അമേരിക്കൻ കവിതയുടെ ആധുനിക വക്താക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ലൂയിസ് ഗ്ലിക്കിനെ തേടി ലോകസാഹിത്യത്തിലെ പരമോന്നത പുരസ്കാരം എത്തിയിരിക്കുന്നു. ഇരുപത്തി അഞ്ചാമത്തെ വയസിലാണ് കവിതയിൽ ലൂയിസ് ഗ്ലിക്കിന്റെ അരങ്ങേറ്റം. ദി ന്യൂ അമേരിക്കൻ ലൈബ്രറി പ്രസിദ്ധീകരിച്ച ഫസ്റ്റ്ബോൺ എന്ന കവിതാസമാഹാരത്തിലൂടെ വരവറിയിച്ച ലൂയിസ് ഗ്ലിക്ക് മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളും അഭിലാഷങ്ങളും ചിത്രീകരിക്കുന്നതിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. വായിച്ചും കേട്ടും സാധാരണക്കാരുടെ മനസിൽ കയറിക്കൂടിയ മിത്തുകളും ചരിത്രവുമൊക്കെ അടങ്ങുന്ന കാവ്യങ്ങളിലൂടെയാണ് ലൂയിസ് ഗ്ലിക്ക് അമേരിക്കൻ കാവ്യ ലോകത്തിന്റെ അതിരുകൾ ഭേദിച്ച് ലോകസാഹിത്യത്തിൽ സ്വന്തമായ ഇരിപ്പിടം തേടിയത്.
വ്യക്തിയുടെ അസ്തിത്വപ്രശ്നം ലോകത്തിന്റെ ഏതു കോണിലും ഒന്നാണെന്ന് ലൂയിസ് ഗ്ലിക്ക് തന്റെ കവിതകളിലൂടെ ലോകത്തോടു വ്യക്തമാക്കിയെന്നാണ് ഭൂരിഭാഗം കാവ്യ നിരൂപകരും വിലയിരുത്തിയത്. ചില നിരൂപകർ വിലയിരുത്തിയതാകട്ടെ ഇങ്ങനെയാണ്. ‘മനുഷ്യന്റെ അസ്തിത്വത്തെ ഇനി ദേശവും മതവും സംസ്കാരവും സ്വാധീനിക്കുന്നു എന്നിരിക്കട്ടെ, തന്റെ തീക്ഷ്ണമായ കാവ്യഭാഷയിലൂടെ വ്യക്തിയുടെ അസ്തിത്വത്തെ സാർവലൗകികമാക്കി. വ്യക്തികളുടെ അന്യതാബോധത്തിലേക്കും വിഷമസന്ധികളിലേക്കും പ്രകൃതിയിലേക്കും വായനക്കാരെ കൈപിടിച്ചു കൊണ്ടുപോകുന്ന കവിതകളാണ് ലൂയിസ് ഗ്ലക്കിന്റേത്’. ലൂയിസ് ഗ്ലിക്കിനെ തെരഞ്ഞെടുത്തുകൊണ്ട് നൊബേൽ പുരസ്കാര സമിതി നടത്തിയ വിശേഷണവും നിരൂപകരുടെ ഈ രണ്ടു വാദങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു.
1943 ഏപ്രിൽ 22 ന് ന്യൂയോർക്ക് നഗരത്തിലാണ് ലൂയിസ് ഗ്ലിക്ക് ജനിച്ചത്. ഹംഗറിയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ കുടുംബത്തിലെ രണ്ടാം തലമുറയിലാണു ഗ്ലിക്കിന്റെ ജനനം. വെല്ലസ്ലി കോളജിൽനിന്നു ബിരുദം നേടിയ ഗ്ലിക്കിന്റെ അമ്മ വളരെ ചെറുപ്പത്തിൽതന്നെ ഗ്രീക്ക് പുരാണവും ജോൺ ഒാഫ് ആർക്കിന്റെ ജീവചരിത്രവും ഗ്ലിക്കിനെ പഠിപ്പിച്ചിരുന്നു. ഇതിലൂടെയാണ് താൻ സാഹിത്യം ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നു പിന്നീട് ഗ്ലിക്ക് തന്നെ ഒരിക്കൽ പറയുകയുണ്ടായി. “സത്യത്തിൽ മാതാപിതാക്കൾ ലോകക്ളാസിക് കഥകളും പുരാണങ്ങളും പഠിപ്പിക്കുക വഴി സ്വപ്നം കാണാനാണ് എന്നെ പഠിപ്പിച്ചത്. അത്തരം സ്വപ്നങ്ങളാണ് എന്നെ എഴുത്തിന്റെ വഴികളിലേക്കു നയിച്ചതെന്നു നിസംശയം പറയാം’’ എന്നാണ് താൻ സാഹിത്യത്തിന്റെ വഴികളിലേക്ക് എത്തിച്ചേർന്നതെങ്ങനെ എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഗ്ലിക്ക് മറുപടി പറഞ്ഞത്.
ബാല്യത്തിൽ ബാധിച്ച അസുഖത്തെ (ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ച വൈകല്യമായ അനോറെക്സിയ നെര്‍വോസ) തുടർന്ന് ലൂയിസ് ഗ്ലിക്കിന്റെ പഠനം താറുമാറായിരുന്നു. സാറാലോറന്‍സ് കോളജിലും കൊളംബിയ സര്‍വകലാശാലയിലും ബിരുദപഠനത്തിനു ചേര്‍ന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് പഠനം പൂര്‍ത്തീകരിക്കാനായില്ല. ഒരു മുഴുവൻ സമയ വിദ്യാർഥിയായി കോളജിൽ പഠിക്കാനുള്ള അവസരം ഗ്ലിക്കിന് ലഭിക്കാതെപോയതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. പിന്നീട് 1963-65 കാലത്ത് കൊളംബിയ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഒാഫ് ജനറൽ എഡ്യുക്കേഷനിൽ കവിതാ പഠനത്തിനു ചേരുകയായിരുന്നു.
കവിതയുടെ വഴികളിലൂടെയാണ് തന്റെ ജീവിതം എന്ന് ലൂയിസ് ഗ്ലിക്കിനെ ബോധ്യപ്പെടുത്തുന്നതിൽ അവിടത്തെ അധ്യാപകരും കവികളുമായ ലിയോണി ആഡംസും സ്റ്റാൻലി കുനിറ്റ്സും വലിയ പങ്കുവഹിച്ചതായി ഗ്ലിക്ക് പറയുകയുണ്ടായി. “അവർ എന്നെ പഠിപ്പിച്ചത് കവിതയാണ് എന്റെ ജീവിതം എന്നാണ്. അവർ കൃത്യമായി എന്നിൽ ഒരു കവിയുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നു. (എനിക്ക് ഇപ്പോഴും അക്കാര്യത്തിൽ വലിയ ബോധ്യമില്ലെങ്കിലും). ഞാൻ ഒരു കവിയായിക്കാണണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. അവർ നടത്തിയ ചില വിലയിരുത്തലുകളോട് ഞാൻ നടത്തിയ പ്രതികരണത്തിന്റെ ഭാഗമായാണ് എന്റെ നല്ല കവിതകൾ ജനിച്ചതെന്നു പറയാം’’. ഗ്ലിക്ക് പറഞ്ഞു.
ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയ ശേഷം ഏഴു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ലൂയിസ് ഗ്ലിക്കിന്റെ രണ്ടാമത്തെ സമാഹാരം പുറത്തുവരുന്നത്. ശരിക്കും റൈറ്റേഴ്സ് ബ്ലോക്ക് ആയിരുന്നു ഗ്ലിക്ക് നേരിട്ടത്. ഇക്കാലത്തിനിടയ്ക്കു ജീവിക്കാൻവേണ്ടി നിരവധി ജോലികൾ ഗ്ലിക്ക് ചെയ്തു. 1971ൽ വെർമോണ്ടിലെ ഗോദാർദ് കോളജിൽ കവിത പഠിപ്പിക്കാൻ ചേർന്നു. പിന്നീട് താസവും വെർമോണ്ടിലേക്കുമാറ്റി.
ഗോദാർദ് കോളജിൽ കവിതകൾ പഠിപ്പിച്ചിരുന്ന കാലത്ത് ഗ്ലിക്ക് എഴുതിയ കവിതകൾ സമാഹരിച്ച് 1975ൽ ദ ഹൗസ് ഓണ്‍ മാർഷ്ലാൻഡ് എന്ന പേരിൽ ദ ഇക്കോ പ്രസ് പ്രസിദ്ധീകരിക്കുകയുണ്ടായി. മാർഷ്ലാൻഡാണ് ലൂയിസ് ഗ്ലിക്കിന്റെ ബ്രേക്ക് ത്രൂ ആയി നിരൂപകരും അനുവാചകരും വിലയിരുത്തുന്നത്. ദ ഹൗസ് ഓണ്‍ മാർഷ്ലാൻഡ് പുറത്തിറങ്ങിയതോടെ അമേരിക്കയിൽ വലിയൊരു സംഘം വായനക്കാരെ സൃഷ്ടിക്കാൻ ഗ്ലിക്കിനായി. ഗ്ലിക്കിന്റെ കവിതകൾ നിരവധി വേദികളിൽ ചർച്ച ചെയ്യപ്പെടുകയും നിരവധി നിരൂപകർ ഗ്ലിക്കിന്റെ കവിതകളെക്കുറിച്ച് പഠനങ്ങൾ എഴുതുകയും ചെയ്തു.
പിന്നെയും അഞ്ചു വർഷം വേണ്ടിവന്നു ഡിസെൻഡിംഗ് ഫിഗർ എന്ന കവിതാസമാഹാരം പുറത്തിറങ്ങാൻ. ഡിസെൻഡിംഗ് ഫിഗറിലെ ചില കവിതകളുടെ പേരിൽ വലിയതോതിലുള്ള വിമർശനങ്ങളാണ് ഗ്ലിക്കിന് നേരിടേണ്ടിവന്നത്. പ്രത്യേകിച്ച് സമാഹാരത്തിലെ ദ ഡ്രൗൺഡ് ചിൽഡ്രൻ എന്ന കവിതയാണ് ചില നിരൂപകരെ വിമർശനം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. കവിതയിൽ ഗ്ലിക്കിന്റ സമകാലികനായിരുന്ന ഗ്രെഗ് കുസ്മയാണ് ഗ്ലിക്കിനെ വിമർശിച്ചവരിൽ മുന്നിൽ നിന്നത്. ദ ഡ്രൗൺഡ് ചിൽഡ്രൺ എന്ന കവിതയിലൂടെ താനൊരു ശിശു വിദ്വേഷിയാണെന്ന് തെളിയിച്ചുവെന്നാണ് അദ്ദേഹം ഗ്ലിക്കിനെ വിമർശിച്ചത്. എന്നാൽ, വിമർശനങ്ങളൊടൊന്നും പ്രതികരിക്കാൻ ഗ്ലിക്ക് തയാറായില്ല. “എന്റെ കവിതകൾ വളരെ നല്ല രീതിയിൽ വായിക്കപ്പെട്ടു. മനസിരുത്തി ആളുകൾ വായിച്ചതുകൊണ്ടല്ലേ അവർ വിമർശിക്കുന്നത്. അതുനല്ലതല്ലേ” എന്നാണ് ഒരിക്കൽ വിമർശനങ്ങളോട് ഗ്ലിക്ക് പ്രതികരിച്ചത്.
എൺപതുകളുടെ അവസാനത്തോടെ ലൂയിസ് ഗ്ലിക്കിന്റെ കവിതകൾ ലോകസാഹിത്യത്തിൽ ഇടംപിടിച്ചു തുടങ്ങി. ഗ്ലിക്കിന്റെ കവിതകൾ നിരവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. സ്പെയിനിലും ഫ്രാൻസിലും ഗ്ലിക്കിന്റെ കവിതകൾ പ്രചാരം നേടി. ഗ്ലിക്കിന്റെ കവിതകളെക്കുറിച്ച് അമേരിക്കയ്ക്കു പുറത്തുള്ള നിരൂപകരും വിലയിരുത്തലുകൾ നടത്തുകയും കവിതകളെക്കുറിച്ച് നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.
1990ൽ തന്റെ അച്ഛന്റെ മരണത്തെ തുടർന്ന് എഴുതിയ കവിതകളുടെ സമാഹാരമായ അരാറാറ്റ് എന്ന സമാഹാരത്തോടെ ഗ്ലിക്ക് ആധുനിക അമേരിക്കൻ കവികളുടെ പട്ടികയിൽ ഇടംപിടിച്ചു. കാൽനൂറ്റാണ്ടിനിടെ ഇറങ്ങിയ ഏറ്റവും ദുഃഖസാന്ദ്രമായ കവിതകൾ എന്നാണ് 2012ൽ ന്യൂയോർക്ക് ടൈംസിൽ എഴുതിയ നിരൂപണത്തിൽ പ്രമുഖ നിരൂപകൻ ഡ്വൈറ്റ് ഗാർനെർ അരാറാറ്റിനെ വിശേഷിപ്പിച്ചത്. 1992ൽ പുറത്തിറങ്ങിയ ദ വൈൽഡ് ഐറിസ് എന്ന കവിതാ സമാഹാരത്തിലൂടെ ലോകത്താകമാനം മുക്തകണ്ഠമായ പ്രശംസ നേടാൻ ഗ്ലിക്കിനായി. ഒരു പൂന്തോട്ടത്തിലെ പൂക്കൾ തോട്ടക്കാരനുമായി നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലെഴുതിയ കവിതയടക്കം ഈ സമാഹാരത്തിലെ കവിതകൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവിക ബന്ധത്തെ വളരെ മനോഹരമായ ഭാഷയിൽ അവരിപ്പിച്ചു. ഏകദേശം എഴുപതു ദിവസങ്ങള്‍കൊണ്ട് എഴുതിയ 54 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ഗ്ലിക്കിന്റെ മാസ്റ്റർ പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകവും മറ്റൊന്നല്ല. തനിക്കേറ്റവും ഇഷ്ടപ്പെട്ട കവിതയായി ഗ്ലിക്ക് തെരഞ്ഞെടുത്തതും ഈ കവിതതന്നെ.
2001 സെപ്റ്റംബർ 11 നടന്ന അമേരിക്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഒക്ടോബർ എന്ന നീണ്ടകവിതയും ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു. മാനവികതയെക്കുറിച്ചും സഹനത്തെക്കുറിച്ചും വലിയ സന്ദേശമാണ് ആറു ഭാഗങ്ങൾ നീണ്ട ഈ കവിതയിലൂടെ ഗ്ലിക്ക് ലോകത്തിനു നൽകിയത്.
കവിതകൾക്കു പുറമെ കവിതകളെ കുറിച്ചുള്ള നിരവധി പ്രബന്ധങ്ങളും ഗ്ലിക്കിന്റേതായി പുറത്തുവന്നിട്ടുണ്ട്. പ്രൂഫ്സ് ആൻഡ് തിയറീസ്, അമേരിക്കൻ ഒറിജിനാലിറ്റി എന്നിവ പ്രത്യകപരാമർശം അർഹിക്കുന്നു. അമേരിക്കയിലടക്കം നിരവധി സർവകലാശാലകളിൽ ഗ്ലിക്കിന്റെ കവിതകളും കവിതാ പഠനങ്ങളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1993 ൽ പുലിറ്റ്സർ പുരസ്കാരവും പോയട്ര സൊസൈറ്റി ഓഫ് അമേരിക്കയുടെ പുരസ്കാരവുമടക്കം സാഹിത്യത്തിലെ പ്രമുഖമായ നിരവധി പുരസ്കാരങ്ങളും ഗ്ലിക്കിനെ തേടിയെത്തിയിട്ടുണ്ട്.
4 comments:
Well done...
Really Good...!
.
Manoharam, Ashamsakal...!!!
നന്നായിരിക്കുന്നു സന്ദീപ്
Post a Comment