Thursday, October 8, 2015

പീഡാനുഭവങ്ങളെ ലിഖിതരൂപത്തിലാക്കിയ എഴുത്തുകാരി


(സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ബലാറസ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിനെക്കുറിച്ച് ദീപിക പത്രത്തിലെഴുതിയ ലേഖനം)
 
സാഹിത്യ നൊബേലിന് വീണ്ടും വനിത അവകാശി. ബലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിവിച്ചാണ് ലോകത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. സാഹിത്യ  വേദികളില്‍ പ്രസംഗിക്കാനെത്തുമ്പോഴൊക്കെ സ്വെറ്റ്‌ലാന പറഞ്ഞിരുന്ന ഒരു കാര്യമുണ്ടായിരുന്നു. '' ഞാന്‍ ഒരു എഴുത്തു കാരിയാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. മാധ്യമപ്രവര്‍ത്തനമാണ് എന്റെ തൊഴില്‍. അതു കൊണ്ടുതന്നെ സംഭവങ്ങളുടെ വിവരണവും വസ്തുതകളുടെ കൃത്യതയുമാണ് എന്റെ എഴുത്തിലുണ്ടായിരുന്നത്. അതില്‍ ഭാവനയുടെ വര്‍ണങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അവ പിന്നീട് വായിക്കുമ്പോള്‍ ഞാന്‍ എന്നോടു തന്നെ തെറ്റു ചെയ്യുകയാണോ എന്നു തോന്നിയിട്ടുണ്ട്. എന്നാല്‍, ഞാന്‍ വസ്തുതകളും സംഭവങ്ങളും മാത്രം എഴുതിയാല്‍ ഞാന്‍ എന്ന എഴുത്തുകാരി ഉണ്ടാവുമായിരുന്നില്ല.'' പ്രസംഗവേദികളില്‍ കൈയടി നേടുന്നതിനു വേണ്ടി നടത്തുന്ന വെറും വാചക കസര്‍ത്തായിരുന്നില്ല ഈ വാക്കുകള്‍ എന്ന് സ്വെറ്റ്‌ലാനയുടെ എഴുത്ത് വായിച്ചിട്ടുള്ളവര്‍ക്ക് ബോധ്യമാവും. മനുഷ്യരുടെ വൈകാരിക തീവ്രതയുടെ വര്‍ണനകള്‍കൊണ്ട് വായനക്കാരെ ഭ്രമിപ്പിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ നിന്ന് സ്വെറ്റലാനയെ വ്യത്യസ്തയാക്കുന്നതും എഴുത്തിലെ സത്യസന്ധതയാണ്.
 
ഏതൊരു എഴുത്തുകാരനും ഉത്തരം പറയേണ്ടതും ഉത്തരം തേടിക്കൊണ്ടിരിക്കുന്നതുമായ ചോദ്യമാണ് 'തനിക്ക് എന്താണ് എഴുത്ത് ' എന്നത്. ''ഓരോരുത്തരുടെ ജീവിതവും വ്യത്യസ്തമാണ്. ഓരാളുടെ ജീവിതം പോലെ മറ്റൊരാള്‍ക്കു ജീവിക്കാനാവില്ല. ഞാന്‍ തേടിക്കൊണ്ടിരിക്കുന്നത് ഈ വ്യത്യസ്തതയാണ്. ജീവിതത്തിന്റെ സുഖലോലുപതയോ, യുദ്ധത്തിന്റെ കെടുതികളോ, ദുരന്തങ്ങളുടെ പ്രതിഫലനങ്ങളോ. ആത്മഹത്യയില്‍ അവസാനിക്കുന്നതോ ഒന്നുമല്ല ഞാന്‍ തേടുന്നത്. മനുഷ്യര്‍ക്ക് എന്തു സംഭവിക്കുന്നു എന്നറിയാനാണ് എനിക്കിഷ്ടം. വര്‍ത്തമാന കാലത്തെ സംഭവങ്ങളോട് മനുഷ്യര്‍ എങ്ങനെ പെരുമാറുന്നു എന്നറിയാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന് അക്ഷരങ്ങളിലൂടെ എഴുത്തിന്റെ രൂപം നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് എനിക്ക് എഴുത്ത്. ". സ്വെറ്റ്‌ലാനയുടെ ഈ വാക്കുകള്‍ മാത്രം മതി അവരുടെ എഴുത്തു വഴി മനസിലാക്കാന്‍.
 
എഴുത്തുകാരിയുടെ വാക്കുകള്‍ക്കപ്പുറം മനുഷ്യരുടെ ജീവിതത്തിന്റെ താളവും കാലവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ആത്യന്തികമായി ഒരു മനുഷ്യന്‍ എങ്ങനെ മനുഷ്യനായി എന്ന ഉത്തരവും സ്വെറ്റ്‌ലാനയുടെ കൃതികളില്‍ നമുക്ക് കണ്ടെത്താനാവും. സ്റ്റാലിന്‍ യുഗത്തിലെ സോവ്യറ്റ് യൂണിയനിലാണ് സ്വെറ്റ്‌ലാനയുടെ ജനനം എന്നതു കൊണ്ടുതന്നെ സോവ്യറ്റ് യൂണിയന്റെ രാഷ് ട്രീയത്തിന്റെ നേര്‍ ചിത്രം അവരുടെ കൃതികളില്‍ കണ്ടെത്താനാവും. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയും അത് ലോകത്തിനു സമ്മാനിച്ച ശരി-തെറ്റുകളുടെ വിവരണവും സ്വെറ്റലാനയുടെ കൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നു. സ്വെറ്റ്‌ലാനയുടെ സമകാലികര്‍ ഏതെങ്കിലും ഒരു പക്ഷത്തു നിലയുറപ്പിച്ചപ്പോള്‍ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനോ വസ്തുതകളെ മറച്ചു വയ്ക്കാനോ തയാറാവാതെ നേര്‍ രേഖയില്‍ നടന്നു പോകുകയാണ് സ്വെറ്റ്‌ലാന ചെയ്തത്.
 
 ഉക്രെയിന്‍കാരനായ മാതാവിന്റെയും ബെലാറസുകാരനായ പിതാവിന്റെയും മകളായിട്ടാണ് സ്വെറ്റലാനയുടെ ജനനം. ഉക്രയിനാണ് ജന്മദേശം. പിന്നീട് ബലാറസിലേക്ക് കുടിയേറി. ചെറുപ്പത്തില്‍ത്തന്നെ എഴുത്തിനോടും വായനയോടും താത്പര്യം പ്രകടിപ്പിച്ച സ്വെറ്റ്‌ലാന പത്രപ്രവര്‍ത്തകയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 80കളുടെ തുടക്കത്തിലാണ് സാഹിത്യ രചനകളിലേക്ക് സ്വറ്റ്‌ലാന കടക്കുന്നത്. 1985 ലാണ് അവരുടെ ആദ്യ കൃതി പുറത്തിറങ്ങുന്നത്. യുദ്ധത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ മുന്‍നിര്‍ത്തി എഴുതിയ വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ് ആണ് ആദ്യകൃതി. വളരെ വേഗം ജനപ്രിയ നോവലുകളുടെ പട്ടികയിലേക്ക് ഈ നോവല്‍ കടക്കുകയും ഏകദേശം 20 ലക്ഷത്തോളം കോപ്പികള്‍ വിറ്റുപോവുകയും ചെയ്തു. ഒരു പത്രപ്രവര്‍ത്തകയുടെ യുദ്ധാനുഭവങ്ങള്‍ എന്ന നിലയിലാണ് ഈ നോവലിന് വലിയ ജനപ്രീതി ലഭിച്ചത്. പിന്നീട്,  രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ലോകത്തിനു മുന്നില്‍ വരച്ചു കാട്ടിക്കൊണ്ടുള്ള ദ് ലാസ്റ്റ് വിറ്റ്‌നെസ്: ദ് ബുക്ക് ഓഫ് അണ്‍ചൈല്‍ഡ്‌ലൈക്ക് സ്‌റ്റോറീസ് എന്ന നോവല്‍ പുറത്തിറങ്ങിയതോടെ ലോകത്തെ പ്രമുഖ എഴുത്തുകാരുടെ പട്ടികയിലേക്ക് സ്വെറ്റ്‌ലാനയേയും നിരൂപകര്‍ പ്രതിഷ്ഠിച്ചു. ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തിലെഴുതിയ വോയ്‌സസസ് ഫ്രം ചെര്‍ണോബില്‍: ദി ഓറല്‍ ഹിസ്റ്ററി ഓഫ് എ ന്യൂക്ലിയര്‍ ഡിസാസ്റ്റര്‍ ആണ് സ്വെറ്റ്‌ലാനയുടെ മാസ്റ്റര്‍ പീസായി നിരൂപകര്‍വാഴ്ത്തുന്നത്. വായനക്കാരുടെ കണ്ണു നനയിക്കുകയും തുറപ്പിക്കുകയും ചെയ്ത ഈ കൃതി  ഒരു തലമുറയുടെ തന്നെ വികസനത്തോടുള്ള കാഴ്ചപ്പാടിനെ കീഴ്‌മേല്‍ മറിക്കുകയും ചെയ്തു. സ്വെറ്റ്‌ലാനയെത്തേടി സാഹിത്യ നൊബേല്‍ പുരസ്കാരമെത്തുമ്പോള്‍ അത് പുരസ്കാരത്തിന്റെ മൂല്യത്തെ ഇരട്ടിയാക്കുന്നു. ഇരുപതോളം ഡോക്യമെന്റികള്‍ക്കും സ്വെറ്റ്‌ലാന തിരക്കഥ രചിച്ചിട്ടുണ്ട്.
 

3 comments:

ajith said...

ആദ്യമായിട്ട് കേള്‍ക്കുകയാ‍ാണിവരെപ്പറ്റി

geeta said...

സ്വെറ്റ്ലാനയെ പരിചയപ്പെടുത്തിത്തന്നതിന് നന്ദി!ഇവരുടെ കൃതി ഏതെങ്കിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടോ?

aboothi:അബൂതി said...

realy nice sir

FACEBOOK COMMENT BOX