Thursday, September 2, 2010

ഫിലോമിന പറയുന്നു മദര്‍തരേസ ഇന്നും ജീവിക്കുന്നു

                                                             ഫിലോമിന


എന്റെ നാലാം വയസു മുതല്‍ മദര്‍ തെരേസയെ കണ്ടു തുടങ്ങിയതാണ്. മദറിന്റെ ജീവിതം വളരെ തൊട്ടടുത്ത് നിന്ന് കാണാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ലഭിച്ച വലിയ ദൈവാനുഗ്രഹമാണ്. കഞ്ഞിക്കുഴി ഇറഞ്ഞാലിലെ കല്‍ക്കട്ട വീട്ടിലിരുന്ന് ഇതു പറയുമ്പോള്‍ ഫിലോമിന സൈമണിന്റെ മുഖത്ത് അപൂര്‍വ ഭാഗ്യത്തിന്റെ തിളക്കമുണ്ടായിരുന്നു.

മദറുമായുളള ബന്ധം തുടങ്ങുന്നത്


ഞാന്‍ കാണുമ്പോള്‍ മദര്‍ പ്രശസ്തയൊന്നുമായിട്ടില്ല. ഏകദേശം അമ്പത് വയസുണ്ടായിരുന്നിരിക്കും. എനിക്ക് നാലോ അഞ്ചോ വയസുണ്ടാവും. അന്ന് നോബല്‍ സമ്മാനമോ ഭാരതരത്‌നമൊ ഒന്നും മദറിന് ലഭിച്ചിട്ടുമില്ല. മദര്‍ സ്ഥാപിച്ച ആദ്യത്തെ സ്കൂള്‍ ഞങ്ങളുടെ വീടിന്റെ മുറ്റത്തായിരുന്നു. കല്‍ക്കട്ട ലോവര്‍സര്‍ക്കിളിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞങ്ങളുടെ വീടിന് വലിയ മുറ്റമുണ്ടായിരുന്നു. 1952ലാണ് എന്റെ അച്ഛന്‍ റബര്‍ വ്യാപാരവുമായി കല്‍ക്കട്ടയിലെത്തുന്നത്. ഒരു ദിവസം കുറെ കന്യാസ്ത്രികള്‍ കുറച്ചു തെരുവുകുട്ടികളുമായി ഞങ്ങളുടെ വീട്ടിലെത്തി അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുകയുണ്ടായി. അക്കൂട്ടത്തില്‍ ഒരു മലയാളി സിസ്റ്ററുമുണ്ടായിരുന്നു. സ്റ്റെല്ലാ എന്നായിരുന്നു അവരുടെ പേര്. മറ്റൊരുദിവസം അവര്‍ പറഞ്ഞു അവരുടെ മദറിന് ഞങ്ങളെ കാണണമെന്ന്. എന്റെ അച്ഛനും അമ്മയും മദറിനെ കാണുകയുണ്ടായി. പോരാന്‍ നേരം മദര്‍ ആവശ്യപ്പെട്ടത് ഞങ്ങളുടെ വീട്ടുമുറ്റത്ത് തെരുവുകുട്ടികള്‍ക്കു വേണ്ടി ഒരു സ്കൂള്‍ തുടങ്ങാനുളള അനുവാദമാണ്. അങ്ങനെയാണ് ഞങ്ങളുടെ മുറ്റത്ത് സ്കൂള്‍ ആരംഭിക്കുന്നത്.

പിന്നീട് നിരവധി തവണ മദര്‍ ഞ്ഞളുടെ വീട്ടില്‍ വരുമായിരുന്നു. അക്കാലത്ത് ഇന്നത്തേതുപോലുളള വാഹന സൗകര്യങ്ങളൊന്നുമില്ലായിരുന്നു. എന്റെ അച്ഛന് ഒരു ഫിയറ്റ് കാറുണ്ടായിരുന്നു. അച്ഛനാണ് മദറിനേയും കൊണ്ട് സഞ്ചരിച്ചിരുന്നതെന്ന് പറയാം. പിന്നെ മദറിനെകാണാനായി എത്തിയിരുന്ന പലര്‍ക്കും താമസ സൗകര്യമൊരുക്കിയിരുന്നതും ഞ്ങ്ങളുടെ വീട്ടിലായിരുന്നു. എന്റെ സഹോദരന്‍ പോളിന് ലുക്കീമിയ ബാധിച്ചപ്പോള്‍ മദറിന്റെ പ്രാര്‍ഥനാ സഹായം ഞങ്ങള്‍ക്ക് വലിയൊരു താങ്ങായിരുന്നു. എന്റെ വിവാഹം കഴിഞ്ഞ വളരെ ദീര്‍ഘകാലം കുട്ടികളില്ലായിരുന്നു. മദറിന്‍ വലിയ പ്രാര്‍ഥനയിലൂടെയാണ ദൈവം എനിക്ക് കുട്ടികളെ നല്‍കിയത്. മദര്‍ ഒപ്പിട്ട മദറിന്റെ പെയിംന്റിംഗും, മദറിന്റെ കൊന്തയും, മദര്‍ ഉപയോഗിച്ചരുന്ന കാറും, സോഫയും, മരണ സമയത്ത് മദര്‍ ഉപയോഗിച്ചിരുന്ന സാരിയുടെ ഭാഗവും നിധിപോലെ ഞങ്ങളിന്നും സൂക്ഷിക്കുന്നുണ്ട്.


മദറിനെ കുറിച്ച് ചോദിച്ചാല്‍ ആദ്യം ഓര്‍മയില്‍ വരുന്ന കാര്യം

ഞാന്‍ പറഞ്ഞല്ലോ മദറിന്റെ സ്കൂള്‍ ഞങ്ങളുടെ വീട്ടിലായിരുന്നെന്ന്. അന്ന് കുട്ടികളുടെ ഒരു ബഹളമായിരുന്നു. ഒച്ചവെച്ചും ഓടിയും ചാടിയും കളിക്കുന്ന കുട്ടികളെ നിയന്ത്രിക്കാനായി സിസ്‌റ്റേഴ്‌സ് വഴക്കുപറയുമായിരുന്നു. എന്നാല്‍ അത് മദറിന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. കുട്ടികളുടെ നൈസര്‍ഗികമായ താത്പര്യങ്ങളും സന്തോഷങ്ങളും അവരുടെ അവകാശമായിരുന്നു എന്ന് വിശ്വസിച്ചിരുന്നയാളായിരുന്നു മദര്‍. കുട്ടികളെ വഴക്കുപറഞ്ഞതിന്റെ പേരില്‍ സിസ്റ്റേഴ്‌സിനെ മദര്‍ വഴക്കുപറയുമായിരുന്നു. ഇതൊക്കെ കുട്ടിയായിരുന്ന എനിക്ക് മദറിനോട് വല്ലാത്തൊരടുപ്പം നല്‍കി.


മദറിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത

മദറിനെ എല്ലാവരുടേയും മദറാക്കിയത്്് ലാളിത്യവും ത്യാഗമനോഭാവവുമാണ്. വളരെ പെട്ടന്ന് പ്രശസ്തിയും അവാര്‍ഡുകളും മദറിനെ തേടിവന്നിട്ടും അവയില്‍ ഒരിക്കലും അഹങ്കരിക്കാത്തയാളായാരുന്നു മദര്‍. മാത്രവുമല്ല തനിക്ക് ലഭിച്ച പ്രശസ്തിയും പുരസ്കാരങ്ങളും തന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് മദര്‍ ഉപയോഗിച്ചത്്. അചഞ്ചലമായ വിശ്വാസവും പ്രാര്‍ഥനയുമാണ് മദറിനെ ഏറ്റവും വലിയ മൂലധനം. എത്രമാത്രം അധപധിച്ച ആളുകളോടും അടുത്ത് ഇടപഴകാന്‍ മദറിന് ഒരു മടിയുമുല്ലായിരുന്നു. ഏതൊരു പരിഷ്കൃത സമൂഹവും അവജ്ഞയോടും വെറുപ്പോടും മാത്രം കണ്ടിരുന്ന മദ്യപാനികളോടും മയക്കുമരുന്നിന് അടിമപ്പെട്ടവരോടും തെരുവു വേശ്യകളോടും കുഷ്ടരോഗികളോടും മദറിന് പ്രത്യേക പരിഗണനയുണ്ടായിരുന്നു. കുട്ടികളോടു മദറിനുണ്ടായിരുന്ന സ്‌നേഹം അനന്തമായിരുന്നു. ത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉത്തമ മാതൃകയാണ് മദര്‍. അവിഹിത ഗര്‍ഭം ധരിച്ച വേശ്യകള്‍ പ്രസവിക്കുന്നതിനുളള ഒരിടം തേടി മദറിന്റെ അടുക്കല്‍ വരുമായിരുന്നു. പ്രസവശേഷം പലരും മടങ്ങിപ്പോയിരുന്നു. അവരുടെ കുട്ടികള്‍ മദറിന്റെ അടുക്കല്‍ സുരക്ഷിതരായിരുന്നു. പിന്നീട് കാലങ്ങള്‍ക്ക് ശേഷം വഴിവിട്ട ബന്ധത്തില്‍ പശ്ചാത്തപിച്ച് മടങ്ങിയെത്തിയവരുടെ മുന്നിലും മദര്‍ വാതില്‍ തുറന്നിട്ടിരുന്നു. ഇതിന്റെ പേരില്‍ സമൂഹത്തില്‍ പലരും മദറിനെ അവഹേളിിക്കാനും പരിഹസിക്കാനും തയാറായിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും തന്റെ നിയോഗത്തില്‍ നിന്നും മദറിനെ പിന്തരിപ്പിച്ചില്ല.


ലാളിത്യവും മനുഷ്യ സ്‌നേഹവും പ്രസംഗത്തില്‍ മാത്രം ഒതുക്കാനുളളതല്ലെന്നും ്അത് ജീവിതചര്യയാണെന്നും തന്റെ ജീവിതം കൊണ്ട് ലോകത്തിന് കാട്ടിക്കൊടുത്തയാളാണ് മദര്‍. ഇവ മരണം വരെ കൈമോശം വരാതെ കൊണ്ടുപോകാന്‍ മദറിന് കഴിഞ്ഞു. 1974 ലാണ് മദര്‍ കേരളത്തില്‍ വരുന്നത്. അന്നും എന്റെ അച്ഛനായിരുന്നു മദറിന് സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത്. മദറിന് വലിയസെറ്റപ്പില്‍ താമസിക്കാനും സഞ്ചരിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ കൊച്ചു വീട്ടില്‍ തങ്ങാനാണ് മദര്‍ ആഗ്രഹിച്ചത്. ഇവിടെയും എന്റെ അച്ഛന്‍ തന്നെയായിരുന്നു മദറിന്റെ ഡ്രൈവര്‍. യാത്രക്കിടയില്‍ തട്ടുകടകളില്‍ നിന്നും കട്ടന്‍ കാപ്പി കുടിക്കുന്ന മദറിന്റെ ചിത്രം ഇന്നും ലോകത്തിന് അപരിചിതമാണ്.



കല്‍ക്കട്ടയില്‍ കലാപം രൂക്ഷമായിരുന്ന കാലത്തെ മദറിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ?


ഓ അത് എനിക്ക് കേട്ടറിവുകളാണുളളത്. അടിയുറച്ച ദൈവ വിശ്വാസവും പ്രാര്‍ഥയും ഒരു മനുഷ്യന് എത്രമാത്രം ആത്മധൈര്യം നല്‍കും എന്നതിനുളള പ്രത്യക്ഷ ഉദാഹരണമാണ് അക്കാലത്ത് മദര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഭയം മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചിരുന്ന സമയത്തും കലാപബാധിത തെരുവുകളിലൂടെ മദര്‍ തന്റെ തുണി സഞ്ചിയും തൂക്കി ഒരു ഭയവും കൂടാതെ ഇറങ്ങി നടന്നിരുന്നു. കലാപത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ചിരുന്നു. കലാപകാരികള്‍ പോലും മദറിനെ കണ്ടപ്പോള്‍ ആയുധങ്ങള്‍ താഴെയിട്ട് കൈകൂപ്പി നിന്നിരുന്നു. നിരവധിപേര്‍ കലാപത്തില്‍ നിന്നും പിന്തിരിയുകയും ചെയ്തിരുന്നു.



മിഷണറീസ് ഓഫ് ചാരിറ്റിയെ കുറിച്ച്



മദര്‍ ഇന്നും ജീവിക്കുന്നത് മദറിന്റെ പാതയിലൂടെ നടക്കുന്ന അനുയായികളാണ്. ഇന്ന് അവര്‍ ലോകത്തിലെല്ലായിടത്തുമുണ്ട്. മദര്‍ തെരേസയുടെ തന്നെ വാക്കുകളില്‍ വിശക്കുന്നവരെയും നഗ്‌നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആര്‍ക്കും വേണ്ടാതെ ആരാലും സ്‌നേഹിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ സമൂഹത്തില്‍ കഴിയുന്ന എല്ലാവരെയും പരിചരിക്കുക എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൗത്യം. അത് ഇവര്‍ കൃത്യമായി പാലിക്കുന്നു. ആ പ്രവര്‍ത്തനങ്ങളിലൂടെ മദര്‍ ഇന്നും ജീവിക്കുന്നു.





1980ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നം'

1979 ഡി.ല്‍ ഓസ്‌ളോയില്‍വച്ച് മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍സമ്മാനം

പോപ് ജോണ്‍ തതകകക പുരസ്കാരം

ജോസഫ് കെന്നഡി ജൂനിയര്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്

സ്വീഡനിലേയും ഭാരതത്തിലേയും തപാല്‍ വകുപ്പ് മദറിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പുകളിറക്കി

1962 ജനു. 26ലെ റിപ്പബ്ലിക് ദിനത്തില്‍ 'പദ്മശ്രീ'

രമണ്‍ മഗ്‌സാസെ അവാര്‍ഡ്്്്

അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡ്്്

2 comments:

Anees Hassan said...

:-)

Ameer ali said...

hai anees bhai

http://saikatham.com/blog/?p=5

have a look in this link

FACEBOOK COMMENT BOX