Saturday, October 26, 2013

പിന്‍നിരയില്‍ നിന്ന്

(സച്ചിനെക്കുറിച്ച് ഡോം മോറെസ് എഴുതിയ കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)

അവന്റെ വരവോടെ
ഇടിമുഴക്കം തുടങ്ങുന്നു
അമ്പതിനായിരം തൊണ്ടകളില്‍ തുപ്പല്‍ വറ്റും
അമ്പതിനായിരം ഹൃദയങ്ങളുടെ സ്പന്ദനം
നിങ്ങള്‍ കേള്‍ക്കും
അവനൊരാള്‍ക്കു വേണ്ടി
ബഹളം നിര്‍ത്തി സ്വരൈക്യമുണ്ടാകുന്നു

വര്‍ഷങ്ങള്‍ക്കപ്പുറം അവരവന്റെ പേര്
തെറ്റായി ഉച്ചരിച്ചിരുന്നു
ലോഡ്‌സില്‍, ഒരു ക്യാച്ചിനാല്‍
ഒരു ഇതിഹാസം തുടങ്ങി
ഉന്നതം, നിര്‍വികാരം, ധിക്കാരം
എതിര്‍ ക്യാപ്റ്റന്‍മാര്‍ ആ കുട്ടിയെ തച്ചുടയ്ക്കാന്‍ ശ്രമിച്ചു
ഒടുവിലവര്‍ കണ്ടെത്തി അവന്‍ പുരുഷനായിരുന്നു

അവന്‍ തടിച്ചു കുറിയവന്‍, ദൃഢഗാത്രനും
ഇന്നവന്‍ കാവല്‍ക്കാരനായിരിക്കുന്നു
കുറ്റിരോമങ്ങള്‍ നിറഞ്ഞ അവന്റെ കവിള്‍ത്തടങ്ങളില്‍
പരുക്കന്‍ സ്വഭാവം നിഴലിച്ചിരുന്നു
ആയിരങ്ങളെ അവന്റെ കളിയിലേക്ക് ആകര്‍ഷിക്കുന്നതെന്ത് ?
അവന്റെ കളിയില്‍ പിന്‍ നിരയിലെ കാണികള്‍
ഉത്തേജിതരായതായി നിങ്ങള്‍ക്കു തോന്നും

സൂര്യനെപ്പോലെ അതിവേഗം
അവന്‍ കരുത്താര്‍ജിക്കും
അപ്പോള്‍, പരിശീലകന്‍
അവന്റെ സ്ഥാനം നിശ്ചയിക്കും
മിന്നലും ചമ്മട്ടി ശബ്ദവും അന്തരീക്ഷത്തെ തീക്ഷണമാക്കും
അപ്പോഴും അവന്റെ മുഖത്ത്
നിസംഗഭാവമായിരിക്കും

അവന്റെ പ്രകടനത്തെ പിന്‍നിര കാണികള്‍
കൈകൊട്ടി പുകഴ്ത്തി
വാക്കുകള്‍ക്കു പകരം അവര്‍ ചെറിയ മരച്ചെണ്ടകള്‍ കൊട്ടി
ഉയര്‍ന്നു പൊങ്ങിയ പന്തുകള്‍ക്കൊപ്പം
അവരുടെ കരിമരുന്നു പ്രയോഗവും ആകാശത്ത് വര്‍ണങ്ങള്‍ തീര്‍ത്തു
അത് പക്ഷികളെപ്പോലും ഭയപ്പെടുത്തി

അവരുടെ വര്‍ണങ്ങള്‍ മങ്ങിയപ്പോഴും
ശബ്ദം മുറിഞ്ഞപ്പോഴും രോഷമുയര്‍ന്നപ്പോഴും
അവന്‍ കൂടുതല്‍ കരുത്തനായി
അവന്റെ ബാറ്റ്
അവരുടെ പ്രതീക്ഷകളുടെ ലോകത്തെ പുനര്‍നിര്‍മിച്ചു.
......................................................................................................................
1999 ല്‍ ഔട്ട് ലുക്ക് മാഗസിനിലാണ് മോറെസിന്റെ ഈ കവിത പ്രസിദ്ധീകരിച്ചത്‌



Wednesday, August 21, 2013

കടലിന് ഒരു ഗീതം

രചന: മുഹമ്മദ് ഇബ്രാഹിം അല്‍ റുബൈഷ്
മൊഴിമാറ്റം: സന്ദീപ് സലിം
.............................
ഒ, കടലേ,
എനിക്കെന്റെ പ്രിയപ്പെട്ടവരുടെ സന്ദേശങ്ങള്‍ തരൂ

ഞാന്‍ കുതിച്ചെത്തുമായിരുന്നു
നിന്റെ വിരിമാറിലേക്ക്
സ്വയം }ഷ്ടപ്പെട്ട് അലിഞ്ഞു ചേരാന്‍
എന്റെ പ്രിയപ്പെട്ടവരുടെ സമീപത്തെത്താന്‍
എന്റെ മേല്‍ അവിശ്വാസികളുടെ ചങ്ങലക്കെട്ടുകളില്ലായിരുന്നെങ്കില്‍


നിന്റെ തീരങ്ങള്‍ ദുഖങ്ങളുടേതാണ്, അടിമത്വത്തിന്റെയും.
വേദനകളും അനീതിയും നിറഞ്ഞത്
നിന്റെ കയ്പ് എന്റെ ക്ഷമയെ കര|ു തിന്നുന്നു

നിന്റെ ശാന്തത മരണതുല്യം
നിന്റെ തിരമാലകള്‍ അപരിചിതം
നിന്റെ ശാന്തതയുടെ മടക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് രാജ്യദ്രോഹമാണ്

നിന്റെ നിശ്ചലത നിലനിന്നാലത് നാവികന്റെ കൊലയാളിയാകും
ഒടുവില്‍ അയാള്‍ നിന്റെ തിരമാലകളില്‍ ഒടുങ്ങും

മൃദുലം, അശ്രദ്ധം, നിശബ്ദം, അറിവില്ലാത്ത കോപത്താല്‍
തിരയടിച്ച് നിന്റെ യാത്ര തുടരും ശവമഞ്ചങ്ങളുമായി

കാറ്റിനാല്‍ കോപാകുലനാക്കപ്പെടുമ്പോള്‍,
പ്രകടമാകുന്നത് നിന്റെ അനീതി;
കാറ്റിനാല്‍ നിശബ്ദനാക്കപ്പെടുമ്പോള്‍,
അവശേഷിക്കുന്നത് വേലിയിറക്കവും ചെറുതിരമാലയും

ഒ, കടലേ
ഞങ്ങളുടെ ചങ്ങലക്കെട്ടുകള്‍ നിന്നെ വൃണപ്പെടുത്തുന്നുവോ

ഞങ്ങളുടെ വരവും പോക്കും
ഞങ്ങളാല്‍ നിശ്ചയിക്കപ്പെടുന്നതല്ല
ഞങ്ങളുടെ പാപങ്ങളെക്കുറിച്ച് നിനക്കറിയാമോ ?
ആകുലതകളിലേക്ക് വലിച്ചെറിയപ്പെട്ടവരാണ്
ഞങ്ങളെന്ന കാര്യം നിനക്കറിയാമോ ?

ഒ, കടലെ,
ഞങ്ങളുടെ ദാസത്വത്തില്‍ നീ ഞങ്ങളെ ഭര്‍ത്സിക്കുന്നുവോ ?

ക്രൗര്യത്തോടെ നീ ഞങ്ങളുടെ കാവല്‍ക്കാരാവുമ്പോഴും
ഞങ്ങളുടെ ശത്രുക്കളുമായി നീ രഹസ്യധാരണയിലെത്തുന്നു

നിന്റെയും ശത്രുക്കളുടെയും ഇടയിലെ പാറക്കെട്ടുകള്‍
അവരുടെ പാതകങ്ങള്‍ നിന്നോടു പറയുന്നില്ലേ

പരാജയപ്പെട്ട ക്യൂബ പറയുന്നില്ലേ
അവരുടെ പരാജയ കഥകള്‍ നിന്നോട്

മൂന്നു സംവത്സരങ്ങള്‍ ഞങ്ങളെ ഒറ്റപ്പെടുത്തി നീ എന്തു നേടി ?
നിന്റെ ഹൃദയത്തില്‍ കവിതയുടെ നൗകകള്‍

അഗ്നിസ്ഫുലിംഗങ്ങളുടെ ശവകുടീരമാണ്
നിന്റെ ജ്വലിക്കുന്ന ഹൃദയത്തില്‍

ഞങ്ങളുടെ കരുത്തിന്റെ ജ്ഞാനസ്‌നാന തൊട്ടി
കവിയുടെ വചനങ്ങളാണ്
അവന്റെ സ്ലോകങ്ങള്‍
ഞങ്ങളുടെ വേദനിക്കുന്ന ഹൃദയത്തിന്റെ അടിമ
...............................................................
അല്‍ക്വയിദ തീവ്രവാദിയാണ് എന്ന കാരണത്താല്‍ കാലിക്കറ്റ് സര്‍വകലാശാല പഠിപ്പിക്കാന്‍ യോഗ്യമല്ല എന്നു മുദ്രകുത്തി പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ മുഹമ്മദ് ഇബ്രാഹിം അല്‍ റൂബൈഷിന്റെ ode to the sea എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനമാണ്. സൗദി രാജകുമാരനെ കൊല്ലാന്‍ ഹത്വ പുറപ്പെടുവിച്ചതും റൂബൈഷ് ആണ്.


Wednesday, July 10, 2013

ശേഷിപ്പ്

രചന: വിസ്വാവ സിംബോഴ്‌സ്ക (പോളിഷ് കവയിത്രി)
മൊഴിമാറ്റം: സന്ദീപ് സലിം
......
കണ്ടെത്തിയിരിക്കു
ന്നു,
ഒരു പുത്തന്‍ നക്ഷത്രത്തെ.
ലോകം കൂടുതല്‍ തിളങ്ങുന്നതായും
ഇല്ലാത്തതൊന്നു കണ്ടെത്തിയെന്നും
അര്‍ഥമാക്കേണ്ടതില്ല

നക്ഷത്രം, വളരെ വലുത്
ദൂരവും വളരെ കൂടുതല്‍
ദൂരക്കൂടുതല്‍ ചെറുതെന്നു തോന്നിക്കും
അതിലും ചെറുതായ
പലതിനെക്കാളും ചെറുതെന്ന്
അത്ഭുതപ്പെടേണ്ട,
സമയമുള്ളതു കൊണ്ടുമാത്രം
അത്ഭുതം ജനിക്കുന്നതില്‍.

നക്ഷത്രത്തിന്റെ ആയുസ്
പിണ്ഡം
സ്ഥാനം
ഗവേഷണത്തിനു മതിയായ
വിഷയങ്ങള്‍.
ആകാശത്തിനോടടുത്ത വൃത്തങ്ങളില്‍
ചെറു വീഞ്ഞു സല്‍ക്കാരത്തിനും വിഷയം
ജ്യോതി ശാസ്ത്രജ്ഞന്‍
ഭാര്യ
ബന്ധുക്കള്‍
സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ
വളരെ ആകസ്മികമായ ഒത്തുചേരല്‍
വേഷത്തില്‍ നിബന്ധനകളില്ലാതെ
സൗഹൃദാന്തരീക്ഷത്തില്‍
ഭൂമിയോടു ചേര്‍ന്ന ആഘോഷം

അതൊരു അത്ഭുത നക്ഷത്രം
പക്ഷേ,
അതൊരു കാരണമല്ല
നമ്മുടെ സ്ത്രീകള്‍ക്കായി
ഒരു മദ്യസത്കാരം നടത്താന്‍

അതൊരു അപ്രധാന നക്ഷത്രം
ഒരു സ്വാധീനവുമില്ല
കാലാവസ്ഥയില്‍
ഫാഷനില്‍
മത്സരഫലത്തില്‍
വരുമാനത്തില്‍
മൂല്യ പ്രതിസന്ധിയില്‍

നക്ഷത്രം നിഷ്പ്രഭാവം
പ്രചാരണപ്രവര്‍ത്തനങ്ങളില്‍
വന്‍വ്യവസായങ്ങളില്‍
സമ്മേളന മേശകളുടെ തിളക്കത്തില്‍
അതൊരിക്കലും പ്രതിഫലിക്കുന്നുമില്ല
ജീവന്റെ ചാവുദിനങ്ങളുടെ പ്രകാശത്തില്‍
അവ എണ്ണത്തില്‍ കവിഞ്ഞതും

ജന്മനക്ഷത്രത്തെ കുറിച്ചും
ഇനി, മരണ നക്ഷത്രത്തെ കുറിച്ചുമുള്ള
ചോദ്യം വ്യര്‍ഥം

പുതിയതൊന്ന്
കുറഞ്ഞ പക്ഷം
അതെവിടെയെന്നു കാണിക്കൂ
വക്കു പൊട്ടിയ ചാര നിറമുള്ള മേഘത്തിനും
ഇടത്തു കാണുന്ന മരക്കൊമ്പിനുമിടയിലൂടെ നോക്കൂ
ഓ, അതാണല്ലേ.

Tuesday, July 9, 2013

കവിതയുടെ ഋതുഭേദങ്ങള്‍

യുവതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി ഡോണ മയൂര കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു. 2013 ജൂലൈ ഒമ്പതിലെ ദിപിക യോ പേജില്‍. കഥാകൃത്ത് വി. എം. ദേവദാസ്, കവികളായ ശൈലന്‍, ലോപ ആര്‍, എം എസ് ബനേഷ് എന്നിവരേയും ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.

Deepika YO page - 2013 July 9
കവിതയിലെ ബാല്യം/കവിതയിലേക്കുള്ള വരവ്/ആദ്യകവിത

ചെറിയ ക്ലാസുകളില്‍ മലയാളം പദ്യത്തിനോട് അത്ര അടുപ്പമൊന്നും തോന്നിയിരുന്നില്ല. ക്ലാസ്സില്‍ ടീച്ചര്‍ അര്‍ഥം പറഞ്ഞ് പഠിപ്പിക്കുമ്പോള്‍ പോലും മനസിലാക്കാന്‍ കഴിയാതെ ഇരുന്നിട്ടുള്ള കുട്ടി. പദ്യത്തിലെ വാക്കുകളിലേക്ക് ടീച്ചര്‍ അര്‍ഥമായി പറഞ്ഞു തന്ന വാക്കുകള്‍ എഴുതി ചേര്‍ത്ത് വരിമാറ്റിയെഴുതി പഠിച്ചിരുന്ന കുട്ടി. തുടക്കം ഇവിടെ നിന്നുമാവണം.  
     അധികമൊന്നും സംസാരിക്കാത്ത പ്രകൃതമായതിന്നാല്‍ ടീച്ചറിനോട് ചോദിക്കെണ്ടതു പോലും റഫ്‌നോട്ടില്‍ എഴുതി വയ്ക്കാറേ ഉണ്ടായിരുന്നുള്ളു. ഇഷ്ട്ടപ്പെട്ട എന്തും തുറന്ന് സംസാരിക്കാന്‍ കഴിയുന്നൊരു ടീച്ചര്‍ എനിക്ക് സ്കൂള്‍കാലത്ത് ഉണ്ടായിട്ടില്ല, അവരെയെല്ലാം ഭയം മായിരുന്നു(പില്‍കാലത്ത സ്കൂളും കോളേജുമെല്ലാം കഴിഞ്ഞതിനു ശേഷം അവരെയെല്ലാം കാണുമ്പോള്‍ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്, അന്നൊക്കെ ദേഷ്യപ്പെട്ടിരുന്ന, കൊമ്പന്‍ വടിയും രൗദ്രതയും കാണിച്ചിരുന്നവരൊക്കെ ഇത്രയും സൗമ്യരും സ്‌നേഹമുള്ളവരുമായവരായിരുന്നോ എന്ന്!). അതില്‍ നിന്നു തുടങ്ങിയതാവാം മനസ്സിലുള്ളത് എഴുതി വയ്ക്കുക എന്ന ശീലവും. അ കാലത്താണ് മഹാകവി പിയുടെ രണ്ടു വരി മനസ്സില്‍ തങ്ങിയത്.
എല്ലായിടത്തും കവിതയുണ്ട് പക്ഷേ എഴുതുവാന്‍
തിരഞ്ഞാലൊട്ട് കാണുകയുമില്ല എന്ന അര്‍ഥത്തിലുള്ള വരികള്‍.
അത് എട്ടോ ഒന്‍പതോ! വയസ്സുള്ളപ്പോഴാണ്. അതിനു പിന്നാലെയാണ് ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആകാശവാണിയില്‍ രഞ്ജിനിയെന്ന പരിപാടിയില്‍ "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും …" എന്ന ഗാനം ആദ്യമായി കേള്‍ക്കുന്നത്. അന്ന് മുതല്‍ അടക്കാനാവാത്ത അഭിവാഞ്ഛയോടെയുള്ള അന്വേഷണമായിരുന്നു ദൈവത്തെ കണ്ടെത്താന്‍!. രാത്രിയില്‍ ഉറങ്ങാന്‍ ചുമരോട് ചേര്‍ന്ന് കിടക്കുമ്പോള്‍ ചുമരില്‍ ചുരണ്ടിയും, മുറ്റത്ത് കളിക്കുമ്പോള്‍ കുഴികുത്തിയും നോക്കുമായിരുന്നു. മുറ്റം നിറയെ കുഴികുത്തുന്നതിനു അമ്മയില്‍ നിന്നും കൈയ്യും കണക്കുമില്ലാതെ അടിയും കിട്ടിയിട്ടുമുണ്ട് . കവിതയോടും ഇതു പോലെ ഒരു സമീപനമായിരുന്നു.

കുടുംബത്തില്‍ എഴുത്തുമായി ബന്ധപ്പെട്ട് ആരും ഉണ്ടായിരുന്നില്ല എന്നകാരണത്താലും 'എഴുത്ത്' എന്നതെന്തെന്ന് അറിവില്ലാത്തതിനാലും സ്കൂള്‍ കാലം അങ്ങിനെ കടന്നു പോയി. പി.ഡി.സിക്ക് കോളേജ് ഹോസ്റ്റലിലായപ്പോഴാണ് വായനയുടെയും എഴുത്തിന്റെയും വാതില്‍ തുറന്നു കിടന്നിരുന്നെന്ന് മനസിലാക്കുന്നത്, സുഹൃത്തുകള്‍ പ്രചോദനവുമായി. അക്കാലത്താണ് ആശാനും, ഇടശ്ശേരിയും, ഉള്ളൂരുമൊക്കെ വിട്ട് കടമനിട്ടയും, അയ്യപ്പപണിക്കരും, സച്ചിദാനന്ദനും, മേതിലുമെല്ലാം  വായനയിലേക്ക് കടന്നു വന്നത്. എന്നാലും പഠിക്കാന്‍ വിടുന്ന കുട്ടി എഴുതുന്നതിന്റെ അനൌചിത്യം വീട്ടില്‍ നിന്നുള്ള ഓര്‍മ്മപ്പെടുത്തലുകളായി കൂടെ കൂടിയിരുന്നു. ആദ്യമായി അച്ചടിച്ച് വന്ന കവിത 97/98ലാണ്. നമ്മുടെ വീട്ടുമുറ്റത്തും ഒരു മാങ്കോസ്റ്റീന്‍ മരമുണ്ടെന്ന ഒരു സന്തോഷവാക്യത്തില്‍ അത് ഒതുങ്ങി.

പിന്നീട്ട് പ്രവാസത്തില്‍ ജോലിക്കും വീടിനുമിടയില്‍  അവനവന്‍ 'ഡെഡ് എന്റ്' കടമ്പകളില്‍ എത്തിനില്‍ക്കുമ്പോഴെല്ലാം കൂടുതല്‍ എഴുതാന്‍ തുടങ്ങി. അതും സ്വകാര്യതയിലേക്ക് മാത്രം ഒതുക്കി വച്ചു. 20022004 മലയാളം ഫോറമുകള്‍ പൊട്ടി വിടര്‍ന്നപ്പോള്‍ അവയില്‍ ചിലതില്‍ 'സ്‌കൈവാക്കര്‍' എന്ന അപരനാമത്തില്‍ എഴുതിയിരുന്നു. അതില്‍ മല്ലുവുഡെന്ന മലയാളം ഫോറത്തില്‍ പുറക്കാടനെന്ന ജോഷിരവി നടത്തിയിരുന്ന സാഹിത്യം സെക്ഷനില്‍ ചില കവിതകളിട്ടിരുന്നു. അതെല്ലാം മംഗ്ലീഷിലാണ് ടൈപ്പ് ചെയ്തിട്ടിരുന്നത്. പിന്നീട് കുറേനാള്‍ പലകാരണങ്ങകൊണ്ട് എഴുതേ ഉണ്ടായിരുന്നില്ല.  മലയാളം ബ്ലോഗിങ്ങിലേക്ക് മയൂര എന്ന പേരില്‍ വരുന്നത് 2007ലാണ്. അതിന് പ്രേരകമായത് പ്രവാസിയും കഥാകൃത്തുമായ നിര്‍മ്മലയുടെ ബ്ലോഗാണ്. അച്ചടിമേഖലയില്‍ നിന്നുള്ളൊരാളുടെ ബ്ലോഗ് അന്ന് ആദ്യമായിട്ടായിരുന്നു കാണുന്നത്.  പ്രവാസം എഴുതിനൊരു വിലങ്ങുതടിയല്ലെന്നും ബ്ലോഗെന്ന മാധമം വഴി നമ്മുടെ ഇഷ്ട്ടാനുസാരം
എന്തുമെഴുതാമെന്ന സ്വാതന്ത്രബോധവും അതില്‍ നിന്നുണ്ടായി. ഇതിനകം തന്നെ പരിചയമുള്ള പലസുഹൃത്തുകള്‍ക്കും ബ്ലോഗും ഉണ്ടായിരുന്നു. 2006മുതല്‍ ബ്ലോഗ് വായനയുണ്ടായിരുന്നു. എന്നാല്‍ സ്വന്തമായൊന്ന് വേണമെന്ന് അപ്പോള്‍ മാത്രമാണ് ചിന്തയില്‍ ഉണ്ടായത്. നല്ല സുഹൃത്തുകളുടെ പിന്തുണയും കൂടിയായപ്പോള്‍ ഇന്നും ബ്ലോഗിങ്ങ് തുടരുന്നതിനു നിമിതമായി.


ആദ്യത്തെ സമാഹാരം

2009ല്‍ ഒരു പ്രസാധകന്‍ ബ്ലോഗ് പുസ്തകമാക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. അതിന് സമ്മതം എന്ന മതം തന്നെയായിരുന്നു എനിക്കും. പക്ഷേ ഇരുപതിനായിരം രൂപ കൊടുത്താലെ പുസ്തകം ഇറക്കാന്‍ കഴിയൂ! വീട്ടില്‍ ചോദിക്കാന്‍ കഴിയില്ല, എഴുതുന്നത് തന്നെ അനാവശ്യമാണ് അതിന്റെ കൂടെ കാശ് കൂടെ ചോദിച്ചാല്‍ കാശിക്കുള്ള വഴിതെളിഞ്ഞ് കിട്ടുമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കണ്ടായിരുന്നു. മൂത്ത കുഞ്ഞ് ജനിച്ചതിനു ശേഷം ജോലിക്കും പോകുന്നുണ്ടായിരുന്നില്ല. ഒരു നിമിതം പോലെ ആയിടയ്ക്ക് അയല്‍ക്കാരി തന്റെ രണ്ട് ആണ്‍കുട്ടികലുടെ മുടി വെട്ടികൊടുക്കുമോന്ന് വീണ്ടും ചോദിച്ചത്, വെട്ടുന്നതിനു കാശ് തരാമെന്നും! ശിശിരകാലത്ത് തണുത്ത കാറ്റടിക്കുന്നയിടങ്ങളിലെ തൊലി ചുമന്ന് പൊട്ടുന്ന, (പ്രത്യേകിച്ചും മുഖത്ത്)  അലര്‍ജി ഉണ്ടായിരുന്നു എന്റെ മകന്. ആ സമയങ്ങളില്‍ ഞാന്‍ തന്നെ ക്ലിപ്പര്‍ വച്ച് മിലിറ്ററി കട്ട് ചെയ്യുമായിരുന്നു. ഇത് സുഹൃത്തിനും അറിയാം, അവരുടെ ഇളയ കുട്ടിക്കും എന്റെ കുഞ്ഞിനെ പോലെ അലര്‍ജിയുണ്ടായിരുന്നു. അവര്‍ക്ക് മതപരമായ കാരണങ്ങളാല്‍ വീട്ടില്‍ മുടിവെട്ടാല്‍ പാടില്ല എന്നും പറയും. ഇത്തവണ ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു(അതുവരെ കാശിന് ആവശ്യമുണ്ടായിരുന്നില്ലല്ലോ!!!). പന്ത്രണ്ട് രൂപയായിരുന്നു അവിടെ അടുത്തുള്ള മുട്ടിവെട്ടുന്ന സ്ഥലത്ത് ചാര്‍ജ്ജ് ചെയ്തിരുന്നത്, ആ തുക തരാമെന്നും പറഞ്ഞു. അന്ന് വൈകിട്ട് തന്നെ രണ്ടു മക്കളെയും കൊണ്ട് സുഹൃത്ത് വന്നു, രണ്ടാള്‍ക്കും മിലിറ്ററി കട്ട് ചെയ്തു കൊടുത്തു. മുട്ടിവെട്ട്കഴിഞ്ഞിറങ്ങിയ കുട്ടികളെ കണ്ടിഷ്ട്ടപ്പെട്ട് മൂന്നു ഡോളര്‍ ടിപ്പും ചേര്‍ത്ത് ഇരുപത്തിയേഴ് ഡോളര്‍ അന്നെനിക്ക് കിട്ടി. ഏതാണ്ട് ഒരു വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ ഞാന്‍ പബ്ലിഷറെ കോണ്ടാക്റ്റ് ചെയ്തു. പക്ഷേ അന്നേരം ഇരുപതിനായിരത്തില്‍ നിന്നും വില നന്നേ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അതിന്റെ കൂടെ കേട്ട ഒരു വരി, "നിങ്ങള്‍ പ്രവാസികള്‍ക്ക് നാലഞ്ചായിരം കൂടി കൂട്ടിതരുന്നത് വല്യ പ്രശ്‌നമാണോ, ബാങ്കിന്ന് എടുത്ത് തന്നാല്‍ പോരെ" എന്നതായിരുന്നു. അപ്പോഴാണ് ധനലാഭമാണ് ലക്ഷ്യമെന്ന് മനസ്സിലാക്കിയത്! ഈ സംഭവത്തിന്റെ പിറ്റേന്നാണ് ചികിത്സയ്ക്കായി കാശിനു വേണ്ടി ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയെപറ്റി കേട്ടത്. ഉടന്‍ തന്നെ മുടിവെട്ടി സ്വരൂപിച്ച് വച്ചിരുന്ന കാശ് അവര്‍ക്ക് അയച്ച് കൊടുക്കാന്‍ ഏര്‍പ്പാടാക്കി. കവിതാസമാഹാരമെന്ന അത്മരതിക്ക് അതോടെ അറുതി കിട്ടി. പിന്നെയും ഇടയ്ക്ക് ഇടയ്ക്ക് സുഹൃത്തുകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ കാശില്ലാതെ ഇറക്കാന്‍ തയ്യാറായിട്ടുള്ള പബ്ലിഷറിനെ കൊണ്ട് വന്നാല്‍ ഞാന്‍ തയ്യാറാണെന്ന് ഉറപ്പ് കൊടുത്തു, അങ്ങിനെ ഒരാളയും കിട്ടില്ല എന്ന് മനസ്സിനുറപ്പുണ്ടായിരുന്നത് കൊണ്ട്. പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് 'ഇന്‍സൈറ്റ്പബ്ലിക്ക'യുടെ സുമേഷ് വി.പി  കാശിന്റെ ഇടപാടുകളൊന്നുമില്ലാതെ 2012ല്‍ ഐസ്ക്യൂബുകള്‍ എന്ന പേരില്‍ എന്റെ ആദ്യത്തെ സമാഹാരം പബ്ലിഷ് ചെയ്തു.

ഇഷ്ട്ടകവിത

പിഴുതുകൊണ്ടുപോരുകയും ചെയ്തു നട്ടുപിടിപ്പിക്കാനൊട്ടാവുന്നുമില്ലെന്നതുപോലെയുള്ള ജീവിതപ്രശ്‌നങ്ങളും ജാവ കോഡുമായി വീട്ടിലും ഓഫീസിലുമായി പ്രതിദിനം മല്ലിട്ടുകൊണ്ടിരുന്ന യു.എസ്സ്.എയിലെ ആദ്യനാളുകളിലേക്ക് സൌഹൃദത്തിന്റെ തീപ്പൊരിയുമായി കടന്നു വന്ന സുഹൃത്ത്. എല്ലായിപ്പോഴും ഉല്‍കണ്ഠകളെ കല്‍കണ്ടം പോലെ അലിയിക്കുന്നതെങ്ങിനെയെന്ന് കാട്ടിതന്ന്, എന്നിലെ അന്തര്‍മുഖത്വത്തെ അതിന്റെ ഉച്ചാവസ്ഥയില്‍ നിന്നും വലിച്ചിറക്കി ഉച്ചവെയിലിന്റെ കീഴെയിട്ട് കരണംകുത്തിമറിഞ്ഞ് ചിരിക്കാന്‍ പഠിപ്പിച്ച്, ആത്മവിശ്വാസം കൂട്ടാന്‍ സാഹിയിച്ചൊരാള്‍. ഗൃഹാതുരത്വം മുട്ടോളം കവിഞ്ഞ് കഴുത്തൊപ്പമെത്തുന്ന നാളുകളില്‍, അവനവന്‍ വസിക്കുന്നയിടം അതെവിടെയായാലും അവിടെ തന്റെ ഉറ്റവരാരും  ഇല്ലെങ്കില്‍ പോലും സ്വദേശമായി കരുതി വര്‍ത്തിക്കണമെന്ന പാഠം ആംഗലേയത്തില്‍ പറഞ്ഞു തന്ന് 'വസുദൈവകുടുംബകം' എന്നആശയം ഉള്‍കൊള്ളാന്‍ പ്രാപ്തമാക്കിയ ആള്‍. ചികിത്സിച്ച് ദേഭമാക്കാന്‍ കഴിയിലെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയ അസുഖത്തിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി വിജയിച്ച്, അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാവാന്‍ പരിശ്രമിക്കുകയും ചെയ്ത എന്റെ പ്രിയസുഹൃത്തിനു വേണ്ടി എഴുതിയ 'കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ച് പറയുന്നവള്‍ക്ക്...' എന്ന കവിതയാണ് എന്റെ ഇഷ്ട്ട കവിത. ഇപ്പോഴും അതിലേ വരികള്‍ ചിലര്‍ ക്വോട്ട്
ചെയ്ത് അയക്കാറുണ്ട്.

"കീമോയെ തോല്‍പ്പിക്കാന്‍/തലമുന്നേ വടിച്ചിറക്കാന്‍ തീരുമാനിച്ചെന്ന്
/അവള്‍ വിളിച്ച് പറഞ്ഞപ്പോള്‍,/ ആറ്റം ബോംബിട്ടിടത്തു വരെ പുല്ല്
കിളിര്‍ക്കുന്നു/ പിന്നെയല്ലെ ഇതെന്ന് പറഞ്ഞ്/ രണ്ടാളും ചിരിച്ചു."

ഈയടുത്ത് സ്തനാര്‍ബുദസാധ്യതയെ തുടര്‍ന്ന് ആഞ്ജലിന ജോളി രണ്ട് സ്തനങ്ങളും നീക്കം ചെയ്ത വാര്‍ത്തയോടൊപ്പം ഈ വരികള്‍ ഉദ്ധരണിയായി ചേര്‍ത്ത് ഫേയിസ്ബുക്കിലെ ഒരു സുഹൃത്ത് മെസേജ് ചെയ്തപ്പോള്‍  എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ഒരു നിമിഷം അന്തിച്ചിരുന്നു പോയി.


കവിതയിലെ സ്ഥാനം

സ്ഥാനമെന്നൊക്കെയുള്ള ആലങ്കാരിക പദങ്ങള്‍ക്ക് വിധേയയായിട്ടില്ല എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. വായിക്കുന്നവരുടെ മനസ്സിലാണ് എഴുത്തുകാരുടെയും സ്ഥാനമെന്നും വിശ്വസിക്കുന്നു, അതില്‍ നിന്നും വിമര്‍ശനവും പ്രചോദനവും ഉണ്ടാവുന്നു. ബ്ലോഗും ഫേയിസ് ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയും വഴി കൂടുതല്‍ ആളുകളിലേക്ക് കവിത എത്തുന്നുമുണ്ട്. സൈബര്‍ സ്‌പേസില്‍ കവിതകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഈശ്വരവാദികളെയും നിരീശ്വരവാദികളെയും പോലെ സൈബര്‍ സ്‌പേസിലെ കവിതകളില്‍ കവിതയുണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരുടെ ഇടയില്‍ കൂടി കവിത വളരുന്നുമുണ്ട്.

കവിതയിലേക്കെത്തുന്നത് 

ചുറ്റുമുള്ള എന്തുവിഷയവും വരികളിലേക്ക് കയറിവരാം. പ്രചോദനവും പ്രകോപനവും കവിതയിലേക്ക് വഴിതെളിച്ചിട്ടുണ്ട്. അതു പോലെ ദു:ഖവും സന്തോഷവും പ്രാണയവും എല്ലാം കവിതയിലേക്ക് എത്തിച്ചിട്ടുണ്ട്. പലതും മനസ്സില്‍ കുറെനാളായി കിടക്കുന്ന ചിന്തകളായിരിക്കും, അതിനോടനുബന്ധിച്ച് മറ്റൊരു വിഷയം വീണ്ടും വരുമ്പോള്‍ എഴുതുന്നവയും ഉണ്ട്. തോന്നുന്നത് തോന്നുമ്പോള്‍ തോന്നുന്നതു പോലെ എഴുതാനുള്ള സാവകാശം പലപ്പോഴും കിട്ടാറില്ല, സഹചര്യം കാരണം എപ്പോഴും മാറ്റിവയ്ക്കപ്പെടേണ്ട ഒന്നായി വന്നിട്ടുള്ളത് എഴുത്താണ്. അതിനോടൊപ്പം തന്നെ ദുര്‍വാശിയെന്ന് സുഹൃത്തുകള്‍ പറഞ്ഞിട്ടുള്ള സ്വയം കല്പിച്ച ചില ചട്ടകൂടുകളുമുണ്ട്. ഉദാഹരണത്തിനു ഒരു പീഡനമോ, ദാരുണമരണമോ ഉണ്ടാകുമ്പോല്‍ മാത്രം അതെ പറ്റി എഴുതുന്നതിനിടയ്ക്ക് (മിക്കവാറും ഒരു സംഭവത്തെ കേന്ദ്രീകരിച്ച് എഴുതാറില്ല, പൊതുവായുള്ള പാറ്റേണുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെതിരെ ക്രേന്ദീകരിച്ച് പ്രതികരിക്കാരുണ്ടെങ്കിലും) സൂര്യനെല്ലിയെന്നും, മൂന്നുവയസ്സുകാരിയെന്നും, അന്‍പത്തിയൊന്ന് വെട്ടെന്നും മറ്റുമുള്ള ഉള്ള ക്ലൂകള്‍ കൊളുത്തിട്ട് വായനകാരുടെ മുന്നിലേക്ക് ഇട്ട്‌കൊടുക്കല്‍ മുതലായവ. ഇതേകാരണങ്ങളാല്‍ പലതും എഴുതാതെ വിട്ടിട്ടുണ്ട്.

മനസ്സിലുള്ള എഴുത്ത്.

കുറെ വര്‍ഷങ്ങളായി മനസ്സില്‍ എഴുതണമെന്ന് വിചാരിച്ച് കൊണ്ടുനടന്നിരുന്ന ചിലത് മടിയും സാഹചര്യം കാരണം മാറ്റി വയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. അതിലേക്ക്
ഒന്ന് നിലയുറപ്പിച്ചു വരുന്നു. ഒന്നും പറയാറായിട്ടില്ല :)


....................................

തിരുവനന്തപുരം ജില്ലയിലേ ആറാംന്താനമെന്ന ഗ്രാമത്തിലാണ് ജനനം. കുടുംബവീട്ടില്‍ അച്ഛനും അമ്മയും ഉണ്ട്. സഹോദരങ്ങള്‍ രണ്ടു പേരുണ്ട് , ഒരാള്‍ സോഫ്റ്റ് വെയര്‍ പ്രഫഷണല്‍, മറ്റൊരാള്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ അസ്സോസിയേറ്റ് പ്രഫസര്‍. എന്റെ കല്യാണശേഷമാണ് 1999ല്‍ പ്രവാസജീവിതം ആരംഭിച്ചത്. ഭാര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം യു.എസ്സിലെ പലനഗരങ്ങളിലായിഇപ്പോഴും പ്രവാസം  തുടരുന്നു. Dona's blog - http://www.rithubhedangal.blogspot.in/

Monday, June 10, 2013

KL- 47 5002 ഒരു കവി(ത) കാത്തിരിക്കുന്നു

നെഞ്ചുംവിരിച്ച് തലകുനിക്കുന്നു, കാത്തുശിക്ഷിക്കണേ എന്നീ കവിതാ സമാഹാരങ്ങളിലൂടെ പ്രശസ്തനായ കവി എം എസ് ബനേഷ് സംസാരിക്കുന്നു

കവിതയിലേക്കുള്ള വരവ്

ഏയ്, കവിതയിലേക്ക് അങ്ങനെ എന്റേതായ വരവൊന്നും ഉണ്ടായിട്ടില്ല സന്ദീപ്. വരാനുള്ള പരമ്പരാഗത പാതകളൊന്നും ഇല്ലായിരുന്നു. കോമരങ്ങള്‍ തലവെട്ടിപ്പൊളിക്കുകയും തെറിപ്പാട്ട് പാടുകയും ചെയ്യുന്ന കൊടുങ്ങല്ലൂരില്‍ ജനിച്ച അന്തര്‍മുഖനായ ഒരു കുട്ടി. ടാക്‌സി െ്രെഡവറായ അച്ഛന്‍. അടുക്കളയില്‍ മാത്രം പെരുമാറ്റമുള്ള അമ്മ. വാളുകളും ചിലമ്പുകളും കുരുതിക്കോഴികളുടെ ചോരയും മഞ്ഞളും ഇടകലര്‍ന്ന നിറങ്ങളും കണ്ടായിരുന്നു വളര്‍ച്ച. പരാജയപ്പെട്ട നക്‌സലൈറ്റുകളുടെ നീണ്ട നിരാശാഭരിതമായ താടിരൂപങ്ങളെ വിസ്മയിച്ചുനോക്കിയും അമ്പല ആല്‍ത്തറകളിലെ സ്വവര്‍ഗാനുരാഗികളെയും ബാലപ്രിയരായ പുരുഷന്മാരെയും ഭയന്നുമായിരുന്നു കൊടുങ്ങല്ലൂര്‍ ബോയ്‌സ് സ്കൂളിലേക്കുള്ള യാത്രകള്‍. എട്ടാം ക്ലാസിലായിരുന്നു കവിതയുടെ ഇങ്ങോട്ടുള്ള വരവ്. ചോദിക്കാതെ കയറിവരികയായിരുന്നു. അതിന്റെ ഒരു ഭയം എപ്പോഴും ഉണ്ട്. ഏതു നിമിഷവും തിരിച്ചുപോയാലോ എന്ന്. അതുകൊണ്ട് ഏതു വരള്‍ക്കാലത്തും ഉള്ളിലെ കവിതയെ താലോലിക്കാത്ത നാളുകളില്ല.
Deepika Yo page for youth - june 11


കവിത വളര്‍ന്നത്.

മാല്യങ്കര എസ് എന്‍ എം കോളേജിലെ പ്രീഡിഗ്രിക്കാലം, അന്ന് വായിച്ച് ആവേശിച്ച് ഇറങ്ങിപ്പോയ കടമ്മനിട്ട, ബാലചന്ദ്രന്‍, സച്ചിദാനന്ദന്‍, അയ്യപ്പപ്പണിക്കര്‍, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, ഒഎന്‍വി, നെരൂദയുടെയും ഒക്ടേവിയോ പാസിന്റെയും പരിഭാഷകള്‍, സ്കൂള്‍ നാളുകളില്‍ വായിച്ചിരുന്ന മംഗളം മനോരമ പൈങ്കിളി വാരികകളിലെ നോവലുകള്‍, സ്കൂളിലെ ആണ്ടവന്‍ എന്ന വില്ലന്‍ കൂട്ടുകാരന്‍ ഇടക്കിടെ നിര്‍ബന്ധിപ്പിച്ച് വായിപ്പിച്ചിരുന്ന ലൈംഗിക കൊച്ചുപുസ്തകങ്ങള്‍, ഒറ്റയ്ക്കും തെറ്റയ്ക്കും വായിച്ച അദ്ധ്യാത്മരാമായണം, ഇവയെല്ലാം അന്നത്തെ വായനാ സംസ്കാരത്തെ കിടുക്കിയിരുന്നു, കവിതയേയും. ഇടയ്ക്ക് പ്രീഡിഗ്രി പഠനം മുടങ്ങി, കേരളം മുഴുവന്‍ പുസ്തകങ്ങള്‍ വിറ്റുനടന്നു. ആദ്യകവിതകള്‍ പ്രസിദ്ധീകരിച്ച ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ പൂങ്കാവനം മാസിക, സരോവരം മാസിക, തൊഴിലില്ലാതെ അലഞ്ഞ നാളുകളില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കവിത പ്രസിദ്ധീകരിച്ച അന്നത്തെ പത്രാധിപര്‍ ശ്രീകുമാര്‍, പിന്നെ ചെറിയ ചെറിയ കവിയരങ്ങുകള്‍, കവിതയില്‍ ഉന്മാദമോ ഉന്മാദത്തില്‍ കവിതയോ നിറച്ചുനടന്ന കൊടുങ്ങല്ലൂരിലെത്തന്നെ പിഎ നാസുമുദ്ദീന്‍, പിഎന്‍ ഗോപീകൃഷ്ണന്‍, എറണാകുളം മഹാരാജാസിലെ എംഎക്കാലം, കെജിഎസ്, ഡി വിനയചന്ദ്രന്‍, ഗുരുത്വസൗഹൃദങ്ങള്‍, കവിത വളര്‍ന്ന സമൃദ്ധകാലങ്ങള്‍.


കവിതകള്‍ ഉണ്ടാവുന്നത്.

അതിന് കസേരയില്‍ ചാഞ്ഞുകിടന്ന് ശാന്തതയില്‍ അഭിരമിക്കുകയൊന്നും വേണ്ട സന്ദീപ്. എവിടെവച്ചും ഉണ്ടാകാം. ആശുപത്രിയില്‍ നില്‍ക്കുമ്പോള്‍, ബസില്‍ തിരക്കില്‍ കമ്പിയില്‍ തൂങ്ങി ലോകം കീഴടക്കുമ്പോള്‍, ഉറക്കത്തില്‍, ഇറച്ചിക്കടയില്‍ നില്‍ക്കുമ്പോള്‍പ്പോലും. പലപ്പോഴും പൊടുന്നനേ പ്രവഹിച്ചുവരുന്ന നാലോ അഞ്ചോ വരികള്‍. ചിലപ്പോള്‍ വൃത്തത്തില്‍, പലപ്പോഴും നാവിനോളം പരുപരുപ്പുള്ള ഗദ്യത്തില്‍. കടലാസ് കയ്യിലുണ്ടെങ്കില്‍ അപ്പോള്‍തന്നെ കുറിച്ചുവയ്ക്കും. ഇല്ലെങ്കില്‍ കടലാസ് കിട്ടുംവരെ ആ വരികളെ നാവിന്‍തുമ്പില്‍ നൃത്തം ചെയ്യിക്കും. കടലാസ് കിട്ടിയാല്‍ എഴുതിവയ്ക്കും. അതോടെ തീരും. എന്താവും അതിന്റെ ഭാവിയെന്ന് അപ്പോള്‍ പറയാനാവില്ല. ആഴ്ച്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം  വീണ്ടും വായിക്കുമ്പോള്‍, ബാക്കിയുള്ള വരികള്‍ ഒരു അദൃശ്യസമുദ്രത്തില്‍ നിന്നെന്നപോലെ അലയടിച്ചെത്തും. ആദ്യവരികള്‍ വരുമ്പോള്‍ അറിയില്ല, ആ കവിത ഏതു ചുഴിയിലേക്കാണ് നമ്മെ വലിച്ചിടാന്‍ പോവുന്നതെന്ന്.

കവിതയിലെ രാഷ്ട്രീയം

എന്റെ എല്ലാ കവിതകളും രാഷ്ട്രീയകവിതകളാണ്. പ്രണയവും രതിയും വിരതിയും നിറയുന്ന കവിതകളില്‍പ്പോലും. പ്രസിദ്ധീകരിച്ച രണ്ട് കവിതാസമാഹാരങ്ങളുടെയും ശീര്‍ഷകങ്ങളില്‍ത്തന്നെ ആ രാഷ്ട്രീയം പ്രകടമാണ്. തലകുനിക്കുമ്പോളും നെഞ്ചുംവിരിച്ചാണ് ആ കുനിയല്‍ എന്ന താക്കീത്. കാത്തുരക്ഷിക്കുകയാണെന്ന വ്യാജേന നിങ്ങള്‍ ചെയ്യുന്നത് കാത്തുശിക്ഷിക്കലാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന ഓര്‍മ്മപ്പെടുത്തല്‍. 'അടിയന്‍' എന്ന കവിതയില്‍ എറാന്‍ എന്ന് പറഞ്ഞ് തലതാഴ്ത്തുന്നതിന് പകരം കരണത്തടിച്ച് അല്പനേരത്തേക്കെങ്കിലും സാക്ഷാല്‍ അടിയന്‍ ആവുന്ന മനുഷ്യന്‍. ഛെന്നായ എന്ന കവിതയിലെ ഛെ എന്ന് ആട്ടുമ്പോള്‍ തുമ്മിത്തെറിച്ച് ചെ പോയി വാലാട്ടിനില്‍ക്കുന്ന വെറും നായയില്‍പ്പോലും ആ രാഷ്ട്രീയം പ്രകടമാണ്.

എഴുത്തിലെ ദര്‍ശനം

തെളിഞ്ഞൊരു ജീവിതബോധം നിങ്ങള്‍ക്കുണ്ടെങ്കില്‍ ദര്‍ശനം അതിന്റെ വഴിക്കുവന്നുകൊള്ളും. ദര്‍ശനത്തിനുവേണ്ടി കര്‍ശനമായ എന്തെങ്കിലും ചിട്ടവട്ടങ്ങള്‍ എഴുത്തില്‍ ഉണ്ടാകണമെന്ന് ഞാന്‍ കരുതുന്നില്ല. പുല്ലും പുഴുവും പൂക്കളും ഉറുമ്പും ആനയും സിംഹവും പ്രണയിനികളും സഖാക്കളും ആള്‍ക്കൂട്ടങ്ങളുമെല്ലാം നിറഞ്ഞ ഒരു ലോകത്തിന്റെ വിയര്‍പ്പില്‍ തെളിയുന്ന മാനവികതയും മൃഗപരതയുമാവാം എന്റെ ദര്‍ശനം. ചിലപ്പോള്‍ ദര്‍ശനഭാരമൊന്നുമില്ലാത്ത ഒരു ശലഭച്ചിറകും.

ഓണ്‍ലൈന്‍ എഴുത്ത്

സുന്ദരമായ കയ്യക്ഷരങ്ങളുണ്ട് എനിക്ക്. ഇപ്പോള്‍ കീ ബോര്‍ഡുകള്‍ക്കാണ് ആ അക്ഷരങ്ങളേക്കാള്‍ വേഗംകൂടുതല്‍. പക്ഷേ കവിതകള്‍ വരുന്നത് എവിടെ വച്ചുമാവാമെന്നതിനാല്‍ കവിതകള്‍ കയ്യക്ഷരങ്ങളായിത്തന്നെ പിറക്കുന്നു. ഓണ്‍ലൈനില്‍ കവിതകളെ പറഞ്ഞയ്ക്കാറില്ല. നിരന്തരം എഴുതുന്നത് എക്കാലത്തും കുറവ്. അതുകൊണ്ട് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് മാത്രമേ കവിതകള്‍ നല്‍കാന്‍ കഴിയാറുള്ളൂ. ഓണ്‍ലൈന്‍ അക്ഷരങ്ങള്‍ വായിക്കാറുണ്ട്. അതിന്റേതായ ആനന്ദനിരാശകളുമുണ്ട്.

കവിത വിമര്‍ശിക്കപ്പെടുന്നു.

വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും അപ്പുറമോ ഇപ്പുറമോ ഉള്ള ഒരു ഇടത്തിലാണ് എന്റെ കവിതകള്‍ എന്ന് തോന്നുന്നു. ആ കവിതയെ വായിക്കുന്നവര്‍ നിശ്ശബ്ദമായി അനുഭവിക്കുന്നവരാകണം. അല്ലാത്തവര്‍ അതിഷ്ടമില്ലാതെ പിന്‍വാങ്ങുന്നവരും. സ്വന്തം കവിതയെ മുന്‍നിര്‍ത്തി കാവ്യസൗന്ദര്യശാസ്ത്രങ്ങളൊന്നും ഞാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വിഷവും അമൃതും ഇടചേര്‍ന്നതാണ് എന്റെ കവിതയെന്ന് തോന്നുന്നു.

എഴുതാന്‍ കൊതിക്കുന്ന കവിത

കെഎല്‍ 47, 5002 എന്നാണ് ആ കവിതയുടെ പേര്.  പേര് മാത്രമേ ആയുള്ളൂ. ഇതുവരെ എഴുതിയിട്ടില്ല. എഴുതാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. പാതിരാമഴകളിലും മിന്നല്‍പ്പെരുക്കങ്ങളിലും കൊടുംവേനലിലും അരനൂറ്റാണ്ടിലധികമായി കേരളത്തിന്റെ പലതരം തെരുവുകളിലൂടെ വണ്ടിയോടിച്ചുകൊണ്ടിരിക്കുന്ന അച്ഛനെക്കുറിച്ച്. ആ വണ്ടി വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്ന പലതരം ലോകങ്ങളെക്കുറിച്ച്. തിരുവനന്തപുരം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ആ വണ്ടിയില്‍ ചാഞ്ഞിരുന്ന് പതിഞ്ഞ ശബ്ദത്തില്‍ പാട്ടുവയ്ക്കാന്‍ പറഞ്ഞ് തുടയില്‍ താളം കൊട്ടി കേട്ടിരുന്ന പി.ഭാസ്കരന്‍മാഷിനെക്കുറിച്ച്. കണ്ണുകള്‍ തുറന്ന് ജാഗ്രതയോടെ മരിച്ച എംഎന്‍ വിജയന്‍മാഷ് പ്രസംഗവേദികളിലേക്ക് പോകുമ്പോള്‍ അതേ കാറിലിരുന്ന് ദോശചുടുന്നതിന്റെ റസീപി പറഞ്ഞുകൊടുത്തിരുന്നതിനെക്കുറിച്ച്. എഴുതാന്‍ ശ്രമിക്കുന്നു. സഡന്‍ബ്രേക്കോടെ വാക്കുകള്‍ തേഞ്ഞുരഞ്ഞ് നിന്നുപോകുന്നു. എപ്പോഴെങ്കിലും എഴുതിയേക്കും.

Tuesday, April 23, 2013

തുഞ്ചന്‍ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍ കഥ പറയുന്നു


ദേ.. ഈ സംഭവം ഇങ്ങോട്ടു തിരിച്ചു വച്ചാല്‍ നല്ല ഫോട്ടോ കിട്ടും. സുരേഷ് കുറുമുള്ളൂരും റെജിയും.

തന്റെ പോസ്റ്റുകള്‍ക്കും കമറ്റുകള്‍ക്കും കിട്ടുന്ന പ്രതികരണത്തെക്കുറിച്ച് കൂതറ ഹാഷിം വിവരിക്കുന്നു.

ഞാന്‍ അത്ര വലിയ പ്രാസംഗികനൊന്നുമല്ല. പ്രസംഗിക്കാന്‍ തീരെ താത്പര്യവുമില്ല. എന്നാലും, മൈക്ക് കിട്ടിയതല്ലേ ഒരു ചാര്‍ത്തു ചാര്‍ത്തം. ഇസ്മയില്‍ കുറുമ്പടിയുടെ പുസ്തകം നിരക്ഷരന്‍ പരിചയപ്പെടുത്തുന്നു.


ജയന്‍ ഡോക്ടറെ, ആകെ അഞ്ചു പേരാണ് ഇതുവരെ വന്നിരിക്കുന്നത്. സമയമെത്രയായെന്നറിയാമോ. കാര്യങ്ങളു കുഴയുമല്ലോ. സാബു, ഡോ. ജയന്‍, തോന്നിവാസി, ജോഷി, ഇസ്മയില്‍.


ഹൊ... രവിലെ അഞ്ചരയ്ക്കു പോന്നതാ. വൈകിയില്ലല്ലോ അല്ലേ. നിരക്ഷരന്‍, പൊന്‍മളക്കാരന്‍, ശിവകാമി, മനോരാജ്.



അതെ, ഒരു ചെറിയേ കാര്യം ചോദിച്ചോട്ടെ ആരും അറിയണ്ട. ഒരു നൂറു രൂപ കുറച്ചു തന്നാല്‍പ്പോരെ. മനോരാജ്, ഡോ. ജയന്‍, തോന്നിയാസി.


സിഎല്‍എസ് ബുക്‌സിന്റെ സ്റ്റാള്‍



ഒരു മാതിരി കൂറ വര്‍ത്തമാനം പറയരുതു കേട്ടോ. പറയുന്നത് അങ്ങോട്ടു കേട്ടാല്‍ മതി. മീറ്റിന്റെ മൊതലാളി ഞാനാ. ഡോ. ജയന്‍.. ..................  .


ഹോ... രണ്ടു ദിവസം സ്വ്സ്ഥമായിരിക്കാന്‍ ഒരുത്തനും സമ്മതിക്കത്തില്ല. ഷെരീഫ് കൊട്ടാരക്കര.


എന്തോന്നാ ഇക്ക ഇത് ഒരുത്തനേ കാണുന്നില്ലല്ലോ ?


മീറ്റിലെ ഈറ്റിനെക്കുറിച്ച് ജയന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു.


തലയില്‍ ഇത്തിരി നീലഭൃഗ്ദി തേയ്ക്കണ്ട സമയമായി . അലിഫ് കുമ്പിടി.


വല്ലാത്ത വെയിലാണ്. ഫ്രെയിം ശരിയാവുന്നില്ലല്ലോ. വി. കെ ആദര്‍ശ്.


എന്റെ കളറുപടം ശരിക്കു പതിഞ്ഞില്ലെങ്കില്‍ എന്റേതു വെറും പിത്തത്തടിയല്ലെന്നു നീ മനസിലാക്കും. കേട്ടോടാ പോട്ടോ ഗ്രാഫറേ. ഫോട്ടോ ഗ്രാഫറെ ഭീഷണിപ്പെടുത്തുന്ന സജീവ്. ബഷീര്‍ വള്ളിക്കുന്ന്, നൗഷാദ് വടക്കേല്‍, അബ്‌സര്‍ തുടങ്ങിയവര്‍ സമീപം.


ദൈവമേ. സങ്ങതി പാളി. കാണാതെ പഠിച്ചതെല്ലാം മറന്നു. എന്താ ഇനി പറയുക. ഷെരീഫ് കൊട്ടാരക്കര.


സൊറപറച്ചിലും പരദൂഷണവും മതിയാക്ക്. എല്ലാവരും മര്യാദയ്ക്കു ഹാളില്‍ കയറി ഇരിക്ക്. മീറ്റ് നിയന്ത്രിക്കുന്ന സാബു കൊട്ടോട്ടി.


ബൂലോകത്തെ പുലികളോടൊപ്പം പുലികളിക്കാനിറങ്ങിയ ഈയുള്ളവനും. നിരക്ഷരന്‍, ബഷീര്‍ വള്ളിക്കുന്ന്, സാദത്ത് വെളിയന്‍ കോട്.


ഓണത്തിനിടയ്ക്കു പൂട്ടു കച്ചവടം. മീറ്റിനിടയ്ക്കു പുസ്തക വില്പന നടത്തുന്ന ജയന്‍ ഡോക്ടര്‍. വാങ്ങുന്നത് റെജി പിറവം. സമീപം പൊന്‍മളക്കാരന്‍.
















Friday, April 5, 2013

ജീവിതം കവിതയെഴുതുന്ന സ്‌റ്റൈല്‍

         സമകാലിക മലയാളകവിതയെ നിരീക്ഷിച്ചാല്‍ നമുക്ക് ധാരാളം ബേണ്‍ഡ് ഔട്ട് ആയിപ്പോയ കവികളെ കണ്ടെത്താനാവും. ഉപയോഗിച്ച് പഴകിയ പ്രയോഗങ്ങളും വരികളുമുപയോഗിച്ച് ചില അപശബ്ദങ്ങള്‍ കേള്‍പ്പിച്ച്, ഒരു അടയാളപ്പെടുത്തലുകളും നടത്താതെ ഒടുങ്ങിപ്പോയ നിരവധി കവികളെ. ഇവരുടെ ഇടയില്‍ നിലവിലെ കവിതാരചനാ രീതികളെ നെഞ്ചുവിരിച്ച് നിന്ന് വെല്ലുവിളിക്കാന്‍ ചങ്കൂറ്റം കാട്ടിയ ശൈലനെന്ന കവി മലയാള കവിതയ്ക്ക് ഉറഞ്ഞാട്ടത്തിന്റെ ദ്രുതതാളം നല്‍കുന്നു. ദേജാവൂ, താമ്രപര്‍ണി, നിഷ്കാസിതന്റെ ഈസ്റ്റര്‍ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെ പ്രശസ്ഥനായ കവി ശൈലന്‍ കവിതകളെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു.

സാധാരണ ബാല്യം, പക്ഷേ, ടീനേജ് സംഭവബഹുലവും
ശരിക്കും ഒരു സാധാരണ ബാല്യമായിരുന്നു എന്റേത്. ബാല്യകാലം പൂര്‍ണമായും മലപ്പുറത്തായിരുന്നു. സ്കൂളില്‍ എന്റെ ചേച്ചി തന്നെയായിരുന്നു എന്റെ അധ്യാപികയും. ശരിക്കും ഞങ്ങളുടെ വീടിന് തൊട്ടുമുന്നില്‍ ഒരു സ്കൂളുണ്ടായിരുന്നു. പക്ഷേ, അവിടെ പഠിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. കാരണം ചേച്ചിക്ക് ജോലികിട്ടിയത് മറ്റൊരു സ്കൂളിലായിരുന്നു. അതും വളരെ അകലെയൊന്നുമായിരുന്നില്ല. ഏതാണ്ട് രണ്ടു കിലോമീറ്റര്‍ മാത്രം. ഞങ്ങള്‍ സഹോദരങ്ങള്‍ തമ്മില്‍ ഏഴുവയസിന്റെ വരെ വ്യത്യാസമുണ്ട്. ഞാനായിരുന്നു കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍. അതു കൊണ്ടുതന്നെ കൂടുതല്‍ സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു.
   ഹൈസ്കൂളിലെത്തിയതോടെ കാര്യങ്ങള്‍ മാറി. ചേച്ചി ട്രാന്‍സ്ഫറായി മറ്റൊരു സ്കൂളിലേക്കു പോയി. അതോടെ എന്നെ നിയന്ത്രിക്കാന്‍ ആരുമില്ലാതായെന്നു വേണമെങ്കില്‍ പറയാം. പിന്നെ, നാടുവിടലുകളുടെ കാലഘട്ടമായിരുന്നു. ഹൈസ്കൂള്‍ പഠനകാലത്ത് നിരവധി തവണ നാടുവിട്ടു പോകുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. കോളജില്‍, എത്തുമ്പോഴും ഉന്‍മാദവും അനിശ്ചിതത്വ ചിന്തകളും മനസിനെ വല്ലാതെ കീഴടക്കിയിരുന്നു.

കവിത കടന്നു കൂടിയത്
ഞാന്‍ പറഞ്ഞതു പോലെ നാടുവിട്ടു പോയിട്ടുള്ള ആളാണ്. ആ പോക്കില്‍ ജീവിതത്തില്‍ കുരുങ്ങിയ ചില കാര്യങ്ങളാണ് ശരിക്കും കവിതയിലേക്കടുപ്പിച്ചതെന്നു പറയാം. ഹോട്ടലില്‍ അടുക്കളക്കാരനായും ചുമട്ടു തൊഴിലാളിയായുമൊക്കെ ജീവിച്ചിട്ടുണ്ട്. അന്ന് പഠിച്ചതാണ് ശരിക്കും പഠിച്ചിട്ടുള്ളത്. ഇത്തരം അറിവുകളാണ് ശരിക്കും കവിതയില്‍ പ്രയോഗിച്ചിട്ടുള്ളത്. സത്യം പറഞ്ഞാല്‍ കവിത എഴുത്തു തുടങ്ങി എത്രയോ കാലങ്ങള്‍ക്കു ശേഷമാണ് എന്റെ കവിതകള്‍ അച്ചടിച്ചു വരുന്നത്. പിന്നെ എന്നെ അറിയാവുന്ന സുഹൃത്തുക്കളുടെ പ്രോത്സാഹനം അത് പ്രത്യേകം എടുത്തു പറയേ|താണ്. അവരാണ് യഥാര്‍ഥത്തില്‍ എന്നെ കവിയാക്കിയത്.
   എന്റെ വീട്ടില്‍ ആരും എഴുത്തിനോട് ആഭിമുഖ്യമുള്ളവരല്ല. കുടുംബപരമായി കവിതയിലെത്താന്‍ ഒരു സാധ്യതയുമില്ലാത്തയാളായിരുന്നു ഞാന്‍. പിന്നെ, ഞാന്‍ കവിയാകുമെന്നു എന്റെ അച്ഛന്‍ കരുതിയിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. ഞങ്ങളുടെ വീടിന് അച്ഛനിട്ട പേരു കവിത എന്നായിരുന്നു.

ആധുനിക കവിതയിലെ എന്റെ സ്ഥാനം
ഇവിടെ ഈ കുറിക്കുന്നത് ആത്മപ്രശംസയാകും എന്ന തിരിച്ചറിവില്‍ത്തന്നെയാണ് എഴുതുന്നത്. എന്റെ കവിത മഹത്തരമല്ല. അതുകൊണ്ടുതന്നെ ഒന്നാം നിരയില്‍ എനിക്കു സ്ഥാനമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. പിന്നെ, ചവറുമല്ല. ഞാന്‍തന്നെ ഒരു സ്റ്റാന്‍ഡേര്‍ഡ് സ്‌കെയില്‍ വച്ചിട്ടുണ്ട്. അതുകൊണ്ട് അവസാനക്കാരനുമല്ല. ഇതി}ിടയില്‍ എവിടെയോ ആണു സ്ഥാനം. എന്റെ സ്ഥാനം അടയാളപ്പെടുത്താനുള്ള അവകാശം എനിക്കില്ല എന്ന് വിശ്വസിക്കുന്നതുകൊണ്ട് സ്ഥാനം ഏതാണെന്നു പറയുന്നില്ല. പേരില്ലാതെ പ്രത്യക്ഷപ്പെട്ടാലും ഇത് ശൈലന്റെ കവിതയല്ലേ എന്നു ആരെങ്കിലും ചോദിച്ചാല്‍ വലിയ സന്തോഷം.

വിമര്‍ശനങ്ങളോടുള്ള പ്രതികരണം പോസിറ്റീവായി മാത്രം
വിമര്‍ശിക്കപ്പെടുന്നതില്‍ ഞാന്‍ ദുഖിക്കാറില്ല. കാരണം ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് അത് എന്നെത്തന്നെ ഓര്‍മപ്പെടുത്തുന്നു. പിന്നെ, ക്രിയാത്മക വിമര്‍ശനങ്ങള്‍ വളരെ കുറച്ചു മാത്രം ലഭിച്ചിച്ചുട്ടുള്ള ആളാണു ഞാന്‍. തെറിവിളിയും ഭീഷണിയുമാണ് പ്രധാനമായും ലഭിക്കാറുള്ളത്. സ്ത്രീവിരുദ്ധതയും വര്‍ഗീയതുമൊക്കെ എന്റെ കവിതകളില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. അജ്ഞാത എന്ന കവിത വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, പലതും അടിസ്ഥാനരഹിതമായിരുന്നു എന്നതാണ് പ്രധാനം. പിന്നെ, എന്റെ കവിതകളെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കൂടുതലും മെസേജായും ഫെയ്‌സ്ബുക്ക് കമന്റായുമാണ് വരുന്നത്. കവിത കവിയുടെ കാഴ്ചപ്പാടില്‍ മാത്രം വായിക്കപ്പെടേണ്ട ഒന്നല്ലല്ലോ.

എഴുതാതെ പോയ കവിത
എഴുതാതെ പോകുന്ന കവിതകളെക്കുറിച്ച് ഞാനൊട്ടും ബോതേര്‍ഡല്ല. കാരണം മനസില്‍ എത്രകാലം കൊണ്ടു നടന്നാലും എത്ര നിറഞ്ഞു നിന്നാലും ചിലപ്പോള്‍ പുറത്തു വന്നു എന്നു വരില്ല. പിന്നെ കടലാസില്‍ എഴുതി പ്രസിദ്ധീകരിക്കപ്പെടുന്നതു മാത്രമാണു കവിത എന്നു ഞാന്‍ കരുതുന്നുമില്ല. ചിലപ്പോള്‍ ജീവിതം കവിതയായി മാറുന്ന രസതന്ത്രവുമുണ്ട്.


ശൈലനെന്ന സ്റ്റൈലന്‍ പേര്
ഒരു വ്യക്തിയും അയാളുടെ പേരു സ്വന്തമായി തീരുമാനിക്കുന്നില്ല. വളരെ കുറച്ചുപേര്‍ ചെയ്യുന്നുണ്ടാവാം. ബഹുഭൂരിപക്ഷം ആളുകളുടെയും പേര് അയാളുടെ മാതാപിതാക്കളുടെ സംഭാവനയാണ്. എന്റെ ശരിയായ പേര് ശൈലേന്ദ്രകുമാര്‍ എന്നാണ്. അത് അറിയാവുന്നവര്‍ ഇന്നു ചുരുക്കം. എന്റെ അച്ഛന്‍ ഒരു സൈനികനായിരുന്നു. ആസാമിലും നാഗാലാന്‍ഡിലും അച്ഛന്‍ ജോലി ചെയ്തിട്ടുണ്ട്. അവിടെ എവിടെ നിന്നെങ്കിലും കടന്നു കൂടിയതാവണം ഈ പേര്. പിന്നെ, ശൈലന്‍ എന്ന ലോപിച്ച ഫോം ശരിക്കും സുഹൃത്തുക്കളുടെ സംഭാവനയാണ്.
    ശൈലെനന്ന പേരില്‍ ഒരു നല്ല സാധ്യത ഉണ്ടെന്നു പിന്നീട് ഞാന്‍ തിരിച്ചറിയുകയായിരുന്നു. പക്ഷേ, ശൈലന്‍ എന്ന പേര് ശാന്തനെന്നന്ന പേരായി തെറ്റദ്ധരിച്ച വലിയ ശതമാനം വായനക്കാരുമു|ായിരുന്നു എന്നത് മറ്റൊരു സത്യം.

എഴുതിയ കവിതകള്‍
ഞാന്‍ പലപ്പോഴും കവിത എഴുതുന്ന ഭാഷയെ. നമ്മളൊക്കെ കാവ്യഭാഷയെന്നു വിളിക്കുന്ന ഈ ഭാഷയെ അപനിര്‍മിക്കാനുള്ള വളരെ എളിയ ശ്രമങ്ങളാണു ഞാന്‍ നടത്തുന്നത്. താമ്രപര്‍ണി മുതല്‍ കഴിഞ്ഞ ദിവസമിറങ്ങിയ ദേജാവുവരെയുള്ള കവിതകളിലൂടെ ഞാന്‍ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത് ഇതാണ്. നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കാവ്യഭാഷയെ അപനിര്‍മ്മിക്കലാണു കവിയുടെ ധര്‍മം.

കവിതയിലെ നിലപാട്
ഞാന്‍ സ്ഥിരമായി കാണുന്ന കാഴ്ചകളായിരിക്കും വായനക്കാരനും കാണുന്നത് എന്ന ധാരണ എനിക്കുണ്ട്. അതുകൊണ്ടുതന്നെ അവയെ മാറി ചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതില്‍ നമ്മുടെ സ്വപ്നങ്ങളും സങ്കല്‍പങ്ങളുംപെടും. അവയെ അട്ടിമറിക്കുക എന്ന ലക്ഷ്യമെനിക്കില്ല. വായനക്കാരന്റെ പല കാഴ്ചകളും ഇവിടെ കീഴ്‌മേല്‍ മറിയുന്നു. സങ്കല്പങ്ങളെ/സ്വപ്നങ്ങളെ അട്ടിമറിക്കുന്ന എന്തിനേയും മലയാളി ഭയന്നിട്ടുണ്ട്. എന്നാല്‍ ഞാനൊരു അട്ടിമറിക്കാരനോ വിപ്ലവകാരിയോ അല്ല.




Friday, February 8, 2013

ലോപിച്ചു പോകാത്ത കവിത

2001 ല്‍ പ്രശസ്ത കവയിത്രി വിജയലക്ഷ്മി "ലോപയ്ക്ക്" എന്ന പേരില്‍ ഒരു കവിത എഴുതി. അത് കവിതയെഴുത്തില്‍ പിച്ചവച്ചു തുടങ്ങിയ ഒരു കവയിത്രിയെക്കുറിച്ചും അവളുടെ കവിതകളെക്കുറിച്ചുമായിരുന്നു. ഒരു തുടക്കക്കാരിയായ കവയിത്രിക്കു ലഭിക്കുന്ന വലിയൊരു പുരസ്കാരമായിരുന്നു അത്. അത് ആര്‍. ലോപയെക്കുറിച്ചായിരുന്നു. ലോപയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ കാലമായിരുന്നു അത്. ഇന്ന് തുടക്കക്കാരിയില്‍ നിന്നും ഇരുത്തംവന്ന കവിയായി ലോപ മാറിയിരിക്കുന്നു. 2012 ലെ കേന്ദ്രസാഹിത്യ അക്കാഡമിയുടെ യുവപുരസ്കാരം ലോപയുടെ പ്രതിഭയ്ക്കു മാറ്റു കൂട്ടുന്നു. പരസ്പരം എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. ലോപ തന്റെ എഴുത്തു രീതികതളെക്കുറിച്ചും കവിതകളെക്കുറിച്ചും സംസാരിക്കുന്നു.

എഴുത്തിലേക്കുള്ള വരവ് ?

സത്യം പറഞ്ഞാല്‍ എഴുതുമെന്നോ എഴുത്തുകാരിയാകുമെന്നോ ഒരിക്കലും കരുതിയിട്ടില്ല. ശരിക്കു ഞാന്‍ എഴുത്തുകാരിയായതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും എന്റെ മുത്തച്ഛനുള്ളതാണ്. എനിക്ക് മൂന്നു വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. മുത്തച്ഛനും അമ്മയുമാണ് എന്നെ വളര്‍ത്തുന്നത്. കഥാപ്രസംഗമായിരുന്നു മുത്തച്ഛന്റെ മേഖലയെങ്കിലും എഴുത്തിനോടും വായനയോടും വലിയ അടുപ്പമുണ്ടായിരുന്നു. ഒന്നു രണ്ടു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹമാണ് എന്നെ വായനയുടെ ലോകത്തിലേക്കു നയിക്കുന്നത്. പിന്നീട് ആ വായന വളരെ വിപുലമാക്കുകയായിരുന്നു. ഞാന്‍ എന്തെങ്കിലും എഴുതിയി്ട്ടുണ്ടെങ്കില്‍, എന്റെ ഭാഷ നല്ലതാണ് എന്ന് ആരെങ്കിലു പറയുന്നുണ്ടെങ്കില്‍ അതിനെല്ലാം മുത്തച്ഛനിലൂടെ കിട്ടിയ വായനാശീലമാണ് അടിത്തറ.

ആദ്യത്തെ എഴുത്ത് ഏതായിരുന്നു? എഴുത്ത് സീരിയസ് ആയി കണ്ടു തുടങ്ങിയത് എന്നു മുതലാണ്. ?

സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരെ രസിപ്പിക്കാനായിട്ട് ചില പാട്ടുകളെഴുതുമായിരുന്നു. പാട്ടുകളെന്നു പറയാമോ എന്നറിയില്ല. അന്നു കേട്ട ചില സിനിമാപ്പാട്ടുകളുടെ പാരടി. പിന്നെ, കേട്ടിട്ടുള്ള കുറെ തമാശകള്‍ പാട്ടുരൂപത്തിലാക്കിയത്. അങ്ങനെയങ്ങനെ കുറെയെഴുത്തുകള്‍. അന്നൊന്നും കവിത എഴുതണം എന്നൊന്നും തീരുമാനിച്ചിട്ടില്ല. കോളജ് പഠനകാലത്ത് ചില സുഹൃത്തുക്കളാണ് കവിത പ്രസിദ്ധീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയാണ് മാതൃഭൂമിയുടെ കവിതാ മത്സരത്തിന് കവിത അയക്കുന്നത്. 2000ലാണത്.  അപ്പോഴും, പ്രതീക്ഷയൊന്നുമില്ല. എന്തായാലും എന്റെ ഭാഗ്യം കൊണ്ട് ആ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യമായി മത്സരത്തിനയച്ച ആദ്യ കവിതയ്ക്കു ഒന്നാം സ്ഥാനം ലഭിച്ചത് എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.  'മനസ്' എന്നതായിരുന്നു കവിതയുടെ പേര്. ശരിക്കും എനിക്ക് ലഭിച്ച വലിയ പുരസ്കാരം അവാര്‍ഡു നിര്‍ണയ സമിതിയുടെ വിലയിരുത്തലാണ്. ഇരുത്തംവന്ന കവയിത്രിയായാണ് ലോപയെന്നാണ് അവാര്‍ഡ് നിര്‍ണയസമിതി വിലയിരുത്തിയത്.  മാതൃഭൂമി' അവാര്‍ഡ് ലഭിച്ച ശേഷമാണ് ശരിക്കു ഞാന്‍ കവിതയെഴുതുമെന്ന കാര്യം പലരും അറിയുന്നത്. ഒന്നാം സ്ഥാനം കിട്ടിയ ശേഷമാണ് എന്റെ കവിത മറ്റുള്ളവരെ കാണിക്കാനുള്ള ധൈര്യം എനിക്കുണ്ടായത്.

കവിതയ്ക്ക് ആനുകാലിക സംഭവങ്ങളെ വിഷയമാക്കാറുണ്ടോ ?

പലപ്പോഴും വളരെ സമയം എടുത്താണ് ഞാന്‍ കവിത എഴുതാറുള്ളത്. ചില ആശയങ്ങള്‍ മാസങ്ങളോളം മനസില്‍ കിടക്കാറുണ്ട്. ആനുകാലിക സംഭവങ്ങളെക്കാള്‍ മൗലിക പ്രശ്‌നങ്ങളാണ് പലപ്പോഴും എന്റെ കവിതകളില്‍ കൂടുതലായി കാണുന്നത്. ആനുകാലിക സംഭവങ്ങളും കവിതയ്ക്ക് വിഷയമാവാറുണ്ട്. പക്ഷേ, കൃത്യമായി തീരുമാനിച്ച് ഇന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നു വിചാരിച്ച് കവിത എഴുതിയിട്ടില്ലെന്നു  തന്നെപറയാം.

സ്ത്രീകളുമായി ബന്ധപ്പെട്ട കവിതകളാണ് കൂടുതലായി എഴുതിയിട്ടുള്ളതെന്നു തോന്നുന്നു? ഉദ്യോഗസ്ഥ, വൃദ്ധ ഡോട്ട് ഹോം തുടങ്ങിയ കവിതകള്‍ ഉദാഹരണമായെടുത്ത് സ്ത്രീപക്ഷ എഴുത്തുകാരിയെന്നു വിശേഷിപ്പിച്ചാല്‍ ?

ഒരിക്കലും ശരിയാവില്ല. കവിതയ്ക്കായി തെരഞ്ഞെടുക്കുന്ന വിഷയത്തെ സ്ത്രീപക്ഷത്തു നിന്നു നോക്കിക്കാണുന്നുണ്ടാവാം. അത് ഞാനൊരു സ്ത്രീ ആയതു കൊണ്ടു സ്വാഭാവികമായി നടക്കുന്ന കാര്യമാണ്. അല്ലാതെ, സോ കോള്‍ഡ് സ്ത്രീപക്ഷ രചനകളല്ല ഞാന്‍ നടത്താറുള്ളത്. അത്തരത്തില്‍ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ല.

ഇതിഹാസങ്ങളില്‍ നിന്നും നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ കവിതയില്‍ കടന്നുവരുന്നുണ്ടല്ലോ ? ചരിത്രത്തില്‍ നിന്നും. കൃത്യമായി തീരുമാനിച്ച് ഉപയോഗിക്കുന്നതാണോ ?


ഞാന്‍ മുമ്പു പറഞ്ഞതുപോലെ അത് എന്റെ വിശാലമായ വായനയില്‍ നിന്നും കടന്നു വരുന്നതാണ്. കൈകേയിയും സീതയുമെല്ലാം അങ്ങനെ ലഭിച്ചതാണ്. വളരെ ചെറുപ്പം മുതലേ ഇതിഹാസങ്ങള്‍ വളരെ താത്പര്യത്തോടെ വായിക്കുമായിരുന്നു. പിന്നെ ചരിത്രത്തില്‍ നിന്നും ജൊവാന്‍ ഓഫ് ആര്‍ക്ക് വലിയൊരു പചോദനമായിരുന്നു. അങ്ങനെയാണ് അവര്‍ കവിതയില്‍ വരുന്നത്.

ഒരു പഴഞ്ചന്‍ കവിയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ടല്ലോ ? വൃത്തനിബദ്ധമായ കവിതകള്‍ ഇന്ന് ഔട്ട് ഓഫ് ഫാഷനല്ലേ ?

ആ വിലയിരുത്തലില്‍ സന്തോഷമുണ്ട്. അതൊരു ആക്ഷേപമായി കരുതുന്നില്ല. അതു കൊണ്ടുതന്നെ അതില്‍ എനിക്ക് നിരാശയോ വിഷമമോ ഇല്ല. പിന്നെ, മറ്റൊരു കാര്യം എനിക്ക് വായിക്കാനിഷ്ടം വൃത്തബന്ധിതമായ കവിതകളാണ്. മനസിന് ശാന്തിയും സമാധാനവും ലഭിക്കുന്നത് ഇത്തരം കവിതകള്‍ വായിക്കുമ്പോഴാണ്. പിന്നെ കാലത്തിനനുസരിച്ച് എഴുതുക എന്നു പറയുന്നത് കാലുമുറിച്ചു കളയുന്ന പോലെയാണ്. അത് നടക്കില്ല.

അതായത് പുത്തനെഴുത്തിനോട് താത്പര്യമില്ലെന്നു പറയാം. അല്ലേ ?

എന്നു പറയാനാവില്ല. അങ്ങനെ ഞാന്‍ പറഞ്ഞതിനെ വ്യാഖ്യാനിക്കുകയും വേണ്ട. എന്റെ ഒപ്പം കവിതകളെഴുതിയിരുന്ന നിരവധി പേരുടെ കവിതകള്‍ എനിക്ക് ഇഷ്ടമാണ്. അവരാരും  വൃത്ത}നബദ്ധമായി എഴുതാറില്ലല്ലോ.  മോഹനകൃഷ്ണന്‍ കലടി, ഗിരിജ പാതേക്കര ഇവരുടെയെല്ലാം കവിത എനിക്ക് വളരെ ഇഷ്ടമാണ്.  പിന്നെ ഇന്ന് പുതിയ ധാരാളം കവികളുണ്ടല്ലോ. ഡോണമയൂരയും അഭിരാമിയും വളരെ പ്രതീക്ഷ നല്‍കുന്ന എഴുത്തുകാരാണ്.

അധ്യാപികയും ഭാര്യയും അമ്മയുമാണല്ലോ ? ഈ ഉത്തരവാദിത്തങ്ങള്‍ എഴുത്തിനെ ബാധിക്കാറുണ്ടോ ? 

ശരിക്കും എഴുത്ത്് കോംപ്രമൈസ് ചെയ്യേണ്ടി വരാറുണ്ട്. സ്കൂളിലെ ജോലി വീട്ടിലെ കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി എഴുത്തിലേക്കെത്തുമ്പോള്‍ പലപ്പോഴും വളരെ വൈകാറുണ്ട്. എനിക്കു തോന്നുന്നത് ഏതാണ്ട് എല്ലാ എഴുത്തുകാരികളും ഈ പ്രശന്ം നേരിടുന്നുണ്ട്. ശരിക്കും ഉദ്യോഗസ്ഥ എന്ന കവിത ഞാന്‍ എന്റെ അനുഭവങ്ങളില്‍ നിന്നു എഴുതിയതാണ്. "അത് ഞാന്‍ എന്നെക്കുറിച്ചെഴുതിയതാണ്. ജോലി, കുടുംബം. ഈ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ കോംപ്രമൈസ് ചെയ്യേണ്ടി വരുന്നത് എന്റെ എഴുത്തിനോടാണ്. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ത്ത് എഴുതാന്‍ ഇരിക്കുമ്പോഴേക്കും രാത്രി ഏറെ വൈകും. 24 മണിക്കൂര്‍ പോരെന്ന കണ്ടെത്തലില്‍ അപ്പോഴേക്കും ആ ദിവസവും കഴിയുന്നു. ഇത് എല്ലാ എഴുത്തുകാരികളുടെയും പ്രശ്‌നമാണ്. ഇവിടെയാണ് പുരുഷന്‍ തികച്ചും വ്യത്യസ്തനാകുന്നത്. ജീവിതത്തിലായാലും സമൂഹത്തിലായാലും സ്‌നേഹത്തിന്റെ ആവരണം നല്‍കി സ്ത്രീകള്‍ എല്ലാത്തിനോടും സമരസപ്പെടാന്‍ ശ്രമിക്കുന്നു. അപ്പോഴും തന്റെ ചിട്ടവട്ടങ്ങളില്‍നിന്ന് വേറിട്ട് സഞ്ചരിക്കാന്‍ പുരുഷന്‍ തയ്യാറാകുന്നില്ല. എഴുത്തുകാരി സ്വന്തം എഴുത്തു മുറി കണ്ടെത്തേണ്ടതും ഈ ചിന്തകളില്‍നിന്നാണ്.
.......................

(1978 ല്‍ ഹരിപ്പാട് ജനിച്ചു. പരേതനായ എന്‍ മുരളീധരന്റെയും രേണുകയുടെയും മകള്‍. കാഥികന്‍ ആര്‍. കെ. കൊട്ടാരത്തിന്റെ കൊച്ചുമകള്‍. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. 2000 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. കുഞ്ചുപിള്ള അവാര്‍ഡ് (2001), വി. ടി. കുമാരന്‍മാസ്റ്റര്‍ പുരസ്കാരം(2002), ഗീതാ ഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ് (2003), തപസ്യയുടെ ദുര്‍ഗാദത്ത പുരസ്കാരം (2009) എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലീഷ് അധ്യപികയാണ്. ഭര്‍ത്താവ്: മനോജ്. മകന്‍: ഹരിശങ്കര്‍.)

FACEBOOK COMMENT BOX