Wednesday, July 21, 2010

വികസനം: കേരളത്തില്‍ ഇനിയും വിപ്ലവം നടക്കേണ്ടിയിരിക്കുന്നു

കുറച്ചു കാലമായി കേരളം ചര്‍ച്ചചയ്യുന്ന ഒരു വിഷയമാണ് വികസനം. ചര്‍ച്ചകള്‍ക്കുമപ്പുറം വിവാദമായും അത് മാറിക്കഴിഞ്ഞു. എന്നാല്‍ വികസനം ചര്‍ച്ചയ്ക്കും സംവാദത്തിനും വിവാദത്തിനുമപ്പുറം പ്രായോഗികതയിലേക്കെത്തുമ്പോള്‍ വട്ടപ്പൂജ്യമായി മാറുന്നു. കേരളത്തിന്റെ സമഗ്രവികസനത്തിന് വ്യവസായ വളര്‍ച്ച അത്യന്താപേക്ഷിതമാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നിട്ടും എന്തുകൊണ്ട് നമുക്ക് വ്യവസായവികസനത്തിന്റെ കാര്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുന്നില്ല? കൂടിയ ജനസാന്ദ്രത, ഭൂമി ലഭ്യതയുടെ കുറവ്, അവകാശ ബോധമുളള തൊഴിലാളികള്‍, പാരിസ്ഥിതിക അവബോധമുളള പൊതുസമൂഹം തുടങ്ങി നിരവധി ഉത്തരങ്ങള്‍ നമുക്ക് കണ്ടത്താനാവും. പ്രകൃതിവിഭവ ദാരിദ്ര്യമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇന്ത്യയില്‍ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ്് കേരളം. ഏതുതരം വികസന പ്രവര്‍ത്തനത്തിന് തുടക്കമിട്ടാലും അവയുടെ ഒരിക്കലും നിര്‍ണ്ണയിക്കപ്പെടാത്ത പ്രായോഗികതയെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നാം നടത്താറുണ്ട്. അണക്കെട്ട്, അതിവേഗപ്പാത, വ്യവസായ വികസനം, ഖനനം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം ഇത്തരത്തില്‍ ചര്‍ച്ചകള്‍ നിരവധി നടത്തിക്കഴിഞ്ഞു. വര്‍ദ്ധിച്ച ജനസാന്ദ്രത കാരണം കേരളത്തിന് ഭൂമി, വെള്ളം, കാട് തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ അമിതോപഭോഗത്തിലും പുറമേനിന്നുള്ള വിഭവ ഇറക്കുമതിയിലും ആശ്രയിക്കേണ്ടിവരുന്നു. നമുക്കാവശ്യം ലക്ഷ്യബോധമില്ലാത്ത ചര്‍ച്ചകളോ അശാസ്ത്രീയമായ കാഴ്ചപ്പാടുകളോ അല്ല മറിച്ച് ശാസ്ത്രീയ പ0നങ്ങളും ക്രിയാത്മക നിലപാടുകളുമാണ്.


വികസനം എന്നത് ഒരു ദിവസം കൊണ്ട് സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന ഒരു ഉത്പന്നമല്ല. മറിച്ച് സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനമാണ്. അത് തുടങ്ങുന്നതിനും തുടരുന്നതിനും പൂര്‍ത്തിയാക്കുന്നതിനും പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും പ്രത്യേക സമ്പ്രദായങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയും വേണം. ഈ രണ്ടു കാര്യങ്ങളിലും നാം പരാജയപ്പെടുന്നു. പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വന്‍തോതില്‍ കുടിയിറക്ക് നടത്താന്‍ നാം നിര്‍ബന്ധിതരാവുന്നു. മൂലമ്പിളളി ഉദാഹരണം. തികച്ചും അശാസ്ത്രിയമായ പുനരധിവാസ പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമാണ് നമ്മുടെ പ്രശ്‌നം. വീതിയില്ലാത്ത റോഡുകള്‍, ശ്വാസം വിടാനാവാത്ത വിധം തിങ്ങിനിറഞ്ഞ വാഹനങ്ങള്‍... നമ്മുടെ നഗരങ്ങളുടേയും പട്ടണങ്ങളുടേയും ചിത്രമിതാണ്. നമ്മുടെ കേരളത്തിലെ അന്തരീക്ഷം ഒട്ടും വികസനസൗഹൃദമല്ല. ഈ അന്തരീക്ഷം നമുക്ക് മാറ്റിയെടുത്തേ മതിയാവൂ. പഴയ ചിത്രം മാറ്റിവരയ്ക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ അപരിഹാര്യമായ ഗതാഗതകുരുക്കിലും വികസന മുരടിപ്പിലുമായിരിക്കും കേരളം എത്തിച്ചേരുക.


വ്യത്യസ്ഥ സമൂഹങ്ങളിലും സാഹചര്യങ്ങളിലും വികസനം എന്ന വാക്കിന് അര്‍ഥവ്യത്യാസമുണ്ട. സാമ്പത്തികമായും തൊഴില്‍പരമായു പിന്നോക്കം നില്‍ക്കുന്ന സമൂഹത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും സാമ്പത്തിക അഭിവൃദ്ധി നേടുന്നതുമാണ് വികസനം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുക. എന്നാല്‍ നേരേമറിച്ച്് സാമ്പത്തിക ഭദ്രതയുള്ള സമൂഹത്തിലേക്കെത്തുമ്പോള്‍ വികസനം നല്ലറോഡുകളും നല്ല പാലങ്ങളും അതുപോലുള്ള മറ്റു സൗകര്യങ്ങളുമായി മാറുന്നു. അതായത് ഓരോ സമൂഹത്തിലും വികസന കാഴ്ചപ്പാട് വ്യത്യസ്ഥ മായിരിയ്ക്കും. കേരളത്തിന്റെ വികസനത്തിന് കേരളത്തിന്റെതുമാത്രമായ ഒരു വികസന മോഡല്‍ രൂപപ്പെടുത്തിയെടുക്കണം. തമിഴ് നാട്ടിലോ കര്‍ണാടകത്തിലോ പരീക്ഷിച്ച വികസന മോഡല്‍ കേരളത്തില്‍ ഒരിക്കലും പ്രയോഗിക്കാനാവില്ല. അതിന്റെ കാരണങ്ങള്‍ മുകളില്‍ പറഞ്ഞല്ലോ. നമ്മുടെ ഉദ്പാദനാടിത്തറ വളരെ ശുഷ്കമാണ്. അത് ശക്തിപ്പെടുത്തുക എന്നതിനാണ് നാം ആദ്യം പ്രമുഖ്യം നല്‍കേണ്ടത്. പിന്നെയും പ്രശ്‌നം നിലനില്‍ക്കുന്നു. കേരളത്തിലെ ജനസാന്ദ്രത. വളരെ സാന്ദ്രമായ ഒരു ആവാസവ്യവസ്ഥയാണ് നമ്മുടേത്. നമ്മുടെ നാടിന്റെ പ്രത്യേകതകളും സവിശേഷതകളും ഉള്‍ക്കൊളളുന്ന ഒരു വികസന മാതൃകയാണ് നമുക്കാവശ്യം. അതിന് വളരെ ആഴത്തിലുളള പ0നങ്ങളും വിശകലനങ്ങളും ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ സ്റ്റേറ്റ്, കമ്പോളം, വളര്‍ച്ച, വികസനം തുടങ്ങിയ ഏതാനും പദങ്ങളില്‍ ഒതുങ്ങിപ്പോകുന്ന ചര്‍ച്ചകളോ പൊതുസംവാദങ്ങളോ മാത്രമാണ് നടക്കുന്നത്. പലപ്പോഴും ഈ വിഷയങ്ങളുടെ സബ് ഹെഡ്ഡിംഗുകളായി വരുന്ന വിഷയങ്ങള്‍ക്ക് യാതൊരു പ്രാമുഖ്യവും കിട്ടാതെ പോകുന്നു. നമ്മുടെ നാട്ടിലെ സമ്പത്തിനെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ ജനങ്ങളിലേക്കുമെത്തിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ നാം പ്രയോഗിച്ച വികസന രീതികളായ ഭൂപരിഷ്കരണം, മിനിമം കൂലി, പൊതുവിതരണ സമ്പ്രദായം, സാമ്പത്തിക വികേന്ദ്രീകരണം തുടങ്ങിയവയ്ക്ക് ബദലായി പുതിയ രീതികള്‍ കണ്ടെത്തേണ്ട കാലമായിരിക്കുന്നു. ഈ രീതികള്‍ നടപ്പിലാക്കുന്നതിന് ശക്തി പകര്‍ന്നിരുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്്ഥാനങ്ങളും സാമൂഹ്യ-പരിഷ്കരണ പ്രസ്ഥാനങ്ങളുമൊക്കെ ചേര്‍ന്നാണ്. എ്ന്നാല്‍ ഇന്ന് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് സംഘടിത സ്വഭാവം നഷ്ടപ്പെടുകയും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇച്ഛാശക്തിയില്‍ കുറവും പ്രത്യയശാസ്ത്ര അപചയവും സംഭവിച്ചു. സാമൂഹ്യ-സാംസ്കാരിക-പരിഷ്കരണ പ്രസ്ഥാനങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.


ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും നോബല്‍ ജേതാവുമായ അമര്‍ത്യാസെന്‍ പ്രശംസിച്ച വികസന രീതിയാണ് കേരളത്തിലുണ്ടായിരുന്നത്. കേരളത്തിന്റെ വികസന സമ്പ്രദായത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞത് ഇതാണ് ''സമ്പൂര്‍ണ വികസനം സാധ്യമാകുന്നു എന്നതാണ് കേരളത്തിലെ വികസന സമ്പ്രദായത്തിന്റെ പ്രത്യേകത'' . എന്നാല്‍ നമുക്ക് ഇന്ന് ഈ വിശേഷണം എത്രത്തോളം യോജിക്കുമെന്ന് ചിന്തിക്കേണ്ടതാണ്. പഴയ വികസന സമ്പ്രദായം സമൂഹത്തില്‍ പിന്നോക്കം നിന്നിരുന്നവരെ മുഖ്യധാരയിലേക്കെത്തിക്കാനായിരുന്നുവെങ്കില്‍ ഇന്നത്തെ വികസന സമ്പ്രദായം വലിയൊരു വിഭാഗം ജനങ്ങളേയും പുറമ്പോക്കിലേക്ക് അടിച്ചിറക്കുകയാണ് (പുതിയ വികസന സമ്പ്രദായത്തിന്റെ വക്താക്കള്‍ പറയുന്ന മുദ്രാവാക്യം പഴയതു തന്നെയാണ്). വികസന സമ്പ്രദായത്തിന്റെ നേട്ടമായി നാം ഉയര്‍ത്തിക്കാണിക്കുന്നത് ദാരിദ്ര്യ രേഖയ്ക്ക താഴെയുളളവരുടെ കണക്കാണ്. അത് കുറഞ്ഞു വരികയാണെന്നും അത് വികസന സമ്പ്രദായത്തിന്റെ നേട്ടമാണെന്നും മാറിമാറി കേരളം ഭരിച്ച സര്‍ക്കാറുകള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍, താഴേത്തട്ടിലുളളവരും മുകള്‍ത്തട്ടിലുളളവരും തമ്മിലുളളവരും തമ്മിലുളള വിടവ് വലുതായിക്കൊണ്ടിരിക്കുകയാണെന്ന കാര്യം മനസിലാക്കാന്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമൊന്നും ആവശ്യമില്ല. തൊട്ടറിയാന്‍ കഴിയുന്ന യാഥാര്‍ഥ്യമാണ്.


സാക്ഷരത, സാര്‍വത്രിക വിദ്യാഭ്യാസം, ശിശമരണ നിരക്ക് തുടങ്ങിയ മേഖലകളില്‍ നമ്മുടെ നാട് നേടിയ നേട്ടങ്ങള്‍ മറ്റുസംസ്ഥാനങ്ങളെക്കാള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസ-സാക്ഷരതാ രംഗങ്ങളിലുണ്ടായ അസൂയാവഹമായ മുന്നേറ്റം സാമൂഹിക വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയാതെ പോയടത്താണ് പ്രതിസന്ധികള്‍ ഉണ്ടായിത്തുടങ്ങിയത്. പ്രതിസന്ധിയുടെ കാരണങ്ങള്‍ എന്ത് എന്ന ചോദ്യത്തിന് നമുക്ക് കിട്ടുന്ന ഉത്തരങ്ങള്‍ ഇതാണ്. തൊണ്ണൂറുകളില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ട ഉപഭോഗ സംസ്കാരം, മനുഷ്യന്റെ സമഗ്രവ്യക്തിവികസനത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്ന ആത്മീയത ഉപരിപ്ലവമായോ പ്രകടങ്ങളായോ മാറിയത്, അരാഷ്ട്രിയവത്കരിക്കപ്പെട്ട യുവത്വം അങ്ങനെ ഒട്ടനവധികാരണങ്ങള്‍. വിദ്യാഭ്യാസത്തിന് ഒരുവ്യക്തിയെ വിദ്യാസമ്പന്നനാക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ സാമൂഹ്യബോധത്തിലേക്ക് അവനെ നയിക്കണമെങ്കില്‍ മുകളില്‍ പറഞ്ഞ പ്രതിസന്ധികളെ നമുക്ക് മറികടന്നേ മതിയാവൂ. സാമൂഹ്യ പുരോഗതിക്ക് വേണ്ടിയുളള സംഘടിതമായ ഇടപെടലുകള്‍ നടത്താന്‍ രാഷ്ട്രീയത്തിനും മതത്തിനും കഴിയണം. എന്നാല്‍ സമൂഹ്യ വ്യവസ്ഥിതിയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സംഘടിത ഇടപെടലുകള്‍ വളരെ ദുര്‍ബലമായിപ്പോകുന്ന സ്ഥിതി വിശേഷമാണ് നമുക്ക് കാണാന്‍കഴിയുന്നത്.


നമ്മുടെ ആഭ്യന്തര തൊഴില്‍ രംഗത്ത് സംഭവിച്ചിരിക്കുന്ന തളര്‍ച്ചയാണ് നമ്മുടെ നാടിന്റെ സമഗ്രമായ വികസനത്തിന് തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട കാര്യം. ഈ തളര്‍ച്ച പരിഹരിക്കാന്‍ പഴയവികസന സമ്പ്രദായങ്ങള്‍ക്ക് കഴിയാതെ പോയി. അല്ലെങ്കില്‍ ആഭ്യന്തര തൊഴില്‍ മേഖലയുടെ വളര്‍ച്ചയെ ആരും ഗൗരവമായി കണ്ടില്ല. ഇത് ഉന്നത വിദ്യാഭ്യാസം നേടിയ പലരേയും സംസ്ഥാനം വിട്ടുപോകാന്‍ പ്രേരിപ്പിച്ചു. പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്ന് പുതിയ സാങ്കേതിക വിദ്യകളുടേയും മാര്‍ക്കറ്റിംഗ് മേഖലകളിലേക്കുമുളള യുവതലമുറയുടെ കുടിയേറ്റം മൂലം നമുക്ക്് നഷ്ടപ്പെട്ട മനുഷ്യവിഭശേഷിയുടെ കണക്കുകള്‍ നാം കണക്കിലെടുക്കേണ്ടതുണ്ട്. ഏതൊരു നാടിന്റെയും വികസനം മനുഷ്യവിഭശേഷിയാണ്. നമുക്ക് ഉണ്ടായിട്ടും ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയാത്തതും അതാണ്. ഇത്തരത്തില്‍ നാം കൈയൊഴിഞ്ഞ തൊഴിലിടങ്ങളിലേക്ക് ബംഗാളില്‍ നിന്നും ഗുജറാത്തില്‍ നിന്നും ആളുകള്‍വന്നു നിറയുകയാണ്. അതിജീവനത്തിനു വേണ്ടി. നമ്മുടെ നാട് നമ്മുടേതല്ലാതാവുന്നു.


വിദ്യാസമ്പന്നരാലും വിദ്യാഭ്യാസസ്ഥാപനങ്ങളാലും നമ്മുടെ കൊച്ചുസംസ്ഥാനം വളരെ സമൃദ്ധമാണ്. എന്നാല്‍ സാമൂഹിക കാഴ്ചപ്പാടിലും സാമൂഹികാവബോധത്തിലും നാം ദരിദ്രരാണ്. ഇത് തീര്‍ച്ചയായും ഒരു വിരോധാഭാസമാണ്. ബോധതലത്തിന്റെ കാര്യമാണ് ഇവിടെ പറയുന്നത്. വ്യക്തമായ കാഴ്ചപ്പാടോടും സാമൂഹ്യപ്രതിബദ്ധതയോടു കൂടി അതിനെ വികസിപ്പിക്കാന്‍ മുമ്പൊക്കെ ഒരുപാട് ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. . സമൂഹത്തില്‍ ഓരോകാലങ്ങളിലും രൂപപ്പെട്ടിരുന്ന ജീര്‍ണ്ണതകള്‍ക്കും വികലവും അശാസ്ത്രിയവുമായ വികസനകാഴ്ചപ്പാടുകള്‍ക്കുമെതിരേ നിരന്തരമായി പ്രവര്‍ത്തിച്ഛിരുന്ന സാമൂഹ്യ സാസ്കാരികനായകരും സാമൂഹ്യപരിഷ്കര്‍ത്താക്കളും നമുക്കുണ്ടായിരുന്നു. ഇന്നു നമുക്കുള്ളത് പരസ്പരം ഗ്വാ ഗ്വാ വിളിക്കുകയും പ്രശസ്തിയും സ്ഥാനമാനങ്ങളൂം മാത്രമാഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നവരുമായ സാംസ്കാരിക നായകന്മാര്‍ എന്ന് പറയപ്പെടുന്ന ചിലര്‍ മാത്രമാണ്.


സമൂഹത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന വിഭാഗത്തിന് മാത്രം ഗുണം ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഈയൊരു ചെറിയ ശതമാനം ആളുകള്‍ക്ക് വേണ്ടി ബി.ഒ.ടി.പാതകളും താപനിലയങ്ങളും കളിമണ്‍ഖനനങ്ങളൂം വ്യവസായ പാര്‍ക്കുകളും ഒക്കെ ഉണ്ടാക്കുമ്പോള്‍, ഇടിച്ചു നിരത്തപ്പെടുകയും മുഖ്യധാരയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യുന്ന വലിയൊരു ജനവിഭാഗത്തെ നാം കാണാതെ പോകുന്നു. മനുഷ്യനുള്‍പ്പെടെ സകല ജീവജാലങ്ങളുടേയും നിലനില്‍പ്പിനായി പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന കുന്നും വയലും കാടും മേടും പുഴയും വെള്ളച്ചാട്ടങ്ങളൂം കടലോരങ്ങളും കണ്ടല്‍ക്കടുകളും ഒക്കെ ചിലര്‍ക്ക് വികസനമെന്ന ഓമനപ്പേരിട്ട് തീറെഴുതിക്കൊടു ക്കുമ്പോള്‍ പാരിസ്ഥിതികവും സാമൂഹ്യവുമായി സ്വന്തം നാട്ടില്‍ത്തന്നെ അഭയാര്‍ഥികളാക്കപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് നാം കാണാതെ പോകുന്നു. സന്തുലിതമായ ഒരു വികസനം നടക്കുന്നില്ലെങ്കില്‍ മനുഷ്യന്‍ എന്ന ജീവജാതി അടുത്ത തലമുറയില്‍ മറ്റൊന്നായി പരിണമിച്ചേക്കാം.അവന്റെ നാശം തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്.

FACEBOOK COMMENT BOX