Sunday, May 3, 2015

സര്‍ഗാത്മകതയുടെ ലാസ്യനടനം

ഋതുപ്പെണ്ണ് മാറിനടക്കുന്ന വരാന്തയിലൂടെ
ഒരൊഴിഞ്ഞ വഴിയുണ്ട്
പോകാന്‍, വരാന്‍, തൊടാതെ മിണ്ടാന്‍
                                  -സംപ്രീത (ഒഴിവ്)

ലോകത്തെയും സമൂഹത്തെയും ജീവിതത്തെയും സ്ത്രീ കേന്ദ്രീകൃതമായ കണ്ണിലൂടെ കാണുന്ന കവിതകളിലൂടെ മലയാള കവിതയില്‍ സംപ്രീതയെന്ന കവയിത്രി സ്വന്തമായൊരിടം സ്വന്തമാക്കുന്നു. ടെക്‌നോളജിയുടെ പുതിയ സാധ്യതകളുടെ നോക്കിയിരുപ്പുകാരായ പുതുതലമുറയ്ക്ക് നഷ്ടമാവുന്ന ബാല്യത്തെ കുറിച്ചും പെണ്ണുടലിന്റെ സാധ്യതകള്‍ തേടുന്ന കച്ചവട താത്പര്യങ്ങളാല്‍ തകര്‍ന്നു പോകുന്ന പെണ്‍സ്വപ്‌നങ്ങളെ കുറിച്ചും സംപ്രീതയുടെ കവിതകള്‍ ആശങ്കപ്പെടുന്നു.
ഓരോ നല്ല മനുഷ്യരിലും നിന്ന്
ഞാന്‍ നിന്നെ വാറ്റിയെടുക്കുന്നു
സങ്കട മുന്തിരികളുടെ ആകെ സത്താര്‍ന്ന നിന്നെ (സത്ത)

ഈ വരികളിലൂടെ സ്‌നേഹത്തിന്റെയും നന്മയുടെയും സാധ്യതകളിലേക്കും സംപ്രീത വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. എഴുത്തിനൊപ്പം
ഒരു നല്ല നര്‍ത്തകിയും കൂടിയാണ് സംപ്രീത. നീറ്റെഴുത്ത് , ഇലയിടം എന്നീ കവിതാസമാഹാരങ്ങളിലൂടെ പ്രശസ്തയായ സംപ്രീത തന്റെ എഴുത്തിനെ കുറിച്ചും നൃത്ത ജീവിതത്തെ കുറിച്ചും സന്ദീപ് സലിമിനോടു സംസാരിക്കുന്നു.



കവിതയിലെ ബാല്യം

സ്കൂള്‍കാലത്താണ് ആദ്യമായി കവിത എഴുതുന്നത്. പദ്യംചൊല്ലലുകള്‍ പതിവുണ്ടായിരുന്നല്ലോ നമുക്കൊക്കെ. അതില്‍നിന്നും കവിതയോട് ഇഷ്ടം വന്നു. എഴുതണം എന്ന് തോന്നി. ആദ്യകവിത പ്രസിദ്ധീകരിച്ചത് ഏഴാംതരത്തില്‍ പഠിക്കുമ്പോള്‍. അതു യൂറീക്കയുടെ വിജ്ഞാനതലമത്സരത്തിന്റെ  ലക്കത്തില്‍ വന്നു. 'അമ്പലപ്രാവുകള്‍'എന്നൊരു പേര്. പിന്നീട് രണ്ടുവര്‍ഷത്തിനു ശേഷം ഒരു കവിത ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് എഴുതിയത് വര്‍ഷങ്ങള്‍ക്കുശേഷം ഡിഗ്രി അവസാനവര്‍ഷത്തിലാണ്.

എഴുത്തും നൃത്തവും ഒരു നാണയത്തിന്റെ ഇരുപുറം

നൃത്തം ചെറുപ്പത്തില്‍തന്നെ പഠിച്ചിരുന്നു. സ്കൂള്‍ കലോത്സവങ്ങളിലെ മത്സരങ്ങളായി ആരംഭിച്ചതാണ്. ഇടക്കിടയ്ക്ക് നിര്‍ത്തിവയ്ക്കുകയും വീണ്ടും തുടരുകയും ചെയ്തുകൊണ്ടേയിരുന്നു. വിടവുകള്‍ വന്ന കാലങ്ങളിലെല്ലാം മനസ്സില്‍ നൃത്തം ചെയ്യണം എന്ന തോന്നല്‍ ഉണ്ടായിരുന്നു. പിന്നീട് ഏതെങ്കിലും ഒരിനത്തില്‍ ശ്രദ്ധിക്കണം എന്നു കരുതിയപ്പോള്‍ മോഹിനിയാട്ടം തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം വയസില്‍ നൃത്തപഠനം ആരംഭിച്ചു. കലാമണ്ഡലം ഷീലയായിരുന്നു നൃത്തച്ചുവടുകള്‍ പറഞ്ഞു തന്ന ആദ്യഗുരു. പിന്നീട്, ശ്രീലത കൊങ്ങാടിന്റെയും അശോകന്‍ മാസ്റ്ററിന്റെയും കീഴിലും നൃത്ത പഠനം തുടര്‍ന്നു. പിന്നീട്, കോളജ് പഠന കാലത്താണ് മോഹിനിയാട്ടത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗോപിക വര്‍മയുടെ കീഴിലാണ് തുടര്‍ന്നു പഠിച്ചത്. ഇന്ത്യയില്‍ ഇരുനൂറോളം വേദികളില്‍ നൃത്തം അവതരിപ്പിച്ചു കഴിഞ്ഞു. സാഹിത്യ ജീവിതം നൃത്തജീവിതത്തെ സഹായിക്കുന്നു. തിരിച്ച് കവിതയില്‍ നൃത്തഭാവങ്ങളുടെ സ്വാധീനവുമുണ്ട്.
    കവിതയേക്കാള്‍ മുന്‍പേ നൃത്തം തുടങ്ങിയിരുന്നു എങ്കിലും നൃത്തത്തിന്റെ മാനസികാനുഭവങ്ങളും, ജീവിതം ഒട്ടും അറിയാത്ത പ്രായത്തിന്റെ വേദനകളും, എന്നുമാത്രമല്ല, ഓരോ ജീവിതനിമിഷങ്ങളും പറയാതെ പറയാന്‍ എനിക്കന്നു ലഭിച്ച മാധ്യമം എഴുത്താണെന്നു നിസ്സംശയം പറയാം. ഹൈസ്കൂള്‍വിദ്യാഭ്യാസകാലം മുതല്‍ കവിതകള്‍ എഴുതുന്നു. ഇപ്പോള്‍ നൃത്തവും കവിതയും സമന്വയിക്കുന്ന അപരിചിതലോകങ്ങള്‍ പലപ്പോഴും അത്ഭുതത്തോടെയും ആകാംക്ഷയോടെയും കാണുന്നു. അതില്‍ ലഹരി കണ്ടെത്തുകയും ചെയ്യുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട കവിത

അങ്ങനെ ഒന്നില്ല. ചിലപ്പോള്‍ ഇഷ്ടം തോന്നുന്ന കവിതകള്‍ മറ്റുചിലപ്പോള്‍ അപൂര്‍ണ്ണമാണ് എന്ന് തോന്നാറുണ്ട്. മറ്റൊരു രീതിയില്‍ എഴുതാമായിരുന്നു എന്നും. തിരുത്തലുകള്‍ തോന്നുന്ന കാലത്തോളം ഏറ്റവും ഇഷ്ടപ്പെട്ട ഒന്നിനെ മാറ്റിവയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

എഴുതാതെ പോയ കവിത

അങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ ഈ ചോദ്യം കേള്‍ക്കുമ്പോഴാണ്. എഴുതാനിടയുള്ള കവിതകള്‍ ഒക്കെ എഴുതാതെ പോയ കവിതകള്‍ ആയിരിക്കട്ടെ. ചില നന്മകളെയും ധൈര്യങ്ങളെയും പകര്‍ത്തുന്ന, ഭാഷയുടെ ചതിക്കുഴികള്‍ ഇല്ലാത്ത തെളിഞ്ഞ ഒരു കവിത വേണം. അത് എഴുതാതെ പോയ, എഴുതാന്‍ കഴിയുന്ന കവിതയുടെ സ്വഭാവം ഏതാണ്ട് ഉള്‍ക്കൊള്ളുന്നതാണ്.

വിഷയം തിരഞ്ഞെടുക്കുന്നത്

എഴുത്ത് പലര്‍ക്കും പല രീതിയിലാണ് സംഭവിക്കുക എന്നാണ് തോന്നുന്നത്. കവിത എഴുതിത്തുടങ്ങുംമുന്‍പ് ഒരു നേര്‍ത്ത പാട മൂടിയ കാഴ്ച പോലെയാണ് എനിക്ക്  ഓരോ വിഷയവും. വാക്കുകളിലേക്ക് അവ മനസുകൊണ്ട് കോര്‍ക്കുമ്പോള്‍ പലപ്പോഴും നിയന്ത്രണം ഉണ്ടാവില്ല. സ്വാഭാവികമായി എഴുതപ്പെടുന്ന ആ കവിതയുടെ വിഷയം സ്വകാര്യമോ അങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്ന സാമൂഹികമോ, പെണ്‍പക്ഷമോ, ദളിത് പക്ഷമോ ആയ കവിതയായി തിരിച്ചറിയുന്നത് പിന്നീടുള്ള വായനയില്‍ ആണ്. ചിലപ്പോള്‍ തിരുത്തേണ്ടുന്ന സംഗതികള്‍ അതിലുണ്ടാവാം. ഭാഷ അപൂര്‍ണം മാത്രമല്ല. ചതിക്കുഴികള്‍ പേറുന്നത് കൂടിയാണ്. ശീലങ്ങളുടെ, ജ്ഞാനപശ്ചാത്തലങ്ങളുടെ ഒക്കെ അര്‍ത്ഥരാഹിത്യം ചിലപ്പോള്‍ ഇടകലര്‍ന്നുവരാം.

കവിതയിലേക്കെത്തുന്നത്

ഭേദം എന്ന് മനസ്സില്‍ തോന്നുന്ന കവിതയിലേക്ക് എത്തുന്നത് ഒട്ടും മനസിന്റെ  പ്ലാനില്ലാതെ എഴുതുന്ന ചില കവിതകളില്‍ ആണ് എന്ന് പിന്നീട് അത്തരം കവിതകള്‍ വായിക്കുമ്പോള്‍ തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ കവിത എഴുതിക്കളയാം എന്നുകരുതി ശ്രമിക്കാറുമുണ്ട്. ആ ശ്രമങ്ങളില്‍ സംതൃപ്തി കിട്ടാത്തതുകൊണ്ടുതന്നെ ഓണം, ക്രിസ്തുമസ്,വിഷു, എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ക്കുവേണ്ടി ചിലവേള എഴുതേണ്ടിവന്ന കവിതകളില്‍ കൂടുതലും പിന്നീടുള്ള വായനയില്‍ എനിക്ക് വെറുപ്പുണ്ടാക്കുന്നു.

കവിതയിലെ സ്ഥാനം

എഴുതുന്നു. ചിലത് പ്രസിദ്ധീകരിക്കപ്പെടുന്നു. ചിലത് വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു. ചില അംഗീകാരങ്ങള്‍ അപ്രതീക്ഷിതമായ മാനസികമരണങ്ങളില്‍ നിന്ന് നമ്മളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നുണ്ട് എന്ന് തിരിച്ചറിയുന്നു. അത്രമാത്രം. കവിതയില്‍ ഒരു കസേരയോ കസേരയില്ലായ്മയോ ഉണ്ട് എന്ന ചിന്ത മനസിനെ ബാധിക്കാതിരിക്കട്ടെ.

കനകശ്രീ പുരസ്കാര നേട്ടം

കനകശ്രീ എനിക്ക് കിട്ടുന്ന അഞ്ചാമത്തെ പുരസ്കാരമാണ്. എം.എ.യ്ക്ക് 'പഠിക്കുന്ന കാലത്ത് ലൈബ്രറിയില്‍ നിന്നാണ് കനകശ്രീ കവിതകള്‍ വായിച്ചത്. ജീവിച്ചിരുന്നെങ്കില്‍ ഒരുപാട് നല്ല പുസ്തകങ്ങള്‍ അവര്‍ രചിക്കുമായിരുന്നു. ആ കവിതാസമാഹാരം തന്നെ വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. കനകശ്രീയുടെ പേരിലുള്ള ഈ പുരസ്കാരം ഒരുപാട് വര്‍ഷത്തിനു ശേഷം എന്നെ കവിതയിലേക്ക് മടക്കിയെത്തിച്ചു എന്ന് പറയാം. എഴുതിയാണ് ഈ പുരസ്കാരത്തിന്റെ യഥാര്‍ത്ഥഅര്‍ത്ഥം ഞാന്‍ കണ്ടെത്തേണ്ടത് എന്നും മനസിലാക്കുന്നു. ചില മരണങ്ങള്‍ വേണ്ടെന്നു കാലം നമ്മളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അതു കേള്‍ക്കുന്നു എന്നതാണ് ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത്. എഴുത്തിലേക്ക് വീണ്ടും നടക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുന്നു. അത്രമാത്രം.

വ്യക്തിപരം

പാലക്കാട് ജില്ലയിലാണ് ജനനം. എന്‍. കേശവന്റെയും ഡി. ദ്രൗപതിയുടെയും മകളാണ്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ഗവേഷണം പൂര്‍ത്തിയാക്കി. ഭര്‍ത്താവ് ഡോ. ഇ. എം. പ്രസന്നകുമാര്‍ ചെന്നൈയില്‍ ഫിലോസഫി അധ്യാപകനാണ്. സംഗീത, സരിത എന്നിവര്‍ സഹോദരിമാരാണ്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മൈല്‍പീലി കലാ-സാഹിത്യ-സാസംസ്കാരിക അവാര്‍ഡ്, പച്ചമഷി അവാര്‍ഡ്, അങ്കണം ടിവി കൊച്ചുബാവ മെമ്മോറിയല്‍ പോയട്രി അവാര്‍ഡ്, ഡോ. കെ. ദാമോദരന്‍ മെമ്മോറിയല്‍ പോയട്രി അവാര്‍ഡ് എന്നി നേടിയിട്ടുണ്ട.

4 comments:

ajith said...

പരിചയപ്പെടുത്തല്‍ നന്നായി

SHANAVAS said...

അതെ, തീർച്ചയായും . പരിചയപ്പെടുത്തൽ നന്നായി-- .ഭാ വുകങ്ങ ൾ....

Geetha said...

അക്ഷരജ്വാല മാസിക കണ്ടുവന്നപ്പോൾ താങ്കളുടെ ബ്ലോഗിൽ കയറാൻ കഴിഞ്ഞു. നല്ല ഒരു കലാകാരിയെപ്പറ്റി അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു.

Dr K Sampreetha said...

Thank u all..

FACEBOOK COMMENT BOX