Wednesday, July 21, 2010

വികസനം: കേരളത്തില്‍ ഇനിയും വിപ്ലവം നടക്കേണ്ടിയിരിക്കുന്നു

കുറച്ചു കാലമായി കേരളം ചര്‍ച്ചചയ്യുന്ന ഒരു വിഷയമാണ് വികസനം. ചര്‍ച്ചകള്‍ക്കുമപ്പുറം വിവാദമായും അത് മാറിക്കഴിഞ്ഞു. എന്നാല്‍ വികസനം ചര്‍ച്ചയ്ക്കും സംവാദത്തിനും വിവാദത്തിനുമപ്പുറം പ്രായോഗികതയിലേക്കെത്തുമ്പോള്‍ വട്ടപ്പൂജ്യമായി മാറുന്നു. കേരളത്തിന്റെ സമഗ്രവികസനത്തിന് വ്യവസായ വളര്‍ച്ച അത്യന്താപേക്ഷിതമാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നിട്ടും എന്തുകൊണ്ട് നമുക്ക് വ്യവസായവികസനത്തിന്റെ കാര്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുന്നില്ല? കൂടിയ ജനസാന്ദ്രത, ഭൂമി ലഭ്യതയുടെ കുറവ്, അവകാശ ബോധമുളള തൊഴിലാളികള്‍, പാരിസ്ഥിതിക അവബോധമുളള പൊതുസമൂഹം തുടങ്ങി നിരവധി ഉത്തരങ്ങള്‍ നമുക്ക് കണ്ടത്താനാവും. പ്രകൃതിവിഭവ ദാരിദ്ര്യമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇന്ത്യയില്‍ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ്് കേരളം. ഏതുതരം വികസന പ്രവര്‍ത്തനത്തിന് തുടക്കമിട്ടാലും അവയുടെ ഒരിക്കലും നിര്‍ണ്ണയിക്കപ്പെടാത്ത പ്രായോഗികതയെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നാം നടത്താറുണ്ട്. അണക്കെട്ട്, അതിവേഗപ്പാത, വ്യവസായ വികസനം, ഖനനം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം ഇത്തരത്തില്‍ ചര്‍ച്ചകള്‍ നിരവധി നടത്തിക്കഴിഞ്ഞു. വര്‍ദ്ധിച്ച ജനസാന്ദ്രത കാരണം കേരളത്തിന് ഭൂമി, വെള്ളം, കാട് തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ അമിതോപഭോഗത്തിലും പുറമേനിന്നുള്ള വിഭവ ഇറക്കുമതിയിലും ആശ്രയിക്കേണ്ടിവരുന്നു. നമുക്കാവശ്യം ലക്ഷ്യബോധമില്ലാത്ത ചര്‍ച്ചകളോ അശാസ്ത്രീയമായ കാഴ്ചപ്പാടുകളോ അല്ല മറിച്ച് ശാസ്ത്രീയ പ0നങ്ങളും ക്രിയാത്മക നിലപാടുകളുമാണ്.


വികസനം എന്നത് ഒരു ദിവസം കൊണ്ട് സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന ഒരു ഉത്പന്നമല്ല. മറിച്ച് സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനമാണ്. അത് തുടങ്ങുന്നതിനും തുടരുന്നതിനും പൂര്‍ത്തിയാക്കുന്നതിനും പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും പ്രത്യേക സമ്പ്രദായങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയും വേണം. ഈ രണ്ടു കാര്യങ്ങളിലും നാം പരാജയപ്പെടുന്നു. പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വന്‍തോതില്‍ കുടിയിറക്ക് നടത്താന്‍ നാം നിര്‍ബന്ധിതരാവുന്നു. മൂലമ്പിളളി ഉദാഹരണം. തികച്ചും അശാസ്ത്രിയമായ പുനരധിവാസ പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമാണ് നമ്മുടെ പ്രശ്‌നം. വീതിയില്ലാത്ത റോഡുകള്‍, ശ്വാസം വിടാനാവാത്ത വിധം തിങ്ങിനിറഞ്ഞ വാഹനങ്ങള്‍... നമ്മുടെ നഗരങ്ങളുടേയും പട്ടണങ്ങളുടേയും ചിത്രമിതാണ്. നമ്മുടെ കേരളത്തിലെ അന്തരീക്ഷം ഒട്ടും വികസനസൗഹൃദമല്ല. ഈ അന്തരീക്ഷം നമുക്ക് മാറ്റിയെടുത്തേ മതിയാവൂ. പഴയ ചിത്രം മാറ്റിവരയ്ക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ അപരിഹാര്യമായ ഗതാഗതകുരുക്കിലും വികസന മുരടിപ്പിലുമായിരിക്കും കേരളം എത്തിച്ചേരുക.


വ്യത്യസ്ഥ സമൂഹങ്ങളിലും സാഹചര്യങ്ങളിലും വികസനം എന്ന വാക്കിന് അര്‍ഥവ്യത്യാസമുണ്ട. സാമ്പത്തികമായും തൊഴില്‍പരമായു പിന്നോക്കം നില്‍ക്കുന്ന സമൂഹത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും സാമ്പത്തിക അഭിവൃദ്ധി നേടുന്നതുമാണ് വികസനം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുക. എന്നാല്‍ നേരേമറിച്ച്് സാമ്പത്തിക ഭദ്രതയുള്ള സമൂഹത്തിലേക്കെത്തുമ്പോള്‍ വികസനം നല്ലറോഡുകളും നല്ല പാലങ്ങളും അതുപോലുള്ള മറ്റു സൗകര്യങ്ങളുമായി മാറുന്നു. അതായത് ഓരോ സമൂഹത്തിലും വികസന കാഴ്ചപ്പാട് വ്യത്യസ്ഥ മായിരിയ്ക്കും. കേരളത്തിന്റെ വികസനത്തിന് കേരളത്തിന്റെതുമാത്രമായ ഒരു വികസന മോഡല്‍ രൂപപ്പെടുത്തിയെടുക്കണം. തമിഴ് നാട്ടിലോ കര്‍ണാടകത്തിലോ പരീക്ഷിച്ച വികസന മോഡല്‍ കേരളത്തില്‍ ഒരിക്കലും പ്രയോഗിക്കാനാവില്ല. അതിന്റെ കാരണങ്ങള്‍ മുകളില്‍ പറഞ്ഞല്ലോ. നമ്മുടെ ഉദ്പാദനാടിത്തറ വളരെ ശുഷ്കമാണ്. അത് ശക്തിപ്പെടുത്തുക എന്നതിനാണ് നാം ആദ്യം പ്രമുഖ്യം നല്‍കേണ്ടത്. പിന്നെയും പ്രശ്‌നം നിലനില്‍ക്കുന്നു. കേരളത്തിലെ ജനസാന്ദ്രത. വളരെ സാന്ദ്രമായ ഒരു ആവാസവ്യവസ്ഥയാണ് നമ്മുടേത്. നമ്മുടെ നാടിന്റെ പ്രത്യേകതകളും സവിശേഷതകളും ഉള്‍ക്കൊളളുന്ന ഒരു വികസന മാതൃകയാണ് നമുക്കാവശ്യം. അതിന് വളരെ ആഴത്തിലുളള പ0നങ്ങളും വിശകലനങ്ങളും ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ സ്റ്റേറ്റ്, കമ്പോളം, വളര്‍ച്ച, വികസനം തുടങ്ങിയ ഏതാനും പദങ്ങളില്‍ ഒതുങ്ങിപ്പോകുന്ന ചര്‍ച്ചകളോ പൊതുസംവാദങ്ങളോ മാത്രമാണ് നടക്കുന്നത്. പലപ്പോഴും ഈ വിഷയങ്ങളുടെ സബ് ഹെഡ്ഡിംഗുകളായി വരുന്ന വിഷയങ്ങള്‍ക്ക് യാതൊരു പ്രാമുഖ്യവും കിട്ടാതെ പോകുന്നു. നമ്മുടെ നാട്ടിലെ സമ്പത്തിനെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ ജനങ്ങളിലേക്കുമെത്തിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ നാം പ്രയോഗിച്ച വികസന രീതികളായ ഭൂപരിഷ്കരണം, മിനിമം കൂലി, പൊതുവിതരണ സമ്പ്രദായം, സാമ്പത്തിക വികേന്ദ്രീകരണം തുടങ്ങിയവയ്ക്ക് ബദലായി പുതിയ രീതികള്‍ കണ്ടെത്തേണ്ട കാലമായിരിക്കുന്നു. ഈ രീതികള്‍ നടപ്പിലാക്കുന്നതിന് ശക്തി പകര്‍ന്നിരുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്്ഥാനങ്ങളും സാമൂഹ്യ-പരിഷ്കരണ പ്രസ്ഥാനങ്ങളുമൊക്കെ ചേര്‍ന്നാണ്. എ്ന്നാല്‍ ഇന്ന് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് സംഘടിത സ്വഭാവം നഷ്ടപ്പെടുകയും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇച്ഛാശക്തിയില്‍ കുറവും പ്രത്യയശാസ്ത്ര അപചയവും സംഭവിച്ചു. സാമൂഹ്യ-സാംസ്കാരിക-പരിഷ്കരണ പ്രസ്ഥാനങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.


ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും നോബല്‍ ജേതാവുമായ അമര്‍ത്യാസെന്‍ പ്രശംസിച്ച വികസന രീതിയാണ് കേരളത്തിലുണ്ടായിരുന്നത്. കേരളത്തിന്റെ വികസന സമ്പ്രദായത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞത് ഇതാണ് ''സമ്പൂര്‍ണ വികസനം സാധ്യമാകുന്നു എന്നതാണ് കേരളത്തിലെ വികസന സമ്പ്രദായത്തിന്റെ പ്രത്യേകത'' . എന്നാല്‍ നമുക്ക് ഇന്ന് ഈ വിശേഷണം എത്രത്തോളം യോജിക്കുമെന്ന് ചിന്തിക്കേണ്ടതാണ്. പഴയ വികസന സമ്പ്രദായം സമൂഹത്തില്‍ പിന്നോക്കം നിന്നിരുന്നവരെ മുഖ്യധാരയിലേക്കെത്തിക്കാനായിരുന്നുവെങ്കില്‍ ഇന്നത്തെ വികസന സമ്പ്രദായം വലിയൊരു വിഭാഗം ജനങ്ങളേയും പുറമ്പോക്കിലേക്ക് അടിച്ചിറക്കുകയാണ് (പുതിയ വികസന സമ്പ്രദായത്തിന്റെ വക്താക്കള്‍ പറയുന്ന മുദ്രാവാക്യം പഴയതു തന്നെയാണ്). വികസന സമ്പ്രദായത്തിന്റെ നേട്ടമായി നാം ഉയര്‍ത്തിക്കാണിക്കുന്നത് ദാരിദ്ര്യ രേഖയ്ക്ക താഴെയുളളവരുടെ കണക്കാണ്. അത് കുറഞ്ഞു വരികയാണെന്നും അത് വികസന സമ്പ്രദായത്തിന്റെ നേട്ടമാണെന്നും മാറിമാറി കേരളം ഭരിച്ച സര്‍ക്കാറുകള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍, താഴേത്തട്ടിലുളളവരും മുകള്‍ത്തട്ടിലുളളവരും തമ്മിലുളളവരും തമ്മിലുളള വിടവ് വലുതായിക്കൊണ്ടിരിക്കുകയാണെന്ന കാര്യം മനസിലാക്കാന്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമൊന്നും ആവശ്യമില്ല. തൊട്ടറിയാന്‍ കഴിയുന്ന യാഥാര്‍ഥ്യമാണ്.


സാക്ഷരത, സാര്‍വത്രിക വിദ്യാഭ്യാസം, ശിശമരണ നിരക്ക് തുടങ്ങിയ മേഖലകളില്‍ നമ്മുടെ നാട് നേടിയ നേട്ടങ്ങള്‍ മറ്റുസംസ്ഥാനങ്ങളെക്കാള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസ-സാക്ഷരതാ രംഗങ്ങളിലുണ്ടായ അസൂയാവഹമായ മുന്നേറ്റം സാമൂഹിക വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയാതെ പോയടത്താണ് പ്രതിസന്ധികള്‍ ഉണ്ടായിത്തുടങ്ങിയത്. പ്രതിസന്ധിയുടെ കാരണങ്ങള്‍ എന്ത് എന്ന ചോദ്യത്തിന് നമുക്ക് കിട്ടുന്ന ഉത്തരങ്ങള്‍ ഇതാണ്. തൊണ്ണൂറുകളില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ട ഉപഭോഗ സംസ്കാരം, മനുഷ്യന്റെ സമഗ്രവ്യക്തിവികസനത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്ന ആത്മീയത ഉപരിപ്ലവമായോ പ്രകടങ്ങളായോ മാറിയത്, അരാഷ്ട്രിയവത്കരിക്കപ്പെട്ട യുവത്വം അങ്ങനെ ഒട്ടനവധികാരണങ്ങള്‍. വിദ്യാഭ്യാസത്തിന് ഒരുവ്യക്തിയെ വിദ്യാസമ്പന്നനാക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ സാമൂഹ്യബോധത്തിലേക്ക് അവനെ നയിക്കണമെങ്കില്‍ മുകളില്‍ പറഞ്ഞ പ്രതിസന്ധികളെ നമുക്ക് മറികടന്നേ മതിയാവൂ. സാമൂഹ്യ പുരോഗതിക്ക് വേണ്ടിയുളള സംഘടിതമായ ഇടപെടലുകള്‍ നടത്താന്‍ രാഷ്ട്രീയത്തിനും മതത്തിനും കഴിയണം. എന്നാല്‍ സമൂഹ്യ വ്യവസ്ഥിതിയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സംഘടിത ഇടപെടലുകള്‍ വളരെ ദുര്‍ബലമായിപ്പോകുന്ന സ്ഥിതി വിശേഷമാണ് നമുക്ക് കാണാന്‍കഴിയുന്നത്.


നമ്മുടെ ആഭ്യന്തര തൊഴില്‍ രംഗത്ത് സംഭവിച്ചിരിക്കുന്ന തളര്‍ച്ചയാണ് നമ്മുടെ നാടിന്റെ സമഗ്രമായ വികസനത്തിന് തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട കാര്യം. ഈ തളര്‍ച്ച പരിഹരിക്കാന്‍ പഴയവികസന സമ്പ്രദായങ്ങള്‍ക്ക് കഴിയാതെ പോയി. അല്ലെങ്കില്‍ ആഭ്യന്തര തൊഴില്‍ മേഖലയുടെ വളര്‍ച്ചയെ ആരും ഗൗരവമായി കണ്ടില്ല. ഇത് ഉന്നത വിദ്യാഭ്യാസം നേടിയ പലരേയും സംസ്ഥാനം വിട്ടുപോകാന്‍ പ്രേരിപ്പിച്ചു. പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്ന് പുതിയ സാങ്കേതിക വിദ്യകളുടേയും മാര്‍ക്കറ്റിംഗ് മേഖലകളിലേക്കുമുളള യുവതലമുറയുടെ കുടിയേറ്റം മൂലം നമുക്ക്് നഷ്ടപ്പെട്ട മനുഷ്യവിഭശേഷിയുടെ കണക്കുകള്‍ നാം കണക്കിലെടുക്കേണ്ടതുണ്ട്. ഏതൊരു നാടിന്റെയും വികസനം മനുഷ്യവിഭശേഷിയാണ്. നമുക്ക് ഉണ്ടായിട്ടും ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയാത്തതും അതാണ്. ഇത്തരത്തില്‍ നാം കൈയൊഴിഞ്ഞ തൊഴിലിടങ്ങളിലേക്ക് ബംഗാളില്‍ നിന്നും ഗുജറാത്തില്‍ നിന്നും ആളുകള്‍വന്നു നിറയുകയാണ്. അതിജീവനത്തിനു വേണ്ടി. നമ്മുടെ നാട് നമ്മുടേതല്ലാതാവുന്നു.


വിദ്യാസമ്പന്നരാലും വിദ്യാഭ്യാസസ്ഥാപനങ്ങളാലും നമ്മുടെ കൊച്ചുസംസ്ഥാനം വളരെ സമൃദ്ധമാണ്. എന്നാല്‍ സാമൂഹിക കാഴ്ചപ്പാടിലും സാമൂഹികാവബോധത്തിലും നാം ദരിദ്രരാണ്. ഇത് തീര്‍ച്ചയായും ഒരു വിരോധാഭാസമാണ്. ബോധതലത്തിന്റെ കാര്യമാണ് ഇവിടെ പറയുന്നത്. വ്യക്തമായ കാഴ്ചപ്പാടോടും സാമൂഹ്യപ്രതിബദ്ധതയോടു കൂടി അതിനെ വികസിപ്പിക്കാന്‍ മുമ്പൊക്കെ ഒരുപാട് ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. . സമൂഹത്തില്‍ ഓരോകാലങ്ങളിലും രൂപപ്പെട്ടിരുന്ന ജീര്‍ണ്ണതകള്‍ക്കും വികലവും അശാസ്ത്രിയവുമായ വികസനകാഴ്ചപ്പാടുകള്‍ക്കുമെതിരേ നിരന്തരമായി പ്രവര്‍ത്തിച്ഛിരുന്ന സാമൂഹ്യ സാസ്കാരികനായകരും സാമൂഹ്യപരിഷ്കര്‍ത്താക്കളും നമുക്കുണ്ടായിരുന്നു. ഇന്നു നമുക്കുള്ളത് പരസ്പരം ഗ്വാ ഗ്വാ വിളിക്കുകയും പ്രശസ്തിയും സ്ഥാനമാനങ്ങളൂം മാത്രമാഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നവരുമായ സാംസ്കാരിക നായകന്മാര്‍ എന്ന് പറയപ്പെടുന്ന ചിലര്‍ മാത്രമാണ്.


സമൂഹത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന വിഭാഗത്തിന് മാത്രം ഗുണം ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഈയൊരു ചെറിയ ശതമാനം ആളുകള്‍ക്ക് വേണ്ടി ബി.ഒ.ടി.പാതകളും താപനിലയങ്ങളും കളിമണ്‍ഖനനങ്ങളൂം വ്യവസായ പാര്‍ക്കുകളും ഒക്കെ ഉണ്ടാക്കുമ്പോള്‍, ഇടിച്ചു നിരത്തപ്പെടുകയും മുഖ്യധാരയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യുന്ന വലിയൊരു ജനവിഭാഗത്തെ നാം കാണാതെ പോകുന്നു. മനുഷ്യനുള്‍പ്പെടെ സകല ജീവജാലങ്ങളുടേയും നിലനില്‍പ്പിനായി പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന കുന്നും വയലും കാടും മേടും പുഴയും വെള്ളച്ചാട്ടങ്ങളൂം കടലോരങ്ങളും കണ്ടല്‍ക്കടുകളും ഒക്കെ ചിലര്‍ക്ക് വികസനമെന്ന ഓമനപ്പേരിട്ട് തീറെഴുതിക്കൊടു ക്കുമ്പോള്‍ പാരിസ്ഥിതികവും സാമൂഹ്യവുമായി സ്വന്തം നാട്ടില്‍ത്തന്നെ അഭയാര്‍ഥികളാക്കപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് നാം കാണാതെ പോകുന്നു. സന്തുലിതമായ ഒരു വികസനം നടക്കുന്നില്ലെങ്കില്‍ മനുഷ്യന്‍ എന്ന ജീവജാതി അടുത്ത തലമുറയില്‍ മറ്റൊന്നായി പരിണമിച്ചേക്കാം.അവന്റെ നാശം തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്.

Saturday, June 19, 2010

തെരുവില്‍ ഉരുളുന്ന പന്ത്‌

Sandeep Salim
ദക്ഷിണാഫ്രിക്കയില്‍ നിന്നു ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശപ്പത ലോകമെങ്ങും തുളുമ്പിവീഴുമ്പോള്‍, ലോകത്തിന്റെ ഈ ഓരോ ദിവസത്തെയും അനേകം മണിക്കൂറുകള്‍ ഈയൊരു ആവേശത്തില്‍ മുങ്ങുമ്പോള്‍, ഫുട്‌ബോള്‍ താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ ഉറക്കമൊഴിപ്പിക്കുന്ന വിസ്മയമായി മാറുകയും ആ താരങ്ങള്‍ നേടുന്ന ആരാധനയുടെ കഥകള്‍ അദ്ഭുതത്തോടെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എത്രപേരറിയുന്നു, ആ സുവര്‍ണതാരങ്ങളില്‍ പലരും അവികസിത രാജ്യങ്ങളിലെ ദരിദ്രമായ തെരുവുകളില്‍ ഫുട്‌ബോളെന്നു പറയാനാവാത്ത ഫുട്‌ബോള്‍ കളിച്ച് അന്തര്‍ദേശീയ ഫുട്‌ബോളിലെ മാന്ത്രികരായി മാറിയവരാണെന്ന്. സ്ട്രീറ്റ് ഫുട്‌ബോള്‍ എന്നു പരക്കെ അറിയപ്പെടുന്ന ഒരു പന്തുകളി-അത് ഫുട്‌ബോളാണോയെന്നു ചോദിച്ചാല്‍ അല്ലേയല്ല എന്നു ഫുട്‌ബോള്‍ വിദഗ്ധര്‍ പറയും-അതു കളിച്ചാണ് പലരും ഫിഫാ ഫുട്‌ബോളിലെത്തിയെത്;പ്രത്യേകിച്ച് ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും പലതാരങ്ങള്‍.


ഉത്സവങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ദരിദ്രവും പരുക്കനുമായ കളിയിടങ്ങളില്‍ തുണിപ്പന്തോ തുകല്‍പ്പന്തോ കൊണ്ടു കളിക്കുന്ന സ്ട്രീറ്റ് ഫുട്‌ബോളിന്റെ ആവേശം ആ ഭൂകണ്ഡങ്ങള്‍ക്കു പുറത്ത് അത്രയൊന്നും പരിചിതമല്ല.

പ്രണയത്തിലും യുദ്ധത്തിലും നിയമങ്ങളില്ലെന്നാണല്ലോ പറയാറ്. എഴുതപ്പെട്ട നിയമങ്ങളില്ലാത്ത, വളരെ അനൗപചാരികമായ ഫുട്‌ബോളാണു സ്ട്രീറ്റ് ഫുട്‌ബോള്‍. നിയമത്തിന്റെ വളയത്തിനപ്പുറം നടക്കുന്ന സ്ട്രീറ്റ് ഫുട്‌ബോളിനു തെരുവിന്റേതായ സ്വഭാവങ്ങളും അതിന്റേതായ ഗുണങ്ങളുമുണ്ട്.

ഒരു നാടന്‍ വിനോദം എന്നതിനപ്പുറം , ജീവിതം പ്രതിസന്ധിയിലെത്തുമ്പോള്‍ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമായും ചെറുത്തു നില്പായും ഫുട്‌ബോള്‍ മാറുന്നു. മയക്കുമരുന്ന് ഗുണ്ടാ മാഫിയാ സംഘങ്ങല്‍ തമ്മിലുള്ള പകയും മത്സരങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും സ്ട്രീറ്റ് ഫുട്‌ബോളിലായിരുന്ന കാലമുണ്ടായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാവണം ലോകപ്രശ്‌സ്ത സാഹിത്യകാരന്‍ ജെ.ബി. പ്രീസ്റ്റലി ''വഴിപിഴച്ചുപോയ യുവത്വത്തിന്റെ വിനോദം'' എന്ന് സ്ട്രീറ്റ് ഫുട്‌ബോളിനെ വിശേഷിപ്പിച്ചത്.

എന്നാല്‍, അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ലോകോത്തര താരങ്ങളില്‍ പലരും പിറവിയെടുത്തതു സ്ട്രീറ്റ് ഫുട്‌ബോളില്‍ നിന്നാണ്. ബ്രസീലിന്റെ സ്‌ട്രൈക്കര്‍ റൊബീനോ ഉദാഹരണം. അവികസിത മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് ഫുട്‌ബോള്‍ അക്കാഡമികളും ശാസ്ത്രസാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച റിസേര്‍ച്ച് ഡെസ്കുകളും അപ്രാപ്യമാണ്. എന്നിട്ടും അവരുടെയിടയില്‍ നിന്നും ലോകോത്തര താരങ്ങള്‍ പിറവിയെടുക്കുന്നു. അതിന്റെ രഹസ്യമന്വേഷിക്കുന്നവര്‍ എത്തിച്ചേരുന്നത് സ്ട്രീറ്റ് ഫുട്‌ബോളിലാണ്. ഇതു തിരിച്ചറിഞ്ഞ ഒരു സ്‌പോര്‍ട്‌സ് ലേഖകന്‍ ഒരിക്കല്‍ പറഞ്ഞു: ""ബ്രസീലില്‍ ഒരു ഫുട്‌ബോള്‍ താരം ജനിക്കുന്നതു കോച്ചിംഗ് സെന്ററിലെ അച്ചടക്കത്തില്‍ നിന്നല്ല, കടല്‍ത്തീരങ്ങളില്‍ നിന്നോ തിരക്കുകുറഞ്ഞ തെരുവുകളില്‍ നിന്നോ ആണ്. കുടുസു റോഡില്‍ പെറുക്കി വച്ചിരിക്കുന്ന രണ്ടു കല്ലുകള്‍ക്കിടയിലൂടെ പന്തടിച്ചു കയറ്റുന്നവന് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ പോസ്റ്റിന്റെ വീതി ഒരു കളിസ്ഥലത്തിനു തുല്യമാണ്.''

സ്ട്രീറ്റ് ഫുട്‌ബോള്‍ പേരു സൂചിപ്പിക്കും പോലെ തെരുവുകളിലോ വെളിംപ്രദേശത്തോ നടക്കുന്നതുകൊണ്ടു മാത്രമല്ല വ്യത്യസ്തമാകുന്നത്. ഓരോ രാജ്യത്തും, എന്തിന് ഓരോ പ്രദേശത്തും, വ്യത്യസ്തമായ നിയമങ്ങളാണ് എന്നതും അതിന്റെ പ്രത്യേകതയാണ്.

സാധാരണ ഫുട്‌ബോളിനു നിര്‍ബന്ധമായും വേണ്ട നിശ്ചിത വലുപ്പമുള്ള മൈതാനം, മൈതാനത്തെ അടയാള വരകള്‍, ഫുട്‌ബോള്‍ ഉപകരണങ്ങള്‍ (ഒന്നിലേറെ ഫുട്‌ബോള്‍, ഗ്ലൗസുകള്‍, ഷൂസ്, നെറ്റ് തുടങ്ങിയവ), പതിനൊന്നു കളിക്കാര്‍ വീതമുള്ള രണ്ടു ടീമുകള്‍, മത്സരം നിയന്ത്രിക്കുന്നതിനു റെഫറിമാര്‍, ലൈന്‍സ്മാന്‍മാര്‍ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ സ്ട്രീറ്റ് ഫുട്‌ബോളിന് ആവശ്യമില്ല.


സ്ട്രീറ്റ് ഫുട്‌ബോളില്‍ എടുത്തു പറയേണ്ട പ്രത്യേകത സാധാരണ ഫുട്‌ബോളിലേതുപോലെ കളിക്കാര്‍ക്കു പ്രത്യേക സ്ഥാനങ്ങളില്ല എന്നതാണ്. സാധാരണ ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍ പെനല്‍റ്റി ഏരിയായ്ക്കുള്ളില്‍ കളിക്കേണ്ട ആളാണെങ്കില്‍ (ഫിഫയുടെ പുതിയ നിയമം), സ്ട്രീറ്റ് ഫുട്‌ബോളില്‍ "ഗോള്‍ കീപ്പര്‍' ഫോര്‍വേഡുമാകുന്നു. ഗോളിയായി തീരുമാനിക്കപ്പെട്ടയാള്‍ ഗോള്‍പോസ്റ്റിന് അടുത്തെങ്ങുമില്ലെങ്കില്‍ ടീമിലെ മറ്റൊരു കളിക്കാരനു "ഗോളി' യാകാവുന്നതാണ്. "എനിമാന്‍ സേവ്‌സ്' എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.


സ്ട്രീറ്റ് ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍മാര്‍ പൊതുവേ രണ്ടുവിഭാഗങ്ങളില്‍ പെടുന്നവരാണ്. റഷും സ്ക്രാംബിളും. റഷ് വിഭാഗത്തില്‍പ്പെടുന്ന ഗോള്‍കീപ്പര്‍മാര്‍ക്കു നിയന്ത്രണങ്ങളൊന്നുമില്ലെങ്കില്‍ സ്ക്രാംബിള്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്കു പ്രത്യേക കളിസ്ഥലമുണ്ട്. ഉറൂഗ്വേയിലെ തെരുവുകളിലാണ് മത്സരം നടക്കുന്നതെങ്കില്‍ പെനല്‍റ്റി ഏരിയയില്‍ കയറിയ ആര്‍ക്കും ഗോളിയാകാം.


സാധാരണ ഫുട്‌ബോളിലെ "ഫൗളുകള്‍' ഒന്നും സ്ട്രീറ്റ് ഫുട്‌ബോളില്‍ ഫൗളല്ലാതാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ "ഫൗളുകള്‍' മിനിമമായ മത്സരമാണ് സ്ട്രീറ്റ് ഫുട്‌ബോള്‍. താരങ്ങളുടെ എണ്ണത്തിലും സ്ട്രീറ്റ് ഫുട്‌ബോളില്‍ നിബന്ധനകളില്ല. കളിക്കാരുടെ എണ്ണം ഒറ്റ നമ്പറായാലും ഇരട്ടനമ്പറായാലും സ്ട്രീറ്റ് ഫുട്‌ബോള്‍ നടക്കും. ഒരു ഉദാഹരണം പറയാം: പതിനഞ്ചു പേരാണു മത്സരത്തിനുള്ളതെന്നു കരുതുക. ഒരു ടീമില്‍ എട്ടും എതിര്‍ടീമില്‍ ഏഴും പേരാവും ഉണ്ടാവുക. അധികമായി വന്ന കളിക്കാരന്‍ ഇരു ടീമുകള്‍ക്കും വേണ്ടിയാണു കളിക്കുക. പലപ്പോഴും മുന്നേറ്റം നടത്തുന്ന ടീമിനൊപ്പമാവും "എക്‌സ്ട്രാ' കളിക്കാരന്റെ കളി. ഇരു ടീമുകള്‍ക്കും വേണ്ടി ഗോളടിക്കുന്ന "എക്‌സ്ട്രാ' കളിക്കാര്‍ സ്ട്രീറ്റ് ഫുട്‌ബോളില്‍ സാധാരണം.


മത്സരം നടക്കുന്ന പ്രദേശങ്ങള്‍ക്കനുസരിച്ച് നിയമങ്ങളും വ്യത്യസ്തമാവാറുണ്ടെന്നു പറഞ്ഞല്ലോ. അത്തരത്തില്‍ ഒന്നാണ് "നോ സ്‌കോറിംഗ് ഇന്‍സൈഡ് ദ ബോക്‌സ്'. ഇത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്. ഈ നിയമമനുസരിച്ച്, ഗോള്‍ പോസ്റ്റില്‍ നിന്ന് ആറു മീറ്റര്‍ അകലെ നിന്നു മാത്രമേ ഗോളടിക്കാനാവൂ.

ആഫ്രിക്കയിലും ശ്രീലങ്കയിലും കടല്‍ത്തീരങ്ങളില്‍ നടക്കുന്ന സ്ട്രീറ്റ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇപ്പോഴും പിന്തുടരുന്ന ഒരു നിയമമാണ് "പെനല്‍റ്റീസ് ഓള്‍ റൗണ്ട്'. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന്‍ പന്തു കൈ കൊണ്ടു തട്ടിയാല്‍ എതിര്‍ ടീമിലെ എല്ലാവരും (ഗോളിയൊഴികെ) പെനല്‍റ്റി കിക്ക് എടുക്കാനുള്ള അനുവാദമാണ് ഈ നിയമം നല്കുന്നത്.


സ്ട്രീറ്റ് ഫുട്‌ബോള്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ അച്ചടക്കമില്ലാത്ത വരുടെ കളിയെന്ന് തോന്നുമെങ്കിലും സാമൂഹിക പരിവര്‍ത്തനത്തിന് ഉതകുന്ന വിധത്തില്‍ സ്ട്രീറ്റ് ഫുട്‌ബോളിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചില സ്ട്രീറ്റ് ഫുട്‌ബോ ള്‍ ക്ലബുകളുമായി യോജിച്ചു നടത്തുന്ന 'ഫുട്‌ബോള്‍ ഫോര്‍ ഹോപ' എന്ന പദ്ധതി അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തി ആര്‍ജിച്ചിരിക്കുകയാണ്. ഫുട്‌ബോളിന്റെ ദേശാതീതമായ സ്വീകാര്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ സാമൂഹിക വികസനമാണ് ഫിഫ ലക്ഷ്യമിടുന്നത്.


ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീനയിലും ബ്രസീലിലും പ്രാദേശികമായി രൂപപ്പെട്ട സ്ട്രീറ്റ്ഫുട്‌ബോള്‍വേള്‍ഡ് എന്ന എന്‍ജിഒയാണ് ഫുട്‌ബോളിനെ സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താമെന്നു കണ്ടെത്തിയത്. പദ്ധതി തുടങ്ങുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നെന്ന് എന്‍ജിയോ പ്രവര്‍ത്ത കര്‍തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഫുട്‌ബോള്‍ ഫോര്‍ ഹോപ് മുന്നോട്ടുവച്ച ആശയത്തിന്‌വലിയ ജ}പിന്തുണയാണ് ലഭിച്ചത്. പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്തു നിന്ന്. വഴിപിഴച്ചുപോയ മക്കളെക്കുറിച്ചും, ഭര്‍ത്താക്കമാരെക്കുറിച്ചും ഓര്‍ത്തു ദു:ഖിക്കുന്ന സ്ത്രീകളുടെ പിന്തുണ പ്രസ്ഥാനത്തിന് ലഭിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കപ്പെട്ട യുവാക്കളെ അതില്‍ നിന്നും സംരക്ഷിക്കുക എന്ന ദൗത്യമാണ് ഫുട്‌ബോള്‍ ഫോര്‍ ഹോപ് ആദ്യം ഏറ്റെടുത്ത ദൗത്യം. അതിനായി സ്ട്രീറ്റ് ഫുട്‌ബോളിനെ വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇതിന് മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ ലഭിച്ച പിന്തുണയാണ് ഈ പദ്ധതിയെ പ്രാദേശിക തലത്തില്‍ തളച്ചിടേണ്ടതല്ലെന്ന ബോധം സംഘാടകര്‍ക്കുണ്ടാക്കിയത്. അതിനെത്തുടര്‍ന്നാണു 2006- ല്‍ ഫിഫയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതും ഫിഫ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതും

ഫിഫയ്ക്ക് ഐക്യരാഷ്ട്ര സംഘടനയെക്കാള്‍ ക്കാള്‍ അംഗബലമുണ്ടത്രേ. ഒരു ഏകദേശ കണക്കനുസരിച്ച് ലോകത്ത് കാല്‍ക്കോടിയിലേറെപ്പേര്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടെന്നാണ്. ലോകത്തെ ജനസംഖ്യയുടെ പകുതിയോളം പേര്‍ ഫുട്‌ബോള്‍ മത്സരങ്ങല്‍ കാണാന്നു. ഫുട്‌ബോളിന്റെ ഈ സാര്‍വലൗകികതയേയും ജനകീയതയേയും മനുഷ്യനന്‍മയ്ക്കു വേണ്ടി ഉപകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടിട്ടുളള പ്രസ്ഥാനമാണ് ഫുട്‌ബോള്‍ ഫോര്‍ ഹോപ്. പണത്തിന്റെയും വികസനത്തിന്റെയും മതത്തിന്റെയും ലിംഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ മുഖ്യധാരയില്‍ നിന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ട നിസഹായരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന വലിയൊരു സമൂഹത്തിന്റെ ഉന്നമനമാണു ഫുട്‌ബോള്‍ ഫോര്‍ ഹോപ് എന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.


മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും എത്തിപ്പെട്ട് ജീവിതം നശിച്ചുപോകുന്ന യുവത്വത്തെ അവയില്‍ നിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രീറ്റ് ഫുട്‌ബോളിനെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന്് ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രസ്ഥാനത്തിന്റെ ആഫ്രിക്കന്‍ കോ-ഓര്‍ഡിനേറ്റര്‍ സിയാക ചോള്‍ ചിദി പറയുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ലോകത്ത് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരേ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യവും ഫുട്‌ബോള്‍ ഫോര്‍ ഹോപിനുണ്ട്.

ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ട മനുഷ്യവിഭവശേഷി തെറ്റായ കാര്യങ്ങളിലേക്കു വഴിതിരിഞ്ഞ് നഷ്ടപ്പെട്ടു പോകുന്നതാണ് ലോകം നേരിടുന്ന വലിയ പ്രതിസ്ധിയെന്ന് ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രവര്‍ത്തകര്‍ പറയുന്നു. എയ്ഡ്‌സ് ഒരു മഹാവ്യാധിയായി മാറിയിരിക്കുന്ന ആഫ്രിക്കയില്‍, കുഴിബോംബ് സ്‌ഫോടനങ്ങളില്‍ ദിനം പ്രതി അനേകം പേര്‍ മരിക്കുന്ന കംബോഡിയയില്‍, മയക്കുമരുന്നു വ്യാപാരത്തിന്റെ ലോകതലസ്ഥാനമായ കൊളംബിയയില്‍, ഇനിയും സമാധാനം പിറക്കാത്ത ഇറാക്കില്‍, എന്നും അസ്വസ്ഥമായ അഫ്ഗാനിസ്ഥാനില്‍ ഒക്കെ പ്രതീക്ഷയുടെ കാറ്റു നിറച്ച ഫുട്‌ബോളുമായി, തിന്‍മയുടേയും അക്രമത്തി ന്റെയും വഴികള്‍ വിടാന്‍ പ്രേരണയുമായി ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രസ്ഥാനം എത്തുന്നു.

Tuesday, June 8, 2010

ഏകാന്തസഞ്ചാരത്തിന്റെ താഴ്‌വരകളില്‍

Sandeep Salim


കോവിലന്‍ എന്ന എഴുത്തുകാരന്‍ ജീവിതത്തില്‍നിന്നു പടിയിറങ്ങുമ്പോള്‍ നമുക്കു നഷ്ടമാകുന്നത് ആധുനികത എന്ന രചനാരീതി മലയാള സാഹിത്യത്തില്‍ എത്തുന്നതിനുമുമ്പ് ആധുനികനായിരുന്ന എഴുത്തുകാരനെയാണ്.

മലയാള സാഹിത്യത്തിലെ പരിവര്‍ത്തന കാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന 1970- കളില്‍ കാല്പനികതയ്ക്കും ദിവാസ്വപ്നങ്ങള്‍ക്കും ബദലായി തീവ്ര റിയലിസത്തെ ഉയര്‍ത്തിക്കൊണ്ടു വന്ന സാഹിത്യകാരില്‍ പ്രഥമഗണനീയനാണു കോവിലന്‍. കോവിലന്റെ കൃതികളില്‍ ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവുമൊക്കെ സാഹിത്യഭംഗി നിറഞ്ഞ വാക്കുകള്‍ക്കൊണ്ടു തൊങ്ങല്‍ തൂക്കിയവയല്ല; മറിച്ച്, പരുക്കന്‍ യാഥാര്‍ഥ്യത്തിന്റെ ചൂടും ചൂരും നിറഞ്ഞവയാണ്.

1923-ല്‍ ഗുരുവായൂരിനടുത്തു കണ്ടാണിശേരിയില്‍ ജനിച്ച വി.വി.അയ്യപ്പന്‍ സ്കൂള്‍ പഠനകാലത്തുതന്നെ എഴുത്തിനോടു താത്പര്യം പ്രകടിപ്പിച്ചിരുന്നു. അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കാലത്തുതന്നെ വായനയെ ഗൗരവപൂര്‍വം സമീപിച്ചു. ആശാന്റെ കൃതികളാണ് ആദ്യം വായിക്കുന്നത്. അന്ന് മനസില്‍ കയറിക്കൂടിയ ആഗ്രഹമാണ് വലിയൊരു എഴുത്തുകാരനാവുക എന്നത്. എഴുതിത്തുടങ്ങിയത് കവിതകളാണ്. കാലം ചെല്ലുന്തോറും തന്റെ അനുഭവങ്ങളുടെ ചക്രവാളം വികസിപ്പിച്ചപ്പോഴാണ് തനിക്കു പറയാനുള്ളതെല്ലാം കവിതയില്‍ ഒതുങ്ങില്ല എന്ന കാര്യം പിന്നീടു കോവിലനായി മാറിയ അയ്യപ്പന്‍ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവാണ് കോവിലനെ നോവലിലേക്കും ചെറുകഥയിലേക്കും നയിച്ചത്.

എഴുതിത്തുടങ്ങിയപ്പോള്‍ താന്‍ അനുഭവിച്ച അത്മസംഘര്‍ഷങ്ങളെക്കുറിച്ച് കോവിലന്‍ പറയുന്നതിങ്ങനെ: ""എന്നിലെ എഴുത്തുകാരനോടു ഞാന്‍ പറഞ്ഞു, മലയാള സാഹിത്യം ദാ ഇവിടെവരെ എത്തിച്ചേര്‍ന്നിരിക്കുന്നു; ഇവിടെ നിന്നാണ് നീ തുടങ്ങേണ്ടത്. ഇന്നലെവരെ പിന്‍തുടരപ്പെട്ടിരുന്ന മാതൃകകളെ തിരസ്കരിക്കുകയോ പൊളിച്ചെഴുതുകയോ ചെയ്യുക എന്ന ദുഷ്കരമായ ദൗത്യമാണു നീ ഏറ്റെടുക്കേണ്ടത്.''

താനനുഭവിച്ച ആത്മസംഘര്‍ഷങ്ങളെ തൂലികത്തുമ്പിലേക്ക് ആവാഹിച്ചെടുത്തപ്പോള്‍ കോവിലന്‍ മലയാള സാഹിത്യത്തില്‍ സ്വന്തമായൊരു തട്ടകം സൃഷ്ടിക്കുകയായിരുന്നു. ജീവിതം വഴിമുട്ടിയപ്പോള്‍ പട്ടാളക്കാരന്റെ വേഷം കെട്ടിയപ്പോഴും തന്നിലെ എഴുത്തുകാരനെ സംരക്ഷിക്കാന്‍ കോവിലനു സാധിച്ചു.

പട്ടാളജീവിതം കോവിലനിലെ എഴുത്തുകാരനെ പരിപോഷിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കോവിലന്റെ കൃതികള്‍ക്ക് പട്ടാളക്കാരുടെ പരേഡിന്റെ അച്ചടക്കവും പരുക്കന്‍ ഭാവങ്ങളും നല്കിയതും ഈ പട്ടാള ജീവിതം തന്നെ.

തന്റെ കൃതികളെ പട്ടാളക്കഥകള്‍ എന്ന ചട്ടക്കൂടിനുള്ളിലേക്ക് ഇടിച്ചുകൊള്ളിക്കാന്‍ ശ്രമിച്ചവരോടെല്ലാം കലഹിക്കാന്‍ കോവിലന്‍ തയാറായി. പട്ടാളക്കാരന്റെ മാത്രമല്ല, മനുഷ്യസഹജമായ എല്ലാ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നവരാണ് തന്റെ കഥാപാത്രങ്ങള്‍. പാറപ്പുറവും നന്തനാരും എഴുതിയതില്‍ നിന്നു വ്യത്യസ്തമായാണ് താന്‍ എഴുതിയതെന്ന ഉറച്ച വിശ്വാസവും ഈ കലഹത്തിനു കാരണമാണെന്ന് കോവിലന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതീവ ജാഗ്രതയോടെ നടത്തേണ്ട ഒന്നാണ് എഴുത്ത് എന്ന് ഉറച്ചു വിശ്വസിച്ച കോവിലന്‍ തന്റെ എഴുത്തു രീതിയെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്: ""ഞാനെഴുതിയതുപോലെ മറ്റൊന്ന് ഞാനെഴുതുകയില്ല. പാടില്ല. വലിയ തെറ്റാണത്. അങ്ങനെ ചെയ്താല്‍ എനിക്കു പണംകിട്ടുമായിരിക്കും. ഇവിടെ വായനക്കാര്‍ കബളിപ്പിക്കപ്പെടുന്നു. ഒരേ കണക്കില്‍, ഒരേ കമ്മട്ടത്തില്‍ സൃഷ്ടി നടത്തുക, അതു ഞാന്‍ ചെയ്യുകയില്ല. കഥ തന്നെ ഒരേ പാറ്റേണില്‍ നാലെണ്ണമെഴുതുമ്പോള്‍ എനിക്ക് അറയ്ക്കും. തലയില്‍ കയറിയതു പോകുന്നതുവരെ പിന്നെ വലിയ വിഷമമായിരിക്കും. പിന്നെ പുതിയ എഴുത്തുരീതി സ്വീകരിക്കും. അപ്പോള്‍ വീണ്ടും എഴുതും.''

താനെഴുതിക്കൂട്ടിയതെല്ലാം ഉത്തമസാഹിത്യമാണെന്നു മേനി പറയുന്ന എഴുത്തുകാരുടെ ഇടയില്‍ ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളുടെ തെളിമയില്‍ നിന്നുകൊണ്ടു ലോകത്തെ വീക്ഷിച്ച കോവിലന്‍ വ്യത്യസ്തനാകുന്നു. എന്‍.വി. കൃഷ്ണവാരിയര്‍ ഒരിക്കല്‍ കോവിലനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ മാത്രം മതി കോവിലനെന്ന പ്രതിഭയുടെ ആഴം മനസിലാക്കാന്‍. ""പുതിയ സാങ്കേതികരീതികളുപയോഗിച്ച് പുതിയ അനുഭൂതി മണ്ഡലങ്ങളെ ഈ പട്ടാളക്കാരന്‍ കടന്നാക്രമിച്ചു. ഫലമോ, നമ്മുടെ കഥാസാഹിത്യത്തിന്റെ അതിര് പെട്ടെന്നങ്ങു വലുതായി. മലയാളത്തില്‍ മാത്രമായി ഒതുങ്ങിനില്‌ക്കേണ്ടവയല്ല ഈ കഥകള്‍. ഭാരത വ്യാപകമായ ഒരു സാഹിത്യവും ആദ്യമായി മലയാളത്തില്‍ സൃഷ്ടിച്ചതിനുള്ള ബഹുമതി കോവിലനാണ്. പട്ടാളത്തിന്റെ എല്ലാ ഞരമ്പും മാംസവുമാണ് ആ കഥകള്‍.''

സാഹിത്യ രചന തനിക്ക് വളരെ ആയാസകരമായ ഒരു കാര്യമായിരുന്നെന്ന് കോവിലന്‍ വ്യക്തമാക്കുന്നു. ‘’ഒരു കഥ എഴുതുമ്പോള്‍ത്തന്നെ കുറെ ആവശ്യമില്ലാത്ത ചിന്തകളും കടന്നു വരും. അതെല്ലാം ചേര്‍ത്ത് എഴുതേണ്ടി വരും. കരണം തലച്ചോറില്‍ നിന്നു കഥയുമായി ബന്ധപ്പെട്ട എല്ലാ ചിന്തകളും പുറത്തു വരണം. പിന്നീടാണ് കഥയുടെ ശില്പം ഉരുത്തിരിയുന്നത്. കരിങ്കല്ലില്‍ നിന്നു ത}ിക്ക് ആവശ്യമില്ലാത്തതെല്ലാം ചെത്തിക്കളയുന്ന ശില്പിയുടേതിനു സമാനമായ പ്രവൃത്തിയാണത്. ആദ്യം ബോധപൂര്‍വമെഴുതും. പകര്‍ത്തിയെഴുതുമ്പോള്‍ വരുന്നതു പോലെ എഴുതും.’’

ഏതു കൃതിയിലും കഥാപാത്രങ്ങളെ സാധാരണ മനുഷ്യരുടെ എല്ലാ പ്രത്യേകതകളോടും കൂടി അവതരിപ്പിക്കാന്‍ കോവിലന്‍ പ്രദര്‍ശിപ്പിച്ച അനിതരസാധാരണമായ കഴിവ് പുതിയ എഴുത്തുകാര്‍ക്ക് ഉത്തമമാതൃകയാണ്. ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോള്‍ അവന്‍/അവള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ പശ്ചാത്തലത്തിനു മങ്ങലേല്ക്കാതിരിക്കാന്‍ കോവിലന്‍ പ്രത്യേക ശ്രദ്ധ നല്കിയിരുന്നു.

എ മൈനസ് ബി, ഏഴാമെടങ്ങള്‍, ഹിമാലയം, താഴ്‌വരകള്‍ തുടങ്ങിയ നോവലുകളാണ് കോവിലനു പട്ടാളക്കാഥികന്‍ എന്ന വിശേഷണം നേടിക്കൊടുത്തത്.

പട്ടാളക്കാരുടെയിടയിലെ അന്തര്‍ നാടകങ്ങള്‍ ചിത്രീകരിച്ച "ഏഴാമെടങ്ങ'ളാണ് കോവിലന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പട്ടാളക്കഥയെന്നു പറയാം. സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ എങ്ങനെ സൈന്യത്തെ ഭരിക്കുന്നു എന്നു കോവിലന്‍ ഇതില്‍ കാട്ടിത്തരുന്നു. മിസിസ് നായിഡു വിന്റെയും ലഫ്. കേണല്‍ സത്യപ്രതാപ് നായിഡുവിന്റെയും ഇടപെടലുകള്‍ വരച്ചിടുന്നതിലൂടെ സൈന്യത്തിലെ "അന്തര്‍ രാഷ്ട്രീയ നാടകങ്ങള്‍' സൈന്യത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന കാര്യം ഓര്‍മപ്പെടുത്തുകകൂടിയാണു കോവിലന്‍.

കോവിലന്‍ എന്ന എഴുത്തുകാരനെ പുറം ലോകം അറിഞ്ഞുതുടങ്ങുന്നത് "എ മൈനസ് ബി' എന്ന കൃതി പുറത്തുവരുമ്പോഴാണ്. മദ്യപാനിയായ മുത്തയ്യ, സൈനികനെന്ന നിലയിലാണെങ്കിലും താന്‍ നടത്തിയ കൊലപാതകങ്ങളില്‍ മനഃസാക്ഷിക്കുത്ത് അനുഭവിക്കുന്ന സേലാസിംഗ്, കൗമാര പ്രണയത്തിന്റെ കൗതുകങ്ങളുടെയും തീവ്രതയുടെയും പ്രതീകമായ രാജമ്മ, പെണ്ണിലും മദ്യത്തിലും മയങ്ങി ജീവിക്കുന്ന താന്തോന്നിയായ മാധവന്‍-ഇവരൊക്കെ സമൂഹത്തില്‍ നാം കണ്ടു മറന്നുകളയുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്.

"ഏഴാമെടങ്ങ'ളില്‍ നിന്നു "താഴ്‌വര'യിലേക്കെത്തുമ്പോള്‍ സൈന്യത്തിലെ അനാരോഗ്യ പ്രവണതകളെയും അഴിമതികളെയും ചോദ്യം ചെയ്യാനുള്ള കരുത്തു നേടിയ കോവിലനെയാണു കാണാന്‍ കഴിയുക. പരിശീലനത്തിന്റെയും ആധുനിക ആയുധങ്ങളുടെയും അഭാവത്തില്‍ തളര്‍ന്നു പോകുന്ന ഇന്ത്യന്‍ സൈന്യത്തെ ചിത്രീകരിക്കുക വഴി നിരവധി ചോദ്യങ്ങളാണു കോവിലന്‍ ഈ നോവലിലൂടെ ഉയര്‍ത്തുന്നത്.

കോവിലന്റെ "ഹിമാലയം' എന്ന നോവല്‍ വായിക്കുന്നവര്‍ക്ക് കാണാനാവുക പട്ടാളക്കാരന്റെ പരുക്കന്‍ സ്വഭാവം പേറുന്ന കഥാപാത്രങ്ങളെയല്ല, മറിച്ച് ദാര്‍ശനിക ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന കഥാപാത്രങ്ങളെയാണ്. മനുഷ്യന്‍ എത്ര കരുത്താര്‍ജിച്ചാലും ഒരിക്കല്‍ വിധിക്കു കീഴടങ്ങേണ്ടിവരും എന്ന പ്രപഞ്ച സത്യം ഓര്‍മപ്പെടുത്തുകയാണു കോവിലന്‍. ശത്രുവിനോട് എന്നതിനൊപ്പം തന്റെ മനഃസാക്ഷിയോടും യുദ്ധം ചെയ്യേണ്ടിവന്ന കഥാപാത്രങ്ങളാണ് ഹവീല്‍ദാര്‍ മേജര്‍ രാജനും ശിവാനന്ദനും.

പട്ടാളക്കഥാകാരന്‍ എന്ന വിശേഷണത്തില്‍ നിന്നു കോവിലനെ പുറത്തെത്തിച്ച കൃതിയാണ് തോറ്റങ്ങള്‍. സ്ത്രീജീവിതത്തിന്റെ ആഴം ചിത്രീകരിച്ച കൃതിയാണ് "തോറ്റങ്ങള്‍.' സ്ത്രീകളുടെ ജീവിതത്തിലെ ഉയര്‍ച്ചകളും സന്തോഷങ്ങളും ചുഴികളും ജീവിത സ്പര്‍ശി യായി കോവിലന്‍ ഇതില്‍ അവതരിപ്പിച്ചു.

ഏതു ജീവിതം ചിത്രീകരിക്കുമ്പോഴും കോവിലന്‍ പുലര്‍ത്തിയ വാക്കുകളുടെ മിതത്വം പലപ്പോഴും വിമര്‍ശന വിധേയമായെങ്കിലും ഇത് കോവിലനു മാത്രം സാധിക്കുന്ന ഒന്നാണെന്നു കരുതണം. അന്നുവരെ നിലവിലിരുന്ന സൗന്ദര്യ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ നോവലാണ് തോറ്റങ്ങള്‍. അതുകൊണ്ടു തന്നെ തോറ്റങ്ങളില്‍ ലാവണ്യാനുഭവം തേടിയ പല നിരൂപകര്‍ക്കും ഈ നോവല്‍ രുചിക്കാതെ പോയി. കൂടാതെ ഇതില്‍ നിറഞ്ഞു നില്ക്കുന്ന പരുക്കന്‍ യാഥാര്‍ഥ്യങ്ങളും ഇതിനെ നിരൂപകരില്‍ നിന്ന് അകറ്റിനിര്‍ത്തി.

ഇതേക്കുറിച്ച് കോവിലനു നല്ല ബോധ്യ വുമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. കോവിലന്റെ വാക്കുകള്‍ തന്നെ അതിനു തെളിവാണ്. '' ജീവിതാവബോധത്തിന് യാതൊരു പ്രാധാന്യവും നല്‍കാത്ത വായനക്കാര്‍ക്കും നിരൂപണത്തെ വളരെ ലാഘവത്തോടെയും ഒരു ജോലിതീര്‍ക്കലായും കാണുന്ന നിരൂപകര്‍ക്കും വേണ്ടി ഞാന്‍ എഴുതാറില്ല ''. എന്നു കോവിലന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു ധിക്കാരിയുടെ പരിവേഷവുമുണ്ടായിരുന്നു.

ജീവിത യാഥാര്‍ഥ്യങ്ങളുടെ തീവ്രത നിലനിര്‍ത്തുന്നതിനായി കഥാപാത്രങ്ങളുടെ ബാഹ്യമായ വിശദാംശങ്ങളില്‍പ്പോലും പിശുക്കുകാണിക്കാന്‍ കോവിലന്‍ തയാറായി.നഗരജീവിയായ പുത്രന്‍ തന്റെ പരാധീനതകളെക്കുറിച്ചെഴുതിയ കത്ത് വീണ്ടും വീണ്ടും വായിക്കുന്ന അച്ഛന്റെ ചിത്രത്തിലൂടെ കോവിലന്‍ വര്‍ത്തമാന കാലത്തിന്റെ ഉത്കണ്ഠകളെയാണു വായനക്കാരനു നല്കുന്നത്. എന്നെങ്കിലും അയച്ചു കിട്ടുമെന്നു സ്വപനം കാണുന്ന മണിയോര്‍ഡറും ചേന്നാടന്‍ ശേഖരന്റെ വിദേശപണവുമൊക്കെ തണുത്തുറഞ്ഞു പോയ ചില യാഥാര്‍ഥ്യങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്. തോറ്റങ്ങള്‍ കോവിലന്റെ മികച്ച കൃതിയാവുന്നതും ഈ കാരണങ്ങളാലാണ്.

"തട്ടക'ത്തിലേക്കെത്തുമ്പോള്‍ സാംസ്കാരികമായി പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനക്കൂട്ടത്തിന്റെ വൈകാരികതകളിലേക്കാണു കോവിലന്‍ ഇറങ്ങിച്ചെല്ലുന്നത്. ബ്രാഹ്മണമേധാവിത്വത്തെ ചെറുത്തുനിന്ന ജനങ്ങളുടെ വംശപരമ്പരയാണ് ഈഴവരെന്നു കാട്ടാന്‍ ബോധപൂര്‍വമായ ശ്രമമാണു കോവിലന്‍ "തട്ടക'ത്തിലൂടെ നടത്തിയിരിക്കുന്നത്.

സ്വന്തം നാടായ കണ്ടാണിശേരിയുടെ കഥയിലൂടെ, അന്നുവരെ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന സവര്‍ണധാരണകളെ സ്വന്തം സ്വത്വ ബോധത്തില്‍ നിന്നു കൊണ്ടു ചോദ്യംചെയ്യുകയായിരുന്നു കോവിലന്‍.

"തോറ്റങ്ങ'ളില്‍ കഥകളുടെ വൈകാരിക രംഗങ്ങളില്‍ നിന്നും വൈകാരിക തീവ്രത ചോര്‍ന്നു പോകാതിരിക്കാന്‍ വാക്കുകളിലും പശ്ചാത്തല വിവരണങ്ങളിലും മിതത്വം പാലിച്ച കോവിലനെയല്ല "തട്ടക'ത്തിലെത്തുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. കണ്ടാണിശേരിയും പന്നിശേരിയും വെട്ടുകാടും പട്ടാമ്പിപ്പുഴയും മുനിമടയും പുല്ലാനിക്കുന്നും കല്ലുകുത്തിപ്പാറയും തുടങ്ങി കാഴ്ചകളുടെ സമൃദ്ധിയിലേക്കാണു തട്ടകം വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്. ബോധധാരാ രചനാ സങ്കേതം പിന്തുടരുക വഴി മലയാളിയുടെ സംവേദനശക്തിയെ പരീക്ഷിച്ച നോവലിസ്റ്റാണു കോവിലനെന്ന് നിസംശയം പറയാം.

സാഹിത്യത്തിലായാലും ഏതൊരു കലാരൂപത്തിലായാലും കാലം കാത്തു സൂക്ഷിക്കുന്ന സംഭാവനകള്‍ മിക്കതും അധഃകൃതന്റേതായിരുന്നുവെന്ന് കോവിലന്‍ കരുതിയിരുന്നു. തന്റെ വാദം തെളിയിക്കുന്ന തിനായി നിരവധി ഉദാഹരണങ്ങളും കോവില ന്റെ പക്കലുണ്ട്. ഇതിഹാസങ്ങളുടെ കര്‍ത്താക്കള്‍ രണ്ടുപേരും അധഃകൃതരായിരുന്നു. വ്യാസന്‍ മുക്കുവത്തിയില്‍ പിറന്നവനാണെങ്കില്‍ വാത്മീകി കാട്ടാളനായിരുന്നു. ചിത്രകലയിലേക്കും ശില്പകലയിലേക്കും എത്തിയാലും തന്റെ വാദത്തില്‍ ഉറച്ചു നില്ക്കാന്‍ കോവിലന്റെ കൈയില്‍ ഉദാഹരണങ്ങളുണ്ട്. അജന്തയും എല്ലോറയും അധഃകൃതരുടേതാണ്.

കോവിലന്‍ മലയാള സാഹിത്യത്തിന് ആത്യന്തികമായി വിലപ്പെട്ടവനാകുന്നത് അദ്ദേഹം തന്റെ കൃതികളിലൂടെ ചര്‍ച്ച ചെയ്ത സാമൂഹിക പ്രശ്‌നങ്ങളാലും സാംസ്കാരിക പ്രതിസന്ധികളാലും എന്നതിലുപരി, അദ്ദേഹം തന്റെ രചനകള്‍ക്കു നല്കിയ ശില്പഭംഗിയിലൂടെയാണ്. വളരെ കുറച്ചു വാക്കുകള്‍ക്കൊണ്ട് അതിതീവ്രവും ശക്തവുമായ ഭാവങ്ങല്‍ പ്രതിഫലിപ്പിക്കാന്‍ കോവിലനോളം മികവു പുലര്‍ത്തിയ എഴുത്തുകാര്‍ വിരളമാണ്.

കോവിലന്റെ കൃതികളൂടെ കലാഭംഗിയെപ്പറ്റി അനുവാചകരുടെ ഇടയിലും നിരൂപകരുടെ ഇടയിലും അഭിപ്രായവ്യത്യാസം ഉണ്ടാവാം. എന്നാല്‍ അവയുടെ തനിമ ആര്‍ക്കും നിഷേധിക്കാനാവില്ല.

Tuesday, April 6, 2010

ഗാനഗന്ധര്‍വന്‌ 24ാം അവാര്‍ഡ്‌

മലയാളികളെ ഏറ്റവുമധികം സന്തോഷിപ്പിച്ച വ്യക്തിയാര്‌ എന്ന ചോദ്യത്തിന്‌ സംഗീതപ്രിയനായ ഒരു സഹൃദയന്‍ ഒരിക്കല്‍ പറഞ്ഞത്‌ അത്‌ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസല്ലേ എന്നാണ്‌. 24ാം തവണയും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനായുളള പുരസ്‌കാരത്തിന്‌ കെ ജെ യേശുദാസ്‌ അര്‍ഹനാകുമ്പോള്‍ മുകളില്‍ പറഞ്ഞത്‌ ഒരു വെറുംവാക്കല്ലാതായി മാറുകയാണ്‌.



1940 ജനുവരി പത്തിന്‌ ഫോര്‍ട്ട്‌ കൊച്ചിയില്‍ സംഗീതജ്ഞനും നാടകപ്രവരര്‍ത്തകനുമായ അഗസ്റ്റിന്‍ ജോസഫിന്റെ മകനായി പിറന്ന കാട്ടശ്ശശേരി ജോസഫ്‌ യേശുദാസ്‌ വളരെ ചെറുപ്പം മുതല്‍തന്നെ സംഗീതത്തില്‍ അഭിരുചി പ്രകടിപ്പിച്ചിരുന്നു. മകന്റെ സംഗീതവാസന തിരിച്ചറിയാന്‍ സംഗീതജ്ഞന്‍ കൂടിയായ അച്ഛന്‍ അഗസ്റ്റ്യന്‍ ജോസഫിന്‌ ഒരു പ്രയാസവുമില്ലായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നെങ്കിലും മകന്റെ സംഗീതവാസനയെ പ്രോസ്സാഹിപ്പിക്കുന്നതില്‍ നിന്നും അതൊന്നും അഗസ്റ്റ്യന്‍ ജോസഫിനെ മാറ്റിനിര്‍ത്തിയില്ല. ആദ്യ ഗുരുവും അച്ഛന്‍ തന്നെയായിരുന്നു. പിന്നീട്‌ തിരുവന്തപുരത്തെ മ്യൂസിക്‌ അക്കാദമിയിലും, തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലും സംഗീത പഠനം നടത്തിയ യേശുദാസ്‌ വെച്ചൂര്‍ ഹരിഹര സുബ്രമണ്യഅയ്യരുടേയും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേയും ശിഷ്യനായിരുന്നു.




1961ല്‍ കെ എസ്‌ ആന്റണി സംവിധാനം ചെയ്‌ത കാല്‍പാടുകള്‍ എന്ന ചിത്രത്തിലെ ജാതിഭേദം മതദ്വേഷം എന്ന ഗാനം ആലപിച്ചു കൊണ്ട്‌ മലയാള ചലച്ചിത്ര ലോകത്ത്‌ പ്രവേശിച്ച യേശുദാസിന്‌ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എം ബി ശ്രീനിവാസനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്‌. യേശുദാസ്‌ യുഗത്തിനാണ്‌ പിന്നീട്‌ മലയാള സിനിമ സാക്ഷ്യം വഹിച്ചത്‌.




മലയാള സിനിമാ ചലച്ചിത്ര ഗാനങ്ങളുടെ സുവര്‍ണകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന അറുപതുകള്‍ മുതല്‍ എണ്‍പതുകളുടെ അവസാന കാലം വരെയുളള ഇരുപതുവര്‍ഷക്കാലം പകരക്കാരനില്ലാതെ നിലനില്‍ക്കാന്‍ കഴിഞ്ഞതാണ്‌ യേശുദാസിനെ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടനായും ഗാനഗന്ധര്‍വനായും വളര്‍ത്തിയത്‌.




സംഗീത സംവിധായകരായ  എം എസ്‌ ബാബുരാജ്‌, വി ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ മികച്ചഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചതും യേശുദാസിനായിരുന്നു. ഇവരോടൊപ്പം ഗാനരചയിതാക്കളായ വയലാര്‍ രാമവര്‍മ, പിഭാസ്‌കരന്‍, ഒഎന്‍വി കുറുപ്പ്‌ എന്നിവര്‍ കൂടിച്ചേര്‍ന്നതോടു കൂടി മലയാളത്തിലേ ഏറ്റവും മികച്ച ഗാനങ്ങള്‍ യേശുദാസിനെ തേടിയെത്തി.




കാശ്‌മീരി, ആസാമീസ്‌ തുടങ്ങി വിരലിലെണ്ണാവുന്ന ഭാഷകളിലൊഴികെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടാന്‍ കഴിയുക എന്ന മഹാഭാഗ്യവും യേശുദാസിനെ തേടിയെത്തിയിട്ടുണ്ട്‌. ഗാനഗന്ധര്‍വന്‍ എന്ന വിശേഷണം പൂര്‍ണമായ അര്‍ഥത്തില്‍ ചേരുക യേശുദാസിന്‌ തന്നെയാണെന്ന്‌ അദ്ദേഹത്തിന്‌ ലഭിച്ച പുരസ്‌കാരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നു.


1975ല്‍ പദ്‌മശ്രീയും 2002ല്‍ പദ്‌മഭൂഷന്‍ ബഹുമതിയും നല്‍കി ഭാരത സര്‍ക്കാര്‍ യേശുദാസിനെ ആദരിച്ചിരുന്നു. 2009 ല്‍ മധ്യവേനലിലെ ഗാനത്തിനു ലഭിച്ചതുള്‍പ്പെടെ 24 നാലുതവണ സംസ്ഥാന സര്‍ക്കാര്‍ യേശുദാസിനെ മികച്ച ഗായകനായി തെരഞ്ഞെടുത്തു. ഏഴുതവണ മികച്ച ഗായകനുളള ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. എട്ടുതവണ തമിഴ്‌നാട്‌ സര്‍ക്കാരിന്റെയും ആറുതവണ ആന്ധ്രാ സര്‍ക്കാരിന്റെയും അഞ്ചുതവണ കര്‍ണാടക സര്‍ക്കാരിന്റെയും ഒരു തവണ ബംഗാള്‍ സര്‍ക്കാരിന്റയും മികച്ച ഗായകനുളള അവാര്‍ഡുകള്‍ യേശുദാസിനെ തേടിയെത്തിയിട്ടുണ്ട്‌. പുതു മുഖങ്ങള്‍ക്ക്‌ അവസരം ലഭിക്കണമെന്ന ചിന്തയോടു കൂടി ഒരിക്കല്‍ തന്നെ ഇനി സംസ്ഥാന അവാര്‍ഡുകള്‍ക്ക്‌ പരിഗണിക്കേണ്ടന്ന്‌ യേശുദാസ്‌ പറയുകയുണ്ടായി. എന്നിട്ടും എഴുപതാം വയസില്‍ മികച്ചഗായകനുളള അവാര്‍ഡ്‌ യേശുദാസിനെ തേടിയെത്തുമ്പോള്‍ അംഗീകാരം യഥാര്‍ഥപ്രതിഭയുടെ നിഴലാണ്‌. കുറച്ചു കാലം അതിനെ മറച്ചു പിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരിക്കലും വേര്‍പെടുത്താനാവില്ല എന്ന ക്ഷേക്‌സ്‌പിയര്‍ വാക്യം അന്വര്‍ഥമാവുകയാണ്‌.

Sunday, March 21, 2010

അരങ്ങ്‌,അണിയറ,അതിനപ്പുറം

സന്ദീപ്‌ സലിം/ഡോ. വയലാ വാസുദേവന്‍പിളള
മലയാളത്തിന്റെ വികാരങ്ങളും ഭാവങ്ങളും നാടകത്തിലൂടെ ലോക ത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ നാടകക്കാരിലൊരാളാണു ഡോ. വയലാ വാസുദേവന്‍പിള്ള. ഈ വര്‍ഷത്തെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തിയതു മലയാളത്തിന്റെ നാടകഭാവുകത്വത്തിനുളള ദേശീയ അംഗീകാരമായി.

എഴുത്തും വായനയും നാടകവും സിനിമയുമെല്ലാം ഉത്സവാഘോഷങ്ങളിലെ കെട്ടു കാഴ്‌ചകളായി മാറുന്ന ഇക്കാലത്ത്‌ അരണ്ട വെളിച്ചത്തില്‍ കഴിയുന്ന മുഖങ്ങളും വിധി പറയലുകള്‍ക്കും വിശകലനങ്ങള്‍ക്കുമപ്പുറം വെളിപ്പെടാതെ പോകുന്ന മനുഷ്യ മനസുകളുമാണു വയലാ തന്റെ നാടകങ്ങളിലൂടെ വെളിച്ചത്തു കൊണ്ടുവരുന്നത്‌.

വയലാ ഒരു നാടകക്കാരന്‍ എന്നിതിനൊപ്പം അധ്യപകനുമാണ്‌. തിരുവന്തപുരം മാര്‍ ഇവാനിയോസ്‌ കോളജില്‍ അധ്യാപകനായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. എം.എ ഇംഗ്ലീഷ്‌ ലിറ്ററേച്ചര്‍ അവസാന വര്‍ഷ പരീക്ഷ എഴുതി പിറ്റേ ദിവസം തന്നെ അതേ കോളജില്‍ അധ്യാപകനാവാന്‍ കഴിയുക എന്ന ഭാഗ്യത്തിന്‌ ഉടമയാണ്‌ ഡോ.വയലാ വാസുദേവന്‍ പിളള. അന്നത്തെ പ്രിന്‍സിപ്പല്‍ ഗീവര്‍ഗീസ്‌ പണിക്കരച്ചനുമായുണ്ടായിരുന്ന വ്യക്തിബന്ധമാണ്‌ ഇത്തരമൊരു ഭാഗ്യം തനിക്ക്‌ നേടിത്തന്നതെന്ന്‌ അദ്ദേഹം പറയുന്നു. അധ്യാപനം സാമൂഹിക മാറ്റിത്തിലേക്ക്‌ നയിക്കുന്ന പുണ്യപ്രവൃത്തി കൂടിയാണെന്നു കരുതുന്ന അധ്യാപകനായിരുന്നു വയലാ.

വളരെ ചെറുപ്പകാലം മുതല്‍ തന്നെ അധ്യാപകന്‍ ബഹുമാനിക്കപ്പെടേണ്ട ഒരാളാണെന്ന ചിന്ത വയലായ്‌ക്കുണ്ടായിരുന്നു, അത്‌ ഏത്‌ ക്ലാസിലെ അധ്യാപകനായാലും . അതു തന്റെ അമ്മയില്‍ നിന്നു കിട്ടിയതാണെന്ന്‌ അദ്ദേഹം പറയുന്നു. ഏതു ക്ലാസില്‍ പഠിച്ചാലും ആദ്യ ദിവസം ആദ്യമായി ക്ലാസിലേക്ക്‌ കടന്നുവരുന്ന അധ്യാപകന്‌ ദക്ഷിണ നല്‌കി അനുഗ്രഹം വാങ്ങണമെന്ന്‌ അമ്മ നിര്‍ദേശിക്കുമായിരുന്നു. അതിനായി വെറ്റിലയും അടയ്‌ക്കയും നാലു കാശും അടങ്ങിയ ദക്ഷിണ നല്‌കുന്നതിന്‌ പ്രയാസമില്ലായിരുന്നു. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലെത്തിയപ്പോള്‍ ഉണ്ടായ ചമ്മലും മുഴങ്ങിയ കൂട്ടച്ചിരിയും ഗൃഹാതുരത്വത്തോടെ അദ്ദേഹം ഓര്‍ക്കുന്നു. അല്‌പം ചമ്മലോടെ ആയിരുന്നെങ്കിലും അധ്യാപകരോടു ചോദിച്ചു വാങ്ങിയ അനുഗ്രഹങ്ങളാണ്‌ തന്റെ ജീവിതത്തിലെ അമൂല്യ സമ്പാദ്യങ്ങളെന്ന്‌ അദ്ദേഹം പറയുന്നു.

നാടകത്തിലേക്ക്‌ എങ്ങനെ വന്നുവെന്ന ചോദ്യത്തിന്‌ നാടകം എന്നിലേക്കാണോ അതോ താന്‍ നാടകത്തിലേക്കാണോ വന്നതെന്ന്‌ അറിയില്ല’എന്നാണ്‌ അദ്ദേഹത്തിന്റെ മറുപടി. 1952-53ല്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്തുതന്നെ മനസില്‍ കയറിക്കൂടിയതാണു നാടകം. അക്കാലത്ത്‌ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളിലെ അവിഭാജ്യഘടകമായിരുന്നു നാടകങ്ങള്‍. അധ്യാപകര്‍ അവതിരിപ്പിച്ച നാടകത്തില്‍ അഭിനയിച്ചു കൊണ്ടാണു വയലാ നാടക ജീവിതം അരംഭിക്കുന്നത്‌. അധ്യാപകര്‍ അന്നു നല്‌കിയ പ്രോത്സാഹനം വളരെ വലുതായിരുന്നു. നാടകം തനിക്ക്‌ വെറും നേരമ്പോക്കല്ല, ജീവിതനിയോഗമാണെന്ന തിരിച്ചറിവ്‌ വയലായില്‍ സൃഷ്‌ടിക്കാന്‍ കടവൂര്‍ ഗോപിനാഥന്‍ നായരുള്‍പ്പെടെയുള്ള അധ്യാപകര്‍ക്കായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അധ്യാപകര്‍ കൊളുത്തിയ ചെറുതിരിയുടെ പ്രകാശം നാട്ടിന്‍പുറത്തെ കലാസമിതികളുടെ കര്‍ട്ടനു പിന്നില്‍ നില്‌ക്കാതെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ കടന്ന്‌ പൊയ്‌ക്കൊണ്ടിരിക്കുന്നു.

വാക്കുകള്‍ക്കപ്പുറത്തുളള വൈകാരിക തീവ്രതയാണ്‌ വയലായുടെ ഓരോ നാടകവും കാഴ്‌ചക്കാരിലെത്തിക്കുന്നത്‌. സര്‍വ്വതും സ്വാര്‍ഥ താത്‌പര്യങ്ങളുടെയും വിപണിമൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന ലോകത്തില്‍ അവയ്‌ക്കെതിരേ തീര്‍ക്കുന്ന പ്രതിരോധങ്ങളാണു വയലായുടെ നാടകങ്ങള്‍.

ഉപരിപ്ലവമല്ലാത്ത സാമൂഹ്യദര്‍ശനങ്ങള്‍ പറയേണ്ടി വരുന്നതു കൊണ്ടാവാം സങ്കീര്‍ണത വയലാ നാടകങ്ങളുടെ മുഖമുദ്രയാകുന്നത്‌. ആ തിരിച്ചറിവാണ്‌ തന്റെ നാടകങ്ങള്‍ ജനപ്രിയമല്ല എന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ വയലാ തയാറാവാത്തതിന്റെ കാരണവും. പൊതുസമൂഹത്തിന്റെ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ എഴുതപ്പെടേണ്ടതല്ല ഒരു സര്‍ഗാത്മക കൃതിയും. കാഴ്‌ചക്കാരെ പ്രത്യക്ഷത്തില്‍ സ്വാധീനിക്കാന്‍ നാടകത്തിനു കഴിയുമ്പോള്‍ത്തന്നെ സമൂഹം ചിന്തിക്കേണ്ട ഉയര്‍ന്ന തലം ചൂണ്ടിക്കാണിക്കാനും നാടകത്തിനാവണം.

ഒരു അധ്യാപകന്‍ തന്റെ മുന്നിലിരിക്കുന്ന നാല്‌പതോ അമ്പതോ കുട്ടികളുടെ മാത്രം അധ്യാപകനല്ലെന്നും അയാള്‍ ലോകത്തിന്റെ മുഴുവന്‍ അധ്യാപകനാണെന്നുമുളള ദര്‍ശനം ജീവിതത്തില്‍ കൊണ്ടുനടക്കുന്ന വയലായുടെ നാടകങ്ങളിലും ഈ ദര്‍ശനം കണ്ടെത്താനാവും.

നടന്‍ എന്ന നിലയില്‍ നിന്നു നാടകരചയിതാവിലേക്കും പിന്നീട്‌ നടകസംഘാടകനിലേക്കുമുളള വയലായുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ചത്‌ പ്രഫ.ജി.ശങ്കരപ്പിളളയുടെ നാടകക്കളരിയാണ്‌. ഇതില്‍ നിന്നു ലഭിച്ച അറിവ്‌ വയലായിലെ നാടകകാരനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്‌. അന്ന്‌ ലഭിച്ച അറിവാണ്‌ നാടകം എന്ന കല ശാസ്‌ത്രീയമായി പഠിക്കണം എന്ന ചിന്ത തന്നില്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം ഓര്‍ക്കുന്നു.

തിയേറ്റര്‍ എന്നത്‌ നിരവധി കലാരൂപങ്ങളുടെ സങ്കരരൂപമാണ്‌. പാട്ട്‌, നൃത്തം, പെയിന്റിംഗ്‌, ശില്‌പകല തുടങ്ങി നിരവധി കലാരൂപങ്ങളുടെ സത്ത ഉള്‍ക്കൊളളുമ്പോഴാണ്‌ തിയേറ്റര്‍ കലാകാരന്‌ പൂര്‍ണത കൈവരുന്നത്‌. അത്തരം കലാകാരന്‍മാരുടെ കൂട്ടായ പരിശ്രമമാണ്‌ നാടകത്തെ മികച്ച ഒരു കലാസൃഷ്ടിയാക്കിമാറ്റുന്നതും. നാടകകളരികളില്‍ നിന്നു ലഭിച്ച അറിവാണ്‌ സുവര്‍ണരേഖയെന്ന നാടകസംഘം സ്ഥാപിക്കാന്‍ വയലായ്‌ക്ക്‌ പ്രേരണ നല്‍കിയത്‌. വയലായുടേതുള്‍പ്പെടെ മുപ്പതോളം നാടകങ്ങള്‍ സുവര്‍ണരേഖ വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി. ജഗദീഷ്‌, ശ്രീലത, അലക്‌സ്‌ കടവില്‍ തുടങ്ങിയ താരങ്ങള്‍ സുവര്‍ണരേഖയുടെ സംഭാവനയാണ്‌. പല ആധുനിക യൂറോപ്യന്‍ നാടകങ്ങളെ മലയാളിക്കു പരിചയപ്പെടുത്തിയതും സുവര്‍ണരേഖയാണ്‌.

മനുഷ്യബന്ധങ്ങളുടെ തകര്‍ച്ച മന:ശാസ്‌ത്രത്തിന്റെ കൂടി തലത്തില്‍ അവതരിപ്പിക്കുന്നതാണു വയലാ യുടെ അഗ്നി(1982) എന്ന നാടകം , നാം കൊണ്ടു നടക്കുന്ന നിരവധി ദുഷിച്ച മൂല്യങ്ങളുടെ കടയ്‌ക്കല്‍ കൊളുത്തേണ്ട അഗ്നിയാവുന്നു.1979ല്‍ രചിച്ച തുളസീവരം എന്ന നാടകത്തിലൂടെ, അടിയന്തരാവസ്ഥ സൃഷ്ടിച്ച ഏകാധിപത്യ പ്രവണതകളെ വിമര്‍ശിക്കാനും അദ്ദേഹം തയാറായി. അടിയന്തരാവസ്ഥയെ എതിര്‍ത്തവരെയെല്ലാം ഇടതുപക്ഷ സഹയാത്രികരാക്കുന്ന പ്രവണതയുടെ ഫലമായി വയലായ്‌ക്കും ആ പേര്‌ ലഭിക്കുകയുണ്ടായി. എന്നാല്‍ താന്‍ ഒരു പ്രത്യയശാസ്‌ത്രത്തിന്റെയും പ്രസ്ഥാനത്തിന്റെയും വക്താവല്ല എന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു. പ്രസ്‌ഥാനങ്ങളുടെ ഭാഗമാകേണ്ടിവരുമ്പോള്‍ അവയുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അത്‌ പലപ്പോഴും മനുഷ്യത്വത്തിനു വിരുദ്ധമായി മാറുന്നത്‌ നാം കണ്ടുകഴിഞ്ഞതാണ്‌. ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമാകാതെ മനുഷ്യസ്‌നേഹിയാവുക എന്നതാണ്‌ തന്റെ ലക്ഷ്യമെന്ന്‌ വയലാ തിരിച്ചറിയു ന്നു.

നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം സ്വന്തം നാടകപാരമ്പര്യത്തിന്റെ ഭാഗമായി സ്വീകരിക്കുമ്പോഴും സ്ഥായിയായ ഒരു ഘടന നാടകങ്ങളില്‍ നിലനിര്‍ത്തുമ്പോഴും നിരന്തരം അതിനെ നവീകരിക്കാനുളള പരീക്ഷണങ്ങളില്‍ വയലാ മുഴുകുന്നത്‌ നവീകരിക്കപ്പെടാത്തതെല്ലാം കാലഹരണപ്പെട്ടു പോകും എന്ന ചിന്തയില്‍ നിന്നാവാം. എന്നാല്‍ പാരമ്പര്യം നമുക്കു നല്‍കിയിട്ടുളള തനിമകള്‍ നിലനിര്‍ത്താനുളള തീവ്ര ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്‌. വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഇതിഹാസത്തിന്റെ പശ്‌ചാത്തലത്തില്‍ പറയാന്‍ ശ്രമിച്ച കുചേലഗാഥ (1988) എന്ന റേഡിയോ നാടകം ഇതിന്‌ ഉദാഹരണമാണ്‌. ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ നാടകത്തിനെതിരേ ഉപരോധം നടത്തിയത്‌ വയലായെ വിവാദ നായകനാക്കിയെങ്കിലും പ്രതിഷേ ധങ്ങളോട്‌ അദ്ദേഹം കൈക്കൊണ്ട മാന്യമായ നിലപാട്‌ അദ്ദേഹത്തിലെ കലാകാരന്റെ യഥാര്‍ഥ ചിത്രമാണ്‌ നല്‍കിയത്‌.

1992ല്‍ ഷാര്‍ജയില്‍ പത്തുപേര്‍ ആറുവര്‍ഷം തടവിനു ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയ `ശവംതീനി ഉറുമ്പുകള്‍' എന്ന വിവാദ നാടകത്തിന്റെ രചയിതാവെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും ഷാര്‍ജ കോടതി കുറ്റവാളിയെന്ന്‌ മുദ്രകുത്തിയപ്പോഴും ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷയേല്‍ക്കേണ്ടി വന്നവന്റെ രോഷത്തെ മറികടക്കാന്‍ വയലായെ സഹായിച്ചത്‌ പകപോക്കലിന്റെ ക്രൗര്യമല്ല തന്റെ വഴിയെന്ന്‌ മന്ത്രിച്ച കലാകാരന്റെ മന:സാക്ഷിയാണ്‌. കാര്‍ത്തികേയന്‍ പടിയത്ത്‌ രചിച്ച നാടകമാണ്‌ വയലായുടേതെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ടതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതും.

സ്വന്തം സാമ്രാജ്യം വിപുലപ്പെടുത്താന്‍ യുദ്ധവെറിപൂണ്ട്‌ ഇറങ്ങിത്തിരിച്ചിരിക്കുന്ന അധിനിവേശ ശക്തികള്‍ക്കെതിരേയുളള ശബ്ദമാണ്‌ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ തിരുവനന്തപുരം സെനറ്റ്‌ ഹാളില്‍ അവതരിപ്പിച്ച വയലായുടെ `ആണ്ടുബലി' എന്ന നാടകത്തില്‍ മുഴങ്ങിക്കേട്ടത്‌. മഹാഭാരത യുദ്ധത്തെ കുന്തി, ദ്രൗപദി,ഗാന്ധാരി, സുഭദ്ര എന്നീ കഥാപാത്രങ്ങളിലൂടെ നോക്കിക്കാണുന്ന നാടകം സമൂഹത്തില്‍ മ്‌ പാര്‍ശ്വവത്‌കരിക്കപ്പെട്ട ജനതയുടെ വികാരമാ യി മാറുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കിടയില്‍ ഒന്നോ രണ്ടോ നാടകത്തില്‍ കൂടുതല്‍ രചിക്കാന്‍ തയാറാകാത്ത, എഴുതുന്ന ഓരോ വാക്കിന്റെയും മുഴക്കത്തില്‍ ശ്രദ്ധയൂന്നുന്ന വയലായുമായി ഒരു കൂടിക്കാഴ്‌ച.



പ്രഫഷണല്‍ നാടകം ഇന്നു പ്രതിസന്ധി നേരിടുന്നുണ്ട്‌. അതുപോലെ സമാന്തര നാടകവേദിയും. എന്താണ്‌ ഇതിനു കാരണം?



നാടകങ്ങളെ സമാന്തരമെന്നും പ്രഫഷണല്‍ എന്നും തിരിക്കുന്നതിനോടു വ്യക്തിപരമായി ഞാന്‍ യോജിക്കുന്നില്ല. കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തിലായാലും എന്നും അന്വേഷണമാണു നാടകങ്ങളെ സൃഷ്‌ടിക്കുന്നത്‌. പ്രഫഷണല്‍ നാടകങ്ങള്‍ കലാകാരന്മാരുടെ ജീവിതമാര്‍ഗമാണെന്നാണു പറയുന്നത്‌. അത്‌ നാടകത്തിന്റെ കാര്യത്തില്‍ മാത്രമല്ലല്ലോ. എല്ലായിടത്തും അതങ്ങനെയാണുതാനും.

നാടകങ്ങള്‍ സാമൂഹിക മാറ്റത്തിനു പ്രേരിപ്പിക്കണം. മലയാളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഈ ലക്ഷ്യത്തോടെ നാടകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ടല്ലോ. കെ.ദാമോദരന്റെ `പാട്ടബാക്കി' (1937), ചെറുകാടിന്റെ നാടകങ്ങള്‍, തോപ്പില്‍ ഭാസിയുടെ `നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി,' കെ.ടി. മുഹമ്മദിന്റെ `ഇതു ഭൂമിയാണ്‌' തുടങ്ങിയ പലതും. ഇവയില്‍ അഭിനയിച്ചവര്‍ ഈ നാടകങ്ങള്‍ മുന്നോട്ടുവച്ച സാമൂഹിക ആശയങ്ങളെ പിന്തുണയ്‌ക്കുന്നവരായിരുന്നു. പിന്നീട്‌ അവരെല്ലാം നാടകപ്രവര്‍ത്തനം ജീവിതമാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. അപ്പോള്‍ സമൂഹം അവരെ പ്രഫഷണല്‍ നാടകക്കാരെന്നു വിളിച്ചു. എന്നാല്‍ ഇവയൊന്നും സാമ്പത്തിക ലാഭം ലക്ഷ്യം വച്ച്‌ എഴുതപ്പെട്ടവയായിരുന്നില്ലെന്നതാണു സത്യം. അതുകൊണ്ടാണു പ്രഫഷണല്‍, സമാന്തരം എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ പ്രസക്തമാല്ലാത്തത്‌.

പിന്നെ, നാടകകലാകാരനെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു പോരാട്ടമാണ്‌. അതുകൊണ്ടുതന്നെ വാണിജ്യവത്‌കരണം നാടകത്തിലും കടന്നുവന്നിട്ടുണ്ട്‌. വാണിജ്യവത്‌കരണം ചീത്തക്കാര്യമല്ല. പക്ഷേ, അത്‌ യാതൊരു കഴമ്പുമില്ലാത്ത നാടകങ്ങളുടെ സൃഷ്‌ടിയിലേക്കാണു നയിക്കുന്നതെങ്കില്‍ അതു പ്രതിസന്ധിതന്നെയാണ്‌. അതാണു നമ്മുടെ നാടകവേദി നേരിടുന്നതും.



താങ്കള്‍ നാടക പ്രവര്‍ത്തനം തുടങ്ങിയ കാലത്തെയും ഇപ്പോഴത്തെയും നാടകവേദികള്‍ തമ്മിലുള്ള വ്യത്യാസം?



ഞാന്‍ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത്‌ നാടകങ്ങള്‍ വളരെ റിയലിസ്റ്റിക്‌ ആയിരുന്നു എന്നു പറയാം. അതില്‍ നിന്ന്‌ അല്‌പം വ്യത്യസ്‌തമായി കാവ്യാത്മകതയ്‌ക്കും സംഗീതത്തിനും പ്രാധാന്യം നല്‌കിക്കൊണ്ടുള്ള നാടകങ്ങള്‍ക്കാണു ഞാന്‍ പ്രാമുഖ്യം നല്‌കിയത്‌. സമകാലിക ജീവിത സമസ്യകളെ സംഗീതത്തിന്റെയും ഇതിഹാസങ്ങളുടെയും പശ്ചാത്തലത്തില്‍ പറയാനാണു ഞാന്‍ ശ്രമിച്ചത്‌.



മലയാള നാടകങ്ങളെ പാശ്ചാത്യ നാടകങ്ങള്‍ എത്രമാത്രം സ്വാധീനിച്ചു?



വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷാനാടകവേദികളെയും സ്വാധീനിച്ചിട്ടുണ്ട്‌. ഏകദേശം നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പാശ്ചാത്യ നാടകങ്ങള്‍ ഇന്ത്യന്‍ സാംസ്‌കാരിക മണ്‌ഡലത്തിലേക്കു കടന്നുവന്നിരുന്നു. പാശ്ചാത്യ മാതൃകയിലുള്ള നാടകം ആദ്യമായി ഭാരതീയ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്നത്‌ ബംഗാളിലാണ്‌.

മലയാള നാടകവേദിയെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളപാശ്ചാത്യ }നാടകകൃത്തുകളില്‍ ഇബ്‌സന്റെ സ്ഥാനം വളരെ വലുതാണ്‌. എന്‍, കൃഷ്‌ണപിള്ളയുടെ `ഭഗ്‌നഭവനം' (1942), `കന്യക' (1944) തുടങ്ങിയ നാടകങ്ങളില്‍ ഇബ്‌സന്റെ സ്വാധീനം വളരെ വ്യക്തമാണ്‌.

ഗ്രീക്ക്‌ നാടകങ്ങളിലെ ട്രാജിക്‌ ഫീലിംഗുകളെ മലയാള നാടകത്തിലേക്കെത്തിച്ച സി.ജെ. തോമസിലും പാശ്ചാത്യ സ്വാധീനമുണ്ട്‌. ദുരന്ത നാടകമാനത്തില്‍ ദാവീദ്‌ രാജാവിനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച `ആ മനുഷ്യന്‍ നീ തന്നെ' എന്ന നാടകം ഗ്രീക്ക്‌ നാടകങ്ങളിലെ ദുരന്താവബോധം സി.ജെ യെ എത്രമാത്രം സ്വാധീനിച്ചു എന്നതിന്‌ ഉത്തമ ദൃഷ്‌ടാന്തമാണല്ലോ.

ബെര്‍ണര്‍ഡ്‌ ഷായുടെ നാടകങ്ങളെപ്പോലെ സംഭാഷണ പ്രധാനമായ നാടകങ്ങള്‍ രചിച്ച എന്‍.എന്‍. പിള്ള, റിയലിസം മുതല്‍ അബ്‌സേര്‍ഡിസം വരെയുള്ള ശൈലികള്‍ പരീക്ഷിച്ച ജി.ശങ്കരപ്പിള്ള... അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക നാടകപ്രവര്‍ത്തകരിലും പാശ്ചാത്യ നാടകദര്‍ശനം വലിയ സ്വാധീനമാണു ചെലുത്തിയിട്ടുള്ളത്‌.



നാടകത്തിനു മറ്റു സാഹിത്യശാഖകളില്‍ നിന്നുള്ള വ്യത്യാസം?



നമ്മുടെ പ്രമാണം തന്നെ നാടകം നടിക്കപ്പെടേണ്ടത്‌ എന്നതാണല്ലോ. ഇക്കാരണത്താല്‍ത്തന്നെ നാടകം ആഖ്യാനപ്രധാനമല്ല, നാട്യപ്രധാനമാണ്‌. ഒരു കവിക്കോ കഥാകാരനോ തന്റെ കൃതികളിലൂടെ വായനക്കാരനുമായി നേരിട്ടു സംവദിക്കാം. എന്നാല്‍ നാടകകൃത്തിനു നാടകത്തിലൂടെ അതിനാവില്ല. കാരണം, നാടകത്തിന്‌ മറ്റൊരു മാധ്യമം കൂടി ആവശ്യമാണ്‌. അരങ്ങാണ്‌ ആ മാധ്യമം. നടന്‍മാരുടെ ശരീരഭാഷയും അരങ്ങിലെ ദൃശ്യശ്രാവ്യ വിന്യാസവുമൊക്കെ ചേരുമ്പോഴാണ്‌ നാടകം പൂര്‍ണമായ അര്‍ഥത്തില്‍ സംവേദന ക്ഷമമാകുന്നത്‌. അരങ്ങിന്റെ സാധ്യതകളെക്കുറിച്ചു നല്ല അവബോധമുള്ളയാള്‍ക്കേ നല്ല നാടകകൃത്താവാന്‍ കഴിയൂ എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.



ടിവി ചാനലുകള്‍ നാടകത്തെ എങ്ങനെ സ്വാധീനിക്കുന്നു?



ടിവി രണ്ടു രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്‌. നാടകത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ടിവി സഹായിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ദൃശ്യവത്‌കരണത്തില്‍. അതു പോസിറ്റീവായ കാര്യം. എന്നാല്‍, പരീക്ഷണങ്ങളല്ലല്ലോ നാടകങ്ങള്‍. ഉള്‍ക്കാമ്പുള്ള, സാമൂഹിക പ്രസക്തിയുള്ള, നാടകങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നതിന്‌ ഒരു പരിധിവരെ ഇന്നത്തെ ദൃശ്യ സംസ്‌കാരം എതിരു നില്‌ക്കുന്നുണ്ട്‌. പറയുന്ന വിഷയത്തെക്കാള്‍ പ്രാധാന്യം പ്രകടനപരതയ്‌ക്കു ലഭിച്ചാല്‍ പ്രശ്‌നമല്ലേ? അതുകൊണ്ടു തന്നെ ടിവിപോലുള്ള ദൃശ്യമാധ്യമങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന ദൃശ്യവത്‌കരണത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോഴും ഉള്ളടക്കമാണു പ്രധാനം എന്നകാര്യം നാടകപ്രവര്‍ത്തകര്‍ മറന്നു പോകരുത്‌.



എഴുത്തിന്റെ ധര്‍മം?



ഏതൊരെഴുത്തുകാരന്റെയും ലക്ഷ്യം സാമൂഹിക പരിഷ്‌കരണം തന്നെയാണ്‌. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്‌ അന്വേഷണമാണ്‌. പരീക്ഷണവുമാണ്‌. പരീക്ഷണം എന്നു പറഞ്ഞാല്‍ വെറും കളിയല്ല. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടലുമല്ല. അത്‌ ജീവിതരക്തം കൊടുത്തുള്ള അന്വേഷണമാണ്‌.

നിലവിലിരിക്കുന്ന അവസ്ഥയില്‍ നിന്നു മുന്നോട്ടു ചലിക്കാന്‍ പ്രേരിപ്പിക്കുക എന്ന ദൗത്യമാണു ഞാന്‍ എഴുത്തിലൂടെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്‌.



ഇന്നത്തെ നാടക പരീക്ഷണങ്ങള്‍ പരീക്ഷണങ്ങള്‍ക്കുവേണ്ടിയുള്ള പരീക്ഷണമാണെന്നു പറഞ്ഞാല്‍?



ഒരു പരിധിവരെ ശരിയാണ്‌. പറയുന്ന വിഷയത്തെക്കാള്‍ ദൃശ്യപ്പൊലിമയ്‌ക്കു പ്രാധാന്യം നല്‌കിയാല്‍ പരീക്ഷണം പരിഹാസ്യമാകും. എന്നാല്‍, നേരായ അന്വേഷണം നടത്തുകയും വേണം. കാളിദാസന്റെ നാടകം രംഗത്തവതരിപ്പിച്ച അതേ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഷേക്‌സ്‌പിയറുടെ നാടകം അവതരിപ്പിക്കാന്‍ പറ്റുമോ? ഇല്ല. കാളിദാസന്റെയും ഷേക്‌സ്‌പിയറുടെയും നാടകങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്ന സാമൂഹിക ദര്‍ശനം മനസിലാക്കുകയും ആ ദര്‍ശനങ്ങള്‍ സമൂഹത്തില്‍ സൃഷ്‌ടിക്കാവുന്ന സ്വാധീനം എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും അന്വേഷിച്ചറിയുകയും വേണം. പിന്നീട്‌, അന്വേഷിച്ചറിഞ്ഞ വിവരങ്ങളെ മുന്‍നിര്‍ത്തി നാടകം എങ്ങനെ രംഗത്തവതരിപ്പിക്കണമെന്നു തീരുമാനിക്കണം. ഇതാണു ഞാന്‍ പറഞ്ഞ അന്വേഷണം.

വെറും ദൃശ്യപ്പൊലിമയ്‌ക്കുവേണ്ടി ഗൗരവ പൂര്‍ണമായ പരീക്ഷണങ്ങളെ അനുകരിക്കുന്നവരാണു പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌.



1992 ല്‍ എഴുതാത്ത നാടകത്തിന്റെ പേരില്‍ ഷാര്‍ജയില്‍ തടവു ശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട വ്യക്തിയാ ണല്ലോ? കാര്‍ത്തി കേയന്‍ പടിയത്ത്‌ രചിച്ച ശവംതീനി ഉറുമ്പുകളെ കുറിച്ച്‌.



നാടകം മറ്റുസാഹിത്യ കൃതികളില്‍ നിന്നു കുറച്ചു വ്യത്യസ്‌തമാണ്‌. മറ്റുളളവ വായിക്കപ്പെടാന്‍ വേണ്ടി എഴുതുന്നതാണെങ്കില്‍ നാടകം ദൃശ്യഭാഷയെക്കൂടി ഉള്‍ക്കൊളളുന്നുണ്ട്‌. രചയിതാവുതന്നെ നാടകത്തെ ദൃശ്യവത്‌കരിക്കണമെന്ന്‌ നിര്‍ബന്‌്‌ധം പിടിക്കാനാവില്ല. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.



തെറ്റായി വ്യാഖ്യാനിക്കപ്പെട്ട കുചേലഗാഥയും വിവാദം സൃഷ്ടിച്ചി രുന്നല്ലോ?



ദരിദ്രനാരായണനായ രാമന്‍നായരും അയാളുടെ സതീര്‍ഥ്യനായ ധനികന്‍ കൃഷ്‌ണന്‍നായരുമാണ്‌ നാടകത്തിലെ മുഖ്യകഥാപാത്രങ്ങള്‍. ബജറ്റ്‌ നിര്‍ദേശങ്ങളോ ലോകബാങ്കോ അന്താരാഷ്ട്ര നാണയ നിധിയോ ഒന്നും ദരിദ്രനെ സഹായിക്കുന്നില്ല എന്ന പച്ചയായ യാഥാര്‍ഥ്യം വെളിപ്പെടുത്തുകയാണു കുചേലഗാഥയിലൂടെ ഞാന്‍ ചെയ്‌തത്‌. ഗൂഢലക്ഷ്യത്തോടെ ചിലര്‍ കൃഷ്‌ണന്‍നായരെ ഭഗവാന്‍ കൃഷ്‌ണനാക്കിയപ്പോള്‍ നാടകത്തിന്‌ വര്‍ഗീയതയുടെ മുഖംവന്നു. അതിന്റെ പേരില്‍ ചില കോലാഹലങ്ങള്‍ അത്രമാത്രം.



ഇന്ന്‌ കലാകാരന്റെ ആവിഷ്‌കാരസ്വതന്ത്ര്യം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. എം എഫ്‌ ഹുസൈനും സല്‍മാന്‍ റുഷിദ്ദിയും തസ്‌‌ലീമാ നസ്‌‌റീനും സ്വന്തം രാജ്യത്തു നിന്നും ആട്ടിയോടിക്കപ്പെട്ടതും ഈ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരിലാണല്ലോ. ആവിഷകാര സ്വാതന്ത്ര്യത്തെ കുറിച്ച്‌ അങ്ങയുടെ നിലപാട്‌?



വ്യക്തിപരമായി ആരേയും നിന്ദിക്കുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം. അടിസ്ഥാനമില്ലാതെ വിമര്‍ശിക്കാനോ നിന്ദിക്കാനോ ഉളള അവകാശമായോ സ്വാതന്ത്ര്യമായോ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കരുതുകയുമരുത്‌. സ്വന്തം സത്തയോട്‌ നീതിപുലര്‍ത്തിക്കൊണ്ട്‌ ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു കൊണ്ട്‌ രചന നടത്താനുളള സ്വാതന്ത്ര്യമാണ്‌ എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം.



ആഗോളവത്‌കരണം നാടകവേദിയെ സ്വാധീനിച്ചിട്ടുണ്ടോ? നാടകാചാര്യന്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു?



ആഗോളവത്‌കരണം ഒരു യായാര്‍ഥ്യം തന്നെയാണ്‌. എന്നാല്‍ നമ്മുടെ മുറ്റത്തെ തുളസിയുടെയും ചെമ്പരത്തിയുടെയും പേറ്റന്റ്‌ വിദേശകമ്പനിക്ക്‌ ആവരുത്‌, നമ്മുടെ കുടിവെള്ളവും നദികളും ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ അടിയറ വയ്‌ക്കരുത്‌ എന്ന ചിന്ത സാധാരണ ജനങ്ങളിലും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്‌. നമ്മുടെ കല ഒരിക്കലും മറ്റൊരാളുടെ കീഴിലായിപ്പോകരുത്‌. മറ്റുള്ളവര്‍ക്ക്‌ നമ്മുടെ കലകളെ ഉള്‍ക്കൊള്ളാം, എന്നാല്‍ കുത്തകയാക്കാനുള്ള അവസരം നല്‌കരുത്‌. അതിനെതിരേ പോരാടാനുള്ള കരുത്താണ്‌ ഏതൊരു കലാകാരനുമുണ്ടാവേണ്ടത്‌. അതിന്‌, ഒരു പ്രസ്ഥാനത്തിന്റെ യോ പാര്‍ട്ടിയുടെയോ ആസ്ഥാന കലാകാരന്റെ കോമാളി വേഷം എടുത്തണിയാതെ, എന്തും നേരിടാനുള്ള കരുത്താണ്‌ കലാകാരന്‍ ആര്‍ജിക്കേണ്ടത്‌.



നാടകത്തിലെ പുതിയ തലമുറയെക്കുറിച്ച്‌?



മലയാള നാടകരംഗത്തു ചലനങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള നിരവധി പേരുണ്ട്‌. ജോസ്‌ ചിറമ്മല്‍, ശ്യാമപ്രസാദ്‌, `അഭിനയ' നാടക സംഘടനയുടെ സ്ഥാപകന്‍ രഘുത്തമന്‍, `നിരീക്ഷ' സ്‌ത്രീനാടകവേദി പ്രവര്‍ത്തക സി.പി. സുധി, സുവീരന്‍, പ്രബലന്‍... പേരെടുത്തു പറയാന്‍ കഴിയുന്ന നിരവധി ആളുകള്‍ ഇനിയുമുണ്ട്‌.

ജീവിക്കാനുള്ള പാച്ചിലില്‍ ഉള്ളിലുള്ള നാടകം ഉറഞ്ഞുപോകുന്നതിന്റെ വേദന പേറുന്ന നിരവധി ആളുകളെയും എനിക്കറിയാം. അതിജീവനത്തിനുവേണ്ടി നിലവിലിരിക്കുന്ന വ്യവസ്ഥിതിയോടു സമരസപ്പെട്ടുപോയ നിരവധി നാടക വിദ്യാര്‍ഥികളെയും അറിയാം. എങ്കിലും ഞാന്‍ പേരെടുത്തു പറഞ്ഞവര്‍ സമൂഹത്തിനു വേണ്ടിയും നാടക വേദിക്കുവേണ്ടിയും ചിലതൊക്കെ ചെയ്യുന്നുണ്ട്‌.



തനതു നാടകദര്‍ശനത്തെക്കുറിച്ച്‌?



തദ്ദേശ സംസ്‌കാരങ്ങളില്‍ നിന്നും കലകളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജം നാടകത്തില്‍ സന്നിവേശിപ്പിക്കുമ്പോഴാണ്‌ ഒരു തനതു നാടകം പിറവിയെടുക്കുന്നത്‌.

മലയാള നാടകത്തില്‍ തനതു നാടകദര്‍ശനത്തിന്‌ സ്വീകാര്യത നല്‌കിയതു കാവാലം നാരായണപ്പണിക്കരാണെന്നു പറയാം. കാല്‍ നൂറ്റാണ്ടു മുമ്പ്‌ അവതരിപ്പിക്കപ്പെട്ട `അവനവന്‍ കടമ്പ' യിലൂടെ കാവാലം തനതു നടകം എന്ന സങ്കല്‌പത്തെ പൊതു സമൂഹത്തിന്റെ ചര്‍ച്ചയിലേക്കെത്തിച്ചു. കര്‍ണാടകത്തില്‍ ഗിരീഷ്‌ കര്‍ണാടിന്റെ `ഹയവദന'യും മറാത്തിയില്‍ വിജയ്‌ ടെന്‍ഡുല്‍ക്കറുടെ `ഖാസിറാം കൊത്ത്‌ വാളും' ഹിന്ദിയില്‍ ഹബീബ്‌ തന്‍വീറിന്റെ `ചരന്‍ ദാസ്‌ ചോറും' ഭാരതീയ നാടകവേദിയില്‍ തനതു നാടക ദര്‍ശനത്തിന്‌ കനപ്പെട്ട സംഭാവനകള്‍ നല്‍കി. കാവാലത്തിനു പുറമെ ആര്‍. നരേന്ദ്ര പ്രസാദിന്റെ `സൗപര്‍ണിക,' `സതീര്‍ഥ്യന്‍,' എന്‍. പ്രഭാകരന്റെ `പുലിജന്മം,' ടി.എം. ഏബ്രഹാമിന്റെ `പെരുന്തച്ചന്‍,' എന്റെ `അഗ്നി,' `തുളസീവനം,' `കുചേലഗാഥ' എന്നിവയെല്ലാം നമ്മുടെ അരങ്ങിന്‌ തനതായൊരു ഭാഷ കണ്ടെത്താന്‍ ശ്രമിച്ച നാടകങ്ങളുടെ ഗണത്തില്‍പ്പെടുത്താം.

കേരളീയ രംഗകലകളുടെ പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ ഭാരതീയവും സാര്‍വ ലൗകികവുമായ നാടകങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയണം. പാരമ്പര്യത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ വേണ്ടതു കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സാംസ്‌കാരിക വിനിമയ വേദിയിലേ തനതു നാടക ദര്‍ശനം പുഷ്‌ടിപ്പെടുകയുള്ളൂ. അവിടെ സ്വദേശ സങ്കല്‌പത്തില്‍ സങ്കുചിതരാവുകയോ വിദേശ സ്വാധീനതയില്‍ അടിമകളാവുകയോ ചെയ്യാന്‍ പാടില്ല.

Friday, March 19, 2010

പഠിച്ചതും പഠിപ്പിച്ചതും തിരുത്തണം, ആഫ്രിക്ക ഇരുണ്ട ഭൂകണ്ഡമല്ല;മുഗാബെ ഭീകരനുമല്ല- സിംബാബ്‌വേ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍

ഒരു വിദേശ അതിരൂപതയുടെ മെത്രാപ്പോലീത്തയായ ആദ്യത്തെ ഭാരതീയനാണു മാര്‍ അലക്‌സ്‌ കാളിയാനില്‍ എസ്‌.വി.ഡി. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ ഇരുപതു വര്‍ഷം മുമ്പു ദൈവവചന മിഷനറിയായി എത്തി ആ നാടിന്റെ ഹൃദയസ്‌പന്ദനങ്ങള്‍ തന്റെ ഉള്ളിലേക്കു സ്വീകരിച്ച അദ്ദേഹം ഒരു ജനപദത്തിന്റെ ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്‌ക്കുവേണ്ടി നല്‌കിയതു തന്റെ സംവത്സരങ്ങള്‍. സ്വന്തം നാടിന്റേതില്‍ നിന്നു തികച്ചും ഭിന്നമായ ഒരു സംസ്‌കാരത്തില്‍ അന്യനാകാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ സെപ്‌റ്റംബര്‍ 12-നാണു  മെത്രാപ്പോലീത്തയായി അഭിഷിക്തനായത്‌. സിംബാബ്‌വേയിലെ ബുളവായോ അതിരൂപതയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ജന്മനാട്ടില്‍ ആദ്യമായെത്തിയ ബിഷപ്പുമായി ഒരു കൂടിക്കാഴ്‌ച.




പൗരോഹിത്യത്തിലേക്കുളള അങ്ങയുടെ വരവ്‌ എങ്ങനെയായിരുന്നു?


സാമൂഹികസേവനം എന്നത്‌ വളരെ ചെറുപ്പത്തില്‍ത്തന്നെ എന്റെ മനസില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു. പിന്നീട്‌, ഇന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനത്തിനെത്തി രക്തസാക്ഷിത്വം വരിച്ച തോമാശ്ലീഹയെക്കുറിച്ച്‌ അറിഞ്ഞതു മുതല്‍ ശ്ലീഹ എന്റെ മാതൃകാപുരുഷനായി. അങ്ങനെയാണ്‌ യേശുവിന്റെ സുവിശേഷം ലോകത്തിനു നല്‍കണമെന്ന്‌ ആഗ്രഹമുദിക്കുന്നത്‌. ആ ആഗ്രഹമാണ്‌ എന്നെ വൈദികനാക്കിയതെന്നു പറയാം.വൈദികനാകുന്നതിനു കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നോ?

അവര്‍ക്കു പൂര്‍ണ സമ്മതമായിരുന്നു. കുടുംബത്തില്‍ ഞാന്‍ ഏറ്റവും ഇളയ മകനായിരുന്നു. എന്നെ വൈദികനാക്കണമെന്ന്‌ എന്റെ ചെറുപ്പത്തില്‍ത്തന്നെ അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ്‌ വൈദിക പഠനത്തിനായി ഞാന്‍ 1975-ല്‍ ചങ്ങനാശേരിയിലെ എസ്‌.വി.ഡി. സെമിനാരിയില്‍ ചേരുന്നത്‌.

ആഫിക്കയില്‍ എത്തുന്നതോ?

അറിയപ്പെടാത്ത രാജ്യത്ത്‌ പ്രതിസന്ധികളെ നേരിട്ട്‌ സുവിശേഷം എത്തിച്ചയാളാണു തോമാശ്ലീഹ. അതുകൊണ്ടുതന്നെ, അറിയാത്ത ഒരു രാജ്യത്ത്‌ സുവിശേഷപ്രവര്‍ത്തനം നടത്തണമെണു ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ്‌ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേ തെരഞ്ഞെടുക്കുന്നത്‌. വൈദിക പഠനത്തിന്റെ ഭാഗമായി ഒരു വര്‍ഷം ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെവച്ചു തന്നെ സിംബാബ്‌വേയ്‌ക്കു പോകാനുളള പേപ്പര്‍വര്‍ക്കുകള്‍ തുടങ്ങി. തിരികെയെത്തി പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ സിംബാബ്‌വേയിലേക്കു പോകാന്‍ കഴിഞ്ഞു.

അവിടെ പ്രവര്‍ത്തനം തുടങ്ങിയകാലത്തെ അനുഭവങ്ങള്‍?

സിംബാബ്‌വേയില്‍ രണ്ട്‌ അതിരൂപതകളാണുളളത്‌: ബുളവായോയും ഹരാരെയും. ഞാന്‍ യാത്രതിരിക്കുന്നതിനു മുമ്പുതന്നെ ഞാന്‍ വരുന്ന കാര്യം തീയതിയും വിമാന സമയവുമുള്‍പ്പെടെ ബുളവായോ ബിഷപ്‌ ഹൗസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ആ സന്ദേശം അവിടെ ലഭിച്ചില്ല. ഞാന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി ആരെങ്കിലും വരുമെന്നു കരുതി കാത്തു. സമയം കടന്നു പോയതല്ലാതെ ആരും വന്നില്ല. ഭാഷയറിയില്ല. ആളുകളെ അറിയില്ല. സ്ഥലപേരുപ്പോലും നേരേ പറയാനറിയില്ല. 21 വര്‍ഷം മുമ്പാണെന്നോര്‍ക്കണം ടെലിഫോണ്‍ സൗകര്യമില്ല. എന്റെ കൈയില്‍ ബിഷപ്‌ ഹൗസിന്റെ അഡ്രസ്‌ മാത്രം. ഒരാളെ ആ അഡ്രസ്‌ കാണിച്ചു. എന്തായാലും അയാള്‍ വഴിതെറ്റിക്കാതെ ബിഷപ്‌ ഹൗസിനുമുമ്പില്‍ എത്തിച്ചു. അവിടെയും അപരിചിതത്വം. ആരെയും പരിചയമില്ല. ബിഷപ്‌ എന്തോ ആവശ്യത്തിനു പുറത്തു പോയിരിക്കുകയായിരുന്നു. ഞാന്‍ പ്രാര്‍ഥിച്ചു. ദൈവാനുഗ്രഹത്താല്‍ അപരിചിതത്വം പതുക്കെ മാറി. പിറ്റേദിവസം എന്നെ അവിടത്തെ ഒരു ഗ്രാമത്തില്‍ ഭാഷ പ0ിക്കാനായി കൊണ്ടുവിട്ടു. ദെലമ എന്നാണ്‌ അവിടത്തെ ഭാഷ അറിയപ്പെടുന്നത്‌. പ്രാദേശിക ഭാഷയാണത്‌. അത്‌ വാമൊഴിയാണ്‌. ലിപിയില്ല. ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ്‌ എഴുതുന്നത്‌. ആദ്യത്തെ കുറച്ചുനാള്‍ കഷ്‌ടപ്പെട്ടുവെങ്കിലും പിന്നീട്‌ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നു.

ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമം ഒരു കാട്ടുപ്രദേശമാണ്‌. അതു കൊണ്ടു തന്നെ ആന, കാട്ടുപോത്ത്‌ തുടങ്ങിയ വന്യമൃഗങ്ങളും പാമ്പുകളും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. വനത്തില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യമുണ്ടാകുമ്പോഴാണ്‌ പലപ്പോഴും ഇവ ജനവാസമുളള സ്ഥലങ്ങളിലേക്ക്‌ ഇറങ്ങാറ്‌. തണ്ണിമത്തങ്ങ പാകമാകുന്ന കാലത്ത്‌ അതു കഴിക്കാനായി ആനകള്‍ ഇങ്ങനെ നാട്ടിലിറങ്ങാറുണ്ട്‌. സാധാരണക്കാര്‍ താമസിക്കുന്നത്‌ പുല്ലും മണ്ണും കൊണ്ട്‌ നിര്‍മിച്ച കുടിലുകളിലാണ്‌. ഈ കുടിലുകള്‍ പലപ്പോഴും ആനകള്‍ തകര്‍ത്തു കളയാറുണ്ട്‌.

ജനങ്ങള്‍ക്ക്‌ ഏറ്റവുമധികം ഭയമുളളത്‌ പാമ്പിനെയാണ്‌. പലപ്പോഴും പളളിയില്‍ പ്രാര്‍ഥന നടത്തുന്നതിനിടയില്‍ പാമ്പുകളെ കണ്ടിട്ടുണ്ട്‌. പാമ്പുകള്‍ തങ്ങളുടെ പൂര്‍വികരുടെ ജന്മമാണെന്നാണ്‌ ജനങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ചില പാമ്പുകളെ അവര്‍ ഉപദ്രവിക്കാറില്ല.

ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമാണെന്നാണല്ലോ വളരെ ചെറിയ കാലം മുതല്‍ നാം പഠിച്ചിരിക്കുന്നത്‌. അവിടെനിന്നുളള അനുഭവങ്ങളെ മുന്‍നിര്‍ത്തി പറയുമ്പോള്‍?

പഠിച്ചതും പഠിപ്പിച്ചതും തിരുത്തണം, ആഫ്രിക്ക ഇരുണ്ട ഭൂകണ്ഡമല്ല. ആഫ്രിക്ക ഒരു കാലത്ത്‌ ഇരുണ്ടതായിരുന്നിരിക്കാം. എന്നാല്‍, പറഞ്ഞു കേട്ടിടത്തോളം ഇരുളിമ എനിക്കു തോന്നിയില്ല. 21 വര്‍ഷമായി ഞാന്‍ ആഫ്രിക്കയില്‍ എത്തിയിട്ട്‌. അതില്‍ത്തന്നെ 15 വര്‍ഷം ഞാന്‍ ഗ്രാമങ്ങളില്‍ സാധാരണക്കാരോടൊപ്പമായിരുന്നു. അവരുടെ ജീവിതം ഞാന്‍ തൊട്ടറിഞ്ഞതാണ്‌. അവിടെ വൈദ്യുതി എത്തിയിട്ടില്ല. നഗരങ്ങളില്‍ മാത്രമാണ്‌ വൈദ്യുതിയുളളത്‌. വൈദ്യുതിയും ആഡംബരവും സൃഷ്ടിക്കുന്ന വെളളിവെളിച്ചം മാത്രമേ അവിടെ ഇല്ലാതെയുളളൂ. സാംസ്‌കാരികമായ ഇരുളിമ അവിടില്ല.

കറുത്തവരുടെ മുന്നേറ്റമാണ്‌ ഇനി ലോകത്തു നടക്കാന്‍ പോകുന്നതെന്ന്‌ ആഫ്രിക്കയിലെ ജനങ്ങള്‍ പറയുന്നു. ബ്ലാക്‌ എംപവര്‍മെന്റ്‌ എന്നാണ്‌ അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ബാംഗളൂരില്‍ ക്രൈസ്റ്റ്‌ കോളജിലെ ഒരു അധ്യാപകന്‍ ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡമെന്നു വിശേഷിപ്പിച്ചതിനെതിരേ കെനിയക്കാരായ വിദ്യാര്‍ഥികള്‍ രൂക്ഷമായി പ്രതികരിച്ചത്‌ ഈ പശ്ചാത്തലത്തില്‍ കാണേണ്ടതാണ്‌.

സിംബാബ്‌വേയിലെ ഗവണ്‍മെന്റിനെക്കുറിച്ച്‌?

അവിടെ എല്ലാക്കാര്യങ്ങളും ഗവണ്‍മെന്റാണു നിയന്ത്രിക്കുന്നത്‌. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം എല്ലാം. ജനങ്ങള്‍ക്കു വലിയ പരാതികളില്ലാതെ കാര്യങ്ങള്‍ ഗവണ്‍മെന്റ്‌ നടത്തുന്നുണ്ട്‌ എന്നു പറയാം. സിംബാബ്‌വേ ഒരു ദരിദ്രരാജ്യമാണ്‌. അവിടത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം ആടുമാടുകളെ വളര്‍ത്തലാണ്‌. ആളുകളുടെ സമ്പത്തു പോലും ആടുമാടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണു പറയുന്നത്‌്‌. രാജ്യത്തെ ഭൂമി മുഴുവനും സര്‍ക്കാരിന്റെ കൈയിലാണ്‌. പാട്ടവ്യവസ്ഥയില്‍ ആളുകള്‍ കൃഷിനടത്തുകയാണു പതിവ്‌.

എല്ലാമേഖലകളും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണെന്നു പറഞ്ഞല്ലോ. ഇത്‌ എത്രത്തോളം ഫലപ്രദമാണ്‌? പ്രത്യേകിച്ച്‌ വിദ്യാഭ്യാസകാര്യത്തിലും മറ്റും?

സിംബാബ്‌വേയില്‍ വെറും ഒരു കോടി ഇരുപതു ലക്ഷത്തോളം ജനങ്ങളാണുളളത്‌. ജനസാന്ദ്രത വളരെ കുറവ്‌. ഒരു ഗ്രാമത്തില്‍ ഒരു സ്‌കൂളാവും ഉണ്ടാവുക. ഏകദേശം 20 കിലോമീറ്റര്‍ നടന്നു വേണം സ്‌കൂളില്‍ പോകാന്‍. തിരിച്ചും അത്രയും നടക്കണം. ഇത്‌ വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു ണ്ട്‌. സഭ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്‌. പിന്നെ, സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാ ണ്‌. അതുപോലെ , ആശുപത്രികളിലെ ചെ ലവുകളും വലിയ ശതമാനം സൗജന്യമാണ്‌. ജനസംഖ്യ വളരെ കുറവായതു കൊണ്ടാണ്‌ ഗവണ്‍മെന്‍ിന്‌ വളരെ ഫലപ്രദമായിപൂര്‍ണമായി എന്നു പറയുന്നില്ല- പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്‌. ജനസംഖ്യ പെരുകിയാല്‍ ഗവണ്‍മെന്‍ിന്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നില്ല.


സിംബാബ്‌വേ ദരിദ്ര രാജ്യമാണെന്നു പറഞ്ഞല്ലോ. വിദേശരാജ്യങ്ങളുടെ സഹായം രാജ്യത്തിന്‌ എത്രത്തോളം ലഭ്യമാണ്‌?

വിദേശ രാജ്യങ്ങള്‍ സഹായിക്കാന്‍ തയാറാവുന്നുണ്ട്‌. പ്രത്യേകിച്ച്‌ അമേരിക്കയും ബ്രിട്ടനും. എന്നാല്‍, സഹായിക്കാനെത്തുന്നവരുടെ ലക്ഷ്യം അധിനിവേശം തന്നെയാണ്‌. സിംബാബ്‌വേ ബ്രിട്ടന്റെ കോളനിയായിരുന്നല്ലോ. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ കൊളളയടിച്ചു കൊണ്ടാണ്‌ അവര്‍ മടങ്ങിയത്‌. ഇപ്പോള്‍ സഹായിക്കാനായി എത്തുന്നതും പഴയ കൊളോണിയലിസത്തിന്റെ മനസുമായാണ്‌. സിംബാബ്‌വേ വളരെ ധാതുസമ്പത്തുളള രാജ്യമാണ്‌. അതിലാണ്‌ അവരുടെ കണ്ണ്‌. ചൈനയും സഹായിക്കാനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. അവരുടെ ലക്ഷ്യവും മറ്റൊന്നല്ല. എന്തായാലും, പ്രസിഡന്റ്‌ റോബര്‍ട്ട്‌ മുഗാബെ ഇതു തിരിച്ചറിയുന്നുണ്ട്‌. പല സഹായങ്ങളും അദ്ദേഹം തടഞ്ഞിരിക്കുകയാണ്‌.

പ്രസിഡന്റ്‌ മുഗാബെയെക്കുറിച്ച്‌?

വളരെ വിദ്യാഭ്യാസമുളള, നല്ല മനസും ചിന്തകളുമുളള, നല്ല ഭരണകര്‍ത്താവാണ്‌.

പുറംലോകത്തിനു കിട്ടുന്ന മുഗാബെയുടെ ചിത്രം വ്യത്യസ്‌തമാണല്ലോ? ഏകാധിപതിയും അധികാരക്കൊതിയനുമായ ഒരു ഭരണാധികാരിയായിട്ടാണു മുഗാബെ ചിത്രീകരിക്കപ്പെടുന്നത്‌.

അത്‌ അമേരിക്കയും ബ്രിട്ടനും നടത്തുന്ന പ്രചാരണമാണ്‌. അതിന്റെ കാരണവും ഞാന്‍ നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെ, രാജ്യത്ത്‌ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങള്‍ ശ്രമം നടത്തുന്നുണ്ട്‌. മുഗാബെയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കു പ്രചോദനം നല്‍കുന്നു. അതിനെതിരായി മുഗാബെ നടപടികള്‍ സ്വീകരിച്ചു. കുറെ പ്രതിപക്ഷ നേതാക്കള്‍ കൊല്ലപ്പെടുകയുമൊക്കെ ചെയ്‌തു. വീണ്ടും രാജ്യത്തിന്റെ പരമാധികാരം മറ്റേതെങ്കിലും രാജ്യത്തിന്റെ കീഴിലായിപ്പോകുമോ എന്നുളള ഭയത്തില്‍ നിന്നാണീ നടപടികള്‍.


മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമേയില്ലെന്ന നിലപാടിനോടു യോജിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. സഹായം ആവശ്യമാണ്‌. എന്നാല്‍ സഹായം ദോഷമാവരുത്‌. രാജ്യത്തെ സ്വയംപര്യാപ്‌തതയിലേക്കു നയിക്കുന്ന സഹായങ്ങള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുളള എന്നതാണു സഭയുടെ നിലപാട്‌. കാരണം, സ്വയംപര്യാപ്‌തത കൈവരിക്കാതെ ഒരു രാജ്യത്തിന്‌ ഏറെക്കാലം നിലനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു തൊഴില്‍ ലഭിക്കുന്ന തരത്തിലുളള പ്രോജക്ടുകളാണ്‌ സഭ നടത്തുന്നത്‌. ആ പ്രോജക്ടുകള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കാം എന്നതാണ്‌ സഭ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട്‌. എക്കാലത്തും ഭക്ഷണവും പണവും സഹായമായി സ്വീകരിക്കുന്നത്‌ രാജ്യത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കിക്കളയും. ജനങ്ങളെ ആത്മാഭിമാനമുളളവരാക്കിത്തീര്‍ക്കുക എന്നതും സഭയുടെ ലക്ഷ്യമാണ്‌.

സിംബാബ്‌വേയിലെ കത്തോലിക്കാ സഭ നേരിടുന്ന പ്രതിസന്ധികള്‍?

അവിടത്തെ ജനങ്ങള്‍ ബഹുഭൂരിപക്ഷവും വിവിധ ഗോത്രങ്ങളില്‍പ്പെട്ടവരാണ്‌. അവരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയകാര്യങ്ങള്‍ മനസിലാക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്‌. ഇന്നലെവരെ തുടര്‍ന്നു വന്നിരുന്ന ആചാരങ്ങളില്‍ നിന്നും രീതികളില്‍ നിന്നും മാറ്റി ദൈവവിശ്വാസത്തിന്റെയും സാമൂഹികനീതിയുടെയും ധാര്‍മികതയുടെയും വശങ്ങള്‍ പറഞ്ഞു മനസിലാക്കുക ശ്രമകരമായ ജോലി തന്നെയാണ്‌. യേശുവിന്റെ വലിയ അനുഗ്രഹത്താല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നുണ്ട്‌.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും എതിര്‍പ്പുകള്‍ ?

കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടില്ല. സിംബാബ്‌്‌വേയിലെ കാര്യമാണിത്‌. മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതായാണ്‌ അറിവ്‌. സിംബാബ്‌വേയിലെ ഗവണ്‍മെന്റിന്‌ ഞങ്ങളെ സംശയമാണ്‌. അമേരിക്കന്‍ ചാരന്‍മാരാണെന്നാണു വിചാരം. സഭയുടെ ചില സര്‍ക്കുലറുകള്‍ തടഞ്ഞു വയ്‌ക്കുകയും വൈദികരെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ ആ സാഹചര്യത്തില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്‌. സഭയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നു. ദൈവവിശ്വാസത്തില്‍ നിന്നും ധാര്‍മികതയില്‍ നിന്നും വ്യതിചലിച്ച്‌ ഒരു കാര്യവും സഭ പ്രവര്‍ത്തിക്കില്ല എന്നു സര്‍ക്കാരിന്‌ ബോധ്യമായിട്ടുണ്ട്‌. സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചാല്‍ സഭ പ്രതികരിക്കുമെന്നു ബോധ്യമുളളതിനാല്‍ അത്തരം കാര്യങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്‌.

സിംബാബ്‌വേയിലെ മതങ്ങള്‍?

ജനങ്ങളില്‍ 85 ശതമാനം പേരും ക്രൈസ്‌തവരാണ്‌. ഇതില്‍ 15 ശതമാനം പേര്‍ കത്തോലിക്കാ സഭാ വിശ്വാസികളാണ്‌. പിന്നെ, ചില പ്രാദേശിക മതങ്ങള്‍ നിലനില്‌ക്കുന്നുണ്ട്‌. വിശ്വാസികളെല്ലാവരും ഏകദൈവ വിശ്വാസികളാണ്‌ എന്നതാണ്‌ അവിടത്തെ മതപരമായ ഏറ്റവും വലിയ പ്രത്യേകത.

ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന ഒരു ആക്ഷേപം അവിടത്തെ ജനങ്ങള്‍ക്കു സദാചാരബോധം കുറവാണ്‌ എന്നതാണ്‌. ഈ ആക്ഷേപത്തില്‍ കഴമ്പുളളതായി തോന്നിയിട്ടുണ്ടോ?

പ്രചരിപ്പിക്കപ്പെടുന്നയത്രയില്ല. എങ്കിലും കുറച്ചു ശരിയാണ്‌. വിവാഹബന്ധങ്ങളിലെ കെട്ടുറപ്പില്ലായ്‌മ പൊതുവേയുണ്ട്‌. പരമ്പരാഗതമായ പല നിലപാടുകളില്‍ നിന്നും മാറാനുളള ജനങ്ങളുടെ വൈമുഖ്യമാണു പ്രശ്‌നം. പിന്നെ സിവില്‍ നിയമങ്ങളും അത്ര ശക്തമല്ല. നമ്മുടെ നാട്ടിലൊക്കെ സ്‌ത്രീധനമാണുളളത്‌. അവിടെ പുരുഷ ധനമാണ്‌. അത്‌ പണമായിട്ടോ സ്വര്‍ണമായിട്ടോ ഭൂമിയായിട്ടോ ആണെന്നു ധരിക്കരുത്‌. ആടുമാടുകളായിട്ടാണ്‌. നമ്മുടെ നാട്ടിലേതു പോലുളള അറേഞ്ച്‌ഡ്‌ വിവാഹങ്ങള്‍ അവിടെ ഇല്ലെന്നുതന്നെ പറയാം.

ഒരു വിവാഹത്തിനു പുരുഷധനമായി തീരുമാനിച്ചത്‌ പത്തു പശുക്കളെയാണെന്നു സങ്കല്‌പിക്കുക. വരന്‌്‌ രണ്ടു പശുക്കളെ നല്‍കാനുളള ശേഷിയേ ഉളളുവെങ്കിലും വിവാഹം ഔദ്യോഗികമായി അംഗീകരിക്കപ്പെടില്ല എന്നേയുള്ളു; ഭാര്യാഭര്‍ത്താക്കന്‍മാരേപ്പോലെ ജീവിക്കാം. ഈ ബന്ധത്തില്‍ കുട്ടികളുമുണ്ടാകാറുണ്ട്‌. ഈ സിസ്‌റ്റം സൃഷ്ടിക്കുന്ന ധാര്‍മിക പ്രശ്‌നം വളരെ വലുതാണ്‌. സിവില്‍ നിയമമനുസരിച്ച്‌ രണ്ടു ഭാര്യമാരെ സ്വീകരിക്കാം. ഒരു കുടുംബത്തില്‍ രണ്ടു സഹോദരന്‍മാരുണ്ടെന്ന്‌ സങ്കല്‌പിക്കുക. അതില്‍ ഒരാള്‍ മരണപ്പെട്ടാല്‍ മറ്റേയാള്‍ക്ക്‌ മരണപ്പെട്ടയാളുടെ ഭാര്യയെ വിവാഹം കഴിക്കാം. ഇതിന്‌ സിവില്‍ നിയമവും കൂട്ടുനില്‍ക്കുകയാണ്‌. ഈ സ്ഥിതി വളരെ ഗുരുതരമാണ്‌. ഇത്തരം കാര്യങ്ങള്‍ മാറാന്‍ കുറച്ചു കാലമെടുക്കും. അതിനു വേണ്ടിയാണ്‌ സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. വിവാഹം എന്ന കൂദാശയുടെ പരിശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്തി, വിവാഹത്തിനായി ഒരുക്കുക എന്ന ശ്രമകരമായ ദൗത്യമാണു സഭയ്‌ക്ക്‌ ഇക്കാര്യത്തില്‍ ചെയ്യാനുളളത്‌. അതില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌.

എയ്‌ഡ്‌സ്‌ രോഗം ഏറ്റവും കൂടുതലുളളത്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലാണല്ലോ. അതിന്റെ കാരണവും മറ്റൊന്നായിരിക്കില്ലല്ലോ?

അതെ. പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമാണു പ്രധാന കാരണം . ഫ്രീ സെക്‌സ്‌ എന്ന സങ്കല്‌പം പുതിയ തലമുറകളിലും ദൃശ്യമാണ്‌. സിംബാബ്‌വേ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴിലായിരുന്ന കാലത്ത്‌ ബ്രിട്ടീഷുകാര്‍ ഇവിടത്തെ സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നു. തന്‍മൂലം ഇന്ന്‌ സിംബാബ്‌വേയിലെ തലമുറ ഒരു സങ്കരതലമുറയാണ്‌. അതും പ്രശ്‌നം തന്നെയാണല്ലോ. വ്യക്തിബന്ധങ്ങളില്‍ കരുതലെടുക്കുന്ന ശീലം ജനങ്ങളില്‍ വളരെ കുറവാണ്‌. അതും ഇതിനൊരു കാരണമാണല്ലോ.

സിംബാബ്‌‌വേയിലെ കൃഷി, കാലാവസ്ഥ, ജീവിത രീതികള്‍, സംസ്‌കാരം?

പ്രധാന കൃഷി ചോളമാണ്‌. പുകയിലയും നല്ല രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്‌. വര്‍ഷത്തില്‍ ഏഴോ എട്ടോ മഴയാണു ലഭിക്കുന്നത്‌. അതിനു ശേഷം മരഭൂമിയിലെ കാലാവസ്ഥയാണ്‌ അവിടെ. കുടിവെളളത്തിനു വലിയ ബുദ്ധിമുട്ടാണ്‌. കുഴല്‍ക്കിണറുകളാണ്‌ ജലത്തിന്‌ ഉപയോഗിക്കുന്നത്‌. നമ്മുടെ നാട്ടിലേതുപോലുള്ള കിണറുകള്‍ അവിടെ സാധ്യമല്ല. വളരെ ആഴത്തില്‍ കുഴിച്ചാലേ ജലം ലഭിക്കുകയുളളൂ. പയര്‍ വര്‍ഗങ്ങളൊന്നും തന്നെ വളരില്ല; അവയ്‌ക്ക്‌ ധാരാളം ജലം ആവശ്യമാണല്ലോ. പച്ചക്കറിയിനത്തില്‍ പെടുത്താന്‍ കാബേജും കാരറ്റും തക്കാളിയും മാത്രമാണുളളത്‌.

ജനങ്ങള്‍ വളരെ സഹകരണത്തോടെ ജീവിക്കുന്നവരാണ്‌. ഏതൊരു കാര്യത്തിനായാലും പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ വലുതാണ്‌. വിവാഹമായാ ലും ശവസംസ്‌കാരമായാലും എല്ലാവരും സഹകരിക്കും. ഏതുകാര്യവും പങ്കുവയ്‌ക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്‌.

ജനങ്ങളുടെ പ്രധാന ഭക്ഷണം ആനയിറച്ചിയാണ്‌. അത്‌ നാരുകള്‍ നിറഞ്ഞതാണ്‌. ആ}കള്‍ നാട്ടിലിറങ്ങി പ്രശ്‌നം സൃഷ്ടിക്കുമ്പോള്‍ ഗവണ്‍മെന്റു തന്നെ ആനകളെ കൊല്ലാറുണ്ട്‌. അങ്ങനെ കൊല്ലുന്ന ആനകളുടെ തോലും കൊമ്പും ഗവണ്‍മെന്റിന്‌ അവകാശപ്പെട്ടതാണ്‌. മാംസം ജനങ്ങള്‍ക്കും.

സാമ്പത്തിക മാന്ദ്യം കഠിനമായി ബാധിച്ച രാജ്യമാണല്ലോ സിംബാബ്‌വേ?

അതെ. അതു വളരെ ഭീകരമായിരുന്നു. സിംബാബ്‌്‌വേയിലെ കറന്‍സിക്ക്‌ ഒരു വിലയുമില്ലാതായി. ചാക്കില്‍ തൂക്കിയാണ്‌ കറന്‍സി ആളുകള്‍ കൊണ്ടുനടന്നിരുന്നത്‌. അവശ്യസാധ}ങ്ങളുടെ വില പത്തക്കവും പതി}ഞ്ചക്കവും വരെയെത്തിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? പതിനഞ്ചക്കം വരുന്ന സംഖ്യകള്‍ പ്രോസസ്‌ ചെയ്യാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ സംവിധാനം നിലവിലില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ സംവിധാനം ഏതാണ്ട്‌ പൂര്‍ണമായും തകര്‍ന്നു പോവുകയുണ്ടായി.

സാമ്പത്തിക മാന്ദ്യം ഏറ്റവുമധികം ബാധിച്ചത്‌ വിദ്യാഭ്യാസ മേഖലയെയും ആരോഗ്യമേഖലയെയുമാണ്‌. അവിടെ ജോലിചെയ്‌തിരുന്ന വലിയൊരു വിഭാഗം ആളുകളും രാജ്യം വിടുകയുണ്ടായി. സാമ്പത്തിക മാന്ദ്യം മൂലം ജോലിക്കാര്‍ക്കു ശമ്പളം നല്‍കാനാവാത്ത സ്ഥിതി വന്നു. അതിനെത്തുടര്‍ന്ന്‌ സിംബാബ്‌്‌വേയി ലെ കറന്‍സി പിന്‍വലിക്കേണ്ടി വന്നു. ഇപ്പോള്‍ അമേരിക്കന്‍ ഡോളറാണ്‌ അവിടെ ഉപയോഗിക്കുന്നത്‌. ഭരണകക്ഷിയും പ്രതിപക്ഷവും സംയുക്തമായാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌.

ആര്‍ച്ച്‌ബിഷപ്പിന്റെ പദവിയിലിരിക്കുമ്പോള്‍, അതുവരെ ചെയ്‌തു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി തുടരാനാവുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?

അതൊരു പ്രശ്‌നമാണ്‌. ഇതുവരെ ഞാന്‍ സാധാരണക്കാരുടെ ഒപ്പമായി രുന്നു. ഇന്ന്‌ എനിക്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ പവര്‍ കൂടി ലഭിച്ചിരിക്കുകയാണ്‌. അതു വലിയൊരു ഉത്തരവാദിത്വമാണ്‌. എന്റെ സ്വാതന്ത്ര്യം അല്‌പം കുറഞ്ഞുപോയോ എന്ന സംശയം മാത്രമേയുളളൂ. എന്തായാലും ഇത്‌ ദൈവഹിതമാണ്‌. അതുകൊണ്ടുതന്നെ എല്ലാ ഉത്തരവാദിത്വത്തോടെയും പരിശുദ്ധിയോടെയും ഈ പദവി ഞാന്‍ ഏറ്റെടുക്കുന്നു.
ഫോട്ടോ: സനല്‍ വേളൂര്‍ (ദീപിക സ്റ്റാഫ്‌ ഫോട്ടോഗ്രാഫര്‍)

Tuesday, March 16, 2010

അസ്‌നയെ മറന്നു പോകരുത്‌




അസ്‌ന ഇവളെ ഓര്‍ക്കുക...


രാഷ്ട്രീയം മനുഷ്യത്ത രഹിതമാകുമ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍..

FACEBOOK COMMENT BOX