അരുണ് സിൻഹ
മൊഴിമാറ്റം: സന്ദീപ് സലിം
1958ൽ പുറത്തിറങ്ങിയ ’മാലിക്’ എന്ന ചിത്രത്തിലെ ’പഠോഗെ ലിഖോഗെ ഹോഗെ നവാബ്/ജോ ഖേലോഗേ കുഡോഗെ ഹോഗെ ഖരാബ്’ എന്ന ആശാ ഭോസ്ലെയുടെ ക്ലാസിക് ഗാനം ഒാർക്കുന്നവരുണ്ടാവും. ഈ ഗാനം സ്വതന്ത്ര ഇന്ത്യയിലെ കുട്ടികൾക്കു നൽകിയ സന്ദേശമിതാണ്: നിങ്ങൾ മികച്ച വിദ്യാഭ്യാസം നേടൂ വിദ്യാഭ്യാസമാണ് നല്ല ജീവിതത്തിലേക്കുള്ള വഴി. എന്നാൽ, ഇന്ന് ഈ സന്ദേശം ശരിയാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്നത്തെ ഇന്ത്യയിൽ, ദശലക്ഷക്കണക്കിന് വിദ്യാസന്പന്നരായ യുവാക്കൾ അതുശരിയല്ലെന്നു തിരിച്ചറിയുന്നു. കാരണം നല്ല ജീവിതം നയിക്കണമെങ്കിൽ തീർച്ചയായും മികച്ച വരുമാനം ലഭിക്കുന്ന ഒരു ജോലി അത്യാവശ്യമാണ്. ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി എന്താണ് ? മികച്ച ജോലി കണ്ടെത്താൻ സാധിക്കുന്നില്ല. ഇനി ഉയർന്ന വിദ്യാഭ്യാസം നേടിയവരാണെന്നിരിക്കട്ടെ, ജോലി ലഭിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. അസിം പ്രേംജി സർകലാശാലയിലെ സുസ്ഥിര തൊഴിൽ കേന്ദ്രത്തിന്റെ പഠനമനുസരിച്ച്, ബിരുദധാരികൾക്കും അതിനുമുകളിലും തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്.
വിദ്യാഭ്യാസത്തിനു വേണ്ടി ധാരാളം സമയവും പണവും ചെലവഴിച്ച വിദ്യാസന്പന്നരും എന്നാൽ, തൊഴിൽരഹിതരുമായ ചെറുപ്പക്കാർ നിരാശരായതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. വിദ്യാഭ്യാസം പൂർത്തിയാക്കിയ ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്നത് ജോലി നേടാനും സന്പാദിക്കാനുമാണ്. എന്നാൽ നമ്മുടെ രാജ്യത്ത് അതിന് അനുകൂലമായ സാഹചര്യങ്ങൾ ഇല്ല. തങ്ങളുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി ലഭിക്കാതെ വരുന്പോൾ ഒന്നുമില്ല എന്നതിനേക്കാൾ നല്ലതല്ലേ എന്നചിന്തയിൽനിന്ന് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത ആവശ്യമുള്ള ജോലികൾക്ക് അപേക്ഷിക്കുന്നു.
ഒരു പോലീസ് സ്റ്റേഷനിൽ നിന്നും മറ്റൊരു പോലീസ് സ്റ്റേഷനിലേക്ക് സൈക്കിളിൽ രേഖകൾ കൊണ്ടു പോകുന്ന ജോലിക്കായി 2018 ൽ ഉത്തർപ്രദേശ് പോലീസ് 62 ടെലിഫോൺ മെസഞ്ചർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് പാസായ ആർക്കും ഈ ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. വെറും 62 പോസ്റ്റുകളിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 93,000! ഇന്റർവ്യൂ ബോർഡിനെ ഞെട്ടിച്ചത് ഈ സംഖ്യമാത്രമല്ല. ഇവരിൽ 50,000 ബിരുദധാരികളും (ബി ടെക്കുകാരടക്കം) 28,000 ബിരുദാനന്തര ബിരുദധാരികളും (എംബിഎക്കാരടക്കം) 3,700 ഗവേഷണ ബിരുദമുള്ളവരും ഉണ്ടായിരുന്നെന്നതാണ്. ഒാർക്കണം വെറും അഞ്ചു വർഷം മുന്പത്തെ കാര്യമാണിത്. കണക്കുകൾ ഇവിടെയും തീരുന്നില്ല. അതേവർഷംതന്നെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഏകദേശം 63,000 ’ലെവൽ 1’ തസ്തികകളിലേക്കു പരസ്യം പ്രസിദ്ധീകരിച്ചു. ഗ്യാംഗ്മാൻ, ഗേറ്റ്മാൻ, പോർട്ടർ തുടങ്ങിയ അവസാന ഗ്രേഡ് തസ്തികകളിലേക്കാണ് അപേക്ഷിക്കേണ്ടിയിരുന്നത്. യോഗ്യത പത്താം ക്ലാസും ആയിരുന്നു. അപേക്ഷിച്ചവരുടെ എണ്ണം കോടിയിലെത്തി. 1.9 കോടി അപേക്ഷകരിൽ ഭൂരിഭാഗവും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണ്. പിറ്റേവർഷം മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ കാന്റീനിലേക്കു തെരഞ്ഞെടുത്ത 13 വെയിറ്റർമാരിൽ 12 പേരും ബിരുദധാരികളായിരുന്നു. നാലാം ക്ലാസായിരുന്നു മിനിമം യോഗ്യയെന്നോർക്കണം. പച്ചക്കറി അരിയൽ, മേശ തുടയ്ക്കൽ, പാത്രം കഴുകൽ, നിലം തുടയ്ക്കൽ എന്നിവയാണ് ചേയ്യേണ്ട ജോലികൾ എന്നുകൂടി അറിയുന്പോഴാണു യുവാക്കൾ എത്തപ്പെട്ടിരിക്കുന്ന ദയനീയ സ്ഥിതി ബോധ്യപ്പെടുക.
ഇവിടെ ഉയരുന്ന ഒരു ചോദ്യം വളരെ പ്രസക്തമാണ് വിദ്യാഭ്യാസം കുറഞ്ഞവരുടെ ജോലി കൊള്ളയടിക്കാൻ ഉയർന്ന വിദ്യാഭ്യാസമുള്ളവർ എന്തിനാണു കൂട്ടം കൂട്ടമായി ഓടുന്നത്? കാരണം വളരെ ലളിതമാണ്. നമ്മുടെ രാജ്യത്ത് ആവശ്യത്തിന് ജോലിയില്ല. അധികാരികൾ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയുടെ സന്പദ്വ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന്. എന്നാൽ തൊഴിലവസരങ്ങൾ ചുരുങ്ങുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസമാണിതെന്നു നോക്കൂ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ), സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആൻഡ് അനാലിസിസ് (സിഇഡിഎ) എന്നിവയുടെ പഠനം വളരെ പ്രധാനപ്പെട്ട ചില വിവരങ്ങൽ നമുക്കു നൽകുന്നു. ഉത്പാദന മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവുണ്ടായി എന്നാണ് ഇവരുടെ പഠനങ്ങൾ പറയുന്നത്. 5.1 കോടിയിൽ നിന്ന് 2.7 കോടിയായി കുറഞ്ഞു എന്നാണു കണക്കുകൾ. 201617 ൽ നിന്നു 202021 ലെത്തിയപ്പോൾ ഏറ്റവും മോശമായ കാര്യമെന്താണെന്നുവച്ചാൽ തൊഴിൽസാധ്യതയുള്ള മേഖലകളായ ടെക്സ്റ്റൈൽസ്, നിർമാണ സാമഗ്രികൾ (ടൈൽസ് പോലുള്ളവ), ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ ചുരുങ്ങിയിരിക്കുന്നത്. 201617ൽ ടെക്സ്റ്റൈൽസിലെ തൊഴിലവസരങ്ങൾ 1.26 കോടിയിൽ നിന്ന് 202021ൽ 55 ലക്ഷമായും, നിർമാണ സാമഗ്രി കന്പനികളിൽ 1.14 കോടിയിൽ നിന്ന് 48 ലക്ഷമായും കുറഞ്ഞു.
സന്പദ് വ്യവസ്ഥ വളർന്നപ്പോൾ തൊഴിലാളികൾ കൃഷിയിൽ നിന്ന് ഉൽപ്പാദനത്തിലേക്ക് സ്ഥിരമായി നീങ്ങുന്നുവെന്നതാണ് പാശ്ചാത്യ രാജ്യങ്ങളിലെ അനുഭവം. എന്നാൽ, ഇന്ത്യയിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഉത്പാദനത്തിൽ നിന്നുള്ള തൊഴിലാളികൾ വീണ്ടും കാർഷിക മേഖലയിലേക്ക് നീങ്ങുകയാണ്. 201617 നും 202021 നും ഇടയിലുള്ള നാല് വർഷങ്ങളിൽ കാർഷിക മേഖലയിൽ തൊഴിലാളികളുടെ എണ്ണം വർധിച്ചതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ), സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആൻഡ് അനാലിസിസ് (സിഇഡിഎ) എന്നിവരുടെ പഠനം കണ്ടെത്തി. കൃഷിപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ വിദ്യാഭ്യാസം കുറഞ്ഞവർ മാത്രമല്ല, ജോലി ലഭിക്കാത്തവരോ ഉത്പാദനമേഖലയിൽനിന്ന് പിരിച്ചുവിടപ്പെട്ടവരടക്കമുള്ള വിദ്യാസന്പന്നരുമുണ്ട്.
ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് ഇന്ത്യൻ സന്പദ് വ്യവസ്ഥ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ മനുഷ്യവിഭവശേഷിയുള്ള ഒരു രാജ്യത്ത് കൂടുതൽ അധ്വാനം ആവശ്യപ്പെടുന്പോൾ (യന്ത്രവത്കരണം കുറയുന്നു) നിർഭാഗ്യവശാൽ അത് കൂടുതൽ കൂടുതൽ യന്ത്രവത്കൃതമാവുകയാണു (കൂടുതൽ യന്ത്രങ്ങളും കുറച്ച് അധ്വാനവും) ചെയ്യുന്നത്. രാജ്യത്തിന്റെ ജിഡിപി മുന്നോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നതിനാൽ ഭരണകൂടങ്ങൾ, യുപിഎയും എൻഡിഎയും ഈ സാഹചര്യം മാറ്റാൻ തയാറായില്ല. മാത്രവുമല്ല, പുതിയതായി വന്ന നിക്ഷേപങ്ങളെ ജിഡിപിയിൽ ചേർക്കുകയും ചെയ്തു. ഇതിനു പുറമെ കൂടുതൽ സാങ്കേതിക വത്കരണത്തിനാവശ്യമായ തരത്തിലേക്കു നയങ്ങൾ രൂപീകരിച്ചു. മേക്ക് ഇൻ ഇന്ത്യയും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകളും പോലും സാങ്കേതിക രംഗത്തെ തീവ്രമൂലധന നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.
ഈ കണക്കുകളെല്ലാം പരിഗണിക്കുന്പോഴും രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി (ജിഡിപി) അല്ല എല്ലാമെന്നുപറയാം. ഭരണകൂടത്തിന്റെ കണക്കുകളനുസരിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ് വ്യവസ്ഥാണ് ഇന്ത്യയുടേത്. അത് ഏതൊരു ഇന്ത്യൻ പൗരനെ സംബന്ധിച്ചും സന്തോഷകരമായ കാര്യവുമാണ്. എന്നാൽ, തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണത്തിലുണ്ടാകുന്ന അനിയന്ത്രിതമായ വളർച്ച സൃഷ്ടിക്കുന്ന ദുഖം മറയ്ക്കാൻ ഈ സന്തോഷത്തിനാവില്ല. കാരണം, നമ്മുടെ സന്പദ് വ്യവസ്ഥ വളരുകയും ജനങ്ങൾ വളരാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് എന്ത് പ്രയോജനം? ലഭ്യമായ കണക്കുകൾ പറയുന്നത് നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ പകുതിപ്പേരും 25 വയസിന് താഴെയുള്ളവരാണെന്നാണ്. വാൾസ്ട്രീറ്റ് ജേർണലിന്റെ കണക്കുകൾ പറയുന്നത് ഒട്ടും ശുഭകരമല്ലാത്ത കാര്യമാണ്. അവരിൽ 1.2 കോടി പേർ ഓരോ വർഷവും തൊഴിൽ സേനയിൽ ചേരുന്നുണ്ടെങ്കിലും 55 ലക്ഷം പേർക്ക് മാത്രമേ ജോലി ലഭിക്കുന്നുള്ളത്രെ. പീരിയോഡിക് ലേബർ ഫോഴ്സിന്റെ സർവേ ഫലവും പ്രതീക്ഷ നൽകുന്നതല്ല. 2021 ഏപ്രിൽജൂണ് പാദത്തിൽ 1529 പ്രായത്തിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 25.5% ആണെന്നാണ്. ഭരണകൂടം പറയുന്നത് ഇന്ത്യൻ ജനതയിൽ യുവാക്കളുടെ എണ്ണം ഉയർന്നു നിൽക്കുന്നത് (ഡെമോഗ്രാഫിക് ഡിവിഡന്റ് എന്നറിയപ്പെടുന്നത്) ഒരു അനുഗ്രഹമാണെന്നാണ്. എന്നാൽ, നമ്മുടെ സന്പദ് വ്യവസ്ഥക്ക് യുവാക്കൾക്കു തൊഴിൽ സൃഷ്ടിക്കുന്നില്ലെങ്കിൽ അനുഗ്രഹം ഒരു ശാപമായി മാറിയേക്കാം.
രാജ്യത്തെ ചെറുപ്പക്കാരുടെ അവസ്ഥ ഇതാണെന്നിരിക്കെ ഭരണകൂടത്തിന്റെ നിലപാടുകളും വിമർശിക്കപ്പെടേണ്ടതായുണ്ട്. യുവജനങ്ങൾക്ക് അവരുടെ വിദ്യഭ്യാസ യോഗ്യതകൾക്കനുസൃതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി മൂലധനാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന്റെ (സാങ്കേതിക/യന്ത്രവത്കൃത ഉത്പാദനത്തിനു പ്രാധാന്യം നൽകുന്ന) പോക്കിനെ അധ്വാന കേന്ദ്രീകൃതമാക്കി (മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്തുന്ന) മാറ്റുന്നതിനുപകരം ഭരണകൂടം മറുവശത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണ്. ഉദാഹരണത്തിന്, അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം യുവാക്കളെ സർക്കാരിന്റെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും റിക്രൂട്ട് ചെയ്യുമെന്ന് 2022 മധ്യത്തിൽ കേന്ദ്രം പ്രഖ്യാപിച്ചു. 2022 പകുതി മുതൽ 2023 അവസാനം വരെ കോടിക്കണക്കിനാളുകൾ (പത്തു ദശലക്ഷത്തിലധികം) ജോലി അന്വേഷിക്കുന്ന ഒരു രാജ്യത്ത്, അവരിൽ 10 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുന്നു. എത്ര തുച്ഛമാണ് ഈ സംഖ്യ എന്നുനോക്കൂ. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണല്ലോ പൊതുതൊഴിൽ (സർക്കാർ ജോലി) രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകില്ല, സ്വകാര്യ തൊഴിൽ അവരങ്ങൾക്കു മാത്രമേ കഴിയൂ.
നമ്മുടെ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയെ ഫലപ്രദമായി നേരിടാൻ രാജ്യം നിർബന്ധമായും പിന്തുടരേണ്ട ഒരു ചതുർമുഖ തന്ത്രം ഇവിടെ വ്യക്തമാക്കാം. ഒന്നാമതായി, ഗവണ്മെന്റ് അതിന്റെ നയങ്ങളും പ്രോത്സാഹനങ്ങളും പുനഃക്രമീകരിക്കണം, തൊഴിൽ വർധിപ്പിക്കുന്ന വ്യവസായങ്ങളെ (വസ്ത്രങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, ഭക്ഷ്യ സംസ്കരണം, മരം നിർമാണം, ഫർണിച്ചറുകൾ എന്നിവ പോലുള്ളവ) പ്രോത്സാഹിപ്പിക്കുക. 2023 മെയ് മാസത്തിൽ ഗവണ്മെന്റ് പിഎൽഐ സ്കീമുകൾ തൊഴിൽ വർധിപ്പിക്കുന്ന മേഖലകൾക്കായി പ്രഖ്യാപിച്ചത് തീർച്ചയായും നല്ല ചുവടുവയ്പായി നമുക്കു പരിഗണിക്കാം. രണ്ടാമതായി, ഗവണ്മെന്റ് അതിന്റെ നൈപുണ്യ പരിപാടിപ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) പൂർണ തോതിൽ നടപ്പിലാക്കണം. പിഎംകെവിവൈയിലെ പരിശീലനത്തിലും പ്ലേസ്മെന്റിലും വലിയ പോരായ്മകൾ ഇന്നു നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെ കെടുകാര്യസ്ഥത പരിഹരിക്കാൻ ആവശ്യമ നടപടികൾ ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാവണം. മൂന്നാമതായി, നൈപുണ്യത്തിന്റെ ഉത്തരവാദിത്തം വ്യവസായം പങ്കിടണം. ഗൂഗിൾ, ഐബിഎം പോലുള്ള കന്പനികൾ അവർക്കാവശ്യമായ വൈദഗ്ധ്യം നേടുന്നതിന് സ്വന്തം പരിശീലന പരിപാടികൾ നടത്തുന്നു. ഇന്ത്യൻ വ്യവസായവും അത് ചെയ്യണം. നാലാമതായി, വിദ്യാഭ്യാസം സ്കൂൾ/കോളജിനും ജോലിസ്ഥലത്തിനും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കണം. പഠനകോഴ്സുകൾ കരിയറുമായി യോജിപ്പിക്കുകയും ജോലി അടിസ്ഥാനമാക്കിയുള്ള പഠനമായി മാറുകയുംവേണം.
യുവാക്കളുടെ ഇന്ത്യ പോലെ നിരവധി മതങ്ങളും ജാതികളും ഉപജാതികളും നിലനിൽക്കുന്ന രാജ്യത്ത് തീർച്ചയായും ചർച്ചചെയ്യേണ്ട ഉരു വിഷയമാണ് സ്വകാര്യമേഖലയിലൽ സംവരണം വിഭാഗങ്ങളുടെ സാന്നിധ്യം. ഉദാരവൽക്കരണത്തിനു ശേഷം പൊതു തൊഴിലവസരങ്ങൾ ചുരുങ്ങി. മനുഷ്യശേഷി കുറയ്ക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സ്വകാര്യമേഖല വികസിക്കുന്പോൾ കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അവിടെ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നം ഉയർന്നുവരുന്നു. എസ്സി, എസ്ടി, ഒബിസി എന്നിവ സ്വകാര്യമേഖലയിൽ എങ്ങനെയാണ് പ്രവർത്തിക്കുക? സ്വകാര്യമേഖല സംവരണം അനുവദിക്കുന്നില്ല. കാരണം ന്ധമെറിറ്റും മത്സരക്ഷമതയുംന്ധ സംവരണത്തിലൂടെ ഇല്ലാതാക്കപ്പെടും എന്നാണ് സ്വകാര്യ വ്യവസായ സംരംഭകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. എന്നാൽ, മുതലാളിയുടെ മക്കളെയും പെണ്മക്കളെയും ഉന്നത നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കുന്നതിൽ മെറിറ്റ് അവഗണിക്കുകയും ചെയ്യുന്ന വിരോധാഭാസം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.
ഒരു വലിയ സാമൂഹ്യപ്രശ്നത്തെയാണ് ഇവിടെ അഡ്രസ് ചെയ്യേണ്ടത്. ചിലചോദ്യങ്ങൾ ചോദിക്കുകതന്നെ വേണം എന്നു കരുതുന്നു. ഒരു സമത്വ സമൂഹം കെട്ടിപ്പടുക്കാൻ സ്വകാര്യമേഖലയ്ക്ക് ബാധ്യതയില്ലേ? സമഗ്രമായ വളർച്ചയ്ക്ക് സ്വകാര്യമേഖല പ്രതിജ്ഞാബദ്ധമാകേണ്ടതല്ലേ? എല്ലാത്തിനുമുപരി, സ്വകാര്യമേഖല പൊതു ഖജനാവിൽ നിന്ന് വലിയ നേട്ടങ്ങൾ കൈപ്പറ്റുന്പോൾ (കുറഞ്ഞ വിലയിൽ ഭൂമി, സബ്സിഡികൾ, പ്രോത്സാഹനങ്ങൾ, നികുതി ഇളവുകൾ) സ്വന്തം അഭിവൃദ്ധിയിൽ മാത്രം ശ്രദ്ധിച്ചാൽ മതിയോ ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതായിട്ടുണ്ട്. സ്വകാര്യമേഖല സംവരണം നിരസിച്ചേക്കാം. എന്നാൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന നടപടിയുടെ കാര്യമോ? തുല്യ അവസരങ്ങളുടെ കാര്യമോ? ഇന്ത്യയിലെ സ്വകാര്യസംരംഭകർ ഉയർന്ന ജാതിക്കാർക്ക് അനുകൂലമായി മുൻവിധി കാണിക്കുന്നു.
സ്വകാര്യമേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട് താഴ്ന്ന ജാതിക്കാർ ഇന്നു രണ്ടു പ്രശ്നങ്ങളാണ് പ്രധാനമായും നേരിടുന്നത്. ഒന്ന് ഒഴിവാക്കലാണ്; ഉയർന്ന ജാതിക്കാർ നിയമനങ്ങളും കരാറുകളും നിയന്ത്രിക്കുകയും സാമൂഹികമായി പ്രിവിലേജ്ഡ് വിഭാഗമായി മാറുകയും ചെയ്യുന്നു. വ്യവസായം ഈ പ്രവണത മാറ്റണം. അതിന്റെ തൊഴിൽ, ഒൗട്ട്സോഴ്സിംഗ് നയം സാമൂഹിക സമത്വം എന്ന ചിന്തയിൽ അടത്തറയിട്ട് പുതിയ നയങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.
രണ്ടാമത്തെ പ്രശ്നം, കുറഞ്ഞ ശന്പളമുള്ള ജോലികളിൽ താഴ്ന്ന ജാതിക്കാരുടെ ന്ധഅമിത പ്രാതിനിധ്യ’മാണ്. ഉയർന്ന ശന്പളമുള്ള ജോലികൾക്കായി വ്യവസായം താഴ്ന്ന ജാതിക്കാരെയും തെരഞ്ഞെടുക്കണം. താഴ്ന്ന ജാതിയിലുള്ള ജീവനക്കാരെ ഉയർന്ന സ്ഥാനങ്ങളിലേക്കു സജ്ജരാക്കുന്നതിന് പരിശീലന പരിപാടികളിൽ മാറ്റംവരുത്തുകയും ചെയ്യണം. ഇത്തരത്തിൽ മാറിച്ചിന്തിച്ചാൽ അത് ജീവകാരുണ്യത്തിൽ നിന്ന് സാമൂഹിക നീതിയിലേക്കുള്ള ഇന്ത്യൻ സ്വകാര്യമേഖലയുടെ മാറ്റമായിരിക്കുമെന്നകാര്യത്തിൽ സംശയമില്ല.
No comments:
Post a Comment