Friday, May 25, 2018

ലോയുടെ നിയമവും സാംപോളിയുടെ തന്ത്രവും...

(ലോകകപ്പിലെ താരപരിശീലകര്‍- 2)

റഷ്യന്‍ ലോകകപ്പിലേക്ക് ശേഷിക്കുന്നത് 20 ദിനങ്ങള്‍മാത്രം. കളത്തിലെ താരങ്ങള്‍ക്കൊപ്പംതന്നെ പ്രഗത്ഭരാണ് തന്ത്രമൊരുക്കുന്ന പരിശീലകരും. ഫുട്‌ബോള്‍ തന്ത്രജ്ഞരുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് കളത്തില്‍ ഉപയോഗിക്കാനുള്ള കരുക്കള്‍ മാത്രാണ് കളിക്കാര്‍. കളിക്കാരെ കളിപഠിപ്പിക്കുന്ന സൂപ്പര്‍ തന്ത്രജ്ഞരിലെ പ്രധാനികളാണ് ജര്‍മനിയുടെ ജോവാക്വിം ലോയും അര്‍ജന്റീനയുടെ ഹൊര്‍ഹെ സാംപോളിയും.

 
ജോവക്വിം ലോ (ജര്‍മനി)

റഷ്യന്‍ ലോകകപ്പിലെ സൂപ്പര്‍ പരിശീലകന്‍ ആരാണെന്നു ചോദിച്ചാല്‍ ആദ്യ പേരായി ജോവാക്വിം ലോയെ പറയാത്തവര്‍ വിരളമായിരിക്കും. ജര്‍മനിക്കു നാലാം ലോകകപ്പു നേടിക്കൊടുത്ത പരിശീലകന്‍.
ഏതൊരു പരിശീലകന്റെയും വലിയ ആഗ്രഹമാണ് വിജയം ശീലമാക്കിയ ഒരു ടീമിനെ വാര്‍ത്തെടുക്കുക എന്നത്. തുടക്കത്തില്‍ പലപ്പോഴും തന്ത്രങ്ങള്‍ പരാജയപ്പെട്ടേക്കാം. പക്ഷേ, തുടര്‍ച്ചയായി കഠിനാധ്വാനം ചെയ്താല്‍ അത്തരമൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ജോവക്വിം ലോ. മിക്ക പരിശീലകര്‍ക്കും ഇതു സാധിച്ചെന്നു വരില്ല. കാരണം, രണ്ടോ മൂന്നോ പരാജയങ്ങളുടെ പേരില്‍ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ കോച്ചിനെ മാറ്റിക്കളയും. ദുംഗയുടെയും ബൗസയുടെയും ഗതി നമ്മള്‍ കണ്ടു കഴിഞ്ഞു. ലോയ്ക്ക് വലിയ ഭാഗ്യമുണ്ടെന്നു പറയാം. കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹം ജര്‍മനിയുടെ കോച്ചാണ്. 2004 ല്‍ വിഖ്യാത ജര്‍മന്‍ ഫുട്‌ബോളറായിരുന്ന യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ കീഴില്‍ സഹപരിശീലകനായാണ് ലോ ജര്‍മന്‍ ടീമിനൊപ്പം ചേരുന്നത്.

2006 ല്‍ ക്ലിന്‍സ്മാന്‍ പദവി ഒഴിഞ്ഞപ്പോള്‍ ജര്‍മന്‍ കായിക വകുപ്പിന് പുതിയ കോച്ചിനെ തെരഞ്ഞെടുക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല, ലോ തന്നെ. അദ്ദേഹത്തിന്റെ പരിശീലന മികവ് ആദ്യം പരീക്ഷിക്കപ്പെട്ടത് 2006 ലോകകപ്പില്‍. അന്ന് ഒരു സ്‌ട്രൈക്കറെ മുന്നില്‍ നിര്‍ത്തി അദ്ദേഹം നടത്തിയ പരീക്ഷണം ഭാഗികമായി വിജയമായിരുന്നുവെന്നു പറയാം. മിഷേല്‍ ബല്ലാക്കായിരുന്നു അദ്ദേഹം വിശ്വസിച്ച താരം. മൂന്നു കളികളില്‍ അദ്ദേഹം ഗോളടിച്ചു. മൂന്നു മത്സരങ്ങളും ജയിച്ച് ജര്‍മനി സെമിയിലെത്തി. മൂന്നു മത്സരങ്ങളും ജയിച്ചത് 1-0 ന്. ബല്ലാക്കിന്റെ ഗോള്‍ വീണു കഴിഞ്ഞാല്‍ ടീം പൂര്‍ണമായും പ്രതിരോധത്തിലൂന്നും. പക്ഷേ, സെമിയില്‍ ലോയുടെ തന്ത്രം പാളി. ജര്‍മനിയുടെ തന്ത്രം മനസിലാക്കിയ ഇറ്റലി ബല്ലാക്കിനെ പൂട്ടി. ഒടുവില്‍ അതു സംഭവിച്ചു. ബല്ലാക്ക് ഗോളടിച്ചില്ല. ജര്‍മനി തോറ്റു. അത്തവണ കിരീടവും ഇറ്റലിക്കായിരുന്നു. 

2010 ലോകകപ്പിലും സെമിയില്‍ തോല്‍ക്കാനായിരുന്നു ലോയുടെ വിധി. സ്‌പെയിനായിരുന്നു എതിരാളികള്‍. കിരീടത്തില്‍ മുത്തമിട്ടതും സ്‌പെയിന്‍ തന്നെ. 2014 ല്‍ എത്തിയപ്പോള്‍ കഥ മാറി. ആദ്യ മത്സരം മുതല്‍ ചാന്പ്യന്‍മാരാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ജര്‍മനി ഇടംപിടിച്ചു. ഒടുവില്‍ ലോ അതു നേടി. മെസിയുടെ അര്‍ജന്റീനയെ തകര്‍ത്ത് ലോ കിരീടം ജര്‍മനിയിലെത്തിച്ചു. ഒരു കാര്യം ഉറപ്പിച്ചു പറയാം. റഷ്യന്‍ ലോകകപ്പില്‍ പരിശീലകരിലെ താരം ജര്‍മനിയുടെ ജൊവാക്വിം ലോ തന്നെ. ലോകകപ്പ് ജര്‍മനിയില്‍ തന്നെ സൂക്ഷിക്കാനാണ് ലോയും സംഘവും ആഗ്രഹിക്കുന്നത്.



ഹൊര്‍ഹെ സംപോളി (അര്‍ജന്റീന)

അര്‍ജന്റീനയുടെ വാഴ്ചയും വീഴ്ചയും ലോകഫുട്‌ബോളില്‍ എക്കാലവും വലിയ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. ലോകകപ്പില്‍ അര്‍ജന്റീന മുത്തമിട്ടിട്ടുള്ളത് രണ്ടു തവണമാത്രം. 1978ലും 86 ലും. പക്ഷേ, അഞ്ചുതവണ ലോകകപ്പ് നേടിയ ബ്രസീലിനൊപ്പം അര്‍ജന്റീനയുടെ കളി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അക്കാരണത്താല്‍ തന്നെ അര്‍ജന്റീനയുടെ താരനിരയ്‌ക്കൊപ്പം പരിശീലകനും വാര്‍ത്തകളില്‍ നിറയാറുണ്ട്. 2015 ല്‍ അര്‍ജന്റീനയെ കീഴടക്കി ചിലിക്ക് കോപ അമേരിക്ക നേടിക്കൊടുത്ത ഹൊര്‍ഹെ സംപോളിയാണ് അര്‍ജന്റീനയുടെ പരിശീലകന്‍. ലോകകപ്പ് യോഗ്യതാ റൗണ്ടിനിടെ ടിറ്റെയോട് ബ്രസീല്‍ ആവശ്യപ്പെട്ടതു തന്നെയാണ് സംപോളിയോട് അര്‍ജന്റീനയും ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും ടീമിനെ ലോകകപ്പിനെത്തിക്കണം. സംപോളി വാക്കു പാലിച്ചു. ബ്രസീലില്‍ ദുംഗയ്ക്കാണു പദവി ഒഴിയേണ്ടിവന്നതെങ്കില്‍ ഇവിടെ എഡ്ഗാര്‍ഡോ ബൗസയായിരുന്നു പുറത്താക്കപ്പെട്ടത്.  

പരിശീലകസ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ പ്രതികരണത്തില്‍ സംപോളി ഏവരെയും ഞെട്ടിച്ചു. അര്‍ജന്റീനയുടെ പരിശീലകനാവുക എന്നത് തന്റെ സ്വപ്നമേ ആയിരുന്നില്ലെന്നു പറഞ്ഞ അദ്ദേഹം പക്ഷേ, മെസിയുടെ പരിശീലകനാവുകയെന്നത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും പറഞ്ഞു. ലോകകപ്പില്‍നിന്നു പുറത്തേക്കുള്ള വാതില്‍പ്പടിയില്‍ നില്‍ക്കെയാണ് അര്‍ജന്റീന സംപോളിയെ വിളിക്കുന്നത്. ബൊളീവിയയോട് 2-0 ന് തോറ്റ് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്ത്, പ്ലേ ഓഫ് കളിക്കേണ്ട ഘട്ടത്തിലാണ് സംപോളി ടീമിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നത്. പക്ഷേ, സംപോളിയുടെ ഭാഗ്യം മെസിയുടെ രൂപത്തിലെത്തിയെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. മെസിയുടെ ഹാട്രിക്കില്‍ ഇക്വഡോറിനെ 3-1 ന് തകര്‍ത്ത് അര്‍ജന്റീന റഷ്യയിലേക്കുള്ള ടിക്കറ്റ് തരപ്പെടുത്തി. മെസിയെന്ന സൂപ്പര്‍ താരത്തെ കേന്ദ്രീകരിച്ച് തന്ത്രങ്ങള്‍ മെനയുന്നതായിരുന്നു ബൗസയുടെ രീതി. എന്നാല്‍, അത് ലോകകപ്പ് പോലൊരു വേദിയില്‍ ഗുണം ചെയ്യില്ലെന്നും ടോട്ടല്‍ ഫുട്‌ബോളാണ് കളിക്കേണ്ടതെന്നുമാണ് സംപോളിയുടെ നിലപാട്. നിലവിലെ സംഘത്തിനെ ടീം എന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

കാല്‍ മസിലിനേറ്റ ഗുരുതര പരിക്കിനെത്തുടര്‍ന്ന് പത്തൊന്‍പതാം വയസില്‍ കളിക്കളത്തില്‍നിന്നു പുറത്തു പോവേണ്ടിവന്നയാളാണ് അന്പത്തിയെട്ടുകാരനായ സംപോളി. പക്ഷേ, ഫുട്‌ബോളില്‍നിന്ന് അദ്ദേഹം പുറത്തുപോയില്ല. അദ്ദേഹത്തിനറിയാം കിരീടനേട്ടത്തില്‍ കുറഞ്ഞൊന്നും അര്‍ജന്റീനയില്‍നിന്ന് ആരാധകരും ലോകവും പ്രതീക്ഷിക്കുന്നില്ലെന്ന്. 32 വര്‍ഷങ്ങള്‍ക്കു ശേഷം ഹൊര്‍ഹെ ലൂയി സംപോളി മോയയും കൂട്ടരും ചരിത്രം ആവര്‍ത്തിക്കുമെന്ന് ഓരോ അര്‍ജന്റീനക്കാരനും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.

No comments:

FACEBOOK COMMENT BOX