ഡോ. എം. തോമസ് മാത്യു / സന്ദീപ് സലിം
പ്രകൃതി ധാരാളം പരിമിതികള്‍ കല്‍പിച്ചവതരിപ്പിച്ച ജൈവരൂപമാണ് മനുഷ്യന്‍. പരിണാമത്തിന്റെ വഴിയില്‍ അച്ചടക്കത്തോടെ നടന്ന് വംശനാശത്തില്‍ നിന്നും രക്ഷപെടാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, വംശനാശ ത്തിനും പരിണാമത്തിനും ഒരുമിച്ചവന്‍ വിസമ്മതി ക്കുകയും ഒരു മൂന്നാം വഴിപിടിക്കാന്‍ തുനിയുകയും ചെയ്‌ത ഒരു മുഹൂര്‍ത്തം മനുഷ്യചരിത്രത്തിലുണ്ടായി. പ്രകൃതിയുടെ കൈപ്പിഴ എന്ന് പ്രകൃതി ശാസ ്‌ത്രജ്ഞരും ദൈവത്തിന്റെ അലംഘ്യഹിതം എന്നു വിശ്വാസികളും ഒരുപോലെ വിസ്‌മയം കൊളളുന്ന ഹോമോസാപ്പിയന്‍ എന്ന മനുഷ്യജീവി മനുഷ്യനായി തീര്‍ന്നത് ഈ മുഹൂര്‍ത്തത്തിലാണ്. എന്താണ് ആ മുഹൂര്‍ത്തത്തിന്റെ പ്രത്യേകത? പ്രകൃതിയേല്‍പിച്ച പരിമിതികളെ ഇച്ഛാപൂര്‍വം ബുദ്ധിയുപയോഗിച്ച് മറികടക്കാമെന്നും അതി നുവേണ്ടി പ്രകൃതിയുടെ വിഭങ്ങള്‍തന്നെയാണ് തനിക്ക് സഹായമാവുകയെന്നും മനുഷ്യന്‍ അറിഞ്ഞ നിമിഷമായിരുന്നു അത്.'' (`സാബത്ത് ദൈവത്തിന് വിശുദ്ധം' - പ്രഫ. എം. തോമസ് മാത്യു.
സാഹിത്യത്തിന്റെ നാനാരൂപങ്ങളിലേക്കും കലകള്‍, ദര്‍ശനങ്ങള്‍, മതങ്ങള്‍, എന്നിവയി ലേക്കും മാത്രമല്ല , ജീവശാസ്‌ത്രം, സസ്യശാസ്‌ത്രം, പരിസ്ഥിതി ശാസ്‌ത്രം, ചരിത്രം, മനശാസ്‌ത്രം തുടങ്ങിയ വിജ്ഞാനത്തിന്റെ നാനാമേഖലകളിലേക്കും കടന്നു ചെന്നു സാമഗ്രികള്‍ കണ്ടെടുക്കുന്ന, അവയില്‍ നിന്നും സ്വന്തമായ കാഴ്‌ചപ്പാടുകള്‍ സൃഷ്‌ടിക്കുന്ന, എം. തോമസ് മാത്യു എന്ന നിരൂപകന്‍ പ്രസംഗപീഠങ്ങളിലും ചര്‍ച്ചച്വേദികളിലും പത്രപംക്തികളില്‍ നിന്നും മിക്കവാറും അകന്ന്, ബഹളമയമായ മാര്‍ക്കറ്റിംഗിനു തയാറല്ലാത്ത പുസ്‌തകങ്ങളില്‍ ഒതുങ്ങിക്കൂടുന്നതു കൊണ്ടാവാം ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജേതാവിന്റെ പേര് സാഹി ത്യാസ്വാദകരില്‍ത്തന്നെ പലര്‍ക്കും പരിചിതമായി തോന്നാതിരുന്നത്. `മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദ'മായി സ്വയം മനസിലാക്കുന്ന , എന്നാല്‍ പ്രവാചകവേഷമണിയാന്‍ ഒട്ടുമേ താത്‌പര്യപ്പെടാത്ത ഈ നിരൂപകനുമായി ഒരു കണ്ടുമുട്ടല്‍.
(തോമസ് മാത്യുവിന്റെ പ്രധാനകൃതികള്‍: ദന്തഗോപുരത്തിലേക്ക് വീണ്ടും, എന്റെ വാല്‌മീക മെവിടെ?,ആത്മാവിന്റെ മുറിവുകള്‍,സത്യം നിങ്ങളെ സ്വതന്ത്രരാക്കും,മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം,വയലാര്‍ അവാര്‍ഡ് നേടിയ മാരാ ര്‍;ലാവണ്യാനുഭവത്തിന്റെ യുക്തിശില്‌പം.)
കുട്ടിക്കൃഷ്‌ണമാരാരുടെ വിമര്‍ശന സമ്പ്രദായത്തിന് ഇന്ന് എന്ത് പ്രസക്തിയാണുള്ളത്?
തീര്‍ച്ചയായും ഈ കാലഘട്ടത്തിലും മാരാരുടെ വിമര്‍ശന രീതിക്ക് പ്രസക്തിയുണ്ട്. മാരാരെപ്പോലെ ഒരു കൃതിയുടെ വളരെ സൂക്ഷ്‌മമായ വശങ്ങള്‍ പോലും കണ്ടെത്തിയിരുന്ന വിമര്‍ശകര്‍ വിരളമാണ്. പിന്നെ, ഒരു കൃതി നിരൂപിക്കുമ്പോള്‍ അതിലെ നന്മ കൂടുതല്‍ എടുത്തുപറയാന്‍ മാരാര്‍ ശ്രമിച്ചിരുന്നു. അത് എഴുത്തുകാരനുവേണ്ടിയായിരുന്നില്ല. എഴുതുന്നത് തനിക്കു വേണ്ടിയുമല്ല. മറിച്ച് പൊതു സമൂഹത്തിനുവേണ്ടി. അതുകൊണ്ടാണ് മഹാഭാരത്തിലെ കര്‍ണനും ഭാരതപര്യടനത്തിലെ കര്‍ണനും അല്‌പം വ്യത്യസ്ഥരാവുന്നത്. ഇന്നും അനുകരണീയരായ ശൈലി തന്നെയാണ് മാരാരുടേത്.
മുണ്ടശേരിയുടെ നിരൂപണത്തിലെ സ്വാനീനിച്ച ഘടകം?
മുണ്ടശേരി മാഷിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. മാരാരില്‍ നിന്നും വ്യത്യസ്‌തമായി മാഷ് ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ കൃതികള്‍ക്ക് വ്യാഖ്യാനം നല്‍കാന്‍ കൂടി ശ്രമിച്ചിരുന്നു. എന്നാല്‍ മാരാര്‍ അങ്ങനെ ആയിരുന്നില്ല. ഒന്നിന്റെയും ഭാഗമായിരിക്കാന്‍ മാരാര്‍ ഇഷ്‌ടപ്പെട്ടില്ല. എന്നാല്‍, പുരോഗമന ആശയങ്ങളോടു ചേര്‍ന്നു നില്‍ക്കാനുള്ള ഒരു ശ്രമം മുണ്ടശേരി മനഃപൂര്‍വം നടത്തിയിരുന്നതായി തോന്നിയിട്ടുണ്ട്. അതില്‍ കുറെ അദ്ദേഹം വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ പലകൃതികളും പിന്നീടു വായിക്കുമ്പോള്‍ അന്ന് കൊട്ടിഘോഷിക്കപ്പെട്ടത്ര പുരോഗമനപരമായിരുന്നോയെന്ന് സംശയം തോന്നിയിട്ടുണ്ട്.
ഒരു കൃതിയെക്കുറിച്ച് നല്ല ഉള്‍ക്കാഴ്‌ച നല്‍കുന്നതാണ് മുണ്ടശേരിയുടെ നിരൂപണം. വിമര്‍ശകനില്‍ അദ്ദേഹം പിന്തുടര്‍ന്നിരുന്ന പലരീതികളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും ആ അഭിപ്രായ വ്യത്യാസങ്ങളെല്ലാം അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ അദ്ദേഹത്തെ ഞാന്‍ അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏതെങ്കിലും ശൈലി എന്നെ സ്വാധീനിച്ചതായി തോന്നിയിട്ടില്ല.
എംപി പോളിനെക്കുറിച്ച്?
ഏതു കൃതി നിരൂപണം ചെയ്‌താലും ആ കൃതിയെ പച്ചയായ മനുഷ്യജീവിതവുമായി ബന്ധിപ്പിക്കുന്നതില്‍ പോള്‍ പ്രകടിപ്പിച്ചിരുന്ന കഴിവ് അത് അപാരമാണ്. സാധാരണക്കാരന്റെ കാഴ്‌ചപ്പാടിലൂടെയാണ് പോള്‍ കൃതികളെ വിമര്‍ശിച്ചിരുന്നത്. ബഷീര്‍ കൃതികളെ നിരൂപിച്ചതില്‍ നിന്നും നമുക്കത് വളരെ എളുപ്പത്തില്‍ മനസിലാക്കാവുന്നതേയുള്ളൂ.
വി.രാജകൃഷ്‌ണന്‍, അഷാമേനോന്‍, നരേന്ദ്രപ്രസാദ്, വി.സി. ശ്രീജന്‍ തുടങ്ങിയ അങ്ങയുടെ സമകാലികരെക്കുറിച്ച്? ചിലര്‍ അങ്ങയുടെ ഇളമുറക്കാരുമാണ്.
ആധുനിക സാഹിത്യത്തില്‍ പേരെടുത്ത വിമര്‍ശകരില്‍ പ്രതിഭയുടെ മിന്നലാട്ടം കൊണ്ട് പ്രസിദ്ധനാണ് വി.രാജകൃഷ്‌ണന്‍. സാഹിത്യ വിമര്‍ശനത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കാണ് രാജകൃഷ്‌ണനുള്ളത്. ആഷാമേനോന്‍ പ്രകൃതിയോട് പരമാവധി ചേര്‍ന്നു നിന്നുകൊണ്ട് എഴുതുന്ന ആളാണ്. സാഹിത്യവിമര്‍ശനത്തില്‍ അദ്ദേഹത്തിന്റെ രീതികളോടു എനിക്ക് യോജിപ്പില്ല. സാഹിത്യവിമര്‍ശനം യുക്തിഭദ്രമായിരിക്കണമെന്ന് നിര്‍ബന്ധമില്ല എന്നു ചിന്തിക്കുന്നയാളാണ് അഷാമേനോന്‍. എന്നാല്‍ അതിനോട് ഞാന്‍ യോജിക്കുന്നില്ല. വിമര്‍ശനം യുക്തിഭദ്രമായിരിക്കുക തന്നെവേണം.
നരേന്ദ്രപ്രസാദ്, അദ്ദേഹം സത്യത്തില്‍ ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു. എന്നാല്‍, അദ്ദേഹം തെരഞ്ഞെടുത്ത അഭിനേതാവിന്റെ വഴി ശരിയായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. കാരണം, അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങള്‍ മികച്ചതായിരുന്നു. പക്ഷേ, ആ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ടിരുന്ന സിനിമ ഓവറോള്‍ നിലവാരമില്ലാത്തവയായിരുന്നു. എഴുത്തായിരുന്നു അദ്ദേഹത്തിന് പറ്റിയവഴിയെന്നാണ് ഞാന്‍ കരുതുന്നത്.
കെ.പി. അപ്പന്‍ ഒരു സാഹിത്യവിമര്‍ശകന്‍ എന്നതിനുമപ്പുറം ദാര്‍ശനികന്‍ കൂടിയായിരുന്നെന്നു പറഞ്ഞാലും ആരും നിഷേധിക്കില്ല. ഒരു കൃതി വിമര്‍ശന വിധേയമാക്കുമ്പോള്‍ സാധാരണ വിമര്‍ശകന്റെ അല്ലെങ്കില്‍ നിരൂപകന്റെ കാഴ്‌ചപ്പാടിനാണ് പ്രാധാന്യം ലഭിക്കുക. പലപ്പോഴും എഴുത്തുകാരനുമായുള്ള വിയോജിപ്പിനാണ് വിമര്‍ശനത്തില്‍ പ്രാധാന്യം ലഭിക്കുക. അവിടെയാണ് അപ്പന്‍ വ്യത്യസ്ഥനാവുന്നത്. എഴുത്തുകാരന്റെയും വിമര്‍ശകന്റെയും ദര്‍ശനങ്ങള്‍ ഒന്നായി മാറുന്ന ഒരു മാന്ത്രികത അപ്പന്റെ എഴുത്തില്‍ നമുക്ക് ദര്‍ശിക്കാനാവും.
വി.സി. ശ്രീജന്‍, മാര്‍ക്‌സിയന്‍ വിമര്‍ശന രീതി പിന്തുടരുന്ന എഴുത്തുകാരില്‍ ഒരാളാണ്. നമുക്ക് രാജീവനെയും ശ്രീജനൊപ്പം നിര്‍ത്താം. മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്‌ത്രത്തെയും വിമര്‍ശന രീതിയേയും തന്റെ രചനകളില്‍ കൂടിച്ചേര്‍ക്കുന്നിടത്താണ് ശ്രീജന്‍ മിടുക്കനാവുന്നത്.
ഇവിടെ പറഞ്ഞതു കൂടാതെ എം.ഗോവിന്ദന്‍, പി.ജെ. തോമസ്, സുകുമാര്‍ അഴീക്കോട് അങ്ങനെ നിരവധിപ്പേര്‍. ഇതില്‍ സി.ജെ. നാടകകൃത്തെന്ന നിലയിലും അഴീക്കോട് പ്രഭാഷകനെന്ന നിലയിലും തങ്ങളുടെ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്. അതോടൊപ്പം നല്ല സാഹിത്യവിമര്‍ശകരുമാണ്. സി.ജെയുടെ ഭാഷ വളരെ ചടുലമാണ്. ഇത്രമാത്രം ഷാര്‍പ്പ് ആയ ഭാഷയില്‍ എഴുതിയിരുന്നവര്‍ വിരളമാണ്. ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെ സാഹിത്യവിമര്‍ശനത്തിലേക്ക് വായനക്കാരെ ആകര്‍ഷിച്ച എഴുത്തുകാരനാണ് അഴീക്കോട്. കൃതി മികച്ചതാണെന്ന് അഭിപ്രായമില്ല.
ഖണ്‌ഡനമല്ലേ മണ്‌ഡനത്തേക്കാള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ചാവിഷയമാവുന്നതും?
എനിക്കങ്ങനെ തോന്നിയിട്ടില്ല. കാരണം, സാഹിത്യം ഒരനുഭവമാണ്. വായനയും ഒരനുഭവമാണ്. എഴുത്തും. എഴുത്തിലായാലും വായനയിലായാലും അവ നല്‍കുന്ന അനുഭൂതി അതാണ് പ്രധാനം. അതിനനുസരിച്ചാണ് വായിക്കാന്‍ പുസ്‌തകം തെരഞ്ഞെടുക്കുന്നതും എഴുതാന്‍ വിഷയവും രീതിയും തെരഞ്ഞെടുക്കുന്നതും.
വിമര്‍ശകനെ സംബന്ധിച്ചിടത്തോളം കൃതിയുടെ നന്മതിന്മകളെക്കാള്‍ (എഴുത്തുകാരന്റെയും) അതിന്റെ ആസ്വാദ്യതയാണ് വിഷയമാക്കുന്നത്. അത് എന്നെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനനുസരിച്ചാണ് എഴുത്ത്.
നിരൂപകന്റെ ജീവിത വീക്ഷണം രചനയെ സ്വാധീനിക്കാറുണ്ടോ?
പിന്നെ, തീര്‍ച്ചയായും ഒരു വിമര്‍ശകന്‍ തന്റെ രചനയിലൂടെ ശ്രമിക്കുന്നത് അതാണല്ലോ. വിമര്‍ശനം ചെയ്യുന്ന കൃതിയുടെ കര്‍ത്താവിന്റെ ദര്‍ശനത്തോടൊപ്പം തന്റെ ദര്‍ശനവും കൂടിച്ചേരാറുണ്ട് ഞാന്‍ നേരത്തെ ഇക്കാര്യം പറഞ്ഞല്ലോ! തന്റെ ജീവിത ദര്‍ശനവുമായി ചേരുന്ന തരത്തിലല്ല കൃതിയെങ്കില്‍ പ്രത്യേക സാഹചര്യത്തില്‍ ഗ്രന്ഥകര്‍ത്താവിന് ഈ രീതിയില്‍ എഴുതാമായിരുന്നു എന്നു പറഞ്ഞെങ്കിലും വിമര്‍ശകന്‍ തന്റെ വീക്ഷണം വരുത്താന്‍ ശ്രമിക്കുമെന്നുറപ്പ്.
വിമര്‍ശനങ്ങള്‍ തങ്ങള്‍ക്ക് ഒരുതരത്തിലും ഗുണം ചെയ്യാറില്ലെന്ന് പ്രമുഖ എഴുത്തുകാര്‍ പറഞ്ഞിട്ടുണ്ടല്ലോ? കാക്കനാടന്‍ പറഞ്ഞത് ഒരു പുസ്‌തക നിരൂപണവും താന്‍ വായിക്കാറില്ലെന്നാണ്. എന്തു പറയുന്നു?
ഒരു പരിധിവരെ ശരിയായിരിക്കാം. ഒരിക്കലും ഒരു എഴുത്തുകാരനെയും പ്രമോട്ട് ചെയ്യുവാന്‍ വേണ്ടി നിരൂപകന്‍മാര്‍ എഴുതാറില്ല. എന്റെ അഭിപ്രായത്തോട് മിക്ക നിരൂപകരും യോജിക്കുമെന്ന് കരുതുന്നു. ഇനി മറിച്ചാണെങ്കില്‍ മാരാര്‍ ഭാരതപര്യടനം എഴുതിയത് വേദവ്യാസനെ പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണോ? പിന്നെ, കാക്കനാടന്‍ പറഞ്ഞത്, അത് തികച്ചും വ്യക്തിപരമായ പ്രതികരണമാണ്.
ഇന്ന് മലയാള സാഹിത്യത്തില്‍ സാഹിത്യവിമര്‍ശനം ഒരു `എടുക്കാചരക്കാ'ണെന്ന് പറഞ്ഞാല്‍?
ഏയ് അങ്ങനെയല്ല. എന്റെ കൃതികളെ മുന്‍നിര്‍ത്തിത്തന്നെ അക്കാര്യം എനിക്ക് നിഷേധിക്കാനാവും. എന്റെ പുസ്‌തകങ്ങളൊന്നും തന്നെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. എല്ലാം വിറ്റു തീര്‍ത്തെന്നാണ് അറിവ്. `മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്‌ദം' എന്ന പുസ്‌തകം ഡിസിയാണ് പുറത്തിറക്കിയത്. അപ്പോള്‍ സാഹിത്യ വിമര്‍ശനത്തിന് വായനക്കാരില്ല എന്ന് പറയാന്‍ കഴിയില്ലല്ലോ? പക്ഷേ, വായനക്കാര്‍ കുറഞ്ഞിട്ടുണ്ട്. അത് എല്ലായിടത്തും സംഭവിക്കുന്നതാണല്ലോ! ഇപ്പോഴും സീരിയസ് ആയി സാഹിത്യവിമര്‍ശനം വായിക്കുന്നവര്‍ നിരവധിയുണ്ട്.
ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവ് എഴുത്തിനെ ബാധിച്ചിട്ടുണ്ടോ? ഒരു ഇന്റര്‍വ്യൂവില്‍ യേശുദാസ് പറഞ്ഞത് പാട്ട് ഇന്ന് ആളുകള്‍ കേള്‍ക്കുകയല്ല, കാണുകയാണ്. അതുകൊണ്ട്, പാട്ടുകേള്‍ക്കുമ്പോള്‍ പണ്ട് ആളുകള്‍ അത് ഭാവനയില്‍ കാണുമായിരുന്നു. ചാനലുകള്‍ പെരുകിയതോടെ ഭാവനയ്‌ക്ക് അതിര്‍വരമ്പുകള്‍ വന്നു എന്നാണ്.
അതെ, അതുശരിയാണ്. സാഹിത്യത്തിലും അതിര്‍വരമ്പുകള്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഇന്നു നല്ല കഥകളോ നാടകങ്ങളോ ഒന്നും കാണാറില്ല. ഉണ്ടാവുന്നില്ലെന്നല്ല ഇന്ന് ഏറ്റവുമധികം എഴുത്തുകളും നടക്കുന്നത് `ഓര്‍മക്കുറിപ്പുകള്‍' ആയിട്ടാണ്. കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ മലയാളത്തിലെ വളരെ പ്രശസ്‌തമായ ആഴ്‌ചപ്പതിപ്പ് പേജുകള്‍ നിറച്ചത് ഓര്‍മക്കുറിപ്പുകള്‍ കൊണ്ടാണ്. എന്തായാലും എല്ലാക്കാര്യത്തിലും ഒരു ദൃശ്യാവബോധം വളര്‍ത്താന്‍ ചാനലുകള്‍ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാം.
സാഹിത്യ വിമര്‍ശനത്തിലൂടെ അങ്ങ് സമ്പാദിച്ചത് കൂടുതലും സുഹൃത്തുക്കളെയാണോ, ശത്രുക്കളെയാണോ?
അങ്ങനെയൊന്നുമില്ല. ശത്രുക്കളാരുമില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇനി അങ്ങനെ ആര്‍ക്കെങ്കിലും എന്നോട് ശത്രുതവച്ചു പുലര്‍ത്തണമെങ്കില്‍ ആവാം. എന്തായാലും സുഹൃത്തുക്കളാണ് എനിക്കുള്ളത്. പിന്നെ, ഒരിക്കലും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.
ഏതു കൃതി വിമര്‍ശിക്കുമ്പോഴും അതൊരിക്കലും വ്യക്തിപരമായ വിമര്‍ശനമാവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിമര്‍ശനം എനിക്ക് ധാരാളം സുഹൃത്തുക്കളെ നേടിത്തന്നിട്ടുണ്ട്. പെരുമ്പടവം ശ്രീധരന്‍ അത്തരത്തില്‍ ഒരാളാണ്. ഇത് പ്രത്യേകം പറയാന്‍ കാരണം പെരുമ്പടവത്തിന്റെ ഒരു നോവലിനെക്കുറിച്ച് ഒരു നിരൂപണം ഞാന്‍ മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിലോ മറ്റോ പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് എനിക്ക് പെരുമ്പടവത്തിനെ പരിചയമില്ല. എന്റെ നിരൂപണം പ്രസിദ്ധീകൃതമായതിനു ശേഷമാണ് പെരുമ്പടവത്തെ വ്യക്തിപരമായി അറിയുന്നത്. ആ ബന്ധം ഇന്നും ദൃഢമായി നിലനില്‍ക്കുന്നു. അങ്ങനെ നിരവധി സുഹൃത്തുക്കളുണ്ട്
അങ്ങയുടെ രാഷ്‌ട്രീയം?
ഞാനൊരു റാഡിക്കല്‍ ഹ്യുമനിസ്റ്റാണ്.
അല്‌പം കൂടി വിശദീകരിക്കാമോ? ഇതാണ് എന്റെ രാഷ്‌ട്രീയം എന്ന് പറയാന്‍ തയാറാവാത്തവര്‍ പറയുന്ന ഒരു ഉത്തരമല്ലേ അത്!
അല്ല, അങ്ങനെ പറയുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഞാനങ്ങനെയല്ല പറഞ്ഞത്. രാഷ്‌ട്രീയം നല്ലതാണ്. രണ്ടു പ്രത്യശ ശാസ്‌ത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടണം. അവയില്‍ കരുത്തുള്ളത് നിലനില്‌ക്കണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഇതല്ലാതെ മറ്റൊരുത്തരം പറയാന്‍ എനിക്കില്ല. ധര്‍മപുത്രരും ദുര്യോധനനും തമ്മില്‍ യുദ്ധമാവാം. എന്നാല്‍ യുദ്ധം ദുര്യോധനനും ദുശാസനനും തമ്മിലായാലോ? അതാണ് കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയം.
വലതുപക്ഷ സാഹിത്യക്കാരന്‍ എന്ന വിേഷണം അങ്ങേയ്‌ക്കു ചേരുമോ? യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അങ്ങ് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടറാവുന്നത്. അതുകൊണ്ടാണീ ചോദ്യം?
ഞാന്‍ നേരത്തെ പറഞ്ഞില്ലേ ഒരു പക്ഷത്തേക്കും ചായാന്‍ എനിക്ക് താത്‌പര്യമില്ലെന്ന്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ സ്ഥാനത്ത് പത്തുമാസമേ ഞാനിരുന്നുള്ളൂ. എ.കെ.ആന്റണി ആവശ്യപ്പെട്ടതിനാലാണ് ഞാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ആന്റണി എന്റെ ക്ലാസ്‌മേറ്റാണ്. ആ ബന്ധമാണ് ഡയറക്‌ടര്‍ സ്ഥാനം ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ആന്റണി ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ ആ പദവി ഞാന്‍ സ്വീകരിക്കുമായിരുന്നില്ല. പിന്നെ, കാര്‍ത്തികേയനും വളരെ നിര്‍ബന്ധിച്ചു.
ാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അങ്ങ് രാജിവയ്‌ക്കുകയായിരുന്നല്ലോ? അതിന്റെ കാരണം?
അസഹ്യമായ ഇന്നര്‍ പൊളിറ്റിക്‌സ് നമുക്ക് ഒരു തരത്തിലും ചേര്‍ന്നു പോകാനാവാത്ത സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്. വ്യക്തിബന്ധങ്ങളില്‍ പോലും രാഷ്‌ട്രീയം കടന്നുവരുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ ഔദ്യോഗിക ജോലിയെ വല്ലാതെ ബാധിക്കുന്നുണ്ടായിരുന്നു. മുതിര്‍ന്ന ഒരു സഹപ്രവര്‍ത്തകന്റെ യാത്രയയപ്പു സമ്മേളനത്തില്‍ പോലും രാഷ്‌ട്രീയത്തിന്റെ പേരു പറഞ്ഞ് പലരും പങ്കെടുക്കാതിരിക്കുന്നത് കണ്ടപ്പോള്‍ ജോലി മതിയാക്കുന്നതാണ് ഉചിതം എന്ന്. അങ്ങനെയാണ് ഞാന്‍ രാജിവെയ്‌ക്കുന്നത്.
സാഹിത്യത്തില്‍ ഇഷ്‌ടപ്പെട്ട മേഖല?
ഒരുപക്ഷേ ഞാന്‍ നിരൂപണം ചെയ്‌തിട്ടുള്ളത് കൂടുതലും കഥകളും കവിതകളും ആയിരിക്കാം. എങ്കിലും വായിക്കാന്‍ കൂടുതലും ഇഷ്‌ടം നാടകങ്ങളാണ്. ശ്രീകണ്‌ഠന്‍ നായരുടെ നാടകങ്ങളെക്കുറിച്ചൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്. കഥകളേക്കാളും കവിതകളേക്കാളും നാടകം കൂടുതല്‍ ജീവിതഗന്ധിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നാടകങ്ങളില്‍ തന്നെ ട്രാജഡിയോടാണ് അടുപ്പം. പ്രത്യേകിച്ച് സോഥോക്ലീസിന്റെ നാടകങ്ങളോട്.
സാഹിത്യ വിമര്‍ശനത്തില്‍ പുതിയ തലമുറയ്‌ക്ക് വലിയ താത്‌പര്യമില്ലെന്ന് തോന്നിയിട്ടുണ്ടോ?
അത് വായനയുടെ കാര്യത്തില്‍ ഓവര്‍ ഓള്‍ സംഭിവിച്ചിരിക്കുന്ന കുറവിന്റെ ഭാഗമായി സംഭവിച്ചതാണ്. പിന്നെ, ഇന്നത്തെ ലോകത്തിന് വേഗത കൂടുതലാണ്. അപ്പോള്‍ വായനയ്‌ക്കുവേണ്ടി നീക്കിവയ്‌ക്കുന്ന സമയത്തിലും കുറവുണ്ടായി. ആ കുറവ് ഒരുപക്ഷേ, കൂടുതല്‍ ബാധിച്ചിട്ടുള്ളത് സാഹിത്യവിമര്‍ശനത്തെയാവാം. പിന്നെ, നല്ല നിരൂപണം ആരെഴുതിയാലും അത് വായിക്കപ്പെടും. തീര്‍ച്ച.
വയാലാര്‍ അവാര്‍ഡ് പോലെ മാലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി തേടിയെത്തിയപ്പോള്‍ എന്തു തോന്നി?
ഓ. എന്തു തോന്നാന്‍. സന്തോഷം തോന്നി.
അവാര്‍ഡുകള്‍ എഴുത്തിനെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ടോ?
അങ്ങനെ തോന്നിയിട്ടില്ല. ഡിഗ്രിക്ക് പഠിച്ച് തുടങ്ങിയ കാലത്ത് എഴുത്തിലേക്ക് വന്നയാളാണ് ഞാന്‍ അക്കാലത്തെങ്ങാനും കിട്ടിയിരുന്നെങ്കില്‍ എഴുത്തിനെ നന്നാക്കിയേനെ. ഇനി നമുക്ക് കൂടുതല്‍ നന്നാക്കാനാവും എന്നു തോന്നുന്നില്ല. എങ്കിലും ഇപ്പോഴും എഴുതുമ്പോള്‍ പഴയ ആവേശത്തിന് ഒരു കുറവും വന്നിട്ടില്ല. ആ പിന്നെ. അറിയില്ല. എഴുത്ത് നന്നാവുന്നുണ്ടോയെന്ന്. എന്തായാലും അവാര്‍ഡു കിട്ടിയതുകൊണ്ട് എഴുത്ത് കൂടുതല്‍ നന്നാവില്ല. നല്ലതെഴുതിയാല്‍ നന്നാവും. അത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
സാഹിത്യത്തിന് പുറത്ത് സാറിന്റെ ഇഷ്‌ടങ്ങള്‍?
സംഗീതം. ആധുനികം എന്നു പറയുന്ന ഏതാണു ചില പാട്ടുകളൊഴിച്ച് എല്ലാത്തരം പാട്ടുകളും കേള്‍ക്കാനിഷ്‌ടമാണ്. ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക് സംഗീതവും കേള്‍ക്കും.
സുഹൃത്തുക്കള്‍ അങ്ങയെക്കുറിച്ച് പറയുന്നത് `ഞങ്ങളുടെ ഇടയിലെ ബുദ്ധിജീവിയെന്നും സഞ്ചരിക്കുന്ന റഫറന്‍സ്, പാണ്‌ഡിത്യത്തിന്റെ ഗര്‍വില്ലാത്തന്‍ എന്നൊകെയാണല്ലോ? ഒരു ബുദ്ധി ജീവിയുടെ ജാഡകള്‍ ഉണ്ടായിരുന്നോ?
ഓ. ഒരിക്കലും ഇല്ലായിരുന്നു. എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും മറ്റുള്ളവര്‍ക്ക് എന്റെ നിലപാടുകളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യവും ഞാന്‍ നല്‌കിയിരുന്നു. അപ്പോള്‍ പിന്നെ ബുദ്ധിജീവി എന്ന പ്രയോഗം എനിക്ക് ചേരില്ലല്ലേ! പിന്നെ, ഞാന്‍ ഒരിക്കലും ഒന്നിന്റെ അവസാനവാക്കല്ലല്ലോ അതുകൊണ്ട് റഫറന്‍സ് എന്ന പ്രയോഗവും ചേരില്ല. എന്തായാലും സുഹൃത്തുക്കള്‍ ഇത്തരത്തില്‍ കാണുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.
ഫോട്ടോ ഐ.ജെ യേശുദാസ്
1 comment:
വംശനാശം സംഭവിക്കുന്ന നിരുപകരുടെ കൂട്ടത്തിലാണ് ഡോ. എം. തോമസ് മാത്യു. ഈ ഒരു പരിചയപെടുത്തല്‍ എന്തുകൊണ്ടും ഉത്തമമായി . ഈ സമ്പന്ന സദ്യക്ക് നന്ദിയും ആത്മാര്‍ത്ഥമായ ആശംസകളും
Post a Comment