ഹരീഷിന്റെ പട്ടുനൂല്‍പ്പുഴു വായിച്ചു തീര്‍ന്നു. പല കാരണങ്ങള്‍കൊണ്ടും വായന വൈകിയിരുന്നു. അടിസ്ഥാന കരണം മറ്റൊന്നുമല്ല സ്വതസിദ്ധമായ മടിതന്നെയാണ്. വായിക്കാനിരുന്നപ്പോഴാണ് കുറച്ചു കൂടി നേരത്തെ വായിക്കാമായിരുന്നു എന്നു തോന്നിയത്.
വായനക്കാരനെ പൂട്ടിയിടുന്ന വൈകാരിക തടവറ
സാംസയും വിജയനും പിന്നെ അമ്മ ആനിയും കൂടെ സ്റ്റീഫനും, പിന്നെയും തീരുന്നില്ല മരിച്ചു പോയ പെണ്‍കുട്ടിയും ദാമുവും കൂടെ ഇലുവെന്ന നായയും. ഇവരൊന്നും വായനയ്ക്കു ശേഷവും മനസില്‍ കുടില്‍കെട്ടി താമസിക്കുകയാണ്. ഇറക്കിവിടാന്‍ ശ്രമിക്കുംതോറും പിന്നെയും പിന്നെയും ഓര്‍മയിലേക്ക് അവര്‍ കയറി വരികയാണ്. നെഞ്ചെരിഞ്ഞു കയറുന്നതുപോലെ.
ഈ അടുത്ത കാലത്ത് വായിച്ച ഒരു കൃതിയും എന്റെ അനുഭവത്തില്‍ ഇത്രമാത്രം ഉള്ളുലച്ചിട്ടില്ല. ഒരു കഥയും ഇത്രമാത്രം വൈകാരിക അനുഭവമായിട്ടില്ല. ഹരീഷിന്റെ മുന്‍ നോവലുകളൊന്നും വായനക്കാരനുമായി കണക്ട് വൈകാരികമായി ആയിട്ടില്ല. വായനക്കാരനെന്ന നിലയില്‍ എനിക്കു തോന്നിയതു പറഞ്ഞതാണ്. പിന്നെ, ആ രണ്ടു നോവലുകളും ഹരീഷ് എഴുതിയത് ഈ ഉദ്ദേശത്തിലുമായിരുന്നില്ലല്ലോ. മീശ ഒരു സോഷ്യോ കള്‍ച്ചറല്‍ വിഷയം അവതരിപ്പിക്കാനും ആഗസ്റ്റ് 17 ഒരു പാരലല്‍ ഹിസ്റ്ററി പറയാനുമാണ് ഹരീഷ് ശ്രമിച്ചിട്ടുള്ളത്. ആഗസ്റ്റില്‍ ട്രൂത്തും മിത്തും റിലേറ്റീവാണെന്നു പറയാനാണ് ഹരീഷ് ശ്രമിച്ചിരിക്കുന്നതെന്നു തോന്നും.
നോവലില്‍ വിജയന്റയും ആനിയുടെയും ദാമ്പത്യം ഹരീഷ് വിവരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അസാധാരണമെന്നു തോന്നിക്കുന്ന വിധത്തിലാണ് അദ്ദേഹം അതു വിവരിക്കുന്നത്. അസാധാരണമെന്നല്ല ശരിക്കും പറയേണ്ടത് വിചിത്രമെന്നാണ്. ആനി വിജയനെ ഒരു വര്‍ഷം കണ്ടിട്ടില്ല. തിരിച്ചും പറയാല്ലോ ? വിജയന് ആനി വെറുതെ ഭാര്യ മാത്രമായിരുന്നില്ല. മറിച്ച് കാമുകി കൂടെ ആയിരുന്നല്ലോ ? എന്നിട്ടും... ആ അതുപോട്ടെയെന്നു വയ്ക്കാം. ആനിയില്‍ തനിക്കുണ്ടായ മകനെയും അയാള്‍ കാണാന്‍ തയാറാവുന്നില്ല. ശരിക്കും പറഞ്ഞാല്‍ വിജയന്‍ അയാളിലേക്കുതന്നെ ചുരുങ്ങുകയായിരുന്നു എന്നു വ്യക്തം. ശരിക്കും പുഴുക്കളെപ്പോലെ ചുരുണ്ടു കൂടുന്നു.
ഈ നോവല്‍ എനിക്കുതന്ന പ്രധാനകാര്യം എന്താണെന്നുവച്ചാല്‍ വായനക്കരനു വ്യാഖ്യാനിക്കനുള്ള ധാരാളം ഇടങ്ങള്‍ ഹരീഷ് നോവലില്‍ ഒരുക്കിയിട്ടുണ്ട് എന്നതാണ്. കുറച്ചൂടെ ക്ലിയര്‍ ആയിട്ടു പറഞ്ഞാല്‍ ഏകാന്തതയെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ എനിക്കു (വായനക്കാരന് എന്നും വായിക്കാം) വ്യാഖ്യാനിക്കാനുള്ള നിരവധി ഇടങ്ങള്‍ ഹരീഷ് നോവലില്‍ ഒഴിച്ചിട്ടിട്ടുണ്ട്. ചിലപ്പോഴെങ്കിലും ഇവ രണ്ടും (മരണവും ഏകാന്തതയും) തമ്മിലുള്ള അതിര്‍രേഖ മാഞ്ഞു പോകുന്നതായും എനിക്കു തോന്നി. അതുകൊണ്ടു പറഞ്ഞതാണ്.
പലപ്പോഴും ഞാന്‍ മുമ്പു വായിച്ച പുസ്തകങ്ങളും എഴുത്തുകാരുമൊക്കെ നമ്മള്‍പോലുമറിയാതെ മനസില്‍ ഊട്ടിയുറപ്പിച്ച ഒരുകാര്യമാണ് മരണം=മറവി എന്ന സമവാക്യം. മറവിയില്‍നിന്ന് മരണത്തിലേക്ക് ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍ ബൈപാസ് ഉണ്ടെന്നു നമ്മളെയൊക്കെ അനുഭവിപ്പിക്കാന്‍ പല എഴുത്തുകാര്‍ക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഹരീഷ് ഈ നോവലില്‍ ഈ ചിന്തകളെയും ബോധ്യങ്ങളെയും കീഴ്‌മേല്‍ മറിക്കുന്നു. പേരറിയാത്തൊരു പെണ്‍കുട്ടി അതും മരിച്ചു പോയൊരാള്‍ ഓര്‍മകളെ കുഴിച്ചുമൂടാതെ പിന്നിലേക്കു കൊണ്ടു പോകുന്നുണ്ട്. ഇവിടെ വലിയ പ്രത്യേകത എന്താണെന്നു ചോദിച്ചാല്‍ ഓര്‍മകളെ ഒറ്റയ്ക്കല്ല കാലത്തെതന്നെയാണ് പിന്നിലേക്കു വലിക്കുന്നത് എന്നതാണ്.
ഈ നോവലിലെ മരണങ്ങളൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്റെ മനസിനെ ഉലച്ചുകളയുന്നുണ്ട്. അതിനു കാരണം മരണങ്ങളെ ഇത്രയും ലളിതമായി വിവരിച്ചിരിക്കുന്ന എഴുത്ത് അപൂര്‍വമാണ് എന്നതാണ്. അത്ര ലളിതമായ ആഖ്യാനമാണ് ഈ നോവലിനുള്ളത്. എന്നാല്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നതോ അതീവ സങ്കീര്‍ണമായ ജീവിതങ്ങളെക്കുറിച്ചും. ഒരു അല്പംകൂടി ഗഹനമായ ഭാഷ ഉപയോഗിച്ചിരുന്നെങ്കില്‍ പട്ടുനൂല്‍പ്പുഴുവിന് ഒരു ഫിലോസഫിക്കല്‍ ടച്ച് വരുമായിരുന്നു എന്നു തോന്നി. പക്ഷേ, അതിന് ഹരീഷ് മുതിര്‍ന്നതായി തോന്നിയതേയില്ല.
ചില സമയത്ത് കുറെത്തവണ കേട്ടതും വായിച്ചതുമായ കഥകളാണല്ലോ ഇതെന്നു തോന്നി. പക്ഷേ, വായിച്ചു തീരുമ്പോള്‍ ഈ നോവലില്‍നിന്ന് പുറത്തിറങ്ങിവരാനാവാത്ത വിധം ഞാന്‍ തളച്ചിടപ്പെട്ടതായി തോന്നി. ഭ്രാന്ത് കൂടിക്കൂടി വരുമ്പോള്‍ ഈന്തുമരത്തിലാണ് സ്റ്റീഫനെ കെട്ടിയിടുക. അത്തരത്തില്‍ എന്നെയും അദൃശ്യമായ വൈകാരിക കയറുകളാല്‍ നോവലില്‍ ഹരീഷ് കെട്ടിയിട്ടു എന്നാണ് തോന്നിയത്. ആ കയറ് പൊട്ടിച്ച് പുറത്തുകടക്കുക അത്ര എളുപ്പമല്ല. കാരണം ഒരു കെട്ട് പൊട്ടിച്ച് പുറത്തെത്തുമ്പോഴായിരിക്കും ചലന സ്വാതന്ത്ര്യമില്ലാത്ത, കാലുകള്‍ തളര്‍ന്ന ശ്യാമ എന്നെ പിടിച്ചുവയ്ക്കുക. എന്തിന് കെട്ടിയിട്ട കയറില്‍ കുരുങ്ങി ജീവിതം അവസാനിപ്പിച്ച ഇലുവെന്ന നായപോലും പുറത്തു കടക്കുന്നതില്‍നിന്ന് എന്നെ തടയുന്നുണ്ട്.
ആദ്യത്തെ കുറച്ചു പേജുകള്‍ അല്ലെങ്കില്‍ അധ്യായങ്ങള്‍ വളരെ സാധാരാണ നോവലെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും പോകപ്പോകെ അസാധാരണവും അസ്വാഭാവികവുമായ തലങ്ങളിലേക്കാണ് ഹരീഷ് എന്നെ കൊണ്ടു പോയത്. എന്തായാലും ഒരു കാര്യം അടിവരയിട്ടു പറയാം വര്‍ത്തമാന കാലത്തെ മികച്ച നോവലിസ്റ്റുകളില്‍ ഒരാളാണ് ഹരീഷ്. ഇത് അതിശയോക്തികലര്‍ന്ന നിരീക്ഷണമല്ല. അതിനുള്ള തെളിവാണ് എന്റെ മേശപ്പുറത്തിരിക്കുന്ന പട്ടുനൂല്‍പ്പുഴുവെന്ന നോവല്‍.
No comments:
Post a Comment