ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ പാറകൾ ഒരു ചെറിയ ഗ്രാമത്തിലേക്കു വന്നുപതിച്ചാൽ എന്താണു സംഭവിക്കുക ? ഒരു വലിയ ദുരന്തമായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. അത്തരമൊരു ദുരന്തത്തിന്റെ വക്കിൽനിന്നു രക്ഷപ്പെട്ട ഒരു ഗ്രാമത്തിന്റെ വാർത്തയാണ് സ്വിറ്റ്സർലൻഡിലെ ബ്രിയൻസ് ഗ്രാമത്തിനു പറയാനുള്ളത്. ബിബിസി പ്രക്ഷേപണം ചെയ്ത വാർത്ത ഇങ്ങനെയാണ്: സ്വിസ് ഗ്രാമത്തിലേക്ക് ഇടിമിന്നലായി വലിയ പാറകൾ പതിച്ചു. വീടുകളുടെ ഏതാനും അടി അകലത്തിലാണു പതിച്ചത്. ഗ്രാമത്തിനു മുന്നിലുള്ള പർവതത്തിന്റെ ഒരു വലിയ ഭാഗം അർധരാത്രിയോടെ തെക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗ്രാബുണ്ടൻ കന്റോണിലെ ബ്രിയൻസ് ഗ്രാമത്തിലേക്ക് ഇടിഞ്ഞിറങ്ങുകയായിരുന്നു. മലയിടിച്ചിൽ പ്രതീക്ഷിച്ചിരുന്നതിനാൽ ബ്രിയൻസ് ഗ്രാമം മുഴുവനും മേയ് പകുതിയോടെ ഒഴിപ്പിച്ചിരുന്നു. ദ്വീപ് എന്നു വിളിപ്പേരുള്ള ഗ്രാമത്തിന് തൊട്ടുമുകളിലുള്ള പാറക്കെട്ട് പതിറ്റാണ്ടുകളായി അസ്ഥിരമായിരുന്നു. ഒരു രാത്രിയാണ് പർവതമിടിഞ്ഞത്. മുനിസിപ്പാലിറ്റി പോസ്റ്റ് ചെയ്ത വിവരമനുസരിച്ച്, ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന് സമീപം ലെൻസർ ഹൈഡിലേക്കുള്ള കന്റോണൽ റോഡിൽ ഒരു വലിയ പാറക്കൂട്ടമാണ് മണ്ണിടിച്ചിലുണ്ടാക്കിയത്. ഗ്രാമത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഒഴിപ്പിച്ചവരെ ഉടനെ ഗ്രാമത്തിലേക്കു മടങ്ങാൻ അനുവദിക്കില്ല. പർവതത്തിൽ ഇപ്പോഴും ഒരു ദശലക്ഷം ക്യുബിക് മീറ്റർ വരെ അടിത്തറയിളകിയ പാറയുണ്ട്. ഇവ ഏതുസമയത്തും നിലംപതിച്ചേക്കാം.
വാർത്തയ്ക്കപ്പുറം
ഇത് ഒരു സാധാരണ വാർത്തയായി തള്ളിക്കളയാനാകില്ലെന്നു നിരവധി കാലാവസ്ഥാവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനോടു സമാനമായ മലയിടിച്ചിൽ നിരവധി ഇടങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ പർവതനിരയായ ആൽപ്സിൽ നിരവധി സ്ഥലങ്ങളിലാണ് മലയിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതാപനത്തോട് ആൽപ്സ് പർവതങ്ങൾ സെൻസിറ്റീവാണ്. 1200 കിലോമീറ്റർ നീളത്തിൽ ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി ആൽപ്സ് വ്യാപിച്ചുകിടക്കുന്നു.
ടിറോളിലും മലയിടിഞ്ഞു
സ്വിറ്റ്സർലൻഡിന്റെ അതിർത്തിയോടു ചേർന്നുള്ള ഓസ്ട്രിയയിലെ ടിറോൾ സംസ്ഥാനത്തിലെ സിൽവ്രെറ്റ ആൽപ്സിന്റെ ഭാഗമായ ഫലക്തോണ് പർവതനിരയിലെ ഒരു കൊടുമുടി തകർന്ന് ആയിരക്കണക്കിന് ടണ് പാറകൾ ഓസ്ട്രിയയിലെ ഒരു താഴ്വരയിലേക്ക് വീണതും സമീപകാലത്താണ്. കറുത്ത പാറകളുടെ ഒരു വലിയ കൂട്ടമാണ് പർവതത്തിൽനിന്ന് അടർന്നു താഴേക്കു പതിച്ചത്. ഇത് കിലോമീറ്ററുകളോളം ചുറ്റും കട്ടിയുള്ള പൊടിപടലങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും ഒരു നദിയിലാണു പതിച്ചത്. ഈ സംഭവത്തിലും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഈ രണ്ടു സംഭവങ്ങളും ഏതാനും ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സംഭവിച്ചതാണ്.
ജർമനിയിലും ഇറ്റലിയിലും
ജർമനിയുടെ തെക്കുകിഴക്കൻ ജില്ലയായ ബവേറിയയും കിഴക്കൻ ഇറ്റലിയിലെ ട്രെന്റോ, വെനെറ്റോ പ്രദേശങ്ങളും ഹിമപാതത്തിന്റെയും മലയിടിച്ചിലിന്റെയും ഭീഷണിയിലാണ്. ആൽപ്സ് പർവതങ്ങളുടെ താഴ്വരയിലുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവഭീതിയിലാണു കഴിയുന്നത്. കഴിഞ്ഞവർഷം ഇറ്റലിയിലുണ്ടായ ഹിമപാതത്തിൽ ആറുപേർ മരിക്കുകയും ഒന്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് ഡോളോമൈറ്റ്സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽനിന്നാണ് ഹിമപാതമുണ്ടായത്. ഏകദേശം 13 വർഷങ്ങൾക്കുമുന്പ് ജർമനിയിലെ തെക്കൻ ബവേറിയയിലുണ്ടായ മലയിടിച്ചിലിലാകട്ടെ ഒരു കെട്ടിടം തകർന്നു നാലുപേരാണു മരിച്ചത്. മ്യൂണിക് നഗരത്തിനു സമീപമാണ് അന്ന് അപകടമുണ്ടായത്. അന്നും നിരവധി കെട്ടിടങ്ങളുണ്ടായിരുന്ന ഒരു മേഖലയിലേക്കു പർവതനിരകളിൽനിന്ന് വലിയ പാറകൾ പതിക്കുകയായിരുന്നു. അത്തരത്തിൽ പതിച്ച ഒരു പാറയ്ക്ക് ഒരു വീടിന്റെ വലിപ്പമുണ്ടായിരുന്നു.
മലയിടിച്ചിൽ ആപത് സൂചന
മുകളിൽ സൂചിപ്പിച്ച വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഞ്ഞുമലകൾ ഉരുകുന്നതും കാലാവസ്ഥാ പ്രതിസന്ധി കാരണം പെർമാഫ്രോസ്റ്റ് (ജലം ഐസാകുന്ന താപനിലയിലും താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്ന മണ്ണ്. പർവതങ്ങളുടെ പ്രതലത്തെ ഉറപ്പിച്ചു നിർത്തുന്ന സ്ഥിരമായി തണുത്തുറഞ്ഞ നിലം. പെർമാഫ്രോസ്റ്റ് ഉരുകുന്പോൾ, അത് ശക്തമായ ഹരിതഗൃഹ വാതകമായ മീഥേനെ അന്തരീക്ഷത്തിലേക്കു തള്ളുന്നു, ഇത് കൂടുതൽ ചൂട് ഉത്പാദിപ്പിക്കപ്പെടുന്നതിനു കാരണമാകുന്നു) ഉരുകുന്നതും ലോകത്തു വലിയ ഭീഷണി സൃഷ്ടിക്കുമെന്നുമാണ് ജിയോളജിസിറ്റുകളും കാലാവസ്ഥാ ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്. മഞ്ഞുമലകൾ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഉരുകിയൊലിക്കുന്നത് ഇരട്ടിവേഗത്തിലായെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ ഒന്നടങ്കം പറയുന്നത്. അതിലേക്കു വിരൽചൂണ്ടുന്ന നിരവധി പഠനറിപ്പോർട്ടുകൾ അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ലോകത്ത് താപനില വലിയതോതിലാണ് വർധിക്കുന്നത്. പർവതങ്ങളും വനങ്ങളും തടാകങ്ങളും സന്പന്നമാക്കുന്ന നിരവധി സ്ഥലങ്ങൾ ലോകത്തുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ വേഗം കുറയ്ക്കുകയോ തടയുകയോ ചെയ്യേണ്ടത് അനിവാര്യമാണെന്ന് എല്ലാ റിപ്പോർട്ടുകളും സംശയലേശമെന്യേ അടിവരയിട്ടു പറയുന്നു. ശാസ്ത്രീയ നീക്കങ്ങളിൽ ലോകം ഇനിയും ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ല എന്നതിന്റെ മുന്നറിയിപ്പുകളാണ് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ.
എന്തുകൊണ്ട് പർവതങ്ങൾ ഇടിയുന്നു
പർവതങ്ങളിലെ ഒഴുകിനടക്കുന്ന മഞ്ഞുകട്ടകൾ (ഹിമാനികൾ) ചുരുങ്ങുകയും മലനിരകളിലെ പെർമാഫ്രോസ്റ്റ് ഉരുകാൻ തുടങ്ങുകയും ചെയ്യുന്പോൾ, പാറ അസ്ഥിരമാകുന്നു.
ബ്രിയൻസിൽ പെർമാഫ്രോസ്റ്റ് ഇല്ല; എന്നിട്ടും
ബ്രിയൻസ് ഗ്രാമത്തിനു മുന്നിലുള്ള പർവതത്തിൽ പെർമാഫ്രോസ്റ്റ് ഇല്ല. എന്നിട്ടും എന്തുകൊണ്ട് പർവതം ഇടിഞ്ഞു? അത് ആഗോളതാപനവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. കുറച്ചുനാളുകളായി ഗ്രാമത്തിൽ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇത് ആഗോളതാപനത്തിന്റെ ഫലമാണ്. വെള്ളത്താൽ നനഞ്ഞ മലഞ്ചെരിവ് ഗ്രാമത്തിലേക്ക് വേഗത്തിൽ ഇടിഞ്ഞിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാറകളിൽ വെള്ളം കയറുന്നതും പ്രശ്നമാണ്. ആഗോളതപനത്തിന്റെ ഭാഗമായി താപനില ഉയരുന്നത് പെട്ടെന്നുള്ള മലയിടിച്ചിലിനു കാരണമാകും. കാരണം മഞ്ഞുമൂടിയ പാറയുടെ അടിയിൽ 60 മീറ്റർ വരെ ആഴത്തിൽ ജലമെത്തും. ഈ ജലത്തിന്റെ താപനില ആഗോളതാപനം മൂലം മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പിന്നെന്താണു സംഭവിക്കുകയെന്നു പറയേണ്ട കാര്യമില്ലല്ലോ? കാലാവസ്ഥ മാറുന്നതിനനുസരിച്ച് പർവതമേഖലകളിൽ കൂടുതൽ മലയിടിച്ചിൽ പ്രതീക്ഷിക്കാമെന്ന് ജിയോളജിസ്റ്റുകൾ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും
പെർമാഫ്രോസ്റ്റിന്റെ സാന്നിധ്യം ഇല്ലാത്ത പർവതങ്ങളും ഇടിയുന്നതിന്റെ പശ്ചാത്തലത്തിൽ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വീണ്ടും ചൂടുപിടിച്ച ചർച്ചയാകുന്നു. ഭൂമിയുടെ ശരാശരി താപനിലയിലെ വർധനവിനെയാണ് ആഗോളതാപനം എന്ന പദംകൊണ്ടു സൂചിപ്പിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനമാകട്ടെ, ആഗോളതാപനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അനന്തരഫലങ്ങളിലൊന്നാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പലപ്പോഴും മാറിമാറി ഉപയോഗിക്കാറുണ്ടെങ്കിലും അവ വ്യത്യസ്തമാണ്. നമ്മുടെ ഭൂമിയുടെ ദീർഘകാല ചൂടിനെയാണ് ആഗോളതാപനം സൂചിപ്പിക്കുന്നത്. വ്യവസായ വിപ്ലവത്തിനുശേഷം ഭൂമിയുടെ ശരാശരി താപനില ഒരു ഡിഗ്രി സെൽഷ്യസിലധികം വർധിച്ചു. പൊതുവിൽ പറയുന്പോൾ ഇതു നേരിയ വ്യതിയാനമായി തോന്നാമെങ്കിലും ഭൂമിയുടെ താപനിലയിലെ ചെറിയ മാറ്റങ്ങൾ പോലും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പ്രശ്നം ഇവിടംകൊണ്ടും തീരുന്നില്ല. താപനില ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനമാകട്ടെ ആഗോളതാപനത്തിന്റെ ഒരു സൂചനയാണ്. ആഗോളതാപനം അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും 90 മുതൽ 3000 മീറ്റർ വരെ കനത്തിലുള്ള ഹിമാനികൾ ഉരുകുന്നത്, സമുദ്രത്തിലെ ചൂട് വർധിക്കുന്നത്, കൊടുംതണുപ്പ് അല്ലെങ്കിൽ കൊടും ചൂട് തുടങ്ങിയവയെല്ലാം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ ഫലമാണ്. ആഗോളതാപനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മഞ്ഞുമലയിടിച്ചിൽ പ്രളയവും കനത്ത നാശവുമാണ് ലോകത്താകമാനം വരുത്തിവയ്ക്കുന്നത്. ഭൂരിഭാഗം മഞ്ഞുമലകളിലും ഒഴുകി നടക്കുന്ന മഞ്ഞുതടാകങ്ങളുണ്ടാകും. മഞ്ഞുമലകളിൽ രൂപം കൊള്ളുന്ന ഇത്തരം തടാകങ്ങൾ താപനിലയുയരുന്പോൾ ഉരുകുകയും തകരുകയും ചെയ്യും. ഇത് വെള്ളപ്പൊക്കത്തിന് വഴിവയ്ക്കുന്നു. അടുത്തകാലത്തായി മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളിൽ മലയിടിച്ചിൽമൂലം കല്ലും മണലും വന്നു നിറയുന്നതും മഞ്ഞുമലത്തടാകങ്ങളുടെ തകർച്ചയ്ക്കു കാരണമാകുന്നു. കൂടാതെ, ഭൂമിയുടെ താപനില ഉയരുന്നത് വെള്ളപ്പൊക്കം, ക്ഷാമം, വരൾച്ച, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നു. ഭൂമിയുടെ ശരാശരി താപനിലയിലുണ്ടാകുന്ന വർധന മണ്സൂണ് പ്രവാഹങ്ങളുടെ ചലനത്തെയും മാറ്റിമറിക്കുന്നു. അതിന്റെ ഫലമായി കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ലോകത്തിന്റെ ചില പ്രദേശങ്ങളിൽ മഴ കുറഞ്ഞു. ചിലയിടങ്ങളിലാകട്ടെ അതിതീവ്ര മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രത്യേകിച്ച് ഉഷ്ണമേഖലാ പടിഞ്ഞാറൻ പസഫിക്കിൽ മഴയുടെ അളവ് ക്രമാതീതമായി വർധിച്ചു.
ഹിമാലയത്തിലും ആസന്നം
ഹിമപാതവും മലയിടിച്ചിലും നമ്മുടെ രാജ്യത്തും സംഭവിച്ചുകഴിഞ്ഞു. ഹിമാലയൻ മലനിരകളിലെ കൊടുമുടികളിലും മഞ്ഞുരുകുന്നതു മൂലം പ്രതിവർഷം 50 സെന്റീമീറ്റർ ഉയരം കുറയുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അത് തുടർച്ചയായി സംഭവിച്ചാൽ വലിയ ദുരന്തമായിരിക്കും നമ്മുടെ രാജ്യത്തെയും കാത്തിരിക്കുന്നത്. ഹിമാലയത്തെ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ബാധിക്കുന്നുണ്ടോയെന്നു പഠനം നടത്തിയ കൊളംബിയൻ സർവകലാശാല പുറത്തുവിട്ട റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്. ഹിമാലയത്തിലെ മഞ്ഞുരുകുന്നത് ഇന്ത്യയിലെയും സമീപരാജ്യങ്ങളിലെയും (അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ചൈന, മ്യാൻമർ) കുറഞ്ഞത് 80 കോടി ജനങ്ങളെ ബാധിക്കുന്ന ശുദ്ധജലക്ഷാമത്തിന് വഴിവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഹിമാലയത്തിൽ 32,392 ഹിമാനികൾ ഉണ്ട്. ഹിമാലയം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിമാനി നിക്ഷേപമാണ്. അന്റാർട്ടിക്കയും ആർട്ടിക്കുമാണ് ഹിമാനി നിക്ഷേപത്തിൽ ഹിമാലയത്തിനു മുന്നിലുള്ളത്. ഈ ഹിമാനികൾ ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട നദീതടങ്ങളെ പോഷിപ്പിക്കുന്നു. കോടിക്കണക്കിന് ആളുകൾക്ക് വെള്ളവും ഊർജവും വരുമാനവും നേരിട്ടും അല്ലാതെയും നൽകുന്നതിലും ഹിമാനികൾ വലിയ പങ്കുവഹിക്കുന്നു. ആഗോളതാപനവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള മിക്ക പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പുറംന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ ഹിന്ദുകുഷ് ഹിമാലയ മേഖലയിലെ ഹിമാനികളുടെ മൂന്നിൽ രണ്ട് ഭാഗവും അപ്രത്യക്ഷമാകുമെന്നാണ്. റിപ്പോർട്ടുകൾ മുന്നോട്ടുവയ്ക്കുന്ന കണക്കുകൾ ആശങ്കാജനകമാണ്. 2000നും 2016നും ഇടയിൽ ഹിമാലയത്തിലെ ശതകോടിക്കണക്കിന് ടണ് ഐസ് നഷ്ടപ്പെട്ടു. അതാകട്ടെ 1975നും 2000നും ഇടയിൽ നഷ്ടമായതിന്റെ ഇരട്ടിയാണെന്നു മനസിലാക്കുന്പോഴാണ് ആഗോള താപനില ഉയരുന്നതിന്റെ ഫലം എത്രമാത്രം ഗുരുതരമാണെന്നു മനസിലാകുക. ആഗോളതാപനം മണ്സൂണ് പാറ്റേണുകളെ മാറ്റുന്നതിനാൽ എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കസാധ്യത വർധിക്കുന്നു. ചെന്നൈയിലും കേരളത്തിലും അതിതീവ്ര മഴ സൃഷ്ടിച്ച വെള്ളപ്പൊക്കം അത്രവേഗത്തിലൊന്നും നമ്മൾ മറക്കില്ലല്ലോ. മാത്രവുമല്ല, വേനൽക്കാലത്ത് വിളകൾക്ക് കൂടുതൽ വെള്ളം ആവശ്യമുള്ളപ്പോൾ ജലത്തിന്റെ അളവ് അസാധാരണമാംവിധം കുറയുകയും ചെയ്യുന്നു. തത്ഫലമായി കാർഷിക വിളവ് കുറയുന്നു. വരണ്ട മേഖലകൾ വർധിക്കുന്നു. മത്സ്യബന്ധനം പ്രതിസന്ധിയാലാകുന്നു.
ജോഷിമഠ് ഉയർത്തുന്ന അപായസൂചന
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സംഭവിച്ച മണ്ണിടിച്ചിലിന്റെ കാരണവും മറ്റൊന്നല്ല. ജോഷിമഠിനു സമീപത്തെ നന്ദാദേവി കൊടുമുടിയിലെ മഞ്ഞുരുകിയതിനെത്തുടർന്നാണു മണ്ണിടിച്ചിലുണ്ടായത്. രാജ്യത്തെ രണ്ടാമത്തെ വലിയ കൊടുമുടിയായ നന്ദാദേവിയുടെ ഉത്തരഭാഗത്തുനിന്നാണ് മലയിടിച്ചിലുണ്ടായത്. ദുരന്തമുഖത്തെ ഋഷിഗംഗാ വൈദ്യുത പദ്ധതിയും മല തുരന്നു നിർമിച്ച നിരവധി തുരങ്കങ്ങളുമാണ് ദുരന്തത്തിനു കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു.
No comments:
Post a Comment