Saturday, June 27, 2015

കവിതയോളം വരും ജീവിതം

ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുന്നു എന്ന കവിതാ സമാഹാരത്തിലൂടെ മലയാള കവിതയില്‍ തന്റെ ഇടം അടയാളപ്പെടുത്തുകയും സൈകതം ബുക്‌സിലൂടെ പ്രസാധകനായും തിളങ്ങുന്ന നാസര്‍ കൂടാളി തന്റെ എഴുത്തു ജീവിതം സന്ദീപ് സലിമുമായി പങ്കുവയ്ക്കുന്നു.

അക്ഷരങ്ങളെ സ്‌നേഹിച്ച ബാല്യം

അത്ര മധുരമെന്നും ആയിരുന്നില്ല ആ കാലഘട്ടം. മനസ് നിറയെ പുസ്തകങ്ങളും കവിതയും പിന്നെ വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കൂട്ടുകാരും. ജീവിച്ചു പോകാന്‍ അത്രയൊക്കെ മതിയെന്ന്! അന്നത്തെക്കാളേറെ ഇന്നും ധൈര്യം തരുന്നതും അതൊക്കെ തന്നെയാണ്. "നീ എത്ര കണ്ടു ജീവിതം" എന്നു ചോദിച്ചാല്‍ ഞാന്‍ എഴുതിയ കവിതയോളം വരും എന്റെ ജീവിതം എന്ന് എനിക്കുറക്കെ പറയാന്‍ കഴിയും. കാരണം ഞാന്‍ അത്രയെന്നും എഴുതിയിരുന്നില്ല.

കവിതയിലെ ബാല്യം

കവിത ആയിരുന്നില്ല എഴുതിത്തുടങ്ങിയത്. കവിതയിലേക്ക് എത്തിപ്പെട്ടതായിരിക്കണം. ചില വ്യക്തികള്‍, എഴുത്തുകാര്‍ അങ്ങിനെ പലരും കവിതയിലേക്ക് വഴിതെളിച്ചു. അതില്‍  ഏറ്റവുമധികം കടപ്പാട് കവി ഒ. എം. രാമകൃഷ്ണനോടാണ്. മാതൃഭൂമി ബാലപംക്തിയിലും ദേശാഭിമാനി കുട്ടികളുടെ ലോകത്തിലും പ്രീഡിഗ്രിക്കാലത്ത് മത്സരിച്ചെഴുതുന്ന സമയം. കുറെയേറെ കഥകള്‍ അവിടങ്ങളില്‍ വെളിച്ചം കണ്ടു. എഴുത്തിനു ധൈര്യം തരാന്‍  കുറെ നല്ല എഡിറ്റര്‍മാരുമുണ്ടായപ്പോള്‍ എഴുതാനാവുമെന്ന തോന്നലുണ്ടായി. പിന്നെ പതുക്കെ കുട്ടികളുടെ പംക്തിയില്‍ നിന്നും പുറത്തേക്ക് ചാടിപ്പോകാന്‍ കവിത തെരഞ്ഞെടുത്തതായിരിക്കണം. എനിക്ക് കവിത വഴങ്ങും  എന്ന് കൂടെ മനസിലാവുകയും ചെയ്തു. അന്നെഴുതിയ കഥകള്‍ എടുത്ത് വെച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു സമാഹാരം കൂടെ ഇറക്കിയേനെ. കവിതയെഴുത്ത് വലിയ സംഭാവമെന്നുമല്ല എന്ന് കരുതുന്ന നാട്ടിലും വീട്ടിലുമാണ്  എന്റെ ജനനം. ഇപ്പോഴും അതൊക്കെ അങ്ങനെതന്നെയാണെന്നാണ് എന്റെ വിശ്വാസവും. കവി പി. കുഞ്ഞിരാമന്‍ നായര്‍ കുറേക്കാലം എന്റെ വീടിനടുത്താണത്രേ താമസിച്ചിരുന്നത്. മുതിര്‍ന്നപ്പോഴായിരുന്നു അതൊക്കെ മനസിലാക്കിയത്. ഇടക്കൊക്കെ വീടിന്റെ ഇടവഴിയിലൂടെ പോകുന്ന ആ വലിയ എഴുത്തുകാരനെ ഒര്‍ത്തുപോകാറുണ്ട് മനസുകൊണ്ടെങ്കിലും.

കവിതയിലേക്കെത്തുന്നത്

തനി യാതാസ്ഥിതിക കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. വീടിനു തൊട്ടപ്പുറത്തെ വായനശാലയില്‍ പോകാന്‍ പോലും വിലക്കായിരുന്നു. സ്കൂളിനും  വീടിനുമപ്പുറം ഒരു ലോകമുണ്ടായിരുന്നില്ല. സ്കൂള്‍ കാലത്ത് തന്നെ എഴുതി തുടങ്ങിയിരുന്നു. ആരും കാണാതെ എഴുതി വെക്കുന്ന ശീലം. സ്കൂളില്‍ പഠിക്കുന്ന കാലത്തു രചനാ മത്സരങ്ങളിലൊക്കെ അധ്യാപകരുടെ മക്കള്‍ മാത്രമേ മത്സരിച്ചിരുന്നുള്ളൂ. പ്രീ ഡിഗ്രി കാലത്ത് കുറച്ചൊക്കെ ധൈര്യം കിട്ടിയത് അന്നത്തെ കൂട്ടുകാര്‍ വഴിയായിരുന്നു. നാട്ടിലെക്കാളേറെ കൂട്ടുകാര്‍ പുറത്ത് നിന്നായി. ഇഷ്ടം പോലെ വായിക്കാന്‍ തുടങ്ങി. നല്ല കുറെ പുസ്തകങ്ങളുള്ള നാട്ടിലുള്ള വായനശാല എന്റെ എഴുത്തിനെ സ്വാധീനിച്ചിരിക്കണം.

ആദ്യത്തെ കവിത

ആദ്യത്തെ കവിതയൊന്നും മനസിലില്ല.
"സ്വപ്നങ്ങള്‍ നിരോധിച്ച രാത്രിയില്‍
ഓര്‍മകളുടെ ശിരസറുത്ത്
മൗനം പടിയടച്ച് കടന്നു പോയ്
ഇനി യാത്ര നക്ഷത്രങ്ങളുടെ കാവലില്‍
ഇരുട്ടിന്റെ മാറ് പിളര്‍ക്കാന്‍
കണ്ണുകളിലെ ചാന്ദ്രവെളിച്ചം"
എന്നു മാത്രം ഓര്‍മയുണ്ട്. ഞാനൊരു കുഴിമടിയനും പ്രവാസത്തിന്റെ മടുപ്പും കാരണം ആനുകാലികങ്ങളില്‍ വന്ന കവിതകളുടെ കോപ്പികള്‍ പോലും കയ്യിലില്ല. ഞാന്‍ അത്രമാത്രം കവിതകള്‍ എഴുതിയിട്ടില്ലാത്ത സ്ഥിതിക്ക് അതിന്റെ ആവശ്യമില്ല എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്. 2007 ലാണ് ആദ്യ കവിതാ സമാഹാരം "ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍" പായല്‍ ബുക്‌സ് വഴി പുറത്ത് വരുന്നത്. ആ വര്‍ഷം തന്നെ അത് വിറ്റ്‌പോവുകയും ചെയ്തു. "കരച്ചില്‍ എന്ന കുട്ടി" എന്ന പേരില്‍ രണ്ടാമത് കവിത സമാഹാരം അടുത്ത് തന്നെ പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്.

പ്രണയിച്ച കവിത

എഴുതിയ എല്ലാ കവിതകളോടും ഒരേ ഇഷ്ടമാണ്. ഒന്നിനോടും പ്രത്യേക താല്‍പര്യമൊന്നുമില്ല. കവിതയെ മാത്രമാണു ഞാന്‍ പ്രണയിച്ചത്. എന്നിലെ കവിയെയല്ല. പക്ഷെ, ഇഷ്ടം തോന്നിയ നിരവധി കവികളും കവിതകളുമുണ്ട്.  ശരിക്കും നമ്മെ അമ്പരപ്പിക്കുന്ന എഴുത്തുകാര്‍. മലയാളത്തില്‍ അക്കാലത്ത് എഴുത്തിലേക്ക് എന്നെ അടുപ്പിച്ചത് എ. അയ്യപ്പന്റെ കവിതകളാണ്.

എഴുതാതെ പോയ കവിത

പലപ്പോഴും മനസിലാണ് കവിതകള്‍ എഴുതാറുള്ളത്. ഒന്നുങ്കില്‍ ഒരു വാക്കോ അല്ലെങ്കില്‍ ഒരു വരിയോ മതി ഒരു കവിതയ്ക്കു വിത്തുപാകാന്‍. ഉറക്കത്തില്‍ നിറയെ കവിത വരാറുണ്ട്. പക്ഷേ, നേരം പുലരുമ്പോഴേക്കും അതൊക്കെ മറക്കുമെന്നതിനാല്‍ കടലാസില്‍ കോറിയിടാനാവാതെ വിഷമിച്ച് പോയിട്ടുണ്ട്. അത്തരം നിമിഷങ്ങളിലായിരിക്കണം എഴുത്താതെ പോയ കവിതകളെക്കുറിച്ച് കൂടുതല്‍ സങ്കടപ്പെട്ടിട്ടുണ്ടാവുക. കവിതയെഴുത്തിനു പ്രത്യേക സമയങ്ങളല്ല. ഒന്നുങ്കില്‍ ജോലി ചെയ്യുമ്പോള്‍, ഭക്ഷണമുണ്ടാക്കുമ്പോള്‍, തുണിയലക്കുമ്പോള്‍ അങ്ങിനെയങ്ങിനെ എപ്പോള്‍ വേണമെങ്കിലും. എല്ലാ കവിതയും  കടലാസിലേക്ക് പകര്‍ത്താറുമില്ല. എഴുതിയ കവിതയേക്കാള്‍ മനസിനകത്ത് ഇപ്പോഴുമുണ്ട്  കുറെയേറെ എഴുതാത്ത കവിതകള്‍. അതവിടെ കിടക്കട്ടെ. നല്ല കവിതയെന്നോ ചീത്ത കവിതയെന്നോ കവിതയെ വേര്‍തിരിക്കാനാവില്ല. പക്ഷേ, ആത്മസംതൃപതിക്കു വേണ്ടി ആയിരിക്കാം പലരും കവിത എഴുതുന്നത്.  10 ശതമാനം കവികളും പ്രശസ്തിക്കും പണത്തിനും വേണ്ടിയുമാവാം. സാമഹ്യ പ്രതിബദ്ധതക്കു വേണ്ടി എത്രകവികള്‍ കവിത എഴുതുന്നുണ്ട് എന്ന് കൂടി നോക്കണം. സോഷ്യല്‍ മീഡിയ വന്നതോടെ എല്ലാവരും കവികളായി. കവിതയിലെ ബഹുസ്വരത അറിയാനും സോഷ്യല്‍ മീഡിയ സഹായിച്ചു.

കവിതയിലെ സ്ഥാനം

എഴുത്തുകാരന്‍, എഡിറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളുണ്ടോ പുതിയ കവിതയില്‍. എന്നാല്‍, അവനവന്റെ ഒരു ഗ്രൂപ്പും കോക്കസും ഒക്കെ ഇപ്പോഴും മലയാളകവിതയില്‍  ഉണ്ടെന്നാണ് എന്റെ അഭിപ്രായം. ഞാനൊന്നും അതിന്റെ ഭാഗമാകാത്തതിനാലാവണം നിരൂപകരൊന്നും എന്നെ അടുപ്പിക്കാത്തത്. അല്ലെങ്കിലും ആര്‍ക്കു വേണം കാക്കത്തൊള്ളായിരം കവികളൂള്ള നാട്ടില്‍ സ്ഥാനം.എഴുതുക എന്നല്ലാതെ അതിലപ്പുറമൊന്നും ഇതുവരെ ആലോചിച്ചിട്ടു പോലുമില്ല. ആശങ്കപ്പെടുത്തിയിട്ടുമില്ല.

കവിയില്‍ നിന്നും പ്രസാധകനിലേക്ക്

അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്ലോഗെഴുത്ത് കത്തി നില്‍ക്കുന്ന കാലത്താണ് സുഹൃത്തായ ജസ്റ്റിനുമൊത്ത് സൈകതം എന്ന പേരില്‍ ഒരു പബ്ലിക്കേഷന്‍ തുടങ്ങുന്നത്. പുതിയ തലമുറയിലെയും ഇപ്പോള്‍ മുഖ്യധാരയിലടക്കമുള്ള നൂറ്റമ്പതോളം എഴുത്തുകാരുടെ പുസ്തകങ്ങള്‍ സൈകത്തിലൂടെ വായനക്കാരിലേക്കെത്തിക്കഴിഞ്ഞു. ജീവിക്കാനുള്ള വരുമാന മാര്‍ഗം എന്ന നിലയിലല്ല മറിച്ച് സമാന്തര സാഹിത്യ പ്രവര്‍്ത്തനം എന്ന നിലയിലാണ് ഈ സംരംഭം കൊണ്ടുപോകുന്നത്. പുതിയ എഴുത്തുകാരോടു പുറംതിരിഞ്ഞു നില്‍ക്കുന്ന ഭീമന്‍ പുസ്തകമുതലാളിമാര്‍ക്കെതിരേയല്ല സൈകതം മത്സരിക്കുന്നത്. മുഖ്യധാരയിലുള്ള എഴുത്തുകാരോടൊപ്പം എഴുതിത്തുടങ്ങുന്ന പുതിയ തലമുറയിലെ എഴുത്തുകാരെയും പരിചയപ്പെടുത്തുകയാണ് സൈകതത്തിന്റെ ലക്ഷ്യം.

വ്യക്തിപരം

കണ്ണൂര്‍ ജില്ലയിലെ കൂടാളിയില്‍ ജനനം. ഇപ്പോള്‍ വാരം എന്ന സ്ഥലത്ത് താമസിക്കുന്നു.
പതിനഞ്ച് വര്ഷുത്തോളമായി മസ്കറ്റില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു.
ഭാര്യ: സൗദത്ത്.
മക്കള്‍: സുഹാന, സന, അദ്‌നാന്‍
പുസ്തകം: ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍
*****************************************************************************************************************************************************************

2 comments:

geeta said...

I came to know about one more poet through your interview.Nice one!

Ansari said...

Great

FACEBOOK COMMENT BOX