Sunday, March 22, 2009

കാലത്തിന്റെ ഒറ്റവര ബുക്കില്‍ എഴുതപ്പെട്ടത്‌

എനിക്കു ചുറ്റിലും തണുപ്പാണ്‌
സിരകളില്‍ രക്തം ഉറയുന്ന
ഒഴുകുന്ന നദികള്‍ നിശ്ചലമാകുന്ന
തണുപ്പ്‌
എന്റെ എരിയുന്ന നെഞ്ചില്
ശൈത്യം നെരിപ്പോട്‌ തിരയുന്നു
എനിക്കു പരിഭവമില്ല
അല്ലെങ്കിലും
ഉരുകിയൊഴുകുന്ന മെഴുകുതിരിക്ക്‌
കരയാന്‍ അവകാശമില്ല

ദുഖമാകുന്നതെങ്ങനെയെന്നു ഞാനറിഞ്ഞു
വസന്തം.
പങ്കുവയ്‌ക്കുന്നത്‌ ദുഖമാണെന്നറിഞ്ഞു
പങ്കുവയ്‌ക്കപ്പെടാനാവാതെ നെഞ്ചില്‍ കാത്ത പ്രണയം
അതിശൈത്യത്തിന്റെ നോവില്‍
ഉറഞ്ഞു പോയതും ഞാനറിഞ്ഞു

അറിവുകള്‍ ഇവിടെ തീരുന്നു
ഉളളു നിറഞ്ഞ പ്രതീക്ഷകള്
‍സായംകാല കിനാവുകള്‍
ജരബാധിച്ച സ്‌മൃതികള്‍
എല്ലാം ഇവിടെ തീരുകയാണ്‌

അറിയാത്ത വാക്കിന്റെ
പൊരുള്‍ തേടിയ യാത്രയില്‍
നെഞ്ചില്‍ തറച്ച തുരുമ്പിച്ച
ആണിത്തുമ്പിനാല്‍ സ്വപ്‌നങ്ങള്‍
കുത്തിക്കീറപ്പെട്ടപ്പോഴും
മണ്‍ചിരാതിന്റെ പ്രകാശത്തില്‍
നിശബ്ദതയില്‍ കാതോര്‍ത്തപ്പോഴും
കുയില്‍പാട്ടായ്‌
നന്‍മയുടെ നനവായ്‌
പിരിയാത്ത നിഴലായ്‌
അനുയാത്ര ചെയ്‌ത
ഏവര്‍ക്കും ഈ ജീവിതം മാത്രം

മരക്കൊമ്പില്‍നിന്നും തെറിച്ചു പോയ
പറവക്കൂട്ടം പോലെ,
കാലത്തിന്റെ ഒറ്റവര ബുക്ക്‌
മാര്‍ജിനില്‍ തിരുത്തലുകള്‍ക്കായി
എഴുതിച്ചേര്‍ത്ത ഈ ജീവിതം......

2 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഞാനറിഞ്ഞു എഴുതിച്ചേര്‍ത്ത ഈ
വസന്തം.

:)

നരിക്കുന്നൻ said...

‘...അല്ലെങ്കിലും
ഉരുകിയൊഴുകുന്ന മെഴുകുതിരിക്ക്‌
കരയാന്‍ അവകാശമില്ല‘

നല്ല വരികൾ!

FACEBOOK COMMENT BOX