യുദ്ധം, എത്ര ആവശ്യമാണെങ്കിലും, എത്ര ന്യായീകരിച്ചാലും,
അത് ഒരു കുറ്റകൃത്യമല്ലെന്ന് ഒരിക്കലും കരുതരുത്
- ഏണസ്റ്റ് ഹെമിംഗ് വേ
സന്ദീപ് സലിം
റഷ്യ-യുക്രെയ്ൻ പോരാട്ടത്തിനിടെ യുക്രെയിനിലെ ഖേർസണിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്തിരുന്ന നിപ്രോ നദിയിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നതോടെ പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചുള്ള ഭയം ലോകത്ത വിഴുങ്ങിയിരിക്കുന്നു. ജ ൂണ്‍ 6 ന് യുക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള അണക്കെട്ടാണു തകർക്കപ്പെട്ടത്. കഖോവ്ക അണക്കെട്ടിന്റെ തകർച്ച നിപ്രോ നദിക്കരയിലുള്ള 29 പട്ടണങ്ങളെയും ഗ്രാമങ്ങളെയും വെള്ളത്തിൽ മുക്കി. അണക്കെട്ടു തകർന്നുണ്ടായ ദുരന്തത്തിൽ 58 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ 41 പേർ റഷ്യൻ അധിനിവേശ ഖേർസൺ പ്രവിശ്യയിൽ നിന്നുള്ളവരും ബാക്കിയുള്ളവർ യുക്രേനിയൻ നിയന്ത്രിത പ്രദേശമായ കെർസണിലും മൈക്കോലൈവ് പ്രവിശ്യയിൽ നിന്നുള്ളവരുമാണ്. അണക്കെട്ട് തകർത്തതാര് എന്നതിനെപ്പറ്റിയുള്ള തർക്കം ഇപ്പോഴും നടന്നുവരികയാണ്. സ്വാഭാവികമായി അണക്കെട്ടു തകർത്തതു റഷ്യയാണെന്നു യുക്രെയിനും നാറ്റോയും ആരോപിച്ചപ്പോൾ റഷ്യ യുക്രെയ്നെ കുറ്റപ്പെടുത്തുകയാണ്. തർക്കത്തിനു പഴിചാരലിനുമപ്പുറം നിപ്രോ നദിയുടെ തീരത്തുള്ള കുടിയൊഴിപ്പിക്കപ്പെട്ട ജനതയെക്കുറിച്ചും അവരനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങളെക്കുറിച്ചും ചിന്തിക്കണം.
ചുറ്റിലും വിഷലിപ്ത ജലം
ദുരിതം അനുഭവിക്കുന്നവരെ സംബന്ധിച്ച് കുപ്പിവെള്ളം ഏറ്റവും കൊതിപ്പിക്കുന്ന ഉത്പന്നമായി മാറിയെന്നു പറയുന്പോൾ, അവരനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം നമുക്കു മനസിലാക്കാവുന്നതേയുള്ളൂ. കാരണം, ചുറ്റും വെള്ളമുണ്ടെങ്കിലും അതൊന്നും കുടിക്കാൻ പറ്റില്ല. അത്രമാത്രം വിഷലിപ്തമാണത്. ഡാം തകർന്നു കുതിച്ചെത്തിയ വെള്ളം കൃഷിയിടങ്ങളിൽ നിന്ന് രാസവളങ്ങളെയും നദീതടത്തിലെ ഫലഭുയിഷ്ഠമായ മണ്ണിനെയും ഒഴുക്കിക്കളഞ്ഞു. കൂടാതെ തകർന്ന അണക്കെട്ടിൽനിന്ന് കുറഞ്ഞത് 150 ടണ്‍ മെഷീൻ ഓയിലും ( 300 ടണ്‍ കൂടി ചോർന്നൊലിക്കാനുള്ള സാധ്യതയുണ്ട്) മറ്റ് ഇന്ധനവും വ്യാവസായിക അവശിഷ്ടങ്ങളും വഹിച്ച് ഗ്രാമങ്ങളെയും പട്ടണങ്ങളെയും വിഷമയമാക്കുകയും ചെയ്തു. കനത്ത ഷെൽ-മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും ജഡങ്ങളും രാസമാലിന്യങ്ങളും നിറഞ്ഞ മലിന ജലം വെറുതെ കുടിക്കാൻ കഴിയില്ല. വയറിളക്കവും കോളറയും ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ ഭീതിയിലാണു കുടിയോഴിപ്പിക്കപ്പെട്ട ജനത. കുറഞ്ഞത് 700,000 ആളുകൾക്ക് ശുദ്ധജലം ആവശ്യമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ. ഖേർസണ്‍, നിക്കോപോൾ, മർഹാനെറ്റ്സ്, പോക്രോവ് എന്നിവയുൾപ്പെടെ നിപ്പർ നദിക്കരയിലുള്ള മിക്ക നഗരങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിൽ കഖോവ്ക ഡാം സുപ്രധാന പങ്കുവഹിച്ചിരുന്നു.
മനുഷ്യരെ മാത്രമല്ല ബാധിക്കുക
മനുഷ്യരെ മാത്രമല്ല ഡാമിന്റെ തകർച്ച ബാധിച്ചിരിക്കുന്നത്, സ്ക്വാക്കോ ഹെറോണ്‍, ലിറ്റിൽ ഈഗ്രേറ്റ് എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളെ അണക്കെട്ട് തകർത്തുവെന്നും വ്യാപകവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ നാശനഷ്ടങ്ങൾക്കു ഡാമിന്റെ തകർച്ച കാരണമാകുമെന്നും കൈവിലെ പരിസ്ഥിതി കേന്ദ്രത്തിലെ കാലാവസ്ഥാ വിഭാഗം മേധാവി യെവ്നിയ സാസിയാഡ്കോ നിരീക്ഷിക്കുന്നു. ’ആരു ചെയ്തതായാലും, എന്തിനു ചെയ്തതായാലും ഒന്നുറപ്പിച്ചു പറയാം. ഇത് ഇക്കോസൈഡ് കുറ്റകൃത്യമാണെന്നതിൽ സംശയമില്ല’- എന്നാണ് അദ്ദേഹം പറഞ്ഞു നിർത്തിയത്. വിപത്ത് കാരണം ഏകദേശം 160,000 മൃഗങ്ങളും 20,000 പക്ഷികളും ഭീഷണിയിലാണെന്നാണ് വിവിധ പരിസ്ഥിതി സംഘടനകൾ കണക്കുകൾ നിരത്തി പറയുന്നത്. അവയിൽ ചിലത് അപൂർവവും ഈ പ്രദേശത്തു മാത്രം കാണപ്പെടുന്നവയുമാണ്. വാസിൽകിവിലെ യുക്രേനിയൻ നേച്ചർ കണ്‍സർവേഷൻ ഗ്രൂപ്പിന്റെ (യുഎൻസി ജി) റിപ്പോർട്ട് അനുസരിച്ച്, ദുർബലമായ നോർഡ്മാന്റെ ബിർച്ച് എലിയും (സിസിസ്റ്റ ലോറിഗർ) വംശനാശഭീഷണി നേരിടുന്ന മണൽ മോൾ എലിയും (സ്പാലാക്സ് അരനാരിയസ്) ദുരന്തബാധിത പ്രദേശത്താണ്. കഖോവ്ക റിസർവോയർ ഡസൻ കണക്കിനു മത്സ്യ ഇനങ്ങളുടെ ആവാസ കേന്ദ്രമാണ്. ഏകദേശം 28,000 ടണ്‍ മത്സ്യം നശിച്ചതായാണു പ്രാഥമിക വിലയിരുത്തൽ. റിസർവോയറിലെ വെള്ളം അതിവേഗം വറ്റിപ്പോകുന്നത് മത്സ്യസന്പത്തിനെ ഇല്ലാതാക്കും. ഇതിനെല്ലാം പുറമെ കണ്വെൻഷൻ ഓണ്‍ വെറ്റ്ലാൻഡ്സ് ഓഫ് ഇന്റർനാഷണലിനു കീഴിൽ സംരക്ഷിച്ചിരിക്കുന്ന നിരവധി ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെടുകയോ ഗുരുതരമായി മലിനീകരിക്കപ്പെടുകയോ ചെയ്യപ്പെട്ടു. യുനെസ്കോയുടെ ബയോസ്ഫിയർ റിസർവ് ആയ ബ്ലാക്ക് സീ ബയോസ്ഫിയർ റിസർവും ഇതിൽ ഉൾപ്പെടും. നിപ്രോ നദിയുടെ തെക്കേ തീരത്തുള്ള വലിയ പ്രദേശങ്ങൾ ക്രിമിയൻ പൈൻ, കോമണ്‍ പൈൻ, വൈറ്റ് അക്കേഷ്യ എന്നീ വൃക്ഷങ്ങളുടെ ആവാസ കേന്ദ്രമാണ്. വെള്ളം കയറിയതുമൂലം മണ്ണിലുണ്ടായിരിക്കുന്ന ഈർപ്പം (നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കം കാരണം) ഈ വൃക്ഷ ഇനങ്ങളെ പൂർണമായും നശിപ്പിച്ചേക്കാം. യുഎൻ പരിസ്ഥിതി സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 55,000 ഹെക്ടർ വനം വെള്ളത്താൽ മുങ്ങിയിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ മറ്റു മാലിന്യങ്ങളും ഒഡേസ ബീച്ചിൽ അടിഞ്ഞു കൂടിയിരിക്കുകയാണ്. ഇത് കുറച്ചൊന്നുമല്ല ആയിരക്കണക്കിനു ടണ്ണാണ്. ഈ മാലിന്യ നിക്ഷേപം കരിങ്കടൽ സമുദ്ര ആവാസവ്യവസ്ഥയെ അപകടത്തിലാക്കുമെന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു. യൂറോപ്പിലുടനീളം സംരക്ഷിത പ്രദേശമായ യുക്രെയ്നിലെ എമറാൾഡ് നെറ്റ്വർക്കിലെ ഒന്‍പത് പ്രദേശങ്ങളും അന്താരാഷ്ട്രതലത്തിൽ പ്രധാനപ്പെട്ട അഞ്ച് തണ്ണീർത്തടങ്ങളും ഇപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.
കൃഷിനാശവും ഭക്ഷ്യപ്രതിസന്ധിയും
ഡാമിന്റെ തകർച്ച സൃഷ്ടിച്ച വെള്ളപ്പൊക്കം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അപ്പക്കൂടകളിലൊന്നിനെയാണു നശിപ്പിക്കുകയെന്നു യുഎന്നിന്റെ എമർജൻസി റിലീഫ് കോർഡിനേറ്ററായ ഗ്രിഫിത്ത്സ് പറഞ്ഞു. ഈ ദുരന്തം യുദ്ധത്തിൽ സംഭവിക്കുന്ന മറ്റു ദുരന്തങ്ങൾ പോലെയല്ലെന്നു പറയാൻ നിരവധി കാരണങ്ങളുണ്ട്. സൂര്യൻ, വായു, മണ്ണ്, വെള്ളം - ആരോഗ്യകരമായ കൃഷി വളർച്ചയ്ക്കുള്ള നാലു പ്രധാന ഘടകങ്ങളാണിവ. ഈ അവശ്യഘടകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ തടസം, പ്രത്യേകിച്ചു മുന്നറിയിപ്പില്ലാതെ സംഭവിക്കുന്നതാകു ന്പോൾ അത് പലപ്പോഴും കാർഷിക ഉത്പാദനത്തിനനു വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഡാമിന്റെ തകർച്ചയിലൂടെ അപ്രതീക്ഷിതമായി ജലവും മണ്ണും മലിനമാക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രതിസന്ധി. യുക്രേനിയൻ നിയന്ത്രണത്തിലുള്ള നിപ്രോ നദിയുടെ വലത് കരയിലുള്ള 100 ചതുരശ്ര കിലോമീറ്റർ (40 ചതുരശ്ര മൈൽ) ഫലഭൂയിഷ്ഠടമായ കൃഷിയിടം ഏതാണ്ടു പൂർണമായും വെള്ളംകയറി നശിച്ചു കഴിഞ്ഞു. ഇതിന്റെ മറുവശം റഷ്യയുടെ നിയന്ത്രണത്തിലുള്ള കൃഷിഭൂമിയാണ്. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. 5,80,000 ഹെക്ടർ കൃഷിഭൂമിയെങ്കിലും നശിച്ചിട്ടുണ്ടാവുമെന്നാണ് കണക്കു കൂട്ടുന്നത്. യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനിലെ സാന്പത്തിക വിദഗ്ധയായ മോണിക്ക ടോത്തോവയുടെ നിരീക്ഷണത്തിൽ ഇത്ര വിശാലമായ കൃഷിയിടങ്ങൾ ലോകത്തുതന്നെ വളരെ അപൂർവമാണ്. ഇതാണു നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും മോഡലിംഗും നിരീക്ഷിച്ച ടോതോവ പറഞ്ഞത്, വെള്ളം എത്രകാലം നിലനിൽക്കും എന്നതിനെ ആശ്രയിച്ചേ വിളവെടുപ്പിനെക്കുറിച്ചു പറയാനാവൂ എന്നും നിലവിലെ സാഹചര്യം വിലയിരുത്തിയാൽ ഈ വർഷത്തെ വിളവെടുപ്പു പൂർണമായും നഷ്ടമാകാൻ സാധ്യതയുണ്ടെന്നുമാണ്. നാശനഷ്ടത്തിന്റെ വ്യാപ്തി വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയെയും വെള്ളം എത്ര വേഗത്തിൽ ഇറങ്ങുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. ഇക്കാര്യങ്ങളെല്ലാം പറയുന്പോഴും പഴയ സ്ഥിതിയിലേക്കു മടങ്ങിപ്പോകാനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. അത് തീർത്തും അസാധ്യമാണെന്നാണ് എല്ലാ പഠന റിപ്പോർട്ടുകളും വിദഗ്ധരും പറയാതെ പറഞ്ഞുവയ്ക്കുന്നത്. കാരണം, കഖോവ്ക ഡാം കെർസണ്‍ പ്രവിശ്യക്കുമപ്പുറം മൈക്കോളൈവ്, സപ്പോരിസിയ, നിപ്രോ പെട്രോവ്സ്ക് എന്നീ പ്രദേശങ്ങളിലെ ഗോതന്പ്, ബാർലി, മില്ലറ്റ്, കടുക്, സൂര്യകാന്തി തുടങ്ങിയ വിളകളുടെയും പ്രധാന ജലസ്രോതസായിരുന്നു എന്നതാണ്. ‘വർഷങ്ങളോളം ഈ മണ്ണിൽ കാർഷിക സസ്യങ്ങൾ നട്ടുവളർത്താൻ ഞങ്ങൾക്കു കഴിയില്ലെ’ന്ന പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകൾ ദുരന്തത്തിന്റെ ദയനീയത വ്യക്തമാക്കുന്നു. ഡാം തകർച്ചയ്ക്കു മുന്‍പേ ആരംഭിച്ച റഷ്യ-യുക്രെയ്ൻ പോരാട്ടം ഭക്ഷ്യഫാമുകളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഗണ്യമായ കുറവു വരുത്തിയിരുന്നു എന്നോർക്കണം. ഇത് ഇരു രാജ്യങ്ങളെ മാത്രമല്ല ആഗോള ഭക്ഷ്യ പ്രതിസന്ധിക്കുതന്നെ കാരണമായിരുന്നു. കാരണം, ഈജിപ്ത്, ടുണീഷ്യ, ലിബിയ, സൊമാലിയ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയെല്ലാം യുക്രേനിയൻ ധാന്യങ്ങളെയാണ് ആശ്രയിക്കുന്നത്. യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമും (ഡബ്ല്യുഎഫ്പി) യുക്രേനിയൻ ഗോതന്പിനെ ആശ്രയിച്ചാണിരിക്കുന്നത്. തുർക്കിയുടെ സഹായത്തോടെയാണ് കൈവിനും മോസ്കോയ്ക്കും ഇടയിൽ ധാന്യ കയറ്റുമതി നടന്നത് എന്നുകൂടി അറിയുന്പോഴാണണു സാഹചര്യം എത്രമാത്രം ഗുരുതരമാണെന്നു നാം തിരിച്ചറിയുക. 2023ൽ യുക്രെയ്നിന്റെ കാർഷിക ഉത്പാദനത്തിലും കയറ്റുമതിയിലും 30% അധിക കുറവുണ്ടാകുമെന്നു യുഎൻ പ്രവചിച്ചു കഴിഞ്ഞു. 2022-ൽ റഷ്യ-യുക്രെയ്ൻ പോരാട്ടം മൂലം രാജ്യത്തിന്റെ ഉത്പാദനം ഇതിനകം 37% കുറഞ്ഞിരുന്നു. ഡാമിന്റെ തകർച്ച ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ ദുരന്ത നിവാരണ സേനാംഗം മാർട്ടിൻ ഗ്രിഫിത്ത്സും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
വെള്ളത്തിൽ കുഴിബോംബുകളും
വെള്ളപ്പൊക്കത്തിൽ കുഴിബോംബുകളും ഒഴുകിപ്പരക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും അവരുടെ നിയന്ത്രണ മേഖലകളിൽ കുഴിബോംബുകൾ പാകുന്നത് യുദ്ധ തന്ത്രമാണ്. എന്നാൽ, ഡാം തകർന്നു വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇത് ഖേർസണിലെ താമസക്കാർക്ക് മാത്രമല്ല, സഹായവുമായി എത്തുന്ന ദുരന്തനിവാരണ സംഘങ്ങൾക്കും ആശങ്കയുണ്ടാക്കുന്നു. കുഴിബോംബുകൾ എവിടെയാണെന്ന് ട്രാക്ക് ചെയ്യാനാവാത്തത് വലിയ ദുരന്തത്തിലേക്കു നയിക്കാനുള്ള സാധ്യത സൃഷ്ടിക്കുമെന്ന് റെഡ് ക്രോസിന്റെ ആയുധ നിർവീരീകരണ യൂണിറ്റ് മേധാവി എറിക് ടോലെഫ്സെൻ പറഞ്ഞു.
ദുരന്തത്തിന്റെ വ്യാപ്തി അവ്യക്തം
നദിയുടെ ഇരുകരകളിലുമുള്ള ആയിരങ്ങളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചെങ്കിലും ദുരന്തത്തിന്റെ പൂർണവ്യാപ്തി ഇതുവരെ 25 ദിവസങ്ങൾക്കിപ്പുറവും വ്യക്തമല്ല. സോവിയറ്റ് കാലഘട്ടത്തിലാണ് അണക്കെട്ട് നിർമിച്ചത്. രാജ്യത്തിന്റെ വടക്ക് മുതൽ കരിങ്കടൽ വരെ നീണ്ടുകിടക്കുന്ന ഡിനിപ്രോ നദിയിൽ സ്ഥിതി ചെയ്യുന്ന ആറ് അണക്കെട്ടുകളിൽ ഒന്നാണ് കഖോവ്ക അണക്കെട്ട്. ചിലയിടങ്ങളിൽ റിസർവോയറിന്റെ ഒരു വശത്തു നിന്നു നോക്കിയാൽ മറ്റേതീരം കാണാൻ കഴിയാത്തതിനാൽ നാട്ടുകാർ ഈ ജലസംഭരണിയെ കഖോവ്ക കടൽ എന്ന് വിളിക്കാറുണ്ട്. തകർന്ന ഡാമിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് (സപോരിജിയയിലെ) ആണവ നിലയം സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോറഷ്യയിലേത്. റഷ്യ-യുക്രെയിൻ പോരാട്ടം ആരംഭിച്ചതിനെത്തുടർന്ന് പ്ലാന്റിന്റെ ആറ് റിയാക്ടറുകളുടെ പ്രവർത്തനം കഴിഞ്ഞ എട്ടു മാസത്തിലേറെയായി നിർത്തിവച്ചിരിക്കുകയാ ണ്. ഡാമിന്റെ തകർച്ച അറിഞ്ഞയുടൻതന്നെ ആണവനിലയത്തെ തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിലവിൽ അപകടമൊന്നുമില്ലെന്നും എന്നാൽ, സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും (ഐഎഇഎ) യുകെയിലെ ബ്രൈറ്റണിലെ സസെക്സ് സർവകലാശാലയിലെ ഉൗർജ ശാസ്ത്രജ്ഞനായ മാൾട്ടെ ജാൻസണും വ്യക്തമാക്കി. റഷ്യയോടു ചേർന്ന ക്രിമിയയിലേക്കു ജലം കൊണ്ടു പോകുന്നതും നോവ കഖോവ്ക അണക്കെട്ടിൽ നിന്നായിരുന്നു. അണക്കെട്ടിന്റെ തകർച്ച അവിടത്തെ ജലവിതരണത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. 2014ലാണ് ക്രിമിയ റഷ്യയോടു ചെർന്നത്. ക്രിമിയ റഷ്യയോടു ചേർന്നതിനു പിന്നാലെ യുക്രെയ്ൻ കഖോവ്ക ഡാമിൽ നിന്നു ക്രിമിയയിലേക്കുള്ള ജല വിതരണം വെട്ടിക്കുറച്ചിരുന്നു. ഇതു ക്രിമിയയിൽ ജലക്ഷാമത്തിനു വഴിവെച്ചിരുന്നു. അതിനാൽ റഷ്യൻ സൈന്യം യുക്രെയിൻ പോരാട്ടം ആരംഭിച്ച ആദ്യ നാളുകളിൽത്തന്നെ നോർത്ത് ക്രിമിയ കനാലും കഖോവ്ക റിസർവോയറും അവരുടെ അധീനതയിലാക്കുകയും ജലവിതരണം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കം യുക്രെയ്നിനന്റെ പ്രത്യാക്രമണത്തെ ബാധിക്കുമെന്ന കാര്യത്തി ൽ തർക്കമില്ല. എന്നാൽ, ഡാമിന്റെ തകർച്ച റഷ്യൻ സേനയെയും ബാധിക്കു ന്നുണ്ട്. ദുരന്തം ഏറ്റവുമധികം നാശം വിതച്ച ചില പ്രദേശങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. മുൻകാലങ്ങളിൽ റഷ്യൻ സൈന്യത്തിന്റെ സ്റ്റേജിംഗ് ഗ്രൗണ്ടുകളായി പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളും വെള്ളത്തിനടിയി ലാണ്. ഡാം തകര്‍ന്നതോടെ യുക്രെയ്നിലെ വ്യാവസായിക മേഖലയും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ശാലയായ ആർസെലർ മിത്തൽ ക്രൈവി റിഹിനു പുറമെ സപോറഷ്യ ഫെറോഅലോയ്, നിക്കോപോൾ ഫെറോഅലോയ് എന്നിവയെയും ജലക്ഷാമം ബാധിച്ചു. ഡാമിന്റെ തകർച്ച യുക്രെയിന്റെ വൈദ്യുത മേഖലയെയും പ്രതിസന്ധിയിലാക്കി. കെർസണിലെ കോജനറേഷൻ തെർമൽ പവർ പ്ലാന്റ്്, മൈക്കോളൈവ് പ്രനവിശ്യയിലെ രണ്ട് സോളാർ പവർ പ്ലാന്റുകൾ, 129 ട്രാൻസ്ഫോർമർ സബ്സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. ഇത് വൈദ്യുതി ഉത്പാദനത്തെയും വിതരണത്തെയും താറുമാറാക്കി. ദുരന്തത്തെത്തുടർന്ന് 20,000 ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള പൂർണമായ വിലയിരുത്തൽ നടത്താനാവാത്ത സാഹചര്യമാണ് മേഖലയിലുള്ളത്.
തകർച്ച ആസൂത്രിതമോ സ്വാഭാവികമോ ?
അണക്കെട്ടിന്റെ തകർച്ച ആസൂത്രിത പ്രവർത്തനങ്ങൾ മൂലമാണോ അതോ ഘടനാപരമായ തകരാർ മൂലമാണോ സംഭവിച്ചതെന്ന് ഇപ്പോഴും കൃത്യമായി പറയുന്ന റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഭൂരിഭാഗം വിദഗ്ധരും സ്വാഭാവികമായ തകർച്ചയെ തള്ളിക്കളയുന്നു. അതിനായി അവർ നിരത്തുന്ന നിരവധി വാദമുഖങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടവ ഇങ്ങനെ - കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ് കഖോവ്ക. ലോകമെമ്പാടുമുള്ള വളരെ സാധാരണമായ അണക്കെട്ടുകളിലൊന്നാണിത്. മിക്കവയും നൂറിലേറെ വർഷങ്ങൾക്കു മുന്‍പു നിർമിക്കപ്പെട്ടതാണ്. അവ നന്നായി രൂപകല്പന ചെയ്തവയാണ്. മികച്ച രീതിയിൽ പരിപാലിക്കുക കൂടി ചെയ്താൽ ഇത്തരം ഡാമുകൾ സ്വാഭാവികമായി തകരാനുള്ള സാധ്യത വളരെ കുറവാണ്. ശരിയാ പരിപാലനം ഇല്ലാതെവന്നാൽ തകരാം. അത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നിരുന്നാലും മുന്നറിയിപ്പില്ലാതെ ഇത്തരത്തിലുള്ള അണക്കെട്ട് തകരുന്നത് വളരെ അസാധാരണമാണ്. അണക്കെട്ടും ജലവൈദ്യുത നിലയവും റഷ്യൻ നിയന്ത്രണത്തിലാണ്, അതിനാൽ സ്വതന്ത്ര അന്വേഷകർക്ക് അന്വേഷണം അപ്രാപ്യമാണ്. റിസർവോയറിന്റെ ഇരുവശങ്ങളും രണ്ടു രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്. ഇരുരാജ്യങ്ങളും ആയുധമെടുത്ത് പോരാട്ടത്തിലും.
1 comment:
Lekhanam vayichu, nannayittundu
Post a Comment