ഉറയുന്ന
ഒഴുകുന്ന നദികള്‍ നിശ്ചലമാകുന്ന
തണുപ്പ്‌
എന്റെ എരിയുന്ന നെഞ്ചില്
ശൈത്യം നെരിപ്പോട്‌ തിരയുന്നു
എനിക്കു പരിഭവമില്ല
അല്ലെങ്കിലും
ഉരുകിയൊഴുകുന്ന മെഴുകുതിരിക്ക്‌
കരയാന്‍ അവകാശമില്ല

ദുഖമാകുന്നതെങ്ങനെയെന്നു ഞാനറിഞ്ഞു
വസന്തം.
പങ്കുവയ്‌ക്കുന്നത്‌ ദുഖമാണെന്നറിഞ്ഞു
പങ്കുവയ്‌ക്കപ്പെടാനാവാതെ നെഞ്ചില്‍ കാത്ത പ്രണയം
അതിശൈത്യത്തിന്റെ നോവില്‍
ഉറഞ്ഞു പോയതും ഞാനറിഞ്ഞു

അറിവുകള്‍ ഇവിടെ തീരുന്നു
ഉളളു നിറഞ്ഞ പ്രതീക്ഷകള്
‍സായംകാല കിനാവുകള്‍
ജരബാധിച്ച സ്‌മൃതികള്‍
എല്ലാം ഇവിടെ തീരുകയാണ്‌

അറിയാത്ത വാക്കിന്റെ
പൊരുള്‍ തേടിയ യാത്രയില്‍
നെഞ്ചില്‍ തറച്ച തുരുമ്പിച്ച
ആണിത്തുമ്പിനാല്‍ സ്വപ്‌നങ്ങള്‍
കുത്തിക്കീറപ്പെട്ടപ്പോഴും
മണ്‍ചിരാതിന്റെ പ്രകാശത്തില്‍
നിശബ്ദതയില്‍ കാതോര്‍ത്തപ്പോഴും
കുയില്‍പാട്ടായ്‌
നന്‍മയുടെ നനവായ്‌
പിരിയാത്ത നിഴലായ്‌
അനുയാത്ര ചെയ്‌ത
ഏവര്‍ക്കും ഈ ജീവിതം മാത്രം

മരക്കൊമ്പില്‍നിന്നും തെറിച്ചു പോയ
പറവക്കൂട്ടം പോലെ,
കാലത്തിന്റെ ഒറ്റവര ബുക്ക്‌
മാര്‍ജിനില്‍ തിരുത്തലുകള്‍ക്കായി
എഴുതിച്ചേര്‍ത്ത ഈ ജീവിതം......

തിളച്ചു മറിയുന്ന കവിതകള്‍




ഒരു വ്യക്തിയുടെ ജീവിത്തിന്റെ വഴി അയാള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണോ ? അതോ ജീവിച്ച ജീവിതം അയാളുടെ വഴി നിശ്ചയിക്കുകയാണോ ? വളരെ പ്രസക്തമായ ചോദ്യം. നിരവധിയാളുകള്‍ ഉത്തരം തേടി നടന്ന ചോദ്യവും, പക്ഷേ എത്രപേര്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞു എന്നറിയില്ല. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ചോദ്യമാണ്‌ എഴുത്തിന്റെ വഴി അയാള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണോ അതോ ജീവിതം ഏല്‍പിച്ചു കൊടുക്കുന്ന നിയോഗമാണോ എന്നത്‌. ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരം ആലപ്പുഴ ജില്ലയില്‍ ആയുര്‍വേദ ഡോക്‌ടര്‍ ബുധനൂര്‍ രഘുനാഥിന്റെ പക്കലുണ്ട്‌. ബുധനൂരിനെ സംബന്ധിച്ചയിടത്തോളം `ആയുര്‍വേദം' പാരമ്പര്യവും ജീവിതവും വച്ചുനീട്ടിയ നിയോഗമാണെങ്കില്‍ എഴുത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തതാണ്‌

ആയുര്‍വേദ ഗ്രന്ഥം രചിക്കുന്ന ആയുര്‍വേദ ഡോക്‌ടര്‍മാര്‍ നമുക്ക്‌ പരിചിതരാണ്‌ എന്നാല്‍ ഒരു ആയുര്‍വേദ ഡോക്‌ടറുടെ തൂലികയില്‍ നിന്നും നാടകങ്ങളും കവിതകളും ചെറുകഥകളും കൂടി സൃഷ്‌ടിക്കപ്പെടുമ്പോള്‍ അയാള്‍ അല്‍പം വ്യത്യസ്ഥനാവുന്നു. ഏറ്റവും മികച്ച നാടകത്തിനുളള ഇടശേരി അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തുമ്പോള്‍ അദ്ദേഹമൊരു അപൂര്‍വ വ്യക്തിത്വമാവുന്നു.

1972 - 73 കാലഘട്ടത്തില്‍ തിരുവനന്തപുരം ആയുര്‍വേഉവങദ കോളേജില്‍ പടിച്ചിരുന്ന കാലത്ത്‌ രചനയും സംവിധാനവും നിര്‍വഹിച്ച `അഗ്നിശരം' എന്ന നാടകത്തിലൂടെയാണ്‌ നാടകരംഗത്തേയ്‌ക്ക്‌ ബുധനൂര്‍ കടന്നു വരുന്നത്‌. പിതാവിനെ ചോദ്യം ചെയ്യുന്ന മകനെ ചിത്രീകരിച്ച നാടകത്തിലൂടെ അക്കാലത്ത്‌ നിലവിലിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെയാണ്‌ ബുധനൂര്‍ ചോദ്യം ചെയ്‌തത്‌. പിന്നീട്‌ എഴുപതുകളുടെ ഒടുവില്‍ മലയാളത്തില്‍ രൂപം കൊണ്ട ആധുനിക നാടകപ്രസ്ഥാനത്തിന്റെ ഭാഗമായി മാറിക്കൊണ്ട്‌ നിരവധി നാടകങ്ങള്‍ ബുധനൂരിന്റേതായി പുറത്തുവന്നു. എഴുപത്തി അഞ്ചില്‍ അച്ഛന്റെ മരണത്തെ തുടര്‍ കുറച്ചുകാലം എഴുത്തില്‍ നിന്നും നാടകത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും 79 ല്‍ വിവാഹശേഷം അദ്ദേഹം വീണ്ടും എഴുത്തിലേക്കും തിരികെ വന്നു. തൊണ്ണൂറുകളില്‍ ആലപ്പുഴ കലാപോഷിണിക്കു വേണ്ടി രചിച്ച ഇടിമുഴക്കം, പ്രകാശഗീതം എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ നാടകങ്ങളാണ്‌.

നാടകമാണ്‌ ബുധനൂരിന്‌ പ്രശസ്‌തി നേടിക്കൊടുത്തതെങ്കിലും കവിതയോടാണ്‌ തനിക്ക്‌ താത്‌പര്യമെന്ന്‌ അദ്ദേഹം പറയുന്നു. വര്‍ത്തമാന കാലത്തിന്റെ ആശങ്കകളെ ശക്തമായി പ്രതിഫലിപ്പിക്കുകയും സാംസ്‌കാരികമാറ്റത്തിന്റെ അര്‍ഥസൂചകങ്ങളെ അനുവാചക ഹൃദയത്തില്‍ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നതില്‍ ബുധനൂരിന്റെ കവിത വിജയിക്കുന്നുണ്ട്‌. പതിനെട്ടു കവിതകളുമായി അവസാനം പുറത്തിറങ്ങിയ `ജോണ്‍ അഥവാ പാപികള്‍ക്കുളള ശിക്ഷ' എന്ന കവിതാ സമാഹാരം നമുക്ക്‌ നല്‍കുന്ന സന്ദേശവും ഇതു തന്നെയാണ്‌.

ആധുനിക ലോകത്തില്‍ മൂല്യങ്ങള്‍ പൊട്ടിച്ചിതറിപ്പോയ കണ്ണാടിയാണെന്ന്‌ വിലയിരുത്തുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്‌. ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്ത വിധത്തില്‍ അവ തകര്‍ന്നു പോയെന്നു കരുതുന്നവരുമുണ്ട്‌. എന്നാല്‍ ചിതറിപ്പോയ ഓരോ മുറിയും ജീവിതത്തിന്റെ ഓരോ ഭാഗമാണെന്നും അവ പ്രതിഫലിപ്പിക്കുന്നത്‌ വിചിത്രവും വികലവുമായ ദൃശ്യങ്ങളാണെങ്കിലും അത്‌ ജീവന്റെ അസ്‌തിത്വത്തെ നിര്‍വചിക്കുന്ന സൂക്ഷമഘടകങ്ങളാണെന്നും വായനക്കാരെ ബോധ്യപ്പെടുത്തുന്നതാണ്‌ ബുധനൂരിന്റെ കവിതകള്‍.

സ്വന്തം മകളെപ്പോലും കാമത്തിന്റെ കണ്ണടവച്ചു നോക്കുകയും വാക്കും വായുവും ജലവും ചിന്തയും മലിനമാക്കപ്പെടുകയും വില്‍പനച്ചരക്കാക്കപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലത്ത്‌ ഇവയോടും ഇവയുടെ വക്താക്കളോടുമൊപ്പം സഞ്ചരിക്കുയും കവിതയേയും എഴുത്തിനേയും റെമ്യൂണറേഷനു വേണ്ടിയുളള ചട്ടുകമാക്കുകയും ചെയ്യുന്ന നിലവിലിരിക്കുന്ന വ്യവയ്‌ഥിതിക്കെതിരെയുളള കലമ്പലാണ്‌ ബുധനൂരിന്റെ ഓരോ കവിതയും. പ്രതികരണ ശേഷിയുടെ ഉറവ വറ്റിപ്പോകുന്ന യുവതലമുറയെ പരിഹസിക്കാനും ബുധനൂര്‍ തന്റെ കവിതയിലൂടെ തയാറാവുന്നു എന്നതിന്‌ ഉത്തമ ദൃഷ്‌ടാന്തമാണ്‌ `അമ്മേ പറയൂ' എന്ന കവിത.
`` എന്നുതൊട്ടാണ്‌ ഇവിടെ പുരുഷന്‍മാരില്ലാതായത്‌ ?
ഏകലവ്യന്റെ ജനനേന്ദ്രിയം മുറിച്ച്‌ ദക്ഷിണ നല്‍കിയതില്‍പ്പിന്നെയോ?
കര്‍ണനെ അവര്‍ണ്ണനെന്നോതി ഭ്രഷ്‌ടുകല്‍പിച്ചതില്‍ പിന്നെയോ ?
..................................
.......................................
........................................
മീശവച്ചു നടക്കുന്ന ഈ യുവാക്കള്‍ പുരുഷന്‍മാര്‍ തന്നെയോ ? ''

നമ്മുടെ സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും നൈര്‍മല്യവുമെല്ലാം പടിഞ്ഞാറന്‍ സസ്‌കാരത്തിന്‌ അടിയറവയ്‌ക്കുന്നതിനെതിരെ പടപൊരുതാനുളള ആര്‍ജവവും സാമ്രാജിത്വ അധിനിശം കത്തിച്ച്‌ ചാരമാക്കിമാറ്റിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ സ്വത്വം തിരിച്ചു പിടിക്കുക എന്ന സാമൂഹിക ബാദ്ധ്യത കൂടി ഏറ്റെടുക്കാനുളള ചങ്കൂറ്റവും ബുധനൂരിന്റെ കവിതകളില്‍ ദൃശ്യമാകുന്നുണ്ട്‌. `പിറന്നാളാഘോഷം' എന്ന കവിത നമുക്കു നല്‍കുന്ന സൂചന അതാണ്‌.

`` പ്രയേ.......
ടൊയോട്ടക്കാരി
വെളുത്തമുടിയും
ചുവന്ന ചുണ്ടുകളുമുളള
പടിഞ്ഞാറന്‍ ലാവണ്യമേ
കാമകലയുടെ കൈവല്യ രൂപമേ
നിനക്കെന്റെ മധുര ചുംബനം
ചുണ്ടുകളില്‍ ചോര പൊടിയാതെ നോക്കിയാല്‍ മതി
മുറിവുകളിലൂടെയും
സംഭോഗത്തിലൂടെയും
രതിവൈകൃതങ്ങളിലൂടെയും മാത്രമേ
എച്ച്‌ഐവി സംക്രമിക്കൂ
ഈശ്വരാനുഗ്രഹത്താല്‍
ഇവിടെ
എല്ലാത്തരം ഉറകളുമുണ്ട്‌.''
ബുധനൂരിന്റെ കവിതകളില്‍ രോഷവും പ്രതിഷേധവും പരിഹാസവും കൂടിക്കുഴഞ്ഞിരിക്കുന്നു. നമുക്ക്‌ നഷ്‌ടപ്പെട്ടു പോകുന്ന നന്‍മകളെ കുറിച്ച്‌ ആവലാതിപ്പെടുന്ന മനസും ബുധനൂരിനുണ്ട്‌. കവിതയെ വളരെ ഗൗരവമായി സമീപിക്കുന്ന കവിയാണ്‌ ബുധനൂര്‍. അതുകൊണ്ടു തന്നെ പ്രശസ്‌തിയുടേയും ജനപ്രിയതയുടേയും വെളളിവെളിച്ചത്തില്‍ നില്‍ക്കാന്‍ അദ്ദേഹം ഇഷ്‌ടപ്പെടുന്നില്ല. പുതിയ തലമുറയിലെ കവികളില്‍ എഴുത്തിനോടുളള ഉത്തരവാദിത്വം കുറഞ്ഞു വരുന്നതായി ബുധനൂര്‍ നിരീക്ഷിക്കുന്നെങ്കിലും പി പി രാമചന്ദ്രന്‍, എസ്‌ ജോസഫ്‌, കെ രാജഗോപാല്‍, കെ ആര്‍ ടോണി തുടങ്ങിയ പുതുകവികള്‍ക്ക്‌ കരുത്തോടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നുണ്ടെന്ന്‌ നിരീക്ഷിക്കാനും മറന്നില്ല.

ജീവിതത്തിന്റെ വലിയ കാലഘട്ടം മുഴുവന്‍ നാടകത്തിനും നാടകപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിച്ച ബുധനൂരിനെ നാടകത്തിനും നാടകപ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ചിരിക്കുന്ന അപചയം കുറച്ചൊന്നുമല്ല ദു:ഖിപ്പിക്കുന്നത്‌. എങ്കിലും നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ നാടക പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിയും എന്നു വിശ്വസിക്കാനാണ്‌ ബുധനൂരിനിഷ്‌ടം. അതിന്റെ കാരണവും അദ്ദേഹം തന്നെ കണ്ടെത്തുന്നു, ''മനുഷ്യവര്‍ഗം നിലനില്‍ക്കുന്നിടത്തോളം നാടകവും നാടകപ്രസ്ഥാനങ്ങളും പ്രസക്തമാണ്‌''.ഞാന്‍ ഈശ്വര വിശ്വാസിയാണ്‌ എന്നാല്‍ ഒരു മതവിശ്വാസിയല്ല എന്ന്‌ പറയുമ്പോള്‍ മനുഷ്യജീവനേയും സാമൂഹിക നീതിയേയും വെല്ലുവിളിക്കുന്ന ഒന്നിനോടും ഒത്തുതീര്‍പ്പിന്‌ തയാറല്ല എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. വിശ്വാസമോ തത്വശാസ്‌ത്രമോ പ്രത്യയശാസ്‌ത്രമോ വാദമോ പ്രതിവാദമോ എന്തുമായിക്കൊളളട്ടെ, നീതിബോധത്തിന്റെ ഉരകല്ലില്‍ ഉരച്ച്‌ മാറ്റ്‌ തിരിച്ചറിഞ്ഞല്ലാതെ മുന്നോട്ടില്ലെന്ന കടുപിടുത്തമാണ്‌ ബുധനൂരിനെ വ്യത്യസ്‌തനാക്കുന്നത്‌.
മകന്‍ കൃഷ്‌ണപ്രസാദും കവിയാണ്‌
ഫോട്ടോ- കെ ജെ ജോസ്‌ (ദീപിക സ്റ്റാഫ്‌ ഫോട്ടോഗ്രാഫര്‍)*പ്രസിദ്ധീകരണത്തിന്‌ നല്‍കിയെങ്കിലും തിരസ്‌കരിക്കപ്പെട്ടു...............

Saturday, March 14, 2009

അന്വേഷണം


കൊലക്കയര്‍ തൂക്കി


അതില്‍ കുരുക്കാനുളള തലയുമായി


കസേരയില്‍ കയറി നിന്നപ്പോള്‍


ഓര്‍മകള്‍ കെട്ടു പൊട്ടി പാറിപ്പോയി

കുട്ടിക്കാലത്ത്‌ ഊഞ്ഞാലിലിരുത്തി ആടിച്ച

അച്ഛനെയോര്‍ത്തു

ആട്ടത്തിന്റെ വേഗത കുറഞ്ഞുപോയതിന്‌

അച്ഛനെവെറുത്തു

കുരുക്ക്‌ കഴുത്തിലിടവേ

കാത്തിരുന്ന്‌ മടുത്ത്‌ ഓടിവന്ന്‌ കെട്ടിപ്പിടിച്ച്‌

ഉമ്മയ്‌ക്കു കെഞ്ചുന്ന

കുഞ്ഞനിയത്തിയെ ഓര്‍ത്തു

പരീക്ഷത്തലേന്ന്‌

കവിത വായിച്ചത്‌ കണ്ടെത്തിയതിന്‌

അവളെ വെറുത്തു

കയര്‍ മുറുകി

അവസാന ശ്വാസത്തിനായി

പിടയവേ ജനനത്തിനും മുന്‍പ്‌

ആത്മാവ്‌ തൊട്ടറിഞ്ഞ

അമ്മയുടെ കണ്ണുനീരിനെ കുറിച്ചോര്‍ത്തു

അപ്പോഴും

അമ്മയെ വെറുക്കാനുളള

കാരണത്തിനായി മനസ്‌ പരതിക്കൊണ്ടിരുന്നു

Monday, March 9, 2009

മരിച്ചവന്റെ മുറി

sandeep salim
ഇത്‌ ഇന്നലെ മരിച്ചവന്റെ മുറി
പുസ്‌തകങ്ങള്‍ വാരിവലിച്ചിട്ട ഒരു മേശ
ആരോടും പറയാതെ മനസില്‍ കാത്ത
പ്രണയിനിക്കായ്‌ പാതിവഴിയില്‍ നിര്‍ത്തിയ പ്രണയ ലേഖനം
മുറിയുടെ അഴുക്കു പിടിച്ച മൂലയില്‍
കവിത പൂത്ത നേരങ്ങളില്‍
ആര്‍ക്കോ വേണ്ടി വായിച്ച പുല്ലാങ്കുഴല്‍
അധ്വാനത്തിന്റെയും ചെറുത്തുനില്‍പിന്റെയും
പ്രതീകം പോലെ അക്ഷരങ്ങളില്‍
ചിതലരിച്ച ഒരവാര്‍ഡ്‌
വിരസമായ ജേര്‍ണലിസം ക്ലാസില്‍
നോട്ടു ബുക്കിന്റെ അരികില്‍ കുറിച്ച
കളിവാക്കുകള്‍ചുവരില്‍ മുള്‍മുടി ചൂടിയ ക്രിസ്‌തുവും
ചിരിക്കുന്ന നരച്ച താടിയുളള മാര്‍ക്‌സും
അടുത്തടുത്തിരുന്നു
കുറച്ചുമാറി കളളനോട്ടക്കാരന്‍ കൃഷ്‌ണനും സ്ഥാനം പിടിച്ചിരുന്നു
ഇവരില്‍ അവനെ നയിച്ചതാര്‌ ?
ജനാലയില്‍ വന്നിരുന്ന
വളര്‍ത്തു പക്ഷി ചോദിച്ചു കൊണ്ടിരുന്നു
മേശപ്പുറത്ത്‌ മറിഞ്ഞു കിടന്ന
അധിനിവേശത്തിന്റെ ഓര്‍മയുണര്‍ത്തുന്ന
പെപ്‌സിക്കുപ്പിയില്‍ അവന്‍ കുടിച്ച വിഷത്തിന്റെ
അംശങ്ങള്‍ കട്ടപിടിച്ചിരുന്നു

മരിച്ചവന്റെ മുറിയില്‍ എല്ലാം സാധാരണമായിരുന്നു
എന്നാല്‍ വായിക്കാത്ത പുസ്‌തകത്തിലെ വരികള്‍ പോലെ
അവന്റെ ചിന്തകള്‍ മാത്രം
അജ്ഞാതവും അസാധാരണവുമായിരുന്നു

Saturday, March 7, 2009

ഗോളടിക്കുന്നതു സെവന്‍സ്‌

sandeep salim
``ഇജ്ജ്‌ ഏതു നാട്ടുകാരനാണ്‌ ഇതു തൃപ്പനച്ചിയാണ്‌. സെവന്‍സിന്റെ സീസണായാല്‍ അഞ്ചുമണി കഴിഞ്ഞ്‌ ഇബ്‌ടെ ഒരു പീടികയും തുറക്കില്ല.ഒരു ഓട്ടോറിക്ഷയും കിട്ടില്ല. കുട്ട്യോളെല്ലാം കളികാണാന്‍ പോയിരിക്കുകയാണ്‌''. തൃപ്പനച്ചിയില്‍ നിന്നു മഞ്ചേരിയിലേക്കു പോകാന്‍ ഓട്ടോറിക്ഷ എവിടെക്കിട്ടും എന്ന ചോദ്യത്തിന്‌ സ്ഥലവാസിയായ ഒരു മുതിര്‍ന്ന പൗരന്‍ നല്‍കിയ മറുപടിയാണിത്‌. മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയില്‍ മാത്രമല്ല മലബാറിന്റെ പലഭാഗങ്ങളിലും സെവന്‍സ്‌ സീസണായാല്‍ ഇതാണു സ്ഥിതി.ടൂര്‍ണമെന്റ്‌ ഉണ്ടെങ്കില്‍ വണ്ടൂര്‍, മഞ്ചേരി, കോഴിക്കോട്‌ കിനാശേരി, വളാഞ്ചേരി, തലശേരി ഇവിടങ്ങളിലെല്ലാം വൈകുന്നേരം ബന്തിന്റെ പ്രതീതിയാണ്‌. ആളും തിരക്കും ടൂര്‍ണമെന്റ്‌ നടക്കുന്ന മൈതാനങ്ങളില്‍ മാത്രമായിരിക്കും.

മലബാറിന്റെ ചോരയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നതാണു സെവന്‍സ്‌ ഫുട്‌ബോള്‍. കാതിരാല മുഹമ്മദാലിയില്‍ തുടങ്ങി ഈ സീസണില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ നാലില്‍ മൂന്നിലും കിരീടം നേടിക്കൊണ്ട്‌ പുത്തന്‍ തലമുറയില്‍ ആവേശം ജനിപ്പിക്കുന്ന തൃപ്പനച്ചി അല്‍ഷബാബ്‌ ക്ലബിന്റെ ഉടമ സണ്ണി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അന്‍ഷാദില്‍ എത്തുമ്പോഴും സെവന്‍സ്‌ എന്ന ലഹരിക്ക്‌ യാതൊരു കുറവും വന്നിട്ടില്ല. കൂടിയിട്ടേയുള്ളൂ.അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിക്കുന്ന ഇലവന്‍സ്‌ ഫുട്‌ബോളിനെക്കാള്‍ മലബാറിനെ ആവേശം കൊള്ളിക്കുന്നത്‌ ഔദ്യോഗിക ഫുട്‌ബോള്‍ സംഘടനകള്‍ പടിക്കു പുറത്തു നിര്‍ത്തിയിരിക്കുന്ന സെവന്‍സാണ്‌ .സെവന്‍സിനെ ഇവിടെ പോപ്പുലറാക്കുന്നത്‌ അതിന്റെ അനൗപചാരിക സ്വഭാവം തെന്നയാവാം. സെവന്‍സിന്റെ അപാര വേഗവും കാണികളുടെ ഭാഗഭാഗിത്വവും എടുത്തുപറയേണ്ട ഘടകങ്ങളാണ്‌. തന്ത്രപരമായ നീക്കങ്ങള്‍, ഉജ്വലമായ പ്രകടനങ്ങള്‍,വേഗം,തകര്‍പ്പന്‍ ഗോളുകള്‍ കൂടാതെ നിയമങ്ങളില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ഇളവുകളും സെവന്‍സിനെ ജനപ്രിയമാക്കുന്നു.ഏഴുപേര്‍ വീതമുളള ടീമുകളും അരമണിക്കൂര്‍ വീതമുളള രണ്ടു പകുതികളുമാണ്‌ സെവന്‍സ്‌ മത്സരത്തിലുണ്ടാവുക.കാണികളുടെ എണ്ണം ഗാലറിയും കവിഞ്ഞാല്‍ കളിസ്ഥലത്തിന്റെ വിസ്‌തീര്‍ണം കുറയ്‌ക്കുകപോലും ചെയ്യത്തക്കവിധത്തില്‍ അയവുള്ളതാണു സെവന്‍സ്‌ നിയമങ്ങള്‍.
ദേശീയ തലത്തിലും അന്തര്‍ദേശീയതലത്തിലും തിളങ്ങിയ ഐ.എം വിജയന്‍, അരങ്ങേറ്റമത്സരത്തില്‍ത്തന്നെ നാലു ഗോളുകള്‍ നേടിയ ആസിഫ്‌ സഹീര്‍(മമ്പാട്‌ ഫ്രണ്ട്‌സ്‌), ഇന്ത്യയുടെ എക്കാലത്തെയും മികച്ച സെന്റര്‍ ബാക്കും കേരളാ ടീം ക്യാപ്‌റ്റനുമായ യു.ഷറഫലി(വൈഎംഎ, അരീക്കോട്‌) കേരളാ ടീമില്‍ ഗോള്‍കീപ്പറായിരുന്ന എം.വി നെല്‍സണ്‍(തൃശൂര്‍, ജിംഘാന) തുടങ്ങി ഇന്ത്യന്‍ ഫുട്‌ബോളിന്‌ സെവന്‍സ്‌ സംഭാവന ചെയ്‌ത താരങ്ങള്‍ നിരവധി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെവന്‍സ്‌ നടക്കുന്നത്‌ മലപ്പുറം ജില്ലയിലാണ്‌. ഒരു സീസണില്‍ ഇരുപതു മേജര്‍ കളക്‌ഷന്‍ ടൂര്‍ണമെന്റുകളെങ്കിലും അരങ്ങേറാറുണ്ടെന്നാണു കണക്ക്‌. ഓപ്പണ്‍ ടൂര്‍ണമെന്റുകളുടെ എണ്ണം ഇതിന്റെ മൂന്നിരട്ടിയോളവും. മേലാറ്റൂരിലെ രംഗം സെവന്‍സ്‌ ടൂര്‍ണമെന്റിന്റെ 2000 ലെ ടിക്കറ്റ്‌ കളക്‌ഷന്‍ 37 ലക്ഷം രൂപയായിരുന്നു.ടൂര്‍ണമെന്റുകളിലൂടെ ലഭിക്കുന്ന കളക്‌ഷന്റെ വലിയൊരു പങ്കും ഫുട്‌ബോളിന്റെ പുരോഗതി്‌ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌ എന്നത്‌ സെവന്‍സ്‌ ഫുട്‌ബോളിന്‌ വെറും കായികവിനോദം എന്നതിനപ്പുറം ഒരുമാനം നല്‍കുന്നു. സെവന്‍സ്‌ ഫുട്‌ബോളില്‍ രണ്ടാം സ്‌ഥാനം കോഴിക്കോട്‌ ജില്ലയ്‌ക്കവകാശപ്പെട്ടതാണ്‌. പതിനഞ്ചോളം കളക്‌ഷന്‍ ടൂര്‍മെന്റുകളും ഇരുപത്തഞ്ചോളം ഓപ്പണ്‍ ടൂര്‍ണമെന്റുകളുമാണ്‌ കോഴിക്കോട്‌ നടക്കുന്നത്‌.
കേരള ഫുട്‌ബോളിനെ ഒരു കാലഘട്ടത്തില്‍ ധന്യമാക്കിയിരുന്ന കേരളാ പോലീസ്‌, ടൈറ്റാനിയം, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, കെല്‍ട്രോണ്‍ കണ്ണൂര്‍, പ്രീമിയര്‍ ടയേഴ്‌സ്‌, സെന്‍ട്രല്‍ എക്‌സൈസ്‌ കൊച്ചി, എസ്‌.ബി.ടി, എഫ്‌.സി കൊച്ചിന്‍ തുടങ്ങിയ ടീമുകളുടെ തകര്‍ച്ചയാണ്‌ സെവന്‍സ്‌ ഫുട്‌ബോളിനെ വളര്‍ത്തിയതെന്നു പറഞ്ഞാല്‍ തെറ്റില്ല.ഇന്ത്യയില്‍ നടന്നുവരുന്ന ഐ ലീഗ്‌ മത്സരങ്ങളൊന്നും കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചയാവുന്നില്ല. നല്ല രീതിയില്‍ നടന്നിരുന്ന നിരവധി ടൂര്‍ണമെന്റുകളാണു കേരളഫുട്‌ബോള്‍ അസോസിയേഷന്റെ(കെഎഫ്‌എ) പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണം നിന്നു പോയത്‌. പതിനഞ്ചു വര്‍ഷം മുമ്പുവരെ ഏതാണ്ട്‌ മുപ്പതു ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ നിലനില്‍ക്കുന്നത്‌ വിരലിലെണ്ണാവുന്നവ മാത്രമാണ്‌. ഫുട്‌ബോളിന്റെ ഉന്നമനത്തിനായി രൂപവത്‌കരിക്കപ്പെട്ട ഫെഡറേഷനില്‍ നടക്കുന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും കഥകള്‍ പുറം ലോകം അറിയാതിരിക്കുന്നതിനാണ്‌ സെവന്‍സ്‌ ഫുട്‌ബോളിനെതിരെ അസോസിയേഷന്‍ വാളോങ്ങുന്നതെന്നു സെവന്‍സ്‌ താരങ്ങള്‍ പറയുന്നു.
സംസ്ഥാന ടീമിലും ദേശീയ ടീമിലും മത്സരിക്കുന്ന കളിക്കാര്‍ക്ക്‌ സെവന്‍സ്‌ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അനുവാദമില്ല. ഇനി ഏതെങ്കിലും താരം ഇതു ലംഘിച്ച്‌ സെവന്‍സില്‍ കളിച്ചു എന്നിരിക്കട്ടെ പിടിക്കപ്പെട്ടാല്‍, ടീമില്‍ നിന്നു പുറത്താക്കുന്നതുള്‍പ്പെടെയുളള ശിക്ഷാനടപടികളാണ്‌ ഈ താരങ്ങളെ കാത്തിരിക്കുന്നത്‌. എന്നിട്ടും സംസ്ഥാന ടീമിലും ദേശീയ ടീമിലും കളിക്കുന്ന നിരവധി താരങ്ങള്‍ ഫെഡറേഷന്റെ കണ്ണുവെട്ടിച്ച്‌ സെവന്‍സില്‍ കളിക്കാറുണ്ട്‌.
സെവന്‍സിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍പോലും സെവന്‍സ്‌ ഉയര്‍ത്തുന്ന ആവേശത്തിനും പണം മുടക്കി കളികാണാന്‍ തടിച്ചുകൂടുന്നവരുടെ എണ്ണത്തിനും മുന്നില്‍ അത്ഭുതപ്പെടും എന്നതു തീര്‍ച്ച. ഒരു മല്‍സരത്തിന്‌ 250 രൂപമുതല്‍ പതിനായിരം രൂപവരെ പ്രതിഫലം പറ്റുന്ന താരങ്ങള്‍ സെവന്‍സില്‍ നിറയുന്നു. മലബാറിലെ സെവന്‍സ്‌ മൈതാനങ്ങളില്‍ നിന്ന്‌ ലക്ഷങ്ങള്‍ വരെ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുണ്ട്‌.
സെവന്‍സ്‌ ഫുട്‌ബോളിന്റെ മറ്റൊരാവേശം വിദേശതാരങ്ങളുടെ സാന്നിധ്യമാണ്‌. സെവന്‍സ്‌ ഫുട്‌ബോളില്‍ വിദേശതാരങ്ങളുടെ സാന്നിധ്യം ആരംഭിക്കുന്നത്‌ നൈജീരിയയുടെ മുന്‍ ജൂനിയര്‍ ലോകകപ്പ്‌ താരം ഫ്രെഡി ഒക്കേയ്‌ ഇമ്മാനുവേലിലാണ്‌. പിന്നീട്‌ സുഡാന്റെ അബൈദല്‍ കമാല്‍ ഹാഷീമും അബദേല്‍ ഘാനിയുമെത്തി. ഈ ശൃംഖല അല്‍ഷബാബ്‌ തൃപ്പനച്ചിക്കു വേണ്ടി കളിക്കുന്ന നൈജീരിയന്‍ താരങ്ങളായ ക്രിസ്റ്റി, ബോബൊ, ഇബെ എന്നിവരിലെത്തിനില്‍ക്കുന്നു.
ഒരു കാലഘട്ടത്തില്‍ ഫുട്‌ബോളിന്റെ മാസ്‌മരിക സൗന്ദര്യം കൊണ്ട്‌ സെവന്‍സ്‌ മൈതാനങ്ങളെ ആവേശത്തിന്റെ കൊടുമുടിയേറ്റിയ കൂത്തുപറമ്പ്‌ ഹണ്ടേഴ്‌സും കോഴിക്കോട്‌ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റും തൃശൂര്‍ ജിഘാനയും ആലുവ ലക്കിസ്റ്റാറും പുതിയ സെവന്‍സ്‌ ക്ലബുകളുടെ കടന്നുവരവിലും തങ്ങളുടെ താരസിംഹാസനത്തിന്‌ ഇളക്കം തട്ടാതെ സൂക്ഷിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.
ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വന്യതയില്‍ ലഹരികൊണ്ടിരുന്ന മലയാളികള്‍ക്ക്‌ , പ്രത്യേകിച്ച്‌ മലബാറുകാര്‍ക്ക്‌ ഈവിദേശ താരങ്ങളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ ഒരു മടിയും ഉണ്ടായില്ല. വിദേശ ഫുട്‌ബോള്‍ മല്‍സരങ്ങളോടും താരങ്ങളോടുമുളള മലബാറിന്റെ അഭിനിവേശം പണ്ടേ പ്രശസ്‌തമാണല്ലോ. `കോപ അമേരിക്ക` ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്നത്‌ ബ്രസീലിലോ അര്‍ജന്റീനയിലോ ആയിരിക്കാം .കളിയുടെ ചൂട്‌ അതേ അളവില്‍ ഇവിടെ മലപ്പുറത്ത്‌ അനുഭവപ്പെടാറുണ്ട്‌. `ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗും ഇറ്റാലിയന്‍ ലീഗുമെല്ലാം ഞങ്ങളുടെ ആഘോഷങ്ങളാണ്‌'' എന്ന അല്‍ഷബാബ്‌ തൃപ്പനച്ചിയുടെ ഉടമ സണ്ണിയുടെ വാക്കുകള്‍ മലപ്പുറത്തിന്റെ ഹൃദയവികാരത്തെ തൊട്ടറിഞ്ഞു കൊണ്ടുളളതാണ്‌.
ഫുട്‌ബോള്‍ മത്സരങ്ങള്‍ കൂടുതല്‍ ജനകീയമായതില്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷനായ ഫിഫ(ഫെഡറേഷന്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) യുടെ `ഹോം ആന്‍ഡ്‌ എവേ`സമ്പ്രദായത്തിനു വലിയ പങ്കുണ്ട്‌. ഇതിലൂടെ ക്ലബുകള്‍ക്കു തങ്ങളുടെ തട്ടകങ്ങളില്‍ ആരാധകരുടെ പിന്തുണയോടുകൂടി കളിക്കാമെന്നായി. അന്താരാഷ്‌ട്ര മത്സരങ്ങള്‍ തത്സമയം കാണുന്ന ഇവിടെയും അതിന്റെ ചലനങ്ങള്‍ ഉണ്ടാവുന്നുണ്ട്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ബാഴ്‌സിലോണയ്‌ക്കും റയല്‍ മാഡ്രിഡിനും ലിവര്‍പൂളിനും ഇവിടെയും ആരാധകര്‍ ഏറെയുണ്ട്‌. ഈ ക്ലബുകളുടെ വിജയപരാജയങ്ങള്‍ വാക്കുതര്‍ക്കത്തില്‍ വരെ എത്തുന്നത്‌ പതിവാണിവിടെ.
2000 മുതല്‍ കേരളത്തിലെ സെവന്‍സ്‌ ടൂര്‍ണമെന്റുകളും ടീമുകളും ഒരു മേല്‍ക്കൂരയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ടൂര്‍ണമെന്റുകളുടെ നടത്തിപ്പിനു വേണ്ടി ഓള്‍ കേരള സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ അസോസിയേഷനും ടീമുകളുടെ ഏകോപനം ലക്ഷ്യമിട്ട്‌ ഓള്‍ കേരള ടീം മാനേജേഴ്‌സ്‌ അസോസിയേഷനും നിലവിലുണ്ട്‌. അസോസിയേഷനുകളുടെ പ്രധാന ലക്ഷ്യം ഇന്നും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സെവന്‍സിന്‌ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യം ഇന്നും വിദൂര സ്വപ്‌നമാണ്‌.
സെവന്‍സിനെ സംബന്ധിച്ചിടത്തോളം ഇതു സുവര്‍ണകാലമാണെന്നു പറയാം. സാമ്പത്തിക മാന്ദ്യം ക്രിക്കറ്റു പോലെ കോടികളുടെ കണക്കുപറയുന്ന കായിക വിനോദങ്ങളെ പിന്നോട്ടു വലിക്കുമ്പോള്‍ സെവന്‍സിന്റെ ജനകീയതയും സെവന്‍സ്‌ പ്രതിഫലിപ്പിക്കുന്ന ആവേശവും തിരകള്‍ സൃഷ്‌ടിക്കുകയാണ്‌. അതേ, സെവന്‍സ്‌ ഫുട്‌ബോള്‍ മാറിക്കഴിഞ്ഞു. മാറ്റം ആരാധകരുടെ മനസിലും പെരുമ്പറമുഴക്കിത്തുടങ്ങി. ഇന്ത്യന്‍ ഫുട്‌ബോളിലും ഇത്തരത്തിലുള്ള മാറ്റം വേണമെന്നാണ്‌ ആരാധകര്‍ പറയുന്നത്‌. അല്ലാതെ കുറ്റിയറ്റു പോയ പഴയ പെരുമ പറഞ്ഞുനില്‍ക്കുകയല്ല ഇന്നാവശ്യം. കൂടുതല്‍ ക്ലബുകളും മത്സരങ്ങളും കളിക്കളവും ഉണ്ടാകണം. സാമ്പത്തിക നേട്ടങ്ങളും സ്വജന പക്ഷപാതവും മാറ്റിനിര്‍ത്തി ഫുട്‌ബോള്‍ എന്ന വികാരം ഗൗരവപൂര്‍വം ഉള്‍ക്കൊണ്ടാല്‍ ഇതു സാധ്യമാവും. ഇതിനുള്ള നീക്കങ്ങള്‍ ഫെഡറേഷന്റെയും ക്ലബുകളുടെയും ഭാഗത്തുനിന്നുണ്ടാകുമോയെന്നാണ്‌ ആരാധകരുടെ ചോദ്യം.ലീഡ്‌
ബ്രസീലിന്‌ ഇലവന്‍സ്‌ ഫുട്‌ബോള്‍ പോലെയാണു മലപ്പുറത്തിനും കോഴിക്കോടിനും സെവന്‍സ്‌ ഫുട്‌ബോള്‍.ടൂര്‍ണമെന്റ്‌ കാണാന്‍ മലപ്പുറംകാരന്‍ ഏതു നഷ്‌ടവും സഹിക്കും.ഗള്‍ഫില്‍ നിന്ന്‌ അടിയന്തിരമായി ലീവെടുത്തു നാട്ടില്‍വന്നു കളി കാണും,വീട്ടില്‍ പോയെന്നു വരില്ല.... ഇതാ മറ്റൊരു സെവന്‍സ്‌ സീസണ്‍.

Friday, March 6, 2009

ഒരു മലപ്പുറം വിപ്ലവം


sandeep salim
ബോക്‌സോഫീസില്‍ മെഗാഹിറ്റെന്ന്‌ നിര്‍മാതാക്കളും മാധ്യമ ങ്ങളും കൊട്ടിഘോഷിക്കുന്ന സിനിമ കാണുന്ന പ്രേഷകരുടെ ശരാശരി എണ്ണം എത്ര? അത്‌ നാല്‍പതു ലക്ഷത്തിനും അമ്പതു ലക്ഷത്തി നും ഇടയില്‍ വരുമെന്നാണ്‌ കണക്ക്‌. ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റെന്നുകൂ ടിയുണ്ട്‌. 2008-ല്‍ മലയാളത്തില്‍ 54 സിനിമകളാണ്‌ റിലീസായത്‌. അതില്‍ തന്നെ നാലു ചിത്രങ്ങളാണ്‌ സാമ്പത്തിക വിജയം നേടി യത്‌. പൊതുവെ മുഖ്യധാരാ സിനിമകളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവയാണ്‌ ഇവ.

എന്നാല്‍ ഗള്‍ഫിലും മലബാറിലുമായി മുപ്പതും നാല്‍പതും ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞ സിനിമകള്‍ക്ക്‌ എന്തു പേരാണ്‌ നാം നല്‍കുക? സലാം കൊടിയത്തൂര്‍ എന്ന മലപ്പുറം സ്വദേശി കഥയും തിരക്കഥയുമെഴുതി സംവിധാനം നിര്‍വഹിച്ച `പരേതന്‍ തിരിച്ചു വരുന്നു' എന്ന സിനിമയെക്കുറി ച്ചാണ്‌ പരാമര്‍ശം. മുതല്‍മുടക്ക്‌ അഞ്ചുലക്ഷത്തില്‍ താഴെ. മുഖ്യധാരാ സിനിമകളില്‍ കണ്ടു പരിചയിച്ച മുഖങ്ങള്‍ വിരളം. പ്രദര്‍ശന മാധ്യമം തീയേറ്ററുകള്‍ ക്കും ടെലിവിഷനും പകരം സീഡികള്‍. പ്രേഷകര്‍ മുസ്‌ലിം കുടുംബങ്ങള്‍. ഫിലിമുകളില്ല പൂര്‍ണമായും ഡിജിറ്റല്‍ സംവിധാ നത്തില്‍ പുറത്തിറങ്ങുന്നവയാണ്‌ ഈ സിനിമകള്‍. ഈ സിനിമയുടെ വിശേഷണങ്ങള്‍ ഇനിയും നീളും. പൊതുസമൂഹത്തില്‍ ഇത്തരം സിനിമകള്‍ക്ക്‌ ഒരു പേരോ വിലാ സമോ ഇല്ല. സലാം കൊടിയത്തൂര്‍ തന്റെ സിനിമയെ ഹോം സിനിമ എന്നു വിശേഷിപ്പിക്കാനി ഷ്‌ടപ്പെടുന്നത്‌. വീടുകളില്‍ കുടുംബാം ഗങ്ങള്‍ ഒരുമിച്ച്‌ കാണുന്ന ഇത്തരം സിനിമകളെ ഹോം സിനിമക ളെന്നുതന്നെ വിശേഷിപ്പിക്കാം.

മലബാറിന്‌ പുറത്ത്‌ ജീവിക്കു ന്നവരെ സംബന്ധിച്ചിടത്തോളം അപരിചിതമായൊരു ലോകമാണ്‌ ഹോം സിനിമകള്‍. മുഖ്യധാരാ സിനിമയുടെ കെട്ടിലും മട്ടിലുമാണ്‌ ഹോംസിനിമകളും അണിയിച്ചൊ രുക്കപ്പെടുന്നത്‌. ഒറ്റ വ്യത്യാസം മാത്രം. സ്റ്റുഡിയോയില്‍ നിന്ന്‌ തീയേറ്ററുകളിലേക്ക്‌ എന്നതിനു പകരം നേരിട്ട്‌ വീടുകളിലേക്കെ ത്തുന്നു. ഈ സിനിമയുടെ വിജയം നിശ്ചയിക്കുന്നത്‌ കളക്‌ഷന്‍ റിക്കാര്‍ഡുകള്‍ എന്നപേരില്‍ പുറത്തിറക്കുന്ന പരസ്യക്കണക്കു കളല്ല. സിനിമ കണ്ടാസ്വദിച്ച കുടും ബങ്ങളാണ്‌ വിജയം നിശ്ചയി ക്കുന്നത്‌.

മുഖ്യധാര സിനിമകളില്‍ അവസരം ലഭിക്കാതെ പോയവരും ശ്രമിച്ചു പരാജയപ്പെട്ട വരുമാണ്‌ ഹോം സിനിമകളുടെ പിന്നണി പ്രവര്‍ത്തകരില്‍ അധികവും. കലോത്സവ വേദികളില്‍ കഴിവ്‌ തെളിയിച്ച വരും ഇക്കൂട്ട ത്തിലുണ്ട്‌. നിലമ്പൂര്‍ ആയിഷയെപ്പെലെ, ഹരിശ്രീ യൂസഫിനെ പ്പോലെ അനുഭവസമ്പത്തുള്ള അഭിനേതാക്കളും ഹോംസിനിമകളില്‍ സജീവമാണ്‌. മുടക്കു മുതല്‍ അഞ്ചു ലക്ഷത്തില്‍ താഴെമാത്രം. രണ്ടാഴ്‌ചയ്‌ക്കുളളില്‍ പൂര്‍ത്തിയാകുന്ന ഷെഡ്യൂള്‍. സെന്‍സറിംഗ്‌ ഹോം സിനിമകള്‍ ക്കും ബാധകം. മുഖ്യധാരാ സിനിമ കള്‍ക്കു തുല്യമായ സെന്‍സറിംഗ്‌ ഫീസ്‌. സാധാരണ സിനിമക്കുപ യോഗപ്പെ ടുത്തുന്ന അരിഫ്‌ളക്‌സ്‌ പോലുള്ള കാമറകള്‍ക്കു പകരം സോണി ഡിഎസ്‌ആര്‍ 400 സീരീസില്‍ പെട്ട കാമറകള്‍. പോസ്റ്റ്‌ പ്രൊഡക്‌ഷന്‍ ജോലികള്‍ക്കായി ഭരണി, പ്രസാദ്‌, വാഹിനി തുടങ്ങിയ വമ്പന്‍ കളര്‍ ലാബുകള്‍ക്കും സ്റ്റുഡിയോകള്‍ക്കും പകരം മലപ്പുറത്തും സമീപപ്രദേശ ങ്ങളായ മഞ്ചേരി, വളാഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ ഈയടുത്ത കാലത്ത്‌ നിര്‍മിക്കപ്പെട്ട എഡിറ്റിംഗ്‌ സ്റ്റുഡിയോകളെ ഉപയോഗപ്പെ ടുത്തുന്നു. എഡിറ്റിംഗ്‌ പൂര്‍ത്തിയാക്കി സീഡി രൂപത്തില്‍ പുറത്തി റങ്ങുന്നതോടെ സിനിമ യുടെ നിര്‍മാണപ്ര വര്‍ത്ത നങ്ങള്‍ അവസാനി ക്കുന്നു. പിന്നീടുളളത്‌ പോസ്റ്ററുകള്‍ അച്ചടിച്ചുളള പ്രചാരണമാണ്‌. മറ്റു മാര്‍ക്കറ്റിംഗ്‌ രീതി കള്‍ വളരെ അപൂര്‍ വമാ യി മാത്രമേ ഹോം സിനിമകള്‍ക്ക്‌ വേണ്ടി വരാറുളളൂ. മൗത്ത്‌ പബ്ലിസിറ്റിയാണ്‌ ഒരു ഹോം സിനിമയുടെ വിജയ ഘടകങ്ങളില്‍ പ്രധാനം. പരമാ വധി 75 രൂപ വിലയുള്ള ഈ സിനിമാ സീഡികള്‍ ശരാശരി 15,000 മുതല്‍ 16,000 വരെ ചെലവാകുന്ന തായാണ്‌ കണക്ക്‌.

തൊണ്ണൂറുകളുടെ അവസാ നത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ്‌ മലപ്പുറത്ത്‌ ഹോം സിനിമകള്‍ എന്ന ആശയം മൊട്ടിടുന്നത്‌. സലാം കൊടിയത്തൂരിന്റെ നിങ്ങളെന്നെ ഭ്രാന്തനാക്കി എന്ന സിനിമയാണ്‌ ഈ രംഗത്തെ ആദ്യപ രീക്ഷണങ്ങളി ലൊന്ന്‌. പിന്നീട്‌ അദ്ദേഹ ത്തിന്റേതായി ഒമ്പതോളം സിനിമകള്‍ പുറത്തു വന്നു. ഒരു ടീസ്‌പൂണ്‍ വീതം മൂന്നു നേരം എന്ന ചിത്ര ത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്‌ സലാമി പ്പോള്‍. രമേഷ്‌ പാലേമാട്‌ (അയാള്‍ പരിധിക്ക്‌ പുറത്താണ്‌), വി.പി ഷംസുദ്ദീന്‍ (ജീവിതത്തിലേക്ക്‌ ഒരു മടക്കയാത്ര), ഷുക്കൂര്‍ വണ്ടൂര്‍ (സ്‌നേഹം കൊണ്ടൊരു മഹര്‍), മൊബൈല്‍ ഫോണില്‍ ഷോര്‍ട്ട്‌ ഫിലിം റിലീസ്‌ ചെയ്‌തു കൊണ്ട്‌ ചലച്ചിത്ര രംഗത്ത്‌ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നിഷാദ്‌ (മിസ്‌ഡ്‌ കോള്‍) തുടങ്ങി നിരവധിപ്പേര്‍ ഈ രംഗത്ത്‌ സജീവമാണ്‌. `ഒരു പ്രവാസിയും അവനു വേണ്ടി ജീവിക്കുന്നില്ല' എന്ന ആശയമാണ്‌ ഹോം സിനിമകളുടെ കഥകളുടെ അടിസ്ഥാനമെന്ന്‌ ഒരു പ്രമുഖനായ ഹോം സിനിമാ നിര്‍മാതാവ്‌ പ്രതികരിച്ചത്‌. ഒരിക്കലും പ്രത്യയ ശാസ്‌ത്ര നിബദ്ധമോ രാഷട്രീയ അടിയൊഴുക്കുകള്‍ തൊങ്ങല്‍ തൂക്കിയതോ ആയ ആര്‍ട്ട്‌ സിനിമകള്‍ ഹോം സിനിമകളില്‍ നിന്നു പ്രേഷകര്‍ പ്രതീ ക്ഷിക്കുന്നില്ല. പാര്‍ട്ടി ഓഫീസുകളിലും കല്യാണപ്പന്തലു കളിലും ഹോം സിനിമകള്‍ സജീവസാനി ധ്യമാണ്‌.

ഒരര്‍ഥത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഭാഷയാണ്‌ ഹോം സിനിമക ള്‍ സംസാരിക്കുന്നത്‌. ഒരു മുസ്‌ലി മിന്റെ ജീവിതത്തോടും അവന്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയോടും പുറംതിരിഞ്ഞു നില്‍ക്കുന്ന മുഖ്യധാ രാ മാധ്യമങ്ങളുടെ നിലപാടുകളോടുളള ശക്തമായ പ്രതികര ണം കൂടിയാണ്‌ ഓരോ ഹോം സിനിമയും. പ്രവാസിയുടെ ഗൃഹാതുരതയേയും പ്രയപ്പെട്ടവന്റെ പ്രവാസ ജീവിതം സമ്മാനിച്ച ഏകാന്തതയും മറ്റും ഇതിന്റെ വിഷയമായി മാറുന്നു.

ഏതാണ്ട്‌ എല്ലാ ഹോം സിനിമകളും മലപ്പുറത്തുനിന്നുമാണ്‌ പുറത്തി റങ്ങിയിരിക്കുന്നത്‌. അതുകൊണ്ടു തന്നെ മുസ്‌ലിംകളുടെ ജീവിതത്തെ പരമാവധി യാഥാര്‍ഥ്യബോധത്തോ ടെ അവ തരിപ്പിക്കാന്‍ ഹോം സിനി മകള്‍ ശ്രമിക്കുന്നൂ.

മുഖ്യധാരാ സിനിമയിലും സീരിയല്‍ രംഗത്തും നിലനില്‍ക്കുന്ന എല്ലാചതിക്കുഴികളും ഹോം സിനിമയിലുമുണ്ട്‌. എന്നാല്‍ ഇവയു ടെ സ്വാധീനവലയത്തില്‍പ്പെട്ടുപോ കാതെ ഉണര്‍ന്നിരിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഒരു ഡിജിറ്റല്‍ വിപ്ലവത്തിന്‌ വേദിയൊരുക്കാന്‍ മലപ്പുറത്തിനും ഹോം സിനിമകള്‍ക്കും കഴിയും.

FACEBOOK COMMENT BOX