sandeep salim
'ഞാനൊരു നടനാകാന്‍ ആഗ്രഹിച്ചു പക്ഷേ, ഒരു നാടകകൃത്താകാനാണ് കഴിഞ്ഞത്. പക്ഷേ എന്നെങ്കിലും ഞാനൊരു മഹാനടനാകും.'' ഇന്നലെ അന്തരിച്ച ബ്രിട്ടീഷ് നാടകകൃത്ത് ഹാരോള്‍ഡ് പിന്റര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. അദ്ദേഹത്തിന് ഒരു മഹാനടനാകാന്‍ കഴിഞ്ഞില്ല. എന്നാല്‍, അനുപമമായ രചനാശൈലി കൊണ്ടും പ്രതിഭ കൊണ്ടും വേദികളില്‍ അഭിനയത്തികവിന്റെ വിസ്‌മയങ്ങള്‍ തീര്‍ത്ത നിരവധി കഥാപാത്രങ്ങളുടെ സൃഷ്‌ടാവാകാന്‍ കഴിഞ്ഞു.
ലണ്ടനിലേക്ക് കുടിയേറിപ്പാര്‍ത്ത ജാക്ക് പിന്ററിന്റേയും ഫ്രാന്‍സെസിന്റെയും മകനായി ലണ്ടനിലെ കിഴക്കന്‍ നഗരമായ ഹാക്‌നിയയില്‍ 1930 ഒക്‌ടോബര്‍ പത്തിന് ജനിച്ച പിന്റര്‍ ബാല്യകാലത്തു തന്നെ നാടകങ്ങളോട് പ്രത്യേക താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. അന്നു മുതല്‍ ഒരു നാടകക്കാരനാകണം എന്ന ചിന്ത പിന്ററിന്റെ മനസില്‍ രൂപപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് നിരവധി നാടകങ്ങളില്‍ മികവുറ്റ അഭിനയം കാഴ്‌ചവയ്‌ച്ച പിന്ററിന് മാതാപിക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നു. നാടകങ്ങളോടൊപ്പം എഴുത്തിലും താത്‌പര്യം പ്രകടിപ്പിച്ചിരുന്ന പിന്റര്‍ 1950 കളില്‍ നിരവധി കവിതകള്‍ രചിച്ചിരുന്നു. ഒരു ലഹരിപോലെ നാടകത്തെ കണ്ടിരുന്ന പിന്റര്‍ 1950-ല്‍ 'ഡേവിഡ് ബാരണ്‍' എന്ന പേരി ല്‍ നിരവധി ചെറു നാടക സംഘങ്ങളില്‍ അഭിനയിച്ചിരുന്നു. അക്കാലങ്ങളിലൊന്നും പിന്ററിന്റെ വഴി അഭിനയമല്ലെന്ന് അദ്ദേഹമോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വളരെ യാദൃശ്ചികമായാണ് ഒരു നാടകകൃത്തായി അദ്ദേഹം മാറുന്നത്.
ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ ഡ്രാമാ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സുഹൃത്ത് ഹെന്റ്രി വൂള്‍ഫുമായി (പിന്നീട് പ്രശസ്‌ത നടനായി) നടത്തിയ സൗഹൃദ സംഭാഷണമാണ് പിന്ററെ ഒരു നാടകകൃത്തിന്റെ മേലങ്കി അണിയാന്‍ പ്രേരിപ്പിക്കുന്നത്. സംഭാഷണത്തിനിടയില്‍ പിന്റര്‍ വിശദീകരിച്ച ഒരാശയത്തെ അവലംബിച്ച് ഒരു നാടകം രചിക്കണമെന്ന സുഹൃത്തിന്റെ സ്‌നേഹപൂര്‍വ്വമുളള നിര്‍ബന്ധത്തിന് വഴങ്ങി രചിച്ച 'ദി റൂം' എന്ന നാടകം തന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവാകുമെന്ന് പിന്റര്‍ കരുതിയിരുന്നില്ല. ലണ്ടനിലെ യൂണിവേഴ്‌സിറ്റി തലത്തില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങളില്‍ ആ വര്‍ഷത്തെ (1957 ലെ) ഏറ്റവും മികച്ച നാടകമായി 'ദി റൂം' തിരഞ്ഞെടുക്കപ്പെട്ടു. ആ ദിനം ഹരോള്‍ഡ് പിന്റര്‍ എന്ന പ്രതിഭാധനനായ നാടകകൃത്തിന്റെയും ജനനത്തിന് സാക്ഷ്യം വഹിച്ചു. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ദി ബര്‍ത്ത് ഡേ പാര്‍ട്ടി' എന്ന നാടകം ലോകസാഹിത്യത്തില്‍ ഹരോള്‍ഡ് പിന്ററിന് അനിഷേദ്ധ്യമായ ഇരിപ്പിടം നല്‍കി. അതിലെ ഗോള്‍ഡ് ബെര്‍ഗ് എന്ന കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിച്ചതും പിന്ററായിരുന്നു. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് തിരിഞ്ഞു നോക്കേ ണ്ടിവന്നിട്ടില്ല.
വികസിതരാജ്യമായ ഇംഗ്ലണ്ടില്‍ ജനിച്ചു വള ര്‍ന്നെങ്കിലും ആഡംബരത്തിന്റെയും സുഖലോലുപതയുടേയും വെള്ളിവെളിച്ചം ഒരിക്കലും പിന്ററെ ഭ്രമിപ്പിച്ചിട്ടില്ല. ധനാഢ്യരുടെ പണാധിപത്യ കാഴ്‌ചപ്പാടുകളും വികസന സങ്കല്‍പങ്ങളും മൂലം ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും പുറമ്പോക്കിലേക്ക് ഇറങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട സാധാരണക്കാരുടെ നൊമ്പരങ്ങളെ തന്റെ നാടകങ്ങളിലൂടെ മുഖ്യധാരയിലെത്തിക്കാന്‍ പിന്റര്‍ എക്കാലവും ശ്രദ്ധിച്ചിരുന്നു.
സാമ്രാജിത്വ അധിനിവേശത്തേയും ഇംഗ്ലണ്ടും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുളള വികസിതരാജ്യങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന അധികാര രാഷ്‌ട്രീയ സമവാക്യങ്ങളേയും എക്കാലവും വിമര്‍ശിച്ച വ്യക്തിയായിരുന്നു പിന്റര്‍. തന്റെ ചിന്തയിലോ മാനവികതയിലോ ഇത്തരം നിലപടുകള്‍ക്ക് ഒരിക്കലും സ്ഥാനമില്ലായിരിക്കുമെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 1984 ല്‍ പുറത്തിറങ്ങിയ 'വണ്‍ ഫോര്‍ ദ റോഡ്' എന്ന നാടകത്തിലൂടെ തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ തുറന്നു പറഞ്ഞ പിന്റര്‍ 1991 ല്‍ രചിച്ച 'പാര്‍ട്ടി ടൈം'മിലൂടെ ശക്തമായ രാഷ്‌ട്രീയ വിമര്‍ശനത്തിന്റെ പാതതുറന്നു.
മലയാളത്തിലെ പ്രമുഖ സാഹിത്യ വിമര്‍ശകനായിരുന്ന എം. കൃഷ്‌ണന്‍ നായര്‍ ഒരിക്കല്‍ തന്റെ ലേഖനത്തില്‍ ഹരോള്‍ഡ് പിന്ററെ കുറിച്ച് പറഞ്ഞതിങ്ങനെയാണ് `ബ്രിട്ടീഷ് നാടക ശാഖയെ രണ്ടായി വിഭജിക്കാന്‍ പിന്ററിന് കഴിഞ്ഞു. ബിഫോര്‍ 1957 എന്നും ആഫ്‌റ്റര്‍ 1957 എന്നും.`. കൃഷ്‌ണന്‍ നായരുടെ പ്രസ്ഥാവന അല്‌പം കടന്നു പോയി എന്നു വിമര്‍ശിച്ചവര്‍ പോലും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, ആധുനിക ഇംഗ്ലീഷ് നാടക രംഗത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുളള വ്യക്തികളില്‍ ഒരാളായിരുന്നു ഹരോള്‍ഡ് പിന്റര്‍ എന്നത്.
നാടകകൃത്ത് എന്ന നിലയില്‍ മാത്രമല്ല കവി, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഹരോള്‍ഡ് പിന്റര്‍. ഓസ്‌കര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'ദ ഫ്രഞ്ച് ലഫ്‌റ്റനന്റ്‌സ് വുമണും'(1981), 'ബിട്രേയ'ലും(1983) പിന്ററിന്റെ തിരക്കഥയില്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങളാണ്.
ലോകപ്രശസ്‌തമായ നിരവധി പുരസ്‌കാരങ്ങളും പിന്ററിനെ തേടിയെത്തിയിരുന്നു. 2005-ല്‍ ല ഭിച്ച നോബല്‍ സമ്മാനം പിന്ററിന്റെ പ്രതിഭയ്‌ക്ക് ലഭിച്ച ഏറ്റവും ഉചിതമായ അംഗീകാരമായാണ് ലോകം വിലയിരുത്തിയത്. നോബല്‍ സമ്മാനം സ്വീകരിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഇറാഖില്‍ അമേരിക്ക നടത്തിയ സായുധ അധിനിവേശത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. `ഇറാഖിലെ വരുംതലമുറ നമ്മെ ഇതിന്റെ പേരില്‍ തളളിപ്പറയും. നമ്മളെ പ്രാകൃത ശിലായുഗത്തിലേക്ക് തളളിവിടുന്ന ഒരു പ്രവര്‍ത്തിയായിട്ടാണ് ഞാനിതിനെ വിലയിരുത്തുന്നത്.'' എന്നാണ് ഇറാഖ് അധിനിവേശത്തെ പിന്റര്‍ വിശേഷിപ്പിച്ചത്. സാമാജ്യത്യ പ്രവണതകള്‍ക്കെതിരേ പ്രതികരിച്ചിരുന്ന പിന്റര്‍ അമേരിക്കയുടേുയും ബ്രിട്ടന്റെയും നടപടികള്‍ക്കെതിരേ ഉയര്‍ത്തിയിരുന്ന വിമര്‍ശനങ്ങളെ ലോകം ശ്രദ്ധയോടെയാണ് കാതോര്‍ത്തിരുന്നത്.
എക്കാലവും നാടകവും ആള്‍ക്കൂട്ടവും ആഘോഷങ്ങളും പിന്ററെ സ്വാധീനിച്ചിരുന്നു. നാടകം എന്ന കലാരൂപത്തോടുളള അഭിനിവേശമാണ് ഒരൊറ്റമൂലി പോലെ ദീര്‍ഘകാലമായി ക്യാന്‍സര്‍ രോഗബാധിതനായിരുന്ന പിന്ററുടെ ജീവനെ പിടിച്ചു നിര്‍ത്തിയതെന്ന് പറയാം. അദ്ദേഹം തന്നെ ഇക്കാര്യ വ്യക്തമാക്കിയിട്ടുമുണ്ട്. പിന്ററുടെ ജീവിതത്തിനു മരണം തിരശീല ഇട്ടെങ്കിലും അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്‌ടികളും കഥാപാത്രങ്ങളും സാഹിത്യ ലോകത്തും അനുവാചക ഹൃദയങ്ങളിലും എന്നും നിലനില്‍ക്കും.