Sunday, March 22, 2009

തിളച്ചു മറിയുന്ന കവിതകള്‍
ഒരു വ്യക്തിയുടെ ജീവിത്തിന്റെ വഴി അയാള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണോ ? അതോ ജീവിച്ച ജീവിതം അയാളുടെ വഴി നിശ്ചയിക്കുകയാണോ ? വളരെ പ്രസക്തമായ ചോദ്യം. നിരവധിയാളുകള്‍ ഉത്തരം തേടി നടന്ന ചോദ്യവും, പക്ഷേ എത്രപേര്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞു എന്നറിയില്ല. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ചോദ്യമാണ്‌ എഴുത്തിന്റെ വഴി അയാള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണോ അതോ ജീവിതം ഏല്‍പിച്ചു കൊടുക്കുന്ന നിയോഗമാണോ എന്നത്‌. ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരം ആലപ്പുഴ ജില്ലയില്‍ ആയുര്‍വേദ ഡോക്‌ടര്‍ ബുധനൂര്‍ രഘുനാഥിന്റെ പക്കലുണ്ട്‌. ബുധനൂരിനെ സംബന്ധിച്ചയിടത്തോളം `ആയുര്‍വേദം' പാരമ്പര്യവും ജീവിതവും വച്ചുനീട്ടിയ നിയോഗമാണെങ്കില്‍ എഴുത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തതാണ്‌

ആയുര്‍വേദ ഗ്രന്ഥം രചിക്കുന്ന ആയുര്‍വേദ ഡോക്‌ടര്‍മാര്‍ നമുക്ക്‌ പരിചിതരാണ്‌ എന്നാല്‍ ഒരു ആയുര്‍വേദ ഡോക്‌ടറുടെ തൂലികയില്‍ നിന്നും നാടകങ്ങളും കവിതകളും ചെറുകഥകളും കൂടി സൃഷ്‌ടിക്കപ്പെടുമ്പോള്‍ അയാള്‍ അല്‍പം വ്യത്യസ്ഥനാവുന്നു. ഏറ്റവും മികച്ച നാടകത്തിനുളള ഇടശേരി അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തുമ്പോള്‍ അദ്ദേഹമൊരു അപൂര്‍വ വ്യക്തിത്വമാവുന്നു.

1972 - 73 കാലഘട്ടത്തില്‍ തിരുവനന്തപുരം ആയുര്‍വേഉവങദ കോളേജില്‍ പടിച്ചിരുന്ന കാലത്ത്‌ രചനയും സംവിധാനവും നിര്‍വഹിച്ച `അഗ്നിശരം' എന്ന നാടകത്തിലൂടെയാണ്‌ നാടകരംഗത്തേയ്‌ക്ക്‌ ബുധനൂര്‍ കടന്നു വരുന്നത്‌. പിതാവിനെ ചോദ്യം ചെയ്യുന്ന മകനെ ചിത്രീകരിച്ച നാടകത്തിലൂടെ അക്കാലത്ത്‌ നിലവിലിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെയാണ്‌ ബുധനൂര്‍ ചോദ്യം ചെയ്‌തത്‌. പിന്നീട്‌ എഴുപതുകളുടെ ഒടുവില്‍ മലയാളത്തില്‍ രൂപം കൊണ്ട ആധുനിക നാടകപ്രസ്ഥാനത്തിന്റെ ഭാഗമായി മാറിക്കൊണ്ട്‌ നിരവധി നാടകങ്ങള്‍ ബുധനൂരിന്റേതായി പുറത്തുവന്നു. എഴുപത്തി അഞ്ചില്‍ അച്ഛന്റെ മരണത്തെ തുടര്‍ കുറച്ചുകാലം എഴുത്തില്‍ നിന്നും നാടകത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും 79 ല്‍ വിവാഹശേഷം അദ്ദേഹം വീണ്ടും എഴുത്തിലേക്കും തിരികെ വന്നു. തൊണ്ണൂറുകളില്‍ ആലപ്പുഴ കലാപോഷിണിക്കു വേണ്ടി രചിച്ച ഇടിമുഴക്കം, പ്രകാശഗീതം എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ നാടകങ്ങളാണ്‌.

നാടകമാണ്‌ ബുധനൂരിന്‌ പ്രശസ്‌തി നേടിക്കൊടുത്തതെങ്കിലും കവിതയോടാണ്‌ തനിക്ക്‌ താത്‌പര്യമെന്ന്‌ അദ്ദേഹം പറയുന്നു. വര്‍ത്തമാന കാലത്തിന്റെ ആശങ്കകളെ ശക്തമായി പ്രതിഫലിപ്പിക്കുകയും സാംസ്‌കാരികമാറ്റത്തിന്റെ അര്‍ഥസൂചകങ്ങളെ അനുവാചക ഹൃദയത്തില്‍ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നതില്‍ ബുധനൂരിന്റെ കവിത വിജയിക്കുന്നുണ്ട്‌. പതിനെട്ടു കവിതകളുമായി അവസാനം പുറത്തിറങ്ങിയ `ജോണ്‍ അഥവാ പാപികള്‍ക്കുളള ശിക്ഷ' എന്ന കവിതാ സമാഹാരം നമുക്ക്‌ നല്‍കുന്ന സന്ദേശവും ഇതു തന്നെയാണ്‌.

ആധുനിക ലോകത്തില്‍ മൂല്യങ്ങള്‍ പൊട്ടിച്ചിതറിപ്പോയ കണ്ണാടിയാണെന്ന്‌ വിലയിരുത്തുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്‌. ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്ത വിധത്തില്‍ അവ തകര്‍ന്നു പോയെന്നു കരുതുന്നവരുമുണ്ട്‌. എന്നാല്‍ ചിതറിപ്പോയ ഓരോ മുറിയും ജീവിതത്തിന്റെ ഓരോ ഭാഗമാണെന്നും അവ പ്രതിഫലിപ്പിക്കുന്നത്‌ വിചിത്രവും വികലവുമായ ദൃശ്യങ്ങളാണെങ്കിലും അത്‌ ജീവന്റെ അസ്‌തിത്വത്തെ നിര്‍വചിക്കുന്ന സൂക്ഷമഘടകങ്ങളാണെന്നും വായനക്കാരെ ബോധ്യപ്പെടുത്തുന്നതാണ്‌ ബുധനൂരിന്റെ കവിതകള്‍.

സ്വന്തം മകളെപ്പോലും കാമത്തിന്റെ കണ്ണടവച്ചു നോക്കുകയും വാക്കും വായുവും ജലവും ചിന്തയും മലിനമാക്കപ്പെടുകയും വില്‍പനച്ചരക്കാക്കപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലത്ത്‌ ഇവയോടും ഇവയുടെ വക്താക്കളോടുമൊപ്പം സഞ്ചരിക്കുയും കവിതയേയും എഴുത്തിനേയും റെമ്യൂണറേഷനു വേണ്ടിയുളള ചട്ടുകമാക്കുകയും ചെയ്യുന്ന നിലവിലിരിക്കുന്ന വ്യവയ്‌ഥിതിക്കെതിരെയുളള കലമ്പലാണ്‌ ബുധനൂരിന്റെ ഓരോ കവിതയും. പ്രതികരണ ശേഷിയുടെ ഉറവ വറ്റിപ്പോകുന്ന യുവതലമുറയെ പരിഹസിക്കാനും ബുധനൂര്‍ തന്റെ കവിതയിലൂടെ തയാറാവുന്നു എന്നതിന്‌ ഉത്തമ ദൃഷ്‌ടാന്തമാണ്‌ `അമ്മേ പറയൂ' എന്ന കവിത.
`` എന്നുതൊട്ടാണ്‌ ഇവിടെ പുരുഷന്‍മാരില്ലാതായത്‌ ?
ഏകലവ്യന്റെ ജനനേന്ദ്രിയം മുറിച്ച്‌ ദക്ഷിണ നല്‍കിയതില്‍പ്പിന്നെയോ?
കര്‍ണനെ അവര്‍ണ്ണനെന്നോതി ഭ്രഷ്‌ടുകല്‍പിച്ചതില്‍ പിന്നെയോ ?
..................................
.......................................
........................................
മീശവച്ചു നടക്കുന്ന ഈ യുവാക്കള്‍ പുരുഷന്‍മാര്‍ തന്നെയോ ? ''

നമ്മുടെ സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും നൈര്‍മല്യവുമെല്ലാം പടിഞ്ഞാറന്‍ സസ്‌കാരത്തിന്‌ അടിയറവയ്‌ക്കുന്നതിനെതിരെ പടപൊരുതാനുളള ആര്‍ജവവും സാമ്രാജിത്വ അധിനിശം കത്തിച്ച്‌ ചാരമാക്കിമാറ്റിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ സ്വത്വം തിരിച്ചു പിടിക്കുക എന്ന സാമൂഹിക ബാദ്ധ്യത കൂടി ഏറ്റെടുക്കാനുളള ചങ്കൂറ്റവും ബുധനൂരിന്റെ കവിതകളില്‍ ദൃശ്യമാകുന്നുണ്ട്‌. `പിറന്നാളാഘോഷം' എന്ന കവിത നമുക്കു നല്‍കുന്ന സൂചന അതാണ്‌.

`` പ്രയേ.......
ടൊയോട്ടക്കാരി
വെളുത്തമുടിയും
ചുവന്ന ചുണ്ടുകളുമുളള
പടിഞ്ഞാറന്‍ ലാവണ്യമേ
കാമകലയുടെ കൈവല്യ രൂപമേ
നിനക്കെന്റെ മധുര ചുംബനം
ചുണ്ടുകളില്‍ ചോര പൊടിയാതെ നോക്കിയാല്‍ മതി
മുറിവുകളിലൂടെയും
സംഭോഗത്തിലൂടെയും
രതിവൈകൃതങ്ങളിലൂടെയും മാത്രമേ
എച്ച്‌ഐവി സംക്രമിക്കൂ
ഈശ്വരാനുഗ്രഹത്താല്‍
ഇവിടെ
എല്ലാത്തരം ഉറകളുമുണ്ട്‌.''
ബുധനൂരിന്റെ കവിതകളില്‍ രോഷവും പ്രതിഷേധവും പരിഹാസവും കൂടിക്കുഴഞ്ഞിരിക്കുന്നു. നമുക്ക്‌ നഷ്‌ടപ്പെട്ടു പോകുന്ന നന്‍മകളെ കുറിച്ച്‌ ആവലാതിപ്പെടുന്ന മനസും ബുധനൂരിനുണ്ട്‌. കവിതയെ വളരെ ഗൗരവമായി സമീപിക്കുന്ന കവിയാണ്‌ ബുധനൂര്‍. അതുകൊണ്ടു തന്നെ പ്രശസ്‌തിയുടേയും ജനപ്രിയതയുടേയും വെളളിവെളിച്ചത്തില്‍ നില്‍ക്കാന്‍ അദ്ദേഹം ഇഷ്‌ടപ്പെടുന്നില്ല. പുതിയ തലമുറയിലെ കവികളില്‍ എഴുത്തിനോടുളള ഉത്തരവാദിത്വം കുറഞ്ഞു വരുന്നതായി ബുധനൂര്‍ നിരീക്ഷിക്കുന്നെങ്കിലും പി പി രാമചന്ദ്രന്‍, എസ്‌ ജോസഫ്‌, കെ രാജഗോപാല്‍, കെ ആര്‍ ടോണി തുടങ്ങിയ പുതുകവികള്‍ക്ക്‌ കരുത്തോടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നുണ്ടെന്ന്‌ നിരീക്ഷിക്കാനും മറന്നില്ല.

ജീവിതത്തിന്റെ വലിയ കാലഘട്ടം മുഴുവന്‍ നാടകത്തിനും നാടകപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിച്ച ബുധനൂരിനെ നാടകത്തിനും നാടകപ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ചിരിക്കുന്ന അപചയം കുറച്ചൊന്നുമല്ല ദു:ഖിപ്പിക്കുന്നത്‌. എങ്കിലും നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ നാടക പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിയും എന്നു വിശ്വസിക്കാനാണ്‌ ബുധനൂരിനിഷ്‌ടം. അതിന്റെ കാരണവും അദ്ദേഹം തന്നെ കണ്ടെത്തുന്നു, ''മനുഷ്യവര്‍ഗം നിലനില്‍ക്കുന്നിടത്തോളം നാടകവും നാടകപ്രസ്ഥാനങ്ങളും പ്രസക്തമാണ്‌''.ഞാന്‍ ഈശ്വര വിശ്വാസിയാണ്‌ എന്നാല്‍ ഒരു മതവിശ്വാസിയല്ല എന്ന്‌ പറയുമ്പോള്‍ മനുഷ്യജീവനേയും സാമൂഹിക നീതിയേയും വെല്ലുവിളിക്കുന്ന ഒന്നിനോടും ഒത്തുതീര്‍പ്പിന്‌ തയാറല്ല എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. വിശ്വാസമോ തത്വശാസ്‌ത്രമോ പ്രത്യയശാസ്‌ത്രമോ വാദമോ പ്രതിവാദമോ എന്തുമായിക്കൊളളട്ടെ, നീതിബോധത്തിന്റെ ഉരകല്ലില്‍ ഉരച്ച്‌ മാറ്റ്‌ തിരിച്ചറിഞ്ഞല്ലാതെ മുന്നോട്ടില്ലെന്ന കടുപിടുത്തമാണ്‌ ബുധനൂരിനെ വ്യത്യസ്‌തനാക്കുന്നത്‌.
മകന്‍ കൃഷ്‌ണപ്രസാദും കവിയാണ്‌
ഫോട്ടോ- കെ ജെ ജോസ്‌ (ദീപിക സ്റ്റാഫ്‌ ഫോട്ടോഗ്രാഫര്‍)*പ്രസിദ്ധീകരണത്തിന്‌ നല്‍കിയെങ്കിലും തിരസ്‌കരിക്കപ്പെട്ടു...............

3 comments:

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി സന്ദീപ് ഈ വായന ഒരുക്കിയതിന്...

പാവപ്പെട്ടവൻ said...

നിര്‍ബന്ധമായ ഒരു ഓര്‍മ പെടുത്തല്‍
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

the man to walk with said...

kollam congrats

FACEBOOK COMMENT BOX