Tuesday, April 6, 2010

ഗാനഗന്ധര്‍വന്‌ 24ാം അവാര്‍ഡ്‌

മലയാളികളെ ഏറ്റവുമധികം സന്തോഷിപ്പിച്ച വ്യക്തിയാര്‌ എന്ന ചോദ്യത്തിന്‌ സംഗീതപ്രിയനായ ഒരു സഹൃദയന്‍ ഒരിക്കല്‍ പറഞ്ഞത്‌ അത്‌ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസല്ലേ എന്നാണ്‌. 24ാം തവണയും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനായുളള പുരസ്‌കാരത്തിന്‌ കെ ജെ യേശുദാസ്‌ അര്‍ഹനാകുമ്പോള്‍ മുകളില്‍ പറഞ്ഞത്‌ ഒരു വെറുംവാക്കല്ലാതായി മാറുകയാണ്‌.



1940 ജനുവരി പത്തിന്‌ ഫോര്‍ട്ട്‌ കൊച്ചിയില്‍ സംഗീതജ്ഞനും നാടകപ്രവരര്‍ത്തകനുമായ അഗസ്റ്റിന്‍ ജോസഫിന്റെ മകനായി പിറന്ന കാട്ടശ്ശശേരി ജോസഫ്‌ യേശുദാസ്‌ വളരെ ചെറുപ്പം മുതല്‍തന്നെ സംഗീതത്തില്‍ അഭിരുചി പ്രകടിപ്പിച്ചിരുന്നു. മകന്റെ സംഗീതവാസന തിരിച്ചറിയാന്‍ സംഗീതജ്ഞന്‍ കൂടിയായ അച്ഛന്‍ അഗസ്റ്റ്യന്‍ ജോസഫിന്‌ ഒരു പ്രയാസവുമില്ലായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നെങ്കിലും മകന്റെ സംഗീതവാസനയെ പ്രോസ്സാഹിപ്പിക്കുന്നതില്‍ നിന്നും അതൊന്നും അഗസ്റ്റ്യന്‍ ജോസഫിനെ മാറ്റിനിര്‍ത്തിയില്ല. ആദ്യ ഗുരുവും അച്ഛന്‍ തന്നെയായിരുന്നു. പിന്നീട്‌ തിരുവന്തപുരത്തെ മ്യൂസിക്‌ അക്കാദമിയിലും, തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലും സംഗീത പഠനം നടത്തിയ യേശുദാസ്‌ വെച്ചൂര്‍ ഹരിഹര സുബ്രമണ്യഅയ്യരുടേയും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടേയും ശിഷ്യനായിരുന്നു.




1961ല്‍ കെ എസ്‌ ആന്റണി സംവിധാനം ചെയ്‌ത കാല്‍പാടുകള്‍ എന്ന ചിത്രത്തിലെ ജാതിഭേദം മതദ്വേഷം എന്ന ഗാനം ആലപിച്ചു കൊണ്ട്‌ മലയാള ചലച്ചിത്ര ലോകത്ത്‌ പ്രവേശിച്ച യേശുദാസിന്‌ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എം ബി ശ്രീനിവാസനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്‌. യേശുദാസ്‌ യുഗത്തിനാണ്‌ പിന്നീട്‌ മലയാള സിനിമ സാക്ഷ്യം വഹിച്ചത്‌.




മലയാള സിനിമാ ചലച്ചിത്ര ഗാനങ്ങളുടെ സുവര്‍ണകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന അറുപതുകള്‍ മുതല്‍ എണ്‍പതുകളുടെ അവസാന കാലം വരെയുളള ഇരുപതുവര്‍ഷക്കാലം പകരക്കാരനില്ലാതെ നിലനില്‍ക്കാന്‍ കഴിഞ്ഞതാണ്‌ യേശുദാസിനെ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടനായും ഗാനഗന്ധര്‍വനായും വളര്‍ത്തിയത്‌.




സംഗീത സംവിധായകരായ  എം എസ്‌ ബാബുരാജ്‌, വി ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ മികച്ചഗാനങ്ങള്‍ പാടാന്‍ അവസരം ലഭിച്ചതും യേശുദാസിനായിരുന്നു. ഇവരോടൊപ്പം ഗാനരചയിതാക്കളായ വയലാര്‍ രാമവര്‍മ, പിഭാസ്‌കരന്‍, ഒഎന്‍വി കുറുപ്പ്‌ എന്നിവര്‍ കൂടിച്ചേര്‍ന്നതോടു കൂടി മലയാളത്തിലേ ഏറ്റവും മികച്ച ഗാനങ്ങള്‍ യേശുദാസിനെ തേടിയെത്തി.




കാശ്‌മീരി, ആസാമീസ്‌ തുടങ്ങി വിരലിലെണ്ണാവുന്ന ഭാഷകളിലൊഴികെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാടാന്‍ കഴിയുക എന്ന മഹാഭാഗ്യവും യേശുദാസിനെ തേടിയെത്തിയിട്ടുണ്ട്‌. ഗാനഗന്ധര്‍വന്‍ എന്ന വിശേഷണം പൂര്‍ണമായ അര്‍ഥത്തില്‍ ചേരുക യേശുദാസിന്‌ തന്നെയാണെന്ന്‌ അദ്ദേഹത്തിന്‌ ലഭിച്ച പുരസ്‌കാരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നു.


1975ല്‍ പദ്‌മശ്രീയും 2002ല്‍ പദ്‌മഭൂഷന്‍ ബഹുമതിയും നല്‍കി ഭാരത സര്‍ക്കാര്‍ യേശുദാസിനെ ആദരിച്ചിരുന്നു. 2009 ല്‍ മധ്യവേനലിലെ ഗാനത്തിനു ലഭിച്ചതുള്‍പ്പെടെ 24 നാലുതവണ സംസ്ഥാന സര്‍ക്കാര്‍ യേശുദാസിനെ മികച്ച ഗായകനായി തെരഞ്ഞെടുത്തു. ഏഴുതവണ മികച്ച ഗായകനുളള ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. എട്ടുതവണ തമിഴ്‌നാട്‌ സര്‍ക്കാരിന്റെയും ആറുതവണ ആന്ധ്രാ സര്‍ക്കാരിന്റെയും അഞ്ചുതവണ കര്‍ണാടക സര്‍ക്കാരിന്റെയും ഒരു തവണ ബംഗാള്‍ സര്‍ക്കാരിന്റയും മികച്ച ഗായകനുളള അവാര്‍ഡുകള്‍ യേശുദാസിനെ തേടിയെത്തിയിട്ടുണ്ട്‌. പുതു മുഖങ്ങള്‍ക്ക്‌ അവസരം ലഭിക്കണമെന്ന ചിന്തയോടു കൂടി ഒരിക്കല്‍ തന്നെ ഇനി സംസ്ഥാന അവാര്‍ഡുകള്‍ക്ക്‌ പരിഗണിക്കേണ്ടന്ന്‌ യേശുദാസ്‌ പറയുകയുണ്ടായി. എന്നിട്ടും എഴുപതാം വയസില്‍ മികച്ചഗായകനുളള അവാര്‍ഡ്‌ യേശുദാസിനെ തേടിയെത്തുമ്പോള്‍ അംഗീകാരം യഥാര്‍ഥപ്രതിഭയുടെ നിഴലാണ്‌. കുറച്ചു കാലം അതിനെ മറച്ചു പിടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരിക്കലും വേര്‍പെടുത്താനാവില്ല എന്ന ക്ഷേക്‌സ്‌പിയര്‍ വാക്യം അന്വര്‍ഥമാവുകയാണ്‌.

1 comment:

കുഞ്ഞൂസ് (Kunjuss) said...

ഗാനഗന്ധര്‍വന് ആശംസകള്‍!

FACEBOOK COMMENT BOX