Monday, November 7, 2011

എഴുത്തിന്റെ കൂട്ട് (അഥവാ പുഞ്ചിരിക്കാനുള്ള ധൈര്യം)

പന്നിവേട്ട(നോവല്‍) യിലൂടെയും മരണസഹായി(കഥകള്‍)ലൂടെയും പ്രതിഭ തെളിയിച്ച യുവ എഴുത്തുകാരന്‍ വി എം ദേവദാസുമായി നടത്തിയ അഭിമുഖം
.

ഏതൊരെഴുത്തുകാരനും, പ്രത്യേകിച്ച് ഫിക്ഷനില്‍ കൈവച്ചിരിക്കുന്നയാള്‍ കഥയെഴുത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ മള്‍ട്ടി ഫെയ്‌സ്ഡ് പോസിബിലിറ്റീസില്‍ കൂടി കടന്നുപോകാറുണ്ട്. അത് ഉപയോഗിക്കാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെടുന്നു. ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കാറുണ്ട് എന്നുപറയുന്നതാവും കൂടുതല്‍ ശരി.

   
   വളരെ സങ്കീര്‍ണമായ ബന്ധങ്ങളെ അതിസൂക്ഷമമായി വിലയിരുത്തുക, വായനക്കാരനെ തന്റെ എഴുത്തിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന മോഹിപ്പിക്കുന്ന ആഖ്യാനശൈലി പിന്തുടരുക, കഥപറയുന്നതിനായി തെരഞ്ഞെടുത്ത ഭാഷയിലും ശൈലിയിലും സമകാലിക പരീക്ഷണങ്ങള്‍ക്കു മുതിരുക തുടങ്ങിയ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതില്‍ ദേവദാസ് എന്ന എഴുത്തുകാരന്‍ (പ്രത്യേകം ശ്രദ്ധിക്കുന്നു.
       'ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം' എന്ന ആദ്യ നോവലില്‍ നിന്നും രണ്ടാമത്തെ നോവലായ 'പന്നിവേട്ട'യിലേക്കും 'മരണസഹായി' എന്ന കഥാസമാഹാരത്തിലേക്കുമെത്തുമ്പോള്‍ ഈ സവിശേഷതകള്‍ കൃത്യമായി പ്രകടിപ്പിക്കുന്നു. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഓണ്‍ലൈന്‍ എഴുത്തും പുസ്തകവായനയേയും എഴുത്തിനേയും പുനര്‍നിര്‍വചിക്കുമ്പോള്‍, ആ നിര്‍വചനത്തെ അപനിര്‍മിക്കാനുള്ള ദേവദാസ് നടത്തുന്നത്. കഥയിലൂടെയും കഥാപാത്ര നിര്‍മിതിയിലൂടെയും എഴുത്തുകാര്‍ യാഥാര്‍ഥ്യത്തെ എഴുത്തിലെത്തിക്കുമ്പോള്‍ ഭാഷയിലൂടെ യാഥാര്‍ഥ്യത്തെ സൃഷ്ടിക്കാനാണ് ദേവദാസ് ശ്രമിക്കുന്നത്. അതില്‍ ഏതാണ്ട് അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. കഥപറയുന്ന രീതിയിലും ഭാഷയിലും ദേവന്‍ നടത്തുന്ന ആള്‍മാറാട്ടങ്ങള്‍ വായനക്കാരനെ കബളിപ്പിക്കുകയല്ല, മറിച്ച് സ്വന്തം വിശ്വാസത്തില്‍ നിന്നും സൃഷ്ടിക്കുന്ന  ആന്തരികലോകങ്ങളെയും തീവ്രാനുഭവങ്ങളെയും സര്‍ഗ്ഗാത്മകമായ തന്റെ അന്വേഷണങ്ങളെയും എഴുത്തിന്റെ പുതിയ ഇടങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടെത്തിക്കുകയാണ്. ആദ്യവായനയില്‍ ദഹിക്കാത്ത ഏതൊരു സര്‍ഗപ്രവൃത്തിയും അംഗീകരിക്കാന്‍ മടിക്കുന്നതാണ് മലയാളിയുടെ മനസ്. എന്നാല്‍ ഈ നോവലിസ്റ്റ് എഴുതുന്നത് അനായാസമായ വാക്ചാതുര്യത്തോടെയും, ലളിതവുമായാണ് എന്നത് ആസ്വാദകരെ എഴുത്തിലേക്ക് അടുപ്പിക്കുന്നു.
     ദേവദാസിന് മലയാള സാഹിത്യത്തില്‍ സ്ഥാനം നേടിക്കൊടുത്ത പന്നിവേട്ട ഒരു ത്രില്ലറാണ്. എന്നാല്‍, ഇന്നലെവരെ പരിചിതമായ ത്രില്ലറിന്റെ രൂപഭാവങ്ങളെയും ഭാഷയുടെ അതിര്‍വരമ്പുകളേയും പന്നിവേട്ട ലംഘിക്കുന്നു. കൊച്ചിയെ പശ്ചാത്തലമാക്കി ഗാംഗ്സ്റ്റര്‍മാരുടെ ജീവിത കഥയാണ് പന്നിവേട്ട പറയുന്നതെങ്കിലും ഉത്തരാധുനിക കാലഘട്ടത്തിലെ തലമുതിര്‍ന്ന എഴുത്തുകാര്‍ക്ക് ലഭിച്ച ആഗോളസ്വീകാര്യത ദേവദാസിന്റെ എഴുത്തിനും അര്‍ഹതയുണ്ട് എന്ന് നിസംശയം പറയാം.


# എഴുത്തിലേക്കുള്ള വരവ്?

നൃത്തം ചെയ്യുകയും, പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിലാണ് ജനനം. അതുകൊണ്ട് ബാല്യകാലത്തില്‍ തന്നെ കലകളോട് ആഭിമുഖ്യമുണ്ടായിരുന്നു. നൃത്തത്തോടുള്ള താല്‍പ്പര്യത്തിന്റെ ഭാഗമായി സംഗീതസാഹിത്യാദികളോടും അടുപ്പം വന്നു. അധികം വെയിലുകൊണ്ടാല്‍ മൂക്കില്‍ നിന്ന് ചോരയൊലിക്കുന്ന അസുഖക്കാരന്‍ ബാലന് വെയിലുള്ള തുറസ്സുകള്‍ വിലക്കപ്പെട്ട അവസ്ഥയില്‍ അലമാരയിലെ 1.5ക. / 5ക. എന്നൊക്കെ വില രേഖപ്പെടുത്തിയ പഴഞ്ചന്‍ പുസ്തകങ്ങളായിരുന്നു കൂട്ട്. പുരാണേതിഹാസ ഗ്രന്ഥങ്ങളായിരുന്നു അക്കാലത്തെ വായനകളില്‍ ഉള്‍പ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ വായിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച മെറ്റാഫിക്ഷന്‍ മഹാഭാരതമാണെന്നും,  ഫാന്റസിയുടെ കൊടുമുടി വിക്രമാദിത്യകഥകളാണെന്നും കരുതുന്നു. ആ അഭിപ്രായത്തിന് ഈ പ്രായത്തിലും മാറ്റം വന്നിട്ടില്ല. വായന പതിവായിരുന്നെങ്കിലും കോളേജിലെത്തുന്നതു വരെ എഴുത്തിനെപ്പറ്റിയൊന്നും ചിന്തിച്ചിരുന്നതേയില്ല. ഏതൊരു സ്കൂള്‍ വിദ്യാര്‍ത്ഥിയേയും പോലെ നോട്ടുബുക്കില്‍ വല്ലതും കുറിച്ചിട്ടുണ്ടാകാമെന്നതില്‍ കൂടുതലായി ഒന്നും തന്നെ ഇല്ലായിരുന്നു. അവനവന് ബോധ്യമാകുന്ന രീതിയില്‍ ആദ്യമായി ഒരു കഥയെഴുതുന്നത് കോളേജ് മാഗസിനിലണ്.  വായന ഗൗരവമായെടുത്തതും ആ കാലത്തായിരുന്നു.               
      ബഷീര്‍, എം.ടി, പെരുമ്പടവം, മുകുന്ദന്‍, കാക്കനാടന്‍, മേതില്‍, വിജയന്‍  എന്നിങ്ങനെയായിരുന്നു എന്റെ വായനാ ചവിട്ടുലപകയിലെ പ്രധാന പടികളുടെ ആരോഹണക്രമം. വ്യക്തിപരമായി വലിയ താല്‍പര്യമില്ലാതിരുന്നിട്ടും ജോലി സാധ്യതയെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള ഉപദേശങ്ങളുടെ ഫലമായി സാങ്കേതിക വിഷയങ്ങള്‍ പഠിക്കേണ്ടി വന്ന ഒരാളാണ് ഞാന്‍. അതിനെത്തുടര്‍ന്ന് അവനവനോട് തോന്നിയ വൈരാഗ്യ ബുദ്ധിയില്‍ വായനയും, എഴുത്തും ഒക്കെ ഉപേക്ഷിച്ചു. അതുകൊണ്ട് "ക്യാമ്പസ്സു വഴി സാഹിത്യത്തിലേക്ക് " എന്നൊരു മാര്‍ഗ രേഖയുമില്ല. പഠന ശേഷം ചെറിയ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് അടുത്ത സുഹൃത്തുക്കളുമായുള്ള സമ്പര്‍ക്കവും, സംവാദങ്ങളുംകൊണ്ട്  'എഴുതിയാലെന്താ?'യെന്ന ചോദ്യം സ്വയം ചോദിക്കുന്നത്. അവരുടെ പ്രോത്സാഹനഫലമായാണ് എഴുതി തുടങ്ങുന്നത്. അത്തരത്തില്‍ രൂപപ്പെട്ടുവന്ന വ്യക്തിപരമായി വളരെ അടുപ്പമുള്ള ഒരു ആദ്യവായനാക്കൂട്ടം എനിക്കുണ്ട്. മറ്റെല്ലാറ്റിലുമരിയായി എഴുത്തിനെക്കുറിച്ച് അവരോട് സംസാരിക്കുക, എഴുതിയത് പങ്കു വെയ്ക്കുക, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കുക തുടങ്ങിയ പ്രക്രിയകള്‍ നല്‍കുന്ന സന്തോഷവും, ഊര്‍ജ്ജവുമാണ് എഴുത്തില്‍ എന്നെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ എന്തെങ്കിലും എഴുതുന്നുണ്ടെങ്കില്‍ അതിന്  പ്രചോദനമായുള്ളത് ആമയോട്ടത്തിലും, മുയലുറക്കത്തിലും എനിയ്‌ക്കൊപ്പം ഒരു പോലെ  കൂട്ടുനിന്ന ചുരുക്കം ചില സുഹൃത്തുക്കളാണ്.


# എഴുത്തില്‍ പിന്തുടര്‍ന്ന പുതിയ രീതികളെക്കുറിച്ച്


ചെറുകഥകളാണ്  എഴുതി തുടങ്ങിയതും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും. ആദ്യമായി ഒരു നോവല്‍ എഴുതണം എന്ന ആഗ്രഹം മനസില്‍ വന്നപ്പോള്‍ തന്നെ അതൊരു പരീക്ഷണ സംരംഭം ആയിരിക്കണമെന്നും, നിലവിലെ മലയാള സാഹിത്യ രീതിശാസ്ത്രങ്ങളില്‍ നിന്നും ഒട്ടൊന്ന് മാറി നില്‍ക്കുന്ന പ്രമേയവും ഘടനയും അതിനുണ്ടാകണമെന്നും ആഗ്രഹം തോന്നി. അങ്ങനെയാണ് "ഡില്‍ഡോ : ആറ് മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം" എന്ന നോവല്‍ ഉണ്ടാകുന്നത്. അധോലോക കമ്പോളങ്ങളുടെ വിപണി രീതികള്‍, അതുമായി ബന്ധപ്പെട്ട്  ഇന്ത്യയില്‍ പലയിടത്തായി അരങ്ങേറുന്ന മരണങ്ങള്‍ എന്നതായിരുന്നു വിഷയം. പാഠഭാഗങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും മാപ്പും ചാര്‍ട്ടും ഒക്കെയുള്ളൊരു പാഠപുസ്തകത്തിന്റെ ഘടനയാണ് അതില്‍ സ്വീകരിച്ചിരിക്കുന്നത്. കമ്പോളം ആസ്പദമാക്കി ഒരു നോവല്‍ത്രയമായിരുന്നു ലക്ഷ്യം. ഡില്‍ഡോ അതില്‍ ആദ്യത്തേതാണ്. ശ്രേണിയില്‍ രണ്ടാമത്തേതായിരുന്നു പന്നിവേട്ട. കേരളത്തില്‍ എഴുപതുകളിലെ നക്‌സല്‍ രാഷ്ട്രീയം, അടിയന്തിരാവസ്ഥ മുതല്‍ 2010ലെത്തുമ്പോഴുള്ള കോര്‍പ്പറേറ്റ്/സ്‌റ്റേറ്റ് െ്രെകമുകളും,  ഗുണ്ടാസംഘങ്ങളുടെ വളര്‍ച്ചയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന ജീവിതങ്ങളും പ്രമേയമാകുന്ന ഒന്നായിരുന്നു പന്നിവേട്ട. ഡില്‍ഡോയിലേതു പോലെ പ്രത്യക്ഷത്തില്‍ പരീക്ഷണങ്ങളൊന്നും നടത്തിയില്ലെങ്കില്‍ കൂടി പുതിയതായ ഒരു ആഖ്യാന ശൈലി സ്വീകരിക്കാന്‍ പന്നിവേട്ടയിലും ശ്രമിച്ചിട്ടുണ്ട്. രണ്ട് നോവലുകള്‍ കൂടാതെ ഒരു കഥാ സമാഹാരം കൂടെ പുറത്തിറങ്ങിയിട്ടുണ്ട്. സാമ്പ്രദായികമായതും, അല്ലാത്തതുമായ ശൈലി കഥകളിലും സ്വീകരിക്കാറുണ്ട്.


# പുതിയ രചനാ രീതിയെ പ്രസാധകര്‍ എത്രത്തോളം അംഗീകരിക്കുന്നു?

തീര്‍ച്ചയായും വളരെ ഗൗരവതരമായി കാണേണ്ട വിഷയമാണിത്. ഡില്‍ഡോയ്ക്ക് വലിയ ഓണ്‍ലൈന്‍ പിന്തുണയാണ് ലഭിച്ചത്. അതിനെ തുടര്‍ന്നാണ് ‘പന്നിവേട്ട’ എഴുതുന്നത്.   ഡില്‍ഡോ എഴുതിയതിന് ശേഷം പ്രസിദ്ധീകരണ സാധ്യതയില്ലാതെ ഉദ്ദേശം രണ്ട് വര്‍ഷത്തോളം കൈയ്യെഴുത്തു പ്രതിയായിത്തന്നെ ഇരിക്കുകയായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ വാരികയില്‍ ഡില്‍ഡോ സീരിയലൈസ് ചെയ്യാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നോവലിന്റെ വിഷയം, അത് കുടുംബ വായനക്കാരിലുണ്ടാക്കുന്ന പ്രതികരണം എന്നിവയിന്മേലുള്ള വിപണിഭയമായിരുന്നു പ്രസിദ്ധീകരണത്തില്‍ നിന്നും അവരെ വിലക്കിയത്. പിന്നീട് അത് പുസ്തക രൂപത്തിലാക്കുന്നത് സമാന്തര പുസ്തക പ്രസാധകരായ ബുക്ക് റിപ്പബ്ലിക്ക് ആണ്. എന്നാല്‍, ഇത്തരം എഴുത്തുകളുടെ ആദ്യകാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ ഇപ്പോള്‍ അത്ര തീവ്രമായി നിലവിലില്ലെന്നു വേണം കരുതാന്‍. എന്റെ രണ്ടാമത്തെ നോവലായ പന്നിവേട്ട  പ്രസിദ്ധീകരിച്ചത് ഡിസി ബുക്‌സാണ്. മുഖ്യധാരാ പ്രസാധകര്‍ക്കു കൂടി സ്വീകാര്യമായ ഒരു നിലയിലേയ്ക്ക് "പുത്തനെഴുത്ത്" (ഈ പ്രയോഗത്തോട് വിയോജിപ്പുണ്ട്) എത്തിപ്പെടുന്നത് ശുഭ സൂചനയാണെന്ന് കരുതുന്നു.

# ദേവന്‍ കഥകളുമെഴുതിയിട്ടുണ്ടല്ലോ? ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രയാസം നേരിട്ടിട്ടുണ്ടോ?

ഭാഗികമായി ഉണ്ട് എന്നു തന്നെ പറയാം. വളരെ മികച്ചൊരു സമീപനം ആനുകാലികങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നു തന്നെയാണ് തോന്നല്‍. ഇതാകട്ടേ മറ്റൊരു തരത്തില്‍ നമുക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആരെയും ഭയപ്പെടാതെ, മയപ്പെടുത്തലുകള്‍ക്ക് വിധേയമാകാതെ എഴുതാനുള്ള സ്വാതന്ത്ര്യം അതനുവദിക്കുന്നു. എന്റെ കഥകള്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ബ്ലോഗുകള്‍ വഴിയാണ്. സമാന്തര സാഹിത്യ മാഗസിനുകളില്‍ നിന്നും നല്ല സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ശ്രദ്ധേയമായ ചില കഥകള്‍ മുഖ്യധാരാ ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈയടുത്ത് "തിബത്ത്" എന്ന കഥയ്ക്ക് ചന്ദ്രിക വാരികയുടെ പുരസ്ക്കാരം ലഭിക്കുകയുണ്ടായി.

# ഓണ്‍ലൈന്‍ / ബ്ലോഗ് എഴുത്തിനെക്കുറിച്ച്?

നേരത്തേ സൂചിപ്പിച്ചതു  പോലെ എന്റെ കഥകള്‍ക്ക് എല്ലാക്കാലത്തും മികച്ച പ്രോത്സാഹനം ലഭിച്ചത് സൈബര്‍ സ്‌പേയ്‌സില്‍ നിന്നു തന്നെയാണ്. ഒരു പരിധിവരെ ഞാനതില്‍ സംതൃപ്തനാണ്. കഥകള്‍ കൂടാതെ രാഷ്ട്രീയസമകാലികചരിത്രസാമൂഹികപ്രതികരണങ്ങള്‍  നടത്താറുള്ളത് ഓണ്‍ലൈന്‍ കുറിപ്പുകള്‍ വഴിയാണ്.


# ദേവദാസിന്റെ രാഷ്ട്രീയം?

ജനാധിപത്യത്തില്‍ ഊന്നിയുള്ള വിശാല ഇടതുപക്ഷ ആശയങ്ങളോടാണ് ആഭിമുഖ്യം. ഒരു സംഘടനയിലും അംഗമല്ല.

# പുതിയ എഴുത്തുകാരെ വായിക്കാറുണ്ടോ? അവരുടെ എഴുത്തിനെ എങ്ങനെ വിലയിരുത്തുന്നു?

തീര്‍ച്ചയായും. പുതിയ എഴുത്തുകാരെയും, രചനകളേയും ഒഴിവാക്കാറില്ല.  ഗൃഹാതുരത്വത്തിന്റെയും, ഗ്രാമനന്മയുടേയും, അമിത പ്രതീക്ഷയുടേയും, സോദ്ദേശസന്ദേശങ്ങളുടേയും, സംഘടിത രാഷ്ട്രീയത്തിന്റേയും സാമ്പ്രദായിക ആവരണങ്ങള്‍ ഉപേക്ഷിച്ച് നഗര സംബന്ധിയായ അസ്വാരസ്യങ്ങള്‍, സാമ്പത്തിക വിനിമയ ശൃംഘലകള്‍, കമ്പോള വ്യവഹാരങ്ങള്‍, വ്യവസ്ഥാപിതമാകുന്ന കിടമല്‍സരങ്ങള്‍, അധോലോക ആകുലതകള്‍, വൈയ്യക്തിക രാഷ്ട്രീയത്തിന്റെ തനിയായ നിലനില്‍പ്പ് എന്നിവയിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള പുതിയ എഴുത്തുകള്‍ വിരളമായെങ്കിലും ഉണ്ടാകുന്നുണ്ട് എന്നു തന്നെയാണ് വിലയിരുത്തല്‍. ആഗോളവല്‍ക്കരണത്തിന് ശേഷമുള്ള കാലത്തെ/പരിസരത്തെ/ആകുലതകളെ പരിചയപ്പെടുത്തുന്ന ഇത്തരം പ്രമേയങ്ങളെ ഇഷ്ടപ്പെടുന്നൊരു വായനക്കാരന്‍ കൂടിയാണ് ഞാന്‍.
സാഹിത്യത്തില്‍ ഇപ്പോള്‍ അക്കാഡമി തലത്തിനുമപ്പുറം ചില വര്‍ഗീകരണങ്ങള്‍ നടക്കുന്നുണ്ടല്ലോ? അത്തരം വര്‍ഗീകരണങ്ങളെക്കുറിച്ച്?
അക്കാഡമിക് തലത്തിനപ്പുറം നടക്കുന്ന സാഹിത്യ വര്‍ഗീകരണങ്ങളെല്ലാം വായനയെ റിസ്ട്രിക്റ്റ് ചെയ്യുന്നതാണ് എന്ന അഭിപ്രായക്കാരനാണു ഞാന്‍.  എഴുതപ്പെടുന്ന ഇടങ്ങളെ, ഭാഷയിലെ അവസ്ഥകളെ , ചരിത്രത്തിലെ സന്ധികളെ ഒക്കെ ആധാരമാക്കി നടത്തുന്ന അക്കാദമിക് വര്‍ഗീകരണങ്ങള്‍ നിലവിലുണ്ട്. നോവല്‍, കവിത, കഥ തുടങ്ങിയ വര്‍ഗീകരണം കൂടാതെ മോഡേണ്‍, പോസ്റ്റ് മോഡേണ്‍, അള്‍ട്രോ മോഡേണ്‍അതിനും ശേഷമുള്ളത് എന്നീ വര്‍ഗീകരണ സ്വഭാവമാണ് കൈക്കൊള്ളുന്നതെങ്കില്‍ പുതിയ എഴുത്തുകളെ ആഫ്റ്റര്‍ ഗ്ലോബലൈസേഷന്‍ എന്ന് വിശേഷിപ്പിക്കാമെന്ന് ഞാന്‍ കരുതുന്നു. കാരണം ആഗോളവല്‍ക്കരണത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചാണ് പുതിയ എഴുത്തുകാര്‍ ാകുലപ്പെടുന്നത്. 

കുറച്ചു കൂടി വിശദമാക്കാമോ? ന്യൂജനറേഷന്‍ എഴുത്ത്, ദളിത് എഴുത്ത് , പെണ്ണെഴുത്ത് ?


മലയാള സാഹിത്യത്തില്‍ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ രൂപംകൊണ്ട ന്യൂ ജെനറേഷന്‍ എന്ന ലേബലിന്റെ സാധുതയില്‍ ചില സംശയങ്ങളുണ്ട്. എന്റെ പന്നിവേട്ടയും അതിനോടൊപ്പം  ഇറങ്ങിയ ചില നോവലുകളുമെല്ലാം  ഇത്തരത്തില്‍ ഒരു ലേബല്‍ പേറിയിരുന്നു. വാസ്തവത്തില്‍ പുതിയ തലമുറയുടെ എഴുത്ത് എന്നാണോ ഈ വര്‍ഗീകരണം കൊണ്ടുദ്ദേശിക്കുന്നത്? ആണെങ്കില്‍ എല്ലാക്കാലത്തേയും, എല്ലാ തലമുറകളുടേയും എഴുത്ത് ന്യൂ ജെനറേഷന്‍ ആയിരുന്നില്ലേ? അതല്ല,  പുതിയ തലമുറയെ പ്രതിനിധീകരിക്കുന്ന എഴുത്തെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇത്തരം  തരംതിരിവുകള്‍  കൃതികള്‍ക്കുമേല്‍ കൂടുതല്‍ വായനാ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് തോന്നുന്നു. സാഹിത്യനിരൂപണ  സിദ്ധാന്തങ്ങള്‍,  രീതിശാസ്ത്രങ്ങള്‍ , സമ്പ്രദായങ്ങള്‍ എന്നിവ വര്‍ഗീകരണ രീതിശാസ്ത്രത്തെ പിന്‍പറ്റുന്നവയായിരിക്കാം. പക്ഷേ തീര്‍ത്തും  വ്യക്തിപരമായി ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഇത്തരം  ലേബലിംഗുകളെ പരിഗണിക്കുന്നില്ല.

1 comment:

Manoraj said...

പ്രസക്തമായ ചോദ്യങ്ങള്‍. നിലവാരമുള്ള ഉത്തരങ്ങള്‍..

ദേവന്റെ ഡില്‍ഡോ ആണ് ആദ്യം വായിച്ചത്. അതിന്റെ വായനക്കിടയില്‍ തന്നെ ഒരു നല്ല ശൈലി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. പിന്നീട് പന്നിവേട്ട പുസ്തകരൂപത്തില്‍ ആയെങ്കിലും ഇത് വരെയും വായിക്കുവാന്‍ കഴിഞ്ഞില്ല. ശേഷമിറങ്ങിയ മരണസഹായി കഴിഞ്ഞ ദിവസം വായിച്ചു തീര്‍ത്തു. മരണസഹായി, ദാസ് ക്യാപ്പിറ്റല്‍ , തിബറ്റ് എന്നീ കഥകള്‍ വല്ലാതെ ഇഷ്ടപ്പെട്ടു. ആ സമാഹാരത്തിലെ മറ്റു മൂന്ന് കഥകളും നിലവാരമുണ്ടെങ്കില്‍ പോലും മേല്‍പ്പറഞ്ഞവയോട് ഒരല്പം ഇഷ്ടക്കൂടുതല്‍ തോന്നി.

FACEBOOK COMMENT BOX