Monday, October 14, 2019

അരുതായ്മകള്‍ക്കുനേരേ രൂക്ഷപ്രതിരോധമാകുന്ന കവിത

എന്റെ സ്ഥാനം തെറ്റിയകുടുക്കുകളുള്ള കുപ്പായം എന്ന കവിതാസമാഹാരത്തെ കുറിച്ച് ഗ്രന്ഥകാരനും കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹനുമായ ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ എഴുതിയ നിരൂപണം. ജസ്റ്റീസ് സുകുമാരന്‍ ചീഫ് എഡിറ്ററായ നവനീതം സാംസ്‌കാരിക മാസികയില്‍ പ്രസിദ്ധീകരിച്ചത്.


പൂയപ്പിള്ളി തങ്കപ്പന്‍

കാലത്തോട് സംവദിക്കുന്ന കവിധര്‍മത്തിന്റെ മര്‍മമറിയുന്നവനാകണം കവി.  നമ്മള്‍ അവഗണിച്ചാലും നമ്മളെ അവഗണിക്കാത്ത കവിതയുടെ വേരുകള്‍ ഏത് ഊഷരമനസിലും ആഴത്തില്‍ ഊന്നിനില്‍പ്പുണ്ട്.  അത് അറിയാത്തവരും അറിയാന്‍ ശ്രമിക്കാത്തവരും നിഴല്‍പോലെ പിന്തുടരുന്ന കവിതയുടെ സാന്നിദ്ധ്യബോധത്തിനകലെയാകുമ്പോഴും കവിതയുടെ അനന്യത, അജ്ഞേയാനുഭവമായി അവരിലുണ്ടാകും.  ജീവിതവും കവിതയുമായി അവ്യാഖ്യേയമായുള്ള ഈ നാഭീനാളബന്ധം ഒരു ശാശ്വതസത്യമത്രേ. പുതിയ ലോകങ്ങള്‍ സൃഷ്ടിക്കാനുള്ള പുറപ്പാടില്‍ ഏതു കവിതയും അറിഞ്ഞിരിക്കേണ്ട പ്രാഥമികതത്ത്വവും ഇതാണ്.  രൂപ മാറ്റങ്ങളില്‍ അഭിരമിക്കുന്ന ആധുനിക കവികള്‍ക്കും, മൗലികമായതിനാല്‍ ഈ സത്യത്തെ മറക്കാനാവില്ല.
'സ്ഥാനംതെറ്റിയ കുടുക്കുകളുള്ള കുപ്പായം' എന്ന കാവ്യഗ്രന്ഥത്തിലൂടെ, സന്ദീപ് സലിം എന്ന കവിയും വിളംബരം ചെയ്യുന്നത് മേല്‍പ്പറഞ്ഞ സത്യംതന്നെ.  ഉറക്കമില്ലാത്ത ഒരുപാട് രാത്രികളെ സൃഷ്ടിക്കുന്ന സമകാലികസംഭവങ്ങളോട് പ്രതികരിക്കുക മാത്രമല്ല പ്രതിഷേധിക്കാനും വാക്കുകളെ ആയുധമാക്കുന്ന ഈ കവി ചൂണ്ടുന്ന പരുഷസത്യങ്ങള്‍ നീറ്റലുണ്ടാക്കുംവിധം മനസില്‍ തറയുന്ന അസ്ത്രങ്ങളാകുന്നു.

'അമ്പലവാതുക്കല്‍
ഇരുളില്‍
ദര്‍ശനപുണ്യത്തിനായി
കാത്തുനിന്നു;
എന്നിട്ടും
അമ്പലമില്ലാത്തവന്‍
പള്ളിയില്‍
അള്‍ത്താരയുടെ നിഴലില്‍
ഒതുങ്ങിനിന്നു
എന്നിട്ടും പള്ളിയില്ലാത്തവന്‍
..................
..................
ഗാന്ധി
ചര്‍ക്ക
മാര്‍ക്‌സ്
താമര
ദാസ് ക്യാപ്പിറ്റല്‍
വിഭാഗീയത
വിമോചനസമരം
കുറുവടി
അടിയന്തരാവസ്ഥ
വരട്ടുതത്ത്വവാദം;
രാഷ്ട്രീയം മനഃപാഠമാക്കി
എന്നിട്ടും രാഷ്ട്രീയമില്ലാത്ത
വന്‍.' (പ്രതിബിംബം)

ഇതുമാത്രമല്ല, സ്വയം പ്രതിരോധത്തിന്റെ കൊടിപിടിച്ചിട്ടും കൊടിയില്ലാത്തവനായും, എല്ലാ കര്‍മങ്ങളും അനുഷ്ടിച്ച് നെറ്റിയില്‍ ചന്ദനക്കുറി തൊട്ടിട്ടും കര്‍മമില്ലാത്തവനായും, ദൈവീകത കൈപ്പറ്റി കൂദാശകള്‍ സ്വീകരിച്ചിട്ടും കൂദാശകളില്ലാത്തവനായും, പ്രാര്‍ഥനയും യാഗവും ബലിയും നിസ്‌കാരവും ഉപവാസവും നടത്തിയിട്ടും മതമില്ലാത്തവനായും തീരുന്ന, മനസ് പണയംവയ്ക്കാത്ത യഥാര്‍ഥ മനുഷ്യന് വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കേണ്ടിവരുന്ന യഥാര്‍ഥ പീഡനത്തെക്കുറിച്ച് ഈ കവിത മുന്നറിയിപ്പ് നല്കുന്നു; അന്യഥാത്വ (Alienation)ത്തിനടിപ്പെടുന്ന സമകാലിക സുമനസുകളെ വെളിച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമൂലയുടെ മരണം ദേശീയതലത്തില്‍ ചലനം സൃഷ്ടിച്ച ഒരു സംഭവമായിരുന്നല്ലോ.  സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതിലേറെ ആണ്ടുകള്‍ കഴിഞ്ഞിട്ടും, കീഴാള വിഭാഗത്തെ അസ്പൃശരായി കാണുന്ന മേലാളധിക്കാരത്തിന്റെ പ്രത്യക്ഷദൃഷ്ടാന്തമായ ആ ആത്മാഹുതി കവിയിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രതിഫലനമാണ്, 'കറുത്തവന്‍' എന്ന കവിത.  വെളുപ്പുനിറമില്ലാത്തവന്‍, നീചകണ്ണുകളില്ലാത്തവന്‍, സുന്ദരനല്ലാത്തവന്‍, പൂര്‍ണമായും അനാര്യന്‍; അവനെ,

'പുതിയ തലമുറ
വിദ്വേഷം കൊണ്ട്
കറുത്ത
കണ്ണടവച്ച്
വീരപുരുഷനെന്ന്
വിളിച്ചുപരിഹസിച്ചു.'

സവര്‍ണരുടെ അധിക്ഷേപത്തിലമരാന്‍ വിധിക്കപ്പെട്ടവരാണല്ലോ, എന്നും അവര്‍ണര്‍.  ആ പരിഹാസമുളവാക്കുന്ന വേദനയുടെ ആഴം അമേയമാണ്.  അതില്‍നിന്നുള്ള മോചനമായി മരണത്തെ ആശ്ലേഷിക്കുമ്പോള്‍, ജീവിച്ചിരിക്കുന്നവരുടെ സിരകളെ ആളിക്കത്തിക്കുന്ന ഒരു കനല്‍ അതില്‍ ഒളിച്ചിരിക്കുന്നുണ്ടാവും.  'കറുത്തവന്‍' ഉള്ളടക്കം ചെയ്യുന്നത് അതാണ്.
ഈ കാവ്യസമാഹാരത്തില്‍, ഈ ലേഖകനെ ഏറെ അസ്വസ്ഥനാക്കിയ (എന്നുവച്ചാല്‍, കവിതയുടെ ഭാവലാവണ്യത്തെക്കുറിച്ചുള്ള സംവേദനം സമഗ്രമാകുമ്പോള്‍ സംഭവിക്കുന്ന ഹൃദ്യമായ ആസ്വാദ്യത) കവിതയാണ്, 'നാറാണത്തുഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ല്'.
കണ്‍മുന്നില്‍ ദൃശ്യാനുഭവങ്ങള്‍ ഏറെ നല്കുന്ന സമകാലിക സംഭവങ്ങള്‍ ഒരു ചിമിഴിലൊതുക്കിയതുപോലെ, കൈവിരലാല്‍ ഒന്നു കോറിപ്പോകുന്ന നിസാരഭാവത്തിലൂടെ, ബോംബുസ്‌ഫോടനത്തിന്റെയോ അഗ്നിപര്‍വത ഗര്‍ജനത്തിന്റെയോ കഠോരശബ്ദവും ശക്തിയും ആവാഹിച്ചിരിക്കുകയാണ് ഈ കവിത.  ഉരുളുന്ന കല്ലില്‍ പൂപ്പല്‍ പിടിക്കുകയില്ലെന്ന സത്യത്തെ പരിഹസിച്ചുകൊണ്ട് ആ കല്ലില്‍ ഇപ്പോള്‍ വിവിധയിനം പൂപ്പല്‍ പിടിച്ചിരിക്കുന്ന പ്രത്യക്ഷാനുഭവ ദൃശ്യത്തെ സാക്ഷാത്കരിക്കുകയാണ് കവി.  ആ കല്ലില്‍ ശാപത്തിനും മോക്ഷത്തിനുമിടയില്‍ കല്ലായിത്തീര്‍ന്ന അഹല്യയുടെ തലമുടിയുണ്ട്; ദ്രോണര്‍ ദക്ഷിണയായി വാങ്ങിയ ഏകലവ്യന്റെ നഖക്ഷതമുണ്ട്.

'ഇന്നലെബൈബിളും
രണ്ടുദിവസം മുമ്പ് ഖുറാനും
ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത
ദിവസത്തില്‍
ഗീതയും തിന്നു തീര്‍ത്ത
ചിതലിന്റെ ചിറകുകള്‍.
.....................
.................................
വൃത്തത്തിലും ചതുരത്തിലും
പിന്നെ,
ജോമട്രിയില്‍ നിര്‍വചനമി
ല്ലാത്തരൂപത്തിലും
ചിരിക്കുന്ന രാഷ്ട്രീയത്തിന്റെ
ഖദര്‍ നൂലുകള്‍.'

പ്രാമാണിക ഗ്രന്ഥങ്ങളിലെ ശാശ്വത സത്യബോധനങ്ങളെ അപ്രസക്തമാക്കുക മാത്രമല്ല, പരിഹസിച്ച് അവഗണിക്കുകകൂടി ചെയ്യുന്ന വര്‍ത്തമാനകാല രാഷ്ട്രീയാതി പ്രസരത്തിന്റെ നെഞ്ചിനു നേരെയോങ്ങുന്ന കത്തിമുനയാണ് മേലുദ്ധരിച്ച കവിത.

'ശരീരക്കൊതിയന്മാരുടെ
എണ്ണം
അമ്പതുകടന്നപ്പോള്‍
ആത്മഹത്യചെയ്ത പതിമൂന്നു
കാരിയുടെ
നിശബ്ദതേങ്ങല്‍' - കൂടി ആ പൂപ്പലിനെ കൂടുതല്‍ ഖരീഭവിപ്പിച്ചിരിക്കുന്നു.
നമ്മുടെ കണ്‍മുന്നിലെ 'വര്‍ത്തമാനത്തെ നിശിതമായി ആവിഷ്‌കരിക്കുന്ന ഈ കവിത, പൊള്ളലിന്റെ ചുടുനീറ്റലിലേക്കാണ് ആനയിക്കപ്പെടുക.
ലക്ഷ്യബോധമില്ലാത്ത യുവതയുടെ ജീവിതം ലക്കുകെട്ട അലച്ചിലുകളിലും ഒടുവില്‍ അവിശ്വസനീയമായ രൂപഭാവഭേദങ്ങളിലും തളയ്ക്കപ്പെട്ട് ഒടുങ്ങുന്ന അസാധാരണമല്ലാത്ത സമകാലിക ദുരന്തത്തെ ഓര്‍മപ്പെടുത്തുന്നു, സമാഹാരത്തിന്റെ നാമധേയം വഹിക്കുന്ന, 'സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം'' എന്ന കവിത.

'ജീനിയസിന്റെ കുപ്പായത്തില്‍
കാമ്പസിലും
വിശ്വാസിയുടെ കുപ്പായത്തില്‍
പള്ളിയിലും സജീവസാന്നിധ്യമായി...' അങ്ങനെ പല വേഷങ്ങളില്‍; 'പഴകി, കുടുക്കുകള്‍ പൊട്ടിയ കുപ്പായം കീറിയെറിഞ്ഞ് ഭൂതകാലത്തെ പടിയടച്ചു പിണ്ഡം വച്ച്, പിന്നെ കുപ്പായമില്ലാതെ അലഞ്ഞ രാവുകള്‍!' പുതിയ കുപ്പായത്തിനു തുണി വാങ്ങിയെങ്കിലും കുടുക്കുകള്‍ തുന്നിയപ്പോള്‍ സ്ഥാനംതെറ്റി.  അറിവും മനഃസാക്ഷിയും ഉപേക്ഷിച്ച് തീവ്രവാദിയുടെ വേഷംകെട്ടിയപ്പോള്‍ ശരിയായ അവന്റെ രൂപം ദൃശ്യവത്കരിക്കപ്പെട്ടു.
ഇന്നു നമുക്കുചുറ്റും അരുതായ്കകളുടെ അനഭിഗമ്യവീഥി തെരഞ്ഞെടുക്കുന്ന പുതുതലമുറയുടെ ഒരു പരിഛേദമാണ് സത്യബോധത്തോടും കൃത്യതയോടെയും സന്ദീപ് എന്ന കവി നമ്മുടെ മുന്നില്‍ കണിവയ്ക്കുന്നത്.
ഒരു കാലത്ത് സൗഭാഗ്യം പുണര്‍ന്നു നിന്നിരുന്ന മരം ചാവുമരമായപ്പോള്‍, കാലം, തന്നെയും അതിനു വിധേയനാക്കി എന്ന യാഥാര്‍ഥ്യം വിളംബരം ചെയ്യുന്ന, 'മരം', 'അജ്ഞാതവും അസാധാരണവുമായിരുന്ന ചിന്തകളുടെ ഉടമയുടെ മരണാനന്തര ജൈവീകസാന്നിധ്യമറിയിക്കുന്ന', 'മരിച്ചവന്റെ മുറി' മനുഷ്യത്വത്തെ, അതിലൂടെ മനുഷ്യനെ പങ്കുവയ്ക്കുന്നതിനെതിരേ കൊടുങ്കാറ്റൂതുന്ന 'റെസ്യൂമെ', ഭൂതകാലം ഓര്‍മയിലൂടെ പോലും മുഖം കാണിക്കാത്ത സന്ദര്‍ഭത്തിലും, നിഴലിനെപ്പോലെ, പിഴുതെറിയാനാവാത്ത നിറസാന്നിധ്യമായി അത് നമ്മോടൊപ്പമുണ്ടെന്നും, സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടാനുള്ള വര്‍ത്തമാനശ്രമങ്ങള്‍ക്കിടയിലും അതിന്റെ ദീപ്തമുഖം വെളിവാക്കുന്നുണ്ടെന്നുമോതുന്ന, 'വികൃതരൂപം' ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സുലഭസാമീപ്യം ഹൃദയത്തില്‍ നിറയ്ക്കുന്ന യാന്ത്രികതയെ വിളംബരം ചെയ്യുന്ന, 'പുതിയ അറിവ്-ഇക്കവിതകളെല്ലാം ഉഷ്ണചിന്തകളാല്‍ ഉറക്കംകെടുത്തുന്നവയേ്രത!'

'ഇന്നു കണ്ട കുട്ടികള്‍
ഇന്നലെ കണ്ടകുട്ടികളല്ല
അവര്‍
ആണെന്നും പെണ്ണെന്നും പരിഭാഷ
പ്പെട്ടിരിക്കുന്നു.
ശ്രദ്ധിച്ചുവായിച്ചിട്ടും
പരിഭാഷ മനസിലായില്ല...' (ലിംഗം ഛേദിച്ചുകളഞ്ഞരാത്രി)

ആണെന്നും പെണ്ണെന്നും, ലിംഗഭേദം പരിഭാഷപ്പെടുമ്പോള്‍ കണ്ഠം ഛേദിക്കപ്പെടുന്നത് ബന്ധങ്ങളുടേതാണ്. എല്ലാ ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ വെറും പെണ്ണുങ്ങള്‍ മാത്രമാകുമ്പോള്‍ പ്രത്യക്ഷീഭവിക്കുന്ന പീഡനത്തിന്റെ കാഠിന്യമളക്കാന്‍ പ്രയാസമാകും.  കണ്ണും മനസുമറ്റ പിണ്ഡസ്വരൂപികളായി, പുല്ലിംഗമുണരുമ്പോള്‍, വകഭേദമില്ലാതെ ആക്രമിക്കപ്പെടുന്ന സ്ത്രീലിംഗത്തിന്റെ നിസഹായദൈന്യം, ചങ്കെരിയും വിധം കോറിയിട്ടിരിക്കുന്ന, 'ലിംഗം ഛേദിച്ചുകളഞ്ഞരാത്രി' എന്ന കവിതയുടെ പാരുഷ്യം, മലയാളകവിതയില്‍ മിക്കവാറും അനന്യമാണ്.  ഡെല്‍ഹിയില്‍ പീഡനത്തിനിരയായി കശക്കിയെറിയപ്പെട്ട പെണ്‍കുട്ടി മരിച്ച സംഭവത്തെ അനുസ്മരിച്ചെഴുതിയ ഈ കവിതയില്‍ ഇരയോടുളള സഹജമായ സഹാനുഭൂതിയും വേട്ടക്കാരുടെ നേര്‍ക്കുള്ള അണയാത്ത പകയും അന്തര്‍രഹിതമായിരിക്കുന്നു.
സദാചാരപാലനം അപരനില്‍ കര്‍ശനമായിരിക്കണമെന്ന കപടശാഠ്യബോധത്തിന്, അശ്ലീലമായി ചൂണ്ടിക്കാണിക്കാവുന്ന ചില പ്രയോഗങ്ങള്‍, കവിതയുടെ ഭാവഗരിമ സംവേദന വിധേയമാകുമ്പോള്‍ അവ അര്‍ഹിക്കുന്ന അനിവാര്യത ബോധ്യപ്പെടാതിരിക്കില്ല; അതിനുള്ള ഭാവുകത്വം വേണമെന്നു മാത്രം.
പല കവിതകളിലും ആവര്‍ത്തിക്കപ്പെടുന്ന ഒറ്റപ്പദങ്ങള്‍ വെറും പദപ്രയോഗങ്ങള്‍ക്കപ്പുറത്ത്, ആശയത്തെ പ്രോജ്വലിപ്പിക്കുന്ന താളഭംഗിയേകുന്നു എ്ന്നത് സൂക്ഷ്മ വായനയിലേ ബോധ്യപ്പെടൂ.
ധ്വന്യാത്മകത, കവിതയുടെ ജീവനാണെന്ന് പ്രാചീന കാവ്യമീമാംസകള്‍ പറഞ്ഞുവച്ചിട്ടുണ്ട്.  കവി ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ഥത്തെക്കവിഞ്ഞ് മറ്റൊരര്‍ഥമുണ്ടായാലേ അത് കവിതയാകൂ എന്നു പറയുന്നതും ആദ്യം പറഞ്ഞതിന്റെ ലളിതമായ അര്‍ഥമാണ്.  സന്ദീപ് സലിം എന്ന കവിതയുടെ വരികള്‍ക്ക്, അവയുള്‍ക്കൊള്ളുന്ന പദങ്ങളുടെ അര്‍ഥത്തിനതീതമായി, താളലയഭംഗിയുടെ അകമ്പടിയോടെ, ആശയത്തിന്റെ മറ്റൊരു കുഞ്ഞുപ്രപഞ്ചം സൃഷ്ടിക്കാനാകുന്നു.  ഈ കവിതയുടെ സ്വത്വബോധത്തിന്റെ വിളംബരമായിട്ടുകൂടി അത് പരിഗണിക്കപ്പെടേണ്ടതുണ്ട്. കൃത്യമായ ഗൃഹപാഠത്തിന്റെ അഭാവം ഒഴിവാക്കിയിരുന്നെങ്കില്‍ ചില കവിതകള്‍ക്ക് കൂടുതല്‍ തിളക്കം ലഭിക്കുമായിരുന്നു എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
ഈ സമാഹാരത്തില്‍ കവിയുടെ സ്വന്തം കവിതകള്‍ 12 മാത്രം; പരിഭാഷയിലൂടെ വെളിച്ചപ്പെട്ടിരിക്കുന്നത് 12; അതായത് കൂടുതലും അപരകവിതകള്‍.  അവയില്‍, സ്പാനിഷ്, മെക്‌സിക്കന്‍, ചിലിയന്‍, ഫ്രഞ്ച്, അര്‍ജന്റൈന്‍, അറേബ്യന്‍, പോളീഷ്, സിറിയന്‍, ജര്‍മന്‍, റഷ്യന്‍, സ്വീഡിഷ്-കവികളുടെയെല്ലാം മൊഴിമാറ്റങ്ങള്‍; ആധുനിക ഇംഗ്ലീഷ് കവികളെവിട്ട്, മറ്റു രാജ്യങ്ങളിലെ കവികളുടെ, ഇംഗ്ലീഷ് ഭാഷാന്തരീകരണത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ കവിതകള്‍, ഈ വര്‍ത്തമാനകാലം, സാര്‍വലൗകികമായി കവികിളിലേല്‍പ്പിക്കുന്ന മുറിവുകള്‍ക്ക് സമാനതകളുണ്ടെന്ന ബോധ്യം പ്രധാനം ചെയ്യുന്നുണ്ട്.  

No comments:

FACEBOOK COMMENT BOX