Wednesday, November 23, 2011

ഏഴാംമുദ്ര തുറന്ന്

കാക്കനാടനെ അനുസ്മരിക്കുമ്പോള്‍    
                                                                                                                          
       അധ്യാപകനായും റെയില്‍വേ ഉദ്യോഗസ്ഥനായും ഗവേഷകനുമായും ജീവിച്ചു. എല്ലാം ചുരുക്കംകാലം. അതിലൊന്നിലും വലിയ താത്പര്യം തോന്നിയിരുന്നില്ല. ഏതിലെങ്കിലും താത്പര്യം തോന്നിയിരുന്നെങ്കില്‍ക്കൂടി അതു താത്കാലികം മാത്രമായിരുന്നു. എഴുത്തുകാരനാവണമെന്നതായിരുന്നു എന്നത്തേയും ആഗ്രഹം. മലയാളത്തിലെ ഒന്നാം നിരഎഴുത്തുകാരനായി. എഴുത്തിലുള്ള താത്പര്യം മാത്രം ഒരിക്കലും ഇല്ലാതായില്ല. ഇപ്പോള്‍ എഴുത്തിന്റെ ലോകത്തുനിന്നു മരണം കൂട്ടിക്കൊണ്ടു പോകുമ്പോള്‍ മലയാളത്തിന് നഷ്ടമാകുന്നതു കൈപ്പുണ്യമുള്ള എഴുത്തുകാരെന. ഇതായിരുന്നു കാക്കനാടന്‍.
       രചനകളില്‍ വൈകാരിക തീവ്രത കൊണ്ടു വന്യമായ ചൂടു പകര്‍ന്ന കാക്കനാടന്‍ പ്രശംസകളെയും ക്രൂരമായ വിമര്‍ശനങ്ങളെയും ഇഷ്ടപ്പെടുന്ന എഴുത്തുകാരനല്ല. കാക്കനാടന്റെ കഥയുടെ ഉള്ളുകള്ളികള്‍ തേടിയുള്ള സൂക്ഷ്മയാത്രകള്‍ നിരൂപകരുടെയും ആസ്വാദകരുടെയും ഭാഗത്തുനിന്ന് ഉ|ായില്ല എന്നതാണു സത്യം. അതു കാക്കനാടന്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. നിരൂപകരും വിമര്‍ശകരും തന്റെ കൃതികളെ എങ്ങനെ വിലയിരുത്തി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരമിങ്ങനെ""വളരെ അപൂര്‍വം നിരൂപകര്‍ക്കു മാത്രമേ കൃതികളുടെ അന്തഃസത്ത മാനസിലാക്കാന്‍ കഴിഞ്ഞിട്ടൂളളൂ. ബാക്കിയൊക്കെ എഴുതാന്‍ വേണ്ടി എഴുതപ്പെട്ടതാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ? പിന്നെ നിരൂപണം മോശമായിപ്പോയി അല്ലെങ്കില്‍ വിമര്‍ശനം രൂക്ഷമായിപ്പോയി എന്നു പറഞ്ഞ് ആരേയും കുറ്റം പറയാന്‍ ഞാന്‍ തയാറല്ല. അവരുടെ കഴിവില്ലായ്മ. അത്രേയുളളൂ. നിരവധിപ്പേര്‍ വിമര്‍ശിച്ചിട്ടുണ്ട്. എം. കൃഷ്ണന്‍ നായര്‍ എന്റെ 'സാക്ഷി' മോശം നോവലുകളിലൊന്നാണെന്ന് ഒരിക്കലെഴുതി. പിന്നീട് എന്റെ നോവലുകളെ പ്രശംസിച്ചും എഴുതി. രണ്ടെഴുത്തും എന്നില്‍, വലിയ പ്രതികരണം സൃഷ്ടിച്ചില്ല. എന്റെ കഥകള്‍ ഞാന്‍ ആഗ്രഹിച്ചതു പോലെ നിരൂപണം ചെയ്ത നിരൂപകര്‍ വിരളം. കെ.പി. അപ്പന്‍ അതില്‍ വ്യത്യസ്തനാവുന്നു. പിന്നെ, എന്റെ ഇളയ സഹോദരന്‍ രാജന്‍ കാക്കനാടന്റെ ചില വിലയിരുത്തലുകള്‍. നമുക്കു തോന്നുന്ന കാര്യങ്ങള്‍ എഴുതുക. മറ്റുള്ളവര്‍ അതു വായിക്കണം എന്നാഗ്രഹിച്ചിരുന്നതിനപ്പുറം മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കണം എന്നാഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിരൂപകരോ വിമര്‍ശകരോ എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.എന്റെ അജ്ഞതയുടെ താഴ്‌വരയെന്ന നോവലിനെ ഭ്രമതാത്മക നോവലെന്ന്' വിലയിരുത്തിയത് എന്നെ വളരെഅദ്ഭുതപ്പെടുത്തിയിരുന്നു''.                                                                                                                                                                                                                                                                                   
          എക്കാലവും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നയാളായിരുന്നു കാക്കനാടന്‍. ജോണ്‍ ഏബ്രഹാം, ഭരതന്‍, പ്രഫ. ആര്‍. നരേന്ദ്രപ്രസാദ് തുടങ്ങിയവരുമായുള്ള സൗഹൃദം കാക്കനാടന്‍ എന്ന എഴുത്തുകാരനെ മോള്‍ഡ് ചെയ്‌തെടുക്കുന്നതില്‍ വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. ജോണ്‍ ഏബ്രഹാം കാക്കനാടനു സ്വന്തം സഹോദരനെപ്പോലെയായിരുന്നു. ജോണി}െക്കുറിച്ചു പറയുമ്പോള്‍ കാക്കനാടനു നൂറു നാവായിരുന്നു. ""ജോണ്‍ എനിക്ക് എന്റെ അനുജനായിരുന്നു. അവന്റെ ചിന്തയും കാഴ്ചപ്പാടുകളും മനസിലായിരുന്ന അപൂര്‍വം ചില വ്യക്തികളില്‍ ഒരാളായിരുന്നു, ഞാന്‍. അതുകൊണ്ടുതന്നെ ജോണുമായി വലിയ വൈകാരിക ബന്ധവുമുണ്ടായിരുന്നു. ജോണിനു കിടക്കാന്‍ വേണ്ടിമാത്രമായി എന്റെ വീടി}ുമുന്നില്‍ ഞാനാരു കട്ടില്‍ ഇട്ടിരുന്നു. എത്ര വൈകിവന്നു കിടന്നാലും ജോണ്‍ പുലര്‍ച്ചെ എഴുന്നേല്ക്കുമായിരുന്നു. ഉണര്‍ന്നെഴുന്നേല്ക്കുന്നത് ഒരു പ്രാര്‍ഥനയോടെയായിരുന്നു. അതു കേട്ട് എന്റെ അമ്മ പറയുമായിരുന്നു. എന്തു }ല്ല പയ്യനായിരുന്നു ജോണെന്ന്.'ജോണ്‍ മരണത്തിലേക്കുള്ള തന്റെയാത്ര തുടങ്ങിയതും. എന്റെ വീട്ടില്‍നിന്നുമായിരുന്നു. എന്റെ ആരുടെയോ ഒരു നഗരം എന്ന നോവല്‍ സിനിമയാക്കണമെന്നു ജോണ്‍ ആഗ്രഹിച്ചിരുന്നു. അതിനെക്കുറിച്ച് ഒരിക്കല്‍ ജോണ്‍ പറഞ്ഞത്, എടാ അതിലഭിനയിക്കാന്‍ പറ്റിയ ഒരു നടെന ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ തന്നെ അഭി}യിക്കേണ്ടിവരുമെന്നാണു തോന്നുന്നത് എന്നാണ്''.
       കാക്കനാടന്റെ രചനയിറങ്ങിയ പറങ്കിമലയും പാര്‍വതിയും (അടിയറവ് എന്ന കഥയാണു പാര്‍വതി എന്ന പേരില്‍ സിനിമയായത്) സംവിധാനം ചെയ്തത് ഭരതനായിരുന്നു. ഭരതന്‍ എന്ന സംവിധായകനെ കൃത്യമായി വിലയിരുത്താന്‍ കാക്കനാടനായി. ഭരതനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ എഴുതി ""മലയാളത്തില്‍ ഇത്രയും വിഷ്വല്‍ സെന്‍സുള്ള സംവിധായകര്‍ അപൂര്‍വമാണ്. അത് എനിക്ക് നേരിട്ടു മനസിലായിട്ടു|്. ഭരതന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുമായിരുന്നില്ല എന്നതാണ്. തിരക്കഥ ഒരിക്കല്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ ഭരതന്‍ തയാറാകുമായിരുന്നില്ല. തന്റെ താത്പര്യത്തിലുള്ള സിനിമയിലേക്കു സഹപ്രവര്‍ത്തകരെ എത്തിക്കാനുള്ള ഭരതന്റെ കഴിവും അപാരമായിരുന്നു. ഭരതന്റെ കുറവായിട്ട് എനിക്കു തോന്നിയിട്ടുള്ളതു കാസ്റ്റിംഗിലെ പരാജയമായിരുന്നു. യഥാര്‍ഥത്തില്‍ പറങ്കിമലയുടെയൊക്കെ പരാജയത്തിനു പ്രധാനകാരണമായിട്ട് എനിക്ക് തോന്നിയിട്ടുള്ളതും ഇതാണ്. പറങ്കിമലയിലെ നായകന്‍ ബിനോയി ആ കഥാപാത്രത്തിന് ഒട്ടും ചേരുമായിരുന്നില്ല. നായിക സൂര്യ കൊള്ളാമായിരുന്നു. ബിനോയിയെ സെലക്ട് ചെയ്തതു ഭരതനായിരുന്നു. പാര്‍വതി' ഭരതന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്നാണ് എനിക്കു തോന്നുന്നത്. എന്റെ അടിയറവ്' എന്ന നോവലാണ് പാര്‍വതി എന്ന പേരില്‍ സിനിമയായത്. അതില്‍ എന്റെ കോണ്‍ട്രിബ്യൂഷനേക്കാള്‍ ഭരതന്റെ വിഷ്വല്‍ സെന്‍സാണ് മികച്ചു നില്‍ക്കുന്നത' പാര്‍വതി സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും നല്ല സിനിമ എന്നു പേരു നേടുകയുണ്ടായി.''
  കൈപ്പുണ്യമുള്ള ഈ കഥാകാരന്‍ എഴുത്തും സൗഹൃദങ്ങളും അവസാനിപ്പിച്ചു കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അവശേഷിക്കുന്നത് തിളയ്ക്കുന്ന വികാരങ്ങളുടെ എണ്ണയില്‍ മൊരിച്ചെടുത്ത കഥകളാണ്.

2 comments:

M N PRASANNA KUMAR said...

ഇല കൊഴിയുമ്പോള്‍
ഗ്രീഷ്മമേ നിന്നെ ഞാന്‍ പ്രണയിക്കില്ല യെങ്കിലു -
മുഷ്ണ വേനലില്‍ നിനക്കു ഞാനന്യ യാവാനാവതില്ല .
തളിര്‍ നാമ്പ് കൂമ്പാന്‍, ചില്ല തേടും കിളിക്കിറ്റു തണല്‍
വിളിച്ചേകിടാന്‍ നീയെനിക്കനിവാര്യ മെങ്കിലും ഞാന്‍.........

മുഴുപ്പെത്തി നിന്നോരു മൂപ്പിലയിന്നലെക്കൊഴിഞ്ഞൂ
എഴുത്തിന്‍ വഴിയിലെ കരിമ്പച്ച, വിരല്‍ ചൂണ്ടിയോന്‍
ഭാഷ തന്‍ മഹാമേരുവെന്‍ ചോട്ടിലായ് നിന്റെ നിശ്ചേതനം
ഞാന്‍ വസതം കൊതിക്കുന്നു , ഗ്രീഷ്മമേ പ്രണയിക്കനാവില്ല നിന്നെ

M N PRASANNA KUMAR said...

ഇല കൊഴിയുമ്പോള്‍
ഗ്രീഷ്മമേ നിന്നെ ഞാന്‍ പ്രണയിക്കില്ല യെങ്കിലു -
മുഷ്ണ വേനലില്‍ നിനക്കു ഞാനന്യ യാവാനാവതില്ല .
തളിര്‍ നാമ്പ് കൂമ്പാന്‍, ചില്ല തേടും കിളിക്കിറ്റു തണല്‍
വിളിച്ചേകിടാന്‍ നീയെനിക്കനിവാര്യ മെങ്കിലും ഞാന്‍.........

മുഴുപ്പെത്തി നിന്നോരു മൂപ്പിലയിന്നലെക്കൊഴിഞ്ഞൂ
എഴുത്തിന്‍ വഴിയിലെ കരിമ്പച്ച, വിരല്‍ ചൂണ്ടിയോന്‍
ഭാഷ തന്‍ മഹാമേരുവെന്‍ ചോട്ടിലായ് നിന്റെ നിശ്ചേതനം
ഞാന്‍ വസതം കൊതിക്കുന്നു , ഗ്രീഷ്മമേ പ്രണയിക്കനാവില്ല നിന്നെ

FACEBOOK COMMENT BOX