Wednesday, December 21, 2016

വര്‍ത്തമാനകാലം ആസുരമാകുമ്പോള്‍ ഒരു ചിത്രകാരന്‍ വരയ്‌ക്കേണ്ടത്





കലാകാരന്‍മാരും ചിത്രകാരന്‍മാരും പൊതുസമൂഹത്തിന്റെ മനസാക്ഷിയാണ്. അവര്‍ക്ക് ഏതു കാലഘട്ടത്തിലും ശരികളെ കുറിച്ച് പറയേണ്ടിവരും. ആപല്‍സൂചനകളെ പരിഗണിക്കാതെ കടന്നു പോകാനാവില്ല. ജാഗ്രത പുലര്‍ത്തണമെന്ന് അവര്‍ പറയും. അതാണ് ടി. ആര്‍. ഉദയകുമാര്‍ എന്ന ചിത്രകാരന്‍ ചെയ്യുന്നത്. ചുവപ്പ് ആപത്തിന്റെയും മുന്നറിയിപ്പിന്റെയും ജാഗ്രതയുടെയും നിറമാണ്. ചോരക്കടലില്‍ സുഖശയനത്തില്‍ കിടക്കുന്ന ശ്രീബുദ്ധനും മൂല്യച്യുതികള്‍ കാണാനാവാതെ കെട്ടിമൂടിവച്ചിരിക്കുന്ന ഗാന്ധി പ്രതിമയും നമ്മോട് ഇക്കാര്യങ്ങള്‍ വിളിച്ചു പറയുന്നു. നാം പോലുമറിയാതെ കടന്നുവരുന്ന വരുന്ന ഫാസിസത്തെ കുറിച്ചും ഉദയകുമാര്‍ ആശങ്കപ്പെടുന്നു. കപ്പല്‍ഛേദത്തിന്റെ ചിത്രം മൂല്യങ്ങള്‍ നഷ്ടപ്പെട്ട് ആപത്തിന്റെ വക്കിലെത്തിയ വര്‍ത്തമാനകാല സമൂഹത്തിന്റെ നേര്‍ചിത്രമാകുന്നു.

കോട്ടയത്ത് ശാസ്ത്രി റോഡിലുള്ള കെപിഎസ്‌മേനോന്‍ ആര്‍ട്‌സ് ഹാളില്‍ ഉദയന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നു. കഴിയാവുന്നവരെല്ലാം പോകണം. കാണണം. ചിത്രകാരനോട് നേരിട്ടു സംവദിക്കണം. 24 വരെ പ്രദര്‍ശനമുണ്ടാവും.

Tuesday, November 15, 2016

മാനവികതയുടെ സ്പന്ദനം കേള്‍പ്പിച്ച എഴുത്തുകാരന്‍

സന്ദീപ് സലിം

നോവലിസ്റ്റ് സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം

ആധുനികതയുടെകാലത്ത് എഴുത്തിലേക്കു കടന്നുവന്ന സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍പുരസ്‌കാരം ലഭിക്കുമ്പോള്‍ അത് ആ പ്രതിഭയ്ക്കുള്ള അംഗീകാരമാകുന്നു. മലയാള സാഹിത്യം, പ്രത്യേകിച്ച് നോവല്‍ സാഹിത്യം അസ്തിത്വവാദത്തിനു ചുറ്റും വട്ടം കറങ്ങിയിരുന്ന സമയത്ത് ദാര്‍ശനിക ദുരൂഹതയെ പാടെ തള്ളിക്കളഞ്ഞിടത്താണ് ചക്കുപുരയ്ക്കല്‍ രാധാകൃഷ്ണന്‍ എന്ന സി. രാധാകൃഷ്ണന്‍ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ വായിച്ചു പോകാവുന്നന്നത്ര അയത്‌നലളിതമായ ഭാഷയാണ് അദ്ദേഹത്തിന്റെ ആദ്യ നോവലുകളായ കണ്ണിമാങ്ങകളിലും അഗ്നിയിലുമുള്ളത്. ഗ്രാമ ജീവിതത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഈ നോവലുകളില്‍ നിന്ന് വളരെ വേഗത്തിലാണ് അദ്ദേഹം മഹാനഗരത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലേക്കു മാറുന്നത്. തൊട്ടടുത്ത രചനയില്‍ അദ്ദേഹം വള്ളുവനാടന്‍ ഗ്രാമത്തിലേക്കു മടങ്ങിവരുകയും ചെയ്യുന്ന രസതന്ത്രം രാധാകൃഷ്ണന്റെ നോവലുകളെ സവിശേഷമായി അടയാളപ്പെടുത്തുന്നു. കഴിഞ്ഞ 50 വര്‍ഷമായി തിരയടങ്ങാത്ത സാഗരം പോലെ അദ്ദേഹത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. സി. രാധാകൃഷ്ണനെ സാഹിത്യകാരന്‍ എന്നു വിശേഷിപ്പിച്ചാല്‍ അത് ആ പ്രതിഭയ്ക്കുള്ള പൂര്‍ണമായ അംഗീകാരമാവില്ല. കഥകളും നോവലുകളും ലേഖനങ്ങളും ശാസ്ത്ര നിരീക്ഷണങ്ങളും വേദാന്തദര്‍ശനങ്ങളുമെഴുതുന്ന ഒരാളെങ്ങനെ സാഹിത്യകാരന്‍ മാത്രമാവും. എഴുത്തുകാരന്റെ മേല്‍ക്കുപ്പായത്തിനു പുറത്ത് അദ്ദേഹം ഒരു ആശയ ഉത്പാദകനും ദാര്‍ശനികനും ശാസ്ത്രകാരനും കൂടിയാവുന്നു.
 

Tuesday, July 5, 2016

കാവാലം നാരായണപ്പണിക്കര്‍: മനുഷ്യസ്‌നേഹിയായ മഹാമനീഷി

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പേറ്റ് നോവിന് പെരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ
(സര്‍വകലാശാല)

കാവാലം അരങ്ങൊഴിയുമ്പോള്‍ നഷ്ടമാകുന്നത് സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയും വളര്‍ച്ചയ്ക്കായി അവതാരമെടുത്ത മനുഷ്യസ്‌നേഹിയായ മഹാമനീഷിയെയാണ്. കലാകാരന്‍ എന്ന നിലയില്‍ എത്ര ഉയരത്തിലെത്തിയിട്ടും സ്വന്തം നാടും നാട്ടുപാരമ്പര്യങ്ങളും ഉപേക്ഷിച്ച് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. പുതുതായി നടത്തുന്ന ഏതൊരു രചനയിലും അദ്ദേഹം തന്റെ നാടി}െയും പാരമ്പര്യത്തെയും പുതുമയോടെ പു}രാവിഷ്കരിച്ചു കൊണ്ടിരുന്നു. ഒരോ തവണയും തന്റെ ഗ്രാമത്തിലേക്കും 'ഭാഷയിലേക്കും ചേര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കാരണത്തെ കുറിച്ച് അദ്ദേഹം തന്നെ എക്കാല യൗവ്വനം എന്ന കവിതയില്‍ പറയുകയുണ്ടായി.

സ്വതഃസിദ്ധമായുള്ളിലൊഴുകുമെന്‍ ഗ്രാമീണ
ശുദ്ധമാം തേനിമ്പസത്തിലെന്‍ കര്‍മങ്ങള്‍
നിത്യം നിഴലിട്ടു; ഞാനാം തനിമത
ന്നര്‍ത്ഥവും വാക്കുമായമ്മയും ഗ്രാമവും' 
(എക്കാല യവ്വനം).

Saturday, June 18, 2016

87 രൂപയ്ക്കു വാങ്ങിയ അശാന്തിയാണ് ഒഴിവു ദിവസത്തെ കളി









When I born, I black.
When I grow up, I black.
When I go in sun, I black.
When I scared, I black.
When I sick, I black.
And when I die, I still black.
And you white people.
When you born, you pink.
When you grow up, you white.
When you go in sun, you red.
When you cold, you blue.
When you scared, you yellow.
When you sick, you green
And when you die, you grey…
And you calling me colored?


കറുത്ത ദാസന്‍ എഴുന്നേറ്റു നിന്നു പാടുന്ന ഈ വരികള്‍ ശരിക്കും എന്നെ വല്ലാതെ പിന്തുടരുന്നു. ദാസന്റെ ഈ വരികള്‍ വല്ലാതെ മനസില്‍ പോറലേല്‍പ്പിക്കുന്നു. നമ്മളൊക്കെ പരിഷ്കൃതരാണെന്നു നടിക്കുകയാണെന്ന് വളരെ ലളിതമായി സനല്‍ പറഞ്ഞുവച്ചു. പ്ലാവില്‍ കയറി ചക്കയിടാന്‍ ദാസന്‍ വേണം. കോഴിയെ കൊല്ലാന്‍ ദാസന്‍ വേണം, കള്ളനാവാനും രാജ്യദ്രോഹിയാവാനും ദാസന്‍ വേണം. ഒടുവില്‍ വിചാരണ ചെയ്യപ്പെട്ട് തൂക്കിലേറ്റപ്പെടാനും ദാസന്‍ വേണം.

FACEBOOK COMMENT BOX