Monday, March 9, 2009

മരിച്ചവന്റെ മുറി

sandeep salim
ഇത്‌ ഇന്നലെ മരിച്ചവന്റെ മുറി
പുസ്‌തകങ്ങള്‍ വാരിവലിച്ചിട്ട ഒരു മേശ
ആരോടും പറയാതെ മനസില്‍ കാത്ത
പ്രണയിനിക്കായ്‌ പാതിവഴിയില്‍ നിര്‍ത്തിയ പ്രണയ ലേഖനം
മുറിയുടെ അഴുക്കു പിടിച്ച മൂലയില്‍
കവിത പൂത്ത നേരങ്ങളില്‍
ആര്‍ക്കോ വേണ്ടി വായിച്ച പുല്ലാങ്കുഴല്‍
അധ്വാനത്തിന്റെയും ചെറുത്തുനില്‍പിന്റെയും
പ്രതീകം പോലെ അക്ഷരങ്ങളില്‍
ചിതലരിച്ച ഒരവാര്‍ഡ്‌
വിരസമായ ജേര്‍ണലിസം ക്ലാസില്‍
നോട്ടു ബുക്കിന്റെ അരികില്‍ കുറിച്ച
കളിവാക്കുകള്‍ചുവരില്‍ മുള്‍മുടി ചൂടിയ ക്രിസ്‌തുവും
ചിരിക്കുന്ന നരച്ച താടിയുളള മാര്‍ക്‌സും
അടുത്തടുത്തിരുന്നു
കുറച്ചുമാറി കളളനോട്ടക്കാരന്‍ കൃഷ്‌ണനും സ്ഥാനം പിടിച്ചിരുന്നു
ഇവരില്‍ അവനെ നയിച്ചതാര്‌ ?
ജനാലയില്‍ വന്നിരുന്ന
വളര്‍ത്തു പക്ഷി ചോദിച്ചു കൊണ്ടിരുന്നു
മേശപ്പുറത്ത്‌ മറിഞ്ഞു കിടന്ന
അധിനിവേശത്തിന്റെ ഓര്‍മയുണര്‍ത്തുന്ന
പെപ്‌സിക്കുപ്പിയില്‍ അവന്‍ കുടിച്ച വിഷത്തിന്റെ
അംശങ്ങള്‍ കട്ടപിടിച്ചിരുന്നു

മരിച്ചവന്റെ മുറിയില്‍ എല്ലാം സാധാരണമായിരുന്നു
എന്നാല്‍ വായിക്കാത്ത പുസ്‌തകത്തിലെ വരികള്‍ പോലെ
അവന്റെ ചിന്തകള്‍ മാത്രം
അജ്ഞാതവും അസാധാരണവുമായിരുന്നു

3 comments:

പാവപ്പെട്ടവൻ said...

യാഥാര്ത്ഥ്യം നിറഞ്ഞ ചിന്താപരമായ ആവിഷ്കാര രീതി
ഗഹനമായ ആശയ സ്പര്‍ശം നല്ല എഴുത്ത്
നല്ല ഭാവ ശുദ്ധി സുഖകരമായ ഒരു വായന അനുഭവം തരുന്നുണ്ടു
ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

മരിച്ചവന്റെ മുറിയില്‍....
ചുവരുകളെ നോക്കി ചിതറിക്കിടക്കുന്ന കാല്പാടുകള്‍...
പാതിയില്‍ മുറിഞ്ഞു പോയ
ഒരു നിലവിളി കട്ടപിടിച്ചിരുന്നു...!

sandeep salim (Sub Editor(Deepika Daily)) said...

പകല്‍..... കൊളളാം.... ആ വരികള്‍ എനിക്കു കിട്ടാതെ പോയല്ലോ..... കഷ്ടം..... നന്ദി....

FACEBOOK COMMENT BOX