Sunday, December 8, 2019

തോറ്റുപോയവന്റെ ലോകം


തോറ്റുപോയവന്റെ വിലാസം
മഴചാറ്റലില്‍ നനഞ്ഞ്
മാഞ്ഞുപോകുന്നു

അവന്റെ ഇ-മെയില്‍ ഐഡി
ഹാക്ക് ചെയ്യപ്പെടുന്നു

തോറ്റവനെക്കുറിച്ച്
ആരും സംസാരിക്കുന്നില്ല

അവന്റെ ചിത്രം
ഗ്രേ സ്‌കെയിലാകുന്നു

തോറ്റവനു സ്മാരകങ്ങളില്ലെന്നു
നരകം കൈചൂണ്ടിപ്പറയുന്നു

സ്വയം ശപിക്കുന്ന നിമിഷത്തില്‍
ആള്‍ക്കൂട്ടത്തില്‍നിന്ന് അവനിറങ്ങിപ്പോകുന്നു

ജീവിതത്തിന്റെ വര്‍ണകാഴ്ചകളെല്ലാം
കണ്ണുനീരിന്റെ സാന്ദ്രതയില്‍
നിറംമങ്ങുന്നു

പരിശീലകന്റെ ചാട്ട
ശീല്ക്കാര ശബ്ദത്തോടെ
ഉയര്‍ന്നു താഴുന്നു
എന്നിട്ടും,
അവന്റെ രോഷം
മെരുങ്ങാതെ ചുരമാന്തുന്നു

എല്ലാരുമുറങ്ങിയപ്പോഴും
ഭ്രാന്തിന്റെ പുഴുക്കള്‍ നുരയ്ക്കുന്ന
ചിന്തകള്‍
അവന്റെ ഉറക്കം കെടുത്തിയിരുന്നു
ആത്മരോഷത്തിന്റെ തിളനിലയുയരുന്നു

പരാജയത്തിന്റെ നെരിപ്പോടില്‍
അവന്റെ ചിന്തകള്‍ വെന്തുരുകുന്നു
വേദനകള്‍ ചോദ്യങ്ങളാവുന്നു
പ്രതീക്ഷകള്‍ വിചാരണ ചെയ്യപ്പെടുന്നു
ഉത്തരമില്ലാതെ പ്രതീക്ഷകള്‍ കറുത്തുപോകുന്നു

തോറ്റവന്,
ജീവിതം തുറന്നുവച്ചത് യുദ്ധഭൂമി
അവസാന യുദ്ധത്തിനായി
കടംവാങ്ങിയ,
ഇരുതല മൂര്‍ച്ഛയുള്ള വാള്‍
ഉരച്ചു മിനുക്കുന്നു

ഒറ്റുകാരും വഞ്ചകരും
പാകിയ മുള്ളുകള്‍
കാലില്‍ തറച്ചപ്പോഴും
അവസാന പോരാട്ടത്തിലും
അവന്‍ ദുരിതങ്ങളെ ചവിട്ടിമെതിക്കുന്നു

വിജയത്തിന്റെ രഹസ്യം തേടി
പുതിയ യുദ്ധമുഖത്തേക്ക്
യാത്രയാവുന്നു.

Thursday, November 28, 2019

നിശബ്ദമായിരിക്കല്‍

വിഖ്യാത ചിലിയന്‍ കവി പബ്ലോ നെരൂദയുടെ കീപ്പിംഗ് ക്വയ്റ്റ് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം


നിശബ്ദമായിരിക്കല്‍
********************
ഇനി നമ്മള്‍
പന്ത്രണ്ടുവരെയെണ്ണും
ശേഷം നമ്മള്‍
നിശബ്ദരാവും
ഒരു തവണ ഈ ഭൂമുഖത്ത്
നമ്മള്‍ ഒരു ഭാഷയും സംസാരിക്കാതിരിക്കുക;
ഒരു മാത്ര നമ്മള്‍ നില്‍ക്കുക,
കരങ്ങള്‍ ചലിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യുക.

അത് വിചിത്രമായ നിമിഷമായിരിക്കും
തിരക്കു കൂട്ടാതെ,
എന്‍ജിനുകളില്ലാതെ;
നമ്മളെല്ലാവരും ഒരുമിക്കും
പെട്ടെന്ന്, ഒരു അപരിചിതത്വത്തില്‍

തണുത്ത ആഴിപ്പരപ്പിലെ മുക്കുവര്‍
തിമിംഗലങ്ങളെ ഉപദ്രവിക്കില്ല.
ഉപ്പുപാടങ്ങളില്‍ ഉപ്പുവാരുന്നവര്‍
മുറിവേറ്റ കരങ്ങളില്‍ നോക്കാറേയില്ല

ഹരിതയുദ്ധങ്ങള്‍ക്കൊരുങ്ങുന്നവര്‍,
ആരും അതിജീവിക്കാത്ത
യുദ്ധ വിജയം തേടുന്നവര്‍
വാതകയുദ്ധങ്ങള്‍ തീപാറും പോരാട്ടങ്ങള്‍
വെടിപ്പുള്ള ഉടയാടകളണിയുന്നവര്‍
സഹോദരങ്ങളോടൊപ്പം ശീതളഛായയില്‍
വെറുതെ നടക്കാനിറങ്ങും

നിശ്‌ചേഷ്ടതയല്ലെനിക്കു വേണ്ടത്
അങ്ങനെ തോന്നിയാലും
ജീവിതമാണിവിടെന്റെ വിഷയം

ഇങ്ങനെ ജീവിതം കര്‍മനിരതരാക്കുന്നതില്‍
നമ്മള്‍ ഒരേ മനസുള്ളവരല്ലെങ്കിലും
നമുക്ക്, ഒരിക്കലെങ്കിലും വെറുതെ ഇരിക്കാനാവും
എങ്കില്‍ നമ്മുടെ അല്ലലിനെ
ഒരു ബൃഹത്തായ നിശബ്ദത തടഞ്ഞേനെ

നമുക്ക് സ്വയം മനസിലാകാത്തതിന്റെ
നമുക്കു നേരേ തീക്ഷ്ണനോട്ടമെറിയുന്ന മൃത്യുവിന്റെ
ഈ അഗാധദുഃഖത്തെ.
ഭൂമി ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും
നമ്മെ പഠിപ്പിക്കുവാന്‍
ചേതനയറ്റതെന്നു തോന്നിപ്പിച്ച സര്‍വതിനും
ജീവനുണ്ടെന്നു തെളിയുമ്പോള്‍

ഇനി ഞാന്‍
പന്ത്രണ്ടുവരെയെണ്ണും
നിങ്ങള്‍ നിശബ്ദരായി ചലനമറ്റിരിക്കും
അപ്പോള്‍,
ഞാന്‍ പതിയെ കടന്നു പോവും.

Monday, October 14, 2019

അരുതായ്മകള്‍ക്കുനേരേ രൂക്ഷപ്രതിരോധമാകുന്ന കവിത

എന്റെ സ്ഥാനം തെറ്റിയകുടുക്കുകളുള്ള കുപ്പായം എന്ന കവിതാസമാഹാരത്തെ കുറിച്ച് ഗ്രന്ഥകാരനും കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനുമായ ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ എഴുതിയ നിരൂപണം. ജസ്റ്റീസ് സുകുമാരന്‍ ചീഫ് എഡിറ്ററായ നവനീതം സാംസ്‌കാരിക മാസികയില്‍ പ്രസിദ്ധീകരിച്ചത്.


പൂയപ്പിള്ളി തങ്കപ്പന്‍

കാലത്തോട് സംവദിക്കുന്ന കവിധര്‍മത്തിന്റെ മര്‍മമറിയുന്നവനാകണം കവി.  നമ്മള്‍ അവഗണിച്ചാലും നമ്മളെ അവഗണിക്കാത്ത കവിതയുടെ വേരുകള്‍ ഏത് ഊഷരമനസിലും ആഴത്തില്‍ ഊന്നിനില്‍പ്പുണ്ട്.  അത് അറിയാത്തവരും അറിയാന്‍ ശ്രമിക്കാത്തവരും നിഴല്‍പോലെ പിന്തുടരുന്ന കവിതയുടെ സാന്നിദ്ധ്യബോധത്തിനകലെയാകുമ്പോഴും കവിതയുടെ അനന്യത, അജ്ഞേയാനുഭവമായി അവരിലുണ്ടാകും.  ജീവിതവും കവിതയുമായി അവ്യാഖ്യേയമായുള്ള ഈ നാഭീനാളബന്ധം ഒരു ശാശ്വതസത്യമത്രേ. പുതിയ ലോകങ്ങള്‍ സൃഷ്ടിക്കാനുള്ള പുറപ്പാടില്‍ ഏതു കവിതയും അറിഞ്ഞിരിക്കേണ്ട പ്രാഥമികതത്ത്വവും ഇതാണ്.  രൂപ മാറ്റങ്ങളില്‍ അഭിരമിക്കുന്ന ആധുനിക കവികള്‍ക്കും, മൗലികമായതിനാല്‍ ഈ സത്യത്തെ മറക്കാനാവില്ല.
'സ്ഥാനംതെറ്റിയ കുടുക്കുകളുള്ള കുപ്പായം' എന്ന കാവ്യഗ്രന്ഥത്തിലൂടെ, സന്ദീപ് സലിം എന്ന കവിയും വിളംബരം ചെയ്യുന്നത് മേല്‍പ്പറഞ്ഞ സത്യംതന്നെ.  ഉറക്കമില്ലാത്ത ഒരുപാട് രാത്രികളെ സൃഷ്ടിക്കുന്ന സമകാലികസംഭവങ്ങളോട് പ്രതികരിക്കുക മാത്രമല്ല പ്രതിഷേധിക്കാനും വാക്കുകളെ ആയുധമാക്കുന്ന ഈ കവി ചൂണ്ടുന്ന പരുഷസത്യങ്ങള്‍ നീറ്റലുണ്ടാക്കുംവിധം മനസില്‍ തറയുന്ന അസ്ത്രങ്ങളാകുന്നു.

'അമ്പലവാതുക്കല്‍
ഇരുളില്‍
ദര്‍ശനപുണ്യത്തിനായി
കാത്തുനിന്നു;
എന്നിട്ടും
അമ്പലമില്ലാത്തവന്‍
പള്ളിയില്‍
അള്‍ത്താരയുടെ നിഴലില്‍
ഒതുങ്ങിനിന്നു
എന്നിട്ടും പള്ളിയില്ലാത്തവന്‍
..................
..................
ഗാന്ധി
ചര്‍ക്ക
മാര്‍ക്‌സ്
താമര
ദാസ് ക്യാപ്പിറ്റല്‍
വിഭാഗീയത
വിമോചനസമരം
കുറുവടി
അടിയന്തരാവസ്ഥ
വരട്ടുതത്ത്വവാദം;
രാഷ്ട്രീയം മനഃപാഠമാക്കി
എന്നിട്ടും രാഷ്ട്രീയമില്ലാത്ത
വന്‍.' (പ്രതിബിംബം)

ഇതുമാത്രമല്ല, സ്വയം പ്രതിരോധത്തിന്റെ കൊടിപിടിച്ചിട്ടും കൊടിയില്ലാത്തവനായും, എല്ലാ കര്‍മങ്ങളും അനുഷ്ടിച്ച് നെറ്റിയില്‍ ചന്ദനക്കുറി തൊട്ടിട്ടും കര്‍മമില്ലാത്തവനായും, ദൈവീകത കൈപ്പറ്റി കൂദാശകള്‍ സ്വീകരിച്ചിട്ടും കൂദാശകളില്ലാത്തവനായും, പ്രാര്‍ഥനയും യാഗവും ബലിയും നിസ്‌കാരവും ഉപവാസവും നടത്തിയിട്ടും മതമില്ലാത്തവനായും തീരുന്ന, മനസ് പണയംവയ്ക്കാത്ത യഥാര്‍ഥ മനുഷ്യന് വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന യഥാര്‍ഥ പീഡനത്തെക്കുറിച്ച് ഈ കവിത മുന്നറിയിപ്പ് നല്കുന്നു; അന്യഥാത്വ (Alienation)ത്തിനടിപ്പെടുന്ന സമകാലിക സുമനസുകളെ വെളിച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമൂലയുടെ മരണം ദേശീയതലത്തില്‍ ചലനം സൃഷ്ടിച്ച ഒരു സംഭവമായിരുന്നല്ലോ.  സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതിലേറെ ആണ്ടുകള്‍ കഴിഞ്ഞിട്ടും, കീഴാള വിഭാഗത്തെ അസ്പൃശരായി കാണുന്ന മേലാളധിക്കാരത്തിന്റെ പ്രത്യക്ഷദൃഷ്ടാന്തമായ ആ ആത്മാഹുതി കവിയിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രതിഫലനമാണ്, 'കറുത്തവന്‍' എന്ന കവിത.  വെളുപ്പുനിറമില്ലാത്തവന്‍, നീചകണ്ണുകളില്ലാത്തവന്‍, സുന്ദരനല്ലാത്തവന്‍, പൂര്‍ണമായും അനാര്യന്‍; അവനെ,

'പുതിയ തലമുറ
വിദ്വേഷം കൊണ്ട്
കറുത്ത
കണ്ണടവച്ച്
വീരപുരുഷനെന്ന്
വിളിച്ചുപരിഹസിച്ചു.'

സവര്‍ണരുടെ അധിക്ഷേപത്തിലമരാന്‍ വിധിക്കപ്പെട്ടവരാണല്ലോ, എന്നും അവര്‍ണര്‍.  ആ പരിഹാസമുളവാക്കുന്ന വേദനയുടെ ആഴം അമേയമാണ്.  അതില്‍നിന്നുള്ള മോചനമായി മരണത്തെ ആശ്ലേഷിക്കുമ്പോള്‍, ജീവിച്ചിരിക്കുന്നവരുടെ സിരകളെ ആളിക്കത്തിക്കുന്ന ഒരു കനല്‍ അതില്‍ ഒളിച്ചിരിക്കുന്നുണ്ടാവും.  'കറുത്തവന്‍' ഉള്ളടക്കം ചെയ്യുന്നത് അതാണ്.
ഈ കാവ്യസമാഹാരത്തില്‍, ഈ ലേഖകനെ ഏറെ അസ്വസ്ഥനാക്കിയ (എന്നുവച്ചാല്‍, കവിതയുടെ ഭാവലാവണ്യത്തെക്കുറിച്ചുള്ള സംവേദനം സമഗ്രമാകുമ്പോള്‍ സംഭവിക്കുന്ന ഹൃദ്യമായ ആസ്വാദ്യത) കവിതയാണ്, 'നാറാണത്തുഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ല്'.
കണ്‍മുന്നില്‍ ദൃശ്യാനുഭവങ്ങള്‍ ഏറെ നല്കുന്ന സമകാലിക സംഭവങ്ങള്‍ ഒരു ചിമിഴിലൊതുക്കിയതുപോലെ, കൈവിരലാല്‍ ഒന്നു കോറിപ്പോകുന്ന നിസാരഭാവത്തിലൂടെ, ബോംബുസ്‌ഫോടനത്തിന്റെയോ അഗ്നിപര്‍വത ഗര്‍ജനത്തിന്റെയോ കഠോരശബ്ദവും ശക്തിയും ആവാഹിച്ചിരിക്കുകയാണ് ഈ കവിത.  ഉരുളുന്ന കല്ലില്‍ പൂപ്പല്‍ പിടിക്കുകയില്ലെന്ന സത്യത്തെ പരിഹസിച്ചുകൊണ്ട് ആ കല്ലില്‍ ഇപ്പോള്‍ വിവിധയിനം പൂപ്പല്‍ പിടിച്ചിരിക്കുന്ന പ്രത്യക്ഷാനുഭവ ദൃശ്യത്തെ സാക്ഷാത്കരിക്കുകയാണ് കവി.  ആ കല്ലില്‍ ശാപത്തിനും മോക്ഷത്തിനുമിടയില്‍ കല്ലായിത്തീര്‍ന്ന അഹല്യയുടെ തലമുടിയുണ്ട്; ദ്രോണര്‍ ദക്ഷിണയായി വാങ്ങിയ ഏകലവ്യന്റെ നഖക്ഷതമുണ്ട്.

'ഇന്നലെബൈബിളും
രണ്ടുദിവസം മുമ്പ് ഖുറാനും
ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത
ദിവസത്തില്‍
ഗീതയും തിന്നു തീര്‍ത്ത
ചിതലിന്റെ ചിറകുകള്‍.
.....................
.................................
വൃത്തത്തിലും ചതുരത്തിലും
പിന്നെ,
ജോമട്രിയില്‍ നിര്‍വചനമി
ല്ലാത്തരൂപത്തിലും
ചിരിക്കുന്ന രാഷ്ട്രീയത്തിന്റെ
ഖദര്‍ നൂലുകള്‍.'

പ്രാമാണിക ഗ്രന്ഥങ്ങളിലെ ശാശ്വത സത്യബോധനങ്ങളെ അപ്രസക്തമാക്കുക മാത്രമല്ല, പരിഹസിച്ച് അവഗണിക്കുകകൂടി ചെയ്യുന്ന വര്‍ത്തമാനകാല രാഷ്ട്രീയാതി പ്രസരത്തിന്റെ നെഞ്ചിനു നേരെയോങ്ങുന്ന കത്തിമുനയാണ് മേലുദ്ധരിച്ച കവിത.

'ശരീരക്കൊതിയന്മാരുടെ
എണ്ണം
അമ്പതുകടന്നപ്പോള്‍
ആത്മഹത്യചെയ്ത പതിമൂന്നു
കാരിയുടെ
നിശബ്ദതേങ്ങല്‍' - കൂടി ആ പൂപ്പലിനെ കൂടുതല്‍ ഖരീഭവിപ്പിച്ചിരിക്കുന്നു.
നമ്മുടെ കണ്‍മുന്നിലെ 'വര്‍ത്തമാനത്തെ നിശിതമായി ആവിഷ്‌കരിക്കുന്ന ഈ കവിത, പൊള്ളലിന്റെ ചുടുനീറ്റലിലേക്കാണ് ആനയിക്കപ്പെടുക.
ലക്ഷ്യബോധമില്ലാത്ത യുവതയുടെ ജീവിതം ലക്കുകെട്ട അലച്ചിലുകളിലും ഒടുവില്‍ അവിശ്വസനീയമായ രൂപഭാവഭേദങ്ങളിലും തളയ്ക്കപ്പെട്ട് ഒടുങ്ങുന്ന അസാധാരണമല്ലാത്ത സമകാലിക ദുരന്തത്തെ ഓര്‍മപ്പെടുത്തുന്നു, സമാഹാരത്തിന്റെ നാമധേയം വഹിക്കുന്ന, 'സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം'' എന്ന കവിത.

'ജീനിയസിന്റെ കുപ്പായത്തില്‍
കാമ്പസിലും
വിശ്വാസിയുടെ കുപ്പായത്തില്‍
പള്ളിയിലും സജീവസാന്നിധ്യമായി...' അങ്ങനെ പല വേഷങ്ങളില്‍; 'പഴകി, കുടുക്കുകള്‍ പൊട്ടിയ കുപ്പായം കീറിയെറിഞ്ഞ് ഭൂതകാലത്തെ പടിയടച്ചു പിണ്ഡം വച്ച്, പിന്നെ കുപ്പായമില്ലാതെ അലഞ്ഞ രാവുകള്‍!' പുതിയ കുപ്പായത്തിനു തുണി വാങ്ങിയെങ്കിലും കുടുക്കുകള്‍ തുന്നിയപ്പോള്‍ സ്ഥാനംതെറ്റി.  അറിവും മനഃസാക്ഷിയും ഉപേക്ഷിച്ച് തീവ്രവാദിയുടെ വേഷംകെട്ടിയപ്പോള്‍ ശരിയായ അവന്റെ രൂപം ദൃശ്യവത്കരിക്കപ്പെട്ടു.
ഇന്നു നമുക്കുചുറ്റും അരുതായ്കകളുടെ അനഭിഗമ്യവീഥി തെരഞ്ഞെടുക്കുന്ന പുതുതലമുറയുടെ ഒരു പരിഛേദമാണ് സത്യബോധത്തോടും കൃത്യതയോടെയും സന്ദീപ് എന്ന കവി നമ്മുടെ മുന്നില്‍ കണിവയ്ക്കുന്നത്.
ഒരു കാലത്ത് സൗഭാഗ്യം പുണര്‍ന്നു നിന്നിരുന്ന മരം ചാവുമരമായപ്പോള്‍, കാലം, തന്നെയും അതിനു വിധേയനാക്കി എന്ന യാഥാര്‍ഥ്യം വിളംബരം ചെയ്യുന്ന, 'മരം', 'അജ്ഞാതവും അസാധാരണവുമായിരുന്ന ചിന്തകളുടെ ഉടമയുടെ മരണാനന്തര ജൈവീകസാന്നിധ്യമറിയിക്കുന്ന', 'മരിച്ചവന്റെ മുറി' മനുഷ്യത്വത്തെ, അതിലൂടെ മനുഷ്യനെ പങ്കുവയ്ക്കുന്നതിനെതിരേ കൊടുങ്കാറ്റൂതുന്ന 'റെസ്യൂമെ', ഭൂതകാലം ഓര്‍മയിലൂടെ പോലും മുഖം കാണിക്കാത്ത സന്ദര്‍ഭത്തിലും, നിഴലിനെപ്പോലെ, പിഴുതെറിയാനാവാത്ത നിറസാന്നിധ്യമായി അത് നമ്മോടൊപ്പമുണ്ടെന്നും, സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടാനുള്ള വര്‍ത്തമാനശ്രമങ്ങള്‍ക്കിടയിലും അതിന്റെ ദീപ്തമുഖം വെളിവാക്കുന്നുണ്ടെന്നുമോതുന്ന, 'വികൃതരൂപം' ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സുലഭസാമീപ്യം ഹൃദയത്തില്‍ നിറയ്ക്കുന്ന യാന്ത്രികതയെ വിളംബരം ചെയ്യുന്ന, 'പുതിയ അറിവ്-ഇക്കവിതകളെല്ലാം ഉഷ്ണചിന്തകളാല്‍ ഉറക്കംകെടുത്തുന്നവയേ്രത!'

'ഇന്നു കണ്ട കുട്ടികള്‍
ഇന്നലെ കണ്ടകുട്ടികളല്ല
അവര്‍
ആണെന്നും പെണ്ണെന്നും പരിഭാഷ
പ്പെട്ടിരിക്കുന്നു.
ശ്രദ്ധിച്ചുവായിച്ചിട്ടും
പരിഭാഷ മനസിലായില്ല...' (ലിംഗം ഛേദിച്ചുകളഞ്ഞരാത്രി)

ആണെന്നും പെണ്ണെന്നും, ലിംഗഭേദം പരിഭാഷപ്പെടുമ്പോള്‍ കണ്ഠം ഛേദിക്കപ്പെടുന്നത് ബന്ധങ്ങളുടേതാണ്. എല്ലാ ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ വെറും പെണ്ണുങ്ങള്‍ മാത്രമാകുമ്പോള്‍ പ്രത്യക്ഷീഭവിക്കുന്ന പീഡനത്തിന്റെ കാഠിന്യമളക്കാന്‍ പ്രയാസമാകും.  കണ്ണും മനസുമറ്റ പിണ്ഡസ്വരൂപികളായി, പുല്ലിംഗമുണരുമ്പോള്‍, വകഭേദമില്ലാതെ ആക്രമിക്കപ്പെടുന്ന സ്ത്രീലിംഗത്തിന്റെ നിസഹായദൈന്യം, ചങ്കെരിയും വിധം കോറിയിട്ടിരിക്കുന്ന, 'ലിംഗം ഛേദിച്ചുകളഞ്ഞരാത്രി' എന്ന കവിതയുടെ പാരുഷ്യം, മലയാളകവിതയില്‍ മിക്കവാറും അനന്യമാണ്.  ഡെല്‍ഹിയില്‍ പീഡനത്തിനിരയായി കശക്കിയെറിയപ്പെട്ട പെണ്‍കുട്ടി മരിച്ച സംഭവത്തെ അനുസ്മരിച്ചെഴുതിയ ഈ കവിതയില്‍ ഇരയോടുളള സഹജമായ സഹാനുഭൂതിയും വേട്ടക്കാരുടെ നേര്‍ക്കുള്ള അണയാത്ത പകയും അന്തര്‍രഹിതമായിരിക്കുന്നു.
സദാചാരപാലനം അപരനില്‍ കര്‍ശനമായിരിക്കണമെന്ന കപടശാഠ്യബോധത്തിന്, അശ്ലീലമായി ചൂണ്ടിക്കാണിക്കാവുന്ന ചില പ്രയോഗങ്ങള്‍, കവിതയുടെ ഭാവഗരിമ സംവേദന വിധേയമാകുമ്പോള്‍ അവ അര്‍ഹിക്കുന്ന അനിവാര്യത ബോധ്യപ്പെടാതിരിക്കില്ല; അതിനുള്ള ഭാവുകത്വം വേണമെന്നു മാത്രം.
പല കവിതകളിലും ആവര്‍ത്തിക്കപ്പെടുന്ന ഒറ്റപ്പദങ്ങള്‍ വെറും പദപ്രയോഗങ്ങള്‍ക്കപ്പുറത്ത്, ആശയത്തെ പ്രോജ്വലിപ്പിക്കുന്ന താളഭംഗിയേകുന്നു എ്ന്നത് സൂക്ഷ്മ വായനയിലേ ബോധ്യപ്പെടൂ.
ധ്വന്യാത്മകത, കവിതയുടെ ജീവനാണെന്ന് പ്രാചീന കാവ്യമീമാംസകള്‍ പറഞ്ഞുവച്ചിട്ടുണ്ട്.  കവി ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ഥത്തെക്കവിഞ്ഞ് മറ്റൊരര്‍ഥമുണ്ടായാലേ അത് കവിതയാകൂ എന്നു പറയുന്നതും ആദ്യം പറഞ്ഞതിന്റെ ലളിതമായ അര്‍ഥമാണ്.  സന്ദീപ് സലിം എന്ന കവിതയുടെ വരികള്‍ക്ക്, അവയുള്‍ക്കൊള്ളുന്ന പദങ്ങളുടെ അര്‍ഥത്തിനതീതമായി, താളലയഭംഗിയുടെ അകമ്പടിയോടെ, ആശയത്തിന്റെ മറ്റൊരു കുഞ്ഞുപ്രപഞ്ചം സൃഷ്ടിക്കാനാകുന്നു.  ഈ കവിതയുടെ സ്വത്വബോധത്തിന്റെ വിളംബരമായിട്ടുകൂടി അത് പരിഗണിക്കപ്പെടേണ്ടതുണ്ട്. കൃത്യമായ ഗൃഹപാഠത്തിന്റെ അഭാവം ഒഴിവാക്കിയിരുന്നെങ്കില്‍ ചില കവിതകള്‍ക്ക് കൂടുതല്‍ തിളക്കം ലഭിക്കുമായിരുന്നു എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
ഈ സമാഹാരത്തില്‍ കവിയുടെ സ്വന്തം കവിതകള്‍ 12 മാത്രം; പരിഭാഷയിലൂടെ വെളിച്ചപ്പെട്ടിരിക്കുന്നത് 12; അതായത് കൂടുതലും അപരകവിതകള്‍.  അവയില്‍, സ്പാനിഷ്, മെക്‌സിക്കന്‍, ചിലിയന്‍, ഫ്രഞ്ച്, അര്‍ജന്റൈന്‍, അറേബ്യന്‍, പോളീഷ്, സിറിയന്‍, ജര്‍മന്‍, റഷ്യന്‍, സ്വീഡിഷ്-കവികളുടെയെല്ലാം മൊഴിമാറ്റങ്ങള്‍; ആധുനിക ഇംഗ്ലീഷ് കവികളെവിട്ട്, മറ്റു രാജ്യങ്ങളിലെ കവികളുടെ, ഇംഗ്ലീഷ് ഭാഷാന്തരീകരണത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ കവിതകള്‍, ഈ വര്‍ത്തമാനകാലം, സാര്‍വലൗകികമായി കവികിളിലേല്‍പ്പിക്കുന്ന മുറിവുകള്‍ക്ക് സമാനതകളുണ്ടെന്ന ബോധ്യം പ്രധാനം ചെയ്യുന്നുണ്ട്.  

Thursday, October 10, 2019

പീറ്റര്‍ ഹാന്‍ഡ്‌കെ: മനുഷ്യാനുഭവങ്ങളുടെ അതിരു തേടിയവന്‍

സന്ദീപ് സലിം

അസാധാരണമായ ഭാഷയുടെ വഴക്കം കൊണ്ട് വായനക്കാരെ കീഴടക്കിയ
എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കാണ് 2019 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ഭാഷാപരമായ ചാതുര്യംകൊണ്ട് മനുഷ്യരുടെ അനുഭവങ്ങളുടെ പരിധികളെയും പ്രത്യേകതകളെയും തേടിപ്പോയ എഴുത്തുകാരനാണ് പീറ്റര്‍ ഹാന്‍ഡ്‌കെ.
    ഓസ്ട്രിയക്കാരനായ ഹാന്‍ഡ്‌കെ നാടകകൃത്ത് എന്ന നിലയിലും നോവലിസ്റ്റ് എന്ന നിലയിലും തന്റെ ബഹുമുഖപ്രതിഭ തെളിയിച്ചിട്ടുണ്ട്.  വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്. കോളജ് പഠനകാലത്ത് തന്നെ എഴുത്തുകാരനെന്ന നിലയില്‍ പീറ്റര്‍ ഹാന്‍ഡ്‌കെ പ്രസിദ്ധനായിരുന്നു. സോവ്യറ്റ് യൂണിയന്റെ അധിനിവേശപ്രദേശമായ ബര്‍ലിനിലെ പാന്‍കോവ് പ്രവിശ്യയിലെ ബാല്യകാല ജീവിതം പലവിധത്തില്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ട്.
    നിറംമങ്ങിയ കുട്ടിക്കാലമായിരുന്നു ഹാന്‍ഡ്‌കെയുടേത്. വളരെയേറെ ദുരനുഭവങ്ങളെ നേരിട്ടാണ് അദ്ദേഹം വളര്‍ന്നത്. 1971 ല്‍ അദ്ദേഹത്തിന്റെ അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ ദുരിതം നിറഞ്ഞ് ജീവിതാനുഭവങ്ങള്‍  ഹാന്‍ഡ്‌കെയുടെ എഴുത്തിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. 1944-48 കാലഘട്ടത്തില്‍ ബെര്‍ലിനിലെ പാങ്കോയിലാണ് ഹാന്‍ഡ്‌കെ താമസിച്ചിരുന്നത്.  എ സോറോ ബിയോണ്ട് ഡ്രീംസ് എന്ന ഹാന്‍ഡ്‌കെയുടെ കൃതിയില്‍ അദ്ദേഹം തന്റെ അനുഭവങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ  കാരിന്ത്യന്‍ സ്‌ലോവീനെ ഈ കൃതിയില്‍ നമുക്ക് കണ്ടെത്താനാവും. പീറ്റര്‍ ഹാന്‍ഡ്‌കെയുടെ ആത്മകഥാ സ്പര്‍ശമുള്ള നോവല്‍ എന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതികളില്‍ ഒന്നാണ് 'എ സോറോ ബിയോണ്ട് ദ ഡ്രീംസ്'.  നിര്‍ധനയും നിരാലംബയുമായ ഒരു ഓസ്ട്രിയന്‍ സ്ത്രീയുടെ ആത്മഹത്യയാണ് ഈ കൃതിയുടെ ഇതിവൃത്തം.  അത് ഹാന്‍ഡ്‌കെയുടെ അമ്മയായിരുന്നു എന്നതായിരുന്നു പ്രത്യേകത.  എന്നാല്‍, ഹാന്‍ഡ്‌കെ ഒരിക്കലും ഈ നോവലിനെ തന്റെ വ്യക്തിജീവിതവുമായി ചേര്‍ത്തുപറയാന്‍ ആഗ്രഹിച്ചിരുന്നില്ല.  ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ഇത് പേരില്ലാത്തവരുടെ കഥയാണ് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം പലപ്പോഴും ചെയ്തിരുന്നത്.  തന്റെ മാതാവിനെ മനസില്‍ ചിന്തിച്ച് വളരെ ജാഗ്രതയോടെ എഴുതി പൂര്‍ത്തിയാക്കിയ 'എ സോറോ ബിയോണ്ട് ദ ഡ്രീംസ്' എന്ന നോവലിലൂടെ ഹാന്‍ഡ്‌കെ സ്വന്തം നാടിന്റെ കഥയാണ് പറയുന്നത്.
    മദ്യത്തിന് അടിമയായിരുന്നു ഹാന്‍ഡ്‌കെ യുടെ രണ്ടാനച്ഛന്‍. അദ്ദേഹത്തില്‍ നിന്ന് ഹാന്‍ഡ്‌കെയ്ക്ക് ഏല്‍ക്കേണ്ടിവന്ന കൊടിയ പീഡനങ്ങളും ഹാന്‍ഡ്‌കെയുടെ രചനയില്‍ കാണാം. 
   പഠനകാലത്തുതന്നെ എഴുത്തിനോട് താത്പര്യമുണ്ടായിരുന്ന ഹാന്‍ഡകെയ്ക്ക് പ്രതിസന്ധികളെത്തുടര്‍ന്ന് 1965 ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍, ജീവിതത്തോട് പൊരുതി നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എഴുത്തിനോടുണ്ടായിരുന്ന ഇഷ്ടമായിരുന്നു. പിറ്റേവര്‍ഷം തന്നെ അദ്ദേഹം  'ദി ഹോര്‍ണെറ്റ്‌സ്'എന്ന പുസ്തകം പുറത്തിറക്കി. എഴുത്തിനു പുറമെ നാടകത്തോടും വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത്  സിനിമയിലും പരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു കരുത്തു നല്‍കി.
    1978 ല്‍ ദ ലെഫ്റ്റ് ഹാന്‍ഡ് വുമന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയിലും അദ്ദേഹം അരങ്ങേറി. കാന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ പാം പുരസ്‌കാരത്തിന് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടതൊടെ അദ്ദേഹം എഴുത്തിനൊപ്പം സിനിമയും തന്റെ പ്രവര്‍ത്തനമേഖലയാക്കുകയായിരുന്നു.
       മുന്‍ യൂഗോസ്ലാവ്യന്‍ പ്രസിഡന്റായിരുന്ന സ്ലോബോഡന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുകവഴി വിവാദനായകനായും അദ്ദേഹം മാറുകയുണ്ടായി. സെര്‍ബിയന്‍ ഏകാധിപതിയായ സ്ലൊബോഡന്‍ മിലോഷെവിച്ചിനെ പിന്തുണച്ചതിന്റെ പേരില്‍ ഫാസിസ്റ്റ് എന്ന വിളിപ്പേര് അദ്ദേഹത്തിനു വീഴുകയും ഇതേകാരണത്താല്‍ 2006 ല്‍ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രശസ്തമായ  ഹെന്റിച്ച് ഹീനേ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കാതിരിക്കുകയും ചെയ്തു. വംശഹത്യയെ പിന്തുണച്ച പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് സാഹിത്യ നൊബേല്‍ സമ്മാനിച്ചതില്‍ പ്രതിഷേധിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. 'ഒരു നൊബേല്‍ പുരസ്‌കാരം കാരണം ഛര്‍ദിക്കാന്‍ തോന്നും എന്ന് ഒരിക്കലും കരുതിയതേയില്ലെ'ന്നാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡിരാമ ട്വിറ്ററില്‍ പ്രതികരിച്ചത്.  എണ്ണായിരം പേര്‍ കൂട്ടക്കശാപ്പു ചെയ്യപ്പെട്ട സെബ്രനിസയില്‍ അതിജീവിച്ച എമീര്‍ സുലായിക്ക് പ്രതികരിച്ചതാവട്ടെ 'മിലോസെവിച്ച് ആരാധകനും വംശഹത്യയെ പിന്തുണച്ചവനുമായ ഒരാള്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന കാലം... ജീവിച്ചിരിക്കാന്‍ ഇതെന്തൊരു കാലം' എന്നാണ്.

    നാടകകൃത്തെന്ന നിലയില്‍ ഹാന്‍ഡ്‌കെ നാടകരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വിത്തുപാകിയത്. പാരന്പര്യധിഷ്ഠിതമായ നാടക രീതികളെ പൂര്‍ണമായും അദ്ദേഹം പൊളിച്ചെഴുതി. ഇതിവൃത്തവും സംഭാഷണവും കഥാപാത്രങ്ങളും ഇല്ലാത്ത  നിരവധി നാടകങ്ങള്‍ പീറ്റര്‍ ഹാന്‍ഡ്‌കെ രചിച്ചിട്ടുണ്ട്. ഈ പറഞ്ഞതില്‍ അതിശയോക്തിയില്ല. അദ്ദേഹത്തിന്റേതായി പുറത്തുവന്ന നാടകം തന്നെ നാടകലോകത്തെ ഞെട്ടിക്കുകയുണ്ടായി. ആദ്യത്തെ പ്രധാന നാടകമായ 'പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നു' എന്നതിലൂടെ ഒരു പാരമ്പര്യ നിഷേധിയാണു താനെന്ന് അദ്ദേഹം ലോകത്തോടു വിളിച്ചുപറഞ്ഞു.  ഇതിലെ നാല് അഭിനേതാക്കള്‍ നാടകത്തിന്റെ സ്വഭാവം ഒരു മണിക്കൂറോളം വിശകലനം ചെയ്യുകയാണു ചെയ്തത്. പിന്നീട് അവര്‍ കാണാനെത്തിയ പ്രേക്ഷകരെ അപമാനിക്കുകയും ഒടുവില്‍ നാടകത്തിന്റെ 'പ്രകടനത്തെ' പ്രശംസിക്കുകയും ചെയ്യുന്നു.  നാടകത്തില്‍ 'കഫംനക്കികളെന്നും', 'വൃത്തികെട്ട ജൂതന്‍'മാരെന്നും 'നാസിപ്പന്നികളെന്നും' പ്രേഷകരെ ഹാന്‍ഡ്‌കെ ആക്ഷേപിക്കുകയുണ്ടായി.  ഹിറ്റ്‌ലറിന്റെ ഏകാധിപത്യ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞിരുന്ന ജൂതന്മാരെപ്പോലെയാണ് സെര്‍ബിയന്‍ ജനതയെന്നുവരെ ഒരിക്കല്‍ ഹാന്‍ഡ്‌കെ പറഞ്ഞുവയ്ക്കുകയുണ്ടായി. ജനക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്ത പ്രതികരണങ്ങള്‍ ഉളവാക്കുന്ന തന്ത്രമായിരുന്നു ഇതെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
    പെനാലിറ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയുടെ ഉദ്യോഗം (The Golie's Anxitey at the Penatly Kick) എന്ന ഒറ്റകൃതിമതി ഹാന്‍ഡ്‌കെയുടെ പ്രതിഭയെ തിരിച്ചറിയാന്‍. പീറ്റര്‍ ഹാന്‍ഡ്‌കെയുടെ നോവലുകളും നാടകങ്ങളും ചെറുകഥകളും വളരെ ജനകീയമാണ്.  വിവിധ രാജ്യങ്ങളിലുള്ള വായനക്കാരെയും നിരൂപകരെയും ഹാന്‍ഡ്‌കെയുടെ കൃതികള്‍ വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്.  ദ ഗോളീസ് ആംഗ്‌സൈറ്റി അറ്റ് ദി പെനാലിറ്റി കിക്ക് എന്ന നോവല്‍ മലയാളികള്‍ക്ക് സുപരിചിതമാണ്.  ജോസഫ് ്‌ബ്ലോഷ് എന്ന കേന്ദ്ര കഥാപാത്രം നിര്‍മാണ ജോലിക്കാരനാണ്.  അതേസമയം ഫുട്‌ബോളില്‍ ഗോളിയുമാണ്.  അപകടകരമായ സാഹചര്യങ്ങള്‍ ധാരാളം നിലനില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ജോസഫ് ബ്ലോഷ് ജീവിക്കുന്നത്.  ഫുട്‌ബോളില്‍ ഗോളിയായിരുന്ന ജോസഫ് ബ്ലോഷ് ജീവിതത്തില്‍ അനുഭവിക്കുന്ന ഏകാന്തതയും പ്രതിസന്ധികളും വളരെ ഹൃദയസ്പര്‍ശിയായി പീറ്റര്‍ ഹാന്‍ഡ്‌കെ ഈ നോവലില്‍ വരച്ചിടുന്നു.  ഓസ്ട്രിയയുടെ അതിര്‍ത്തി നഗരത്തിലൂടെ ജോസഫ് ബ്ലോഷ് അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.  ഒരു കൊലപാതകത്തെ തുടര്‍ന്നാണ് അയാളുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ തുടങ്ങുന്നത്.
   'ഭാഷാപരമായ നൈപുണ്യത്തോടെ മനുഷ്യാനുഭവങ്ങളുടെ അതിരുകളെയും അസാധാരണത്വങ്ങളെയും പറ്റി പര്യവേഷണം നടത്തുന്ന, സ്വാധീനം ചെലുത്തുന്ന എഴുത്തുകാരന്‍ എന്നാണ് ഹാന്‍ഡകെയുടെ രചനകളെ കുറിച്ച് പുരസ്‌കാരസമിതി വിലയിരുത്തിയത്.


ഓള്‍ഗ ടൊകര്‍ചുക്ക്: ബോധ്യങ്ങളെ മറികടന്ന സര്‍ഗശേഷി

സന്ദീപ് സലിം

ആധുനിക  യൂറോപ്യന്‍ എഴുത്തിന്റെ ഏറ്റവും പുതിയ മുഖമാണ് 2018 ലെ സാഹിത്യത്തിനുള്ള  നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ ഓള്‍ഗ ടൊകര്‍ചുക്ക്. നൊബേല്‍ സമ്മാന സമിതിക്കെതിരേ  ഉയര്‍ന്ന മീ ടൂ വിവാദത്തിന്റെ പശ്ചാത്ത
ലത്തില്‍ 2018 ല്‍ കൊടുക്കാതിരുന്ന  പുരസ്‌കാരമാണ് വോള്‍ഗ ടൊകര്‍ചുക്കിന് ഈ വര്‍ഷം നല്‍കിയത്.
    യൂറോപ്യന്‍ നോവല്‍  സാഹിത്യത്തില്‍ മിലന്‍ കുന്ദേരയും (ചെക്ക്/ഫ്രഞ്ച്) ഡാനിലൊ കിസും  (സെര്‍ബോ/ക്രൊയേഷ്യന്‍) തെളിച്ച വഴിയിലൂടെത്തന്നെയാണ് ഓള്‍ഗയും നടക്കുന്നത്.  ഓള്‍ഗയുടെ കൃതികളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയ നിരൂപകര്‍ ഡാനിലോകിസിന്റെ  രചനാ രീതിയോടാണ് ഓള്‍ഗയെ ചേര്‍ത്തുനിര്‍ത്തുന്നത്. പതിവ് യൂറോപ്യന്‍ നോവല്‍  സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ പാരഗ്രാഫുകളിലൂടെയാണു വോള്‍ഗയുടെ  നോവലുകള്‍ വികസിക്കുന്നത്. എന്നാല്‍, ചിലയിടങ്ങളില്‍ ദീര്‍ഘമായ പാരഗ്രാഫുകളും വോഗ  പരീക്ഷിക്കുന്നു.
    വോള്‍ഗയുടെ നോവലുകളൊന്നും വളരെ ലാഘവത്തോടെ വായിച്ചു പോകാന്‍  സാധിക്കില്ല. ഗൗരവവും സൂക്ഷ്മവുമായ വായന അര്‍ഹിക്കുന്നതാണ് ഓള്‍ഗയുടെ കൃതികള്‍. മനുഷ്യന്റെ അറിവുകള്‍ക്കും ബോധ്യങ്ങള്‍ക്കുമപ്പുറം തന്റെ സര്‍ഗസൃഷ്ടിയെ  വായനക്കാരന് അനുഭവവേദ്യമാക്കുന്നതില്‍ ഓള്‍ഗ ടൊകര്‍സുക്കിന്റെ രചനാവൈഭവത്തിന്  ലഭിച്ച അര്‍ഹിക്കുന്ന അംഗീകാരമാണ് ബുക്കര്‍ സമ്മാനം നേടിയ അതേവര്‍ഷംതന്നെ തേടിയെത്തിയ പരമോന്നത സാഹിത്യപുരസ്‌കാരവും.
    ബുക്കര്‍  പുരസ്‌കാരം നേടിയ ആദ്യ പോളിഷ് എഴുത്തുകാരിയും ഓള്‍ഗയാണ്. ഫ്‌ളൈറ്റ്‌സ്  (പലായനങ്ങള്‍) എന്ന നോവലാണ് ഓള്‍ഗയുടെ പ്രധാനകൃതിയായി നിരൂപകരും വായനക്കാരും  തെരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫിറ്റ്‌സ്‌കരാള്‍ദോ എഡിഷന്‍സ് എന്ന  പ്രസാധകരാണ് പോളിഷ് ഭാഷയില്‍ എഴുതിയ ഈ നോവല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു  പ്രസിദ്ധീകരിച്ചിരിക്കുന്നത്.

   2007 ല്‍ പുറത്തിറങ്ങിയ ഈ നോവലാണ് വോള്‍ഗ  ടൊകര്‍ചുക്കിന് ലോകസാഹിത്യത്തില്‍ അനിഷേധ്യമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍  പ്രധാനപങ്കുവഹിച്ചത്. 2018 ലെ ബുക്കര്‍ സമ്മാനം ഓള്‍ഗയ്ക്കു നേടിക്കൊടുത്തതും ഈ  നോവല്‍തന്നെ. പോളണ്ടിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ നൈക്ക് അവാര്‍ഡും ഈ  കൃതിയിലൂടെ ഓള്‍ഗയെ തേടിയെത്തി.
    2012ല്‍ പുറത്തിറങ്ങിയ ഹൗസ് ഓഫ്  ഡേ, ഹൗസ് ഓഫ് നൈറ്റ് (പകലിന്റെ ഭവനം, രാവിന്റെ ഭവനം) എന്ന നോവല്‍ ഒരു  യാത്രാവിവരണത്തിന്റെ ശൈലിയില്‍ എഴുതപ്പെട്ടതാണ്. നോവല്‍ സാഹിത്യത്തിന്  പുതിയൊരു അസ്തിത്വം സൃഷ്ടിച്ചെടുക്കുന്നതില്‍ ഈ നോവലിലൂടെ ഓള്‍ഗ ടൊകര്‍ചുക്ക്  വിജയിച്ചു എന്ന് ഉറപ്പിക്കാം. ഇതാണ് നൊബേല്‍ പുരസ്‌കാരത്തിന് ഓള്‍ഗയെ  അര്‍ഹയാക്കിയതും. പ്രതിഭാശാലിയായ പുതിയ എഴുത്തുകാരിയെ പരിഗണിക്കുകവഴി നൊബേല്‍  പുരസ്‌കാര സമിതിയും മാറ്റത്തിന്റെ പാതയിലാണെന്നു പറയാം.
    2015 ല്‍  പുറത്തിറങ്ങിയ ദ ബുക്ക്‌സ് ഓഫ് ജേക്കബ് എന്ന നോവലിലൂടെ നൈക്ക് അവാര്‍ഡ്  വീണ്ടും ഓള്‍ഗയെ തേടിയെത്തി. അതേ വര്‍ഷം തന്നെ ജര്‍മന്‍പോളിഷ് ഭാഷയില്‍  രചിക്കപ്പെട്ട മികച്ച നോവലിനുള്ള അന്താരാഷ്ട്രപുരസ്‌കാരമായ ബ്രിഡ്ജ്  പുരസ്‌കാരവും ഓള്‍ഗ സ്വന്തമാക്കി. പതിനെട്ടാം നൂറ്റാണ്ടിലെ ജൂത ചരിത്രത്തെ  ആസ്പദമാക്കി എഴുതിയ ഈ നോവല്‍ വലിയ വിവാദങ്ങള്‍ക്കും വഴിവച്ചു. വായനക്കാരും  നിരൂപകരും വാനോളം പുകഴ്ത്തി. ഈ കൃതി പോളിഷ് ദേശീയവാദികളെ കുറച്ചൊന്നുമല്ല  ചൊടിപ്പിച്ചത്. വിവാദ ചരിത്രപുരുഷനായ ജേക്കബ് ഫ്രങ്കിന്റെ കഥ പറയുന്നതിലൂടെ ആധുനിക പോളിഷ് ദേശീയതയില്‍ വലതു രാഷ്്ട്രീയം പിന്തുടരുന്ന വിഭാഗത്തെ വല്ലാതെ അസ്വസ്ഥരാക്കി.  ഓള്‍ഗ ടൊകര്‍ചുക്കിനെ കൊല്ലുമെന്നു ഭീഷണി മുഴക്കുന്നതടക്കമുള്ള ആക്രമണങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.  തീവ്രദേശീയ വാദികള്‍ എക്കാലവും തങ്ങള്‍ക്ക് അനഭിമതരായിരുന്നവര്‍ക്കെതിരേ പ്രയോഗിച്ചിരുന്ന ആയുധമാണല്ലോ ദേശദ്രോഹി/രാജ്യദ്രോഹിയെന്നു വിളിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കുകയെന്നത്. ഈ ആയുധം ഓള്‍ഗ ടൊകര്‍ച്ചക്കിനെതിരേയും പ്രയോഗിക്കപ്പെടുകയുണ്ടായി.  ഈ ആക്രമണങ്ങളെക്കുറിച്ച് ഓള്‍ഗ ടൊഗര്‍ച്ചക്ക് പിന്നീട് പ്രതികരിച്ചത് ഇങ്ങനെയാണ്.  'ഞാന്‍ വളരെ ശുദ്ധഗതിക്കാരിയും കാര്യങ്ങള്‍ നേരേ പറയുന്നയാളുമാണ്.  ഞാന്‍ കരുതിയത്, ചരിത്രത്തിലെ ഇരുണ്ട ഇടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമുക്ക് കഴിയുമായിരുന്നു. ഈ പുസ്തകം എല്ലാ വിഭാഗം വിശ്വാസികളെയും വൃണപ്പെടുത്തുകയുണ്ടായി. കേന്ദ്രകഥാപാത്രമായ ജേക്കബ് ഫ്രാങ്ക് 13 വര്‍ഷക്കാലം കത്തോലിക്കാമഠത്തില്‍ തടവിലായിരുന്നു. ഇത് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും  വ്യാഖ്യാനങ്ങള്‍ക്കു വിധേയമാകുന്നതും കത്തോലിക്കാ വിശ്വാസികളും സഭയും ഇഷ്ടപ്പെടില്ലല്ലോ.  ഓര്‍ത്തഡോക്‌സ് ജൂതന്മാരെ സംബന്ധിച്ച് ജേക്കബ് ഫ്രങ്ക് നേരത്തേ തന്നെ വിശ്വാസ വഞ്ചകനുമാണല്ലോ.' ഈ കൃതിയുടെ പേരില്‍ ഇന്റര്‍നെറ്റിലടക്കം ഓള്‍ഗയ്‌ക്കെതിരേ ഹേറ്റ്  ക്യാംപയിന്‍ നടക്കുകയുണ്ടായി. ദ ബുക്‌സ് ഓഫ് ജേക്കബിന്റെ സ്വീഡിഷ്  ട്രാന്‍സ്‌ലേഷന്‍ സ്വീഡനിലെയും ഫ്രഞ്ച് ട്രാന്‍സ്‌ലേഷന്‍ ഫ്രാന്‍സിലെയും മികച്ച  വിവര്‍ത്തന ഗ്രന്ഥങ്ങള്‍ക്കുള്ള പുരസ്‌കാരവും നേടുകയുണ്ടായി.
    രണ്ടുവര്‍ഷം  മുന്പ് പുറത്തിറങ്ങിയ െ്രെഡവ് യുവര്‍ പ്ലോ ഓവര്‍ ദ ബോണ്‍സ് ഓഫ്ദ ഡെഡ് എന്ന  നോവലിന് അഗനീസ്‌ക ഹോളണ്ട് ചലച്ചിത്രഭാഷ്യം നല്‍കുകയുണ്ടായി. സ്പൂര്‍ എന്ന പേരില്‍  പുറത്തിറങ്ങിയ ചിത്രം ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്‌സവത്തില്‍ ആല്‍ഫ്രഡ്  ബോയര്‍ പുരസ്‌കാരം നേടുകയുണ്ടായി.
   1962 ല്‍ പോളണ്ടിലെ സൂള്‍ഷോയിലാണ്  ഓള്‍ഗ ടൊകര്‍ചുക് ജനിച്ചത്. 1993 ല്‍ പുറത്തിറങ്ങിയ പൊഡ്രോസ് ലൂസി സെഗിയാണ് ആദ്യ  പുസ്തകം. നിരവധി ചെറുകഥകളും കവിതകളും ലേഖനങ്ങളും ഓള്‍ഗയുടേതായി  പുറത്തുവന്നിട്ടുണ്ട്. അതിര്‍ത്തികള്‍ എന്ന സങ്കല്പംതന്നെ ഓള്‍ഗ ടൊകര്‍ ചുക്കിന്റെ രചനകളില്‍ ഇല്ലാതാവുന്നു.  മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അതാണ് ഓള്‍ഗയുടെ കൃതികളെ കാച്ചിക്കുറുക്കിയെടുത്താല്‍ എസന്‍സായി അവശേഷിക്കുന്നത്. 

Friday, July 19, 2019

ചന്ദ്രന്‍ തലകുനിച്ചിട്ട് അരനൂറ്റാണ്ട്

സന്ദീപ് സലിം

''ഇത് ഒരു മനുഷ്യന്റെ ചെറിയ കാല്‍വയ്പാണ്; പക്ഷേ, മനുഷ്യരാശിയുടെ വന്‍ കുതിച്ചുചാട്ടവും.''
-- നീല്‍ ആംസ്‌ട്രോംഗ്.

അമേരിക്കന്‍  ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോംഗ് 1969 ജൂലൈ 21 ന് പറഞ്ഞ  വാചകമാണിത്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നിമിഷമാണ് അദ്ദേഹമിതുപറഞ്ഞത്.
ചന്ദ്രന്‍ മനുഷ്യന് മുന്നില്‍ തലകുനിച്ചിട്ട് 50 വര്‍ഷം  പൂര്‍ത്തിയാവുന്നു (അമേരിക്കയില്‍ ജൂലൈ 20). നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനിലിറങ്ങി 19 മിനിട്ടിനുശേഷം സഹയാത്രികന്‍ എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനെ തൊട്ടു.  ചന്ദ്രനില്‍ പാദമുദ്ര പതിപ്പിച്ച രണ്ടാമന്‍.
മനുഷ്യനെ  ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ അമേരിക്കയുടെ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. 1969  ജൂലൈ 16ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍!നിന്നാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. അപ്പോളോ  11ന് മുമ്പ് ചന്ദ്രനെ കീഴടക്കാന്‍ അമേരിക്കയും റഷ്യയും നിരവധി ശ്രമങ്ങള്‍  നടത്തിയിട്ടുണ്ട്. 1959ല്‍ തുടങ്ങിയ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തിയത് 1966  ലാണ്.1966 ഫെബ്രുവരി നാലിനു റഷ്യയുടെ ലൂണാ 9 ചരിത്രദൗത്യം പൂര്‍ത്തിയാക്കി  ചന്ദ്രനില്‍ ഇറങ്ങി. ചിത്രങ്ങളെടുത്തു. എന്നാല്‍, ആ ദൗത്യത്തില്‍ മനുഷ്യന്‍  ഉണ്ടായിരുന്നില്ല.

വഴിതെളിച്ചത് കിടമത്‌സരം

ശാസ്ത്രസാങ്കേതിക  രംഗത്ത് അമേരിക്കയുടെയും സോവ്യറ്റ് യൂണിയന്റെയും ഇടയിലുണ്ടായിരുന്ന  മത്സരബുദ്ധിയാണ് ശാസ്ത്രസാങ്കേതിക രംഗത്തെ ഏറ്റവും വലിയ നേട്ടമായി  വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്റെ ചന്ദ്രയാത്രയിലേക്കു വഴിതെളിച്ചത്.  ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ തങ്ങളാണ് ഒന്നാംനിരക്കാര്‍ എന്ന  ചിന്ത എല്ലാക്കാലത്തും അമേരിക്കക്കാര്‍ക്കുണ്ടായിരുന്നു. വസ്തുതകള്‍  പരിശോധിച്ചാല്‍ ഒരു പരിധിവരെ ഇത് സത്യമാണ്. എന്നാല്‍, ബഹിരാകാശ ഗവേഷണ  രംഗത്ത് അമേരിക്കയെ ഞെട്ടിച്ചുകൊണ്ടാണ് 1957 ല്‍  സ്പുട്‌നിക് എന്ന ഉപഗ്രഹം സോവ്യറ്റ് യൂണിയന്‍ (1990 ല്‍ യൂണിയന്‍  തകര്‍ന്നു) വിക്ഷേപിച്ചത്. വിക്ഷേപണം വിജയമായിരുന്നു. ഭൂമിയെ ഭ്രമണം  ചെയ്യുന്ന ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്‌നിക് മാറി.
നാലു വര്‍ഷങ്ങള്‍ക്കുശേഷം  യൂറി അലക്‌സെവിച് ഗഗാറിനെ ബഹിരാകാശത്തെത്തിച്ച് സോവ്യറ്റ് യൂണിയന്‍  വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഇതോടെ അമേരിക്കയെ സംബന്ധിച്ച് ബഹിരാകാശ ഗവേഷണ  രംഗത്ത് തങ്ങളുടെ മേധാവിത്വം വീണ്ടെടുക്കണമെന്ന ചിന്തയുണര്‍ന്നു. സോവ്യറ്റ്  യൂണിയനൊപ്പമെത്തിയാല്‍ പോര അതിനുമപ്പുറം സഞ്ചരിച്ചേ മതിയാവൂ എന്ന  സാഹചര്യത്തിലാണ്. ഒരു പക്ഷേ, ഇന്നും അതിസാഹസികമെന്നു വിശേഷിപ്പിക്കുന്ന  ചാന്ദ്രദൗത്യത്തിന് അമേരിക്ക തയാറായത്.

ആവശ്യപ്പെട്ടതു കെന്നഡി

ചാന്ദ്രദൗത്യം  നടത്താന്‍ രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടത് അമേരിക്കയുടെ  എക്കാലത്തെയും മികച്ച ഭരണാധികാരിയെന്ന ഖ്യാതിക്ക് ഉടമയായ ജോണ്‍ എഫ്.  കെന്നഡിയാണ്. ബഹിരാകാശത്തേക്ക് ഉപഗ്രഹമയച്ചു  തിരികെയെത്തിച്ചിട്ടുപോലുമില്ലാത്ത രാജ്യത്തോടാണ് പ്രസിഡന്റ് കെന്നഡി ഈ  ആവശ്യം മുന്നോട്ടുവച്ചത്. അങ്ങനെയാണ് അപ്പോളോ ദൗത്യം ആരംഭിക്കുന്നത്.
ഏകദേശം എട്ടു വര്‍ഷത്തെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമാണ് 1969 ജൂലൈ  16ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം  രാത്രി 7.02ന് വിക്ഷേപിക്കപ്പെട്ട അപ്പോളോ 11. നീല്‍ ആംസ്‌ട്രോംഗ്, എഡ്വിന്‍  ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു അപ്പോളോ 11ലെ  യാത്രക്കാര്‍. ഭീമാകാരമായ സാറ്റേണ്‍ അഞ്ച് റോക്കറ്റാണ് മനുഷ്യരേയും കൊണ്ടു  ചന്ദ്രനിലേക്കു കുതിച്ചത്. അപ്പോളോ 11 ന്റെ ഭാരം 3,100 ടണ്‍ ആയിരുന്നു. 36  നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു സാറ്റേണ്‍ അഞ്ച് റോക്കറ്റിന്; അതായത് ഏതാണ്ട് 110 മീറ്റര്‍ ഉയരം.

രണ്ടുവര്‍ഷം, എട്ടു വിക്ഷേപണങ്ങള്‍

അപ്പോളോ  11നു മുന്പ് 1967 ലും 1968 ലും ഉപഗ്രഹങ്ങളെ അമേരിക്ക ഭ്രമണപഥത്തിലെത്തിച്ചു.  1968 നവംബറില്‍ മൂന്നു ബഹിരാകാശ സഞ്ചാരികളുമായി അപ്പോളോ ഏഴ് ബഹിരാകാശത്ത്  260 മണിക്കൂര്‍ ചെലവഴിച്ചു. അടുത്തമാസം മൂന്നു ബഹിരാകാശ യാത്രികരുമായി  അപ്പോളോ എട്ട് ഭൂമിയുടെ ഭ്രമണപഥവും കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.  അപ്പോളോ എട്ട് ചന്ദ്രന്റെ ഉപരിതലത്തിന് 69 മൈല്‍ അടുത്തുവരെയെത്തി.  പിന്നീട്, അപ്പോളോ ഒന്പതും പത്തും വിക്ഷേപിക്കപ്പെട്ടു. ഈ രണ്ടു  പരീക്ഷണങ്ങളുടെയും ലക്ഷ്യം ചന്ദ്രനില്‍ സുരക്ഷിതമായി എങ്ങനെ ഇറങ്ങാം എന്ന  പരീക്ഷണങ്ങളായിരുന്നു. മനുഷ്യനെ ചന്ദ്രനിലിറക്കുന്നതിന് മുന്നോടിയായി ഏഴ്  ഉപഗ്രഹങ്ങളാണ് അമേരിക്ക വിക്ഷേപിച്ചത്. അതും വെറും ഒരു വര്‍ഷത്തിനുള്ളില്‍.

സുരക്ഷിതത്വത്തിനു വലിയ പ്രാധാന്യം

ഒന്നു  പിഴച്ചാല്‍ യാത്രക്കാരുടെ ജീവന്‍ പൊലിയുകയും കളങ്കിത ചരിത്രം രചിക്കപ്പെടുകയും  ചെയ്യുമെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു. അക്കാരണത്താല്‍ സുരക്ഷയുടെ  കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും നാസ തയാറായില്ല. അപ്പോളോ നാലു മുതല്‍ 10 വരെ  ദൗത്യങ്ങള്‍ നടത്തിയത് സുരക്ഷയില്‍ ഒരു പിഴവും വരാതിരിക്കുക എന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ്. ഒന്നിലേറെ റോക്കറ്റുകള്‍ പരീക്ഷിച്ചതിനു ശേഷമാണ്  സാറ്റേണ്‍ അഞ്ചിലേക്ക് നാസ എത്തിച്ചേരുന്നത്.

ആ ദിവസം ചരിത്രം പിറന്നു

1969  ജൂലൈ 16 ലോകമെന്പാടും ജനങ്ങള്‍ കാത്തിരുന്ന ദിവസം. നീല്‍ ആംസ്‌ട്രോംഗ്, എഡ്വിന്‍  ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരെയും കൊണ്ടു അപ്പോളോ 11 ഫ്‌ളോറിഡയിലെ  കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നു വിക്ഷേപിക്കപ്പെട്ടു. കൊളംബിയ  (മാതൃപേടകം), ഈഗിള്‍ (ചന്ദ്രപേടകം) എന്നീ രണ്ടു മൊഡ്യൂളുകളായിരുന്നു അപ്പോളോ  11 ല്‍ ഉണ്ടായിരുന്നത്. അപ്പോളോ 11 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ  ശേഷം ആള്‍ഡ്രിനും ആംസ്‌ട്രോംഗും കൊളംബിയയില്‍ നിന്ന് ചന്ദ്രപേടക  (ഈഗിള്‍)ത്തില്‍ പ്രവേശിച്ചു. ഇതേസമയം കോളിന്‍സ് മാതൃപേടകമായ കൊളംബിയയെ  നിയന്ത്രിക്കുകയായിരുന്നു. അപ്പോളൊ 11 ല്‍ നിന്ന് കൊളംബിയ വേര്‍പെട്ട്  ഒറ്റയ്ക്ക് ഭ്രമണം ചെയ്യാന്‍ ആരംഭിച്ചു. ചന്ദ്രനെ 12ാം തവണ പ്രദക്ഷിണം  വയ്ക്കുമ്പോള്‍ ഈഗിളും കൊളംബിയയും തമ്മില്‍ വേര്‍പെട്ടു.
ജൂലൈ 21ന്  പുലര്‍ച്ചെ 01.47 ന് (അമേരിക്കന്‍ സമയം ജൂലൈ 20 രാത്രി 8.17) ഈഗിള്‍ ചന്ദ്രനിലെ പ്രശാന്തസാഗരത്തില്‍  ഇറങ്ങി. ഏഴ് മണിക്കൂറോളം ഈഗിളില്‍ കഴിഞ്ഞ ശേഷം പ്രത്യേകതരം വസ്ത്രങ്ങള്‍  ധരിച്ച്, നീല്‍ ആംസ്‌ട്രോംഗ് ചാന്ദ്രപ്രതലത്തിലേക്ക് ഇറങ്ങി. കുറച്ചു  സമയത്തിനു ശേഷം എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തി. ഇറങ്ങിയ സ്ഥലത്തിന്  ആംസ്‌ട്രോംഗും ആള്‍ഡ്രിനും കൊടുത്ത പേര് പ്രശാന്തഘട്ടം എന്നര്‍ഥമുള്ള  ട്രാങ്ക്വിലിറ്റി ബേസ് എന്നാണ്.

ചന്ദ്രനില്‍ കഴിഞ്ഞത് 21 മണിക്കൂര്‍

കൈവശം  കരുതിയിരുന്ന ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് ഇരുവര്‍ക്കും അധികനേരം  ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിക്കാന്‍ സാധിച്ചില്ല. ഏതാണ്ട് 21 മണിക്കൂര്‍  മാത്രമാണ് ഇരുവരും ചന്ദ്രനില്‍ തങ്ങിയത്. അതില്‍ തന്നെ രണ്ടര മണിക്കൂര്‍  മാത്രമാണ് ഇവര്‍ ഈഗിളിനു പുറത്ത് കഴിഞ്ഞത്. ഈഗിളില്‍ നിന്നുള്ള സന്ദേശം ലഭിച്ച  കൊളംബിയ ചന്ദ്രന്റെ ഉപരിതലത്തിന് പരമാവധി അടുത്തുവരികയും ഈഗിളില്‍  സജ്ജമാക്കിയ റോക്കറ്റ് പ്രവര്‍ത്തിപ്പിച്ച് ഉയര്‍ന്ന് കൊളംബിയയുമായി  സന്ധിക്കുകയും ചെയ്തു. പിന്നീട്, ഈഗിള്‍ ഉപേക്ഷിച്ച് മൂന്നുപേരും മാതൃപേടകത്തില്‍  ഭൂമിയിലേക്കു യാത്രതിരിച്ചു. ജൂലൈ 24 ഇന്ത്യന്‍ സമയം 22:20 ന് പസിഫിക്  സമുദ്രത്തില്‍ ഇറങ്ങി.

18 ദിവസം പുറത്തിറങ്ങിയില്ല

പസിഫിക്  സമുദ്രത്തില്‍ ലാന്‍ഡ് ചെയ്ത മൂന്നു പേരെയും ഹോര്‍ണറ്റ് എന്ന കപ്പലില്‍  എത്തി. 18 ദിവസത്തേക്ക് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.  ഫോണിലൂടെ മാത്രമാണ് മൂവരും ബാഹ്യലോകവുമായി ബന്ധപ്പട്ടത്. ചന്ദ്രനില്‍നിന്ന്  അജ്ഞാതമായ ഏതെങ്കിലും രോഗാണുവുമായിട്ടാണ് അവര്‍ വന്നിരിക്കുന്നതെങ്കില്‍ അത്  അത്യന്തം അപകടകരമാവുമെന്നും മനുഷ്യകുലത്തെതന്നെ നശിപ്പിക്കാന്‍  സാധ്യതയുണ്ടാവുമെന്നുമുള്ള നിരീക്ഷണത്തെ തുടര്‍ന്നാണ് കടലില്‍ കപ്പലില്‍ തന്നെ  മൂവരെയും താമസിപ്പിച്ചത്.

ചന്ദ്രയാത്രകള്‍ അവസാനിച്ചിട്ടില്ല

അപ്പോളോ 11 നുശേഷം  ചന്ദ്രയാത്രകള്‍ അവസാനിച്ചില്ല. നാലുമാസങ്ങള്‍ക്കകം  അപ്പോളോ 12 ല്‍ ചാള്‍സ്  കോണ്‍റാഡും അലന്‍ ബീനും റിച്ചാര്‍ഡ് ഗോര്‍ഡനും ചന്ദ്രനിലേക്കു തിരിച്ചു. നവംബര്‍ 19  ന് കോണ്‍റാഡും ബീനും ചന്ദ്രനിലിറങ്ങി. ഏകദേശം 34 കിലോ പാറയും മണ്ണും അവര്‍  ചന്ദ്രനില്‍ നിന്നു ഭൂമിയിലേക്കു കൊണ്ടുവന്നു. ഏഴുമണിക്കൂര്‍ 45 മിനിറ്റ്  ഇരുവരും ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്നു. മാത്യപേടകം യാങ്കി  കഌപ്പെറും ചാന്ദ്രപേടകം ഇന്‍ട്രെപിഡും അടങ്ങുന്ന രണ്ടു മോഡ്യൂളുകളാണ്  അപ്പോളോ 12 ല്‍ ഉണ്ടായിരുന്നത്. ഇരുവരും ഇറങ്ങിയ സ്ഥലം കൊടുങ്കാറ്റുകളുടെ കടല്‍  (സീ ഓഫ് സ്‌റ്റോംസ്) എന്നാണ് അറിയപ്പെടുന്നത്. 1971 ജനുവരിയില്‍ അപ്പോളോ 14, ജൂലൈയില്‍ അപ്പോളോ 15, 1972 ഏപ്രിലില്‍ അപ്പോളോ 16, 1972 ഡിസംബറില്‍ അപ്പോളോ 17 വരെ അപ്പോളോ പര്യവേഷണങ്ങള്‍ അമേരിക്ക തുടര്‍ന്നു.

അപ്പോളോ 13 പരാജയം

1970 ഏപ്രില്‍ 11നായിരുന്നു അപ്പോളോ 13 ചന്ദ്രനിലേക്കു തിരിച്ചത്. ജയിംസ് ലോവല്‍, ജാക് സ്വൈഗര്‍, ഫ്രെഡ് ഹൈസ് എന്നിവരായിരുന്നു യാത്രികര്‍ അപ്പോളോ 13 ലെ യാത്രികര്‍. എന്നാല്‍, ആ ദൗത്യം പരാജയമായിരുന്നു.
ഓക്‌സിജന്‍ ടാങ്കിന്റെ പുറത്തെ ലോഹപ്പാളി പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടത്. ദൗത്യം ആരംഭിച്ച ശേഷം സാങ്കേതികത്തകരാര്‍ ഉണ്ടായിട്ടും ബഹിരാകാശ വാഹനത്തെ തിരിച്ചെത്തിക്കാനായത് വലിയ നേട്ടമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ഏപ്രില്‍ 17 ന് ബഹിരാകാശ വാഹനം പസഫിക് സമുദ്രത്തില്‍ തിരിച്ചെത്തി.

ചാന്ദ്രദൗത്യവുമായി ഇന്ത്യയും

1972 ല്‍ അപ്പോളോ പര്യവേഷണം അമേരിക്ക നിര്‍ത്തി. 2020 ല്‍ ചന്ദ്രനിലേക്കുള്ള പുതിയ ദൗത്യം ആരംഭിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്രഗവേഷണ ദൗത്യമായ ചാന്ദ്രയാന്‍ 2 തിങ്കളാഴ്ച വിക്ഷേപിക്കും.
അടുത്ത ദൗത്യം ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുകയാണെന്ന് ഇന്ത്യ പ്രഖ്യപിച്ചു കഴിഞ്ഞു. ചൈനയും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുന്ന പര്യവേഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

--------------------------------------------------------------------------------------------------------------------------


നീല്‍ ആംസ്‌ട്രോംഗ്


1930 ഓഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഒഹായോക്കടുത്തുള്ള വാപ്പാക്കൊനേറ്റ എന്ന  സ്ഥലത്താണ് നീല്‍ ആംസ്‌ട്രോംഗ് ജനിച്ചത്. 1966ല്‍ ജെമിനി 8 എന്ന  ബഹിരാകാശവാഹനത്തില്‍ ആദ്യ ബഹിരാകാശ യാത്ര നടത്തി. അവസാനത്തേ ബഹിരാകാശയാത്ര  അപ്പോളൊ 11ല്‍ മിഷന്‍ കമാന്‍ഡര്‍ പദവിയില്‍. 1978 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹത്തിന്  കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു. ബഹിരാകാശസഞ്ചാരിയാവും  മുമ്പ് ആംസ്‌ട്രോംഗ് നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ ഇദ്ദേഹം  പങ്കെടുത്തിട്ടുണ്ട്. 2012 ഓഗസ്റ്റ് 25ന് അന്തരിച്ചു.

എഡ്‌വിന്‍ ആള്‍ഡ്രിന്‍


അപ്പോളോ  11 ദൗത്യത്തിലെ ചന്ദ്രപേടകത്തിന്റെ പൈലറ്റായിരുന്നു. ചന്ദ്രനിലിറങ്ങിയ  രണ്ടാമത്തെ വ്യക്തി. ബസ് ആള്‍ഡ്രിന്‍ എന്നാണ് വിളിപ്പേര്. 1951ല്‍  മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ആള്‍ഡ്രിന്‍ അമേരിയ്ക്കന്‍  വ്യോമസേനയില്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് ആയിരുന്നു. കൊറിയന്‍ യുദ്ധത്തില്‍  വൈമാനികനായി പങ്കെടുത്തിരുന്നു. ജെമിനി 12 എന്ന ദൗത്യത്തിന്റെ  പൈലറ്റായിരുന്നു. ബഹിരാകാശത്തു പേടകത്തിനു പുറത്തു നടത്തേണ്ട ദൗത്യങ്ങളും  പരീക്ഷണങ്ങളും ആള്‍ഡ്രിന്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

മൈക്കിള്‍ കോളിന്‍സ്


മൈക്കിള്‍ കോളിന്‍സ് 1930 ഒക്ടോബര്‍ 31  ന് ജനിച്ചു. ആദ്യത്തെ ബഹിരാകാശ യാത്ര ജെമിനി 10 ലായിരുന്നു. അപ്പോളോ  11ന്റെ കൊളംബിയ മൊഡ്യൂളിന്റെ പൈലറ്റായിരുന്നു. ഒന്നിലേറെത്തവണ  ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യന്‍, ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച  രണ്ടാമത്തെ വ്യക്തി എന്നീ ബഹുമതികള്‍ കോളിന്‍സിനുണ്ട്. ആംസ്‌ട്രോംഗും  ആള്‍ഡ്രിനും കൊളംബിയ മൊഡ്യൂളില്‍ തിരികെയെത്തുന്നതു വരെ കോളിന്‍സ് ചന്ദ്രനെ  ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. ചരിത്രപരമായ ഈ ദൗത്യത്തില്‍ കോളിന്‍സിന്റെ  പങ്ക് നിര്‍ണായകമായിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പെരുമ  നേടിയത് ചന്ദ്രനിലിറങ്ങിയ ആംസ്‌ട്രോംഗും ആള്‍ഡ്രിനും ആയിരുന്നു.



Monday, June 10, 2019

മനുഷ്യപക്ഷത്തു നിന്ന കലാകാരന്‍

സന്ദീപ് സലിം

ആധുനിക ഇന്ത്യന്‍ നാടകസിനിമാ രംഗത്തെ അതികായനാണ് ഇന്നലെ വിടവാങ്ങിയ ഗിരീഷ് കര്‍ണാട്.  ഒരു കാലഘട്ടത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രബുദ്ധതയുടെ പ്രതീകവുമായിരുന്നു അദ്ദേഹം. നാടകത്തെയും സിനിമയെയും ഇന്ത്യയുടെ സമകാലിക ജീവിതത്തിലേക്ക് പറിച്ചു നട്ടതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. കര്‍ണാടിന്റെ മരണം സൃഷ്ടിക്കുന്ന ശൂന്യത ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ മണ്ഡലങ്ങളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വലുതാണ്. മനുഷ്യപക്ഷത്തുനിന്നു നിരന്തരം ശബ്ദിച്ചിരുന്നതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രധാന സവിശേഷത. ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍മാരുടെ നിയോറിയലിസ്റ്റിക് സിനിമകളുടെയും ഫ്രഞ്ച് നവതരംഗ സിനിമകളുടെയും ഏറ്റക്കുറച്ചിലുകള്‍ കര്‍ണാടിന്റെ സിനിമകളിലും നാടകങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. സമാന്തര സിനിമാ രംഗത്ത് അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ പുതിയ ചലച്ചിത്ര സംസ്‌കാരത്തിനു തന്നെ വിത്തുപാകി. ഇക്കാരണം കൊണ്ടുതന്നെ കര്‍ണാട് ചലച്ചിത്രമേഖലയില്‍ നവഭാവുകത്വത്തിന്റെ വക്താവായെന്നു പറഞ്ഞാലും അത് അതിശയോക്തിയാവില്ല.

      കലയിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ ചോദ്യം ചെയ്യാനാകുമെന്നും ഗിരീഷ് കര്‍ണാട് സമൂഹത്തോടു വിളിച്ചു പറഞ്ഞു. 1938 മേയ് 19 ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്. 1958ല്‍ ബിരുദം നേടിയ അദ്ദേഹം 6063 കാലത്ത് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ റോഡ്‌സ് സ്‌കോളറായിരുന്നു. തത്വശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയാണ് അദ്ദേഹം ഓക്‌സ്ഫഡില്‍ നിന്നു പോരുന്നത്. പത്മശ്രീയും പത്മവിഭൂഷണും ജ്ഞാനപീഠ പുരസ്‌കാരവും അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.


നാടകവേദിയിലെ അതുല്യപ്രതിഭ

 നാടോടി കലാസങ്കേതങ്ങളെ സമകാലിക ഇന്ത്യന്‍ ജീവിതങ്ങളുമായി ഇണക്കിച്ചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ കഴിവാണ് മുഖ്യധാരയില്‍ നിന്ന് പുറത്തേക്കു പൊയ്‌ക്കൊണ്ടിരുന്ന നാടകത്തെ ജനകീയമാക്കിയത്.  ചാര്‍ലി ചാപ്ലിനെയും ബ്രെതോള്‍ഡ് ബ്രെഹ്ത്തിനെയും പോലുള്ളവര്‍ മുന്നോട്ടുവച്ച ജീവിത ദര്‍ശനമാണ് കര്‍ണാടിനെയും മുന്നോട്ടു നയിച്ചിരുന്നത്. ഇന്ത്യയിലെ പ്രമുഖരായ എല്ലാ സംവിധായകരും കര്‍ണാടിന്റെ നാടകങ്ങളെ അരങ്ങിലെത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാടകത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇബ്രാഹിം അല്‍ക്കാസിയാണ് അതില്‍ പ്രധാനി.
  യയാതി, തുഗ്ലക്ക്, ഹയവദന, നാഗമണ്ഡല എന്നിവയാണു കര്‍ണാടിന്റെ പ്രധാന നാടകങ്ങള്‍. പ്രാദേശികമായ വിഷയങ്ങളും ആഖ്യാനശൈലികളുമാണ് കന്നഡ സാഹിത്യത്തിന്റെ പ്രത്യേകതയായി എല്ലാക്കാലത്തും വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍, കര്‍ണാടിന്റെ നാടകങ്ങളില്‍ കര്‍ണാടകത്തെ മാത്രം സ്പര്‍ശിക്കുന്ന വിഷയങ്ങളില്ല. ഒന്നാമത്തെ നാടകമായ യയാതി ഒരു പുരാണ കഥയുടെ പുനരാഖ്യാനമാണ്. മഹാഭാരതത്തിലെ 'യയാതി'യെ കുറിച്ചുള്ള നാടകം 1961 ലാണ് പുറത്തിറങ്ങുന്നത്.  തന്റെ യൗവനകാലത്ത് ശുക്രാചാര്യന്റെ ശാപത്താല്‍ അകാല വാര്‍ധക്യം  വരിക്കേണ്ടിവന്നയാളാണ് യയാതി. അരങ്ങില്‍ വിജയം നേടിയ ആ നാടകം നിരവധി  ഇന്ത്യന്‍  ഭാഷകളില്‍ വേദിയിലെത്തി.

പിന്നീടു പുറത്തുവന്ന തുഗ്ലക്ക് എന്ന നാടകത്തില്‍  മുഹമ്മദ് ബിന്‍ തുഗ്ലക്കായിരുന്നു കേന്ദ്രകഥാപാത്രം. പതിന്നാലാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ച മുഹമ്മദ് ബിന്‍ തുഗ്ലക് എന്ന ചരിത്രനായകനെ  അദ്ദേഹം വെറുതെ വേദിയിലെത്തിക്കുകയായിരുന്നില്ല. ഇന്ത്യയുടെ ആദ്യത്തെ  പ്രധാനമന്ത്രയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തെ രാഷ്ട്രീയത്തെ  വിമര്‍ശനാത്മകമായി സമീപിക്കുക കൂടിയായിരുന്നു അദ്ദേഹം ചെയ്തത്. രണ്ടാമത്തെ നാടകമായ തുഗ്ലക്കിലേക്കെത്തുമ്പോള്‍ അത് ചരിത്രാധിഷ്ഠിതമായ രചനയായി മാറുന്നു. രസകരമായ കാര്യം ഇവ രണ്ടും ആധുനിക നാടകങ്ങളുമാണെന്നതാണ്. അതായത്, വീക്ഷണത്തിലും ഭാവത്തിലും ആധുനികം. തുഗ്ലക് ഒരു മോഡേണ്‍ ക്ലാസിക് ആയിട്ടാണ് നിരൂപകര്‍ വാഴ്ത്തുന്നത്.

 ഹയവദനയിലേക്കും നാഗമണ്ഡലത്തിലേക്കും വരുന്‌പോള്‍ അദ്ദേഹം കന്നഡക്കാരനായെന്നു പറയുന്നതില്‍ തെറ്റില്ല. കര്‍ണാടകയിലെ ഗ്രാമീണതയില്‍ നിന്നും നാടോടി കഥകളില്‍ നിന്നും സ്വാംശീകരിച്ചെടുത്ത അതിമനോഹരമായ നാടകീയ മുഹൂര്‍ത്തങ്ങളുടെ ധാരാളിത്തം ഈ നാടകങ്ങളില്‍ കാണാനാവും. സംസ്‌കൃത ഭാഷയിലെ ഒരു പഴയ കഥാസമാഹാരമായ കഥാസരിത് സാഗരത്തില്‍ നിന്നാണ് ഹയവദന രൂപപ്പെടുന്നതെന്നു പറയാമെങ്കിലും വിഖ്യാത ജര്‍മന്‍ നോവലിസ്റ്റായ തോമസ് മന്നിന്റെ 'മാറ്റിവച്ച തലകളു'ടെ വലിയ സ്വാധീനം ഹയവദനയിലുണ്ട്. യക്ഷഗാനമെന്ന കര്‍ണാടകയിലെ നാടോടികലാരൂപത്തെ നാടകത്തിലേക്കു സന്നിവേശിപ്പിച്ചിടത്താണ് ഹയവദന ശ്രദ്ധേയമാകുന്നത്. പാരമ്പര്യ ദൃശ്യകലാരൂപമായ യക്ഷഗാനം ഗിരീഷ് കര്‍ണാടെന്ന കലാകാരനെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് മനസിലാക്കാന്‍ ഹയവദന കണ്ടാല്‍ മതി.

പ്രാദേശിക നാടോടികലാരൂപങ്ങളോട് കര്‍ണാടിനുണ്ടായിരുന്ന അഭിനിവേശത്തിന്റെ വ്യക്തമായ തെളിവാണ് 'നാഗമണ്ഡല' എന്ന നാടകം. ഷിക്കാഗോയിലെ മിന്നാപൊളീസ് ഗുത്രീ തിയറ്ററിലാണ് നാഗമണ്ഡല അവതരിപ്പിക്കപ്പെട്ടത്. ഗിരീഷ് കര്‍ണാട് നാടകരചനയിലേക്കെത്തുന്ന കാലത്ത് പുറത്തിറങ്ങിയ നാടകങ്ങളിലെല്ലാം നഗരജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയായിരുന്നു. കര്‍ണാടിന്റെ സമകാലികരായിരുന്ന വിജയ് തെണ്ടുല്‍ക്കറും മോഹന്‍ രാകേഷും ബാദല്‍ സര്‍ക്കാറുമൊക്കെ നാഗരികതയുടെ വളര്‍ച്ചയും നന്മതിന്‍മകളും പ്രമേയമാക്കിയപ്പോള്‍ കര്‍ണാട് ഗ്രാമങ്ങളിലേക്കാണ് പോയത്. ഗ്രാമീണമായ ജീവിതങ്ങളെ നാടകങ്ങളിലൂടെ അവതരിപ്പിക്കാന്‍ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

പുത്തന്‍ ചലച്ചിത്ര സംസ്‌കാരത്തിന്റെ 
വക്താവ്

വിഖ്യാത നോവലിസ്റ്റ് യു.ആര്‍. അനന്തമൂര്‍ത്തിയുടെ പ്രശസ്ത നോവല്‍ 'സംസ്‌കാര' യുടെ തിരക്കഥ തയാറാക്കുകയും പ്രധാനവേഷത്തില്‍ അഭിനയിക്കുകയും ചെയ്തു കൊണ്ടാണ് ഗിരീഷ് കര്‍ണാട് വെള്ളിത്തിരയില്‍ അരങ്ങേറിയത്. രാഷ്ട്രപതിയുടെ പുരസ്‌കാരവും ആ സിനിമയ്ക്കായിരുന്നു. നടനായും തിരക്കഥാകൃത്തായും അരങ്ങേറിയ ഗിരീഷ് കര്‍ണാട് സംവിധായകന്റെ മേലങ്കിയും തനിക്കു നന്നായി ചേരുമെന്ന് തെളിയിച്ചു. സംവിധാനം ചെയ്യാനായി അദ്ദേഹം തെരഞ്ഞെടുത്തത് എസ്.എല്‍. ബൈരപ്പയുടെ വംശവൃക്ഷ എന്ന നോവലായിരുന്നു. ആദ്യ ചിത്രമായ സംസ്‌കാര മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരമാണ് കര്‍ണാടിന് സമ്മാനിച്ചതെങ്കില്‍ വംശവൃക്ഷ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം നേടിക്കൊടുത്തു. മികച്ച സംവിധായകനുള്ള ദേശീയ  പുരസ്‌കാരം ബി.വി. കാരന്തിനൊപ്പമാണ് അദ്ദേഹം നേടിയത്.  വിഖ്യതമായ നോവലുകള്‍ ദൃശ്യവത്കരിക്കുന്നതില്‍ കഴിവുള്ളയാളായിരുന്നു കര്‍ണാട്. ശ്രീകൃഷ്ണ ആലനഹള്ളിയുടെ പ്രശസ്ത നോവല്‍  'കാടും' കര്‍ണാടിന്റെ സംവിധാനത്തില്‍ പുറത്തുവന്നു.

 ശൂദ്രകന്റെ മൃച്ഛഘടികം എന്ന നാടകത്തെ അടിസ്ഥാനമാക്കി  അദ്ദേഹം സംവിധാനം ചെയ്ത ഉത്സവ്, നിഷാന്ത് (1975), കലിയുഗ് (1980) എന്നിവയും അദ്ദേഹത്തിലെ ചലച്ചിത്രകാരന്റെ കൈയൊപ്പുപതിഞ്ഞവയാണ്. ആര്‍.കെ. നാരായണന്റെ മാല്‍ഗുഡി ഡെയ്‌സ് പരമ്പരയില്‍ കേന്ദ്രകഥാപാത്രമായ സ്വാമിയുടെ പിതാവിനെ അവതരിപ്പിച്ചതും കര്‍ണാടാണ്. ശങ്കര്‍ നാഗും കവിത ലങ്കേഷുമായിരുന്നു മാല്‍ ഗുഡി ഡെയ്‌സിന്റെ സംവിധായകര്‍.

   പൂന ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടറായിരുന്നു കര്‍ണാട്. സംഗീത നാടക അക്കാദമി ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോണ്‍പോളിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ദ പ്രിന്‍സ് എന്ന ചിത്രത്തിലും അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

വിവാദങ്ങള്‍ക്കൊപ്പം നടന്നു

സാഹിത്യ-രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ എല്ലാക്കാലത്തും ഗിരീഷ് കര്‍ണാട് വിവാദങ്ങളുടെ തോഴനായിരുന്നു.  2012-ല്‍ നടന്ന ടാറ്റാ സാഹിത്യോത്സവത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു.  നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജനായ ട്രിനിഡാഡ് എഴുത്തുകാരന്‍ വി.എസ്. നായ്‌പോളിനായിരുന്നു ആ വര്‍ഷത്തെ ടാറ്റ സാഹിത്യ പുരസ്‌കാരം.  ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരേ നായ്‌പോള്‍ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നുവെന്നും നമ്മുടെ രാജ്യത്തിന്റെ യശസിനെ ഇല്ലാതാക്കുംവിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനകളെന്ന് വിമര്‍ശിച്ച കര്‍ണാട് നായ്‌പോളിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ച സംഘാടകരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.  രവീന്ദ്രനാഥ ടാഗോര്‍ ഒരു രണ്ടാംനിര എഴുത്തുകാരനായിരുന്നുവെന്നും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നാടകങ്ങള്‍ അസഹനീയമാണെന്നുമുള്ള കര്‍ണാടിന്റെ നിരീക്ഷണവും വിവാദമായിരുന്നു.  ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ വിഖ്യാത മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ ചരമവാര്‍ഷികത്തില്‍ ബംഗളൂരുവില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ തന്റെ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം ഗിരീഷ് കര്‍ണാട് വ്യക്തമായി പ്രകടിപ്പിച്ചിരുന്നു.  അന്ന് 'മീ ടൂ അര്‍ബന്‍ നക്‌സല്‍' എന്നെഴുതിയ പ്ലക്കാര്‍ഡുമായി ചടങ്ങില്‍ പങ്കെടുത്തതും വിവാദമായിരുന്നു.  അര്‍ബന്‍ നക്‌സല്‍ എന്നു വിളിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.  ഇതിനെതിരേ എന്‍.പി. അമൃതേഷ് എന്ന അഭിഭാഷകന്‍ പോലീസില്‍ പരാതി നല്കുകയും ചെയ്തിരുന്നു.


Sunday, March 17, 2019

പരീക്കര്‍: രാഷ്ട്രീയത്തെ പ്രണയിച്ച ഐഐടിക്കാരന്‍

ഗോവയിലെ രാഷ്ട്രീയ നാടകങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും മനോഹര്‍ പരീക്കറിന്റെ മരണത്തോടെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. ഗോവയിലെ ബിജെപിയുടെ കിംഗ് മേക്കറായിരുന്നു മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍. ചടുലവും അപ്രതീക്ഷിതവുമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ് മനോഹര്‍ പരീക്കര്‍ ബിജെപി രാഷ്ട്രീയത്തില്‍ മുന്‍നിരയിലെത്തിത്. ഒരുവശത്തു ശക്തനും മറുവശത്തു സൗമ്യനുമായിരുന്നു മനോഹര്‍ പരീക്കര്‍. 1955 ഡിസംബര്‍ 13ന് ഗോവയില്‍ മപുസയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണു മനോഹര്‍ പരീക്കര്‍ ജനിച്ചത്. പഠനത്തില്‍ അസാധാരണ മികവു പുലര്‍ത്തിയിരുന്ന പരീക്കര്‍ ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കില്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടി. സ്‌കൂള്‍ പഠനകാലത്തു തന്നെ ആര്‍എസ്എസിന്റെ ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും ബിരുദ പഠനത്തിന് മുംബൈയില്‍ എത്തിയതോടെയാണ് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി  മാറിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവു കണ്ട് നോര്‍ത്ത് ഗോവയില്‍ സംഘടനയെ വളര്‍ത്തുകയെന്ന വലിയ ദൗത്യം ആര്‍എസ്എസ് അദ്ദേഹത്തെ ഏല്‍പ്പിച്ചു. നോര്‍ത്ത് ഗോവയില്‍ അദ്ദേഹം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിക്കാന്‍ ആര്‍എസ്എസിനെ പ്രാപ്തമാക്കിയത്. അയോധ്യയിലെ രാമജന്‍മഭൂമി പ്രക്ഷോഭത്തില്‍ സംഘപരിവാറിന്റെ ആശയ ഉപദേശകരില്‍ ഒരാളായും പരീക്കര്‍ മാറി. 


25 വര്‍ഷം മുന്പ് എംഎല്‍എ 


1994 ലാണ് പരീക്കര്‍ ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് അദ്ദേഹത്തെ കൂടാതെ മൂന്നു എംഎല്‍എമാര്‍ കൂടിയേ ബിജെപിക്കുണ്ടായിരുന്നുള്ളൂ. ഇന്ത്യയില്‍ ഐഐടി ബിരുദധാരിയായ ഒരാള്‍ എംഎല്‍എ ആകുന്നത് ആദ്യമായിട്ടായിരുന്നു. പിന്നീട്, 1999 ല്‍ അദ്ദേഹം പ്രതിപക്ഷനേതാവായി. പ്രതിപക്ഷത്തിരുന്ന് അദ്ദേഹം നടത്തിയ നീക്കങ്ങളാണു തൊട്ടടുത്തവര്‍ഷം തന്നെ ബിജെപിയെ ഗോവയില്‍ അധികാരത്തിലെത്തിച്ചത്. അന്നു മുഖ്യമന്ത്രിപദത്തിനു പരീക്കറല്ലാതെ മറ്റൊരു പേര് മുന്നോട്ടുവയ്ക്കാന്‍ ബിജെപിക്ക് ഇല്ലായിരുന്നു.  
പിന്നീടു സംസ്ഥാനം നിരവധി രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു സാക്ഷ്യംവഹിച്ചു.  2005 ല്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ചു. 2007ല്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തിയതോടെ ബിജെപിയും പരീക്കറും പ്രതിരോധത്തിലായി. 
2012ല്‍ വന്‍ ഭൂരിപക്ഷത്തോടെ പരീക്കറുടെ നേതൃത്വത്തില്‍ ബിജെപി ഗോവയില്‍ തിരിച്ചുവന്നു. അന്നു മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പരീക്കര്‍ ഇന്ത്യയൊട്ടാകെ ബിജെപി അധികാരത്തില്‍ വരുമെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ സാധൂകരിച്ചുകൊണ്ട് 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബിജെപി അധികാരത്തിലെത്തിയതു ചരിത്രം. 

പ്രതിരോധമന്ത്രിപദത്തിലേക്ക്


2014ല്‍ മുഖ്യമന്ത്രി പദം രാജിവച്ച് കേന്ദ്രമന്ത്രി പദമേറ്റെക്കണമെന്നു പരീക്കറോടു പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. കേന്ദ്രത്തില്‍ അദ്ദേഹത്തെ കാത്തിരുന്നതു പ്രതിരോധ മന്ത്രിയെന്ന സുപ്രധാന പദവിയും. ഉത്തര്‍പ്രദേശില്‍ നിന്നു രാജ്യസഭയിലെത്തിച്ചാണ് അദ്ദേഹത്തെ ബിജെപി  കേന്ദ്രമന്ത്രിയാക്കിയത്. യുപിഎ ഭരണകാലത്തെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രവര്‍ത്തനം തുടങ്ങി. മോദി മന്ത്രിസഭയുടെ നയപരമായ തീരുമാനങ്ങളില്‍ പലതിലും പങ്കാളിയായി പരീക്കര്‍ മാറി. 

2017 ല്‍ വീണ്ടും ഗോവയിലേക്ക്


2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു. തെരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോണ്‍ഗ്രസ് മാറി. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഭരണത്തിലെത്തിക്കാന്‍ ബിജെപി നേതൃത്വം വഴികള്‍ തേടി. പരീക്കര്‍ മുഖ്യമന്ത്രിയായി മടങ്ങിയെത്തിയാല്‍ പിന്തുണയ്ക്കാമെന്നു ഘടകകക്ഷികള്‍ പറഞ്ഞു. ബിജെപി പരീക്കറോട് ഗോവയിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വീണ്ടും 
ഗോവയിലെത്തി മുഖ്യമന്ത്രിയായി. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാനാകാതെ  പോയത് കോണ്‍ഗ്രസിന് ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറി.  40 അംഗ സഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ  കോണ്‍ഗ്രസ് 17 സീറ്റ് നേടിയിരുന്നു. എന്നാല്‍, സഖ്യ  കക്ഷികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണ ഉറപ്പിക്കാന്‍ പരീക്കര്‍ നടത്തിയ നീക്കങ്ങള്‍ ഫലം കാണുകയായിരുന്നു. 

അര്‍ബുദ രോഗത്തിന്റെ പിടിയില്‍ 

മുഖ്യമന്ത്രി പദത്തിലിരിക്കെയാണ് അദ്ദേഹത്തെ അര്‍ബുദം പിടികൂടുന്നത്. മുംബൈയിലും പിന്നീട് അമേരിക്കയിലും ചികിത്സ കഴിഞ്ഞ് ഗോവയില്‍ മടങ്ങിയെത്തിയ അദ്ദേഹം രോഗക്കിടക്കയില്‍ കിടന്നാണു ഭരണം നിര്‍വഹിച്ചത്. കോണ്‍ഗ്രസിന്റെയും എന്‍ഡിഎ  കക്ഷികളുടെയും  കണക്കുകൂട്ടലുകളെ തകിടം മറിച്ച്  പരീക്കര്‍തന്നെ  മുഖ്യമന്ത്രി സ്ഥാനത്തു തുടര്‍ന്നു. 

റഫാല്‍ ഭയം 

മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാല്‍  റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും പുറത്തുവന്നേക്കാമെന്ന് മോദിയും അമിത് ഷായും ഭയന്നിരുന്നതായി കോണ്‍ഗ്രസ് ആരോപിച്ചതോടെ പരീക്കര്‍ വിവാദ പുരുഷനുമായി. പ്രതിരോധ  മന്ത്രിയായിരുന്ന പരീക്കര്‍ ബ്ലാക്ക് മെയില്‍ ചെയ്യുമെന്ന ഭയത്താലാണു മുഖ്യമന്ത്രിസ്ഥാനം  ബിജെപി മറ്റാര്‍ക്കും നല്‍കാതിരുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്  റഫാല്‍ ഇടപാടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അനാരോഗ്യത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്  മാറ്റിയാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പരീക്കര്‍ പോകുമെന്ന് നേതൃത്വത്തിന്  ഭയമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം

പരീക്കര്‍ മരണത്തിനു കീഴടങ്ങിയതോടെ ഗോവ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ബിജെപിയുമായി ആശയപരമായി വിയോജിക്കുന്നവര്‍ക്കുപോലും സ്വീകാര്യനായ നേതാവായിരുന്നു മനോഹര്‍ പരീക്കര്‍. പ്രാദേശിക പാര്‍ട്ടികളായ ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരെ  കൂടെക്കൂട്ടിയായിരുന്നു പരീക്കറുടെ ഭരണം. പരീക്കറെ മുഖ്യമന്ത്രി പദത്തില്‍ നിന്നു മാറ്റിയാല്‍ സഖ്യം  തകരുമെന്ന ഭയത്താലാണ് ആരോഗ്യനില തീര്‍ത്തും വഷളായിട്ടും പരീക്കറെ  മാറ്റാന്‍ ബിജെപി തയാറാകാതിരുന്നത്. സഖ്യകക്ഷികളെക്കൂടി  തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു നേതാവിനു  മാത്രമേ ഗോവയില്‍ പരീക്കറിന്  പകരക്കാരനാവാന്‍ സാധിക്കൂ. മനോഹര്‍ പരീക്കറിന് പകരം മറ്റാരാള്‍  മുഖ്യമന്ത്രിയായാല്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍  പുനരാലോചന നടത്തേണ്ടി വരുമെന്ന് ഗോവ ഫോര്‍വേഡ്  പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായ് നേരത്തെ പറഞ്ഞിരുന്നു. സഖ്യകക്ഷികളുടെ ഈ നിലപാട്  അവസരമാക്കി മാറ്റാനാണു കോണ്‍ഗ്രസിന്റെ നീക്കം.

Monday, February 4, 2019

നന്മയുടെ ചായക്കൂട്ട്

വൈദികരായ ഫാ. സുനില്‍ ജോസ് സിഎംഐ, സിസ്റ്റര്‍ സാന്ദ്ര സോണിയ എസ്എഫ്എം,  ഫാ. ജോയ്‌സണ്‍ ഒഎഫ്എം കപ്പൂച്ചിന്‍, ഫാ. കെ. എം. ജോര്‍ജ്,  ഫാ. റോയ് എം. തോട്ടം എസ്‌ജെ, അതുല്യപ്രിയ, ജിതിന്‍ പി. വിത്സണ്‍ തുടങ്ങിയവര്‍




''വിഭജനങ്ങളില്ലാത്ത വൈവിധ്യങ്ങളുടെ സൗന്ദര്യവും അതിരുകളില്ലാത്ത പാരസ്പര്യവും കാപട്യരഹിതവും തനിമയുള്ള സൗഹൃദത്തിന്റെ ഈര്‍പ്പം നിറഞ്ഞതുമായ ഒരു ലോകം.' ഇ വരികള്‍ അത്ര എളുപ്പമല്ലാത്ത, വളരെ ദീര്‍ഘകാലയളവ് വേണ്ടിവരുന്ന ഒരു ദൗത്യത്തിന്റെ പേരിനു താഴെ എഴുതപ്പെട്ടതാണ്.  കലാപ്രവര്‍ത്തനങ്ങളിലൂടെ സമാധാനത്തിന്റെ സന്ദേശവാഹകരാവുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാര്‍പ് (company of artists for radiance of peace) എന്ന കൂട്ടായ്മയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.  കലാകാരന്മാരായ എട്ടു വൈദികരും ഒരു സന്യാസിനിയുമാണ് കാര്‍പ്പിന്റെ പിന്നിലുള്ളത്.  ''ദയയുടെയും ലാവണ്യബോധത്തിന്റെയും ഭാവനാത്മകതയിലേക്കുള്ള പ്രയാണത്തിന്റെ അനിവാര്യത കലയിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുകയും സമാനഹൃദയരെ അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു.  കല, കലഹങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമാണ്.  ഹിംസയ്‌ക്കെതിരേയുള്ള സമാധാനത്തിന്റെ നിലപാടുകളാണ്. മനുഷ്യരുടെ മനസുകളെ ശുദ്ധീകരിക്കുന്ന സ്വച്ഛതയാണ്.'' എന്നാണ് കാര്‍പ്പിന്റെ ദൗത്യത്തെക്കുറിച്ചു സ്ഥാപകാംഗം ഫാ. റോയ് തോട്ടത്തില്‍ പറയുന്നത്.

അടുത്തിരിക്കുന്നവരില്‍ ദൈവത്തെ കാണണം എന്ന ഭാരതീയ ദര്‍ശനത്തില്‍നിന്ന് അപരനെ നരകമായി കാണുന്ന വര്‍ത്തമാന കാലത്ത് ''കാര്‍പ്'' എന്ന കൂട്ടായ്മയ്ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്.  പ്രകൃതിയെ തങ്ങളുടെ നിലനില്പിനുവേണ്ടി പ്രയോജനപ്പെടുത്തുന്നതിനു പകരം സ്വാര്‍ഥതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവാണ് പ്രകൃതിചിത്രരചനാ ക്യാമ്പുകളിലേക്കുകൂടി തങ്ങളെ എത്തിച്ചതെന്നു കാര്‍പ്പിലെ അംഗവും തൃശൂര്‍ സെന്റ് അലോഷ്യസ് കോളജിലെ മലയാളം അധ്യാപകനുമായ ഫാ. സുനില്‍ ജോസ് സിഎംഐ പറഞ്ഞു. പ്രകൃതിഭംഗിക്ക് പേരുകേട്ട വാഗമണിലെ പാലറ്റ് പീപ്പിള്‍ ആര്‍ട്ട് റസിഡന്‍സിയില്‍ നടന്ന ചിത്രകലാ ക്യാമ്പ് മുതലാണ് ''കാര്‍പ്പി''നെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്.  വാഗമണ്‍ ക്യാമ്പിലെ ചിത്രങ്ങള്‍ ''ദയാതുഷാരങ്ങള്‍'' എന്ന പേരില്‍ കൊച്ചി ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

കഴിഞ്ഞയാഴ്ച കോട്ടയം ഞാലിയാകുഴിയിലെ മാര്‍ ബസേലിയോസ് ദയറയില്‍ നടന്ന ത്രിദിന ചിത്രരചനാ ക്യാമ്പിന്റെ സംഘാടകന്‍ അന്താരാഷ്ട്ര പ്രശസ്തനായ തത്വ ചിന്തകനും അധ്യാപകനും ചിത്രകാരനുമായ ഫാ. കെ. എം. ജോര്‍ജായിരുന്നു. മാര്‍ ബസേലിയോസ് ദയറയില്‍ അദ്ദേ ഹം ഡയറക്ടറായ സോപാന അക്കാഡമിയിലായിരു ന്നു ക്യാന്പ് വൈദികരായ ഫാ. സുനില്‍ ജോസ് സിഎംഐ, ഫാ. റോയ് എം. തോട്ടം എസ്‌ജെ, ഫാ. കെ. എം. ജോര്‍ജ്, ഫാ. ജോയ്‌സണ്‍ ഒഎഫ്എം കപ്പൂച്ചിന്‍, സിസ്റ്റര്‍ സാന്ദ്ര സോണിയ എസ്എഫ്എം, അതുല്യപ്രിയ, ജിതിന്‍ പി. വിത്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രകൃതി മനുഷ്യന് ജീവിക്കാനുള്ള ഇടം മാത്രമല്ല ഒരുക്കുന്നതെന്നും, മറിച്ച് മാനവരാശിക്ക് നന്മയുടെ വലിയ സന്ദേശങ്ങളും നല്കുന്നുണ്ടെന്ന് ഫാ. ജോയ്‌സണ്‍ തന്റെ ചിത്രങ്ങളിലൂടെ ലോകത്തിനു കാണിച്ചുകൊടുക്കുന്നു.  വാഗമണ്ണിലെ മലനിരകളില്‍നിന്നു ശേഖരിച്ച പച്ചപ്പുല്ല് ചിത്രത്തിനോടൊപ്പം ക്യാന്‍വാസില്‍ ഒട്ടിച്ച് ചേര്‍ത്താണ് അദ്ദേഹം തന്റെ ചിത്രം പൂര്‍ത്തിയാക്കിയത്.  പ്രകൃതിയും മനുഷ്യനും വേറിട്ട് നില്‍ക്കേണ്ടവരെല്ലെന്നും രണ്ടും പരസ്പരം ലയിച്ചു ചേരേണ്ടതാണെന്നും അദ്ദേഹം തന്റെ ചിത്രത്തിലൂടെ കാഴ്ചക്കാരോട് വിളിച്ചുപറയുന്നു.  കേരളം നേരിട്ട പ്രളയം ഈ ലയിച്ചുചേരലില്‍ നിന്നുള്ള പിന്നോട്ടുപോക്കുമൂലമാണെന്ന് അദ്ദേഹം പറഞ്ഞു.  പ്രകൃതി മനുഷ്യനു നല്കുന്ന നന്മകളെ തിരികെപ്പിടിക്കുകയെന്ന മഹത്തായ സന്ദേശമാണ് ജോയ്‌സണ്‍ തന്റെ ചിത്രത്തിലൂടെ മാനവരാശിക്കു നല്കുന്നത്. സ്ഥാപിത താത്പര്യങ്ങളോടുള്ള മനുഷ്യരുടെ ഇടപെടലുകളെ നിയന്ത്രിക്കാന്‍ നമ്മള്‍ തയാറാവാത്തപക്ഷം, പ്രകൃതി ജൈവ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നടത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണ് കേരളത്തിലുണ്ടായ പ്രളയമെന്നും ഫാ. ജേയ്‌സണ്‍ തന്റെ പരീക്ഷണ ചിത്രത്തിലൂടെ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞുവയ്ക്കുന്നു.

ഫാ. റോയ് എം. തോട്ടത്തെ സംബന്ധിച്ച് ഓരോ ചിത്രവും സ്വത്വാന്വേഷണമാണെന്നു പറയാം.  ''ആര്‍ദ്രം'' എന്നു പേരിട്ട ചിത്രത്തിലൂടെ അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ആര്‍ദ്രതയാണു കാഴ്ചക്കാരനിലേക്കെത്തിക്കുന്നത്.  ദയറയിലെ ചാപ്പലിലുണ്ടായിരുന്ന ഒരു ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആര്‍ദ്രം പൂര്‍ത്തിയാക്കിയതെന്നു ഫാ. റോയ് വ്യക്തമാക്കുന്നു.  ''മാതാവിന്റെ മടിയിലിരിക്കുന്ന യേശു ക്രിസ്തുവിന്റെ ചിത്രത്തില്‍നിന്നാണ് മനുഷ്യര്‍ തമ്മിലുള്ള ആര്‍ദ്രമായ ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നത്.  അത് പിന്നീട് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലേക്കെത്തുകയായിരുന്നു.  അങ്ങനെയാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആര്‍ദ്രമായ അനുഭവത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതും ചിത്രം പൂര്‍ത്തിയാക്കുന്നതും.'' ഫാ. റോയ് പറഞ്ഞു.  ഒരു മരത്തിനുള്ളിലിരിക്കുന്ന അമ്മയും കുഞ്ഞുമാണ് ചിത്രത്തിലുള്ളത്.  പ്രകൃതിയുടെ കരുതലിന്റെ പ്രതീകമായാണ് മരം ചിത്രീകരിച്ചിരിക്കുന്നത്.

മനുഷ്യന്‍ എന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്.  ചിലപ്പോള്‍ സാമൂഹ്യജീവിയായിരിക്കുന്ന മനുഷ്യന്‍ ചില സനയങ്ങളിലെങ്കിലും സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങാറുമുണ്ട്.  പരസ്പരവിരുദ്ധമായ മനുഷ്യന്റെ മനോനിലയെ ആണ് ഫാ. സുനില്‍ ജോസ് സിഎംഐ തന്റെ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. നീലാകാശത്ത് ഒറ്റയ്്ക്കു നില്‍ക്കുന്ന ഒരു തുണ്ടു ഭൂമിയില്‍ നില്‍ക്കുന്ന ഒരു വീടും മരവുമാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്.  ആ ഇടത്തിലേക്ക് പറന്നെത്തുന്ന രണ്ടു മനുഷ്യരും ചിത്രത്തിലുണ്ട്.  വിഭാഗീയമായ ചിന്തകളുടെ പിന്നാലെ പോയി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ചിത്രീകരണമായും; വര്‍ത്തമാനകാലത്തിന്റെ പോക്കില്‍ മനംമടുത്ത് സ്വന്തം ചിന്തകളിലേക്കു മാത്രമായി ഒതുങ്ങുന്ന മനുഷ്യരുടെ ചിത്രീകരണമായും വ്യാഖ്യാനിക്കാന്‍ ഇടനല്കുന്ന ചിത്രമാണ് ഫാ. സുനില്‍ ജോസിന്റേത്.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ ചിത്രകലാ വിദ്യാര്‍ഥിയായ സിസ്റ്റര്‍ സാന്ദ്ര സോണിയ വരച്ച ചിത്രം വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടിയാണ്.  കൊളോസിയത്തിലേക്കു വീഴുന്ന ഒരു മത്സ്യത്തെയാണ് സിസ്റ്റര്‍ ചിത്രീകരിച്ചിരിക്കുന്നത്.  പതിനായിരക്കണക്കിനു ജനങ്ങളുടെ ആവേശവും ആര്‍പ്പുവിളികളും ഗ്ലാഡിയേറ്ററുകളുടെ ആക്രോശങ്ങളും കുതിരക്കുളമ്പടികളും വന്യമൃഗങ്ങളുടെ ഗര്‍ജനങ്ങളും നിറഞ്ഞ കൊളോസിയത്തിലേക്കു വീഴുന്ന മത്സ്യം ക്രിസ്തുവിനെയും സഭയെയും പ്രതിനിധീകരിക്കുന്നു.  സമകാലിക ലോകത്ത് സഭ നേരിടുന്ന വെല്ലുവിളികളെയാണ് സിസ്റ്റര്‍ സാന്ദ്ര സോണിയ ചിത്രീകരിച്ചത്.  അധികാരവും അഹംബോധവും പിടിമുറുക്കുന്നതിലൂടെ അധര്‍മവും തിന്മയും അഴിഞ്ഞാടുന്ന വേദിയില്‍ മനുഷ്യത്വവും മാനവികതയും വെറും കാഴ്ചക്കാരായി മാറുന്നതിന്റെ വേദന സാന്ദ്രസോണിയ തന്റെ ചിത്രത്തിലൂടെ വരച്ചിടുന്നു.  സമകാലിക വിഷയങ്ങളിലെ സൂക്ഷ്മ രാഷ്ട്രീയം പറയുന്ന സാന്ദ്രസോണിയ ജീവിതത്തിലും പ്രകൃതിയോടും മനുഷ്യര്‍ പുലര്‍ത്തേണ്ട കരുണയുടെയും നന്മയുടെയും വക്താവാകുന്നു.
വാസ്തുവിദ്യാ ഗുരുകുലത്തിലടക്കം ശ്രദ്ധേയമായ മ്യൂറല്‍ പെയിന്റിംഗുകള്‍ വരച്ചിട്ടുള്ള ജിതിന്‍ പി. വിത്സന്‍രെ ചിത്രം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.  ഇന്നു നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതരത്വത്തിന്റെ ഉദാത്തമായ സന്ദേശമാണ് ഒരു വള്ളത്തില്‍ സഞ്ചരിക്കുന്ന ശ്രീകൃഷ്ണന്റെയും ക്രിസ്തുവിന്റെയും ചിത്രത്തിലൂടെ അദ്ദേഹം കാഴ്ചക്കാരിലെത്തിക്കുന്നത്. ക്യാമ്പ് നടന്ന സ്ഥലത്തു കണ്ട പുഷ്പത്തിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ ക്യാന്‍വാസിലേക്കു പകര്‍ത്തിയ അതുല്യപ്രിയയും പന്ത്രണ്ടുവയസുകാരി ആഞ്ജലിറ്റയും ചിത്രരചനാ ക്യാമ്പിനെ സജീവമാക്കി.


കാര്‍പ്പില്‍ സഹകരിക്കാന്‍ സമാന മനസ്‌കരായ പുതുതലമുറ കലാകാരന്‍മാര്‍ വരുന്നത് വലിയ പ്രതീക്ഷയാണു നല്‍കുന്നതെന്നു ഫാ. റോയ് എം തോട്ടം പറയുന്നു. ' ചിത്രരചനയില്‍ പ്രാഗത്ഭ്യം തെളിയിച്ച വൈദികരുടെയും സന്യാസിനികളുടെയും കൂട്ടായ്മയെന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും. ഇന്ന് അത് സമാന ആശയങ്ങള്‍ പിന്തുടരുന്നവരുടെ കൂട്ടമായി വളര്‍ന്നത് ഞങ്ങള്‍ മുന്നോട്ടുവച്ച ആശയത്തിന്റെ സ്വീകാര്യതയും സത്യസന്ധതയുമാണ് കാണിക്കുന്നത്. കാര്‍പ് ലോകത്തോടു പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എത്തേണ്ടത് പുതിയ തലമുറയിലാണ്. അതു കൊണ്ടുതന്നെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സാപ് (സ്റ്റുഡന്റ് ആര്‍ട് ഫോര്‍ പീസ്) എന്ന കൂട്ടാമയും ആരംഭിക്കുന്നത്. കലയോടു കൂട്ടു ചേര്‍ന്ന കുട്ടികളുടെ കൂട്ടായ്മയാണ് സാപ്. 'സര്‍ഗാത്മകതയുടെ ആനന്ദത്തില്‍ ലയിച്ച്, കുട്ടിത്തത്തിന്റെ നന്മകളെ വളര്‍ത്തിയെടുക്കാനും കാത്തുസൂക്ഷിക്കാനും ഉതകുന്നവിധത്തില്‍ കുട്ടികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയാണു സാപ്പിന്റെ ലക്ഷ്യം. പാലാ രിവട്ടം പിഒസിയിലും കൊല്ലം മുഖത്തലയിലും നടന്ന ക്യാമ്പില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയുണ്ടായി. അത് വലിയ പ്രതീക്ഷകളാണു ഞങ്ങള്‍ക്കു നല്‍കുന്നത്. ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ നിരവധിയാളുകള്‍ മുന്നോട്ടു വരുന്നുണ്ട്. ഏറ്റെടുത്തിരിക്കുന്നത് വളരെ വലിയ ദൗത്യമാണെന്നു ഞങ്ങള്‍ക്കറിയാം. അതില്‍ പരമാവധി മുന്നോട്ടു പോവുകയാണു ഞങ്ങളുടെ ലക്ഷ്യം'' ഫാ. റോയി പറഞ്ഞു നിര്‍ത്തി.



Sunday, January 27, 2019

കിച്ചുക്കുട്ടന്റെ ചിത്രരചനാ പരീക്ഷണങ്ങള്‍

എന്റെ മകന്‍ കിച്ചു എന്ന സാര്‍ത്ഥക് വരച്ച ചിത്രങ്ങളില്‍ ചിലത്

കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളില്‍
ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്‌







FACEBOOK COMMENT BOX