Wednesday, December 15, 2010

വിശ്വദര്‍ശന സാനുവില്‍

സന്ദീപ് സലിം


സാഹിത്യത്തിലെ ലാവണ്യാനുഭവങ്ങളുടെയും ജീവിത മൂല്യങ്ങളുടെയും പാ0ങ്ങള്‍ പഠിപ്പിച്ച അധ്യാപകന്‍, കാവ്യാനുഭവങ്ങളില്ൂടെ സംസ്കാരത്തെ അളക്കുന്ന സാഹിത്യവിമര്‍ശകന്‍, സ്വകീയ ശൈലികൊണ്ട് വായനക്കാരെ ത്രസിപ്പിച്ച എഴുത്തുകാരന്‍ പ്രഫ. എം. കെ. സാനുവിനു നല്‍കാവുന്ന വിശേഷണങ്ങള്‍ പലതാണ്.

മലയാള നിരൂപണ രംഗത്തും ജീവചരിത്രസാഹിത്യ രംഗത്തും ദശകങ്ങളായി നിറഞ്ഞു നില്‍ക്കുന്ന സര്‍ഗധനനായ എഴുത്തുകാരനാണ് എം. കെ. സാനു.

ഭാഷയുെട പ്രസാദാത്മകതയും ആര്‍ജവവുമാണ് മാഷിന്റെ കൃതികളെ വ്യത്യസ്തമാക്കുന്നത്. സമകാലികനിരൂപകരില്‍ പലരും എഴുത്തിലെ ഉപരിപ്ലവ സൗന്ദര്യത്തിനു പ്രമുഖ്യം നല്‍കിയപ്പോള്‍ മാഷ് രചനയുടെ ആന്തരികസൗന്ദര്യത്തിനാണ് ഊന്നല്‍ നല്കിയത്. മാഷിന്റെ എഴുത്തിലായാലും പ്രസംഗത്തിലായാലും കണ്ടെത്താനാവുന്ന മറ്റൊരു സവിശേഷത കഥാകഥന രീതിയും നാടകീയതയുമാണ്. മാഷിന്റെ കൃതികളെ ജനപ്രയമാക്കുന്ന ഒരു ഘടകം ഇതാവാം. മലയാള ജീവചരിത്രശാഖയെ ഇത്രമാത്രം സര്‍ഗാത്മകമാക്കിയ മറ്റൊരു എഴുത്തുകാരനുണ്ടോയെന്നു സംശയം. സാനുമാഷിന്റെ ജീവചരിത്രങ്ങളെ സാനുചരിതങ്ങള്‍ എന്നാണു പ്രശസ്തകവി ഡോ. അയ്യപ്പപ്പണിക്കര്‍ വിശേഷിപ്പിച്ചത്. ""വസ്തുസ്ഥിതിവിവരക്കണക്കുകളോ വിരസമായ പാണ്്ഡിത്യപ്രകടനങ്ങളോ സാനുവിന്റെ കൃതികളില്‍ കാണാനാവില്ല. വിതണ്ഡാവാദകോലാഹലങ്ങളുടെ അന്തരീക്ഷവും അദ്ദേഹത്തിന്റെ കൃതികളിലില്ല. കേവല സാമൂഹിക രാഷ്ട്രീയ തത്ത്വങ്ങളുടെയോ സാഹിത്യ കലാ സിദ്ധാങ്ങളുടെയോ ചതുരക്കളളിക്കുളളില്‍ നില്‍ക്കുന്നതുമല്ല സാനുവിന്റെ കൃതികള്‍. തുടക്കം മുതല്‍ ഒടുക്കംവരെ നിലനില്ക്കുന്ന ഒരു അന്ത:സംഘര്‍ഷത്തിന്റെ- പിരിമുറുക്കത്തിന്റെ- അടിസ്ഥാന ശ്രുതിയിലാണ് സംവേദന ക്ഷമത തുളുമ്പുന്ന വാക്കുകളിലൂടെ സാനു തന്റെ കൃതികള്‍ രചിച്ചിരിക്കുന്നത്''. അയ്യപ്പപ്പണിക്കര്‍ പറഞ്ഞു വയ്ക്കുന്നു.

ഓര്‍മക്കുറിപ്പുകള്‍, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി സാനു മാഷിന്റെ കൈയൊപ്പു പതിഞ്ഞ രചനാമേഖലകള്‍ നിരവധിയാണ്. വിവര്‍ത്തന രംഗത്തും മാഷ് പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

അധ്യാപകന്‍, നിരൂപകന്‍, സാമൂഹിക ചിന്തകന്‍, പത്രാധിപര്‍, പൊതുപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ ബഹുതലങ്ങളില്‍ സ്വന്തം മുദ്രപതിപ്പിച്ച സാനുമാഷിന്റെ സാഹിത്യ സപര്യയ്ക്ക് അമ്പതു വയസാവുന്നു. ഒക്ടോബര്‍ 27ന് എണ്‍പത്തി രണ്ടാം വയസു കടക്കുന്ന മാഷ് തന്റെ സാഹിത്യ - അധ്യാപന ജീവിതത്തെ കുറിച്ച് മനസു തുറക്കുന്നു;



സാഹിത്യത്തിലേക്കും എഴുത്തിലേക്കും കടന്നുവന്നത് എങ്ങനെ?



വളരെ ചെറുപ്പത്തില്‍ത്തന്നെ സാഹിത്യാഭിരുചി ഉണ്ടായിരുന്നു. ഞാന്‍ ജനിച്ചത് ഒരു കൂട്ടുകുടുംബത്തിലാണ്. ഏകദേശം ഒരേ പ്രായമുള്ള നിരവധി പേര്‍ ഞങ്ങളുടെ കുടുംബത്തിലുണ്ടായിരുന്നു. ആ കാലത്തൊക്കെ ഞങ്ങളുടെ പ്രധാന വിനോദങ്ങളില്‍ ഒന്ന് അക്ഷര ശ്ലോകം ആയിരുന്നു. പലപ്പോഴും പല ശ്ലോകങ്ങളുടെയും അര്‍ഥം മനസിലാകാതെ വരുമ്പോള്‍ അച്ഛനോടും വീട്ടിലെ മറ്റു മുതിര്‍ന്നവരോടും ചോദിക്കാറുണ്ടാ യിരുന്നു. വീട്ടിലെ ഒട്ടുമിക്ക മുതിര്‍ന്നവരും കവിത ആസ്വദിക്കുന്നവര്‍ ആയിരുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. സന്ധ്യാപ്രാര്‍ഥന അന്നു ഞങ്ങളുടെ വീട്ടില്‍ പതിവായിരുന്നു. അതിലെ ചില പ്രാര്‍ഥനകള്‍ കവിതകളുമായിരുന്നു. അതില്‍ ആശാന്‍ കവിതകള്‍ പ്രഥമഗണനീയവും ആയിരുന്നു.

പിന്നെ, സാഹിത്യാഭിരുചിയുള്ള നിരവധി സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നു. അങ്ങനെ പുസ്തകങ്ങള്‍ വായിക്കുന്ന ശീലത്തിലേക്കു വരികയും പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കാന്‍ തുടങ്ങുകയും ചെയ്തു. ചങ്ങമ്പുഴയുടെ രമണനൊക്കെ വളരെ ദൂരം സൈക്കിള്‍ ചവിട്ടി സഞ്ചരിച്ചാണു സംഘടിപ്പിച്ചത്. അതും കവിത കടലാസില്‍ എഴുതിയെടുത്താണ് വായിച്ചിരുന്നത്. പിന്നീട് പുരോഗമന സാഹിത്യത്തില്‍ ആകൃഷ്ടനാവുകയും പതിയെപ്പതിയെ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങുകയും ചെയ്തു.



എഴുതിത്തുടങ്ങിയതു കഥകളാണ് എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. അതുശരിയാണോ? പിന്നീട് എന്തുകൊണ്ടാണു നിരൂപണത്തിലേക്കു വന്നത്?



ഞാന്‍ പറഞ്ഞല്ലോ കഥകളും ലേഖനങ്ങളുമാണ് എഴുതിയിരുന്നതെന്ന്. അക്കാലത്ത് കഥയും കവിതയുമൊക്കെ എഴുതണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എഴുതിത്തുടങ്ങിയ കാലമാണല്ലോ അത.് എന്നാല്‍ എഴുതിയ പലതും ആഗ്രഹിച്ച രീതിയില്‍ വന്നില്ല. അങ്ങനെയാണു പതുക്കെ കഥയെഴുത്തു നിര്‍ത്തിയത്. കെ.ബാലകൃഷ്ണനെപ്പോലുള്ളവര്‍ പ്രശംസിച്ച കഥയൊക്കെ എഴുതിയിട്ടുണ്ട്. പക്ഷേ പിന്നീട് അതുപോലെ എഴുതാന്‍ കഴിയാതെ പോവുകയായിരുന്നു. എങ്കിലും മനസില്‍ ഇപ്പോഴും ചില പ്രമേയങ്ങളൊക്കെയുണ്ട്.



അധ്യാപകനും എഴുത്തുകാരനും. എങ്ങെന താരതമ്യം ചെയ്യുന്നു?



അധ്യാപകന്‍ എന്ന നിലയിലാണ് അല്പമെങ്കിലും പൂര്‍ണതയോടു ചേര്‍ന്നു നില്ക്കുന്നതായി എനിക്കു തോന്നിയിട്ടുള്ളത.് എഴുത്തു കാരന്‍ എന്നനിലയില്‍ ഞാന്‍ സംതൃപ്തനല്ല.



അധ്യാപന ജീവിതത്തെക്കുറിച്ച്?



വളരെ അപ്രതീക്ഷിതമായി അധ്യാപനരംഗത്ത് എത്തിച്ചേര്‍ന്ന ആളാണു ഞാന്‍. ഇന്റര്‍മീഡിയറ്റ് പരീക്ഷ കഴിഞ്ഞ് എങ്ങോട്ടുപോകണമെന്ന് അറിയാതെ ചിന്തിച്ചുനിന്നിരുന്ന ഒരു സമയം എനിക്കുണ്ടായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നംമുലം ഉന്നത പഠനം അന്നു സാധ്യമാവുകയില്ലായിരുന്നു. അക്കാലത്തു ഞങ്ങളുടെ വീടിനടുത്ത് ഏതാണ്ട് നാലു കിലോമീറ്റര്‍ അകലെ വളരെ പ്രശസ്തമായ രീതിയില്‍ നടന്നു വന്നിരുന്ന ഒരു സ്കൂള്‍ ഉണ്ടായിരുന്നു. ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍. അവിടത്തെ ഹെഡ്മാസ്റ്ററുടെ നിര്‍ദേശ പ്രകാരം ഞാന്‍ അവിടെ അധ്യാപകനായി ചേര്‍ന്നു. അങ്ങനെയാണ് എന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നതെന്നു പറയാം. പിന്നീട് ഹെഡ്മാസ്റ്റര്‍ പത്മനാഭന്‍ സാറിന്റെ തന്നെ നിര്‍ബന്ധത്തിനു വഴങ്ങിയാണു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കാന്‍ പോകുന്നത്. അവിടെ അന്ന് മലയാളം വകുപ്പിന്റെ തലവനായിരുന്നത് നാടകകൃത്ത് എന്‍. കൃഷ്ണപിള്ള സാറായിരുന്നു. എനിക്ക് മതിപ്പുതോന്നിയിട്ടുള്ള അധ്യാപകരുടെ ഗണത്തില്‍ മുഖ്യസ്ഥാനം കൃഷ്ണപിള്ള സാറിനുണ്ട്. പാഠപുസ്തകങ്ങളില്ലാതെ ക്ലാസെടുക്കുന്ന രീതിയാണ് കൃഷ്ണപിള്ള സാറിന്റേത്. സി. വി. രാമന്‍പിളളയുടെ രാമരാജബഹദൂറൊക്കെ പുസ്തകമില്ലാതെ പഠിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. സാറിനോടുള്ള മതിപ്പുകൊണ്ടാണോ അതോ അദ്ദേഹം പിന്‍തുടര്‍ന്നിരുന്ന രീതിയോടുള്ള മതിപ്പു കൊണ്ടാണോ എന്നറിയില്ല, പില്‍ക്കാലത്ത് ഞാനും പാഠപുസ്തകങ്ങളില്ലാതെയാണ് പഠിപ്പിച്ചിരുന്നത്.

ഞാന്‍ മുന്‍പു സൂചിപ്പിച്ചതുപോലെ, അധ്യാപകന്റെ വേഷത്തില്‍ ക്ലാസില്‍ നില്ക്കുമ്പോള്‍ അനുഭവിച്ചിരുന്ന സന്തോഷവും സംതൃപ്തിയും മറ്റൊരിടത്തുനിന്നും എനിക്ക് ലഭിച്ചിട്ടില്ല.



കേരള സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള പതിനൊന്നോളം വ്യക്തികളുടെ ജീവചരിത്രം രചിച്ചിട്ടുള്ള ആളാണല്ലോ അങ്ങ്. അതില്‍ ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, ചങ്ങമ്പുഴ, ബഷീര്‍, എം. ഗോവിന്ദന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ വളരെയധികം വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജീവചരിത്ര രചനയ്ക്കായി വ്യക്തികളെ തെരഞ്ഞെടുക്കുന്നതില്‍ മാഷിന്റെ മാനദണ്ഡം എന്തായിരുന്നു?



പ്രത്യേകിച്ച് അങ്ങനെ മാനദണ്ഡങ്ങളൊന്നുമില്ലായിരുന്നു. സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുകയും എന്നാല്‍ ശരിയായ രീതിയില്‍ വായിക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്യാതെ പോവുകയും ചെയ്തവരെയാണ് ഞാന്‍ ജീവചരിത്രരചനയ്ക്കായി തെരഞ്ഞെടുത്തത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് എം.ഗോവിന്ദന്റെ ജീവചരിത്രം. പ്രഗത്ഭനായ ഒരു ആശയ ഉത്പാദകനായിരുന്നു എം.ഗോവിന്ദന്‍. മൗലികമായ ചിന്തകളുടെ ഉറവിടം കൂടിയായിരുന്നു അദ്ദേഹം. എനിക്ക് അടുത്ത് പരിചയമുള്ള വ്യക്തിത്വം. ഞങ്ങളൊക്കെ ജീവിച്ചകാലത്തെ അറിയുകയും വിശകലനം ചെയ്യുകയും ചെയ്ത് അതില്‍ നിന്നു നിരവധി ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും മറ്റുള്ളവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്ന ആളാണ് എം. ഗോവിന്ദന്‍. എന്നാല്‍ അദ്ദേഹം മുന്നോട്ടുവച്ച ചിന്തകളോടു മലയാളികള്‍ പ്രതികരിച്ചതു ശരിയായ രീതിയില്‍ ആയിരുന്നില്ല എന്ന തോന്നലാണ് എം. ഗോവിന്ദന്റെ ജീവചരിത്രമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

അതുപോലെതന്നെ ബഷീറിന്റെ ജീവചരിത്രം. ഒരുപക്ഷേ പൊതുസമൂഹത്തിന് അത്ര പരിചിതനായ ബഷീര്‍ അല്ല എന്റെ ജീവചരിത്രത്തിലുള്ളത്. മുഖ്യധാരയിലേക്ക് എത്തുന്നതിനുമുമ്പുള്ള ബഷീറിനെയാണു ഞാന്‍ വരച്ചത്. അന്നും അദ്ദേഹത്തിനു ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാനകാലത്ത് ഉണ്ടായിരുന്നത്ര സമൂഹബന്ധങ്ങള്‍ അന്ന് അദ്ദേഹിത്തിന് ഉണ്ടായിരുന്നില്ല. ഒരു പ്രസംഗകനായോ സാഹിത്യവേദികളിലെ സ്ഥിരം സാന്നിധ്യമായോ അദ്ദേഹം മാറിയിരുന്നില്ല. ഇത്തരമൊരു ബഷീറിെന വരച്ചുകാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ജീവചരിത്രം എഴുതിയത്.

എന്റെ അഭിപ്രായത്തില്‍ മലയാള കവിതയിലെ റിബലായി രുന്നു ചങ്ങമ്പുഴ. ഞങ്ങളുടെയൊക്കെ തലമുറയെ വളരെയധികം സ്വാധീനിക്കാന്‍ ചങ്ങമ്പുഴയ്ക്ക് കഴിഞ്ഞു. പ്രണയത്തിലെ കാല്പനികതയും വിഷാദാത്മകതയും നെഞ്ചില്‍ കൊണ്ടുനടന്നിരുന്ന തലമുറയായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടു തന്നെയാവണം ചങ്ങമ്പുഴ ഞങ്ങളുടെ ഹീറോയായതും. ഈ ആരാധനയാണ് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.



എസ്.എന്‍.ഡി.പി.യുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആളാണു മാഷെന്നു കേട്ടിട്ടുണ്ട്്. ഗുരുദര്‍ശനം ആണോ അങ്ങയെ എസ്.എന്‍.ഡി.പി.യിലേക്ക് അടുപ്പിച്ചത്? ഗുരുവിന്റെ ജീവചരിത്രം "നാരായണ ഗുരുസ്വാമി' എഴുതുന്നതിനു പ്രചോദനം കിട്ടിയത് എസ്.എന്‍.ഡി.പിയില്‍ നിന്നാണോ?



ഞാന്‍ ഈഴവ സമുദായത്തില്‍പ്പെട്ടയാളാണ്. അതുകൊണ്ടുതന്നെ എസ്.എന്‍.ഡി.പി. ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം ഇടപെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഞാന്‍ അതില്‍ അംഗമായിരുന്നില്ല. പിന്നീട് എസ്.എന്‍.ഡി.പി. അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും നയങ്ങളില്‍ നിന്നും പിന്നോക്കം പോയതായി തോന്നിയിട്ടുണ്ട്. പണാധിപത്യം അവരെയും വല്ലാതെ ബാധിച്ചിട്ടുണ്ട്.

പിന്നെ, ഗുരുവിന്റെ ജീവചിരിത്രം. അതൊരിക്കലും എസ്.എന്‍.ഡി.പി.യുടെ പ്രേരണകൊണ്ടോ അവരുടെ നയങ്ങളില്‍ നിന്നുകൊേണ്ടാ എഴുതിയതല്ല. ഞങ്ങളുടെയൊരു തലമുറയെ വളരെ ആഴത്തില്‍ സ്വാധീനിക്കാന്‍ ഗുരുവിനു കഴിഞ്ഞിട്ടുണ്ട്. എന്റെ വീട്ടില്‍ ഗുരു വന്നിട്ടുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ട്. അതൊക്കെ, ശരിക്കും പറഞ്ഞാല്‍ ഒരു അദ്ഭുതകഥ കേള്‍ക്കുന്നതുപോലെയാണു ഞങ്ങളൊക്കെ കേട്ടിട്ടുള്ളത.് യഥാര്‍ഥത്തില്‍ ഈ ഒരു സ്വാധീനമാണ് "നാരായണ ഗുരു സ്വാമി' എഴുതാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുള്ളത് എന്ന് പറയാം.



എഴുത്തില്‍ രാഷ്ട്രീയം കടന്നുവരരുത് എന്ന ജാഗ്രത അങ്ങു പുലര്‍ത്തിയിരുന്നുവോ? നിരൂപണത്തില്‍ അങ്ങു പിന്‍തുടര്‍ന്നിരുന്ന രീതിയെക്കുറിച്ചു വിശദീകരിക്കാമോ?



അത്തരമൊരു ജാഗ്രത പുലര്‍ത്തിയിരുന്നോ എന്നെനിക്കറിയില്ല. സാഹിത്യ ബാഹ്യമായ വിഷയങ്ങളുടെ സ്വാധീനം നിരൂപണത്തില്‍ കടന്നുവരരുത് എന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. സാഹിത്യ നിരൂപണത്തില്‍ പ്രത്യേകമായ ഒരു രീതി പിന്തുടരാത്ത ഒരാളാണു ഞാന്‍ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നിരൂപണത്തില്‍ പ്രധാനമായും ശ്രദ്ധിക്കപ്പെടേണ്ട രണ്ടു കാര്യങ്ങളുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഒന്ന്- നിരൂപണം ചെയ്യുന്ന കൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന സൗന്ദര്യത്തെ വായനക്കാരനു കാട്ടിക്കൊടുക്കുക. രണ്ട് നിലവിലുള്ള സൗന്ദര്യശാസ്ത്രത്തെയും സൗന്ദര്യബോധത്തെയും പുതുക്കിപ്പണിയുക. ഈ രണ്ടു ഘടകങ്ങളില്‍ ഊന്നിയാണ് ഞാന്‍ നിരൂപണം നടത്താറുള്ളത്. ഈ രീതിയില്‍ നിരൂപണം നടത്തുന്ന നിരവധി പേര്‍ ഉണ്ടാവാം.

രാഷ്ട്രീയം സാഹിത്യബാഹ്യമായ ഒരു ഘടകമാണ്. അതുകൊണ്ടാണ് എന്റെ എഴുത്തില്‍ മുഖ്യധാരാ രാഷ്ട്രീയം കാണാത്തത്. വളരെ കൃത്യവും വ്യക്തവുമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളയാളാണ് ഞാന്‍. എന്നില്‍ അന്തര്‍ലീനമായ രാഷ്ട്രീയം എന്റെ എഴുത്തില്‍ ഉണ്ടുതാനും.



1940-കളിലാണല്ലോ മാഷിന്റെ യൗവനം. സ്വാതന്ത്ര്യസമരം കത്തിനില്ക്കുന്ന കാലം. സ്വാതന്ത്ര്യസമരവുമായി മാഷ് ബന്ധപ്പെട്ടിട്ടുേണ്ടാ?



രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ട മീറ്റിംഗുകളില്‍ പങ്കെടുക്കുകയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്യുക എന്നതിനപ്പുറത്ത് മറ്റൊരു തരത്തിലും സ്വാതന്ത്ര്യസമരവുമായോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായോ ബന്ധപ്പെട്ടിട്ടില്ല. ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചുപോയിരുന്നു. കൂടാതെ, കുടുംബത്തിലെ ഏക സന്താനവുമായിരുന്നു ഞാന്‍. ഇക്കാരണങ്ങളൊക്കെ അക്കാലത്തു നിലവിലിരുന്ന ദേശീയ പ്രസ്ഥാനങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും നേരിട്ടു ബന്ധപ്പെടുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്നു എന്നു പറയാം. അമ്മയെ സംരക്ഷിക്കാന്‍ ഞാനേ ഉള്ളൂ എന്നൊരു ബോധം അച്ഛന്റെ മരണശേഷം എനിക്കുണ്ടായിരുന്നു. അതും ഒരു കാരണമായിരുന്നിരിക്കാം.



വിഷാദച്ഛവി നിറഞ്ഞവയാണ് അങ്ങയുടെ ഒട്ടുമിക്ക കൃതികളും. എന്നാല്‍ ആ കൃതികള്‍ മൊത്തമായെടുക്കുമ്പോള്‍ വായനക്കാരന്് ശുഭാപ്തി വിശ്വാസം പകരുന്നു. ഇതെങ്ങെനയാണു സാധിക്കുന്നത്?



അത് എനിക്കു തോന്നുന്നത,് മനുഷ്യജീവിതത്തിന്റെ സ്ഥിതിഭാവം വിഷാദമാണ്. നമുക്കറിയാവുന്ന ഏറ്റവും ഉന്നതമായ സ്ഥാനത്തു നമ്മള്‍ എത്തിക്കഴിഞ്ഞാലും അതിലും കൂടിയ എന്തോ ഒന്ന് നമുക്കു നേടാനാവുമായിരുന്നു എന്ന ചിന്തയും അതു സൃഷ്ടിക്കുന്ന ഒരു വിഷാദവും നമുക്കുണ്ടാവും. വികാരങ്ങള്‍ എല്ലാം തന്നെ ഈ സ്ഥായീഭാവത്തില്‍ അധിഷ്ഠിതമാണ്. സന്തോഷമായാലും ശുഭാപ്തി വിശ്വാസമായാലും എല്ലാം. എത്ര വലിയ വിഷാദത്തിലായാലും എല്ലാം ശരിയാവുമെന്ന ശുഭാപ്തി വിശ്വാസമാണു നമ്മെ മുന്നോട്ടു നയിക്കുന്നത്. എന്റെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. അത് എന്റെ കൃതികളിലും പ്രതിഫലിക്കുന്നു, അത്രമാത്രം.



നിരൂപണസാഹിത്യത്തില്‍ മാഷിന്റെ മുന്‍തല മുറയില്‍പ്പെട്ട ജോസഫ് മുണ്ടശേരി, എം.പി.പോള്‍, കുട്ടികൃഷ്ണമാരാര്‍, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സാഹിത്യ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളെ എങ്ങെന വിലയിരുത്തുന്നു?



സമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്പിനും വളര്‍ച്ചയ്ക്കും വലിയ സംഭാവനകള്‍ നല്കാന്‍ കഴിയുന്നവരാണു സാഹിത്യകാരന്മാര്‍ എന്നു വിശ്വസിച്ചവാരാണ് കേസരിയും മുണ്ടശേിയും എം.പി.പോളുമൊക്കെ. അതുകൊണ്ടുതന്നെ എഴുത്ത് ഒരു ഉത്തരവാദിത്വപൂര്‍ണമായ പ്രവൃത്തിയാണ് എന്ന് അവര്‍ കരുതിയിരുന്നു. ആ അഭിപ്രായത്തോട് എനിക്കു വിയോജിപ്പില്ല. ഈ ചിന്ത അവരില്‍ രൂഢമൂലമായിരുന്നതുകൊണ്ടാവാം അവരുടെ എഴുത്തില്‍ പുരോഗമന സാഹിത്യചിന്തകളും രാഷ്ട്രീയവും കടന്നുവന്നത്. എന്റെ അഭിപ്രായത്തില്‍ മാരാര്‍ ഇവരില്‍ നിന്ന് ഒരല്പം വ്യത്യസ്തനായിരുന്നു. മാരാര്‍ സജീവ രാഷ്ട്രീയത്തോട് ഒരിക്കലും ആഭിമുഖ്യം കാണിച്ചിരുന്നില്ല.



മാരാരുടെ എഴുത്തിനെക്കുറിച്ച് അല്‍പം കൂടി വിശദീകരിക്കാമോ?



മാരാര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല എന്നു പറഞ്ഞല്ലോ. പക്ഷേ, അതൊരിക്കലും രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഒരു പാര്‍ട്ടിയോടുമുളള വ്യക്തിപരമായ എതിര്‍പ്പുകൊണ്ടായിരുന്നില്ല. മാരാര്‍ അവസാനം സായി ഭക്തനാവുകയായിരുന്നല്ലോ. യാഥാസ്ഥിതികന്‍ എന്ന പുരോഗമന വാദികളുടെ വിമര്‍ശനത്തെ തിരുത്താന്‍ മാരാര്‍ ഒന്നും ചെയ്തില്ല എന്നതു വളരെ ശ്രദ്ധേയമാണ്. ഊര്‍ജ്ജസ്വലമായ ചിന്തകളും അനുപമമായ രചനാശൈലിയും മാരാരെ സമകാലികരായ എഴുത്തുകാരില്‍ നിന്നു വ്യത്യസ്തനാക്കി. മാരാരുടെ മാസ്റ്റര്‍ പീസുകളായ ഭാരതപര്യടനവും രാജാങ്കണവും വായിച്ചാല്‍ നമുക്കിതു തിരിച്ചറിയാനാവും. ഗാന്ധിയന്‍ ആശയങ്ങളോടുളള ആഭിമുഖ്യമാവാം മാരാരെ സായിഭക്തനാക്കിയത്.



നിരൂപണത്തില്‍ അങ്ങയുടെ സമകാലികരായ സുകുമാര്‍ അഴീക്കോട്, പി. കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരെ എങ്ങെനെ വിലയിരുത്തുന്നു?



സമകാലികരില്‍ പി. കെ. ബാലകൃ്ഷ്ണനെയാണ് ഞാന്‍ അധികം താത്പര്യത്തോടെ വായിച്ചിട്ടുളളത്.മലയാള സാഹിത്യത്തിലെ മികച്ച കൃതികളെ ഒരു സാധാരണ വായനക്കാരന്റെ വായനാ തലത്തിലേക്ക് ഇറക്കിക്കൊണ്ടുവരാന്‍ അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കഴിവുണ്ടായിരുന്നത് ബാലകൃഷ്ണനായിരുന്നു. പിന്നെ അഴീക്കോടിന്റെ സീതാകാവ്യവും പുരോഗമന സാഹിത്യത്തെ കുറിച്ചുളള എഴുത്തും ശ്രദ്ധിച്ചിട്ടുണ്ട്. അഴീക്കോടിന്റെ കൃതികളുടെ പ്രത്യേകത ആശയത്തിന്റെ വ്യക്തതയാണ്. വളരെ യുക്തിഭദ്രമായി കാര്യങ്ങള്‍ പറയാനുളള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. ഞാന്‍ പലവേദികളിലും പറഞ്ഞിട്ടുളളതു പോലെ, സാഹിത്യകാരന്‍ തന്റെ എഴുത്തില്‍ വച്ചുപുലര്‍ത്തുന്ന സനാതനമൂല്യങ്ങളിലൂടെയായിരിക്കണം സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടേണ്ടത്. അല്ലാതെ ഒരു നിമിഷാര്‍ധം കൊണ്ട് അസ്തമിച്ചു പോകുന്ന പത്രപ്രസ്താവനകളിലൂടെയല്ല. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതാണു സാമൂഹിക ഇടപെടല്‍ എന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരത്തില്‍ എഴുത്തുകാരനുണ്ടാവുന്ന ജനപ്രിയത താത്കാലിക പ്രതിഭാസം മാത്രമാണ്. സമൂഹത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങ ളാണുണ്ടാവേണ്ടത്. നിര്‍ഭാഗ്യവശാല്‍, പലപ്പോഴും ഉപരിപ്ലവമായ ഇടപെടലുകളാണുണ്ടാവുന്നത്.



സാഹിത്യവിമര്‍ശനത്തെയും സാംസ്കാരിക വിമര്‍ശനത്തെയും പരസ്പരം ബന്ധിപ്പിച്ച വ്യക്തിയാണല്ലോ എം. എന്‍ വിജയന്‍. അദ്ദേഹത്തിന്റെ ഇടപെടലുകളെ എങ്ങെനെ കാണുന്നു?



സത്യം തുറന്നു പറയാമല്ലോ എം. എന്‍ വിജയെന നിരൂപണം ചെയ്യാന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല. ഒരുപക്ഷേ എഴുത്തിലും പ്രസംഗത്തിലും എം എന്‍ വിജയന്‍ പിന്തുടര്‍ന്നിരുന്ന സമ്പ്രദായത്തോടുളള വിയോജിപ്പു കൊണ്ടാവാം. വിജയന്റെ പുസ്തകങ്ങള്‍ വായിച്ച് വിശദീകരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. വിജയന്റെ ഒരു കൃതിയും അടുക്കും ചിട്ടയോടും കൂടി എഴുതപ്പെട്ടതാണെന്ന് തോന്നിയിട്ടില്ല. അതു പലപ്പോഴും ചിന്ത നേരിട്ട് പകര്‍ത്തപ്പെട്ടതു കൊണ്ടുമാകാം. അടുക്കും ചിട്ടയോടും കൂടി നമുക്ക് ചിന്തിക്കാ നാവില്ലല്ലോ.



അങ്ങയുടെ പിന്‍തലമുറക്കാരായ കെ. പി അപ്പന്‍, വി. രാജകൃഷ്ണന്‍,ആഷാമേനോന്‍, ബി. രാജീവന്‍, വി. സി ശ്രീജന്‍, സച്ചിദാനന്ദന്‍, എം. തോമസ് മാത്യു തുടങ്ങിയവരുടെ രീതികള്‍ മാഷ് ശ്രദ്ധിച്ചിട്ടുണ്ടോ?



ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നത് വി രാജകൃഷ്ണനാണ്. തന്റെ ചിന്തകള്‍ക്ക് യുക്തിയുടെ പിന്‍ബലം നല്‍കിക്കൊണ്ട് രചന നിര്‍വഹിക്കാനുളള അനിതര സാധാരണമായ കഴിവ് രാജകൃഷ്ണനുണ്ട്.

തന്റെ നിലപാടുകളും വിശ്വാസങ്ങളും വളരെ കൃത്യവും സുവ്യക്തവുമായ ഭാഷയില്‍ എഴുതി പ്രതിഫലിപ്പിക്കുന്നയാളാണ് തോമസ് മാത്യു. ഒരു പക്ഷേ, മാരാരേയും പത്മനാഭേനയും വളരെ ആഴത്തില്‍ പഠിക്കുകയും വിശകലനം ചെയ്തിട്ടുളളത് തോമസ് മാത്യുവാണ്.

കെ പി അപ്പന്‍ എന്റെ ശിഷ്യനാണ്. മഹാരാജാസില്‍. പക്ഷേ, കെ പി അപ്പന്റെ ചിന്തകളും എഴുത്തും യുക്തിസഹമായിരുന്നതായി എനിക്കു തോന്നിയിട്ടില്ല. പിന്തുടരാന്‍ വളരെയേറെ പ്രയാസം നേരിട്ടുളള നിരൂപണരീതിയാണ് അപ്പന്റേത്.

ആഷാമേനോന്റെ രീതിയും അപ്പന്റേതിനോട്് വളരെ സാമ്യമുളള രീതിയാണ്. ആഷാമേനോനെ വായിക്കുമ്പോള്‍ പലപ്പോഴും വല്ലാത്തൊരു അവ്യക്തത ഫീല്‍ ചെയ്തിട്ടുണ്ട്.

പുതിയ തലമുറയിലെ വളരെ പ്രതീക്ഷ നല്‍കുന്ന നിരൂപകരാണ് ബി. രാജീവനും വി സി ശ്രീജനും. എഴുത്തില്‍ പുലര്‍ത്തുന്ന സുവ്യക്തതയാണ് ഇവരുടെ കൈമുതല്‍. മാര്‍ക്‌സിയന്‍ വിമര്‍ശന രീതി പിന്തുടരുന്നവരിലും പ്രമുഖരാണിവര്‍.

സച്ചിദാനന്ദന്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്. സച്ചിദാനന്ദന്റെ ലേഖനങ്ങള്‍ മനസിലാക്കാന്‍ അല്‍പം പ്രയാസമാണ്. എന്റെ ചിന്തയുടേയും അറിവിന്റേയും വായനയുടേയും പരിമിതിയാവാം ഇതിനു കാരണം.



നിരൂപണ സാഹിത്യത്തില്‍ എം കെ സാനുവിനെ എവിടെ പ്രതിഷ്ടിക്കാം?



അറിയില്ല. അങ്ങനെ എവിടെയെങ്കിലും പ്രതിഷ്ഠിക്കപ്പെടാന്‍ മാത്രം എന്തെങ്കിലും ചെയ്തതായി എനിക്കു തോന്നിയിട്ടില്ല. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുളളതു പോലെ എനിക്ക് ഏറ്റവും അജ്ഞാതനായ വ്യക്തി ഞാന്‍ തന്നെയാണ്.



എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ്, കേരള നിയമസഭാംഗം, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള ആളാണല്ലോ മാഷ്. അങ്ങയുടെ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി സഫലമീ ജീവിതം എന്നു ഞങ്ങള്‍ നിരീക്ഷകര്‍ വിലയിരുത്തിയാല്‍ അങ്ങ് എങ്ങനെ പ്രതികരിക്കും?



പൂര്‍ണമായി ഒന്നിലും തൃപ്തി തോന്നിയിട്ടില്ല. ഞാനുള്‍പ്പെടുന്ന ഞങ്ങളുടെ തലമുറ ഏതാണ്ട് കാലഹരണപ്പെട്ടു കഴിഞ്ഞു എന്നു പറയാം. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുളള മേഖലകളെല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. അവിടെയൊക്കെ കാലത്തെ അതിജീവിക്കാന്‍ മാത്രം എന്തെങ്കിലും ചെയ്തിട്ടുളളതായി തോന്നിയിട്ടില്ല. ഞാന്‍ പലവേദികളിലായി ഇതിനു മുമ്പ് പറഞ്ഞിട്ടുളള ഒരു കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ചിന്തകളെ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ച് രചനാത്മകവും പുരോഗമനാത്മകവുമായ രീതിയില്‍ യുക്തി ഭദ്രതയോടു കൂടി നടത്തിയ എഴുത്തുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും മാത്രമേ കാലാന്തരങ്ങളെ അതിജീവിക്കുവാന്‍ കരുത്തുണ്ടാവുകയുളളൂ. എന്റെ ഇടപെടല്‍ ഇത്തരത്തിലായിരുന്നുവോ എന്ന് എനിക്ക് നിശ്ചയമില്ല.



ഏതാനും ബാലസാഹിത്യ കൃതികളും അങ്ങ് രചിച്ചിട്ടുണ്ടല്ലോ. അങ്ങയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുളളവരെ സംബന്ധിച്ച് വളരെ അത്ഭുതകരമാണ് അങ്ങ് ബാലസാഹിത്യവും രചിച്ചിട്ടുണ്ട് എന്നത്. എങ്ങനെ സാധിച്ചു ഇത്?



ആദ്യമായി ഞാന്‍ അധ്യാപകനാവുന്നത് ഒരു മിഡില്‍ സ്കൂളിലാണെന്ന് പറഞ്ഞല്ലോ. അവിടെ കുട്ടികളെ ഏതാണ്ട്് എല്ലാവിഷയങ്ങളും ഞാന്‍ പഠിപ്പിച്ചിരുന്നു. ആ അനുഭവം എനിക്കു തന്ന അറിവും കുട്ടികളുടെ ഭാഷയുമൊക്കെയാണ് ബാലസാഹിത്യ കൃതി എഴുതേണ്ടിവന്നപ്പോള്‍ കുട്ടികളുടെ ഭാഷ കൈകാര്യം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കിയത്.



കേരളത്തേയും മലയാളത്തേയും സംബന്ധിച്ചു പറഞ്ഞാല്‍ മഹാപുരുഷന്‍മാരുടെ കാലം കഴിഞ്ഞു പോയി എന്നു തോന്നുന്നുണ്ടോ? സാഹിത്യമേഖലയില്‍ ഇന്ന് അനാരോഗ്യകരമായ മത്സരങ്ങളും ഗോസിപ്പുകളും വിഴുപ്പലക്കലുകളും, സെന്‍സേഷണലിസ്റ്റ് എഴുത്തു കളുമാണ് ഉളളതെന്നു പറഞ്ഞാല്‍. എന്തു തോന്നുന്നു?



അത് ഒരു പരിധിവരെ ശരിയാണ്. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ഞങ്ങളുടെ തലമുറയുടെ സര്‍ഗശേഷി അസ്തമിച്ചു കഴിഞ്ഞു. മൗലികവു സര്‍ഗാത്മകവുമായ ചിന്തകള്‍ കൊണ്ട് സമ്പന്നമായ കൃതികള്‍ ഇന്ന് ഉണ്ടാകുന്നില്ലെന്ന് തന്നെ പറയാം. ഇന്ന് പുറത്തിറങ്ങുന്ന മിക്ക കൃതികളും ചിന്തകളേയും ആശയങ്ങളേയും ആഴത്തില്‍ വിശകലനം ചെയ്യാതെ ഉപരിപ്ലവമായി പറഞ്ഞു പോവുകയാണ്. ഇന്ന് എഴുത്തുകാരന് എഴുത്ത് ബിസിനസു കൂടിയായി മാറുകയാണ്. അതുകൊണ്ടാണ് മത്സരങ്ങളിലേക്കും വിഴുപ്പലക്കലുകളിലേക്കും സെന്‍സേഷണലൈസേഷനുകളിലേക്കുമൊക്ക സാഹിത്യം എത്തിച്ചേരുന്നത്.



കാളിദാസ ശാകുന്തളത്തെക്കുറിച്ച് ഒരു നിരൂപണ ഗ്രന്ഥമെഴുതുക അങ്ങയുടെ ആഗ്രഹമായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്്. ആ കൃതി ഇപ്പോഴും മനസിലുണ്ടോ?



കാളിദാസ ശാകുന്തളത്തെപ്പറ്റി മൂന്നു നാലു ലേഖനങ്ങള്‍ ഞാന്‍ എഴുതുകയുണ്ടായി. ആ കൃതി രചിക്കുന്നതിനു തടസമായി നില്‍ക്കുന്നത് എനിക്ക് സംസ്കൃത ഭാഷയില്‍ അറിവില്ല എന്നതാണ്.



ഇന്റര്‍നെറ്റും അനുബന്ധ സാങ്കേതിക വിദ്യകളും അറിവിന്റെ വലിയ വാതായനമാണല്ലോ തുറന്നിടുന്നത്. പണ്ട് പുസ്തകങ്ങള്‍ നല്‍കിയിരുന്ന അറിവുകള്‍ ഇന്ന് ഇന്റര്‍നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ മാറ്റത്തെ മാഷ് എങ്ങെന നോക്കിക്കാണുന്നു?

ഇന്റര്‍നെറ്റും കമ്പ്യൂട്ടറും എനിക്ക് അപരിചിതമാണ്. കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്ത ഒരാളാണു ഞാന്‍. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളോടും അറിവുകളോടും എനിക്ക് മതിപ്പു തോന്നിയിട്ടില്ല. അന്വേഷണ ത്വരയോടു കൂടി അന്വേഷിച്ച് കണ്ടെത്തുന്ന അറിവുകള്‍ ചിന്തക്കു നല്‍കുന്ന ഊര്‍ജ്ജം ഇന്റര്‍നെറ്റിലൂടെ കിട്ടുന്ന അറിവുകള്‍ നല്‍കുന്നില്ല എന്നു തന്നെയാണ് തോന്നിയിട്ടുളളത്.



ഇപ്പോള്‍ മാഷിന്റെ മനസിലുളള കൃതി?



നാടകത്തെ കുറിച്ച് സമഗ്രമായ ഒരു പഠന ഗ്രന്ഥം. തിയറിയാണ് ഉദ്ദേശിക്കുന്നത്. എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സാഹിത്യ ശാഖയും നാടകമാണ്. പ്രായക്കൂടുതല്‍ കാരണം എനിക്ക് ഇപ്പോള്‍ ദീര്‍ഘ നേരം വായിക്കാന്‍ കഴിയുന്നില്ല എന്നത് ഒരു പ്രശ്‌നമാണ്. കാഴ്ച അല്‍പം കുറഞ്ഞിട്ടുണ്ട്.

FACEBOOK COMMENT BOX