Sunday, March 23, 2014

ജൈവികത നിറയുന്ന കാവ്യാനുഭവങ്ങള്‍

എം.ആര്‍ വിഷ്ണുപ്രസാദ് / സന്ദീപ് സലിം

മലയാള കവിതയുടെ പുത്തന്‍ പ്രതീക്ഷയാണ് എം. ആര്‍ വിഷ്ണുപ്രസാദ്. പ്രതിഭ കൊണ്ട് വായനക്കാരെ തന്റെ കവിതകളിലേക്ക് ആകര്‍ഷിക്കാന്‍ അസാധാരണമായ വൈഭവം വിഷ്ണുവിനുണ്ട്. ഋതുക്കളും ശ്രീബുദ്ധനും, ആണിറച്ചി എന്നീ സമാഹാരങ്ങളിലൂടെ പ്രശസ്തനായ വിഷ്ണുപ്രസാദ് കവിതയെക്കുറിച്ചും തന്റെ കാവ്യ ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു.

കവിതയിലെ ബാല്യം


ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരിനടുത്ത് ബുധനൂര്‍ എന്ന സ്ഥലത്താണ് ജനനം. കരിമ്പ് തോട്ടങ്ങളും ഇഷ്ടികചൂളകളുമുള്ള നാടായിരുന്നു ഞങ്ങളുടെത്. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ കരിമ്പ് കൃഷി നിര്‍ത്തി. ഇപ്പോഴും ചിലടത്തൊക്കെ ചൂളകളുണ്ട്. ബസ് സ്‌റ്റോപ്പില്‍ നിന്ന് വീട്ടിലേക്കുള്ള വഴി ചെമ്മന്പാതയായിരുന്നു. കയ്യാലേടെ മണ്ടയ്ക്കിരുന്ന്! ചേട്ടന്മാര്‍ നടുറോഡില്‍ തലപ്പന്ത് കളിക്കുന്നത് കണ്ടിട്ടുണ്ട്. ഒരുദിവസം കല്ലും മരതോലുമൊക്കെ വെച്ച് കെട്ടിയ ഗമണ്ടന്‍ പന്ത് എന്‍റെ മോന്തയ്ക്ക് നേരെ പറന്നു വന്ന് ബോധം കെടുത്തി. പന്ത് കൊണ്ട മൊഴയില്‍ രണ്ടു ദിവസം ജീവിച്ചു. അതാണ് ഇപ്പോഴും ഓര്‍ത്തിരിക്കുന്ന കുട്ടിക്കാലത്തെ അലൌകിക അനുഭവം. പിന്നെ കാവ്യതുല്യമായ തോന്നലുകളിലേക്ക് എന്നെ വിളിച്ചു കൊണ്ട് പോയ മറ്റൊരനുഭവം കൂടിയുണ്ട്. അത് ഞങ്ങടെ വീടിനു മുന്നിലെ വഴി ടാറിട്ട ദിനങ്ങളാണ്. കറുത്ത മെട്ടിലുകള്‍, ഉന്തുവണ്ടി, ഉരുകുന്ന ടാര്‍, ആദ്യമായി കണ്ട റോഡ് റോളര്‍ എല്ലാം കവിതയിലേക്കുള്ള വഴിപണിയല്‍ ആയിരുന്നു. ഒരുപാട് അപകര്‍ഷതയുള്ള ഒരുത്തനായിരുന്നു ഞാന്‍. ആള്‍ക്കൂട്ടത്തെ വല്ലാതെ പേടിച്ചിരുന്ന സ്കൂള്‍ കാലത്ത് ക്ലാസ്സ്മുറി ഒരു തടവറയായിരുന്നു. പഠിത്തത്തില്‍ കേമനായിരുന്നില്ല. പത്താംക്ലാസ് തട്ടിയും മുട്ടിയും ജയിച്ചു എന്ന് പറയാം. പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് സമ്മാനം കിട്ടിയതിനെക്കാള്‍ അങ്ങോട്ടുള്ള യാത്ര ഓര്‍മ്മയില്‍ നില്‍ക്കുന്നു. കവിതയില്‍ കിട്ടിയ മാര്‍ക്ക് തന്നെയാണ് തുടര്‍ന്ന് എഴുതാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ നേടിയ ഒരു ഔപചാരിക വിദ്യാഭ്യാസവും ഉള്ളിലോട്ടു നോക്കുവാന്‍ എന്നെ പ്രേരിപ്പിച്ചില്ല. പേപ്പറില്‍ കുത്തിക്കുറിച്ച വാക്കുകളില്‍ കുത്തിയിരുന്ന് എനിക്ക് എന്നെ തന്നെ നോക്കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസത്തില്‍ നിന്ന് കിട്ടാത്ത സ്വസ്ഥത എനിക്ക് കവിതയെഴുത്തില്‍ നിന്ന് കിട്ടുന്നു.

കവിതയിലേക്കുള്ള വരവ്

എന്റെ അച്ഛന്‍ ഡോ. ബുധനൂര്‍ രഘുനാഥ് കവിയും നാടകകൃത്തുമാണ്. അങ്ങേര്‍ തന്നെയാണ് എന്നെ കവിതയെഴുത്തില്‍ സ്വാധീനിച്ച ആദ്യത്തെ ആള്‍. ആദ്യകാലങ്ങളില്‍ ഞാന്‍ എഴുതിക്കൊണ്ടിരുന്ന കവിതകള്‍ക്ക് വെല്ലുവിളിയായി നിന്നത് അച്ഛന്റെ കവിതകള്‍ ആയിരുന്നു. ഞാന്‍ ജനിക്കും മുന്നേ പുതുതും പരീക്ഷണാത്മകവുമായ കവിതകള്‍ അച്ഛന്‍ എഴുതിയിരുന്നു. എന്റെ കുട്ടിക്കാലത്ത് അച്ഛന് ഒരു നാടക സംഘം ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ കവിതയും നാടകവും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ആദ്യത്തെ കവിത

വീട്ടില്‍ പണ്ടുണ്ടായിരുന്ന ഒരു പര്യായപുസ്തകത്തിലെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വരികള്‍ ഉണ്ടാക്കുക പതിവായിരുന്നു. ആദ്യത്തെ കവിത ഓര്‍മ്മയില്ല.

എഴുതാതെ പോയ കവിത

നല്ലതും ചീത്തയും എഴുതാനിരിക്കുന്നതെയുള്ളൂ

കൊളെജുകാലം

ഡിഗ്രി കാലത്താണ് ലിംഗഭേദമെന്യേ സൗഹൃദങ്ങള്‍ ഉണ്ടാകുന്നത്. പുതുകവി ലതീഷ്‌മോഹന്‍ എന്റെ ക്ലാസ്‌മേറ്റായിരുന്നു. അന്ന് കവിത എഴുതാനോ വായിക്കാനോ അല്ലായിരുന്നു താല്‍പ്പര്യം. അടിക്കടി ഡിപ്പാര്‍ട്ട് മെന്റില്‍ ഉണ്ടാകാറുള്ള സെമിനാരുകള്‍ക്ക് രസന എന്ന മഞ്ഞ നിറത്തിലുള്ള വെള്ളം കലക്കി എല്ലാവര്ക്കും വിതരണം ചെയ്യുക പ്രധാന വിനോദമായിരുന്നു. 23 പെണ്‍കുട്ടികളും ഞങ്ങള്‍ മൂന്ന് ആണുങ്ങളും അടങ്ങുന്ന ബോട്ടണി ക്ലാസ് ഇതുവരെ ജീവിച്ചതില്‍ ഏറ്റവും വിചിത്രമായ സ്ഥലമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഡിഗ്രി കഴിഞ്ഞ് ലതീഷ് അവിടം വിട്ടു പോയി. ഞങ്ങള്‍ തമ്മില്‍ ബന്ധം ഇല്ലാതായി. അവന്‍ കമ്പ്യുട്ടരിനുള്ളില്‍ കവിതകള്‍ എഴുതി. 2007 വരെ കീബോര്‍ഡില്‍ കൈ വെക്കാതിരുന്ന ഞാന്‍ സൈബര്‍കവിതയുടെ ആദ്യകാലകുതിപ്പുകളെ കാണാതെ പോയി. കവിതയ്ക്കുവേണ്ടി ബ്ലോഗുകള്‍ ഇതുവരെ ഉണ്ടാക്കിയില്ല. എന്റെ എഴുത്ത് ശ്രമങ്ങള്‍ പെട്ടും പിഴച്ചും അച്ചടി മാസികകളിലാണ് പ്രസിദ്ധീകരിച്ചു വന്നത്.

പ്രണയം. കവിത.

എന്റെ ആദ്യ സമാഹാരത്തില്‍ പ്രണയ കവിതകള്‍ ഉണ്ടായിരുന്നു. അതെല്ലാം സാങ്കല്പ്പികമോ അല്ലാത്തതോ ആയ ഏതെങ്കിലും പെണ്‍കുട്ടികളെ വാഴ്ത്തി എഴുതിയതായിരുന്നു. എന്ത് നല്ല കണ്ണുകള്‍ എന്ത് നല്ല മൂക്ക്. പക്ഷെ ഒരു മൂക്കിന്റെയോ കണ്ണിന്റെയോ കൂടെ ജീവിക്കാന്‍ പറ്റില്ലല്ലോ. അവിടെയാണ് പ്രണയങ്ങള്‍ പൊളിഞ്ഞത്. മസ്സിലുപിടിക്കാത്ത സൗഹൃദങ്ങള്‍ ഉണ്ടായപ്പോള്‍ എനിക്ക് കവിതയിലും ജീവിതത്തിലും സ്വാതന്ത്ര്യം കിട്ടി. പുതിയ സമാഹാരത്തില്‍ ശരീരവും ലൈംഗികതയും ചര്‍ച്ചാവിഷയമാകുന്നുണ്ട്. സ്‌നേഹിക്കുന്നവര്‍ക്ക് കണ്ണില്‍ നോക്കിയിരിക്കാന്‍ നമ്മുടെ നാട്ടില്‍ സ്ഥലങ്ങള്‍ ഇല്ലല്ലോ. ആണും പെണ്ണും പരസ്പരം കണ്ണുകളില്‍ നോക്കിയിരിക്കുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കണം. പ്രേമകവിതകള്‍ എഴുതാനും വായിക്കാനും ഇപ്പോള്‍ ഇഷ്ടമില്ല. അത്തരം കവിതകള്‍ ഒരു കാര്യവുമില്ലാതെ അവയവങ്ങളെ വാഴ്ത്തി കൊണ്ടിരിക്കുന്നു. എനിക്ക് അവളെ കിട്ടിയില്ല, അവനെ കിട്ടിയില്ല, നീ പോയാലും നിന്റെ നിഴലിനെ ഞാന്‍ കുപ്പിയിലിട്ടു സൂക്ഷിക്കും എന്നൊക്കെ പിറുപിറുത്തുകൊണ്ടിരിക്കും. ഏറ്റവും നല്ല കണ്ണുകളെയല്ല അല്ല അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആളിനെയാണ് നമ്മള്‍ നേരിടേണ്ടത്.

പരിസ്ഥിതി ശാസ്ത്രമാണല്ലോ പഠനവിഷയം. കവിതയും ശാസ്ത്രവും എങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു.

പരിസ്ഥിതി ശാസ്ത്രത്തില്‍ ഞാന്‍ എത്തിപ്പെട്ടതാണ്. ഓരോ മനുഷ്യനും ഓരോ സ്കില്‍ ഉണ്ട്. കവിതയെഴുത്ത് ജൈവികത നിറഞ്ഞ ഒരു പ്രവൃത്തിയാണ്. അതെ സമയം തന്നെ അത് തികച്ചും ശാസ്ത്രീയമായ ഒരു ഭാഷാപ്രയോഗകലയുമാണ്. കവിതയെ പലവട്ടം ഉപേക്ഷിച്ചതാണ്. വീണ്ടും വീണ്ടും അതെങ്ങനെയോ തിരിച്ചു വരുന്നു. എഴുത്തില്‍ പാലിക്കേണ്ട ചിലതരം കൃത്യതകള്‍ പരിശീലിക്കാന്‍ ശാസ്ത്രപഠനം നന്നായി സഹായിച്ചിട്ടുണ്ട്. ആദര്‍ശങ്ങള്‍ കുത്തിനിറച്ച കവിതയിലൂടെ പ്രകൃതിയെ വര്‍ണിക്കാനും സംരക്ഷിക്കാനും ഒരു താല്‍പ്പര്യവുമില്ല. കേരളത്തിലെ പരിസ്ഥിതികവിതാനിര്‍മ്മാതാക്കള്‍ വെറും ആദര്‍ശശാലികള്‍ മാത്രമാണ്. ആദര്‍ശങ്ങള്‍ എഴുതാനും വായിക്കാനും എളുപ്പമാണ്. ജീവിതത്തില്‍ പകര്‍ത്താന്‍ വലിയ പാടാണ്.

എഴുത്തിലെ സ്വാധീനങ്ങള്‍

ഡി വിനയചന്ദ്രന്‍, അയ്യപ്പപണിക്കര്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകളാണ് തുടക്കത്തില്‍ ഇഷ്ടത്തോടെ വായിച്ചത്. ഇഷ്ടപ്പെട്ട കവികളെ അനുകരിച്ച് ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. ഒരു പക്ഷെ ഏറ്റവും തലയ്ക്കു പിടിച്ചത് ഡി വിനയചന്ദ്രനെയാണ്. പിന്നീട് കവികളെ അനുകരിക്കുന്ന പണി നിര്‍ത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളിയും റഹ്മാന്റെ സംഗീതവുമാണ് എന്റെ എഴുത്തുകാലത്തെ സര്‍ഗപ്രവൃത്തികള്‍ക്ക് ഊര്‍ജകേന്ദ്രമായി നിലനിന്ന വമ്പന്‍ശക്തികള്‍. കല്‍ക്കട്ടയിലുള്ള സിനിമാട്ടോഗ്രഫരും സംവിധായകനുമായ രതീഷ് രവീന്ദ്രനുമായുള്ള സൗഹൃദയാത്രകള്‍, അനിയന്‍ വിമല്‍ദേവുമൊത്തുള്ള നിത്യ ജീവിത ഇടപാടുകള്‍, ദില്ലിയിലുള്ള കാര്‍ട്ടൂണിസ്റ്റ് സജിത്ത് കുമാര്‍, സന്തോഷ്, ഷിഫ്‌ന, ഇന്ദുലക്ഷ്മി അങ്ങനെ ജീവിതവും കവിതയും മാറ്റിയെടുത്തവര്‍ ധാരാളമുണ്ട്.
നിങ്ങള്‍ക്ക് തൊട്ടുമുന്‍പുള്ള തലമുറയില്‍ നിന്ന് നിങ്ങളുടെ കവിത എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.

വിദ്യാസമ്പന്നരും വായനാ ശീലവുമുള്ള കേരളയുവത തൊഴിലിടങ്ങള്‍ തേടി ഗള്‍ഫിലേക്കും യുരോപ്പിലെക്കുമൊക്കെ ചേക്കേറിയ സമയത്താണ് എസ് ജോസഫും, പി രാമനും, പി പി രാമചന്ദ്രനും, മനോജ് കുറൂരും വി എം ഗിരിജയും, അനിതാ തമ്പിയുമൊക്കെ അടങ്ങുന്ന കവിക്കൂട്ടം എഴുത്തില്‍ സജീവമാകുന്നത്. ഇവരുടെ കാലത്ത് വിദേശത്ത് ചേക്കേറിയ സാഹിത്യപ്രേമികള്‍ ആദ്യം ചെയ്തത് സ്വകാര്യ വായനയ്ക്കും എഴുത്തിനുമുള്ള പുതിയ ഇടങ്ങള്‍ അന്വേഷിക്കുകയായിരുന്നു. രണ്ടായിരത്തിനു ശേഷമുള്ള കവിതയുടെ വിനിമയലോകത്തിനു അടിത്തറ പണിഞ്ഞവര്‍ അവരാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കവിതയ്ക്ക് പുതിയ വഴിയുണ്ടാക്കി. ജോലിയുടെ ഭാഗമായി കംപ്യുട്ടര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന അവര്‍ എങ്ങനെ മലയാളത്തെ അച്ചടിതാളുകളില്‍ നിന്നും പുറത്തു കൊണ്ടുവരാം എന്നാലോചിച്ചു.  1996 ല്‍ ടോണി തോമസ് എന്ന മനുഷ്യന്‍  മലയാള അക്ഷരങ്ങളുടെ ഒരു ഭൂപടം നിര്‍മ്മിച്ച് കംപ്യുട്ടരിന്റെ തലയില്‍ നിക്ഷേപിക്കുകയും ആദ്യമായി നമ്മുടെ ലിപികള്‍ മോണിട്ടര്‍ ഭിത്തിയില്‍ തെളിയിക്കാനുള്ള വഴിയൊരുക്കുകയും ചെയ്തു. തുടര്‍ന്ന് ആംഗലം എഴുതുവാനുള്ള വിരലോട്ടങ്ങളെ അതെപടി കീബോര്‍ഡില്‍ നിലനിര്‍ത്തിക്കൊണ്ട് ലിപികളെ രൂപാന്തരം ചെയ്യിക്കുന്ന വിദ്യ ബിനു ആനന്ദും ബിനു തോമസും കൊണ്ട റെഡ്ഡിയും സോജി ജോസഫും ആവിഷ്ക്കരിച്ചു. 2002ല്‍ യുണികോഡിന്‍റെ സഹായത്തോടെ സിബു സി ജെ ആവിഷ്ക്കരിച്ച "വരമൊഴി എഡിറ്റര്‍" ബൂലോക മലയാളത്തിന് പുതിയ ചിറകും ആകാശവും നല്‍കി. ഇന്ന് കീബോര്‍ഡിലൂടെ മലയാളം എഴുതുന്ന ഏതൊരാളുടെയും വിരലോട്ടങ്ങള്‍ക്ക് പിന്നില്‍ ഇവരുടെ പ്രയത്‌നങ്ങള്‍ ഒളിച്ചിരുപ്പുണ്ട്. പിന്നീട് ബ്ലോഗുകള്‍ വന്നു. ഓര്‍ക്യൂട്ടും ഫേസ് ബുക്കും വന്നു. എഴുതാന്‍ സ്ഥലമില്ലാതെ നടന്ന കവികള്‍ സൈബറിടത്തെ നന്നായി ഉപയോഗിച്ചു. നേരത്തെ ശ്രദ്ധിക്കാതെ പോയ ആശാലത, ശ്രീകുമാര്‍ കരിയാട്, എ സി ശ്രീഹരി, എസ് കണ്ണന്‍ തുടങ്ങി ധാരാളം പേരെ വീണ്ടും കാണാനുള്ള അവസരം എനിക്ക്കിട്ടിയത് ഫസിബുക്കില്‍ വന്നപ്പോഴാണ്. ഇതായിരുന്നു തൊട്ടു മുന്‍പുള്ള തലമുറയില്‍ നിന്ന് സൈബര്‍ ഇടത്തില്‍ കവിത എഴുതുന്നവരിലേക്കുള്ള വഴി. ഇവിടെ ഒരുപാട് വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. എഴുത്തില്‍ കൈവരിച്ച സ്വാതന്ത്ര്യവും വേഗതയുമാണ് പ്രധാന വ്യത്യാസം. കാവ്യ ഭാഷയെ ലളിതമാക്കുന്ന രീതി ജോസഫിനെ പോലെയുള്ള കവികള്‍ കൊണ്ടുവന്നെങ്കിലും അതിന്റെ സര്‍വ സ്വതന്ത്രമായ സാധ്യതകള്‍ പരീക്ഷിച്ചത് ഏറ്റവും പുതിയ കവികള്‍ ആണ്. ദളിത് രാഷ്ട്രീയമോ നാടന്‍വിശേഷങ്ങളോ ആവിഷ്ക്കരിക്കാന്‍ മാത്രമായി മുന്‍തലമുറ നാട്ടുഭാഷയെ കൂട്ട് പിടിച്ചപ്പോള്‍ പുതിയ കവികള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള സംസാരഭാഷയെ കവിതയിലേക്ക് കൊണ്ട് വന്നു. സൈബര്‍ ഇടതിന് പുറത്തും ധാരാളം പുതുകവികള്‍ ജീവിക്കുന്നുണ്ട്. തിരുവനന്തപുരത്തുള്ള ജി. സിദ്ധാര്‍ത്ഥനും വിഴിഞ്ഞം കടല്പ്പുറത്ത് താമസിക്കുന്ന ഡി.അനില്‍കുമാറുമൊക്കെ നല്ല കവിതകള്‍ എഴുതുന്നവരാണ്.

നിങ്ങള്‍ ഒരു സൈബര്‍ കവിയാണോ?

രണ്ടു മൂന്നു വര്‍ഷം മുന്‍പ് വരെ റിസേര്‍ച്ചര്‍, പ്രോജക്റ്റ് ഓഫീസര്‍ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ എന്നോട് നിങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ കവിത എഴുതുന്ന ഒരാള്‍ എന്ന് പരിചയപ്പെടുത്താനാണ് എനിക്കിഷ്ടം. സൈബര്‍ എന്ന ശബ്ദം കവിതയില്‍ മാത്രമല്ല ജീവിതത്തിലാകെ പടര്‍ന്നുകയറിയ ഒരു കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. സൈബര്‍ കവിതയുടെ തുടക്കത്തില്‍ ഞാന്‍ അതിന്റെ ഭാഗമായിരുന്നില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ തുടങ്ങിയതോടെയാണ് എന്റെ കവിതകള്‍ കൂടുതല്‍ പേര്‍ വായിച്ചു തുടങ്ങിയത്. ഫേസ് ബുക്കില്‍ കവിതകള്‍ എഴുതി കൊണ്ടിരുന്നപ്പോഴും ഇടയ്ക്കിടെ ആനുകാലികങ്ങളില്‍ കവിതകള്‍ വരുമായിരുന്നു. എന്തായാലും ഏറ്റവും പുതിയ കവിത സംഭവിച്ചു കൊണ്ടിരിക്കുന്നത് മുഖ്യധാരാ അച്ചടി മാധ്യമങ്ങളിലല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇക്കാര്യം ഇവിടുത്തെ പത്രാധിപന്മാര്‍ക്കും അറിയാവുന്നതാണ്. കവിതയെഴുത്തിന്റെ സൈബര്‍ മേഖല ഒരു റിപ്പബ്ലിക് ആണ്. അവിടെ ഒരു പൂര്‍വ്വകവിയും നിങ്ങളെ ഭരിക്കാന്‍ വരില്ല.

മനസിലുള്ള കവിത

മനസ്സില്‍ ഒരുപാട് കവിതകള്‍ ഉണ്ട്. പക്ഷെ എല്ലാം എഴുതാന്‍ കഴിയില്ല. വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഇമേജുകള്‍ നിരത്തിയാല്‍ കവിതയാവില്ല എന്നാണ് എന്റെ വിശ്വാസം. ഇമേജിനും വാക്കിനുമപ്പുറം പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത എന്തോ ഒന്നുണ്ട്. അതാണ് കവിതയായി നിലനില്‍ക്കുന്നത്. വേണമെങ്കില്‍ മരം മുറിക്കുന്നതിനെക്കുറിച്ചോ, ആം ആദ്മിയെക്കുറിച്ചോ, ടി പി ചന്ദ്രശേഖരനെക്കുറിച്ചോ ഒക്കെ എഴുതാം. കവിത എഴുതാന്‍ വല്ലാതെ ബുദ്ധിമുട്ടും.

പുതിയ കവിതാസമാഹാരത്തെ കുറിച്ച്?

ആദ്യസമാഹാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു എന്നതാണ് ആശ്വാസം. പുതിയ ഭാഷയെക്കാളും ശൈലിയെക്കാളുമുപരി ശരീരത്തിന്റെ രാഷ്ട്രീയത്തെ ചര്‍ച്ച ചെയ്യുന്ന കവിതകളാണ് ആണിറച്ചി എന്ന പുതിയ സമാഹാരത്തിലുള്ളത്. ഹൃദയത്തെ കൂട്ടുപിടിച്ചാണ് എല്ലാ ആദര്‍ശസ്‌നേഹവും വാഴ്ത്തപ്പെടുന്നത്. ലൈംഗികാവയവങ്ങള്‍ കടന്നു വരുമ്പോള്‍ സ്‌നേഹം എങ്ങനെ തരംതാഴ്ത്തപ്പെടുന്നുവെന്നറിയാനുള്ള ആഗ്രഹം ഇക്കവിതകളിലുണ്ട്. സമരങ്ങളും പ്രത്യയശാസ്ത്രങ്ങളും മതപ്രവര്‍ത്തനങ്ങളുമോക്കെ വെറും ആദര്‍ശമായി നിലനില്‍ക്കെ എങ്ങനെ ഒരു മനുഷ്യന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിയുമെന്നുള്ള അന്വേഷണം എന്റെ എഴുത്തിന്റെ ഭാഗമാണ്.


വ്യക്തിപരം

ജന്മദേശം: ബുധനൂര്‍
അച്ഛന്‍: എം എന്‍ രഘുനാഥ്
അമ്മ: സോമിനി
സഹോദരന്‍: വിമല്‍ ദേവ്
മേല്‍വിലാസം:  മുല്ലക്കീഴില്‍, ബുധനൂര്‍ പി ഓ, ചെങ്ങന്നൂര്‍ 689510
ഫോണ്‍: 9946053844

3 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ അഭിമുഖവും അതിലെ ഉള്ളടക്കവും പുതുമയും കൌതുകകരവും ആയി..ആശംസകള്‍

പാവപ്പെട്ടവൻ said...

അഭിമുഖം കൊള്ളാം വായിച്ച് കുറെകാലമായി ഇതുവഴിവന്നിട്ട് സുഖമല്ലേ

ente lokam said...

Thanks for sharing this..

FACEBOOK COMMENT BOX