Thursday, July 2, 2009

പുതിയ അറിവ്‌....

കവിതയ്‌ക്ക്‌
വിഷയം തേടിക്കൊണ്ടിരുന്നു
സമയം കടന്നു പോയ്‌ക്കൊണ്ടുമിരുന്നു
ഒന്നും തടഞ്ഞില്ല
മൊബൈല്‍ കരഞ്ഞു
കാമുകിയാണ്‌
"എനിക്ക്‌ നിന്നെ കാണണം"
ഞാന്‍ പറഞ്ഞു
"എന്തിന്‌ ? എന്നും വിളിക്കുന്നില്ലേ?"
ഞാന്‍ വീണ്ടും കേണു
"സമയമില്ല"
ഫോണ്‍ കട്ടായി
കണ്ണുകള്‍ നിറഞ്ഞിരുന്നു

ഞാന്‍ തിരികെ നടന്നു
വഴി പഴയതു തന്നെ
പക്ഷേ,
അപരിചിതത്വം കുമിഞ്ഞു കൂടുന്നു
യുദ്ധക്കളം പോലെ കിടങ്ങുകള്
‍ടെലിഫോണ്‍ കേബിളുകള്
‍യന്ത്രങ്ങള്
‍മൊബൈല്‍ ടവറുകള്‍

ഇന്റര്‍നെറ്റില്‍ ഇ-മെയില്‍ നോക്കവേ
ഐടിയുടെ അന്തസാദ്ധ്യതയെ കുറിച്ച്‌
സുഹൃത്തിന്റെ സ്‌റ്റഡി ക്ലാസ്‌
എല്ലാം നെറ്റിലൂടെ കഴിയുമത്രെ
ആസക്തി ഒരു മൗസ്‌ ക്ലിക്‌ അകലെ
ചുരിദാറിന്റെ വിടവിലൂടെയോ
ഊര്‍ന്നു വീണ സാരിക്കിടയിലൂടെയോ
മുലവടിവുകളെ ഒളിഞ്ഞു നോക്കേണ്ടതില്ല
കാമുകിയുടെ കിളിമൊഴി കേള്‍ക്കാന്
‍നെഞ്ചോടു ചേര്‍ക്കേണ്ടതില്ല
ഒരു ഹെഡ്‌ഫോണിന്റെ അകലം മാത്രം

പതിയെ മയക്കത്തിലേക്ക്‌
ഉറങ്ങിയെണീറ്റത്‌
പുതിയൊരറിവുമായി
ജീവനുളള ഒന്നിനേയും
സ്‌നേഹിക്കാനാവില്ലെന്ന ബോധത്തോടെ
കവിതയ്‌ക്ക്‌ പേരിട്ടു.

Thursday, June 18, 2009

ചന്ദ്രസംഗീതം


സന്ദീപ്‌ സലിം

1983 മാര്‍ച്ച്‌ മാസത്തില്‍ ഏതാനും കുട്ടികളുമായി തിരുവനന്തപുരത്ത്‌ ആകാശവാണിയില്‍ `ബാലലോകം' എന്ന കുട്ടികളുടെ സംഗീത പരിപാടി അവതരിപ്പിക്കുമ്പോള്‍ പി ജി ചന്ദ്രന്‍ എന്ന ചന്ദ്രന്‍ പാമ്പാടി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അതൊരുചരിത്രത്തിനു തുടക്കം കുറിക്കലാകുമെന്ന്‌. നീണ്ട 26 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ചന്ദ്രന്‍ പാമ്പാടിയുടേതല്ലാതെ `ബാലലോകം' നടന്നിട്ടുളളത്‌ വിരലിലെണ്ണാവുന്ന തവണകള്‍ മാത്രം. അദ്ദേഹം രൂപീകരിച്ച വികാസ്‌ ക്ലബ്‌ ഇന്നു കേരളത്തിലെ ഏറ്റവും പ്രമുഖ റേഡിയോ ക്ലബുകളിലൊന്നാണ്‌. ബാലലോകം പരിപാടിയുടെ മുഖ്യ സംഘാടകരും വികാസ്‌ ക്ലബ്‌ തന്നെ.

എല്ലാ ഞായറാഴ്‌ചകളിലും 10.30-ന്‌ ആകശവാണിയില്‍ പ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ സംഗീതപരിപാടിയാണ്‌ ബാലലോകം. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നുമുളള കുട്ടികളാണ്‌ ഇവയില്‍ പങ്കെടുക്കുക. ലളിത ഗാനങ്ങള്‍ക്കും ശാസ്‌ത്രീയഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ്‌ പരിപാടി അവതരിപ്പിക്കപ്പെടുന്നത്‌.


തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍നിന്നും 1980ല്‍ സംഗീത പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ചന്ദ്രന്‍ സാറിന്റെ മനസില്‍ ഒരു ഗായകനാവുക എന്ന ആഗ്രഹം വേരൂന്നിയിരുന്നു. എന്നാല്‍ ജീവിതത്തിന്റെ അണിയറയില്‍ അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്‌ സംഗീതാധ്യാപകന്റെ വേഷമായിരുന്നു. പരിയാരം ഗവണ്‍മെന്റ്‌ സ്‌കൂളില്‍ സംഗീതാധ്യാപകനായിക്കൊണ്ട്‌ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം കുറിച്ചു. അവിടെനിന്നും തുടങ്ങിയതാണ്‌ അദ്ദേഹത്തിന്റെ ആകശവാണി ബന്ധം. അതിനും ചന്ദ്രന്‍ സാറിന്‌ വ്യക്തമായ ഉത്തരമുണ്ട്‌. `റേഡിയോ ആയിരുന്നു അന്നത്തെ പോപ്പുലര്‍ മീഡിയ. ഭീംസെന്‍ ജോഷിയേയും എം എസ്‌ സുബ്ബല ക്ഷ്‌മിയേയും കുമാര്‍ ഗന്ധര്‍വയേയു മൊക്കെ മലയാളികള്‍ അറിയുന്നത്‌ റേഡിയോയിലൂടെയാണല്ലോ. ടി വിയും ചാനലുകളുമൊന്നും അന്ന്‌ ഇത്ര പ്രചാരം നേടിയിട്ടില്ല. മാത്രവുമല്ല റേഡിയോ ശ്രോതാക്കളുടെ മുന്നില്‍ ഭാവനയുടെ അതിവിശാലമായ ഒരു ലോകം ക്രിയേറ്റ്‌ ചെയ്യുന്നു. അന്ന്‌ പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമേ കഴിയൂ. ഇന്ന്‌ അങ്ങനെയാണോ ? പാട്ടു നമ്മള്‍ കാണുകയല്ലേ ? അവിടെ ഭാവനയുടെ പ്രസക്തി നഷ്‌ടപ്പെടുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ എല്ലാത്തരം എക്‌സ്‌പോഷറുകളും സാദ്ധ്യമാണ്‌. എന്റെയൊക്കെ കാലത്ത്‌ ആകശവാണിയില്‍ പാടാന്‍ കഴിയുക എന്നത്‌ വലിയൊരു കാര്യമായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ അവസരങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു കൊടുക്കേണ്ട കാര്യമില്ല. അവസരങ്ങള്‍ അവരെ തേടി വന്നു കൊളളും'.

ബാലലോകത്തെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ചന്ദ്രന്‍ സാറിന്റെ മുഖത്ത്‌ ഒരു കുട്ടിയുടെ ആവേശം. ഇപ്പോള്‍ കോട്ടയം പാമ്പാടി പി.ടി.എം ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ സംഗീതാധ്യാപകനാണ്‌ അദ്ദേഹം. എന്നാല്‍, തന്റെ അധ്യാപന ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ബാലലോകത്തിനായി സമയം കണ്ടെത്തുന്നു. “ബാലലോകം അത്‌ ഒരിക്കലും നിര്‍ത്തില്ല. ആരോഗ്യമുളളിടത്തോളം അത്‌ തുടരും. നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്‌. ശാരീരികമായും സാമ്പത്തികമായും എന്നാല്‍ അവയെ എല്ലാം തരണം ചെയ്‌ത്‌ ഇവിടം വരെയെത്തി. ഇത്രയും വര്‍ഷത്തെ ബാലലോകം പരിപാടി അവതരണത്തിനിടെ മറക്കാനിഷ്‌ടപ്പെടുന്ന ഒരു സംഭവം പോലുമില്ല. ഞാന്‍ ഭംഗിവാക്ക്‌ പറയുകയല്ല. സത്യമാണ്‌. എന്നെ ഇന്നു കാണുന്ന നിലയിലെത്തിച്ചതിനു പിന്നില്‍ ബാലലോകത്തിന്റെ പങ്ക്‌ അമൂല്യമാണ്‌. ബാലലോകത്തിലൂടെ ഞാന്‍ പരിചയപ്പെടുത്തിയ കുട്ടികളെല്ലാം- ഇന്ന്‌ പലരും കുട്ടികളല്ല, എന്നെ ഇന്നും ഓര്‍ത്തിരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണത്‌. അതാണെന്റെ ആത്മസംതൃപ്‌തി. പിന്നെ ആദ്യത്തെ ഏതാനും പ്രോഗ്രാമുകളിലൊഴിച്ച്‌ മിക്കതിലും ഞാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങളാണ്‌ കുട്ടികള്‍ പാടുന്നത്‌ അവ കേള്‍ക്കുമ്പോഴുണ്ടാകുന്ന സന്തോഷം അവയും വാക്കുകള്‍ക്ക്‌ അതീതമാണ്‌'. കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിനോടൊപ്പം അവര്‍ക്ക്‌ പാടാനുളള വേദിയൊരുക്കാനും സാറ്‌ ശ്രദ്ധിക്കുന്നു. പാടാന്‍ കഴിവുളളതു കൊണ്ടു മാത്രം ഒരാള്‍ ഗായകനാവുന്നില്ല, പാടാനുളള അവസരവും പ്രധാനമെന്നു വിശ്വസിക്കുന്നയാളാണ്‌ ചന്ദ്രന്‍ സാറ്‌. അതാണ്‌ ഇന്നും ബാലലോകം അവതരിപ്പിക്കാന്‍ സാറിനെ പ്രേരിപ്പിക്കുന്ന പ്രേരകശക്തി.
ആദ്യമായി സ്‌കൂളില്‍ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങിയ കാലത്ത്‌ ധാരാളം ബുദ്ധിമുട്ടുകളും സാറിന്‌ നേരിടേണ്ടി വന്നു. ഒരു ക്ലാസില്‍ നിരവധി കുട്ടികള്‍; സംഗീതത്തോട്‌ താത്‌പര്യമുളളവരും തീരെ താത്‌പര്യമില്ലാത്തവരുമായ കുട്ടികള്‍. ഇവരെകൊണ്ടെല്ലാം പാട്ടു പാടിക്കുക. അസാധ്യം എന്ന്‌ മിക്കവരും സാക്ഷ്യപ്പെടുത്തും. എന്നാല്‍, അവിടെയാണ്‌ ചന്ദ്രന്‍ സാറ്‌ തന്റെ മികവ്‌ തെളിയിച്ചത്‌. എല്ലാ കുട്ടികളെ കൊണ്ടും അവരിഷ്‌ടപ്പെടുന്ന പാട്ട്‌ പാടാന്‍ സാറ്‌ അ വസരമൊരുക്കി. അങ്ങനെ പാടിയവര്‍ വലിയ പാട്ടുകാരൊന്നുമായില്ലെങ്കിലും അന്ന്‌ പാടാന്‍ കിട്ടിയ അവസരം വിനിയോഗിക്കുക വഴി തങ്ങള്‍ക്കു ലഭിച്ച ആത്മവിശ്വാസം ഭാവി ജീവിതത്തിന്‌ മുതല്‍ക്കൂട്ടായെന്ന്‌ അവര്‍ സാക്ഷ്യപ്പെടുത്തുമ്പോളും ചന്ദ്രന്‍ സാറിന്റ മുഖത്ത്‌ ഒരു ചെറുപുഞ്ചിരിമാത്രം.
രണ്ടു തലമുറയിലധികം കുട്ടികളെ ബാലലോകത്തിലൂടെ സാറ്‌ മലയാളി പ്രേഷകര്‍ക്ക്‌ പരിചയപ്പെടുത്തി. മികച്ച ഗായികയ്‌ക്കുളള ഉദയഭാനു ഫൗണ്ടേഷന്‍ പുരസ്‌കാരം നേടിയ രഞ്‌ജിനി ജോസ്‌, കൈരളി ടി വി നടത്തുന്ന ഗന്ധര്‍വസംഗീതം ജൂനിയര്‍ വിഭാഗത്തില്‍ ഫൈനലിസ്റ്റായ ഭരത്‌ തുടങ്ങി നിരവധി പേര്‍ ചന്ദ്രന്‍ സാറിന്റെ ശി ഷ്യന്‍മാരായുണ്ട്‌. ഗായകനും സം ഗീതഅധ്യാപകനുമപ്പുറം ചന്ദ്രന്‍ സാറ്‌ സം ഗീതസംവിധായകന്‍ കൂടിയാണ്‌. അദ്ദേഹം സംഗീതം നല്‍കിയ ആവണിപുലരിച്ചന്തം, അഭയം വരദം തുടങ്ങിയ ആല്‍ബങ്ങള്‍ ശ്രോതാക്കളുടെ മുക്തകണ്‌ഠമായ പ്രശംസ നേടിയതാണ്‌. ചങ്ങനാശേരിയിലെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച്‌ തയാറാക്കിയ 'അഭയം വരദം' ഭക്തിഗാന രംഗത്തെ പുത്തന്‍ പരീക്ഷണമായിരുന്നു.


തിരുവനന്തപുരത്തെ ആകാശവാണി സ്റ്റുഡിയോയിലാണ്‌ ബാലലോകത്തിന്റെ റെക്കോര്‍ഡിംഗ്‌ നടക്കുന്നത്‌. റെക്കോര്‍ഡിംഗിനായുള്ള യാത്രയില്‍ കുട്ടികളോടൊപ്പം തന്റെ ഭാര്യയും ഒപ്പമുണ്ടാകാറുണ്ടെന്ന്‌ സാര്‍ പറഞ്ഞു. തന്റെ ജീവിത വിജയത്തിനു പിന്നില്‍ തന്റെ ഭാര്യ രമണിയാണെന്ന്‌ സാറ്‌ സാക്ഷ്യപ്പെടുത്തുന്നു. ഭാര്യയുടെ സഹകരണമില്ലായിരുന്നെങ്കില്‍ താന്‍ ഒരിടത്തും എത്തില്ലായി രുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കളായ വീണയും വികാസും അച്ഛനു പിന്തുണയു മായുണ്ട്‌. ചന്ദ്രന്‍ പാമ്പാടി പാടിപ്പിക്കുകയാണ്‌. പുതുതലമുറയെ സംഗീതലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ട്‌...
ഫോട്ടോ: സനല്‍ വേളൂര്‍

Thursday, June 4, 2009

തെരുവിന്റെ സ്വന്തം

സന്ദീപ്‌ സലിം
തെരുവില്‍ സൂര്യനുദിച്ചു
നട്ടുച്ച
കുരീപ്പുഴയുടെ 'കറുത്ത നട്ടുച്ച'
തെരുവിന്റെ മധ്യത്തില്‍
വണ്ടി ബ്രേക്ക്‌ ഡൗണായി
റിയര്‍ വ്യൂ മിററില്‍ കണ്ട കാഴ്‌ചകള്‍ മാനഭംഗത്തിന്റെ മാറാപ്പുമായ്‌
പടിയിറങ്ങുന്നവള്‍
പരസ്‌പരം കൊന്നു തിന്നുന്ന ഉടലിന്റെ
പ്രാര്‍ഥനകള്‍
തൃഷ്‌ണ പോറ്റും പിശാചുക്കള്‍
തിന്നൊടുക്കും കിനാവുകള്
‍ചോരമോന്തിയ പകയുടെ ,
മരണഗന്ധം പരത്തി പോര്‍വിളിക്കുവോര്
‍ജീവിതത്തിന്റെ അയക്കയര്‍ നിറയെ
പരപുരുഷന്റെ ഈര്‍പ്പമുണങ്ങാത്ത പെണ്ണുടുപ്പുകള്‍
തോലുരിച്ച പോത്തിന്റെ പ്രാണന്‌
അന്ത്യകൂദാശ നല്‍കുവോര്
‍കൊഴുത്ത പായ്‌ചെളിപ്പുതപ്പില്‍
പുഴുത്തു ചീയുന്ന ഇരുളിന്റെ ഗന്ധം
വണ്ടി കയറി ചത്ത നായുടെ
ചിതറിവീണ തലച്ചോര്‍പ്പൂവുകള്‍
തെരുവിന്റെ ഗര്‍ഭപാത്രത്തില്‍
കുരുക്കുന്ന ചോരപൊതിഞ്ഞ ഭ്രൂണങ്ങള്‍

പിന്നീടെപ്പോഴോ കാഴ്‌ചകളികളില്‍
മനം മടുത്ത്‌ തിരികെ നടക്കാന്
‍ശ്രമിക്കവേ ആ സത്യം ഞാനറിഞ്ഞു
ഞാനും തെരുവിന്‍ സ്വന്തമായെന്ന സത്യം.

Sunday, May 31, 2009

മാധവിക്കുട്ടി (പറഞ്ഞ വാക്കുകളുടെ അര്‍ഥം)




പത്താം വയസില്‍
അക്ഷരങ്ങള്‍ കൂട്ടി വാക്കായി വായിക്കാന്‍ പഠിച്ച കാലത്ത്‌
'എന്റെ കഥ' പോലൊന്ന്‌
എനിക്കും എഴുതണമെന്നു പറഞ്ഞു കരഞ്ഞിരുന്നത്രെ
അച്ഛന്‍ പറഞ്ഞറിഞ്ഞതാണ്‌
പിന്നീട്‌ 'ഭയം എന്റെ നിശാവസ്‌ത്രം' വായിച്ചപ്പോള്‍
അതു പോലൊരു നിശാവസ്‌ത്രം സ്വപ്‌നം കണ്ടു
പിന്നീട്‌ വാക്കുകള്‍ എന്‍ ചിന്തയാകുന്ന ജലാശയത്തില്‍ പതിക്കുന്ന കല്ലുകളായി
നീ എറിഞ്ഞിട്ട കല്ലുകളെല്ലാം എന്റെ മനസിന്റെ
അടിത്തട്ടില്‍ പുറ്റു പോലെ പറ്റിപ്പിടിച്ചു
എന്നോ അവയോട്‌ തോന്നിയ(തോന്നിപ്പിച്ച) വെറുപ്പ്‌ അവയെ നിഷേധിക്കാന്‍ പഠിപ്പിച്ചു
പിന്നീട്‌ 'നഷ്ടപ്പെട്ട നീലാംബരി' വായിച്ചപ്പോള്‍(വായിക്കാന്‍ വളരെ വൈകി)
നഷ്ടപ്പെടുത്തിയ വാക്കുകളുടെ വില കൂട്ടിയെടുക്കാന്‍ശ്രമിച്ചു
ഇന്ന്‌ പ്രഭാതത്തില്‍ വാക്കുകള്‍ പരാജയപ്പെടുന്ന ലോകത്തേയ്‌ക്ക്‌
നീ പറന്നു പോവുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു
വഴിയമ്പലത്തില്‍ ആല്‍മരത്തിലെ പക്ഷികള്‍ പിറ്റേ ദിവസം
തങ്ങളുടെ വഴിക്ക്‌ പറന്നു പോവുമ്പോള്‍ പറഞ്ഞ വാക്കുകളുടെ അര്‍ഥം
കാരിക്കേച്ചര്‍: അഭിലാഷ്‌ തോമസ്‌

Thursday, May 21, 2009

ഇന്‍ക്രെഡിബിള്‍ വര്‍മ



"ഹെയ്‌ഡനും ഗില്‍ക്രിസ്‌റ്റും ഡിവില്യേഴ്‌സും ഡുമിനിയും സുരേഷ്‌ റെയ്‌നയും ധോണിയുമൊക്കെ ഐ.പി.എല്ലില്‍ തകര്‍ത്താടുമ്പോള്‍ ജനം കാത്തിരിക്കുന്നത്‌ ബൗണ്ടറികള്‍ക്കുമീതേ പറന്നുയരുന്ന സിക്‌സറുകള്‍ക്കും പുല്‍നാമ്പുകളെ ചുംബിച്ചു പായുന്ന ഫോറുകള്‍ക്കും വേണ്ടിയല്ല ഓരോ ഓവറിന്റെയും ഇടവേളകളില്‍ ഓടിയെത്തുന്ന വോഡഫോണ്‍ പരസ്യത്തിലെ സൂസൂ എന്ന കഥാപാത്രത്തെ കാണാനാണ്‌. ഐ.പി.എല്ലിനേക്കാളും ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നത്‌ സൂസുവിനെക്കുറിച്ചാണ്‌. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഈ ക്രിക്കറ്റ്‌ കമ്പക്കെട്ടിലെ താരം സൂസുവാണ്‌."
ജയിംസ്‌ ജോസഫ്‌ & സന്ദീപ്‌ സലിം


സിനിമകളെ ഭ്രാന്തമായി സ്‌നേഹിച്ചു നടന്നിരുന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു ആലപ്പുഴയില്‍. കോളജ്‌ പഠനകാലത്ത്‌ തീയറ്ററുകള്‍ കയറിയിറങ്ങി സിനിമകള്‍ കാണുന്നതിന്‌ വീട്ടില്‍നിന്ന്‌ വഴക്കു കേള്‍ക്കുകയും പിറ്റേന്ന്‌ വീണ്ടും വര്‍ധിച്ച ആവേശത്തോടെ സിനിമ കാണാന്‍ പോവുകയും ചെയ്‌തു കൊണ്ടിരുന്നൊരു ചെറുപ്പക്കാരന്‍. ഒരു മധ്യവര്‍ഗ-ഉദ്യോഗസ്ഥ കുടുംബത്തില്‍നിന്നുള്ള തനിക്ക്‌ വീട്ടുകാരുടെ ആഗ്രഹം പോലെ സ്ഥിരവരുമാനമുള്ളൊരു ഉദ്യോഗസ്ഥനാകാന്‍ താത്‌പര്യമില്ലെന്ന്‌ മനസിലാക്കിയ ആ യുവാവ്‌ സിനിമയില്‍ പയറ്റിത്തെളിയാന്‍ ബാംഗളൂരിലേക്കു വണ്ടികയറി. അവിടെ ഒരു കമ്പനിയില്‍ രണ്ടുവര്‍ഷത്തോളം താത്‌പര്യമില്ലാതിരുന്നിട്ടും ആത്മാര്‍ഥമായി പണിയെടുത്ത ആ യുവാവ്‌ ഇന്ന്‌ അന്താരാഷ്‌്‌്‌ട്ര തലത്തില്‍ അറിയപ്പെടുന്നൊരു പരസ്യസംവിധായകനാണ്‌. പ്രകാശ്‌ വര്‍മ. പരസ്യലോകത്തെ പരീക്ഷണങ്ങളുടെ തമ്പുരാന്‍.

ഐ.പി.എല്ലില്‍ നിറഞ്ഞുനിന്ന വോഡഫോണ്‍ പരസ്യത്തിന്റെ സംവിധായകന്‍; പ്രകാശ്‌ വര്‍മ. `സൂസൂ വര്‍മ'. താന്‍ സംവിധാനം ചെയ്‌ത പരസ്യ ങ്ങളെക്കുറിച്ചും സൂസൂവെന്ന കഥാപാത്രത്തെക്കു റിച്ചും ആലപ്പുഴയിലെ വീട്ടില്‍വച്ച്‌ `ദീപിക ലാപ്‌ടോപ്പി'നോട്‌ മനസു തുറന്നപ്പോള്‍. ``ഒരു ടെലിഫോണ്‍ ബ്രാന്‍ഡിനെ സംബന്ധിച്ച്‌ സ്റ്റോക്ക്‌ അലേര്‍ട്ട്‌, ഹോറോസ്‌കോപ്പ്‌, ബ്യൂട്ടി ടിപ്‌സ്‌ തുടങ്ങി വ്യത്യസ്‌തങ്ങളായ നിരവധി സേവനങ്ങള്‍ നല്‍കുന്ന പ്രൊഡക്‌റ്റുകളുണ്ട്‌. ഇവയെല്ലാം പ്രമോട്ട്‌ ചെയ്യാന്‍ കഴിയുന്ന ഒരു സ്‌പേസാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌. വോഡഫോണ്‍ കമ്പനിയുമായി എനിക്ക്‌ അഞ്ചെട്ടുവര്‍ഷത്തെ ബന്ധമാണുള്ളത്‌. ഈ കമ്പനിയാണ്‌ ഐ.പി.എല്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. ഇങ്ങനെയുള്ള അവസരത്തില്‍ അവര്‍ക്ക്‌ കുറെയേറെ ഫിലിംസ്‌(പരസ്യങ്ങള്‍) ചെയ്യണം. എനിക്കാണെങ്കില്‍ സമയമില്ല. ഞാനുമായി വര്‍ഷങ്ങളായി നല്ല ബന്ധമുള്ള ബ്രാന്‍ഡാണ്‌ വോഡഫോണ്‍.


സാധാരണ യായി എനിക്ക്‌ സമയമില്ലെങ്കില്‍ സമയമില്ലെന്നുപറഞ്ഞ്‌ ഞാന്‍ ഒഴിഞ്ഞ്‌ മാറുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍, ഇവരോട്‌ അങ്ങിനെ പറയാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ ഒരുമാസത്തെ സമയമേയുള്ളൂ. മുപ്പത്‌ പരസ്യങ്ങള്‍ ഈ സമയത്തിനുള്ളില്‍ തീര്‍ക്കണം. ഈ ജന്മത്ത്‌ നടക്കുന്ന കാര്യമല്ല. അതിന്‌ സമയമെടുക്കും.ഈ പരസ്യ ങ്ങളുടെ ചിന്ത, സ്‌ട്രക്‌ച്ച റിംഗ്‌, ക ഥാ പാത്രങ്ങ ള്‍ എന്നിങ്ങ നെ നിരവധി കാര്യങ്ങളുണ്ട്‌. വലിയ ജോലിയാണ്‌. അങ്ങി നെ നോക്കു മ്പോള്‍ ഇത്‌ ഇംപോസിബിള്‍...


അതു കൊണ്ടാണ്‌ ഇങ്ങനെ വ്യ ത്യസ്‌തങ്ങളായൊരു ലോകവും ക ഥാപാത്രങ്ങളും സൃഷ്‌്‌ടിച്ചത്‌. ഇതി ന്റെ തുടക്കത്തില്‍ ഞാനും ഒ ആന്‍ഡ്‌ എമ്മിലെ ക്രിയേറ്റീവും കൂടിയിരുന്ന്‌ ഇ ക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ( ഒ ആന്‍ഡ്‌ എം- വോഡഫോണിന്റെ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പരസ്യ ഏജ ന്‍സി.)ഞാനാണല്ലോ ഇത്‌ സംവിധാനം ചെയ്യുന്നത്‌. അതിനാല്‍ ഇതിന്റെ ഓരോ ഘട്ടത്തിലേയും മാറ്റങ്ങളും മറ്റും ഞങ്ങള്‍ കൂടിയിരുന്നാലോചിച്ചാണ്‌ ഉണ്ടാക്കിയത്‌. അങ്ങിനെയാണ്‌ ഇപ്പോള്‍ കാണുന്ന ഈ പരസ്യമുണ്ടായത്‌. ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക്‌ ആകര്‍ഷകമായിരുന്നു ഈ പരസ്യത്തിന്റെ ആശയം. വളരെ ഡിഫ്രന്റായുള്ള ലോകം, കഥാപാത്രങ്ങള്‍, മനുഷ്യ ബന്ധങ്ങളൊക്കെയുള്ള, മാനുഷികവികാരങ്ങളൊക്കെയുള്ള കഥാപാത്രങ്ങള്‍, നമ്മുടെ യൊക്കെ ജീവിതത്തിലെ സിറ്റുവേഷനുകളുമാണ്‌. എന്നാല്‍, അന്യഗ്രഹ ജീവികളെപ്പോലെ തോന്നാനും പാടില്ല. അങ്ങിനെ യെങ്കില്‍ ഇവിടെ എന്തുതരം കഥാപാത്രങ്ങളെ ഉപയോഗിക്കണമെന്നായി ചിന്ത. അങ്ങിനെ രണ്ടുതരം കഥാപാത്രങ്ങളെ ഞങ്ങള്‍ വരച്ചുണ്ടാക്കി. അങ്ങിനെയായപ്പോള്‍ എനിക്ക്‌ വളരെ ഇന്ററസ്റ്റിംഗായി തോന്നി.


ഇതുവരെ ആരും ചെയ്യാത്ത രീതിയിലുള്ള ഒരു ഫിലിം മേക്കിംഗ്‌ പരീക്ഷിച്ചാലോ എന്നുഞാന്‍ ചിന്തിച്ചു. അനിമേഷന്‍ എല്ലാവരും ചെയ്യുന്നതാണ്‌. അതു ചെയ്‌തുതീരാന്‍ കുറേനാളെടുക്കും. അനിമേഷന്‍ പോലെ ഇരിക്കുന്ന; എന്നാല്‍, ലൈവായി ഷൂട്ട്‌ ചെയ്‌താല്‍ രസകരമായിരിക്കുമെന്ന്‌ എനിക്ക്‌ തോന്നി. അങ്ങിനെ രണ്ടു തരം കഥാപാത്രങ്ങ ളെയാണ്‌ ഞങ്ങള്‍ ഉണ്ടാക്കിയത്‌. ഈ കഥാപാത്രങ്ങളുടെ ഭംഗയല്ല. ഇവരുടെ പ്രാക്‌്‌ടിക്കാലിറ്റിയാണ്‌ നോക്കേണ്ടത്‌. അവരിരിക്കും അവര്‍ ചിരിക്കും അവര്‍ വീഴും അങ്ങിനെ നിരവധികാര്യങ്ങളുണ്ട്‌. കുറച്ചുകൂടി ലളിതമായിരിക്കണം. അങ്ങിനെ ഞാ നെന്റെ കോസ്‌റ്റിയൂം ഡിസൈനറുമായി ചര്‍ച്ചചെയ്‌തു. ഈ രണ്ടു തരം ഡ്രസൊക്കെയിട്ട്‌ പരീക്ഷിച്ചപ്പോള്‍ ഇപ്പോള്‍ കാണുന്ന ഈ കഥാപാത്രമാണ്‌ സൗകര്യമെന്ന്‌ മനസിലായി. ഈ കഥാപാത്ര ത്തെ മൂന്നുഭാഗങ്ങളായി തിരിച്ചു. തല, ഉടല്‍, പി ന്നെ കാലുകള്‍. അങ്ങനെ കഥാപാത്രങ്ങളെക്കുറി ച്ച്‌ തീരുമാനമായി. പിന്നെ അവരുടെ വലുപ്പം. അവര്‍ക്ക്‌്‌്‌ സ്‌ട്രയിഞ്ചായിട്ടുള്ള സൈസാണെങ്കില്‍ വളരെ ക്യൂട്ടായിട്ട്‌ എനിക്ക്‌ തോന്നി. അങ്ങിനെയാണ്‌ കുട്ടികളേയും ഈ കഥാപാത്രങ്ങള്‍ക്കായി ഉ പയോഗിക്കാമെന്ന്‌ തീരുമാനിക്കുന്നത്‌. ഇത്‌ ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗണിലാണ്‌ ഷൂട്ട്‌ ചെയ്യുന്നത്‌. കാരണം, ഇത്‌ വ്യത്യസ്‌തമായ ഒരു പരസ്യമാണ്‌. ഇതിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവരരുതെന്ന്‌ എനിക്കാഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ഫോട്ടോകളും മറ്റുവിവരങ്ങളും പുറത്തുവന്നാല്‍ ഇതിന്റെ പുതുമ പോവും. ഒരു സര്‍പ്രൈസ്‌ പോലെ ഒരു ദിവസം അങ്ങനെ ടിവിയില്‍ പ്രത്യക്ഷപ്പെടണം... എങ്കില്‍ മാത്രമേ ആളുകളെ ഇത്‌ ആകര്‍ഷിക്കുകയുള്ളൂ. ചുളിവുകള്‍ വീഴാത്തതരത്തിലുള്ള ബോഡി സ്യൂട്ടുകളാണ്‌ ഞങ്ങള്‍ കഥാപാത്രങ്ങള്‍ ക്കായി തെരഞ്ഞെടുത്തിരുന്നത്‌. എന്നാല്‍, തല സാധാര ണ ഗതിയിലും വലുപ്പമുള്ളതായിരുന്നു. അതിന്‌ ഫൈബര്‍ ഗ്ലാസ്‌ പോലുള്ളവയാണ്‌ ഉപയോഗിച്ചത്‌.


കുട്ടികളെയൊക്കെവച്ച്‌ ഷൂട്ട്‌ ചെയ്യുമ്പോള്‍ അവര്‍ക്ക്‌ ഒത്തിരിയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന്‌ മനസിലാക്കിയാണ്‌ ഞങ്ങള്‍ മുതിര്‍ന്നവരേയും ഇതിനായി ഉപയോഗിച്ചത്‌. തലയെന്നു പറഞ്ഞാല്‍ വളരെ വലുപ്പമുണ്ട്‌. ചെറിയ തുളകളൊക്കെയുണ്ടെന്ന്‌ പറഞ്ഞാലും ശ്വാസമെടുക്കാനൊക്കെ ഒത്തിരി പ്രയാസമാണ്‌. പ്രധാനമായും സ്‌ത്രീകളെയാണ്‌ ഞങ്ങള്‍ ഈ കഥാപാത്രങ്ങള്‍ക്കായി തെരഞ്ഞെടുത്തത്‌. കാരണം അവരുടെ ശരീരം വളരെ സ്ലിമ്മാണ്‌. വലിയ ഉടലും തീരെ മെലിഞ്ഞ കാലുകളും കൈകളുമൊക്കെയായി സ്‌ട്രയിഞ്ചായൊരു രൂപം ഫീലുണ്ടാക്കാന്‍ ഇവരെ ഉപയോഗിച്ചാല്‍ കഴിയുമെന്ന്‌ ഞങ്ങള്‍ മനസിലാക്കി. ഇത്തരത്തില്‍ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയപ്പോള്‍ എന്റെ എല്ലാ പ്ലാനുകളും അതിനനുസരിച്ച്‌ മാറാന്‍ തുടങ്ങി. നോര്‍മലായിട്ടുള്ള ആള്‍ക്കാരായപ്പോള്‍ അവരുടെ പ്രപ്പോഷനനുസരിച്ച്‌ ബാക്കിയുള്ള വസ്‌തുക്കള്‍ളൊക്കെ വലുപ്പത്തില്‍ ഉണ്ടാക്കി. ഒരു ഫോട്ടോകോപ്പി മെഷീന്‍ അവിടെ വച്ചിരിക്കുമ്പോള്‍. ഇവരെല്ലാവരും അതില്‍ തലവച്ച്‌ പോവുമ്പോള്‍ ഇവരുടെ വലുപ്പത്തിനനുസരിച്ച്‌ ആ ഫോട്ടോകോപ്പിമെഷീന്റെ വലുപ്പവും വര്‍ധിപ്പിച്ചു. അങ്ങിനെ അവരിരിക്കുന്ന ബഞ്ച്‌ വലുതാക്കി. അങ്ങിനെ വരുമ്പോള്‍ ഈ കഥാപാത്രങ്ങള്‍ തീ രെചെറുതല്ല. എന്നാല്‍, ഒരു സ്‌ട്രേഞ്ച്‌ ഫീല്‍ ചെയ്യും.

അങ്ങിനെ പലപല ലെയറുകള്‍ ഞങ്ങള്‍ ഇതില്‍ കൊണ്ടുവന്നു. വലിയൊരു ഫ്‌ളോര്‍ എടുത്ത്‌ അതുമുഴുവന്‍ ഗ്രേ പെയിന്റടിച്ചു. അനിമേഷന്‍ ഫിലിമുകളിലെപ്പോലെ ഞങ്ങള്‍ വസ്‌തുക്കള്‍ ഡിസൈന്‍ ചെയ്‌തു. എല്ലാം പ്രോപ്പറല്ല. നേരെയുള്ള വരകളല്ല; അല്‍പം വളഞ്ഞിട്ടുള്ളതാക്കി. അങ്ങനെ ഒരു അനിമേഷന്‍ ചിത്രമെന്ന തോന്നലുണ്ടാക്കി. ഈ പരസ്യ ങ്ങളില്‍ ഒരു കാറുകാണിക്കുന്നുണ്ട്‌. യഥാര്‍ഥ കാറിനെപ്പോലെയുള്ളതല്ല. വളവൊക്കെയായി ഒരു അനിമേഷന്‍ ചിത്രത്തിലേതുപോലെ. എന്നാല്‍, അനിമേഷനാണോ അല്ല. തീര്‍ച്ചയായും ഇത്‌ മനസിലാകും. എന്നാലും കാണുന്നവര്‍ക്കൊരു ക്യൂരിയോസിറ്റി തോന്നും. അങ്ങിനെ ഇതിനൊരു ഭംഗിയൊക്കെയുണ്ട്‌.


രണ്ടാമത്തെ കാര്യം ഇതിന്റെ സ്‌പീഡ്‌. ഇത്‌ സാധാരണ ഫിലിം കാമറയിലാണ്‌ ഷൂട്ട്‌ ചെയ്യുന്നത്‌. ഒരു സെക്കന്‍ഡില്‍ 25 ഫ്രെയിമാണ്‌ സാധാരണയുള്ള ഷൂട്ടിംഗ്‌ സ്‌പീഡ്‌. എന്നാല്‍, ഞാന്‍ ഒരു സെക്കന്‍ഡില്‍ 20 ഫ്രെയിംവച്ചാണ്‌ ഇത്‌ ഷൂട്ട്‌ ചെയ്‌തത്‌. അങ്ങനെ വരുമ്പോള്‍ സാധാരണ ഗതിയിലും കുറച്ച്‌ വേഗത കൂടും. എന്നാല്‍, അത്‌ വളരെ സ്‌പീഡൊന്നുമല്ല. ഒരു ഫണ്ണിയായുള്ള വേഗത. കഥാപാത്രങ്ങളുടെ ചലനങ്ങള്‍ ഇണങ്ങുന്ന തരത്തിലുള്ള വേഗതയാണിത്‌.

ഈ കഥാപാത്രങ്ങള്‍ക്ക്‌ ഷൂട്ട്‌ ചെയ്യുമ്പോള്‍ ഒ ന്നുംകാണാന്‍ സാധിക്കില്ല. പ്രത്യേകിച്ച്‌ രണ്ടു കഥാപാത്രങ്ങളില്‍ കൂടുതലുള്ള ചിത്രമാണെങ്കില്‍ മറ്റുള്ളവരെന്താണ്‌ ചെയ്യുന്നതെന്ന്‌ ഇവര്‍ക്ക്‌ കാണാന്‍ കഴിയില്ലല്ലോ. ഇതില്‍ ടൈമിംഗ്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഒരാളുടെ ആക്‌ഷന്‍ ചെയ്‌തു അതു കഴിഞ്ഞ്‌ മറ്റേയാള്‍ റിയാക്ട്‌ ചെയ്‌തു. അങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഇതിലുണ്ട്‌. ഓരോ ടേക്കിനു മുമ്പും ഇവരുടെ തലപൊക്കി ഞാന്‍ കാണിച്ചു കൊടുക്കും എങ്ങനെയണ്‌ ഈ ഭാഗത്ത്‌ അഭിനയി ക്കേണ്ടെതെന്ന്‌. ഇത്‌ മനസിലാക്കി ഇവര്‍ ബ്ലൈന്‍ഡായി അഭിനയിക്കുകയാണ്‌. ഒരു കണക്കുകൂട്ടലോടെയുള്ള അഭിനയം. ചിലപ്പോഴൊക്കെ ഇവര്‍ നേരെ നടന്ന്‌ കാമറയില്‍ ഇടിച്ചുവീണിട്ടുണ്ട്‌്‌. കാരണം ഇവര്‍ക്ക്‌ ഒന്നും കാണാന്‍ സാധിക്കില്ലല്ലോ.

തിരിഞ്ഞു നോക്കുമ്പോള്‍ വളരെ സംതൃപ്‌തിയുണ്ട്‌. റിക്കോര്‍ഡ്‌ ടൈമിലാണ്‌ ഇത്‌ ഷൂട്ട്‌ ചെയ്‌തതു തീര്‍ത്തത്‌. ഐ.പി.എല്ലില്‍ ഈ പരസ്യം സംപ്ര ക്ഷേപണം ചെയ്യണമെന്ന്‌ എനിക്കും അവര്‍ക്കും(വോഡഫോണിനും) ആഗ്രഹമുണ്ട്‌. പത്തുദിവസം കൊണ്ടാണ്‌ ഞാന്‍ മുപ്പതോളം ചിത്രങ്ങള്‍ ഷൂട്ട്‌ ചെയ്‌തത്‌.

ഇതിന്റെ സൗണ്ട്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഞാന്‍ തന്നെ പലപല രീതിയില്‍ റെക്കോര്‍ഡ്‌ ചെയ്‌തു മറ്റൊരാളോടൊപ്പമിരുന്ന്‌്‌ സ്‌പീഡ്‌ ചെയ്‌തു പിച്ച്‌ ചെയ്‌താണ്‌ ഇതിന്റെ സൗണ്ട്‌ എഡിറ്റിംഗ്‌ ചെയ്‌തിരിക്കുന്നത്‌. ഈ ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ ചിരിക്കുന്നതായിട്ടുണ്ട്‌. ഇവര്‍ ചിരിക്കുന്നത്‌ ഫാസ്റ്റായിട്ടാണെങ്കിലും ആ ചിരി റെക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ ഹാ...ഹാ...ഹാ...ഹാ... എന്ന്‌ സ്ലോ ആയിട്ടുവേണം റെക്കോര്‍ഡ്‌ ചെയ്യാന്‍. അങ്ങനെ വരു മ്പോള്‍ മാത്രമേ ഹിഹിഹിഹിഹിഹിഹി എന്ന്‌ അവര്‍ ചിരിക്കുന്നതായിട്ട്‌ വരുകയുള്ളൂ. ഇത്തരത്തില്‍ ഒത്തിരിയേറെ ചെറിയ ചെറിയ കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌.


നല്ല പ്ലാനിംഗില്ലാതെ ഇത്‌ ചെയ്യാന്‍ സാധിക്കില്ല. ഇത്‌ പ്രീപ്രൊഡക്‌്‌ഷനുതന്നെ ഒരു മാസത്തെ സമയമെടുത്തു. ഈ പ്ലാനിംഗ്‌ ഉള്ളതു കൊണ്ടാണ്‌ പത്തുദിവസം കൊണ്ട്‌ ഇത്‌ ഷൂട്ട്‌ ചെയ്‌തു തീര്‍ക്കാന്‍ സാധിച്ചത്‌്‌. ഇതിന്റെ എല്ലാ ഫ്രെയിമിനും സ്‌റ്റോറീ ബോര്‍ഡ്‌ തയാറാക്കി. ഓരോ രംഗത്തുംവരേണ്ട കഥാപാത്രങ്ങളുടെ റിയാക്‌്‌ഷനുകള്‍ വരച്ചുണ്ടാക്കി. അതിനനുസരിച്ച്‌ റബറില്‍ ഈ റിയാക്‌്‌ഷനുകള്‍ ഉണ്ടാക്കി. അതിനനുസരിച്ചാണ്‌ ഷൂട്ട്‌ ചെയ്‌്‌തിരിക്കുന്നത്‌. ഇതിന്റെ പോസ്‌റ്റ്‌ പ്രൊഡക്‌്‌ഷന്‍ സിമ്പിളായിരുന്നു. സാധാരണ പരസ്യ ചിത്രങ്ങളിലെപ്പോലെ ഹെവിഡ്യൂട്ടി പോസ്‌റ്റ്‌പ്രൊഡ ക്‌്‌ഷനൊന്നുമില്ലായിരുന്നു. എക്‌സ്‌്‌ട്രീമിലി സിമ്പിള്‍ എഡിറ്റിംഗ്‌. ചെയ്‌തതു മുഴുവന്‍ ഷൂട്ടിംഗിലായിരുന്നു. നല്ല പ്ലാനിംഗോടു കൂടിയായിരുന്നു ഇതിന്റെ ഷൂട്ടിംഗ്‌. ആദ്യത്തെ രണ്ടു മൂന്നു ദിവസം നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനും എന്റെ കാമറാമാനും ഇതിലെ അഭിനേതാക്കള്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇങ്ങനെയുള്ളൊരു ഫോര്‍മാറ്റില്‍ ആരും ഇതുവരെ ഷൂട്ട്‌ ചെയ്‌തിട്ടില്ല. മൂന്നുനാലു ദിവസം കഴിഞ്ഞപ്പോള്‍ പിന്നെയൊരു ട്രാക്കിലെത്തി.

ഈ മുപ്പത്‌ പരസ്യ ചിത്രങ്ങളെന്നു പറഞ്ഞാല്‍ മുപ്പതു കഥകളാണ്‌. അല്ലെങ്കില്‍ ജീവിതത്തിലെ ഒരോ രസകരമായ നിമിഷങ്ങളാണ്‌. ഇതിലെ സ്റ്റോക്ക്‌ അലേര്‍ട്ട്‌ എന്നു പറയുന്ന ഒരു ചിത്രത്തില്‍ ഒരു ഹ്യൂമറില്ലെങ്കില്‍ ഒരുകാര്യവുമില്ല. ഈ ചിത്രംകൊണ്ട്‌ വോഡഫോണിന്റെ സ്‌റ്റോക്ക്‌ സര്‍വീസ്‌ സേവനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നില്ല. പക്ഷേ, വോഡഫോണ്‍ എന്ന ബ്രാന്‍ഡിന്റെ പ്രമോഷന്‍ അവിടെ നടക്കും. എന്നാല്‍, നമ്മള്‍ പറയുന്ന പ്രൊഡക്ടിനെക്കുറിച്ച്‌ സ്‌ട്രേറ്റ്‌ ഫോര്‍വേര്‍ഡായിട്ടല്ലാതെ ഇന്ററസ്റ്റിംഗായി ചെയ്‌തു കഴിഞ്ഞാല്‍ അത്‌ ചിന്തിപ്പിക്കും. ഈ പരസ്യങ്ങള്‍ ആദ്യം കാണുമ്പോള്‍ മനസിലാകണമെന്നില്ല. എന്നാല്‍, രണ്ടാമതെ കാണുമ്പോള്‍ മനസിലാവാതെയിരിക്കില്ല. ആദ്യം കാണുമ്പോള്‍ ചിരിക്കുന്നതെന്തുകൊണ്ടാണ്‌ അവരുടെ മൂവ്‌മെന്റ്‌സ്‌ കണ്ടിട്ടാണ്‌. അല്ലെങ്കില്‍ അതിലുള്ള രണ്ടുമൂന്നു കാര്യങ്ങള്‍ കണ്ടിട്ടാണ്‌. അല്ലാതെ അതുമുഴുവന്‍ മനസിലാക്കാനുള്ള സമയമില്ല. പിന്നെയും ചിരിക്കുന്നതെന്തുകൊണ്ടാണ്‌. അതുമനസിലായികഴിയുമ്പോഴാണ്‌ വീണ്ടും ചിരിക്കുന്നത്‌; ഇത്‌ കാണാതെ ചിരിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ വെറുതെ ചര്‍ച്ചചെയ്‌തു ചിരിക്കുകയാണ്‌. അങ്ങിനെ പ്രൊഡക്‌്‌ട്‌ അനുസരിച്ചാണ്‌ എല്ലാ സിറ്റുവേഷന്‍സും ക്രിയേറ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതിന്റെ സിറ്റുവേഷന്‍സ്‌ ക്രിയേറ്റ്‌ ചെയ്‌തിരിക്കുന്ന അവസരത്തില്‍ പരസ്യ ഏജന്‍സിയായ ഒ ആന്‍ഡ്‌ എമ്മുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒ ആന്‍ഡ്‌ എമ്മിലെ രാജീവ്‌ റാവുവാണ്‌ ഇങ്ങനെയൊരു പരസ്യത്തിന്റെ കണ്‍സപ്‌റ്റ്‌ കൊണ്ടുവരുന്നത്‌.

എനിക്കു ലഭിച്ച ഏറ്റവും വലിയ കാര്യമെന്നുവച്ചാല്‍ ട്രസ്റ്റാണ്‌. ഞാന്‍ ഇത്രയും നാള്‍ ഇന്‍ഡസ്‌ട്രിയില്‍ വര്‍ക്ക്‌ ചെയ്‌തിട്ടുള്ളതിന്റെ എസ്‌റ്റാബിഷ്‌മെന്റിന്റെ പേരില്‍ ഇവര്‍ക്ക്‌ എന്നിലുള്ള വിശ്വാസം. അതെനിക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യം. ചെയ്‌തു കഴിഞ്ഞാലും എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഇംപ്രവൈസ്‌ ചെയ്യാനുള്ള സ്വാതന്ത്ര്യവും മറ്റും. അത്‌ വലിയൊരു അനുഗ്രഹമല്ലേ... അങ്ങിനെ ഈ പരസ്യമൊക്കെ ചെയ്‌തു കഴിഞ്ഞാണ്‌ ഞങ്ങള്‍; ഞാനും രാജീവും ഇതന്റെ കാരക്‌്‌ടറിന്റെ പേരിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നത്‌. പരസ്യം ചെയ്യുന്നതിന്റെ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ ഇതിലെ കാരക്‌്‌ടര്‍ ഡവലപ്‌മെന്റിനെക്കുറിച്ച്‌ ചര്‍ച്ചചെയ്‌തിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം രാജീവ്‌ എന്നോട്‌ പറഞ്ഞു സൂസൂ എന്ന്‌ ഇതിന്‌ പേരിട്ടാലോ. ഫന്റാസ്റ്റിക്ക്‌... ഞാന്‍ പറഞ്ഞു. എന്തു പേരിട്ടാലും അത്‌ വര്‍ക്ക്‌ ചെയ്യും. ഈ പേരുമായി ബന്ധപ്പെട്ട്‌ പല പ്രൊഡക്‌ടുകളുംമറ്റും ഇറക്കാനും സാധിക്കും. ടോയ്‌സ്‌, ടീ ഷര്‍ട്ടുകള്‍ തുടങ്ങിയവ.

ഈ പരസ്യം പോപ്പുലറാകുമെന്ന്‌ അറിയാമായിരുന്നു. എന്നാലും ഇത്രയും ക്ലിക്കാകുമെന്ന്‌ പ്രതീക്ഷിച്ചില്ല. കുറഞ്ഞ സമയം കൊണ്ട്‌ ചെയ്‌തു തീര്‍ത്തൊരു പരസ്യം, അതിന്‌ ഇത്രയും പ്രശസ്‌തിയും സ്വീകാര്യതും ഞാന്‍ എക്‌സ്‌പെക്‌റ്റ്‌ ചെയ്‌തിരുന്നില്ല. ഈ പരസ്യം ക്ലിക്കായതിനു ശേഷം ഓരോ മണിക്കൂറിലും അല്ലെങ്കില്‍ അരമണിക്കൂറിലും എന്നെ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ വിളിക്കാറുണ്ട്‌. എല്ലാ ദേശീയ മാധ്യമങ്ങളും ചാനലുകളും സൂസൂവിനെക്കുറിച്ച്‌ പ്രോഗ്രാം ചെയ്‌തു. ഹിന്ദുസ്ഥാന്‍ ടൈംസ്‌ പോലുള്ള ദേശീയ പത്രങ്ങള്‍ ഫ്രണ്ട്‌ പേജില്‍ ഒരു പരസ്യത്തെക്കുറിച്ച്‌ ന്യൂസ്‌ ഐറ്റം ചെയ്യുക. എനിക്ക്‌ തോന്നുന്നു, മറ്റൊരു പരസ്യചിത്രത്തെക്കുറിച്ചും ഇത്തരത്തില്‍ ആരും ഫ്രണ്ട്‌ പേജ്‌ സ്റ്റോറി ചെയ്യുക എന്നത്‌്‌ അപൂര്‍വമാണ്‌. ഫേസ്‌ബുക്കെന്ന സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റില്‍ സൂസൂവിന്റെ കമ്യൂണിറ്റിയില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തോളം പേരാണ്‌ അംഗങ്ങള്‍(ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത്‌്‌). ഇന്റര്‍നാഷണല്‍ തലത്തില്‍ ഒരു പരസ്യത്തെ സംബന്ധിച്ച്‌ ഇതൊരു റിക്കോര്‍ഡാണ്‌. ഇന്റര്‍നെറ്റ്‌ ആഡ്‌ കാമ്പയിനില്‍ എക്രോസ്‌ ദ വേള്‍ഡ്‌ വോഡഫോണിന്റെ ഈ പരസ്യമാണ്‌ നമ്പര്‍ വണ്‍ എന്നാണ്‌ അമേരിക്കന്‍ ഏജന്‍സി നടത്തിയ സര്‍വേ ഫലങ്ങള്‍ പറയുന്നത്‌.

മേക്കിംഗ്‌ ഓഫ്‌ പൊറോട്ട

ഇതിലെ ഭാഷയ്‌ക്ക്‌ ഒരു ഭാഷയുമായും ബന്ധമുണ്ടാവരുത്‌. ഇതിലെ ലോകത്തിന്‌ നമ്മുടെ ലോകവുമായിട്ടും ഒരു ബന്ധവുമുണ്ടാവരുത്‌. എന്നാല്‍, കണക്‌റ്റടായിരിക്കുകയും വേണം. അതി ലെ മരങ്ങളും മറ്റും ഇത്തരത്തിലുള്ളൊരു ബന്ധത്തെക്കുറിക്കുന്നു. സൂസൂ ഇങ്ങനെ വെറുതെ കുറേ ശബ്ദങ്ങള്‍ പറയുന്നു. ഇ തിന്റെ ഇരുപതാമത്തെ ദിവസമാണെന്ന്‌ തോന്നുന്നു ഞാന്‍ ഇതിന്റെ ഡബ്ബിംഗ്‌ ചെയ്യുന്നത്‌. ഞാനെന്ന്‌ പറയുന്നത്‌ ശരിക്കുമൊരു ഹാര്‍ഡ്‌കോര്‍മലയാളിയാണ്‌. ഞാന്‍ ജനിച്ച്‌ വളര്‍ന്നത്‌ ഒരു മിഡില്‍ ക്ലാസ്‌ ഫാമിലിയിലാണ്‌. അതിന്റെ എല്ലാ വാല്യൂസും എന്നിലുണ്ട്‌. ഇതെല്ലാം എല്ലാ ദിവസവും ആസ്വദിക്കുന്ന ഒരുമനുഷ്യനാണ്‌ ഞാന്‍. ഇതിന്റെ റിക്കോര്‍ഡ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌ രാത്രി രണ്ടുമണിക്കാണ്‌. എനിക്ക്‌ വിശന്നിട്ട്‌ കണ്ണുകാണാന്‍ വയ്യ. ഇതൊക്കെ എന്റെ ഫേവറേറ്റ്‌ ഭക്ഷണങ്ങളാണ്‌. ആ സമയത്ത്‌ എന്റെ കൈവിട്ട്‌ പോയിട്ട്‌ എന്നാല്‍, ഇത്‌ ഇങ്ങനെ ആ യിക്കോട്ടേ. എന്നെ മനസിലാക്കുന്ന കുറച്ച്‌ മലയാളികള്‍ക്ക്‌ ഇതി കിട്ടിക്കോട്ടെ എന്നുകരുതിയിട്ടാണ്‌ ചെയ്‌ത്‌. ഒരേ സമയത്ത്‌ ഒരു തമാശയും അതേ സമയം ഇതിനോടുള്ളൊരു ആഗ്രഹവും കൊണ്ടാണ്‌ കപ്പയും മീനും പുട്ടും കടലയും പൊറോട്ടയും എന്നു പറഞ്ഞത്‌.

എന്റെ സിനിമ


തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും. ആറുവര്‍ഷം മുമ്പൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞൊരു അവസ്ഥയിലാണ്‌ ഞാനിപ്പോഴും നില്‍ക്കുന്നത്‌. വിഷയം എന്തായാലും ഞാന്‍ അത്‌ ശരിക്കും മനസിലാക്കിയിരിക്കണം. ഭാഷ എന്തായാലും എനിക്ക്‌ പ്രശ്‌നമല്ല. കാരണം സിനിമ എന്നു പറയുന്നതിന്‌ ഒരു ഭാഷയില്ലെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. കേരളത്തിലെ ഒരു മതില്‍ കെട്ടിനകത്തുവച്ചെനിക്ക്‌ ഒരു ഫിലിം ഷൂട്ട്‌ ചെയ്യാന്‍ എനിക്കു സാധിക്കും. പക്ഷേ, ആ കഥയ്‌ക്കുള്ളിലെ സോളുണ്ടല്ലോ അത്‌ യൂണിവേഴ്‌സലായി എല്ലാവര്‍ക്കും ഫീല്‍ ചെയ്യുന്നതായിരിക്കണം. ഫ്രാന്‍സിലെ ഒരു തീയറ്റില്‍ അത്‌ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിലെ ഇമോഷന്‍സ്‌ കാണികള്‍ക്ക്‌ കിട്ടണം. എന്റെ മനസില്‍ സിനിമയെക്കുറിച്ചു വരു ന്ന ചിന്തകള്‍ ഞാന്‍ കുറിച്ച്‌ വയ്‌ക്കാറുണ്ട്‌. പക്ഷേ, പലപ്പോഴും ഇന്ററസ്‌റ്റിംഗായിട്ടുള്ള പരസ്യങ്ങള്‍ വ രുമ്പോള്‍ അത്‌ കൈവിട്ടുപോവരുതല്ലോ എന്നു കരുതിഞാന്‍ ചെയ്യാറുണ്ട്‌. അത്‌ എന്റെ ജീവിതത്തെ സംബന്ധിച്ച്‌ മറ്റൊരു എക്‌സ്‌പോഷറാണ്‌. അത്‌ കൈവിട്ടു കളയാനുള്ള മടി. ഇതെല്ലാം കഴിഞ്ഞ്‌ തിരിച്ചുവരുമ്പോള്‍ എഴുതിവച്ചുതുമായി ബന്ധം പോയിരിക്കും. ചിലപ്പോള്‍ അടുത്തവര്‍ഷം ചെയ്യുമായിരിക്കും. ഞാന്‍ ഇപ്പോള്‍ പഴയതിനേക്കാളേറോ എന്റെ സിനിമയുമായി അടുത്താണ്‌. പക്ഷേ, എ പ്പോള്‍, എങ്ങി നെ യെന്നൊന്നും എനിക്ക്‌ പറയാന്‍ കഴിയില്ല.

ലോഹിതദാസിന്റെയും വി.കെ പ്രകാശിന്റെയും ശിക്ഷ്യനായി ദൃശ്യലോകത്തേക്ക്‌ കടന്നുവന്ന പ്രകാശ്‌ വര്‍മ 2001-ല്‍ നിര്‍വാണയെന്ന പരസ്യ നിര്‍മാണ കമ്പനി സ്ഥാപിച്ചുകൊണ്ട്‌ സ്വതന്ത്ര സംവിധായകനായി. ഹച്ച്‌, എയര്‍ടെല്‍, ബജാജ്‌, ഹുണ്ടായ്‌, നെസ്‌ കഫേ, വേള്‍ഡ്‌ സ്‌പേസ്‌ റേഡി യോ, ഡീ ബിയേഴ്‌സ്‌ നക്ഷത്ര, ഇന്‍ക്രെഡിബിള്‍ ഇന്ത്യ തുടങ്ങി ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പരസ്യങ്ങള്‍ പ്രകാശ്‌ വര്‍മയുടേതായിട്ടുണ്ട്‌. ഭാര്യ സ്‌നേഹ ഐപ്പ്‌. നിര്‍വാണയുടെ എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസറാണ്‌. രണ്ടരവയസുകാരായ ഇരട്ടകള്‍ ആര്യനും അര്‍ജുനും മക്കള്‍.


Monday, May 18, 2009

നിണം ചൊരിഞ്ഞ രണത്തിന്‌ അന്ത്യം


ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നം വംശീയതയിലൂന്നിയ രാഷ്‌ട്രീയമാണ്‌. അതിനുളള പരിഹാരം നിരുപാധികമായി കണ്ടെത്തണം. സായുധ സമരത്തിലൂടെ സൈന്യം നേടിയ വിജയം ഒരിക്കലും ശ്രീലങ്കയിലെ തമിഴരുടെ പ്രശ ്‌നങ്ങള്‍ക്കുളള ശാശ്വത പരിഹാരമാകുന്നില്ല. ഇവിടെ യാണ്‌ ലങ്കന്‍ കമ്യൂണിസ്റ്റ്‌ നേതാവ്‌ ഡിസില്‍വയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്‌. ``ശ്രീലങ്കയില്‍ (അന്ന്‌ സിലോണാണ്‌) തമിഴ്‌ ഭാഷയ്‌ക്കും സിംഹള ഭാഷയ്‌ക്കും തുല്യ പദവി നല്‍കിയാല്‍ ശ്രീലങ്ക ഒരു രാഷ്‌ട്രമായിരിക്കും. അതല്ലായെങ്കില്‍ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെടും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല''. അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയാറാകാതിരുന്ന ലങ്കയിലെ സിംഹളഭരണാധികാരികളാണ്‌ എല്‍ടിടിഇ എന്ന തീവ്രവാദ സംഘടനയുടെ പിറവിക്ക്‌ വിത്തുപാകിയതെന്ന്‌ പറയാം.

ഭാഷാ ന്യൂനപക്ഷമായ തമിഴരെ ഒരിക്കലും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക്‌ വരാന്‍ അനുവദിക്കാതിരുന്ന സിംഹള ഭരണാധികാരികളാണ്‌ ഒരു പ്രത്യേക രാഷ്‌ട്രം സ്ഥാപിച്ചില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പു പോലും അപകടത്തിലാകും എന്ന ചിന്തയിലേക്ക്‌ ശ്രീലങ്കയിലെ തമിഴ്‌ വംശജരെ നയിച്ചത്‌ . അഹിംസാവാദികളായ ബുദ്ധമതവിശ്വാസികളുടെ നാട്ടില്‍ ഒഴുകിയ ചോരപ്പുഴയുടെ ഉത്ഭവസ്ഥാനമായി ശ്രീലങ്ക മാറിയതിന്റെ കാരണവും മറ്റൊന്നല്ല. രാജ്യത്തെ നേതാക്കന്‍മാരും എന്തിന്‌ രാഷ്‌ട്രത്തലവന്‍മാര്‍ പോലും വധിക്കപ്പെടുന്നതു വാര്‍ത്തയാകാത്ത ഈ കൊച്ചു ദ്വീപുരാഷ്‌ട്രത്തില്‍ എത്രഭീകരമായ വാര്‍ത്ത കേട്ടാലും ഞെട്ടിത്തെറിക്കാത്ത അവസ്ഥയാ ണിന്ന്‌.

തമിഴരുടെ മനസില്‍ പുകഞ്ഞ അമര്‍ഷവും രോഷവുമാണ്‌ ആഭ്യന്തരയുദ്ധത്തിലേക്ക്‌ ദ്വീപുരാഷ്‌ട്രത്തെ നയിച്ചത്‌ . ലങ്കന്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച്‌ കൊല്ലപ്പെട്ടരുടെ എണ്ണം 70,000 മുതല്‍ 80,000 വരെയാണ്‌. എന്നാല്‍, 2002 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണലിന്റെ കണക്ക്‌ 220,000 ആണ്‌. ഇതാകട്ടെ യുദ്ധത്തില്‍ നേരിട്ടു കൊല്ലപ്പെട്ടവരുടെ എണ്ണമാണ്‌. യുദ്ധത്തോടനുബന്ധിച്ചുണ്ടായ ആക്രമണങ്ങളിലും സംഘട്ടനങ്ങളിലും മരിച്ചവരുടെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലു ലക്ഷവും കടക്കുന്നു. പരിക്കേറ്റ്‌ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം അതിലും കൂടും. ശ്രീലങ്ക ഭരിച്ചിട്ടുളള സിംഹള നേതാക്കളെല്ലാം ഭാഷ കൊണ്ട്‌ രാഷ്‌ട്രീയം കളിക്കാനാണ്‌ എക്കാലവും ശ്രമിച്ചിട്ടുളളത്‌. 1956ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയായിരുന്നു ഭാഷാ രാഷ്‌ട്രീയം കളിക്കുന്നതിന്‌ തുടക്കമിട്ടത്‌. സിംഹള ഭാഷ രാജ്യത്തെ ഏക ഔദ്യോഗിക ഭാഷയാക്കി മാറ്റിക്കൊണ്ട്‌ സോളമന്‍ ബന്ദാരനായകെ തുടക്കമിട്ട ഭാഷാ രാഷ്‌ട്രീയം പിന്നീട്‌ വന്ന നേതാക്കളും പിന്തുടര്‍ന്നു.

1959ല്‍ ബുദ്ധഭിക്ഷുവും സിംഹള നുമായ ഒരു തീവ്രവാദിയുടെ തോക്കിന്‍ തുമ്പില്‍ സോളമന്‍ ബന്ദാരനായകെയുടെ ജീവിതം അവസാനിച്ചപ്പോള്‍ ഭാഷാ രാഷ്‌ട്രീയത്തിന്‌ അവസാനമായെന്ന്‌ തമിഴര്‍ പ്രത്യാശിച്ചു. എന്നാല്‍ സംഭവിച്ചത്‌ മറിച്ചായിരുന്നു. പിന്നീട്‌ പ്രധാനമന്ത്രായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയുടെ ഭാര്യ യും ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്ന സിരിമാവോ ബന്ദാരനായകെയാവട്ടെ ഭര്‍ത്താവിനേക്കാള്‍ ഒരുപടി കൂടി മുന്നോട്ടു പോയി. വിദ്യാഭ്യസരംഗത്ത്‌ തമിഴരെ അവഗണിച്ച്‌ സിംഹളര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ നിയമം പാസാക്കി കൊണ്ടാണ്‌ സിരിമാവോ തന്റെ സിംഹള പക്ഷപാതിത്വം തെളിയിച്ചത്‌.

തങ്ങളുടെ അസ്‌തിത്വത്തിനും നിലനില്‍പിനും നേരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ സംഘടിതമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തമിഴ്‌ വംശജരുടെ, സംഘടിതരാകണം എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചത്‌ എല്‍ടിടിഇ എന്ന സംഘടനയിലൂടെയാണ്‌. തങ്ങള്‍ക്ക്‌ സ്വന്തമായി ഒരു രാഷ്‌ട്രം സാധ്യമാണ്‌ എന്ന്‌ തമിഴരെ വിശ്വസിപ്പിക്കാന്‍ എല്‍ടിടിഇക്ക്‌ സാധിച്ചു എന്നതാണ്‌ എല്‍ടിടിഇ എന്ന സംഘടനയ്‌ക്ക്‌ ശ്രീലങ്കയിലെ തമിഴരുടെ ഇടയില്‍ വലിയൊരു സ്വാധീനം നേടിക്കൊടുത്തത്‌.1976 മെയ്‌ അഞ്ചിനായിരുന്നു ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടയ്‌ക്ക്‌ വേലുപ്പിളള പ്രഭാകരന്‍ തുടക്കമിടുന്നതെങ്കിലും എല്‍ടിടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്‌ 1983 മുതലാണെന്ന്‌ കാണാം. തമിഴ്‌നാട്ടില്‍ നിന്നു ശ്രീലങ്കയിലേക്കുളള തൊഴിലാളികളുടെ കുടിയേറ്റത്തെ തുടര്‍ന്നാണ്‌. രോഗങ്ങളും കഷ്‌ടതകളും ദാരിദ്ര്യവും നിറഞ്ഞ നാളുകള്‍ മാറി എന്നെങ്കിലും തങ്ങള്‍ക്ക്‌ രാജ്യത്ത്‌ തുല്യപദവി സ്വപ്‌നം കണ്ടിരുന്ന തമിഴ്‌ വംശജര്‍ക്ക്‌ സിഹളരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും സഹിക്കേണ്ടി വന്ന പീഡനങ്ങള്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും പാത വെടിഞ്ഞ്‌ കടന്നാക്രമണത്തിന്റെ പാത തിരഞ്ഞെടുക്കുക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ വിജയം. പുലിപടൈ പേരില്‍ 1972-73 കാലഘട്ടത്തില്‍ തുടങ്ങിയ മുന്നേറ്റമാണ്‌ 1976 ല്‍ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടനയായി മാറിയത്‌. ശ്രീലങ്കന്‍ ജനസംഘ്യയുടെ 11 ശതമാനം വരുന്ന ഇന്ത്യന്‍ തമിഴ്‌ വംശജരും 12 ശതമാനം വരുന്ന ലങ്കന്‍ തമിഴ്‌ വംശജരും നല്‍കിയ പിന്തുണയാണ്‌ എല്‍ടിടിഇയ്‌ക്ക്‌ ലങ്കയിലും ഇന്ത്യയിലും പ്രത്യേകിച്ച്‌ തമിഴ്‌നാട്ടില്‍ വലിയ സ്ഥാനം നേടിക്കൊടുത്തത്‌. എന്നാല്‍, എഴുപതിലേറെ വരുന്ന സിംഹള ജനവിഭാഗം ഇന്നും തമിഴ്‌ വംശജരെ തരംതാണവരായാണ്‌ വിലയി രുത്തുന്നത്‌.എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആരംഭത്തിലും തമിഴ്‌ പ്രസിദ്ധീകരണങ്ങളും തമിഴ്‌ സിനിമകളും നിരോധിച്ചു കൊണ്ടുളള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനവും ഡിഎംകെയുടെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചതും സര്‍വസാധാരണക്കാരായ തമിഴ്‌ വംശജരേയും സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു.

തമിഴ്‌ രാഷ്‌ട്രം എന്ന സ്വപ്‌നത്തിന്‌ പോരാട്ടമല്ലാതെ മറ്റൊരുമാര്‍ഗവുമില്ലെന്ന്‌ വിശ്വസിച്ച പുലിത്തലവന്‍ പ്രഭാകരനാണ്‌ എല്‍ടിടിഇയെ ചോരകൊണ്ടു കണക്കു തീര്‍ക്കാന്‍ പഠിപ്പിച്ചത്‌. അതിന്റെ ആദ്യപടിയായി 1983 ല്‍ ശ്രീലങ്കന്‍ സൈന്യത്തിനു നേരെ നടത്തിയ കടന്നാക്രമണത്തില്‍ മരിച്ചത്‌ 13 സൈനികരായിരുന്നു.

ഈ ആക്രമണത്തിന്റെ പരിണിതഫലം വളരെ വലുതായിരുന്നു. പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ആയിരക്കണക്കിന്‌ തമിഴര്‍ക്കാണ്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌. അതോടെ വാര്‍ത്തകളില്‍ നിറഞ്ഞ എല്‍ടിടിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ശ്രീലങ്കന്‍സേനയുടെ തക്ക ആയുധബലം സ്വായത്തമാക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ ഒരു നേട്ടം.

തൊണ്ണൂറുകളില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഗറില്ലാസംഘം എന്ന പേര്‌ എല്‍ടിടിഇയ്‌ക്ക്‌ അവകാശപ്പെട്ടതായിരുന്നു. സ്വയം മരിച്ച്‌ മറ്റുളളവരേയും കൊല്ലുനന്ന രീതി ശ്രീലങ്ക യില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഭീതിവിതച്ചു. എല്‍ടിടിഇയുടെ ഈ ചോരക്കളി `തമിഴ്‌പുലി'കള്‍ എന്ന പേരിന്‌ കുപ്രസിദ്ധി നേടിക്കൊടുത്തു. ശ്രീലങ്കന്‍ സര്‍ക്കാരുമായി പുലികള്‍ പലതവണ ഏറ്റുമുട്ടി. അതിനിടയില്‍ ലങ്കന്‍ പ്രസിഡന്റ്‌ ജയവര്‍ധനയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യന്‍ സൈന്യം സമാധാനശ്രമങ്ങള്‍ക്കായി ലങ്കയിലെത്തി. എന്നാല്‍ സമാധാനം എന്ന ലക്ഷ്യം അപ്പോഴും വളരെ വിദൂരതയിലായിരുന്നു. മാത്രമല്ല ഈ തീരുമാനത്തിന്‌ ഇന്ത്യയ്‌ക്ക്‌ കനത്തവിലയും നല്‍കേണ്ടിവന്നു.

എല്‍ടിടിയുടെ ചാവേര്‍സംഘം 1991 മെയ്‌ 21 ന്‌ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജീവനപഹരിച്ചു. പ്രഭാകരനായിരുന്നു ആക്രമണത്തിന്റ ബുദ്ധികേന്ദ്രം എന്നത്‌ ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാജീവ്‌ ഗാന്ധിയെ വധിച്ച്‌ ഇന്ത്യ യ്‌ക്കു പുറമെ ലോകരാഷ്‌ട്രങ്ങളെമുഴുവന്‍ വെറുപ്പിച്ച പ്രഭാകരന്‍ മരണം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. 2006 മുതല്‍ പുലികളുടെ പോരാട്ടവീര്യത്തില്‍ വലിയ കുറവാണുണ്ടായിട്ടുളളത്‌. 2006നു ശേഷം പഴയ പോരാട്ടങ്ങളുടെ ചരിത്രം മാത്രമേ പുലികള്‍ക്ക്‌ മുന്നോട്ടുവയ്‌ക്കാ നുാണ്ടായിരുന്നുള്ളു. പുലികള്‍ക്കു സ്വന്തം ജനതയിലുണ്ടായിരുന്ന പ്രീതിയും കുറഞ്ഞു തുടങ്ങിയത്‌ അന്നു മുതലാണൈന്ന്‌ പറയാം.

കുട്ടികളെ സൈന്യത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തതും വലിയൊരു ജനസമൂഹത്തെ മനുഷ്യപരിചകളാക്കിക്കൊണ്ടുളള പോരാട്ടത്തോടും തമിഴ്‌ ജനതയ്‌ക്കുണ്ടായ വെറുപ്പ്‌ ഇല്ലാതാക്കാന്‍ തമിഴ്‌ രാജ്യമെന്ന വിദൂര സ്വപ്‌നം മതിയാവുമായിരുന്നില്ല. മഹീന്ദ രജപക്‌സെയുടെ സൈന്യം പ്രഭകരന്റേയും അതുവഴി എല്‍ടിടിയുടേയും മരണപത്രത്തില്‍ ഒപ്പുവയ്‌ക്കുമ്പോള്‍ അവസാനിക്കുന്നത്‌ ചെങ്കനല്‍പ്രഭ ചിതറിയ ഒരു യുഗം തന്നെയാണ്‌.

തമിഴ്‌ ദേശീയതയുടെ കപടമുഖംമൂടിയണിഞ്ഞ്‌ പ്രഭാകരന്‍ എഴുതിച്ചേര്‍ത്ത ചോരയുടെ ചരിത്രം അംഗീകരിക്കാന്‍ ആരും തയാറാവില്ല എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴും തമിഴന്മാരെ മൂന്നാംകിടയായി കണക്കാക്കുന്ന ഒരു കാലഘട്ടത്തിലേക്കുളള തിരിച്ചു പോക്കിനായിരിക്കും പ്രഭാകരന്റെയും എല്‍ടിടിഇയുടേയും അന്ത്യം വഴിവയ്‌ക്കുകയെന്ന്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍ സത്യമാവാനാണ്‌ സാധ്യത.

പുലികളുടെ പതനം അന്വര്‍ഥമാക്കുന്ന ഒരു പഴമൊഴിയുണ്ട്‌, `വാളെടുത്തവര്‍ ഒടുവില്‍ വാളാല്‍'.

പ്രഭാകരന്‍ കാരിക്കേച്ചര്‍ - അഭിലാഷ്‌ തോമസ്‌

Friday, April 24, 2009

പ്രേമന്‍മാഷിന്റെ കുട്ടിയെഴുത്തുകാര്‍




Sandeep Salim


ചാറ്റല്‍മഴയ്‌ക്കു ശക്തി കൂടിയപ്പോള്‍ മുന്‍സീറ്റിലിരിക്കുന്ന വൃദ്ധന്‍ ബസിന്റെ സൈഡ്‌കര്‍ട്ടന്‍ കെട്ടഴിച്ചു താഴ്‌ത്തി. തന്റെ അവസാനത്തെ കാഴ്‌ചകള്‍ക്കുമേല്‍ പുതപ്പിട്ട വൃദ്ധനോട്‌ അയാള്‍ക്കു ദേഷ്യം തോന്നാതിരുന്നില്ല. ജീവിതത്തിന്റെ വലിയൊരു ഭാഗം ജീവിച്ചു തീര്‍ത്ത നാട്ടിലൂടെയുള്ള അവസാനത്തെ ബസ്‌ യാത്രയാണതെന്ന്‌ അയാള്‍ക്ക്‌ ഉറപ്പുണ്ട്‌.

ജീവിതത്തിന്റെ ദുരിതങ്ങളെ മറന്നത്‌ ഈ കവലയില്‍ അലഞ്ഞുതിരിഞ്ഞ നിമിഷങ്ങളിലായിരുന്നു. രാമേട്ടനെന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രാമകൃഷ്‌ണന്‍ നായരുടെ ഹോട്ടല്‍ ഭാരത്‌, ശിവശങ്കരന്റെ ശാന്തിമഠം, മുഹമ്മദ്‌ അലിയുടെ പലചരക്കുകട... ഇങ്ങനെ പരിചിതമായ കാഴ്‌ചകള്‍ക്കിടയിലാണു മഴയും വൃദ്ധനും കാഴ്‌ചയ്‌ക്കു കടിഞ്ഞാണിട്ടത്‌. കാഴ്‌ചകളില്ലാതെ മൂടപ്പെട്ട ബസില്‍ അയാള്‍ക്കു ശ്വാസംമുട്ടുന്നതുപോലെ തോന്നി. തലയില്‍ ഞരമ്പുകള്‍ കാര്‍ന്നുതിന്നുന്ന വേദന അയാളെ തളര്‍ത്തി. അടുത്തിരുന്ന്‌ ഉറങ്ങുന്നവന്റെ കീശയില്‍നിന്നു മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ശബ്‌ദിക്കുന്നു. ഭാഗ്യവാന്‍... ഒന്നുമറിയാതെ ഉറങ്ങാന്‍ കഴിയുകയെന്നത്‌ എത്ര സുഖകരമാണ്‌.തന്റെ ഓരോ രാത്രിയും ഉറക്കമില്ലാത്ത ചിന്തകളുടേതാണ്‌. വേദന ആട്ടിയോടിക്കുന്ന ഉറക്കത്തിനു തിരിച്ചുവരാനുള്ള സമയമായിരിക്കുന്നു.

ബസ്‌ സ്റ്റാന്‍ഡിനുള്ളിലേക്കു കയറിയപ്പോഴാണ്‌ അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നത്‌. എല്ലാവര്‍ക്കും ശേഷം ഏറ്റവും ഒടുവിലായി അയാള്‍ ബസില്‍നിന്ന്‌ ഇറങ്ങി. മെഡിക്കല്‍ കോളജില്‍ രണ്ടാം നിലയിലെ കാന്‍സര്‍ വാര്‍ഡിലേക്ക്‌ അയാള്‍ നടന്നു. മരണത്തിന്റെ മണം അവിടെയെല്ലാം പതിയിരിക്കുന്നതായി അയാള്‍ക്കു തോന്നി. ``എവിടെപ്പോയിരുന്നു?'' അടുത്ത കട്ടിലില്‍നിന്നു തളര്‍ ച്ചബാധിച്ച ജീവന്റെ ശബ്‌ദം!

``സ്വന്തം നാടുകണാന്‍ ഒന്നുപോയി ഇനി കാണാന്‍ സാധിച്ചില്ലെങ്കിലും?'' കൂടുതല്‍ ഒന്നും പറയാതെ അയാള്‍ തന്റെ കട്ടിലില്‍ കയറിക്കിടന്നു. അപ്പോള്‍ അടുത്ത വാര്‍ഡില്‍നിന്നു മരണത്തിന്റെ മണമുള്ള ഒരു നിലവിളി ഉയരുന്നത്‌ അയാള്‍ കേട്ടു.

കായണ്ണ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിലെ 150 കൈ യെഴുത്തു പുസ്‌തകങ്ങളിലൊന്നില്‍ പത്താം ക്ലാസുകാ രി ആര്യാകൃഷ്‌ണന്‍ എഴുതിയ `യാത്രയ്‌ക്കൊടുവില്‍' എന്ന കഥയാണു മുകളില്‍ കൊടുത്തിരിക്കുന്നത്‌. ഈ സ്‌കൂളിലെ കുട്ടികളുടെ രചനകളാണെല്ലാം. ഈ പു സ്‌തകങ്ങളില്‍ ഒന്നിലെങ്കിലും തന്റേതായ രചന നടത്താ ത്ത ഒരു കുട്ടിയുമില്ല സ്‌കൂളില്‍. ഒന്നാംക്ലാസുകാര്‍ മുതല്‍ പ ത്താംക്ലാസുകാര്‍വരെ എല്ലാവരും എഴുത്തുകാരായിരിക്കുന്നു. എല്ലാരചനകളും `യാത്രയ്‌ക്കൊടുവിലി'ന്റെ നിലവാരമുള്ള വയൊന്നുമല്ല. സാഹിത്യനിരൂപണം ചെയ്‌തേ ക്കാമെന്നു കരുതുന്നവര്‍ ഒട്ടും നിലവാരമില്ലാത്ത വയായി തള്ളാവുന്ന രചനകളുണ്ട്‌. പക്ഷേ ഇവയിലെല്ലാം കുറേ ബാലികാബാലന്‍മാരുടെ മനസിന്റെ നിറങ്ങളുണ്ട്‌. സാധാരണയായി നമുക്കു കാണാ ന്‍ കഴിയാത്ത നിറങ്ങള്‍. കൃത്രിമത്വം ഒട്ടുമേയില്ലാത്തവ. ഈ താളുകളില്‍ തൊടുമ്പോള്‍ നിങ്ങള്‍ കുട്ടികളുടെ മനസില്‍ തൊടുന്നു. കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ തുടങ്ങി യവയാണീ 150 പുസ്‌തകങ്ങള്‍. ചുവരുകള്‍ തേയ്‌ക്കുക പോലും ചെയ്‌തിട്ടില്ലാത്ത കായണ്ണ ഗവണ്‍മെന്റ്‌ ഹൈ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും ദരി ദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌. ബാലമാസികകള്‍ പോലും വായിച്ചിട്ടില്ലാത്തവരാണു മിക്കവരും. തങ്ങളുടെ രചനകളോടുകൂടിയ ഒരു കൈയെഴുത്തു മാസിക എന്നത്‌ അവരുടെ സ്വപ്‌നത്തി ലൊന്നും ഉണ്ടായിരുന്നതല്ല. അങ്ങനെയി രിക്കേയാണ്‌ പ്രേമന്‍മാഷ്‌ വന്ന ത്‌. സാഹിത്യത്തെ ഏറെ സ്‌നേഹിക്കുന്ന അധ്യാപകന്‍. മടക്കല്ലൂര്‍ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ എന്‍.കെ പ്രേമന്‍ എന്ന അധ്യാപകന്‍ സാ മ്പത്തിക സ്ഥിതി കൂടുതല്‍ മോശമായ ഈ സ്‌കൂളിലെത്തിയത്‌ കുറെ കൈയെഴുത്തു പുസ്‌തകങ്ങള്‍ പ്രസിദ്ധീ കരിച്ചതിന്റെ പരി ചയസമ്പത്തുമായാണ്‌. സിലബസിനു പുറ ത്തുള്ളവയും കുട്ടികളെക്കൊണ്ട്‌ എഴുതിക്കുക എന്നതിന്റെ വിദ്യാഭ്യാസമൂല്യം അദ്ദേഹം മ നസിലാക്കിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ക്കു പുസ്‌തകങ്ങള്‍ എഴു തുന്നതിനുമപ്പുറം കുട്ടികളുടെ പുസ്‌തകങ്ങള്‍. കായണ്ണ സ്‌കൂളില്‍ അതൊ രു അഭൂതപൂര്‍വ സംഭവമായിരുന്നു. എന്‍.കെ പ്രേമന്‍ മാഷ്‌ കുട്ടികളുടെ സര്‍ഗവാസനകളിലൂടെ നടക്കാന്‍ തുടങ്ങി. ആ യാത്രയില്‍ മാഷ്‌ പെറുക്കിക്കൂട്ടിയവ അമൂല്യനിധികളായിരുന്നു. അവസ്വരുക്കൂട്ടി ഇറക്കിയ കൈയെഴുത്തു പുസ്‌തകങ്ങള്‍ പറയുന്ന കഥകള്‍ ആരും കേള്‍ക്കാത്തവയായിരുന്നു. കാക്കയെയും പൂച്ചയെയും എറിയാന്‍ അമ്മ പെറുക്കിവച്ചിരിക്കുന്ന കല്ലുകള്‍, കുളിമുറിയിലെ ഭിത്തിയില്‍ കപ്പിലെ വെളളത്തു ളളികള്‍കൊണ്ടു വരച്ച മീനിന്റെ ചിത്രം, പൂമ്പാറ്റകളാകുന്ന പറക്കുന്ന പൂക്കള്‍........... അങ്ങനെ എണ്ണമറ്റ അപൂര്‍വ ചിത്രങ്ങള്‍ ആ രചനകളിലൂടെ പുറത്തുവന്നു.

അരുതാത്തതു ചെയ്‌താല്‍, ക്ലാസിലൊന്നു പൊട്ടിച്ചിരിച്ചാല്‍ അച്ചടക്കത്തിന്റെ ചൂരല്‍ എടുക്കുന്ന, ഉപദേശ സൂക്തങ്ങളുടെ ഭാ ണ്‌ഡമഴിക്കുന്ന അധ്യാപകര്‍, നോട്ടെഴുതുന്ന വിദ്യാര്‍ഥികള്‍, അല്ലറചില്ലറ തമാശകള്‍... ഇതൊക്കെയാണു പരമ്പരാഗതമായി തുടര്‍ന്നു വരുന്ന സ്‌കൂള്‍ രീതികള്‍ കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിക്കു ന്നില്ലെന്നും പഴയതു പോലെയൊന്നും മനസിരുത്തി പഠിക്കു ന്നില്ലെന്നുമുള്ള അധ്യാപകരുടെ പരാതികള്‍... 21ാം നൂറ്റാണ്ടിലും കുട്ടികളെ യന്ത്രങ്ങളാക്കിമാറ്റി ക്ഷണികസ്‌മൃതികള്‍ കൊണ്ട്‌ ട്രപ്പീസു കളിക്കാന്‍ യോഗ്യരാക്കുകയാണു പല അധ്യാപകരും.

കുട്ടികളുടെ സര്‍ഗാത്‌മകത മിക്ക അധ്യാപകരും അവഗണിക്കുന്നു. കുട്ടികള്‍ക്ക്‌ ആശയങ്ങള്‍ അവതരിപ്പിക്കാനുമുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. എന്നാല്‍ ഇതാ കാറ്റത്തു പാറിനടക്കുന്ന അപ്പൂപ്പന്‍താടിയുടെ പുറകെപോകാനും മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടത്തില്‍ സ്വപ്‌നം കാണാനും കുട്ടികളെ പഠിപ്പിക്കുന്ന ഒരധ്യാപകന്‍. എഴുത്തിന്റെ വഴിയേ വിദ്യാര്‍ഥികളെ കൈ പിടിച്ചുനടത്തുന്ന ഒരധ്യാപകന്‍.

പ്രേമന്‍ മാഷ്‌ വേറിട്ടു നടക്കുക യാണ്‌. സര്‍വീസ്‌ ചട്ടങ്ങള്‍ക്കും സിക്ക്‌ ലീവുകള്‍ക്കും ക്ലസ്റ്റര്‍ യോഗങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം അധ്യാപനം ഒരു കലയാകുന്നതെങ്ങനെയെന്ന്‌ ഈ അധ്യാപകന്‍ തെ ളിയിക്കുന്നു.

പുസ്‌തകത്താളുകളില്‍ അച്ചടിച്ച്‌ അടുക്കിവച്ചിരിക്കുന്ന അറിവു മാത്രമല്ല പുസ്‌തകത്താളുകള്‍ക്കിടയില്‍ മയില്‍പ്പീലിസൂക്ഷിക്കുന്ന മനസുകളുടെ മൃദുല ഭാവനകള്‍ രേഖപ്പെടുത്തുന്ന വിദ്യയും പ്രേമന്‍മാഷ്‌ തന്റെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു. അങ്ങനെയാണ്‌ു കായണ്ണ സ്‌കൂളിലെ കുട്ടികള്‍ കഥകളും കവിതകളും ഉപന്യാസങ്ങളും വര്‍ത്തമാനങ്ങളും എഴുതിനിറച്ച നൂറ്റമ്പത്തോളം കൈയെഴുത്തു പുസ്‌തകങ്ങള്‍ തയാറാക്കിയത്‌. പ്രേമന്‍മാഷിന്റെയും വിദ്യാ ര്‍ഥികളുടെയും ഏകദേശം ഒരു അധ്യയന വര്‍ഷത്തെ കൂട്ടായ്‌മയുടെ ഫലം. കുട്ടികളുടെ ഭാവനകളില്‍ വിരിഞ്ഞ രചനകള്‍ ഈ അധ്യാ പകന്റെ നേതൃത്വത്തില്‍ അടുക്കിയൊരുക്കിയപ്പോള്‍ അത്‌ ഒരു അസാധാരണ വിദ്യാലയ സംഭവമായി മാറി. കഥ, കവിത, ലേഖനം, നാടകം, ഐതിഹ്യം, ജീവചരിത്രം.... എഴുത്തിന്റെ എല്ലാ മേഖലകളും തങ്ങള്‍ക്കു വഴങ്ങുമെന്ന്‌ ഈ സ്‌കൂളിലെ കുട്ടികള്‍ തെളിയിച്ചു. ഇവ 150 കൈയെഴുത്തു പുസ്‌തകങ്ങളല്ല, 3500 ആശയങ്ങളാണ്‌, മയില്‍പ്പീലിത്തുണ്ടുകളാണ്‌; മാനംകാണാതിരുന്ന്‌ ഒടുവില്‍ പെറ്റുപെരുകിയ ഭാവനകള്‍. ഇവിടെ പഠനം രസകരമായ അ നുഭവമാവുകയും ഒരു രചനാപ്രക്രിയയായി പരിണമിക്കുകയും ചെയ്യുന്നു.

ചെയ്‌തകാര്യങ്ങളെക്കാള്‍ ചെയ്യാത്തവയാണ്‌ പ്രേമന്‍മാഷിനെ വ്യത്യസ്‌തനാക്കുന്നത്‌. വെട്ടിയൊരുക്കിയാണ്‌ ഭംഗിവരുത്തേണ്ടതെന്ന തത്ത്വശാസ്‌ത്രക്കാരനല്ല മാഷ്‌. ഈ വെട്ടിയൊരുക്കല്‍ സ്വാ ഭാവികതയെ നശിപ്പിക്കുമെന്നും അങ്ങനെ വെട്ടിയൊതുക്കാനുള്ള തല്ല കുരുന്നു സൃഷ്‌ടികളെന്നുമാണ്‌ പ്രേമന്‍മാഷിന്റെ വിശ്വാസം. വിദ്യാര്‍ഥികളുടെ ഭാവനകളെ അങ്ങനെ തന്നെ ഒഴുകാന്‍ വിട്ടു കൊടുക്കുകയായിരുന്നു മാഷ്‌. എഴുത്തിലെ അക്ഷരത്തെറ്റുകള്‍ പോലും തിരുത്താന്‍ അദ്ദേഹം തയാറായില്ല. അവ പോലും കുട്ടികളു ടെ ഭാഷയില്‍ കൃത്രിമത്വം സൃഷ്‌ടിക്കുമെന്ന്‌ അദ്ദേഹം ഭയപ്പെട്ടു.

കുട്ടിപ്പുസ്‌തകങ്ങളെന്നു പറഞ്ഞ്‌ ഇവയെ തളളിക്കളയാനാവില്ല. കുട്ടികള്‍ കൈകാര്യം ചെയ്‌തിരിക്കുന്ന വിഷയങ്ങള്‍ പരിശോധിച്ചാല്‍ ഇവ മനസിലാക്കാവുന്നതേയുളളൂ. തങ്ങളുടെ ഗ്രാമത്തിന്റെ ചരിത്രം, പ്ലാച്ചിമടയിലെ ജനകീയ സമരത്തോടുളള പ്രതികരണങ്ങള്‍, സുനാമിദുരന്തം, വിദ്യാഭ്യാസസമ്പ്രദായം, കര്‍ഷക ആത്മഹത്യകള്‍....... കഥയായും കവിതയായും ഉപന്യാസങ്ങളായും പുസ്‌തകങ്ങളില്‍ ഈ വിഷയങ്ങളൊക്കെ നിറഞ്ഞു തുളുമ്പുന്നു.

കുട്ടികളുടെ രചനകളെ പുസ്‌തകരൂപത്തില്‍ സമാഹരിക്കുകയെന്നതിനുമപ്പുറം പ്രേമന്‍മാഷിനു സാധിച്ച രണ്ടു കാര്യങ്ങളുണ്ട്‌. സാമൂഹികപ്രശ്‌നങ്ങളില്‍ സര്‍ഗാത്‌മക ഇടപെടല്‍ നടത്താന്‍ കുട്ടികളെ പ്രേരിപ്പിച്ചു,പിന്‍ബെഞ്ചുകാര്‍ സര്‍ഗാത്‌മക പ്രവര്‍ത്തനത്തില്‍ മുന്‍ബഞ്ചുകളില്‍ ഇടം നേടുമെന്നും മാഷ്‌ തെളിയിച്ചു. പാഠപുസ്‌ത കങ്ങളിലൂടെ കുട്ടികളുടെ തലച്ചേറിലേക്കു കുത്തിവയ്‌ക്കപ്പെടുന്ന അറിവുകളെ എങ്ങനെ ജീവിതവുമായി കൂട്ടിയിണക്കണമെന്ന്‌ സ്വയം മനസിലാക്കാന്‍ കഴിയുന്ന തലത്തിലേക്ക്‌ കുട്ടികളെ കൂട്ടിക്കൊണ്ടു പോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കോളജ്‌ പഠനകാലത്ത്‌ സാഹിത്യത്തോടും എഴുത്തിനോടും തോന്നി യ താത്‌പര്യമാണ്‌ എന്‍.കെ പ്രമനെ ഇത്തരമൊരു കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്‌. ഒരിക്കലും കുട്ടികളോട്‌ ഇന്ന വിഷയങ്ങളെക്കുറിച്ച്‌ എഴുതണമെന്ന്‌ ആവശ്യപ്പെടുകയോ ഉത്തരവുകള്‍ പുറപ്പെടുവി ക്കുകയോ ചെയ്‌തില്ല. മറിച്ച്‌ കുട്ടികളോടൊപ്പം സഞ്ചരിച്ച്‌ അവ രിലൊരാളായി മാറിക്കൊണ്ട്‌ എഴുത്തിനെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഓരോ കുട്ടിക്കും അവര്‍ക്കു മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുക്കുകയാണ്‌ ചെയ്‌തത്‌. കൈയെഴുത്തു മാസികകളെക്കുറിച്ചും പുസ്‌തകങ്ങളെക്കുറിച്ചും കുട്ടികളോട്‌ പറഞ്ഞപ്പോള്‍ ?എനിക്ക്‌ എഴുതാന്‍ കഴിവില്ല? എന്നു പറഞ്ഞ്‌ മാറിനിന്ന കുട്ടികളുടെ എണ്ണം തന്നെ ഭയപ്പെടുത്തിയതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ആ കുട്ടികളോട്‌ ഭാഷയെക്കുറിച്ചും അതിന്റെ വിവിധ സങ്കേതങ്ങളെക്കുറി ച്ചും പറഞ്ഞു കൊടുത്തപ്പോള്‍ അവരെല്ലാവരും എഴുതാന്‍ തയാറായി. ഇത്‌ വലിയൊരു നേട്ടമായി അദ്ദേഹം കരുതുന്നു.

കഥകള്‍, കവിതകള്‍, പ്രാദേശിക വ്യക്തികളുടെ ജീവചരിത്രം, ആത്മകഥ, ജീവിതാനുഭവങ്ങള്‍, നേര്‍ക്കാഴ്‌ചകള്‍, ലേഖനങ്ങള്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ രചനാമേഖലകളിലൂടെ കുട്ടികളെ കൈപിടിച്ചാക്കാന്‍ പ്രേമന്‍ സാറിനു കഴിഞ്ഞു. ഇതില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ഒന്നാണ്‌ പ്രാദേശിക വ്യക്തികളുടെ ജീവചരിത്രം തയാറാക്കല്‍. കായണ്ണ ഗ്രാമ പഞ്ചായത്തിലെ പ്രായം ചെന്ന നൂറിലധികം വ്യക്തികളുടെ ജീവ ചരിത്രങ്ങള്‍ ഈ പുസ്‌തകങ്ങളിലുണ്ട്‌. നമ്മുടെ സമൂഹത്തിന്റെ ഒരു നേര്‍ചിത്രമാണ്‌ ചരിത്രങ്ങളെല്ലാം ചേര്‍ന്നു കുട്ടികള്‍ക്കു നല്‍കുന്നത്‌ . ചുറ്റുപാടുമുള്ളവരുടെ ജീവിതാനുഭവങ്ങളും കഠിനാധ്വാനത്തിന്റെ വില യും നന്മയുടെ ശക്തിയുമൊക്കെ കുട്ടികള്‍ നേരിട്ടറിയുകയായിരുന്നു. ഏതാണ്ട്‌ എട്ടോളം പുസ്‌തകങ്ങള്‍ വേണ്ടിവന്നു കുട്ടികള്‍ തയാറാക്കിയ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍.

ഭാവനയുടെ ചിറകിലേറുവാന്‍ മാത്രമല്ല ബൗദ്ധികമായ മനനങ്ങള്‍ നടത്താനും തന്റെ കുട്ടികള്‍ക്കു കഴിയുമെന്ന്‌ പ്രേമന്‍ മാഷ്‌ തെളിയിച്ചു. അതാകട്ടെ ബൃഹത്തായ രണ്ടു റഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ക്കു ജന്മം നല്‌കി മാഷും കുട്ടികളും ചേര്‍ന്നു തയാറാക്കിയ ?മഹാകവി കുമാരനാശാന്‍? പ്രാചീന കവിത്രയം എന്നീ റെഫറന്‍സ്‌ ഗ്രന്ഥങ്ങള്‍ക്കു ജന്മം നല്‌കി. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു പോലും പ്രയോജനപ്പെടുന്നതാ ണ്‌. ഒരുപക്ഷേ ഇത്രമാത്രം ആധികാരികമായ ഒരു റെഫറന്‍സ്‌ ഗ്രന്ഥം കുട്ടികളുടേതായി പുറത്തിറങ്ങുന്നത്‌ കേരളത്തില്‍ത്തന്നെ ആദ്യമായിരിക്കും.

പ്രേമന്‍ മാഷിന്റെ നേതൃത്വത്തില്‍ കായണ്ണ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളി ല്‍ നടന്ന ഈ സംരംഭംകൊണ്ട്‌ എന്തു പ്രയോജനം എന്നു സംശയി ക്കുന്നവര്‍ ധാരാളമുണ്ടാകാം.ഈ കുട്ടികളെല്ലാം എഴുത്തുകാരായിത്തീ രുമോയെന്ന്‌ അവര്‍ ചോദിച്ചേക്കാം.തീര്‍ച്ചയായും ഇല്ല. കണക്കു പഠിക്കുന്നവരെല്ലാം എന്‍ജിനിയര്‍മാരോ കണക്കാന്‍മാരോ ആ കുന്നില്ല.എങ്കിലും കണക്ക്‌ എാല്ലവര്‍ക്കും എവിടെയെങ്കിലുമൊക്കെ പ്രയോജനപ്പെടുന്നു.കവിത പഠിക്കുന്നവര്‍ കവികളാകുന്നില്ല. പക്ഷേ കവിത അവരുടെ മനസി ലെവിടെയൊക്കെയോ ചില മൃദുല ഭാവങ്ങള്‍ സൃഷ്‌ടിക്കുന്നു. അതു ജീവിതത്തില്‍ പലപ്പോഴും നന്മയായിത്തീരും. അതുപോലെ തങ്ങള്‍ക്കും സ്‌്വന്തമായി ചിലതൊക്കെ എഴുതാന്‍ കഴിയുമെന്ന അറിവ്‌ കുട്ടികള്‍ക്കു വലിയൊരു ബലമായിത്തീര്‍ന്നു കൂടേ? അത്‌ അവര്‍ക്കുമാത്രമല്ല സമൂഹത്തിനും നന്മചെയ്യുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ക്കുളളില്‍ നിന്നു പ്രവര്‍ത്തിക്കുമ്പോഴും ചട്ടക്കൂടുകളെത്തന്നെ അപ്രസക്തമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനസിലെ വേലിക്കെട്ടുകളെ തകര്‍ക്കാനും ഉപകരിച്ചേക്കാം.

ഫോട്ടോകള്‍: ശശി ഗായത്രി

Friday, April 17, 2009

ആയിരം കയ്യുമായി.....!


ആയിരം കയ്യുമായി.....!ചില എഴുത്ത്‌കുത്തുകള്‍

sandeep salim

അവര്‍ 1,455 പേര്‍. അവരുടെ 1,455 കൈയെഴുത്ത്‌ മാസികകള്‍. മലപ്പുറം എ.യു.പി സ്‌കൂള്‍ ചരിത്രത്താളുകളില്‍ എ ഴുതിച്ചേര്‍ത്തത്‌ പുതിയൊരു അധ്യായം. പല കൈവഴി കളായി ഒഴുകിയെത്തുന്ന പുഴകള്‍ സമുദ്രത്തില്‍ ലയിക്കുന്നതുപോലെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത ഒരായിരം കൈയെഴുത്ത്‌ മാസി കകളായി ഒഴുകിയെത്തി. ഈ ഒഴുക്കില്‍ അവരുടെ അധ്യാപകരും മാതാപിതാക്കളും ബന്ധുക്കളും ഒപ്പം കൂടി. അക്ഷരസാഗരത്തിലേ ക്കുള്ള ഒരു മഹാപ്രവാഹമായിരുന്നു അത്‌. ഓരോ കുട്ടിക്കും സ്വന്തമായി ഒരു കൈയെഴുത്തു മാസികയെന്ന ലക്ഷ്യത്തിലേക്കു ള്ള മഹാപ്രവാഹം. അങ്ങനെ 1,455 കുട്ടികളുടേതായി 1,455 കൈയെഴുത്തു മാസികകള്‍ പുറത്തിറക്കി മലപ്പുറം എ.യു.പി സ്‌കൂള്‍ ചരിത്രം സൃഷ്‌ടിച്ചു.


1931-ല്‍ സ്ഥാപിതമായ എ.യു.പി സ്‌കൂളിന്റെ ചരിത്രം ഇവിടെ തീരുന്നില്ല. ഓരോ കുട്ടിയുടേയും കൈയെഴുത്തു മാസിക എന്നതില്‍നിന്ന്‌ ഓരോ കുട്ടിയുടേയും കുടുംബത്തില്‍നിന്ന്‌ ഓരോ കൈയെഴുത്ത്‌ മാസികയിലേക്കു ചെന്നെത്താന്‍ അധികം സമയം വേണ്ടിവന്നില്ല. ഇതിന്റെ പിന്നിലുളള കാരണമെന്തെന്ന ചോദ്യത്തിന്‌ സ്‌കൂളിലെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന അധ്യാപകന്‍ സയ്യിദ്‌ ഹാഷിമിന്റെ ഉത്തരം വളരെ ലളിതം. ``കുട്ടികളോട്‌ കൈയെഴുത്ത്‌ മാസികകളിലേക്ക്‌ കഥകളും കവിതകളും എഴുതിക്കൊണ്ടു വരണമെന്നു കുട്ടികളോടു പറഞ്ഞപ്പോള്‍ കുട്ടികള്‍ കൊണ്ടുവന്ന മിക്ക രചനകളും മാതാപിതാക്കള്‍ അല്ലെങ്കില്‍ ബ ന്ധുക്കള്‍ എഴുതി നല്‍കിയതായിരുന്നു. പിന്നീട്‌ കുട്ടികളെ ക്കൊണ്ടുതന്നെ എഴുതിച്ചെങ്കിലും ആദ്യം ലഭിച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. ഇ തേത്തുടര്‍ന്നാണ്‌ ഓരോ കുട്ടിയുടേയും കുടുബത്തില്‍നിന്നും ഒരു കൈ യെഴുത്തു മാസികയുടെ സാധ്യതയെക്കുറിച്ച്‌ ചിന്തിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്‌''. അങ്ങനെ 1,455 കുട്ടികളുടെ 1,250 കുടുംബങ്ങളില്‍(ഒരു കുടുംബത്തില്‍ നിന്നും ഒന്നിലേറെ കുട്ടികള്‍ ഉളളതിനാല്‍)നിന്നും 1,250 കൈയെഴുത്ത്‌ മാസികകള്‍ പുറത്തിറങ്ങിയത്‌.

1455 കൈയെഴുത്തു മാസികകള്‍ പു റത്തിറക്കിക്കൊണ്ട്‌ വാര്‍ത്തകളില്‍ നിറ യുമ്പോഴും അത്‌ വെറും ഗിമിക്കായിരുന്നെന്ന്‌ പറ ഞ്ഞ്‌ ഒരിക്കലും തളളിക്കളയാന്‍ നമുക്ക്‌ കഴിയില്ല. ഒരു പക്ഷേ പൊതു സമൂഹം അശ്ര ദ്ധമായി തളളിക്കളയുന്ന കാര്യങ്ങളില്‍പോലും കു ട്ടികള്‍ നടത്തുന്ന സൂക്ഷമനിരീക്ഷണം ഏ തൊരാ ളേയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. കൈയെ ഴുത്ത്‌ മാസികകളുടെ നിര്‍മാണം സ്വയം ഏറ്റെടുക്കുക വഴി സ്വയം മൂല്യനിര്‍ണയം നടത്താനും തെറ്റുകള്‍ തിരു ത്താനും കുട്ടികള്‍ക്ക്‌ അവസരം ലഭിച്ചു. അങ്ങിനെ പൂമ്പാറ്റകളെ പിടിച്ചും മയില്‍പ്പീലിത്തുണ്ടുക ള്‍ പുസ്‌തകത്താളുകളിലൊളിപ്പിച്ചും നടക്കേണ്ട ബാല്യം നഷ്‌ടപ്പെടു ത്തിക്കളയുന്ന വ്യവസ്ഥാപിതമായ എന്തിനോടും കലഹിക്കാനും കുട്ടികള്‍ തങ്ങളുടെ എഴുത്തിലൂടെ തയാറാവുന്നു.

ഒരു സ്‌കൂളില്‍ നിന്നും ഒരു കൈയെഴുത്ത്‌ മാസിക പുറത്തിറങ്ങുന്നത്‌ ഒരു സാധാരണ പാഠ്യേതര പ്രവര്‍ത്തനം മാത്രം. ഏതാനും ചിലരുടെ അധ്വാനത്തിന്റെ ഫലമായി മാത്രം പുറത്തിറങ്ങുന്ന ഒന്ന്‌. എന്നാല്‍, ഒരു സ്‌കൂള്‍ മുഴുവന്‍ ഒരേമനസോടെ ഇക്കാര്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, മാതാപിതാക്കളും ഈ സംരംഭത്തില്‍ ഒത്തു ചേരുമ്പോള്‍ അതൊരു പുതിയ തുടക്കമാവു കയായിരുന്നു. 1,455 മാസികകളുടെ പ്രകാശനവും ചരിത്രമായിരുന്നു.

ഒരു മാസിക പ്രശസ്‌ത കവി മണമ്പൂര്‍ രാജന്‍ ബാബു സ്‌കൂള്‍ ലീഡര്‍ക്ക്‌ നല്‍കി പ്രകാശിപ്പിച്ചപ്പോള്‍ ബാക്കി 1,454 കൈയെഴുത്ത്‌ മാസികകളും കുട്ടികള്‍ സ്വയം പ്രകാശിപ്പിച്ചു.എ.യു.പി സ്‌കൂളിനെ സംബന്ധിച്ച്‌ ഇതൊരു ചെറിയ കാര്യം മാത്രം. എല്ലാ മാസവും അച്ചടിച്ചു പുറത്തിറങ്ങുന്ന `വളപ്പൊട്ടുകള്‍' എന്ന സ്‌കൂള്‍ മാഗസിനും സ്‌കൂളിനുളളില്‍ പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോ സ്റ്റേഷനും ഇവരുടേതായുണ്ട്‌. കൂടാതെ ഓരോ കുട്ടിക്കും ഒരു പേജ്‌ എന്ന നിലയില്‍ 1,455 പേജുളള ഒരു ബ്രഹത്‌ഗ്രന്ഥവും ഇവര്‍ പുറത്തിറക്കിക്കഴിഞ്ഞു. എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്‌, പുതിയ ചരിത്രം..!

Tuesday, March 24, 2009

അവള്‍


ആളൊഴിഞ്ഞ ബസ്‌റ്റാന്റു പോലെ


അവളുടെ കണ്ണുകളില്‍ വികാരശൂന്യത


തളംകെട്ടിനിന്നിരുന്നു


അവളുടെ കവിളുകളില്‍


ആരോടൊക്കെയോ തോന്നിയ


പകയുടെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു


എന്നിട്ടും, അത്താഴത്തിന്‌ അരവയര്‍ നിറയ്‌ക്കാന്‍


അവള്‍ തന്റെ കവിളുകളും ചുണ്ടുകളും മാറിടങ്ങളും


ചായം പൂശി മനോഹരമാക്കിയിരുന്നു


പരപുരുഷനായി മടിക്കുത്തഴിക്കുമ്പോഴും


അവള്‍ക്ക്‌ ജീവിതത്തോട്‌ വിരക്തി തോന്നിയിരുന്നു


രതിമൂര്‍ച്ഛയുടെ പാരമ്യത്തിലും


അവള്‍ തന്റെ കുഞ്ഞിന്റെ മുഖം സ്വപ്‌നം കണ്ടിരുന്നു


അതെ, അവളൊരു തെരുവ്‌ വേശ്യയായി മാറിയിരുന്നു.

Sunday, March 22, 2009

കാലത്തിന്റെ ഒറ്റവര ബുക്കില്‍ എഴുതപ്പെട്ടത്‌

എനിക്കു ചുറ്റിലും തണുപ്പാണ്‌
സിരകളില്‍ രക്തം ഉറയുന്ന
ഒഴുകുന്ന നദികള്‍ നിശ്ചലമാകുന്ന
തണുപ്പ്‌
എന്റെ എരിയുന്ന നെഞ്ചില്
ശൈത്യം നെരിപ്പോട്‌ തിരയുന്നു
എനിക്കു പരിഭവമില്ല
അല്ലെങ്കിലും
ഉരുകിയൊഴുകുന്ന മെഴുകുതിരിക്ക്‌
കരയാന്‍ അവകാശമില്ല

ദുഖമാകുന്നതെങ്ങനെയെന്നു ഞാനറിഞ്ഞു
വസന്തം.
പങ്കുവയ്‌ക്കുന്നത്‌ ദുഖമാണെന്നറിഞ്ഞു
പങ്കുവയ്‌ക്കപ്പെടാനാവാതെ നെഞ്ചില്‍ കാത്ത പ്രണയം
അതിശൈത്യത്തിന്റെ നോവില്‍
ഉറഞ്ഞു പോയതും ഞാനറിഞ്ഞു

അറിവുകള്‍ ഇവിടെ തീരുന്നു
ഉളളു നിറഞ്ഞ പ്രതീക്ഷകള്
‍സായംകാല കിനാവുകള്‍
ജരബാധിച്ച സ്‌മൃതികള്‍
എല്ലാം ഇവിടെ തീരുകയാണ്‌

അറിയാത്ത വാക്കിന്റെ
പൊരുള്‍ തേടിയ യാത്രയില്‍
നെഞ്ചില്‍ തറച്ച തുരുമ്പിച്ച
ആണിത്തുമ്പിനാല്‍ സ്വപ്‌നങ്ങള്‍
കുത്തിക്കീറപ്പെട്ടപ്പോഴും
മണ്‍ചിരാതിന്റെ പ്രകാശത്തില്‍
നിശബ്ദതയില്‍ കാതോര്‍ത്തപ്പോഴും
കുയില്‍പാട്ടായ്‌
നന്‍മയുടെ നനവായ്‌
പിരിയാത്ത നിഴലായ്‌
അനുയാത്ര ചെയ്‌ത
ഏവര്‍ക്കും ഈ ജീവിതം മാത്രം

മരക്കൊമ്പില്‍നിന്നും തെറിച്ചു പോയ
പറവക്കൂട്ടം പോലെ,
കാലത്തിന്റെ ഒറ്റവര ബുക്ക്‌
മാര്‍ജിനില്‍ തിരുത്തലുകള്‍ക്കായി
എഴുതിച്ചേര്‍ത്ത ഈ ജീവിതം......

തിളച്ചു മറിയുന്ന കവിതകള്‍




ഒരു വ്യക്തിയുടെ ജീവിത്തിന്റെ വഴി അയാള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണോ ? അതോ ജീവിച്ച ജീവിതം അയാളുടെ വഴി നിശ്ചയിക്കുകയാണോ ? വളരെ പ്രസക്തമായ ചോദ്യം. നിരവധിയാളുകള്‍ ഉത്തരം തേടി നടന്ന ചോദ്യവും, പക്ഷേ എത്രപേര്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞു എന്നറിയില്ല. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ചോദ്യമാണ്‌ എഴുത്തിന്റെ വഴി അയാള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണോ അതോ ജീവിതം ഏല്‍പിച്ചു കൊടുക്കുന്ന നിയോഗമാണോ എന്നത്‌. ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരം ആലപ്പുഴ ജില്ലയില്‍ ആയുര്‍വേദ ഡോക്‌ടര്‍ ബുധനൂര്‍ രഘുനാഥിന്റെ പക്കലുണ്ട്‌. ബുധനൂരിനെ സംബന്ധിച്ചയിടത്തോളം `ആയുര്‍വേദം' പാരമ്പര്യവും ജീവിതവും വച്ചുനീട്ടിയ നിയോഗമാണെങ്കില്‍ എഴുത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തതാണ്‌

ആയുര്‍വേദ ഗ്രന്ഥം രചിക്കുന്ന ആയുര്‍വേദ ഡോക്‌ടര്‍മാര്‍ നമുക്ക്‌ പരിചിതരാണ്‌ എന്നാല്‍ ഒരു ആയുര്‍വേദ ഡോക്‌ടറുടെ തൂലികയില്‍ നിന്നും നാടകങ്ങളും കവിതകളും ചെറുകഥകളും കൂടി സൃഷ്‌ടിക്കപ്പെടുമ്പോള്‍ അയാള്‍ അല്‍പം വ്യത്യസ്ഥനാവുന്നു. ഏറ്റവും മികച്ച നാടകത്തിനുളള ഇടശേരി അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തുമ്പോള്‍ അദ്ദേഹമൊരു അപൂര്‍വ വ്യക്തിത്വമാവുന്നു.

1972 - 73 കാലഘട്ടത്തില്‍ തിരുവനന്തപുരം ആയുര്‍വേഉവങദ കോളേജില്‍ പടിച്ചിരുന്ന കാലത്ത്‌ രചനയും സംവിധാനവും നിര്‍വഹിച്ച `അഗ്നിശരം' എന്ന നാടകത്തിലൂടെയാണ്‌ നാടകരംഗത്തേയ്‌ക്ക്‌ ബുധനൂര്‍ കടന്നു വരുന്നത്‌. പിതാവിനെ ചോദ്യം ചെയ്യുന്ന മകനെ ചിത്രീകരിച്ച നാടകത്തിലൂടെ അക്കാലത്ത്‌ നിലവിലിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെയാണ്‌ ബുധനൂര്‍ ചോദ്യം ചെയ്‌തത്‌. പിന്നീട്‌ എഴുപതുകളുടെ ഒടുവില്‍ മലയാളത്തില്‍ രൂപം കൊണ്ട ആധുനിക നാടകപ്രസ്ഥാനത്തിന്റെ ഭാഗമായി മാറിക്കൊണ്ട്‌ നിരവധി നാടകങ്ങള്‍ ബുധനൂരിന്റേതായി പുറത്തുവന്നു. എഴുപത്തി അഞ്ചില്‍ അച്ഛന്റെ മരണത്തെ തുടര്‍ കുറച്ചുകാലം എഴുത്തില്‍ നിന്നും നാടകത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും 79 ല്‍ വിവാഹശേഷം അദ്ദേഹം വീണ്ടും എഴുത്തിലേക്കും തിരികെ വന്നു. തൊണ്ണൂറുകളില്‍ ആലപ്പുഴ കലാപോഷിണിക്കു വേണ്ടി രചിച്ച ഇടിമുഴക്കം, പ്രകാശഗീതം എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ നാടകങ്ങളാണ്‌.

നാടകമാണ്‌ ബുധനൂരിന്‌ പ്രശസ്‌തി നേടിക്കൊടുത്തതെങ്കിലും കവിതയോടാണ്‌ തനിക്ക്‌ താത്‌പര്യമെന്ന്‌ അദ്ദേഹം പറയുന്നു. വര്‍ത്തമാന കാലത്തിന്റെ ആശങ്കകളെ ശക്തമായി പ്രതിഫലിപ്പിക്കുകയും സാംസ്‌കാരികമാറ്റത്തിന്റെ അര്‍ഥസൂചകങ്ങളെ അനുവാചക ഹൃദയത്തില്‍ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നതില്‍ ബുധനൂരിന്റെ കവിത വിജയിക്കുന്നുണ്ട്‌. പതിനെട്ടു കവിതകളുമായി അവസാനം പുറത്തിറങ്ങിയ `ജോണ്‍ അഥവാ പാപികള്‍ക്കുളള ശിക്ഷ' എന്ന കവിതാ സമാഹാരം നമുക്ക്‌ നല്‍കുന്ന സന്ദേശവും ഇതു തന്നെയാണ്‌.

ആധുനിക ലോകത്തില്‍ മൂല്യങ്ങള്‍ പൊട്ടിച്ചിതറിപ്പോയ കണ്ണാടിയാണെന്ന്‌ വിലയിരുത്തുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്‌. ഒരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്ത വിധത്തില്‍ അവ തകര്‍ന്നു പോയെന്നു കരുതുന്നവരുമുണ്ട്‌. എന്നാല്‍ ചിതറിപ്പോയ ഓരോ മുറിയും ജീവിതത്തിന്റെ ഓരോ ഭാഗമാണെന്നും അവ പ്രതിഫലിപ്പിക്കുന്നത്‌ വിചിത്രവും വികലവുമായ ദൃശ്യങ്ങളാണെങ്കിലും അത്‌ ജീവന്റെ അസ്‌തിത്വത്തെ നിര്‍വചിക്കുന്ന സൂക്ഷമഘടകങ്ങളാണെന്നും വായനക്കാരെ ബോധ്യപ്പെടുത്തുന്നതാണ്‌ ബുധനൂരിന്റെ കവിതകള്‍.

സ്വന്തം മകളെപ്പോലും കാമത്തിന്റെ കണ്ണടവച്ചു നോക്കുകയും വാക്കും വായുവും ജലവും ചിന്തയും മലിനമാക്കപ്പെടുകയും വില്‍പനച്ചരക്കാക്കപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലത്ത്‌ ഇവയോടും ഇവയുടെ വക്താക്കളോടുമൊപ്പം സഞ്ചരിക്കുയും കവിതയേയും എഴുത്തിനേയും റെമ്യൂണറേഷനു വേണ്ടിയുളള ചട്ടുകമാക്കുകയും ചെയ്യുന്ന നിലവിലിരിക്കുന്ന വ്യവയ്‌ഥിതിക്കെതിരെയുളള കലമ്പലാണ്‌ ബുധനൂരിന്റെ ഓരോ കവിതയും. പ്രതികരണ ശേഷിയുടെ ഉറവ വറ്റിപ്പോകുന്ന യുവതലമുറയെ പരിഹസിക്കാനും ബുധനൂര്‍ തന്റെ കവിതയിലൂടെ തയാറാവുന്നു എന്നതിന്‌ ഉത്തമ ദൃഷ്‌ടാന്തമാണ്‌ `അമ്മേ പറയൂ' എന്ന കവിത.
`` എന്നുതൊട്ടാണ്‌ ഇവിടെ പുരുഷന്‍മാരില്ലാതായത്‌ ?
ഏകലവ്യന്റെ ജനനേന്ദ്രിയം മുറിച്ച്‌ ദക്ഷിണ നല്‍കിയതില്‍പ്പിന്നെയോ?
കര്‍ണനെ അവര്‍ണ്ണനെന്നോതി ഭ്രഷ്‌ടുകല്‍പിച്ചതില്‍ പിന്നെയോ ?
..................................
.......................................
........................................
മീശവച്ചു നടക്കുന്ന ഈ യുവാക്കള്‍ പുരുഷന്‍മാര്‍ തന്നെയോ ? ''

നമ്മുടെ സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും നൈര്‍മല്യവുമെല്ലാം പടിഞ്ഞാറന്‍ സസ്‌കാരത്തിന്‌ അടിയറവയ്‌ക്കുന്നതിനെതിരെ പടപൊരുതാനുളള ആര്‍ജവവും സാമ്രാജിത്വ അധിനിശം കത്തിച്ച്‌ ചാരമാക്കിമാറ്റിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ സ്വത്വം തിരിച്ചു പിടിക്കുക എന്ന സാമൂഹിക ബാദ്ധ്യത കൂടി ഏറ്റെടുക്കാനുളള ചങ്കൂറ്റവും ബുധനൂരിന്റെ കവിതകളില്‍ ദൃശ്യമാകുന്നുണ്ട്‌. `പിറന്നാളാഘോഷം' എന്ന കവിത നമുക്കു നല്‍കുന്ന സൂചന അതാണ്‌.

`` പ്രയേ.......
ടൊയോട്ടക്കാരി
വെളുത്തമുടിയും
ചുവന്ന ചുണ്ടുകളുമുളള
പടിഞ്ഞാറന്‍ ലാവണ്യമേ
കാമകലയുടെ കൈവല്യ രൂപമേ
നിനക്കെന്റെ മധുര ചുംബനം
ചുണ്ടുകളില്‍ ചോര പൊടിയാതെ നോക്കിയാല്‍ മതി
മുറിവുകളിലൂടെയും
സംഭോഗത്തിലൂടെയും
രതിവൈകൃതങ്ങളിലൂടെയും മാത്രമേ
എച്ച്‌ഐവി സംക്രമിക്കൂ
ഈശ്വരാനുഗ്രഹത്താല്‍
ഇവിടെ
എല്ലാത്തരം ഉറകളുമുണ്ട്‌.''
ബുധനൂരിന്റെ കവിതകളില്‍ രോഷവും പ്രതിഷേധവും പരിഹാസവും കൂടിക്കുഴഞ്ഞിരിക്കുന്നു. നമുക്ക്‌ നഷ്‌ടപ്പെട്ടു പോകുന്ന നന്‍മകളെ കുറിച്ച്‌ ആവലാതിപ്പെടുന്ന മനസും ബുധനൂരിനുണ്ട്‌. കവിതയെ വളരെ ഗൗരവമായി സമീപിക്കുന്ന കവിയാണ്‌ ബുധനൂര്‍. അതുകൊണ്ടു തന്നെ പ്രശസ്‌തിയുടേയും ജനപ്രിയതയുടേയും വെളളിവെളിച്ചത്തില്‍ നില്‍ക്കാന്‍ അദ്ദേഹം ഇഷ്‌ടപ്പെടുന്നില്ല. പുതിയ തലമുറയിലെ കവികളില്‍ എഴുത്തിനോടുളള ഉത്തരവാദിത്വം കുറഞ്ഞു വരുന്നതായി ബുധനൂര്‍ നിരീക്ഷിക്കുന്നെങ്കിലും പി പി രാമചന്ദ്രന്‍, എസ്‌ ജോസഫ്‌, കെ രാജഗോപാല്‍, കെ ആര്‍ ടോണി തുടങ്ങിയ പുതുകവികള്‍ക്ക്‌ കരുത്തോടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നുണ്ടെന്ന്‌ നിരീക്ഷിക്കാനും മറന്നില്ല.

ജീവിതത്തിന്റെ വലിയ കാലഘട്ടം മുഴുവന്‍ നാടകത്തിനും നാടകപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിച്ച ബുധനൂരിനെ നാടകത്തിനും നാടകപ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ചിരിക്കുന്ന അപചയം കുറച്ചൊന്നുമല്ല ദു:ഖിപ്പിക്കുന്നത്‌. എങ്കിലും നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ നാടക പ്രസ്ഥാനങ്ങള്‍ക്ക്‌ കഴിയും എന്നു വിശ്വസിക്കാനാണ്‌ ബുധനൂരിനിഷ്‌ടം. അതിന്റെ കാരണവും അദ്ദേഹം തന്നെ കണ്ടെത്തുന്നു, ''മനുഷ്യവര്‍ഗം നിലനില്‍ക്കുന്നിടത്തോളം നാടകവും നാടകപ്രസ്ഥാനങ്ങളും പ്രസക്തമാണ്‌''.ഞാന്‍ ഈശ്വര വിശ്വാസിയാണ്‌ എന്നാല്‍ ഒരു മതവിശ്വാസിയല്ല എന്ന്‌ പറയുമ്പോള്‍ മനുഷ്യജീവനേയും സാമൂഹിക നീതിയേയും വെല്ലുവിളിക്കുന്ന ഒന്നിനോടും ഒത്തുതീര്‍പ്പിന്‌ തയാറല്ല എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. വിശ്വാസമോ തത്വശാസ്‌ത്രമോ പ്രത്യയശാസ്‌ത്രമോ വാദമോ പ്രതിവാദമോ എന്തുമായിക്കൊളളട്ടെ, നീതിബോധത്തിന്റെ ഉരകല്ലില്‍ ഉരച്ച്‌ മാറ്റ്‌ തിരിച്ചറിഞ്ഞല്ലാതെ മുന്നോട്ടില്ലെന്ന കടുപിടുത്തമാണ്‌ ബുധനൂരിനെ വ്യത്യസ്‌തനാക്കുന്നത്‌.
മകന്‍ കൃഷ്‌ണപ്രസാദും കവിയാണ്‌
ഫോട്ടോ- കെ ജെ ജോസ്‌ (ദീപിക സ്റ്റാഫ്‌ ഫോട്ടോഗ്രാഫര്‍)*പ്രസിദ്ധീകരണത്തിന്‌ നല്‍കിയെങ്കിലും തിരസ്‌കരിക്കപ്പെട്ടു...............

Saturday, March 14, 2009

അന്വേഷണം


കൊലക്കയര്‍ തൂക്കി


അതില്‍ കുരുക്കാനുളള തലയുമായി


കസേരയില്‍ കയറി നിന്നപ്പോള്‍


ഓര്‍മകള്‍ കെട്ടു പൊട്ടി പാറിപ്പോയി

കുട്ടിക്കാലത്ത്‌ ഊഞ്ഞാലിലിരുത്തി ആടിച്ച

അച്ഛനെയോര്‍ത്തു

ആട്ടത്തിന്റെ വേഗത കുറഞ്ഞുപോയതിന്‌

അച്ഛനെവെറുത്തു

കുരുക്ക്‌ കഴുത്തിലിടവേ

കാത്തിരുന്ന്‌ മടുത്ത്‌ ഓടിവന്ന്‌ കെട്ടിപ്പിടിച്ച്‌

ഉമ്മയ്‌ക്കു കെഞ്ചുന്ന

കുഞ്ഞനിയത്തിയെ ഓര്‍ത്തു

പരീക്ഷത്തലേന്ന്‌

കവിത വായിച്ചത്‌ കണ്ടെത്തിയതിന്‌

അവളെ വെറുത്തു

കയര്‍ മുറുകി

അവസാന ശ്വാസത്തിനായി

പിടയവേ ജനനത്തിനും മുന്‍പ്‌

ആത്മാവ്‌ തൊട്ടറിഞ്ഞ

അമ്മയുടെ കണ്ണുനീരിനെ കുറിച്ചോര്‍ത്തു

അപ്പോഴും

അമ്മയെ വെറുക്കാനുളള

കാരണത്തിനായി മനസ്‌ പരതിക്കൊണ്ടിരുന്നു

Monday, March 9, 2009

മരിച്ചവന്റെ മുറി

sandeep salim
ഇത്‌ ഇന്നലെ മരിച്ചവന്റെ മുറി
പുസ്‌തകങ്ങള്‍ വാരിവലിച്ചിട്ട ഒരു മേശ
ആരോടും പറയാതെ മനസില്‍ കാത്ത
പ്രണയിനിക്കായ്‌ പാതിവഴിയില്‍ നിര്‍ത്തിയ പ്രണയ ലേഖനം
മുറിയുടെ അഴുക്കു പിടിച്ച മൂലയില്‍
കവിത പൂത്ത നേരങ്ങളില്‍
ആര്‍ക്കോ വേണ്ടി വായിച്ച പുല്ലാങ്കുഴല്‍
അധ്വാനത്തിന്റെയും ചെറുത്തുനില്‍പിന്റെയും
പ്രതീകം പോലെ അക്ഷരങ്ങളില്‍
ചിതലരിച്ച ഒരവാര്‍ഡ്‌
വിരസമായ ജേര്‍ണലിസം ക്ലാസില്‍
നോട്ടു ബുക്കിന്റെ അരികില്‍ കുറിച്ച
കളിവാക്കുകള്‍ചുവരില്‍ മുള്‍മുടി ചൂടിയ ക്രിസ്‌തുവും
ചിരിക്കുന്ന നരച്ച താടിയുളള മാര്‍ക്‌സും
അടുത്തടുത്തിരുന്നു
കുറച്ചുമാറി കളളനോട്ടക്കാരന്‍ കൃഷ്‌ണനും സ്ഥാനം പിടിച്ചിരുന്നു
ഇവരില്‍ അവനെ നയിച്ചതാര്‌ ?
ജനാലയില്‍ വന്നിരുന്ന
വളര്‍ത്തു പക്ഷി ചോദിച്ചു കൊണ്ടിരുന്നു
മേശപ്പുറത്ത്‌ മറിഞ്ഞു കിടന്ന
അധിനിവേശത്തിന്റെ ഓര്‍മയുണര്‍ത്തുന്ന
പെപ്‌സിക്കുപ്പിയില്‍ അവന്‍ കുടിച്ച വിഷത്തിന്റെ
അംശങ്ങള്‍ കട്ടപിടിച്ചിരുന്നു

മരിച്ചവന്റെ മുറിയില്‍ എല്ലാം സാധാരണമായിരുന്നു
എന്നാല്‍ വായിക്കാത്ത പുസ്‌തകത്തിലെ വരികള്‍ പോലെ
അവന്റെ ചിന്തകള്‍ മാത്രം
അജ്ഞാതവും അസാധാരണവുമായിരുന്നു

Saturday, March 7, 2009

ഗോളടിക്കുന്നതു സെവന്‍സ്‌

sandeep salim
``ഇജ്ജ്‌ ഏതു നാട്ടുകാരനാണ്‌ ഇതു തൃപ്പനച്ചിയാണ്‌. സെവന്‍സിന്റെ സീസണായാല്‍ അഞ്ചുമണി കഴിഞ്ഞ്‌ ഇബ്‌ടെ ഒരു പീടികയും തുറക്കില്ല.ഒരു ഓട്ടോറിക്ഷയും കിട്ടില്ല. കുട്ട്യോളെല്ലാം കളികാണാന്‍ പോയിരിക്കുകയാണ്‌''. തൃപ്പനച്ചിയില്‍ നിന്നു മഞ്ചേരിയിലേക്കു പോകാന്‍ ഓട്ടോറിക്ഷ എവിടെക്കിട്ടും എന്ന ചോദ്യത്തിന്‌ സ്ഥലവാസിയായ ഒരു മുതിര്‍ന്ന പൗരന്‍ നല്‍കിയ മറുപടിയാണിത്‌. മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയില്‍ മാത്രമല്ല മലബാറിന്റെ പലഭാഗങ്ങളിലും സെവന്‍സ്‌ സീസണായാല്‍ ഇതാണു സ്ഥിതി.ടൂര്‍ണമെന്റ്‌ ഉണ്ടെങ്കില്‍ വണ്ടൂര്‍, മഞ്ചേരി, കോഴിക്കോട്‌ കിനാശേരി, വളാഞ്ചേരി, തലശേരി ഇവിടങ്ങളിലെല്ലാം വൈകുന്നേരം ബന്തിന്റെ പ്രതീതിയാണ്‌. ആളും തിരക്കും ടൂര്‍ണമെന്റ്‌ നടക്കുന്ന മൈതാനങ്ങളില്‍ മാത്രമായിരിക്കും.

മലബാറിന്റെ ചോരയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നതാണു സെവന്‍സ്‌ ഫുട്‌ബോള്‍. കാതിരാല മുഹമ്മദാലിയില്‍ തുടങ്ങി ഈ സീസണില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ നാലില്‍ മൂന്നിലും കിരീടം നേടിക്കൊണ്ട്‌ പുത്തന്‍ തലമുറയില്‍ ആവേശം ജനിപ്പിക്കുന്ന തൃപ്പനച്ചി അല്‍ഷബാബ്‌ ക്ലബിന്റെ ഉടമ സണ്ണി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അന്‍ഷാദില്‍ എത്തുമ്പോഴും സെവന്‍സ്‌ എന്ന ലഹരിക്ക്‌ യാതൊരു കുറവും വന്നിട്ടില്ല. കൂടിയിട്ടേയുള്ളൂ.അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിക്കുന്ന ഇലവന്‍സ്‌ ഫുട്‌ബോളിനെക്കാള്‍ മലബാറിനെ ആവേശം കൊള്ളിക്കുന്നത്‌ ഔദ്യോഗിക ഫുട്‌ബോള്‍ സംഘടനകള്‍ പടിക്കു പുറത്തു നിര്‍ത്തിയിരിക്കുന്ന സെവന്‍സാണ്‌ .സെവന്‍സിനെ ഇവിടെ പോപ്പുലറാക്കുന്നത്‌ അതിന്റെ അനൗപചാരിക സ്വഭാവം തെന്നയാവാം. സെവന്‍സിന്റെ അപാര വേഗവും കാണികളുടെ ഭാഗഭാഗിത്വവും എടുത്തുപറയേണ്ട ഘടകങ്ങളാണ്‌. തന്ത്രപരമായ നീക്കങ്ങള്‍, ഉജ്വലമായ പ്രകടനങ്ങള്‍,വേഗം,തകര്‍പ്പന്‍ ഗോളുകള്‍ കൂടാതെ നിയമങ്ങളില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ഇളവുകളും സെവന്‍സിനെ ജനപ്രിയമാക്കുന്നു.ഏഴുപേര്‍ വീതമുളള ടീമുകളും അരമണിക്കൂര്‍ വീതമുളള രണ്ടു പകുതികളുമാണ്‌ സെവന്‍സ്‌ മത്സരത്തിലുണ്ടാവുക.കാണികളുടെ എണ്ണം ഗാലറിയും കവിഞ്ഞാല്‍ കളിസ്ഥലത്തിന്റെ വിസ്‌തീര്‍ണം കുറയ്‌ക്കുകപോലും ചെയ്യത്തക്കവിധത്തില്‍ അയവുള്ളതാണു സെവന്‍സ്‌ നിയമങ്ങള്‍.
ദേശീയ തലത്തിലും അന്തര്‍ദേശീയതലത്തിലും തിളങ്ങിയ ഐ.എം വിജയന്‍, അരങ്ങേറ്റമത്സരത്തില്‍ത്തന്നെ നാലു ഗോളുകള്‍ നേടിയ ആസിഫ്‌ സഹീര്‍(മമ്പാട്‌ ഫ്രണ്ട്‌സ്‌), ഇന്ത്യയുടെ എക്കാലത്തെയും മികച്ച സെന്റര്‍ ബാക്കും കേരളാ ടീം ക്യാപ്‌റ്റനുമായ യു.ഷറഫലി(വൈഎംഎ, അരീക്കോട്‌) കേരളാ ടീമില്‍ ഗോള്‍കീപ്പറായിരുന്ന എം.വി നെല്‍സണ്‍(തൃശൂര്‍, ജിംഘാന) തുടങ്ങി ഇന്ത്യന്‍ ഫുട്‌ബോളിന്‌ സെവന്‍സ്‌ സംഭാവന ചെയ്‌ത താരങ്ങള്‍ നിരവധി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെവന്‍സ്‌ നടക്കുന്നത്‌ മലപ്പുറം ജില്ലയിലാണ്‌. ഒരു സീസണില്‍ ഇരുപതു മേജര്‍ കളക്‌ഷന്‍ ടൂര്‍ണമെന്റുകളെങ്കിലും അരങ്ങേറാറുണ്ടെന്നാണു കണക്ക്‌. ഓപ്പണ്‍ ടൂര്‍ണമെന്റുകളുടെ എണ്ണം ഇതിന്റെ മൂന്നിരട്ടിയോളവും. മേലാറ്റൂരിലെ രംഗം സെവന്‍സ്‌ ടൂര്‍ണമെന്റിന്റെ 2000 ലെ ടിക്കറ്റ്‌ കളക്‌ഷന്‍ 37 ലക്ഷം രൂപയായിരുന്നു.ടൂര്‍ണമെന്റുകളിലൂടെ ലഭിക്കുന്ന കളക്‌ഷന്റെ വലിയൊരു പങ്കും ഫുട്‌ബോളിന്റെ പുരോഗതി്‌ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌ എന്നത്‌ സെവന്‍സ്‌ ഫുട്‌ബോളിന്‌ വെറും കായികവിനോദം എന്നതിനപ്പുറം ഒരുമാനം നല്‍കുന്നു. സെവന്‍സ്‌ ഫുട്‌ബോളില്‍ രണ്ടാം സ്‌ഥാനം കോഴിക്കോട്‌ ജില്ലയ്‌ക്കവകാശപ്പെട്ടതാണ്‌. പതിനഞ്ചോളം കളക്‌ഷന്‍ ടൂര്‍മെന്റുകളും ഇരുപത്തഞ്ചോളം ഓപ്പണ്‍ ടൂര്‍ണമെന്റുകളുമാണ്‌ കോഴിക്കോട്‌ നടക്കുന്നത്‌.
കേരള ഫുട്‌ബോളിനെ ഒരു കാലഘട്ടത്തില്‍ ധന്യമാക്കിയിരുന്ന കേരളാ പോലീസ്‌, ടൈറ്റാനിയം, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, കെല്‍ട്രോണ്‍ കണ്ണൂര്‍, പ്രീമിയര്‍ ടയേഴ്‌സ്‌, സെന്‍ട്രല്‍ എക്‌സൈസ്‌ കൊച്ചി, എസ്‌.ബി.ടി, എഫ്‌.സി കൊച്ചിന്‍ തുടങ്ങിയ ടീമുകളുടെ തകര്‍ച്ചയാണ്‌ സെവന്‍സ്‌ ഫുട്‌ബോളിനെ വളര്‍ത്തിയതെന്നു പറഞ്ഞാല്‍ തെറ്റില്ല.ഇന്ത്യയില്‍ നടന്നുവരുന്ന ഐ ലീഗ്‌ മത്സരങ്ങളൊന്നും കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചയാവുന്നില്ല. നല്ല രീതിയില്‍ നടന്നിരുന്ന നിരവധി ടൂര്‍ണമെന്റുകളാണു കേരളഫുട്‌ബോള്‍ അസോസിയേഷന്റെ(കെഎഫ്‌എ) പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണം നിന്നു പോയത്‌. പതിനഞ്ചു വര്‍ഷം മുമ്പുവരെ ഏതാണ്ട്‌ മുപ്പതു ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ നിലനില്‍ക്കുന്നത്‌ വിരലിലെണ്ണാവുന്നവ മാത്രമാണ്‌. ഫുട്‌ബോളിന്റെ ഉന്നമനത്തിനായി രൂപവത്‌കരിക്കപ്പെട്ട ഫെഡറേഷനില്‍ നടക്കുന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും കഥകള്‍ പുറം ലോകം അറിയാതിരിക്കുന്നതിനാണ്‌ സെവന്‍സ്‌ ഫുട്‌ബോളിനെതിരെ അസോസിയേഷന്‍ വാളോങ്ങുന്നതെന്നു സെവന്‍സ്‌ താരങ്ങള്‍ പറയുന്നു.
സംസ്ഥാന ടീമിലും ദേശീയ ടീമിലും മത്സരിക്കുന്ന കളിക്കാര്‍ക്ക്‌ സെവന്‍സ്‌ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അനുവാദമില്ല. ഇനി ഏതെങ്കിലും താരം ഇതു ലംഘിച്ച്‌ സെവന്‍സില്‍ കളിച്ചു എന്നിരിക്കട്ടെ പിടിക്കപ്പെട്ടാല്‍, ടീമില്‍ നിന്നു പുറത്താക്കുന്നതുള്‍പ്പെടെയുളള ശിക്ഷാനടപടികളാണ്‌ ഈ താരങ്ങളെ കാത്തിരിക്കുന്നത്‌. എന്നിട്ടും സംസ്ഥാന ടീമിലും ദേശീയ ടീമിലും കളിക്കുന്ന നിരവധി താരങ്ങള്‍ ഫെഡറേഷന്റെ കണ്ണുവെട്ടിച്ച്‌ സെവന്‍സില്‍ കളിക്കാറുണ്ട്‌.
സെവന്‍സിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍പോലും സെവന്‍സ്‌ ഉയര്‍ത്തുന്ന ആവേശത്തിനും പണം മുടക്കി കളികാണാന്‍ തടിച്ചുകൂടുന്നവരുടെ എണ്ണത്തിനും മുന്നില്‍ അത്ഭുതപ്പെടും എന്നതു തീര്‍ച്ച. ഒരു മല്‍സരത്തിന്‌ 250 രൂപമുതല്‍ പതിനായിരം രൂപവരെ പ്രതിഫലം പറ്റുന്ന താരങ്ങള്‍ സെവന്‍സില്‍ നിറയുന്നു. മലബാറിലെ സെവന്‍സ്‌ മൈതാനങ്ങളില്‍ നിന്ന്‌ ലക്ഷങ്ങള്‍ വരെ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുണ്ട്‌.
സെവന്‍സ്‌ ഫുട്‌ബോളിന്റെ മറ്റൊരാവേശം വിദേശതാരങ്ങളുടെ സാന്നിധ്യമാണ്‌. സെവന്‍സ്‌ ഫുട്‌ബോളില്‍ വിദേശതാരങ്ങളുടെ സാന്നിധ്യം ആരംഭിക്കുന്നത്‌ നൈജീരിയയുടെ മുന്‍ ജൂനിയര്‍ ലോകകപ്പ്‌ താരം ഫ്രെഡി ഒക്കേയ്‌ ഇമ്മാനുവേലിലാണ്‌. പിന്നീട്‌ സുഡാന്റെ അബൈദല്‍ കമാല്‍ ഹാഷീമും അബദേല്‍ ഘാനിയുമെത്തി. ഈ ശൃംഖല അല്‍ഷബാബ്‌ തൃപ്പനച്ചിക്കു വേണ്ടി കളിക്കുന്ന നൈജീരിയന്‍ താരങ്ങളായ ക്രിസ്റ്റി, ബോബൊ, ഇബെ എന്നിവരിലെത്തിനില്‍ക്കുന്നു.
ഒരു കാലഘട്ടത്തില്‍ ഫുട്‌ബോളിന്റെ മാസ്‌മരിക സൗന്ദര്യം കൊണ്ട്‌ സെവന്‍സ്‌ മൈതാനങ്ങളെ ആവേശത്തിന്റെ കൊടുമുടിയേറ്റിയ കൂത്തുപറമ്പ്‌ ഹണ്ടേഴ്‌സും കോഴിക്കോട്‌ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റും തൃശൂര്‍ ജിഘാനയും ആലുവ ലക്കിസ്റ്റാറും പുതിയ സെവന്‍സ്‌ ക്ലബുകളുടെ കടന്നുവരവിലും തങ്ങളുടെ താരസിംഹാസനത്തിന്‌ ഇളക്കം തട്ടാതെ സൂക്ഷിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.
ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വന്യതയില്‍ ലഹരികൊണ്ടിരുന്ന മലയാളികള്‍ക്ക്‌ , പ്രത്യേകിച്ച്‌ മലബാറുകാര്‍ക്ക്‌ ഈവിദേശ താരങ്ങളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ ഒരു മടിയും ഉണ്ടായില്ല. വിദേശ ഫുട്‌ബോള്‍ മല്‍സരങ്ങളോടും താരങ്ങളോടുമുളള മലബാറിന്റെ അഭിനിവേശം പണ്ടേ പ്രശസ്‌തമാണല്ലോ. `കോപ അമേരിക്ക` ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്നത്‌ ബ്രസീലിലോ അര്‍ജന്റീനയിലോ ആയിരിക്കാം .കളിയുടെ ചൂട്‌ അതേ അളവില്‍ ഇവിടെ മലപ്പുറത്ത്‌ അനുഭവപ്പെടാറുണ്ട്‌. `ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗും ഇറ്റാലിയന്‍ ലീഗുമെല്ലാം ഞങ്ങളുടെ ആഘോഷങ്ങളാണ്‌'' എന്ന അല്‍ഷബാബ്‌ തൃപ്പനച്ചിയുടെ ഉടമ സണ്ണിയുടെ വാക്കുകള്‍ മലപ്പുറത്തിന്റെ ഹൃദയവികാരത്തെ തൊട്ടറിഞ്ഞു കൊണ്ടുളളതാണ്‌.
ഫുട്‌ബോള്‍ മത്സരങ്ങള്‍ കൂടുതല്‍ ജനകീയമായതില്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷനായ ഫിഫ(ഫെഡറേഷന്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) യുടെ `ഹോം ആന്‍ഡ്‌ എവേ`സമ്പ്രദായത്തിനു വലിയ പങ്കുണ്ട്‌. ഇതിലൂടെ ക്ലബുകള്‍ക്കു തങ്ങളുടെ തട്ടകങ്ങളില്‍ ആരാധകരുടെ പിന്തുണയോടുകൂടി കളിക്കാമെന്നായി. അന്താരാഷ്‌ട്ര മത്സരങ്ങള്‍ തത്സമയം കാണുന്ന ഇവിടെയും അതിന്റെ ചലനങ്ങള്‍ ഉണ്ടാവുന്നുണ്ട്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ബാഴ്‌സിലോണയ്‌ക്കും റയല്‍ മാഡ്രിഡിനും ലിവര്‍പൂളിനും ഇവിടെയും ആരാധകര്‍ ഏറെയുണ്ട്‌. ഈ ക്ലബുകളുടെ വിജയപരാജയങ്ങള്‍ വാക്കുതര്‍ക്കത്തില്‍ വരെ എത്തുന്നത്‌ പതിവാണിവിടെ.
2000 മുതല്‍ കേരളത്തിലെ സെവന്‍സ്‌ ടൂര്‍ണമെന്റുകളും ടീമുകളും ഒരു മേല്‍ക്കൂരയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ടൂര്‍ണമെന്റുകളുടെ നടത്തിപ്പിനു വേണ്ടി ഓള്‍ കേരള സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ അസോസിയേഷനും ടീമുകളുടെ ഏകോപനം ലക്ഷ്യമിട്ട്‌ ഓള്‍ കേരള ടീം മാനേജേഴ്‌സ്‌ അസോസിയേഷനും നിലവിലുണ്ട്‌. അസോസിയേഷനുകളുടെ പ്രധാന ലക്ഷ്യം ഇന്നും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സെവന്‍സിന്‌ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യം ഇന്നും വിദൂര സ്വപ്‌നമാണ്‌.
സെവന്‍സിനെ സംബന്ധിച്ചിടത്തോളം ഇതു സുവര്‍ണകാലമാണെന്നു പറയാം. സാമ്പത്തിക മാന്ദ്യം ക്രിക്കറ്റു പോലെ കോടികളുടെ കണക്കുപറയുന്ന കായിക വിനോദങ്ങളെ പിന്നോട്ടു വലിക്കുമ്പോള്‍ സെവന്‍സിന്റെ ജനകീയതയും സെവന്‍സ്‌ പ്രതിഫലിപ്പിക്കുന്ന ആവേശവും തിരകള്‍ സൃഷ്‌ടിക്കുകയാണ്‌. അതേ, സെവന്‍സ്‌ ഫുട്‌ബോള്‍ മാറിക്കഴിഞ്ഞു. മാറ്റം ആരാധകരുടെ മനസിലും പെരുമ്പറമുഴക്കിത്തുടങ്ങി. ഇന്ത്യന്‍ ഫുട്‌ബോളിലും ഇത്തരത്തിലുള്ള മാറ്റം വേണമെന്നാണ്‌ ആരാധകര്‍ പറയുന്നത്‌. അല്ലാതെ കുറ്റിയറ്റു പോയ പഴയ പെരുമ പറഞ്ഞുനില്‍ക്കുകയല്ല ഇന്നാവശ്യം. കൂടുതല്‍ ക്ലബുകളും മത്സരങ്ങളും കളിക്കളവും ഉണ്ടാകണം. സാമ്പത്തിക നേട്ടങ്ങളും സ്വജന പക്ഷപാതവും മാറ്റിനിര്‍ത്തി ഫുട്‌ബോള്‍ എന്ന വികാരം ഗൗരവപൂര്‍വം ഉള്‍ക്കൊണ്ടാല്‍ ഇതു സാധ്യമാവും. ഇതിനുള്ള നീക്കങ്ങള്‍ ഫെഡറേഷന്റെയും ക്ലബുകളുടെയും ഭാഗത്തുനിന്നുണ്ടാകുമോയെന്നാണ്‌ ആരാധകരുടെ ചോദ്യം.ലീഡ്‌
ബ്രസീലിന്‌ ഇലവന്‍സ്‌ ഫുട്‌ബോള്‍ പോലെയാണു മലപ്പുറത്തിനും കോഴിക്കോടിനും സെവന്‍സ്‌ ഫുട്‌ബോള്‍.ടൂര്‍ണമെന്റ്‌ കാണാന്‍ മലപ്പുറംകാരന്‍ ഏതു നഷ്‌ടവും സഹിക്കും.ഗള്‍ഫില്‍ നിന്ന്‌ അടിയന്തിരമായി ലീവെടുത്തു നാട്ടില്‍വന്നു കളി കാണും,വീട്ടില്‍ പോയെന്നു വരില്ല.... ഇതാ മറ്റൊരു സെവന്‍സ്‌ സീസണ്‍.

Friday, March 6, 2009

ഒരു മലപ്പുറം വിപ്ലവം


sandeep salim
ബോക്‌സോഫീസില്‍ മെഗാഹിറ്റെന്ന്‌ നിര്‍മാതാക്കളും മാധ്യമ ങ്ങളും കൊട്ടിഘോഷിക്കുന്ന സിനിമ കാണുന്ന പ്രേഷകരുടെ ശരാശരി എണ്ണം എത്ര? അത്‌ നാല്‍പതു ലക്ഷത്തിനും അമ്പതു ലക്ഷത്തി നും ഇടയില്‍ വരുമെന്നാണ്‌ കണക്ക്‌. ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റെന്നുകൂ ടിയുണ്ട്‌. 2008-ല്‍ മലയാളത്തില്‍ 54 സിനിമകളാണ്‌ റിലീസായത്‌. അതില്‍ തന്നെ നാലു ചിത്രങ്ങളാണ്‌ സാമ്പത്തിക വിജയം നേടി യത്‌. പൊതുവെ മുഖ്യധാരാ സിനിമകളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവയാണ്‌ ഇവ.

എന്നാല്‍ ഗള്‍ഫിലും മലബാറിലുമായി മുപ്പതും നാല്‍പതും ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞ സിനിമകള്‍ക്ക്‌ എന്തു പേരാണ്‌ നാം നല്‍കുക? സലാം കൊടിയത്തൂര്‍ എന്ന മലപ്പുറം സ്വദേശി കഥയും തിരക്കഥയുമെഴുതി സംവിധാനം നിര്‍വഹിച്ച `പരേതന്‍ തിരിച്ചു വരുന്നു' എന്ന സിനിമയെക്കുറി ച്ചാണ്‌ പരാമര്‍ശം. മുതല്‍മുടക്ക്‌ അഞ്ചുലക്ഷത്തില്‍ താഴെ. മുഖ്യധാരാ സിനിമകളില്‍ കണ്ടു പരിചയിച്ച മുഖങ്ങള്‍ വിരളം. പ്രദര്‍ശന മാധ്യമം തീയേറ്ററുകള്‍ ക്കും ടെലിവിഷനും പകരം സീഡികള്‍. പ്രേഷകര്‍ മുസ്‌ലിം കുടുംബങ്ങള്‍. ഫിലിമുകളില്ല പൂര്‍ണമായും ഡിജിറ്റല്‍ സംവിധാ നത്തില്‍ പുറത്തിറങ്ങുന്നവയാണ്‌ ഈ സിനിമകള്‍. ഈ സിനിമയുടെ വിശേഷണങ്ങള്‍ ഇനിയും നീളും. പൊതുസമൂഹത്തില്‍ ഇത്തരം സിനിമകള്‍ക്ക്‌ ഒരു പേരോ വിലാ സമോ ഇല്ല. സലാം കൊടിയത്തൂര്‍ തന്റെ സിനിമയെ ഹോം സിനിമ എന്നു വിശേഷിപ്പിക്കാനി ഷ്‌ടപ്പെടുന്നത്‌. വീടുകളില്‍ കുടുംബാം ഗങ്ങള്‍ ഒരുമിച്ച്‌ കാണുന്ന ഇത്തരം സിനിമകളെ ഹോം സിനിമക ളെന്നുതന്നെ വിശേഷിപ്പിക്കാം.

മലബാറിന്‌ പുറത്ത്‌ ജീവിക്കു ന്നവരെ സംബന്ധിച്ചിടത്തോളം അപരിചിതമായൊരു ലോകമാണ്‌ ഹോം സിനിമകള്‍. മുഖ്യധാരാ സിനിമയുടെ കെട്ടിലും മട്ടിലുമാണ്‌ ഹോംസിനിമകളും അണിയിച്ചൊ രുക്കപ്പെടുന്നത്‌. ഒറ്റ വ്യത്യാസം മാത്രം. സ്റ്റുഡിയോയില്‍ നിന്ന്‌ തീയേറ്ററുകളിലേക്ക്‌ എന്നതിനു പകരം നേരിട്ട്‌ വീടുകളിലേക്കെ ത്തുന്നു. ഈ സിനിമയുടെ വിജയം നിശ്ചയിക്കുന്നത്‌ കളക്‌ഷന്‍ റിക്കാര്‍ഡുകള്‍ എന്നപേരില്‍ പുറത്തിറക്കുന്ന പരസ്യക്കണക്കു കളല്ല. സിനിമ കണ്ടാസ്വദിച്ച കുടും ബങ്ങളാണ്‌ വിജയം നിശ്ചയി ക്കുന്നത്‌.

മുഖ്യധാര സിനിമകളില്‍ അവസരം ലഭിക്കാതെ പോയവരും ശ്രമിച്ചു പരാജയപ്പെട്ട വരുമാണ്‌ ഹോം സിനിമകളുടെ പിന്നണി പ്രവര്‍ത്തകരില്‍ അധികവും. കലോത്സവ വേദികളില്‍ കഴിവ്‌ തെളിയിച്ച വരും ഇക്കൂട്ട ത്തിലുണ്ട്‌. നിലമ്പൂര്‍ ആയിഷയെപ്പെലെ, ഹരിശ്രീ യൂസഫിനെ പ്പോലെ അനുഭവസമ്പത്തുള്ള അഭിനേതാക്കളും ഹോംസിനിമകളില്‍ സജീവമാണ്‌. മുടക്കു മുതല്‍ അഞ്ചു ലക്ഷത്തില്‍ താഴെമാത്രം. രണ്ടാഴ്‌ചയ്‌ക്കുളളില്‍ പൂര്‍ത്തിയാകുന്ന ഷെഡ്യൂള്‍. സെന്‍സറിംഗ്‌ ഹോം സിനിമകള്‍ ക്കും ബാധകം. മുഖ്യധാരാ സിനിമ കള്‍ക്കു തുല്യമായ സെന്‍സറിംഗ്‌ ഫീസ്‌. സാധാരണ സിനിമക്കുപ യോഗപ്പെ ടുത്തുന്ന അരിഫ്‌ളക്‌സ്‌ പോലുള്ള കാമറകള്‍ക്കു പകരം സോണി ഡിഎസ്‌ആര്‍ 400 സീരീസില്‍ പെട്ട കാമറകള്‍. പോസ്റ്റ്‌ പ്രൊഡക്‌ഷന്‍ ജോലികള്‍ക്കായി ഭരണി, പ്രസാദ്‌, വാഹിനി തുടങ്ങിയ വമ്പന്‍ കളര്‍ ലാബുകള്‍ക്കും സ്റ്റുഡിയോകള്‍ക്കും പകരം മലപ്പുറത്തും സമീപപ്രദേശ ങ്ങളായ മഞ്ചേരി, വളാഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ ഈയടുത്ത കാലത്ത്‌ നിര്‍മിക്കപ്പെട്ട എഡിറ്റിംഗ്‌ സ്റ്റുഡിയോകളെ ഉപയോഗപ്പെ ടുത്തുന്നു. എഡിറ്റിംഗ്‌ പൂര്‍ത്തിയാക്കി സീഡി രൂപത്തില്‍ പുറത്തി റങ്ങുന്നതോടെ സിനിമ യുടെ നിര്‍മാണപ്ര വര്‍ത്ത നങ്ങള്‍ അവസാനി ക്കുന്നു. പിന്നീടുളളത്‌ പോസ്റ്ററുകള്‍ അച്ചടിച്ചുളള പ്രചാരണമാണ്‌. മറ്റു മാര്‍ക്കറ്റിംഗ്‌ രീതി കള്‍ വളരെ അപൂര്‍ വമാ യി മാത്രമേ ഹോം സിനിമകള്‍ക്ക്‌ വേണ്ടി വരാറുളളൂ. മൗത്ത്‌ പബ്ലിസിറ്റിയാണ്‌ ഒരു ഹോം സിനിമയുടെ വിജയ ഘടകങ്ങളില്‍ പ്രധാനം. പരമാ വധി 75 രൂപ വിലയുള്ള ഈ സിനിമാ സീഡികള്‍ ശരാശരി 15,000 മുതല്‍ 16,000 വരെ ചെലവാകുന്ന തായാണ്‌ കണക്ക്‌.

തൊണ്ണൂറുകളുടെ അവസാ നത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ്‌ മലപ്പുറത്ത്‌ ഹോം സിനിമകള്‍ എന്ന ആശയം മൊട്ടിടുന്നത്‌. സലാം കൊടിയത്തൂരിന്റെ നിങ്ങളെന്നെ ഭ്രാന്തനാക്കി എന്ന സിനിമയാണ്‌ ഈ രംഗത്തെ ആദ്യപ രീക്ഷണങ്ങളി ലൊന്ന്‌. പിന്നീട്‌ അദ്ദേഹ ത്തിന്റേതായി ഒമ്പതോളം സിനിമകള്‍ പുറത്തു വന്നു. ഒരു ടീസ്‌പൂണ്‍ വീതം മൂന്നു നേരം എന്ന ചിത്ര ത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്‌ സലാമി പ്പോള്‍. രമേഷ്‌ പാലേമാട്‌ (അയാള്‍ പരിധിക്ക്‌ പുറത്താണ്‌), വി.പി ഷംസുദ്ദീന്‍ (ജീവിതത്തിലേക്ക്‌ ഒരു മടക്കയാത്ര), ഷുക്കൂര്‍ വണ്ടൂര്‍ (സ്‌നേഹം കൊണ്ടൊരു മഹര്‍), മൊബൈല്‍ ഫോണില്‍ ഷോര്‍ട്ട്‌ ഫിലിം റിലീസ്‌ ചെയ്‌തു കൊണ്ട്‌ ചലച്ചിത്ര രംഗത്ത്‌ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നിഷാദ്‌ (മിസ്‌ഡ്‌ കോള്‍) തുടങ്ങി നിരവധിപ്പേര്‍ ഈ രംഗത്ത്‌ സജീവമാണ്‌. `ഒരു പ്രവാസിയും അവനു വേണ്ടി ജീവിക്കുന്നില്ല' എന്ന ആശയമാണ്‌ ഹോം സിനിമകളുടെ കഥകളുടെ അടിസ്ഥാനമെന്ന്‌ ഒരു പ്രമുഖനായ ഹോം സിനിമാ നിര്‍മാതാവ്‌ പ്രതികരിച്ചത്‌. ഒരിക്കലും പ്രത്യയ ശാസ്‌ത്ര നിബദ്ധമോ രാഷട്രീയ അടിയൊഴുക്കുകള്‍ തൊങ്ങല്‍ തൂക്കിയതോ ആയ ആര്‍ട്ട്‌ സിനിമകള്‍ ഹോം സിനിമകളില്‍ നിന്നു പ്രേഷകര്‍ പ്രതീ ക്ഷിക്കുന്നില്ല. പാര്‍ട്ടി ഓഫീസുകളിലും കല്യാണപ്പന്തലു കളിലും ഹോം സിനിമകള്‍ സജീവസാനി ധ്യമാണ്‌.

ഒരര്‍ഥത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഭാഷയാണ്‌ ഹോം സിനിമക ള്‍ സംസാരിക്കുന്നത്‌. ഒരു മുസ്‌ലി മിന്റെ ജീവിതത്തോടും അവന്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയോടും പുറംതിരിഞ്ഞു നില്‍ക്കുന്ന മുഖ്യധാ രാ മാധ്യമങ്ങളുടെ നിലപാടുകളോടുളള ശക്തമായ പ്രതികര ണം കൂടിയാണ്‌ ഓരോ ഹോം സിനിമയും. പ്രവാസിയുടെ ഗൃഹാതുരതയേയും പ്രയപ്പെട്ടവന്റെ പ്രവാസ ജീവിതം സമ്മാനിച്ച ഏകാന്തതയും മറ്റും ഇതിന്റെ വിഷയമായി മാറുന്നു.

ഏതാണ്ട്‌ എല്ലാ ഹോം സിനിമകളും മലപ്പുറത്തുനിന്നുമാണ്‌ പുറത്തി റങ്ങിയിരിക്കുന്നത്‌. അതുകൊണ്ടു തന്നെ മുസ്‌ലിംകളുടെ ജീവിതത്തെ പരമാവധി യാഥാര്‍ഥ്യബോധത്തോ ടെ അവ തരിപ്പിക്കാന്‍ ഹോം സിനി മകള്‍ ശ്രമിക്കുന്നൂ.

മുഖ്യധാരാ സിനിമയിലും സീരിയല്‍ രംഗത്തും നിലനില്‍ക്കുന്ന എല്ലാചതിക്കുഴികളും ഹോം സിനിമയിലുമുണ്ട്‌. എന്നാല്‍ ഇവയു ടെ സ്വാധീനവലയത്തില്‍പ്പെട്ടുപോ കാതെ ഉണര്‍ന്നിരിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഒരു ഡിജിറ്റല്‍ വിപ്ലവത്തിന്‌ വേദിയൊരുക്കാന്‍ മലപ്പുറത്തിനും ഹോം സിനിമകള്‍ക്കും കഴിയും.

Tuesday, February 17, 2009

റെസ്യൂമെ




നിങ്ങളാര്‌ ?
ചോദ്യം
ചോദ്യചിഹ്നമായി

ഒടുവില്
‍ഞാനുത്തരം പറഞ്ഞു
'മനുഷ്യന്‍'

അതൃപ്‌തി പറ്റിപ്പിടിച്ച
മുഖഭാവത്തോടെ
ചോദ്യം ആവര്‍ത്തിക്കപ്പെട്ടു
എന്റെ ഉത്തരവും

അതൃപ്‌തി അരിശമായി
ചോദ്യം
വാമൊഴിയില്‍ നിന്നും
കടലാസുരൂപത്തിലായി

ഭാഷ, ജാതി, മതം,വര്‍ഗം, നിറം, ലിംഗം
കോളങ്ങള്‍ മുന്നില്‍ നിറഞ്ഞു
നാവിലെ വെളളം വറ്റി
തൊണ്ടയടഞ്ഞു
കണ്ണുകള്‍ നിറഞ്ഞു
വിരലുകള്‍ വിറച്ചു
ദേഹം വിയര്‍ത്തു

പിന്നെയും
കോളങ്ങള്‍ പെരുമഴയായ്‌
ജോലി, ശമ്പളം, പരിചയം
സ്വത്ത്‌, പദവി, പ്രതാപം, അവാര്‍ഡ്‌
ശരീരം തളര്‍ന്നു തുടങ്ങി

ഞാന്‍ മറുപുറം തിരിച്ചു
വെട്ടിച്ച നികുതിക്കണക്ക്‌
പ്രാപിച്ച പെണ്ണുങ്ങളുടെ എണ്ണം
മാഫിയാ ബന്ധങ്ങള്‍
കോളങ്ങള്‍ മഴവെളളപ്പാച്ചിലായി

കണ്ണില്‍
ഇരുട്ട്‌ കയറിത്തുടങ്ങി
കാഴ്‌ച പോകും മുമ്പ്‌
ഞാനുത്തരമെഴുതി
"nill"
അങ്ങനെ
ഞാനെന്റെ
റെസ്യൂമെ പൂര്‍ത്തിയാക്കി

Friday, February 6, 2009

വായനയുടെ ദോഷങ്ങള്‍ (പത്രപ്രവര്‍ത്തകരുടേയും)

തലക്കെട്ട്‌ ഒരു പക്ഷേ, നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ മനസിനെ ഉലച്ച ചിന്തയണിത്‌. ഒരു നല്ല വായനക്കാരന്‌ (ഞാന്‍ അങ്ങനെയാണെന്ന്‌ അവകാശപ്പെടുന്നില്ല), ഒരു തത്വശാസ്‌ത്രത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാനാവില്ല. വൈരുദ്ധ്യങ്ങള്‍ പേറാന്‍ വിധിക്കപ്പെടുന്നവരാണ്‌.

ഹൈന്ദവ പുരാണങ്ങളെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ഞാനൊരു തീവ്രഹിന്ദുത്വ വാദിയാണെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നാം. ബൈബിളിനെ കുറിച്ച്‌ സംസാരിച്ചാലോ എഴുതിയാലോ ഞാനൊരു കടുത്ത ക്രൈസ്‌തവ വിശ്വാസിയാണെന്ന്‌ നിങ്ങള്‍ തെറ്റിധരിച്ചേക്കാം. പ്രവാചകനെ കുറിച്ച്‌ പറയുമ്പോള്‍ മുഹമദ്‌ നബിയോടാണ്‌ എനിക്കാഭിമുഖ്യം എന്നു നിങ്ങള്‍ പറയും. സാമ്പത്തിക ശാസ്‌ത്രത്തെ കുറിച്ച്‌ പറയുമ്പോള്‍ സോഷ്യലിസം കടന്നു വരുന്നു, അപ്പോള്‍ ഞാനൊരു സോഷ്യലിസ്‌റ്റാണെന്നു നിങ്ങള്‍ ചിന്തിക്കുന്നു.

ഇതിലൊന്നും എനിക്കു പരാതിയില്ല, പലപ്പോഴും ഒരു പ്രത്യേക വിഷയത്തില്‍ ഞാന്‍ മുന്നോട്ടു വയ്‌ക്കുന്ന ആശയത്തില്‍, മുന്‍വിധികളോടെ അഭിപ്രായം പറയുകയും എന്നെ ഏതെങ്കിലും ഒരു പക്ഷത്തിന്റെ(കേരളത്തില്‍ ഇപ്പോള്‍ നിരവധി പക്ഷങ്ങളുണ്ടല്ലോ?) വക്താവാണെന്ന്‌ വരുത്തി തീര്‍ക്കാനുളള ശ്രമങ്ങള്‍ മൂന്നും അഞ്ചും വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുളളവര്‍ പോലും ശ്രമിച്ചു കാണുമ്പോള്‍ വ്യക്തിപരമായി വിഷമം തോന്നിയിട്ടുണ്ട്‌. എന്നെ പലരും പലപ്പോഴായി നിരീശ്വരവാദിയായും നക്‌സലൈറ്റായും കമ്യൂണിസ്‌റ്റായും കമ്യൂണിസ്‌റ്റ്‌ വിരോധിയായും ദളിത്‌ പക്ഷപാതിയായും ഇസ്‌‌ലാം അനുകൂലിയായും ഒക്കെ ബ്രാന്‍ഡ്‌ ചെയ്യാന്‍ മനപൂര്‍വം ശ്രമിച്ചിട്ടുണ്ട്‌.

പക്ഷേ, അവര്‍ എന്നെ എങ്ങനെയൊക്കെ വിലയിരുത്തിയാലും നമ്മുടെ വ്യക്തിത്വത്തിന്‌ വായന നല്‍കുന്ന മാറ്റ്‌, തിളക്കം അത്‌ വളരെ വലുതാണ്‌. ചെറിയ മനസുകളുടെ ചെറിയ ചിന്തകളില്‍ നമ്മള്‍ പഴഞ്ചനും ചിതലരിച്ച ആശയങ്ങളുടെ വക്താക്കളും ആയിരിക്കാം. അവര്‍ക്ക്‌ മറുപടിനല്‍കാന്‍ എനിക്ക്‌ അറിവില്ല. അതുകൊണ്ട്‌ ഞാനതിന്‌ മുതിരുന്നില്ല.......

Thursday, February 5, 2009

ഇവര്‍ സുരക്ഷിതരല്ല.....


പാലക്കാട്‌ റെജി കുമാറിനെ മലയാളി സമൂഹം മറന്നിട്ടുണ്ടാവില്ല. നാലുമക്കളെയും ഭാര്യയെയും നിഷ്‌ഠുരം കൊന്നു കുഴിച്ചു മൂടിയ ആള്‍. കൊല്ലപ്പെട്ടവരില്‍ മൂത്തമകള്‍ അമലു ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നു എന്നത്‌ മലയാളിയുടെ മന:സാക്ഷിയെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇത്‌ മാധ്യമങ്ങളിലൂടെ പുറത്തു വന്നതു കൊണ്ടു നമ്മുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ പൊതു സമൂഹത്തിന്റെ കണ്ണില്‍ പെടാതെ പോകുന്ന ബാലപീഡനങ്ങളുടെ എണ്ണം എത്രവരും?.എന്തായാലും റെജികുമാര്‍ സംഭവം നമ്മുടെ സമൂഹത്തെ കൂടുതല്‍ ബോധവാന്‍മാരാക്കിയിട്ടുണ്ട്‌.

നമ്മുടെ കുട്ടികള്‍ക്ക്‌, പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌, കൂടുതല്‍ സുരക്ഷിതത്വം ആവശ്യമാണെന്ന്‌ മാതാപിതാക്കള്‍ മറ്റെന്നത്തെയുംകാള്‍ കൂടുതലായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുറച്ചു കാലം മുന്‍പു വരെ ഇത്തരം കാര്യങ്ങള്‍ പൊതുവേദികളിലും എന്തിന്‌ കുടുംബങ്ങളില്‍ പോലും ചര്‍ച്ചചെയ്യാന്‍ മലയാളിയുടെ `പകല്‍മാന്യത' അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്‌ ഇത്തരം കാര്യങ്ങള്‍ തുറന്നു സംസാരിക്കേണ്ട സാമൂഹിക പ്രശ്‌നങ്ങളാണെന്ന്‌ നമ്മുടെ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.


അതിക്രമങ്ങളില്‍ നിന്നു നമ്മുടെ കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നതിന്‌ പൊതുസമൂഹം ബോധവത്‌കരിക്കപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. മാതാപിതാക്കളും അധ്യാപകരുമുള്‍പ്പെടെ സമൂഹം മൊത്തമായി ബോധവല്‍കരിക്കപ്പെടണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും പൊതുസമൂഹം അറിഞ്ഞിരിക്കണം. പെരുമാറ്റ വൈകല്യങ്ങളേക്കാള്‍ കൂടുതല്‍ അറിവില്ലായ്‌മയാണ്‌ ആളുകളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കുന്നത്‌ എന്ന കാര്യം പലപ്പോഴും നാം സൗകര്യപൂര്‍വം മറന്നുകളയുന്നു. ബാലപീഡനങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ അറിവില്ലായ്‌മയാണ്‌ പലപ്പോഴും പീഡനങ്ങള്‍ക്ക്‌ അനുകൂല സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നു കാണാം.അച്ചടി- ദൃശ്യമാധ്യമങ്ങളിലൂടെയും ബോധവല്‍ക്കരണ ക്ലാസുകളിലൂടെയും ബാലപീഡനത്തെക്കുറിച്ച്‌ ഒരു പരിധിവരെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കഴിയും.

മാനസിക ആരോഗ്യമുളള ഒരു യുവതലമുറ വികസിക്കുന്നതിലൂടെ മാത്രമേ ബാലപീഡനം പോലുളള സാമൂഹിക വിപത്തില്‍ നിന്നു നമുക്ക്‌ മുക്തി നേടാനാവുകയുളളു. അതിന്‌ തുടക്കം കുറിക്കേണ്ടത്‌ കുട്ടികളില്‍ നിന്നാണ്‌. തുടങ്ങേണ്ടത്‌ മാതാപിതാക്കളും. അനുസരണാശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട വലിയൊരു ഗുണമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആര്‌എന്തുപറഞ്ഞാലും അനുസരിക്കുന്ന കുട്ടികളായാലോ? സംഗതി പ്രശ്‌നമാവില്ലേ? അതുകൊണ്ട്‌ 'അനുസരിക്കുമ്പോഴും പുറത്ത്‌ അടിവാങ്ങുന്ന ഉഴവുകാരന്റെ കാളയാകാതെ ചോദ്യം ചെയ്‌തുകൊണ്ട്‌ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന ധിക്കാരി'കളെയാണ്‌ രൂപപ്പെടുത്തേണ്ടത്‌ . 'നോ'എന്നു പറയേണ്ടിടത്ത്‌ പറയാനും അംഗീകരിക്കേണ്ട കാര്യങ്ങള്‍ സ്വീകരിക്കാനുമുളള കഴിവ്‌ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ നാം ശ്രദ്ധിക്കണം.

പീഡനത്തിനിരയായ കുട്ടികള്‍ പലപ്പോഴും അത്തരം കാര്യങ്ങള്‍ മറ്റുളളവരോട്‌ തുറന്നു പറയാന്‍ മടിക്കും. അവിടെയാണ്‌ കുടുംബബന്ധങ്ങളുടെ വില നാം മനസിലാക്കേണ്ടത്‌. സുദൃഢമായ കുടുംബ ബന്ധങ്ങള്‍ കണ്ടുവളരുന്ന കുട്ടികള്‍ തീര്‍ച്ചയായും ഇക്കാര്യം മാതാപിതാക്കളോട്‌ തുറന്നു പറയും. മാതാപിതാക്കളുടെ സ്‌നേഹ പരിചരണങ്ങളും വേണ്ടിവരികയാണെങ്കില്‍ വിദഗ്‌ധ ചികിത്സയും ലഭിക്കുന്ന പക്ഷം പീഡനം ഏല്‍പ്പിച്ച മാനസികവും ശാരീരികവുമായ തകര്‍ച്ചയില്‍ നിന്നും അവര്‍ പതുക്കെ മോചിപ്പിക്കപ്പെടും. എന്നാല്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ക്കൊപ്പമോ സ്വരച്ചേര്‍ച്ചയില്ലാത്ത കുടുംബാംഗങ്ങള്‍ക്കിടയിലോ വളരുന്ന കുട്ടിയാണെങ്കില്‍ അവര്‍ ഒരിക്കലും തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞെന്നു വരില്ല. ഫലമോ,ജീവിത കാലം മുഴുവന്‍ ബാല്യത്തിലെ പേടിപ്പെടുത്തിയ ഓര്‍മകള്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. അത്‌ ചില വ്യക്തിത്വ വൈകല്യങ്ങളിലേക്കും പെരുമാറ്റ ദൂഷ്യങ്ങളിലേക്കും കൊണ്ടെത്തിച്ചെന്നുവരാം. പല കേസുകളിലും പീഡനത്തിനിരയായ വ്യക്തിയുടെ ലൈംഗിക ജീവിതം പരാജയമാണ്‌.

യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുമ്പോഴും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും അവയൊന്നും ഒരിക്കലും കുട്ടികളുടെ ബാല്യത്തിന്റെ നിറം കെടുത്തരുത്‌. ഇലയുടെ നിറം പച്ചയെന്നും ആകാശം നീലയെന്നും നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നവയെന്നും അവര്‍ പഠിക്കട്ടെ. ലോകത്തിലെ ഒരു ചിത്രകാരനും വരയ്‌ക്കാന്‍ കഴിയാത്ത ചായക്കൂട്ടുകള്‍ അന്തിവെയിലില്‍ ആകാശത്ത്‌ വിടരുന്നത്‌ കാണട്ടെ.മിന്നാമിനുങ്ങുകളെ ഉദിക്കുന്ന നക്ഷത്രങ്ങളായും ചിത്രശലഭങ്ങളെ പറക്കുന്ന പൂക്കളായും സങ്കല്‌പിക്കട്ടെ.അവരുടെ ജീവിതത്തില്‍ കുയിലിന്റെ പാട്ടിനും മൈനയുടെ കോലാഹലങ്ങള്‍ക്കും ഇടം കിട്ടട്ടെ.......

Monday, February 2, 2009

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട്‌ വീണ്ടും നിരോധിച്ചു


ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കാളപ്പോര്‌ മഹോത്സവമായ ജെല്ലിക്കെട്ട്‌ സുപ്രീം കോടതി താത്‌കാലികമായി വീണ്ടും നിരോധിച്ചു.

അടുത്ത മാസം 13 വരെയാണ്‌ നിരോധനം. മൃഗക്ഷേമ വകുപ്പ്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.

ജനുവരി മാസത്തില്‍ മാത്രം ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 21 ആളുകള്‍ മരിക്കുകയും 1,600 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തതായി മൃഗക്ഷേമ വകുപ്പ്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്‌ പരിഗണിച്ചാണ്‌ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയത്‌.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 13-ന്‌ കേസില്‍ വാദം കേള്‍ക്കുന്നതിനും ചീഫ്‌ ജസ്റ്റീസ്‌ കെ.ജി ബാലകൃഷ്‌ണന്‍, പി. സദാശിവം എന്നിവരടങ്ങിയ ബഞ്ച്‌ തീരുമാനിച്ചു.ജെല്ലിക്കെട്ട്‌ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ വര്‍ഷം ചില സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ച്‌ ഉപാധികളോടെ നിരോധനം നീക്കുകയായിരുന്നു.

FACEBOOK COMMENT BOX